കേരളത്തിലെ മതേതര കാമ്പസുകളിലെ 'പെന്‍ഗ്വിന്‍' ജീവിതങ്ങള്‍
ഓരോ കാലത്തെ കാമ്പസുകളും അതത് കാലഘട്ടത്തിലെ പൊതുസമൂഹത്തിന്റെ ഉയര്‍ച്ചകളെയും അധഃപതനങ്ങളെയും കൂട്ടായ്മകളെയും ശത്രുതകളെയും അതേപോലെ നെഞ്ചോടു ചേര്‍ത്ത് വെച്ചിട്ടുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനം ഉയര്‍ന്നുവന്ന കാലത്തെ മുഖ്യധാരാ കാമ്പസുകള്‍ ആ ചുവരുകളില്‍ കൃത്യമായി ചുടുചോരയുടെ വിപ്ലവ തുടിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കാമ്പസുകളില്‍ ന്യൂനപക്ഷ സ്വത്വങ്ങള്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്തുവരുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ മതവ്യക്തിത്വം കൂടുതല്‍ പ്രകടമാക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ സവിശേഷമായ കൂട്ടായ്മകള്‍ ശക്തിപ്രാപിക്കുന്നതിനും സാക്ഷിയായി പോസ്റ്റ് ബാബരി കാമ്പസുകള്‍. സെപ്റ്റംബര്‍ 11-നു ശേഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ പൊതുസമൂഹത്തിലെന്ന പോലെ കാമ്പസിനകത്തും തുറിച്ചുനോട്ടങ്ങള്‍ക്കു വിധേയരായി. മുസ്‌ലിം ഐഡന്റിറ്റി പ്രകടമാക്കുന്ന പേരോ തൊപ്പിയോ തട്ടമോ താടിയോ അവനെ/അവളെ ചോദ്യം ചെയ്യപ്പെടേണ്ടവനാക്കി. ഓരോ മുസ്‌ലിം വിദ്യാര്‍ഥിനിയുടെയും കോളേജിലേക്കുള്ള പ്രവേശന നടപടികളില്‍ തുടങ്ങി അവരുടെ ഇന്റേണല്‍ മൂല്യനിര്‍ണയങ്ങള്‍ക്കും പരീക്ഷാ വിജയങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കുംവരെ അപ്രഖ്യാപിത അലിഖിത മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചു 9/11. ദേശീയ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന എല്ലാതരം സങ്കീര്‍ണ പ്രത്യയശാസ്ത്ര സംവാദങ്ങളെയും പലപ്പോഴും മനഃപൂര്‍വമല്ലാതെ തന്നെ അതുപോലെ രേഖപ്പെടുത്തുകയും ദേശീയപൊതുബോധത്തിനു സ്വീകാര്യമായവ മാത്രം എടുത്തണിയുകയുമാണ് നമ്മുടെ കാമ്പസുകള്‍ ചെയ്യുന്നത്. അതിനാല്‍തന്നെ സങ്കുചിത ഫാഷിസ്റ്റ് ബോധം കുത്തി വെക്കപ്പെടുകയും കലയും രാഷ്ട്രീയവും സവര്‍ണ മതേതര നിലപാടുകാര്‍ക്കു തീറെഴുതി കൊടുക്കുകയും ചെയ്തിടങ്ങളാണ് നിലവിലെ കാമ്പസുകള്‍. ഈ കപട മതേതരത്വ ഭാവവും തീവ്രവാദ ഭയവും കൂടി നിലവിലെ കാമ്പസുകളെ മുഴുവന്‍ മത ജാതി ന്യൂനപക്ഷങ്ങള്‍ക്കും അസഹനീയമായ അനുഭവമാക്കുന്നു. ഇത്തരമൊരിടത്താണ് തങ്ങളുടെ മതവ്യക്തിത്വം ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയപ്പെടാന്‍ പാകത്തില്‍, കാലങ്ങളായി വിമര്‍ശനങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്ന വേഷവിധാനങ്ങളുമായി മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്.
