ഫിഖ്ഹിന്റെ ചരിത്രം 6 / ഇജ്തിഹാദ്
ഗവേഷണം നടത്തി യുക്തിവിചാരം ചെയ്യുക (ഇജ്തിഹാദ്) എന്ന നിരന്തര പ്രക്രിയയാണ് ഇസ്‌ലാമിക നിയമത്തിന് ജീവചൈതന്യം പകര്‍ന്നുകൊണ്ടിരുന്നതും സ്ഥിരത നല്‍കിയതും എന്നു കാണാന്‍ കഴിയും. വേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ആ പ്രക്രിയ നടന്നുവന്നിട്ടുണ്ട്. ആയിരത്തി നാനൂറിലധികം വര്‍ഷം പിന്നിട്ടിട്ടും ഇസ്‌ലാമിക നിയമം ഇപ്പോഴും പ്രയോഗക്ഷമമാവുന്നതിന്റെയും, വളരാനും വികസിക്കാനുമുള്ള കഴിവ് അത് നിലനിര്‍ത്തുന്നതിന്റെയും ഒന്നാമത്തെ കാരണം ഇതാണെന്ന് നിഷ്പക്ഷരായ ഏവരും സമ്മതിക്കും. പക്ഷേ, ഖുര്‍ആനും ഹദീസും മുന്‍ നിര്‍ത്തിയുള്ള ഈ എല്ലാ അന്വേഷണവും ചിലപ്പോള്‍ വേണ്ടരീതിയില്‍ പലപ്രദമായിക്കൊള്ളണമെന്നില്ല. അപ്പോള്‍ ചില ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടായെന്ന് വരും. ഇമാം അബൂഹനീഫയുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പറയാം. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ പുകഴ്ത്തുകയല്ല ഇവിടെ ഉദ്ദേശ്യം. ചിലര്‍ കൃത്യമായി കണ്ടെത്തുന്ന കാര്യം മറ്റു ചിലരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നത് ചൂണ്ടിക്കാട്ടുക മാത്രമാണ്.
ഇമാമിന്റെ ജീവിതകാലത്തുണ്ടായ ഒരു സംഭവമാണ്. ഒരിക്കല്‍ ഒരാളും അയാളുടെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് ദൈവത്തെ ആണയിട്ട് പറഞ്ഞു, 'നേരം വെളുക്കുന്നതിന് മുമ്പ് നീ എന്നോട് സംസാരിച്ചില്ലെങ്കില്‍ നിന്നെ ത്വലാഖ് ചൊല്ലപ്പെട്ടവളായി കണക്കാക്കും' എന്ന്. ഭാര്യക്കും നന്നായി മടുത്തു കഴിഞ്ഞിരുന്നു. അവരും ആണയിട്ടു പറഞ്ഞു, പ്രഭാതത്തിന് മുമ്പ് താന്‍ ഭര്‍ത്താവുമായി സംസാരിക്കില്ലെന്ന്. പ്രഭാതമാകും വരെ രണ്ടു പേരും ഒന്നും മിണ്ടുകയും ചെയ്തില്ല. സുബ്ഹ് ബാങ്ക് വിളിച്ചപ്പോള്‍ ഭര്‍ത്താവ് നമസ്‌കരിക്കാനായി പള്ളിയിലേക്ക് പോയി. നമസ്‌കാരം കഴിഞ്ഞ് അദ്ദേഹം നേരെ പ്രമുഖ നിയമജ്ഞനായ ഇബ്‌നു സീരീന്റെ അടുത്ത് ചെന്നു. പ്രശ്‌നം അവതരിപ്പിച്ചു. ഇബ്‌നു സീരീന്റെ മറുപടി ഇതായിരുന്നു: ''രണ്ടു പേര്‍ക്കുമിടയില്‍ ത്വലാഖ് (വിവാഹമോചനം) സംഭവിച്ചിരിക്കുന്നു. ഇവിടെ കുറ്റക്കാരന്‍ ഭര്‍ത്താവാണ്. 'പ്രഭാതമാവുന്നതിന് മുമ്പ് സംസാരിച്ചില്ലെങ്കില്‍' എന്ന ഉപാധി വെച്ചത് ഭര്‍ത്താവാണ്. എന്നാല്‍ ഈ ഉപാധി ഭാര്യ ലംഘിക്കാത്തതിനാല്‍ ത്വലാഖ് നടന്നു കഴിഞ്ഞിരിക്കുന്നു.''
