Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-14 / മരണം മണവാളനെപ്പോലെ

സി. ദാവൂദ് / യാത്ര

ഗസ്സയില്‍ നിന്ന് തിരിച്ചു പോരുന്ന ദിവസം, സിറ്റി മാര്‍ക്കറ്റില്‍ ഷോപ്പിംഗിനിറങ്ങിയതായിരുന്നു. രാവിലെ ഒമ്പത് മണി കഴിഞ്ഞ് റോഡുകളും മാര്‍ക്കറ്റും സജീവമായിത്തുടങ്ങുന്നതേയുളളൂ. അതിനിടയിലാണ് ദൂരെ നിന്ന് വെടിയൊച്ച കേട്ടത്. അതാകട്ടെ, നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. കാര്യം മനസ്സിലാകാതെ മിഴിച്ചുനിന്ന ഞങ്ങളോട് കൂടെയുണ്ടായിരുന്ന ജലാല്‍ സംഗതി വിശദീകരിച്ചു. 'ആരോ രക്തസാക്ഷിയായിട്ടുണ്ട്'- വലിയ ഭാവഭേദമൊന്നുമില്ലാതെ ജലാല്‍ പറഞ്ഞു. അതങ്ങനെയാണ്; അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാവുകയോ ആരെങ്കിലും രക്തസാക്ഷിയാവുകയോ ചെയ്താല്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തുകൊണ്ടാണ് പോരാളികള്‍ അക്കാര്യം അറിയിക്കുന്നത്. അതിര്‍ത്തിയിലെ പോരാളി ആദ്യം വെടിയുതിര്‍ക്കും. അതു കേള്‍ക്കുന്ന അടുത്തയാളും വെടിയുതിര്‍ക്കും. അത് കേള്‍ക്കുന്നവന്‍ പിന്നീട്....അങ്ങനെ കുറഞ്ഞ നേരം കൊണ്ട് രക്തസാക്ഷിത്വത്തിന്റെയും സംഘട്ടനത്തിന്റെയും സന്ദേശം ഗസ്സ മുഴുവന്‍ എത്തും. ആക്രമണത്തിന്റെ ഗുരുത്വം അനുസരിച്ച് വെടിയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. പണ്ട്, വിഭജനകാലത്ത്, പഠാന്‍കോട്ടിലെ ദാറുസ്സലാമില്‍ അതിന്റെ സുരക്ഷക്കായി സയ്യിദ് മൗദൂദി അവലംബിച്ച 'വിസിലടി സുരക്ഷാ സംവിധാന'ത്തിന്റെ മറ്റൊരു മാതൃക!
അധികം കഴിഞ്ഞില്ല. വിപ്ലവ ഗാനങ്ങളുടെ അകമ്പടിയോടെ തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള അനൗണ്‍സ്‌മെന്റുമായി ഒരു വാഹനം കടന്നുവരുന്നു. നൂറോളം വരുന്ന യുവാക്കള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അതിന്റെ പുറകിലുണ്ട്. അത് അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് ഒരു രക്തസാക്ഷിയുടെ മൃതദേഹവുമായാണ് അവര്‍ വരുന്നത്. കൊല്ലപ്പെടുമ്പോള്‍ ധരിച്ച അതേ വസ്ത്രത്തില്‍, മുഖം മറക്കാതെ, മൃതദേഹം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആ സംഘം അതിവേഗം നടന്നുപോവുകയാണ്. മൃതദേഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫലസ്ത്വീനി പ്രകടനങ്ങള്‍ ഫലസ്ത്വീനിനോടൊപ്പം തന്നെ പ്രസിദ്ധമായ പ്രധാനപ്പെട്ടൊരു ദൃശ്യബിംബമാണ്. അത്തരം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നാമേറെ കണ്ടിട്ടുണ്ട്. മുമ്പ്, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാനെ ഖബ്‌റടക്കാന്‍ വേണ്ടി പുറപ്പെട്ട മുംബ്രയിലെ ജനങ്ങള്‍ അങ്ങനെയായിരുന്നു അവളുടെ മൃതദേഹം കൊണ്ടുപോയത്. അന്ന് ഫലസ്ത്വീന്‍ മോഡല്‍ പ്രകടനം നടത്തിക്കളഞ്ഞുവെന്ന് കേരളത്തിലെ ബി.ജെ.പി മുഖപത്രം അതിനെ വിമര്‍ശിച്ചെഴുതിയത് ഓര്‍ക്കുന്നു. ഏറെ വായിക്കുകയും മാധ്യമ ദൃശ്യങ്ങളില്‍ മാത്രം കാണുകയും ചെയ്ത അത്തരമൊരു ഫലസ്ത്വീനി പ്രകടനം ഇപ്പോള്‍ ഇതാ കണ്‍മുമ്പിലൂടെ കടന്നു പോവുകയാണ്. കാലില്‍ ഒരുതരം തരിപ്പ് കയറുന്നതുപോലെ. വാഹനത്തിലെ അനൗണ്‍സ്‌മെന്റും യുവാക്കളുടെ മുദ്രാവാക്യങ്ങളുമൊക്കെയായി ഒരു വൈകാരിക അന്തരീക്ഷം തെരുവില്‍ സൃഷ്ടിക്കപ്പെടുകയാണ്. ഗസ്സ- ഇസ്രയേല്‍ അതിര്‍ത്തിയില്‍ തലേന്ന് വൈകുന്നേരം, ഇസ്രയേലി സൈനികരുടെ വെടിയേറ്റ് മരിച്ച മുസ്ത്വഫാ അബൂജറാദ് എന്ന് 21 കാരന്റെ മൃതദേഹമായിരുന്നു അത്. ഇസ്‌ലാമിക് ജിഹാദിന്റെ പ്രവര്‍ത്തകനായിരുന്നു കര്‍ഷകനായ മുസ്ത്വഫ. പ്രകടനക്കാരില്‍ മഹാഭൂരിപക്ഷവും ഇരുപതിന്റെ പരിസരത്തുള്ള ചെറുപ്പക്കാര്‍. പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ഭാവം മാത്രമാണവര്‍ക്ക്. ഒരാളും ദുഃഖത്താല്‍ തലകുനിച്ചിട്ടില്ല.
രക്തസാക്ഷിത്വം ഗസ്സ ജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. ഇസ്രയേലുമായുള്ള സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരെ മാത്രമല്ല, ആക്രമണത്തിനിടെ കൊല്ലപ്പെടുന്നവരെ മുഴുവന്‍ രക്തസാക്ഷികളായാണ് അവര്‍ പരിഗണിക്കുന്നത്. മുസ്ത്വഫ തന്നെ, തന്റെ കര്‍ഷക വൃത്തിക്കിടെയാണ് കൊല്ലപ്പെടുന്നത് (ഗസ്സയിലെ കൃഷിഭൂമികളെല്ലാം ഇസ്രയേലി അതിര്‍ത്തിയോട് ചേര്‍ന്നാണ്. കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ട ഗസ്സക്കാരെ വെടിവെക്കുകയെന്നത് ഒരു ഇസ്രയേലി പതിവാണ്). ഗസ്സയില്‍ ജീവിക്കുകയെന്നത് തന്നെ വലിയൊരു സമരവും പോരാട്ടവുമാണ്. അതിനാല്‍, അവിടെ കൊല്ലപ്പെടുന്നവര്‍ മുഴുവന്‍ അവര്‍ക്ക് രക്തസാക്ഷികളാണ്. രക്തസാക്ഷികളെക്കുറിച്ച ഈ ഫലസ്ത്വീനി സമീപനത്തെക്കുറിച്ച് തലാല്‍ അസദ് തന്റെ Suicide Bombing ല്‍ പ്രതിപാദിക്കുന്നുണ്ട്.