മുസ്‌ലിംകള്‍ക്കിടയിലുണ്ടായ സവിശേഷമായ ഉണര്‍വിനു നിരവധി അവകാശികള്‍ രംഗത്തുണ്ടെങ്കിലും, അതു സമുദായത്തിനകത്തുനിന്നു തന്നെ ഉടലെടുത്തതാണെന്നും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പരിശ്രമങ്ങള്‍ അതിനു പിന്നിലുണ്ടെന്നും സമ്മതിച്ചേ പറ്റൂ. ഗള്‍ഫ് കുടിയേറ്റമാണ് ആ ഉണര്‍വിനെ ത്വരിതപ്പെടുത്തിയതും തുടര്‍ന്നും നിലനിര്‍ത്തിയതും. അന്നു തങ്ങള്‍ സൃഷ്ടിച്ച ഉണര്‍വിനെ വളര്‍ത്താന്‍ പിന്നീട് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു സാധിച്ചോ ഇല്ലയോ എന്നത് മറ്റൊരന്വേഷണമാണ്. മുസ്‌ലിം സമുദായത്തിനകത്ത് ഉണ്ടായ ഈ നേരം വെളുക്കല്‍ പൊതുസമൂഹത്തില്‍ പ്രകടമായത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വര്‍ധിച്ച സാന്നിധ്യങ്ങളിലൂടെയാണ്. കേരളത്തിനകത്തും പുറത്തുമായി വിവിധ മേഖലകളില്‍ ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണ്. മുമ്പ് മലബാറിലെ പ്രശസ്തമായ ഒരു പ്രഫഷണല്‍ കോളേജില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരു സാംസ്‌കാരിക നായകന്‍ 'ഇതെന്താ അറബിക്കോളേജോ' എന്നു സദസ്സിലെ മഫ്തകളുടെ എണ്ണം കണ്ട് അത്ഭുതപ്പെട്ടത് പ്രസിദ്ധമാണ്. വിദ്യാഭ്യാസം തന്റെ നാഥനിലേക്കുള്ള മാര്‍ഗമാവുന്നതോടൊപ്പം താന്‍ പഠിക്കുന്ന മേഖലയില്‍ തന്റെ സമുദായം അടയാളപ്പെടുത്തപ്പെടാതെ പോവരുതെന്ന വാശിയും കൂടിയാണ് ഓരോ മുസ്‌ലിം പെണ്‍കുട്ടിയെയും ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിലെത്തിക്കുന്നത്. ഒരു കാലത്ത് മുസ്‌ലിം വിദ്യാര്‍ഥിനികളുടെ കൂട്ടത്തോടെയുണ്ടായ കാമ്പസ് പ്രവേശനത്തെ തങ്ങളുടെ വിമോചന പരിശ്രമങ്ങളുടെ വിജയഫലമായിക്കൂട്ടി അവരെ അവിടേക്ക് ആഘോഷിച്ചാനയിച്ചു നമ്മുടെ സാംസ്‌കാരിക ലോകവും ഇവിടത്തെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും. തുടര്‍ന്നു കരിപിടിച്ച അടുക്കള ചുമരുകള്‍ക്കിടയില്‍നിന്നും പുതിയാപ്ലമാരുടെ അതിക്രമങ്ങളില്‍ നിന്നും തങ്ങള്‍ അവരെ രക്ഷിച്ചെടുത്ത കഥകള്‍ വാഴ്ത്തിപ്പാടി സ്വസ്തിയടഞ്ഞു. ഇടക്ക് അവളുടെ, തടവിലടക്കപ്പെട്ട കിനാവുകളെക്കുറിച്ച് കഥയും നോവലുമെഴുതിയും സിനിമ പിടിച്ചും തങ്ങളുടെ 'സാമൂഹിക പ്രതിബദ്ധത' രേഖപ്പെടുത്തി. മുസ്‌ലിം പെണ്ണിന്റെ, കറുപ്പിനടിയില്‍ മൂടിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട മൊഞ്ചും അന്യമതസ്ഥനായ അവളുടെ വിമോചന നായകനുമായുള്ള പ്രണയവും, പഠനത്തിനും പ്രണയത്തിനും വിലങ്ങു തടിയാവുന്ന യാഥാസ്ഥിതികരും വിവരദോഷികളോ/മുല്ലമാരോ ആയ ബാപ്പമാരും മലയാളത്തിലെ സെക്യുലരിസ്റ്റ് പെണ്ണെഴുത്തുകാര്‍ക്കും സിനിമക്കാര്‍ക്കും കഥയായി. അങ്ങനെയാണ് കാമ്പസുകള്‍ക്കകത്തെ മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സ്വപ്നങ്ങള്‍ മുഴുവന്‍ തകര്‍ക്കപ്പെട്ട് ഭ്രാന്തിയാവുന്ന 'റസിയ'യുടെയും തട്ടത്തിനകത്ത് സ്വപ്നങ്ങളെ മൂടി വെക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മൊഞ്ചത്തിയായ 'ആയിഷ'യുടെയും ഛായയുണ്ടാവുന്നത്. ഈ കഥകളെ ഇതര വിദ്യാര്‍ഥി സമൂഹം അതു പോലെയങ്ങ് ഏറ്റെടുക്കുകയും 'ഉമ്മച്ചിക്കുട്ടികളുടെ' മൊഞ്ചിനെ ആഘോഷിക്കുകയും അവളുടെ കിനാവുകളുടെ വിമോചനം തങ്ങളുടെ കൂടി ജന്മദൗത്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഒന്നുകില്‍ കൊണ്ടുനടക്കാന്‍ പാകത്തിലൊരു ഇരയെ വേണം, അല്ലെങ്കില്‍ കൊന്നു തിന്നാന്‍ പാകത്തില്‍ ഒരു ശത്രു വേണം എന്നതു പോലെയാണ് നമ്മുടെ മുഖ്യധാരയുടെ നിലപാട്. കാമ്പസിനകത്തെ മുസ്‌ലിം പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ഇവരുടെ വാക്കുകളില്‍ അറപ്പുളവാക്കുന്ന സഹതാപം കാണാം. നികാഹ്, ബഹുഭാര്യാത്വം, ത്വലാഖ്, പര്‍ദ തുടങ്ങി പൊതുസമൂഹം മുന്നോട്ടുവെക്കുന്ന അതേ കാരണങ്ങളില്‍ തൂങ്ങി അവര്‍ സഹതപിക്കുന്നു. വരിഞ്ഞു മുറുക്കി പുരുഷനു അടിമപ്പെടുത്തിയ മതത്തില്‍ നിന്നു മുഴുവനായി ഊരിപോരാന്‍ പ്രചോദിപ്പിക്കുന്നു. ഇസ്‌ലാം തന്റെ സ്വപ്നങ്ങളെയും ചിന്തകളെയും തടവിലിട്ട് പീഡിപ്പിച്ചു എന്നു സ്വയം പറയുന്ന ചില 'മതേതര ഇന്ത്യന്‍ മുസ്‌ലിം പെണ്‍കുട്ടികളെ' മുന്നോട്ട് തള്ളി നിര്‍ത്തിയാവും ഇവരുടെ ഈ സങ്കടക്കണ്ണീര്‍. എന്നാല്‍ സാമുദായിക കെട്ടുപാടുകള്‍ക്കപ്പുറം ഇസ്‌ലാം തനിക്കു തന്ന അവകാശങ്ങളെയും പദവികളെയും സ്വാതന്ത്ര്യത്തെയും ആഘോഷിക്കുന്ന, പര്‍ദ തനിക്കും തന്റെ നാഥനും ഇടക്കുള്ള ആത്മീയമായ ദൃഢബന്ധത്തിന്റെ അടയാളമെന്നു പ്രഖ്യാപിച്ച ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും ഇവരാരും ഒരിക്കലും വിശ്വസിക്കില്ല. മുസ്‌ലിം പെണ്ണിന്റേതായ എല്ലാ നിലപാടുകളോടും വാദങ്ങളോടും മുസ്‌ലിം പുരുഷന്റെ കല്‍പനകളുടെ പ്രതിധ്വനി മാത്രമാണു നിങ്ങളെന്നു പരിഹസിക്കും. മുസ്‌ലിം പെണ്‍കുട്ടിയുടെ നിശ്ശബ്ദതയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നവര്‍ പിന്നീടവള്‍ ശബ്ദമുയര്‍ത്തി സ്വയം അവതരിപ്പിക്കുമ്പോഴെല്ലാം അവള്‍ക്കങ്ങനെയൊരു ശബ്ദമുണ്ടാവാന്‍ പാടില്ലയെന്ന നിര്‍ബന്ധം പിടിക്കുന്നു. മുസ്‌ലിം പുരുഷന്റേതല്ലാത്ത ഒന്നും സ്വന്തമായി പറയാന്‍ അധികാരമില്ലാത്തവളായി മുദ്ര കുത്തി വീണ്ടും ഇരവത്കരണം.
ഇസ്‌ലാമും മുസ്‌ലിം പെണ്ണും ഏറെ ചര്‍ച്ചയാവുന്ന ഇന്നത്തെ കാമ്പസുകളില്‍ പൊതുവെ മുസ്‌ലിം പെണ്‍കുട്ടികളെ മൂന്നായി തിരിക്കാം. സവര്‍ണ ഭാഷ കൊണ്ടും വേഷങ്ങള്‍കൊണ്ടും തങ്ങളുടെ മതേതര മുഖം തെളിയിക്കാന്‍ (to prove) പാടുപെടുന്ന, കാമ്പസിന്റെ മതേതരത്വം കാത്ത് സംരക്ഷിക്കാന്‍ മുസ്‌ലിം സഹോദരിമാരോടു മാത്രം സാരോപദേശം നടത്തുന്ന ഒന്നാമത്തെ കൂട്ടര്‍, പലപ്പോഴും കാമ്പസിന്റെ അധീശത്വ പ്രത്യയശാസ്ത്രത്തോടു ചേര്‍ന്നുനിന്നു സുരക്ഷിതരാവാന്‍ ശ്രമിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും എവിടെയും പ്രകടിപ്പിക്കാതെ നിശ്ശബ്ദരായി കാമ്പസിന്റെ അരികിലൂടെ വന്നുപോകുന്ന മറ്റൊരു കൂട്ടം മുസ്‌ലിം വിദ്യാര്‍ഥിനികളുമുണ്ട്. ഇസ്‌ലാമിനെ തന്റെ ഐഡിയോളജിയായി പ്രഖ്യാപിക്കുകയും അതിന്റെ എല്ലാവിധ ആവിഷ്‌കാര രൂപങ്ങളും പരമാവധി പ്രകടമായി തന്നെ കൊണ്ടുനടക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വിഭാഗം. കാമ്പസിന്റെ എല്ലാ പൊതുഇടങ്ങളിലും ഇടിച്ച് കയറി തന്റെ അസ്തിത്വം വ്യക്തമാക്കുകയും എല്ലാ രാഷ്ട്രീയ സാമൂഹിക സാഹിത്യ ചര്‍ച്ചകളിലും ഇസ്‌ലാമിന്റെ ശബ്ദമാവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ മിക്കവാറും കാമ്പസുകളില്‍ തീവ്രവാദികളെന്നോ 'പെന്‍ഗ്വിനുകളെ'ന്നോ ഒക്കെയാണ് അഭിസംബോധന ചെയ്യപ്പെടുന്നത്. ഇക്കൂട്ടര്‍ ആദ്യവിഭാഗത്തിന്റെ കണ്ണില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവരും കാമ്പസിന്റെ ഏകതാനഭാവത്തിനു തുരങ്കം വെക്കുന്നവരുമായിരിക്കും.