ഇബ്‌നു സീരീന്റെ മറുപടി കേട്ട് ഭര്‍ത്താവ് വല്ലാതെ നിരാശനായി. അദ്ദേഹം ഇമാം അബൂഹനീഫയുടെ അടുക്കല്‍ ചെന്ന് നടന്നതൊക്കെ വിവരിച്ചു. അബൂ ഹനീഫ പറഞ്ഞു: ''അതു സാരമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയുടെ അടുത്തേക്ക് പോകാം. കാരണം ത്വലാഖ് സംഭവിച്ചിട്ടില്ല.'' ഭര്‍ത്താവിന് ആകെ ആശയക്കുഴപ്പമായി. കാര്യങ്ങള്‍ അദ്ദേഹം ഇബ്‌നു സീരീനെയും ധരിപ്പിച്ചു. അദ്ദേഹവും ഈ വിധി കേട്ട് ആശ്ചര്യപ്പെട്ടു. അങ്ങനെ ഇബ്‌നു സീരിനും ഭര്‍ത്താവും അബൂ ഹനീഫയെ കാണാന്‍ ചെന്നു. ''നിയമപ്രകാരം ത്വലാഖ് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും ഭര്‍ത്താവായ ഇയാള്‍ ഭാര്യയുടെ അടുത്തേക്ക് പോയാല്‍ വ്യഭിചാരത്തിന് അയാളുടെ പേരില്‍ കേസെടുക്കും. അതിന്റെ ഉത്തരവാദിത്വം താങ്കള്‍ക്കായിരിക്കും, ഈ മനുഷ്യനെ തെറ്റായ രീതിയില്‍ ഉപദേശിച്ചതിന്.'' ഇബ്‌നു സീരീന്‍ വാദിച്ചു. അബൂ ഹനീഫ ഭര്‍ത്താവിനോട് ഒന്നു കൂടി നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ പറഞ്ഞു. അത് കേട്ട ശേഷം അബൂഹനീഫ പറഞ്ഞു: ''ഞാന്‍ പറഞ്ഞത് പിഴച്ചിട്ടില്ല. ഇവിടെ യഥാര്‍ഥത്തില്‍ ത്വലാഖ് സംഭവിച്ചിട്ടില്ല. കാരണം, 'പ്രഭാതമാകുന്നതിന് മുമ്പ് എന്നോട് സംസാരിച്ചില്ലെങ്കില്‍' എന്നാണല്ലോ ഭര്‍ത്താവ് വെച്ച ഉപാധി. ഇത് ഏതുതരം സംസാരമാണെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ എല്ലാ സംസാരവും ഇതില്‍ പെടും. ഭര്‍ത്താവ് സംസാരിച്ച ശേഷമാണല്ലോ ഭാര്യ 'എന്നാല്‍ ഞാനും സംസാരിക്കില്ല' എന്നു പറഞ്ഞത്. അതും സംസാരമാണല്ലോ. അതിനാല്‍ പ്രഭാതത്തിന് മുമ്പ് ഭാര്യ സംസാരിച്ചില്ലെങ്കില്‍ എന്ന ഉപാധി തുടക്കത്തില്‍ തന്നെ ലംഘിക്കപ്പെട്ടു. അതിനാല്‍ വിവാഹമോചനം സംഭവിക്കുന്ന പ്രശ്‌നവുമില്ല.''
ഒരേ പ്രശ്‌നം രണ്ട് പ്രമുഖര്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കുന്നതാണ് നാമിവിടെ കണ്ടത്. ഒരാള്‍ പ്രശ്‌നത്തിന്റെ അതിസൂക്ഷ്മത്തിലേക്ക് കടന്നു ചെല്ലുന്നു, മറ്റേയാള്‍ക്ക് അത്രത്തോളം പോകാന്‍ കഴിയുന്നില്ല.
