വിജ്ഞാന ബോധനം
ഉമറി(റ)ല്‍ നിന്നുള്ള നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു ദിവസം ഞങ്ങള്‍ ദൈവദൂതന്റെ സന്നിധിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തനി വെള്ള വസ്ത്രമണിഞ്ഞ കറുത്തിരുണ്ട മുടിയുള്ള ഒരാള്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. യാത്രയുടെ അടയാളങ്ങള്‍ അയാളില്‍ കാണാനില്ല. ആരും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അയാള്‍ നബി(സ)യുടെ അടുത്തിരുന്നു. തന്റെ കാല്‍മുട്ടുകള്‍ നബി(സ)യുടെ കാല്‍മുട്ടുകളില്‍ ചേര്‍ത്തുവെച്ചു. രണ്ട് കൈപ്പടങ്ങള്‍ രണ്ട് തുടകളിലും. എന്നിട്ട് പറഞ്ഞു: ''മുഹമ്മദ്, ഇസ്‌ലാമിനെ സംബന്ധിച്ച് എനിക്ക് അറിയിച്ചുതന്നാലും!'' അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: ''അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല. മുഹമ്മദ് ദൈവദൂതനാണ് എന്ന് നീ സാക്ഷ്യപ്പെടുത്തുക. നമസ്‌കാരം നിഷ്ഠയോടെ അനുഷ്ഠിക്കുക. സകാത്ത് നല്‍കുക. റമദാനില്‍ വ്രതമനുഷ്ഠിക്കുക. സാധിക്കുമെങ്കില്‍ ദൈവഭവനത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. ഇതാണ് ഇസ്‌ലാം.'' ആഗതന്‍ പറഞ്ഞു: ''താങ്കള്‍ പറഞ്ഞത് ശരിയാണ്.'' ഞങ്ങള്‍ക്കത്ഭുതമായി. അയാള്‍ അവിടുത്തോട് ചോദിക്കുന്നു, ഉത്തരം ശരിവെക്കുകയും ചെയ്യുന്നു! അയാള്‍ തുടര്‍ന്നു: ''ഈമാനിനെക്കുറിച്ച് എനിക്കറിയിച്ചുതന്നാലും.'' അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതരിലും അന്ത്യദിനത്തിലും വിധിയിലും-അത് ഗുണകരമായാലും ദോഷകരമായാലും- വിശ്വസിക്കുകയെന്നതാണത്.'' അയാള്‍ പറഞ്ഞു: ''താങ്കള്‍ പറഞ്ഞത് ശരിയാണ്.'' അയാള്‍ വീണ്ടും പറഞ്ഞു: ''ഇഹ്‌സാനെപ്പറ്റി എനിക്ക് പറഞ്ഞുതരുക.'' അവിടുന്ന് പറഞ്ഞു: ''താങ്കള്‍ അല്ലാഹുവിനെ കാണുന്നുണ്ടെന്നവിധം അവന്ന് ഇബാദത്ത് ചെയ്യുക. നിശ്ചയം! അവന്‍ താങ്കളെ കാണുന്നുണ്ട്. താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും.'' അദ്ദേഹം പറഞ്ഞു: ''ലോകാവസാന സമയത്തെക്കുറിച്ച് എനിക്കറിയിച്ചുതന്നാലും!'' അവിടുന്ന് പ്രതിവചിച്ചു: ''അന്വേഷിക്കപ്പെടുന്നവന്‍ അന്വേഷകനെക്കാള്‍ അക്കാര്യത്തില്‍ വിവരം കൂടിയവനല്ല.'' അദ്ദേഹം പറഞ്ഞു: ''എങ്കില്‍ അതിന്റെ അടയാളങ്ങള്‍ അറിയിച്ചുതന്നാലും!'' അവിടന്ന് അരുള്‍ ചെയ്തു: ''അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. നഗ്നപാദരും ഉടുക്കാനില്ലാത്തവരും ദരിദ്രരും ആട്ടിടയരും ഗംഭീര സൗധങ്ങള്‍ പണിയുന്നതില്‍ മത്സരിക്കുന്നത് നീ കാണാനിടയാവുക!'' പിന്നീട് അദ്ദേഹം അപ്രത്യക്ഷനായി. ഞാന്‍ കുറച്ചുസമയം അവിടെത്തന്നെ നിന്നു. അപ്പോള്‍ അവിടന്ന് ചോദിച്ചു: 'ഉമറേ, ആ ചോദിച്ചയാള്‍ ആരെന്ന് താങ്കള്‍ക്കറിയാമോ? ഞാന്‍ പറഞ്ഞു: ''ഏറ്റം അറിയുന്നത് അല്ലാഹുവും അവന്റെ ദൂതനുമാണ്.'' അവിടുന്ന് അറിയിച്ചു: ''അത് ജിബ്‌രീലാണ്. നിങ്ങള്‍ക്കു നിങ്ങളുടെ ദീന്‍ പഠിപ്പിക്കാനായി വന്നതാണ്'' (മുസ്‌ലിം).
ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍, ഖിയാമത്ത് എന്നിവയെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്ന ഈ ഹദീസ് ഏവര്‍ക്കും സുപരിചിതമാണ്. ഒരു പഠിതാവിന്റെയും അധ്യാപകന്റെയും ചിത്രമാണ്, ഇത് വായിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. ഈ ഹദീസ് നമുക്ക് പറഞ്ഞുതരുന്ന കാര്യങ്ങളുടെ ചുരുക്കം ഇതാണ്:
* വിദ്യാര്‍ഥി ക്ലാസില്‍ ഹാജരാവേണ്ടത് വൃത്തിയുള്ള ശരീരത്തോടെയും വസ്ത്രത്തോടെയുമാവണം. അതവന്റെ അന്തസ്സിനും വിനയത്തിനും മാറ്റുകൂട്ടുന്നു.
* വിദ്യാര്‍ഥിക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ അനുവദിക്കുന്നവനാണ് യഥാര്‍ഥ അധ്യാപകന്‍. എന്നാല്‍ അധ്യാപകന്റെ പുറത്ത് കുതിര കയറാനോ തന്റെ മുന്നറിവുകള്‍ വെച്ച് അധ്യാപകനെ അതിശയിപ്പിക്കാനോ അല്ല അവന്‍ മുതിരേണ്ടത്. ലജ്ജാലുവും അഹങ്കാരിയും വിവരം നേടില്ല എന്ന ആപ്തവാക്യം ശ്രദ്ധിക്കുക.
* അറിയാത്ത സംഗതികള്‍ അറിയില്ല എന്നു പറയാനുള്ള വിനയം അധ്യാപകനുണ്ടാവണം. അറിയില്ല എന്ന് പറയല്‍ ഒരു ന്യൂനതയല്ല. ആദ്യ വഹ്‌യ് വേളയില്‍ 'വായിക്കുക' എന്ന കല്‍പനയുണ്ടായപ്പോള്‍ 'എനിക്ക് വായന അറിയില്ല' എന്നായിരുന്നു പ്രവാചകന്റെ മറുപടി. ലാഅദ്‌രീ നിസ്വ്ഫുല്‍ ഇല്‍മ് ('എനിക്കറിയില്ല' എന്നത് വിജ്ഞാനത്തിന്റെ പകുതിയാണ്) എന്ന തത്ത്വമായിരിക്കണം അധ്യാപനരംഗത്ത് നമ്മെ നയിക്കേണ്ടത്.
* അധ്യാപകന്‍ വിദ്യാര്‍ഥിയോട് ലളിതമായ ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ആരാണ് പാപ്പര്‍, എന്താണ് അല്ലാഹുവിന് അടിമകളോടുള്ള ബാധ്യതകള്‍... എന്നീ ഹദീസുകള്‍ ഉദാഹരണം. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ പാഠഭാഗമായി തന്നെ, പാഠമെടുക്കുന്നതിന്റെ മുമ്പോ ശേഷമോ ക്ലാസ്സിനിടയിലോ ചോദ്യങ്ങള്‍ ആകാവുന്നതാണ്.
* അധ്യാപകന്‍ കേവല അധ്യാപകനാവരുത്. പഠിതാവില്‍നിന്ന് അധ്യാപകന് പലതും ഉള്‍ക്കൊള്ളാനുണ്ടാവുമെന്ന തിരിച്ചറിവ് അധ്യാപകര്‍ക്കുണ്ടാവണം. സിലബസിലുള്ളതേ ചോദിക്കാവൂ എന്ന് ശാഠ്യമുള്ള അധ്യാപകരും പറഞ്ഞതിനെപ്പറ്റി വല്ല സംശയവുമുണ്ടെങ്കില്‍ ചോദിക്കാം എന്ന് പറയാറുള്ള പ്രഭാഷകരും മനസ്സിരുത്തി വായിക്കേണ്ടതാണ് ഈ ഹദീസ്.
* വിദ്യാര്‍ഥിയില്‍നിന്ന് അകന്നുനില്‍ക്കാതെ, പ്രഭാഷണ പീഠത്തില്‍നിന്നും അവനിലേക്ക് ഇറങ്ങിച്ചെല്ലാനും അവനോട് ചേര്‍ന്നിരിക്കാനുമുള്ള വിനയം അധ്യാപകനുണ്ടാവണം. ശരിയായ ഉത്തരം പറയുന്ന വിദ്യാര്‍ഥികളോട് പ്രോത്സാഹന വാക്കുകള്‍ പറയുന്നതില്‍ അധ്യാപകന്‍ ഒട്ടും പിശുക്ക് കാട്ടരുത്. ഒരു പ്രോത്സാഹനം, തലോടല്‍ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആശിക്കുന്ന എത്രയോ വിദ്യാര്‍ഥികളുണ്ട്. അവ യഥാവസരത്തില്‍ കിട്ടാത്തതിനാല്‍ പഠനം പോലും അവസാനിപ്പിക്കാറുണ്ട് പലരും.
* ഈ ഹദീസില്‍ നാം കാണുന്ന മറ്റൊരു പ്രത്യേകത ഇവിടെ ആരാണ് അധ്യാപകന്‍, ആരാണ് പഠിതാവ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലുള്ള ബോധനരീതിയാണ്. അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള അന്തരംപോലും വ്യക്തമാവാത്തവണ്ണം പഠനം രസകരമാവുമ്പോഴാണ് അത് ഒരു കലയാവുക. അല്ലെങ്കില്‍ അതൊരു തൊഴില്‍ മാത്രമായി ചുരുങ്ങും-അധ്യാപകനും വിദ്യാര്‍ഥിക്കും.
Comments