മുഖ്യധാരാ മതേതര കാമ്പസുകളില്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളടങ്ങുന്ന മത ജാതി ലിംഗ ന്യൂനപക്ഷങ്ങളുടെ നിലവിലെ കാമ്പസ് ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ ഇന്ത്യന്‍ സമൂഹം മുന്നോട്ട് വെക്കുന്ന മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും യഥാര്‍ഥ അര്‍ഥം മനസ്സിലാകും. സവര്‍ണമായ വേഷവിധാനങ്ങളും കലാരൂപങ്ങളും സംസാരവും ആചാരങ്ങളും കാമ്പസിന്റെ ഔദ്യോഗിക ഭാഷയും വേഷവും രീതികളുമായി മുഖ്യധാര സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കുന്നു. ഇതര വിദ്യാര്‍ഥി സമൂഹങ്ങളോടു അവരുടേതായ എല്ലാ അടയാളങ്ങളെയും അഴിച്ചുവെച്ച് ഈ സവര്‍ണതയെ എടുത്തണിയാന്‍ എത്ര എളുപ്പത്തിലാണ് മുഖ്യധാര ആഹ്വാനം ചെയ്യാറ്. ഈ രീതികളെ അതുപോലെ സ്വീകരിക്കാത്തപക്ഷം നിങ്ങള്‍ മലയാളികളല്ലാതായിത്തീരുന്നു, നന്നേ ചുരുങ്ങിയത് ചില പ്രത്യേക വേദികളിലേക്കും ചടങ്ങുകളിലേക്കും പ്രവേശനാനുമതി നിഷേധിക്കപ്പെടുന്നു. കാമ്പസിലെ മത ജാതി ന്യൂനപക്ഷങ്ങള്‍ മുഖ്യധാരാ വിദ്യാര്‍ഥി സമൂഹങ്ങളില്‍നിന്നും കടുത്ത ഒറ്റപ്പെടുത്തലും മാറ്റിനിര്‍ത്തലും അനുഭവിക്കുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കു പുറമെ കാമ്പസിനകത്ത് വേഷവിധാനങ്ങള്‍കൊണ്ട് വ്യത്യസ്തരാകുന്നവരാണ് പൊതുവെ എണ്ണത്തില്‍ വളരെ കുറഞ്ഞ കന്യാസ്ത്രീകളും 'ദര്‍സ്' വിദ്യാര്‍ഥികളും. എന്നാല്‍ ദര്‍സ് വിദ്യാര്‍ഥികളുടെ വെള്ളത്തൊപ്പിയും മുസ്‌ലിം പെണ്‍കുട്ടികളുടെ മഫ്തയും കളങ്കപ്പെടുത്തുന്ന കാമ്പസിന്റെ മതേതര അന്തരീക്ഷത്തിനു കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും വേഷവിധാനവും ഒട്ടും പോറലേല്‍പ്പിക്കുന്നതായി ആരും പരിതപിക്കാറില്ല. ലോകത്തിനു മുമ്പില്‍ 'നാനാത്വത്തില്‍ ഏകത്വം' അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യം അതിന്റെ പൗരന്മാര്‍ക്കിടയില്‍ കലക്റ്റിവ് ഐഡന്റിറ്റിക്കു വേണ്ടി പണിയെടുക്കുന്നതു തന്നെ വൈരുധ്യവും കാപട്യവുമാണ്. ഈ ഒരു കലക്റ്റിവ് ഐഡന്റിറ്റിക്കു വെല്ലുവിളിയാകുന്നു എന്ന പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളും പ്രത്യേകിച്ചും മേല്‍പറഞ്ഞ അവസാന വിഭാഗത്തില്‍ ഉള്‍പെടുന്നവരും കാമ്പസിനകത്ത് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ്.