ഗസ്സ, മരണത്തെക്കുറിച്ചുള്ള നമ്മുടെ നടപ്പുധാരണകളെയെല്ലാം പൊളിച്ചു കളയുന്ന ഒരു ദേശമാണ്. മരണത്തെ അവര്‍ മണവാളനെപ്പോലെ സ്വീകരിക്കുകയും പറഞ്ഞയക്കുകയും ചെയ്യും. വസിക്കുന്ന വീട്ടില്‍, പഠിക്കുന്ന പള്ളിക്കൂടത്തില്‍, പണിയെടുക്കുന്ന പണിശാലയില്‍, കിളക്കുന്ന കൃഷിഭൂമിയില്‍, വലയെറിയാന്‍ പോകുന്ന വള്ളത്തില്‍, പായുന്ന വാഹനത്തില്‍....എവിടെയും മരണത്തിന്റെ മണമുണ്ടെന്ന് അവര്‍ക്കറിയാം. എന്നല്ല; അവര്‍ അവിടെയെല്ലാം മരണത്തെ കണ്ടുമുട്ടിയിട്ടുണ്ട്. അതിനാല്‍ മരണം അവര്‍ക്ക് ഒരു സംഭവമേ അല്ല. തന്റെ വീട്ടില്‍ ഒരാള്‍ പോലും രക്തസാക്ഷികളായില്ല എന്നത് നാണക്കേടായി കാണുന്നവരാണ് ആ ജനതയില്‍ നല്ലൊരു പങ്കും. അത്തരമൊരു ജനതയെ, ആളുകളെ കൊന്ന് പേടിപ്പിക്കാന്‍ നോക്കുന്നു ഇസ്രയേല്‍ എന്നതാണ് വിഡ്ഢിത്തം.
വന്നുവീഴുന്ന, നമ്മളിലേക്ക് ഇങ്ങോട്ട് വരുന്ന മരണത്തെക്കുറിച്ചാണ് ഇപ്പറഞ്ഞതൊക്കെ. എന്നാല്‍, മരണത്തെ അങ്ങോട്ട് ചെന്ന് കണ്ടുമുട്ടുന്നത് അതിനേക്കാള്‍ വലുതാണ്. ചാവേറുകള്‍ എന്നും ആത്മഹത്യാ ബോംബര്‍ എന്നും മാധ്യമങ്ങള്‍ വിളിക്കുന്ന രക്തസാക്ഷി ആക്രമണകാരികള്‍ അതാണ്. ചാവേറിന്റെ മനശ്ശാസ്ത്രം ശരിക്കും ഒരു പ്രഹേളിക തന്നെ. ഒരു നിശ്ചിത ദിവസം, നിശ്ചിത സ്ഥലത്ത്, നിശ്ചിത സമയത്ത് പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ച് ഒരു മനുഷ്യന്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. ആത്മഹത്യ പോലെ, ആരും കാണാതെ, അറിയാതെ നിഗൂഢമായല്ല ആ പോക്ക്. പൊട്ടിത്തെറിക്കാന്‍ പോകുന്നവന്റെ വീട് ഒരു സല്‍ക്കാര വീടുപോലെയാണ്. സുഹൃത്തുക്കളും ബന്ധുക്കളും സഖാക്കളും അവിടെ വരും. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും മധുരം കഴിച്ചും അവര്‍ അവിടെയുണ്ടാവും. സുഹൃത്തുക്കള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്ലേഷിക്കും. യാത്രാ മംഗളങ്ങള്‍ നേരും. ഈ ദൃശ്യങ്ങളെല്ലാം ഒന്നുവിടാതെ വീഡിയോയില്‍ പകര്‍ത്തും. ഒടുവില്‍, പുതുമാരന്‍ ഇറങ്ങുന്നതുപോലെ ചാവേര്‍ ഇറങ്ങുകയാണ്.