ഇത്തരം സൂക്ഷ്മമായ അന്വേഷണങ്ങള്‍ (ഇജ്തിഹാദ്)ഇല്ലായിരുന്നെങ്കില്‍ ഇസ്‌ലാമിക നിയമം ഖുര്‍ആനിലും സുന്നത്തിലുമായി പരിമിതപ്പെട്ട് പോകുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍, പ്രഗത്ഭരായ പണ്ഡിതന്മാര്‍ക്കും നിയമ വിശാരദര്‍ക്കും വരെ പുതിയ പുതിയ സാഹചര്യങ്ങളില്‍ ഏറ്റവും ഫിറ്റായ നിയമങ്ങള്‍ ആ രണ്ട് സ്രോതസ്സുകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാന്‍ കഴിയാതെ പോകുമായിരുന്നു. ഒരിക്കല്‍ ഹസ്രത്ത് ഉമറിന്റെ ഒരു വിധി പ്രസ്താവത്തെക്കുറിച്ച് അലി(റ) ചില നിരീക്ഷണങ്ങള്‍ നടത്തി. അത് കേട്ട ഉമര്‍ പറഞ്ഞു: 'അലി ഇല്ലായിരുന്നെങ്കില്‍ ഉമര്‍ തുലഞ്ഞതുതന്നെ'. മുആദുബ്‌നു ജബലിന് തന്റെ ബുദ്ധിയും ധിഷണയുമുപയോഗിച്ച് വിധി കണ്ടെത്താന്‍ പ്രവാചകന്‍ അനുവാദം നല്‍കിയതായി നാം മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നിയമനിദാന ശാസ്ത്രമാണ് ഇസ്‌ലാമിക നിയമത്തിന്റെ നിത്യയൗവനത്തിന് കാരണം.
സച്ചരിതരായ ഖലീഫമാരുടെ കാലത്ത് പലപ്പോഴും കൂട്ടായ ചര്‍ച്ചകളിലൂടെ ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്തിരുന്നത്. ജനകീയ പങ്കാളിത്തമുള്ള ചര്‍ച്ചകളായിരിക്കും അവ. ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍, അതിനെ വിമര്‍ശിച്ചുകൊണ്ട് വേറൊരാള്‍ മറ്റൊരു അഭിപ്രായം പറയും. ഇങ്ങനെ ഒരു വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഓരോന്നിന്റെയും ബലാബലം തിട്ടപ്പെടുത്തി ഒരു തീരുമാനത്തിലെത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇതിന് മറ്റൊരു ക്രിയാത്മക വശം കൂടിയുണ്ട്. നബിവചനങ്ങള്‍ മൊത്തമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ലാത്ത കാലമാണ്. ബുഖാരി, മുസ്‌ലിം പോലുള്ള പില്‍ക്കാല പണ്ഡിതന്മാര്‍ ക്രോഡീകരിക്കുകയും ലിഖിത രൂപത്തിലാക്കുകയും ചെയ്ത ഹദീസുകള്‍ അക്കാലത്ത് ആളുകളുടെ ഓര്‍മകളിലാണ് സൂക്ഷിക്കപ്പെട്ടിരുന്നത്. ഒരു പുതിയ വിഷയം വരുമ്പോള്‍ ജനങ്ങള്‍ അതു സംബന്ധമായ നബിവചനങ്ങളെല്ലാം ഓര്‍ത്തെടുക്കും. ഇങ്ങനെയാണ് നിയമസംബന്ധിയായ വിവരങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നതും നിയമനിര്‍ധാരണത്തിന്റെ ഒരു പുതു യുഗത്തിന് നാന്ദി കുറിക്കപ്പെടുന്നതും.