കാമ്പസുകളുടെ ചരിത്രവും വര്‍ത്തമാനവും കാമ്പസിന്റെ പൊതുവര്‍ണമായി എപ്പോഴും ചേര്‍ത്ത് വെക്കുന്ന 'അടിപൊളി' എന്ന വാക്ക് വളരെയധികം വയലന്‍സ് ഉള്‍ക്കൊണ്ടിട്ടുണ്ട്. കാമ്പസുകളിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഓരം ചുറ്റിയുള്ള ബുജികളുടെയും ആര്‍മാദങ്ങളെയാണ് നമ്മള്‍ യഥാര്‍ഥത്തില്‍ അടിപൊളി എന്ന പേരില്‍ വിളിക്കുന്നത്. കാമ്പസിന്റെ ആഹ്ലാദമെന്നത് അധികാരപ്രകടനവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതും ഒരു വലിയ ന്യൂനപക്ഷത്തെ പുറത്ത് നിര്‍ത്തി തഴയുമ്പോള്‍ മാത്രം സംഭവിക്കുന്നതുമാണ്. ഈ അടിപൊളിയുടെ വര്‍ണം ഏകശിലാത്മകമായ ആശയങ്ങളുടെയും ആഗ്രഹങ്ങളുടെയും വക്താക്കള്‍ക്കു മാത്രം അണിയാന്‍ കഴിയുന്നതാണ്. ആഹ്ലാദമെന്നത് അധികാരമുള്ള ഒരു ചെറിയ ന്യുനപക്ഷത്തിനു മാത്രം ലഭിക്കുന്ന ഒന്നായതിനാല്‍ അധികാര രഹിതരായ മഹാഭൂരിപക്ഷങ്ങളും ആഹ്ലാദം തേടി ആധിപത്യ പ്രത്യയശാസ്ത്രത്തിനു കീഴടങ്ങുന്നു. ഇങ്ങനെ സ്വത്വനഷ്ടം സംഭവിക്കുന്ന വിഭാഗങ്ങള്‍ കാമ്പസിനകത്ത് നിരന്തരം വര്‍ധിച്ച് വരുന്നു. മാത്രമല്ല, പലപ്പോഴും ഹിംസാത്മകമായ അപരവത്കരണത്തിലൂടെയാണ് കാമ്പസിലെ ആഘോഷങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. കൂട്ടായ്മ, പങ്കുവെക്കല്‍, സഹകരണം, സഹചാരിബോധം തുടങ്ങി സൗഹൃദങ്ങള്‍ക്കുണ്ടാകുന്ന പല അടിസ്ഥാന സ്വഭാവങ്ങളും പലപ്പോഴും ഇവിടെ നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു. 'ഭീകരവാദ' ചിന്തകളെ കൂട്ടുപിടിച്ചവരെ പൊതുവെ കാമ്പസിലെ സൗഹൃദ കൂട്ടങ്ങള്‍ അകറ്റിനിര്‍ത്തുന്നതായി കാണാം. ഇത്തരം സൗഹൃദ സദസ്സുകളില്‍ കയറി ഇരിക്കണമെങ്കില്‍ മതപരമായ എല്ലാ വാക്കുകളെയും ചിന്തകളെയും പുറത്ത് നിര്‍ത്തേണ്ടിവരും. ഈ നിബന്ധന പാലിക്കാത്തപക്ഷം നിങ്ങള്‍ പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്‌തേക്കാം.
കാമ്പസിന്റെ (അ)ബോധ തലങ്ങളില്‍ നടക്കുന്ന ഇത്തരം പുറത്താക്കലുകള്‍ അങ്ങനെ അധികാരമില്ലാത്തവരെയും വ്യത്യസ്തകളെയും അപരവത്കരിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടിയെ സൗഹൃദത്തിന്റെ സര്‍കിളുകളില്‍ തങ്ങളിലൊരാളായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നത് കാമ്പസില്‍ അവള്‍ ഒറ്റപ്പെടാന്‍ വഴിയൊരുക്കുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെടുത്തലുകളെ അഡ്രസ്സ് ചെയ്യാന്‍ മുഖ്യധാരയോട് ആവശ്യപ്പെടുമ്പോള്‍ പലപ്പോഴും അത് ന്യൂനപക്ഷത്തിന്റെ അപകര്‍ഷതാബോധമായും വ്യത്യസ്തതകള്‍കൊണ്ട് നടക്കുന്നവരുടെ വൈകാരിക ചാപല്യമായും കുറച്ച് കാണുന്നു. മത ജാതി ലിംഗ ന്യൂനപക്ഷങ്ങളുടെ ഐക്യപ്പെടല്‍ ഇത്തരം ഒറ്റപ്പെടുത്തലുകളെ മറികടക്കാന്‍ പറ്റിയൊരു പരിഹാരമാകും. എന്നാല്‍ പുറം കാമ്പസുകളില്‍ സംഭവിക്കുന്ന പോലുള്ള അത്തരം മുന്നേറ്റങ്ങള്‍ കേരള കാമ്പസുകളിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടോ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നു.
പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യേണ്ടവിധം ചര്‍ച്ച ചെയ്യാന്‍ തയാറാവാത്ത മുഖ്യധാരാ അധികാര രാഷ്ട്രീയത്തിന്റെ അതേ മാനസികാവസ്ഥയാണ് കാമ്പസുകളില്‍ വിപ്ലവം പച്ച പരവതാനി വിരിച്ചും ചെങ്കോട്ടകള്‍ തീര്‍ത്തും വരുമെന്നു പറഞ്ഞ് നടക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും. കാമ്പസ് ഇലക്ഷന്‍ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തലമറച്ച പെണ്‍കുട്ടികള്‍ക്കു വലിയ ഡിമാന്റാണ്. പാര്‍ട്ടിയുടെ മത സൗഹാര്‍ദത്തിന്റെയും ഇന്‍ക്ല്യൂസീവ്‌നെസിന്റെയും പ്രകടമായ തെളിവായി കാണിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികളെക്കാള്‍ നല്ല ഐകണുകളെ കിട്ടാനില്ലെന്നും അവരുടെ സാന്നിധ്യം തങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ കേരളീയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേതെന്ന പോലെ ആണധികാരങ്ങളുടെ കേന്ദ്രസ്ഥാനമാണു ഓരോ പാര്‍ട്ടികളുടെയും യൂനിറ്റ് കമ്മിറ്റികളും സെക്രട്ടറിയേറ്റുകളും. ബാനറു പിടിക്കാനും മുദ്രാവാക്യം ഏറ്റുവിളിക്കാനും എന്നതില്‍ കവിഞ്ഞ് പാര്‍ട്ടി തീരുമാനങ്ങളെ സ്വാധീനിക്കാന്‍ തക്ക ഉറച്ച സ്ത്രീശബ്ദങ്ങളെ അവരുടേതായി രേഖപ്പെടുത്തുകയോ പരിഗണിക്കുകയോ ചെയ്യാറില്ല. പിന്നെ എപ്പോഴും സംഭവിക്കുന്നത് 'പരിഗണന' നല്‍കാന്‍ വേണ്ടി പടച്ചിട്ട റിസര്‍വ്ഡ് പോസ്റ്റുകളിലേക്കു പെണ്‍കുട്ടികളെ കയറ്റിയിരുത്തി അവര്‍ പാര്‍ട്ടിയെക്കൊണ്ടും പാര്‍ട്ടി അവരെക്കൊണ്ടും പരസ്പരം പാടുപെടലും കലഹങ്ങളുമാണ്. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അവസ്ഥയും ഈ വിഷയത്തില്‍ അത്ര മെച്ചമൊന്നുമല്ല. ഇതിനര്‍ഥം കാമ്പസുകളില്‍നിന്നു ഒരിക്കലും മഫ്തയിട്ട രാഷ്ട്രീയക്കാരികളുണ്ടാവുന്നില്ലെന്നല്ല. കോളേജ് യൂനിയന്‍ ഇലക്ഷനുകളില്‍ ജനറല്‍ പോസ്റ്റുകളില്‍ മത്സരിച്ച് വിജയിക്കുന്ന, കാമ്പസിനകത്ത് സംഘടനക്കു നേതൃത്വം നല്‍കുന്ന, രാഷ്ട്രീയത്തില്‍ കൃത്യമായ ദിശാബോധമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടരെ കൂടി അക്കൊമൊഡെറ്റ് ചെയ്യാന്‍ പാകത്തില്‍ നമ്മുടെ സംഘടനകളൊന്നും പഴയ പുരുഷാധികാര ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിട്ടില്ല. അത്തരം ഘടനകളിലേക്ക് ഇടിച്ച് കയറി അഴിച്ചു പണിയാന്‍ വിദ്യാര്‍ഥിനികള്‍ക്കും സാധിച്ചിട്ടില്ല.