തന്റെ മൂന്ന് മക്കളെ രക്തസാക്ഷിത്വത്തിലേക്ക് പറഞ്ഞയച്ച ഉമ്മുനിദാല്‍ എന്ന മര്‍യം ഫര്‍ഹതിനെക്കുറിച്ച് ഈ പരമ്പരയില്‍ മുമ്പ് എഴുതിയിരുന്നു. 2005 ഡിസംബര്‍ 21-ന് ഡ്രീം ടി.വി ഉമ്മുനിദാലുമായി നടത്തിയ അഭിമുഖത്തില്‍ ചാവേറിനെക്കുറിച്ച പുറംലോകത്തിന്റെ അമ്പരപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാന്‍ കഴിയും. അഭിമുഖക്കാരി ഉമ്മുനിദാലിനോട് പറയുന്നു: 'ക്ഷമിക്കണം ഉമ്മുനിദാല്‍, ഇത്, ഈ അനുഭവം, പടിഞ്ഞാറുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണ്. ഒരു അമ്മ, തന്റെ മകന്റെ മരണത്തില്‍ ആഹ്ലാദിക്കുന്നുവെന്നത്, മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അല്ലാഹു അക്ബര്‍ എന്നു പറയുന്നത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ അതിനെ വിമര്‍ശിക്കും. അവര്‍ പറയുന്നത്, ഫലസ്ത്വീനിലെ അമ്മമാര്‍ക്ക് മാനുഷിക വികാരങ്ങളില്ലെന്നാണ്.... അവര്‍ക്ക് നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാവുന്നേയില്ല'- ഇങ്ങനെ പോകുന്നു അഭിമുഖക്കാരിയുടെ അമ്പരപ്പുകള്‍. ഈ അമ്പരപ്പ് ഡ്രീം ടി.വിയുടെ അഭിമുഖക്കാരിയുടേത് മാത്രമല്ല; ലോകത്തിന്റെ മുഴുവനുമാണ്. മരണത്തെ ആഘോഷിക്കുന്നവര്‍, മരണത്തെ മാടിവിളിക്കുന്നവര്‍, മരണത്തോട് സല്ലപിക്കുന്നവര്‍, മരണത്തില്‍ ജീവിക്കുന്നവര്‍, മരണത്തില്‍ ഉയിര്‍ക്കുന്നവര്‍; അതാണ് ഫലസ്ത്വീനികള്‍.
എന്തുകൊണ്ട് ഫലസ്ത്വീനികള്‍ മരണത്തെ തെരഞ്ഞെടുക്കുന്നുവെന്നതിന്റെ ഉത്തരം ലളിതമാണ്. അവര്‍ക്ക് അതല്ലാതെ മറ്റൊരു വഴിയുമില്ല. ഇസ്രയേലിന്റെ സര്‍വ പ്രതാപിയായ സൈനിക ശക്തിയെ എതിരിടാന്‍ അവര്‍ കണ്ടെത്തിയ ഏറ്റവും വലിയ ആയുധം അവരുടെ ശരീരം തന്നെയായിരുന്നു. പൊട്ടിത്തെറിക്കുന്ന ചാവേര്‍, ലഭ്യമായ അവസാനത്തെ ആയുധം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ശരീരത്തെതന്നെ ഒരു പടക്കോപ്പ് ആയി മാറ്റുന്നു അവന്‍. ഇസ്രയേലിന് അത് വന്‍ തലവേദന സൃഷ്ടിച്ചുവെന്നത് തന്നെ അതിന്റെ സാധ്യതയെയാണ് അടിവരയിടുന്നത്.
രണ്ടാമതായി, ജിവിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ഥം നഷ്ടപ്പെട്ടവരാണ് ഫലസ്ത്വീനികള്‍. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭവും ചെക്‌പോസ്റ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജനതയുടെ വേദന നിസ്സാരമല്ല. ഉദ്ദേശിക്കുന്നിടത്തേക്ക് പോകാന്‍ സാധിക്കുന്നില്ല എന്നതല്ല ചെക്‌പോസ്റ്റുകളുടെ പ്രശ്‌നം. അത് ഒരു അപമാനമായാണ് അവര്‍ കാണുന്നത്. താന്‍ കളിച്ചു വളര്‍ന്ന നാട്ടില്‍, തന്റെ തെരുവില്‍ ഒരു അധിനിവേശ സൈനികന്‍ തന്നെ ഉച്ചവെയിലില്‍ നിര്‍ത്തി ഇന്റര്‍വ്യൂ ചെയ്യുന്നുവെന്നത് അപമാനമായാണ് അവര്‍ കാണുന്നത്. ജീവിതം മുഴുവന്‍ അപമാനിച്ചു തീര്‍ക്കുന്നതിനെക്കാള്‍ നല്ലത്, അന്തസ്സോടെ മരിക്കുന്നതാണ് എന്ന് അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ മരണം അവര്‍ക്ക് അഭിമാനത്തിന്റെ ചിഹ്നമാണ്. അതുകൊണ്ടാണ് രക്തസാക്ഷികളില്ലാത്ത വീട്ടുകാര്‍ അത് നാണക്കേടായി കൊണ്ടുനടക്കുന്നത്. വീട്ടിലെ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അവിടെ ഒരു അഭിമാനി ജനിക്കുന്നുവെന്ന് അവര്‍ വിചാരിക്കുന്നു.