കൂഫയും അബൂഹനീഫയും
ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ സുപ്രധാനമാണ് നിയമവികാസത്തിന്റെ കൂഫ ചിന്താധാര. കൂഫ നഗരത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. ഇന്നത്തെ ഇറാഖിലാണ് കൂഫ. പുരാതന കാലത്ത് അവിടെയുണ്ടായിരുന്ന നഗരത്തിന്റെ പേരാണ് ഹീറ. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ വലിയൊരു സാംസ്‌കാരിക കേന്ദ്രമായിരുന്നു ഇത്. നഗരം പേര്‍ഷ്യക്കാരുടെ ഭരണത്തിലായിരുന്നെങ്കിലും അവിടെ യമനി അറബികള്‍ കുടിയേറിപ്പാര്‍ത്തിരുന്നു. ഒരു പൗരാണിക നാഗരികതയുടെ കേന്ദ്രസ്ഥാനമായിരുന്നു യമന്‍. യമനികള്‍ ഹീറയില്‍ കുടിയേറിപ്പാര്‍ത്തതോടെ അതിന്റെ മുഖഛായ തന്നെ മാറി. പേര്‍ഷ്യന്‍ ചക്രവര്‍ത്തി തന്റെ പിന്‍ഗാമിയെ വിദ്യാഭ്യാസം ചെയ്യിക്കാനായി അയച്ചത് ഹീറയിലേക്കായിരുന്നുവത്രെ. അറബികളുടെ ശിക്ഷണം തന്റെ മകന്റെ വ്യക്തിത്വരൂപീകരണത്തിന് വളരെയേറെ സഹായകമാകുമെന്ന് ചക്രവര്‍ത്തിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല. ഹീറയിലേക്ക് അയക്കപ്പെട്ട രാജകുമാരന്റെ പേര് ബഹ്‌റാം ഗോര്‍ എന്നായിരുന്നു. ചക്രവര്‍ത്തിയായ ശേഷം തന്റെ ഹീറാ വിദ്യാഭ്യാസത്തെ അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിക്കുകയുണ്ടായി. ബദുക്കളുടെ വസ്ത്രമണിഞ്ഞ് ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു ചിത്രമാണ് ബഹ്‌റാം ഗോറിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ളത്. അങ്ങനെ ഹീറ സവിശേഷമായ ഒരു അറബ് സാമ്രാജ്യമായി മാറി. അറബ്-പേര്‍ഷ്യന്‍ പാരമ്പര്യങ്ങളുടെ മിശ്രണമാണ് ആ നാഗരികത. അത് മറ്റു നാഗരികതകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് മാത്രമല്ല, അവയേക്കാള്‍ ഉയരത്തിലും ആയിരുന്നു.
രണ്ടാം ഖലീഫ ഉമര്‍(റ) ഇറാഖ് കീഴടക്കിയപ്പോള്‍ സമര്‍ഥമായ ചില രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പല നഗരങ്ങളിലും സൈനിക താവളങ്ങള്‍ ഒരുക്കിയിരുന്നു. അതിലൊരു നഗരമായിരുന്നു ഹീറ. ചുറ്റുപാട് വളരെ മോശമായതിനാല്‍ മുസ്‌ലിംകള്‍ പഴയ ഹീറ നഗരത്തില്‍ താമസിക്കരുതെന്നും അതിന്റെ പ്രാന്തത്തില്‍ തന്നെ പുതിയൊരു നഗരം പണിത് അവിടെ താമസിക്കണമെന്നും നിര്‍ദേശിച്ചു. മറ്റു സംസ്‌കാരങ്ങള്‍ക്കോ ജീവിത രീതികള്‍ക്കോ അവിടെ പ്രവേശനമില്ല. ഈ പുതു നഗരവാസികളില്‍ അധികവും യമനികളായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത 58 പേരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ചുരുക്കത്തില്‍, ഹീറയെന്ന കൂഫയില്‍ താമസമാക്കിയവര്‍ക്ക് ഇസ്‌ലാമിക പൈതൃകവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പുതിയൊരു വൈജ്ഞാനിക കുതിപ്പിന് തുടക്കമിടാന്‍ ഇത് നിമിത്തമായി.
ഈയൊരു വൈജ്ഞാനിക പശ്ചാത്തലത്തിലാണ് നാം അബൂഹനീഫയുടെ സംഭാവനകളെ പഠിക്കേണ്ടത്. ഉമവി ഭരണത്തിന്റെ അവസാനത്തിലും അബ്ബാസി ഭരണത്തിന്റെ ആദ്യത്തിലും ജീവിച്ച അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ് കിതാബുര്‍റഅ്‌യ് (സുബദ്ധാഭിപ്രായ പുസ്തകം). ഖുര്‍ആനിലും ഹദീസിലും വിധി വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ 'ഞാന്‍ സ്വാഭിപ്രായം രൂപവത്കരിക്കും' (അജ്തഹിദു ബി റഅ്‌യീ) എന്ന് പ്രവാചക ശിഷ്യന്‍ മുആദുബ്‌നു ജബല്‍ പറയുകയുണ്ടായല്ലോ. അതുമായി ബന്ധിപ്പിച്ചാണ് അബൂഹനീഫ തന്റെ പുസ്തകത്തിന് ഈ പേരിട്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബുദ്ധിയെയും വിവേകത്തെയും എങ്ങനെ ഉപയോഗിക്കാം എന്നാണതില്‍ ചര്‍ച്ച ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ കൃതിയുടെ ടെക്സ്റ്റ് നമുക്ക് ലഭിച്ചിട്ടില്ല.ഹുലാഗു എന്ന ആക്രമണകാരി ബഗ്ദാദ് കൊള്ളയടിച്ചപ്പോള്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ടൈഗ്രീസ് നദിയില്‍ എറിയുകയുണ്ടായി. അതില്‍ പെട്ടുപോയിട്ടുണ്ടാവാം ഈ അമൂല്യ കൃതിയും.