പലപ്പോഴും കാമ്പസുകള്‍ക്കകത്ത് നിലനില്‍ക്കുന്ന വിവിധ പേരുകളിലുള്ള വിദ്യാര്‍ഥിനീ കൂട്ടായ്മകളെ നിയന്ത്രിക്കുന്നതും ആണുങ്ങളായിരിക്കും. തങ്ങളുടെ മാതൃപ്രസ്ഥാനത്തിനു കീഴിലുള്ള ഇത്തരം കൂട്ടായ്മകളുടെ ഓരോ പ്രവര്‍ത്തനവും പരിപാടിയും അതാത് വിദ്യാര്‍ഥി പാര്‍ട്ടി നേതാക്കളുടെ തീരുമാനങ്ങള്‍ക്കും കൈകടത്തലുകള്‍ക്കും ശേഷം മാത്രമേ നടപ്പില്‍ വരാറുള്ളൂ. ഇതിനെ മറികടക്കാനുള്ള വിദ്യര്‍ഥിനികളുടെ ശ്രമങ്ങളെ കാമ്പസിനകത്ത് 'ആണ്‍സംഘടന'യുടെ ഇമേജിനെ തകര്‍ക്കുംവിധമുള്ള എടുത്ത് ചാട്ടമായും പെണ്ണുങ്ങളുടെ രാഷ്ട്രീയാവബോധത്തിന്റെ അപര്യാപ്തതയായും വ്യാഖ്യാനിക്കപ്പെടുന്നു. വിദ്യാര്‍ഥി എന്ന ഐഡന്റിറ്റിയില്‍ വിദ്യാര്‍ഥി മുന്നണികളുണ്ടാക്കി കാമ്പസിനകത്ത് പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ സ്ത്രീ സ്വത്വം അടിസ്ഥാനമാക്കി കാമ്പസിനകത്ത് സ്വതന്ത്രമായി വിദ്യാര്‍ഥിനി കൂട്ടായ്മകളുണ്ടാക്കുന്നതിലും അവര്‍ സ്വയം പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലും എന്തിനു അസ്വസ്ഥപ്പെടണം? ആണ്‍ മേല്‍കോയ്മയുടെ അടയാളങ്ങള്‍ രേഖപ്പെടുത്താതെ കാമ്പസിനകത്ത് ഒരു പരിപാടിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥ. ചിലപ്പോഴെങ്കിലും കാമ്പസിനകത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം സഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് പരസ്യമായി ഒരുമിച്ച് കൂടുന്നതില്‍ ഇസ്‌ലാമിക സംഘടനകള്‍ പോലും ആശങ്ക രേഖപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങളുണ്ടാവുന്നു. ഒരു പരിധിവരെയൊക്കെ പൊതുവെ മുസ്‌ലിം പുരുഷന്മാരുടെ സമുദായത്തിലെ സഹോദരിമാരുടെ മേലുള്ള സംരക്ഷക മനോഭാവമാവാം അവരെകൊണ്ടിങ്ങനെ പറയിക്കുന്നത്. തിരിച്ചുള്ള അനുഭവങ്ങള്‍ തീരെ ഇല്ലെന്നല്ല. പെണ്‍കുട്ടികള്‍ ആസൂത്രണം ചെയ്യുന്ന പരിപാടികള്‍ അവരുടെ കര്‍തൃത്വത്തില്‍ കൈയിടാതെ തന്നെ സഹോദരന്മാരുടെ സര്‍വവിധ സഹായ സഹകരണങ്ങളോടെയും നടത്തപ്പെടാറുണ്ട്. അമുസ്‌ലിം ആണ്‍ സുഹൃത്തുക്കള്‍ക്കു എപ്പോഴും ഒരു രക്ഷക വിമോചക ഭാവമാണു മുസ്‌ലിം പെണ്‍കുട്ടികളോടെങ്കില്‍ മുസ്‌ലിം ആണ്‍സുഹൃത്തുക്കള്‍ക്കു വല്ലാത്തൊരു സംരക്ഷക മനോഭാവമാണ്. ഇസ്‌ലാമിനെയും ഇസ്‌ലാമിക് ടെക്സ്റ്റുകളെയും മുന്നില്‍വെച്ചുകൊണ്ട് കാമ്പസിനകത്ത് നടക്കുന്ന ചര്‍ച്ചകളിലെല്ലാം പലപ്പോഴും സഹോദരിമാരെ ചോദ്യശരങ്ങളില്‍നിന്നും രക്ഷിക്കാന്‍വേണ്ടി അവര്‍ കടന്നു കയറി നടത്തുന്ന ഇടപെടലുകള്‍ ഇസ്‌ലാമിന്റെ ആണ്‍ വ്യാഖ്യാനങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള തങ്ങളുടെ നിലപാടുകള്‍ക്കു തുടര്‍ന്ന് ഇടമില്ലാതാക്കി തീര്‍ക്കുന്നു. മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനും അത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയാനും പെണ്ണിനെക്കാള്‍ ആധികാരികത തനിക്കാണെന്ന മുസ്‌ലിം പുരുഷന്റെ ജ്ഞാനാധികാര ഭാവം കാമ്പസിനകത്തും ഇവര്‍ തുടരുന്നു.