ഗസ്സയില്‍ മരണത്തിന് വര്‍ഗ ഭേദങ്ങളില്ല. പണക്കാരനും ദരിദ്രനും നേതാവും അനുയായിയും പ്രഫഷനലും കര്‍ഷകനും കൂലിപ്പണിക്കാരനും മത്സ്യത്തൊഴിലാളികളുമെല്ലാം അവിടെ രക്തസാക്ഷികളാവുന്നുണ്ട്. രക്തസാക്ഷിത്വത്തിന് അവിടെ പ്രായ ഭേദവുമില്ല. തൊണ്ണൂറ് കഴിഞ്ഞ ഉമ്മച്ചി മുതല്‍, ഒരു വയസ്സ് തികയാത്ത ചോരപ്പൈതല്‍ വരെ അവിടെ രക്തസാക്ഷികളുടെ പട്ടികയിലുണ്ട്. അതായത്, മരണം ഗസ്സയുടെ സര്‍വതല സ്പര്‍ശിയായ സുഹൃത്താണ്.
നേതാക്കള്‍ രമ്യഹര്‍മങ്ങളില്‍ വസിക്കുകയും അനുയായികള്‍ രക്തസാക്ഷികളാവുകയും ചെയ്യുന്ന വിപ്ലവത്തിന്റെ നടപ്പുശീലം അവിടെയില്ല. ഏറ്റവും ഒന്നാമത്തെ നേതാവായ വയോധികനായ ശൈഖ് യാസീനും തൊട്ടടുത്ത നേതാവായ ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയുമെല്ലാം രക്തസാക്ഷികളാണ്. മടിയന്മാരായ നേതാക്കള്‍ക്ക് മടിയന്മാരായ അനുയായികളെ കിട്ടും. രക്തസാക്ഷികളായ നേതാക്കളുടെ അനുയായികള്‍ രക്തസാക്ഷിത്വം ആഘോഷിക്കും. മുന്‍ ആരോഗ്യ മന്ത്രിയായ ബസ്സാം നഈമുമായി സംസാരിക്കുമ്പോഴാണ് അതിന്റെ കനം മനസ്സിലായത്. നഈമിനോട് കുടുംബ കാര്യങ്ങള്‍ സംസാരിക്കവെ, മക്കളെക്കുറിച്ച് ചോദിച്ചു. ഓരോരുത്തരെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍, വലിയ ഭാവഭേദമൊന്നുമില്ലാതെ, ഇളയ മകനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇളയ മകന്‍ ഒരു ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളാണ്. നോക്കുക, വിദേശത്ത് നിന്ന് സര്‍ജറിയില്‍ എം.ഡി യെടുത്ത പ്രഗത്ഭനായ ഒരു ഭിഷഗ്വരന്‍, നാട്ടിലെ ആരോഗ്യ മന്ത്രി, സമ്പന്ന കുടുംബത്തിലെ അംഗം-അദ്ദേഹവും മകനെ മരണത്തിലേക്ക് മണവാളനെപ്പോലെ പറഞ്ഞയച്ചിട്ടുണ്ട്. നഈമിന്റെ മറ്റൊരു മകന്‍, പ്രധാന മന്ത്രി ഇസ്മാഈല്‍ ഹനിയ്യയുടെ അംഗരക്ഷകനാണ്. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച മനുഷ്യനെ സംരക്ഷിക്കാനുള്ള ചുമതല. മറ്റൊരു മകന്‍ കഴിഞ്ഞ ആക്രമണത്തില്‍ പരിക്കേറ്റ് കയ്‌റോവില്‍ ദീര്‍ഘ ചികിത്സയിലും. ഇതൊക്കെ കഹ്‌വ കുടിച്ചു കൊണ്ടിരിക്കെ ഒഴുക്കന്‍ മട്ടിലങ്ങ് പറഞ്ഞുപോകയല്ലാതെ, അതിലെന്തെങ്കിലും വിശേഷമുള്ളതായി ഒരു ഭാവവുമില്ല, നഈമിന്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