ആധുനിക നിയമനിര്‍ധാരണ രീതികളൊന്നും ഒരു പക്ഷേ ആ കൃതിയില്‍ പറഞ്ഞിട്ടുണ്ടാവില്ല. നിയമത്തിന്റെയോ നിയമഭേദഗതിയുടെയോ യുക്തി മനസ്സിലാക്കാന്‍ ധിഷണയെ എങ്ങനെ ഉപയോഗിക്കാമെന്ന് തീര്‍ച്ചയായും ആ കൃതിയില്‍ പറഞ്ഞിട്ടുണ്ടാവണം. ഈ വിഷയകമായ ആദ്യ പുസ്തകം അബൂഹനീഫയുടേതാണ്. പലരും ഇതേ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ടാവാം. പക്ഷേ, അതൊരു നിയമനിര്‍ധാരണ രീതിശാസ്ത്രമായി വികസിപ്പിച്ചെടുത്ത് പുസ്തകരൂപത്തില്‍ ക്രമപ്പെടുത്തിയത് അബൂഹനീഫയാണ്.
അന്താരാഷ്ട്ര നിയമത്തെക്കുറിച്ചും അബൂഹനീഫ എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ മുമ്പ് ഇങ്ങനെയൊരു വൈജ്ഞാനിക ശാഖ ലോകത്ത് തന്നെ നിലവിലില്ലായിരുന്നു. മുസ്‌ലിംകള്‍ വികസിപ്പിച്ചെടുത്ത ഈ വിജ്ഞാനശാഖ ഇന്ന് എല്ലാ വിഭാഗങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഈ വിഷയകമായി അബൂഹനീഫ എഴുതിയ പുസ്തകത്തിന്റെ പേരാണ് കിതാബുസ്സിയര്‍. ഈ വിഷയത്തില്‍ തന്റെ വിദ്യാര്‍ഥികളുടെ താല്‍പര്യം അദ്ദേഹം ഉത്തേജിപ്പിക്കുകയും ചെയ്തു. ധിഷണയെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും സ്വതന്ത്രമായി യുക്തിവിചാരം ചെയ്യണമെന്നുമാണ് അദ്ദേഹം അവരെ ഉപദേശിച്ചത്. ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ അവരുടേതായ സ്വതന്ത്രമായ അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. ആ അഭിപ്രായങ്ങളെ സ്വീകരിക്കുന്നതോ തള്ളുന്നതോ ഒക്കെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും. ഗുരുവോ വിദ്യാര്‍ഥിയോ അയുക്തികമായ ഒരു നിലപാട് സ്വീകരിക്കുന്നില്ല.
ഹനഫി മദ്ഹബിലെ നിയമവിധികളെടുത്ത് പരിശോധിച്ചാല്‍ അതില്‍ കഷ്ടിച്ച് പതിനഞ്ച് ശതമാനമേ അബൂഹനീഫയുടേതായി ഉള്ളൂ എന്ന് മനസ്സിലാക്കാം. ബാക്കിയുള്ള വിധി പ്രസ്താവങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ രണ്ട് ശിഷ്യന്മാരുടേതാണ്- അബൂയൂസുഫിന്റേതും മുഹമ്മദ് ബ്‌നുല്‍ ഹസന്‍ അല്‍ ശൈബാനിയുടേതും. ഒരു വിഷയത്തില്‍ ഇവര്‍ രണ്ട് പേരും യോജിച്ചാല്‍ അതായിരിക്കും അനുയായികള്‍ക്ക് ആധികാരികം, അബൂഹനീഫയുടെ തന്നെ അഭിപ്രായത്തേക്കാള്‍. അബൂഹനീഫ തന്റെ ശിഷ്യര്‍ക്ക് നല്‍കിയ ശിക്ഷണത്തിന്റെ മികവാണ് നാമിവിടെ കാണുന്നത്. സ്വതന്ത്രമായി ചിന്തിക്കൂ, ആരെയും കണ്ണടച്ച് പിന്തുടരാതിരിക്കൂ എന്നാണ് അദ്ദേഹം നല്‍കിയ ഉപദേശം.