കാമ്പസിനകത്തും പുറത്തും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്വസമുദായ സംഘടനകളില്‍നിന്നു തന്നെ നേരിടുന്ന മറ്റൊരു കപട മുഖമുണ്ട്. പൊതുസമൂഹം തങ്ങളെ സെക്യുലര്‍ ആയി വായിക്കാന്‍വേണ്ടി ചിലപ്പോഴെങ്കിലും തട്ടമിട്ട തലകളെ സംഘടനാ പരിപാടികളുടെ പരിസരത്തുനിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദേശം ലഭിക്കാറുണ്ട്. സ്വന്തം സമുദായത്തിന്റെ തന്നെ സെക്യുലര്‍ ബോധത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ (ഇസ്‌ലാമിക വസ്ത്രധാരിണിയായാലേ പ്രശ്‌നമുള്ളൂ) സംഘടനാ വളര്‍ച്ചക്കു അല്‍പമെങ്കിലും ഭീഷണിയായി കരുതപ്പെടുന്ന അവസ്ഥ. ചുരുക്കിപ്പറഞ്ഞാല്‍ സംഘടനയുടെ ക്രഡിബിലിറ്റി വര്‍ധിപ്പിക്കേണ്ട സമയത്ത് മാത്രം പുറത്ത് കാണിക്കാന്‍ കൊള്ളുന്ന ഒരു വിഭവമായി മാത്രം അവളെ ഉപയോഗിക്കുന്നു. സംഘടനയുടെ മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കേണ്ട ഇടങ്ങളിലും സമയത്തേക്കും മാത്രം അവളെ പരിഗണിക്കുന്ന ഇത്തരം ഏര്‍പാടുകള്‍ മറ്റൊരുതരം കമ്മോഡിസേഷന്‍ തന്നെയാണ്. തന്റെ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അതിന്റെ ഭാഗമായി ശരീരത്തോട് ചേര്‍ത്ത് വെച്ച അടയാളങ്ങളുടെയും ഫലമായി കാമ്പസിനകത്ത് നിരന്തരം ചോദ്യം ചെയ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട് മുസ്‌ലിം പെണ്‍കുട്ടി. സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും അധികാരികളില്‍ നിന്നും നിരന്തരം ഇത്തരം അനുഭവങ്ങള്‍ നേരിടുന്നു അവര്‍. എന്നാല്‍ അവര്‍ സ്വയം പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെതന്നെ കപട സെക്യുലര്‍ ബോധം അവളെ അംഗീകരിക്കാനോ വേണ്ട വിധം പരിഗണിക്കാന്‍തക്കവണ്ണം വിശാലമാകാനോ തയാറാകുന്നില്ല.
സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന എല്ലാ അവകാശ ലംഘനങ്ങളോടും വൈകാരികമായി പ്രതികരിക്കുന്ന ഫെമിനിസ്റ്റ് സംഘടനകളുടെ സ്ത്രീ നിര്‍വചനങ്ങളില്‍ എല്ലാ മുസ്‌ലിം പെണ്ണുങ്ങളും പെടുന്നില്ല എന്നാണ് അവരുടെ ആക്റ്റിവിസങ്ങള്‍ തെളിയിക്കുന്നത്. ബഹുഭാര്യത്വം, പര്‍ദ തുടങ്ങിയ സ്ഥിരം വിഷയങ്ങളുടെ ഇരകളെ തേടി കണ്ടുപിടിച്ച് പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിച്ച് സവര്‍ണ സെക്യുലര്‍ ബോധത്തിന്റെ കൈയടി വാങ്ങാനാണ് അവര്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തല മറച്ച മുസ്‌ലിം പെണ്ണിന്നു നേരെയുള്ള അവകാശ നിഷേധങ്ങളോടു സ്ഥിരം മുഖം തിരിച്ചിരിക്കയാണിക്കൂട്ടര്‍. മഫ്ത എന്നത് ഒരു മുസ്‌ലിം വിദ്യാര്‍ഥിനിയുടെ കേവലമായ ഒരു അവകാശമെന്നതിലുപരി അവളുടെ വിശ്വാസപരമായ പൂര്‍ത്തീകരണം കൂടിയാണ്. അവളുടെ അവകാശം അവളുടെ മത വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടുമാത്രമാണ് അത്തരം അവകാശ നിഷേധങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതില്ലെന്നു കേരള സാംസ്‌കാരിക പൊതുബോധം ഒന്നടങ്കം തീരുമാനിച്ചത്. മഫ്തയിടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട കാസര്‍കോട്ടെ റയാനക്കുവേണ്ടി നടന്ന പ്രതിഷേധങ്ങളിലും തലമറക്കാനുള്ള തന്റെ അവകാശ നിഷേധത്തിനെതിരെ സ്‌കൂള്‍ അധികാരികളോടു ഏറ്റുമുട്ടിയ നബാലയുടെ പ്രശ്‌നത്തോടുള്ള നിശബ്ദതയിലൂടെയും പ്രകടമാവുന്നത് ഈ ഇരട്ടത്താപ്പാണ്. ഫെമിനിസ്റ്റുകള്‍ അവരുടെ സ്ഥിരം മാനദണ്ഡങ്ങളുപയോഗിച്ച് പെണ്ണിനെ വായിക്കുമ്പോള്‍ മുസ്‌ലിം പെണ്ണെന്നാല്‍ അപരിഷ്‌കൃതയും അടിമയും തന്നെയെന്ന് അവര്‍ കണ്ടെത്തുന്നു. എന്നാല്‍ മുസ്‌ലിം പെണ്ണിനെ വായിക്കാന്‍ മോഡേനിറ്റിയെ പുറത്ത് നിറുത്തുന്ന ഇസ്‌ലാമിന്റേതായ ടൂള്‍സ് വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ്
വിദ്യാര്‍ഥിനിയാണ് ലേഖിക)
Comments