ഇമാം അബൂയൂസുഫ് കിതാബുല്‍ ഉസ്വൂല്‍ (തത്ത്വങ്ങളുടെ പുസ്തകം) എന്നൊരു കൃതി രചിച്ചതായി ഇബ്‌നു ഖല്ലിഖാന്‍ എഴുതുന്നുണ്ട്. നിയമനിര്‍ധാരണ തത്ത്വങ്ങളാവാം അതിലെ പ്രതിപാദ്യം. മിക്കവാറും അത് അബൂഹനീഫയുടെ കിതാബുര്‍റഅ്‌യിന്റെ ഒരു വ്യാഖ്യാനം കൂടിയായിരിക്കാം. പുസ്തകമെഴുതിയ ശേഷം അബൂഹനീഫ അതിലെ ആശയങ്ങള്‍ ചര്‍ച്ചക്ക് വെച്ചിട്ടുണ്ടാവാം. അതിന്റെ ഫലമാവാം ശിഷ്യനായ അബൂയൂസുഫിന്റെ ഈ പുസ്തകം. നിര്‍ഭാഗ്യവശാല്‍ ആ പുസ്തകവും നമുക്ക് ലഭിച്ചിട്ടില്ല. ഇതേ വിഷയത്തില്‍ അബൂഹനീഫയുടെ രണ്ടാമത്തെ പ്രധാന ശിഷ്യനായ മുഹമ്മദ് ശൈബാനിയും ഒരു പുസ്തകമെഴുതി. പേര് കിതാബുല്‍ ഉസ്വൂല്‍ എന്നു തന്നെ. മുഅ്തസിലി പണ്ഡിതന്‍ അബുല്‍ ഹുസൈന്‍ ബസ്വരി എഴുതിയ അല്‍മുഅ്തമദ് ഫീ ഉസ്വൂലില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥത്തില്‍ ഇതു സംബന്ധമായ സൂചനകളുണ്ട്. അബൂഹനീഫയുടെ ആദ്യ പുസ്തകമായ കിതാബുര്‍റഅ്‌യിന്റെ അടിസ്ഥാനത്തില്‍ നിയമതത്ത്വങ്ങളെ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന്റെ ഒട്ടുവളരെ ശിഷ്യന്മാര്‍ രംഗത്തുണ്ടായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്.
അബൂഹനീഫയുടെ രണ്ടാമത്തെ പുസ്തകമായ കിതാബുസ്സിയറിനെക്കുറിച്ചും ഇതുതന്നെ പറയാം. ഇതേ പേരില്‍ അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് മൂന്നോ നാലോ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എഴുതുകയുണ്ടായി. അവരിലൊരാള്‍ ഇബ്‌റാഹീം അല്‍ ഫസാരിയാണ്. അദ്ദേഹത്തിന്റെ കിതാബുസ്സിയറിന്റെ കൈയെഴുത്ത് പ്രതി ലഭ്യമാണ്. മുഹമ്മദുബ്‌നുല്‍ ഹസന്‍ അല്‍ ശൈബാനി ഈ വിഷയകമായി രണ്ട് പുസ്തകങ്ങള്‍ എഴുതി-കിതാബുസ്സിയറിസ്സ്വഗീറും കിതാബുസ്സിയറില്‍ കബീറും. ഇത് നമുക്ക് ലഭിച്ചിട്ടുണ്ട്. സുഫര്‍ എന്നൊരു ശിഷ്യനും ഇതേ പേരില്‍ പുസ്തകമെഴുതി. ഇമാം അബൂഹനീഫയുടെ സമകാലികരായ മാലികും ഔസാഇയും കിതാബുസ്സിയര്‍ എന്ന പേരില്‍ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. മറ്റൊരു സമകാലികനും പ്രശസ്ത ചരിത്രകാരനുമായ അല്‍ വാഖിദിക്കുമുണ്ട് അന്താരാഷ്ട്ര നിയമത്തില്‍ ഇതേ പേരില്‍ മറ്റൊരു പുസ്തകം. ഒരേ കാലത്ത് ഒരേ വിഷയത്തില്‍ ഒരേ ശീര്‍ഷകത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടു എന്നത് അക്കാലത്ത് നടന്ന ആരോഗ്യകരമായ ചര്‍ച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
(തുടരും)
Comments