മലര്‍വാടിയിലൂടെ ചങ്ങാതിക്കൊരു വീട്
നന്മയെ സ്‌നേഹിക്കുന്ന കുരുന്നുകളുടെ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം. കളിച്ചും ചിരിച്ചും നന്മ പാടുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൊച്ചു ചങ്ങാതിക്കൂട്ടം. പഠിക്കാനും ജീവിക്കാനും പ്രയാസപ്പെടുന്ന ചുറ്റുമുള്ള കൂട്ടുകാര്‍ക്ക് കൊച്ചുകൊച്ചു സഹായങ്ങളും മലര്‍വാടി ഒരുക്കി കൊടുക്കാറുണ്ട്. കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും കലാ വൈജ്ഞാനിക വേദിയായ മലര്‍വാടി ബാലസംഘത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാവുകയാണ്. ആ സന്തോഷത്തിന് നിറംപകരാന്‍, താമസിക്കാന്‍ വീടില്ലാത്ത മലര്‍വാടി 'ചങ്ങാതിക്കൊരു വീട്' എന്ന പദ്ധതി രൂപംകൊണ്ടത്. ചുറ്റും പ്രയാസപ്പെടുന്നവരുടെ വേദനകളും ദുരിതങ്ങളും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക, അതിന് സാധ്യമായ പരിഹാരങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപൃതരാക്കുക ഇതായിരുന്നു 'ചങ്ങാതിക്കൊരു വീട്' എന്ന കാമ്പയിനിന്റെ ലക്ഷ്യം. മലര്‍വാടി കൂട്ടുകാര്‍ സ്വരൂപിക്കുന്ന ചെറിയ സംഖ്യകളും അതിനോട് മറ്റ് സഹായങ്ങളും ചേര്‍ത്തുവെച്ച് സംസ്ഥാന തലത്തില്‍ ഒരു വീട് പണിയാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചത്. പക്ഷേ, കുട്ടികളെയും അവരുടെ പ്രവര്‍ത്തന പരിധികളെയും കുറിച്ച് നമ്മള്‍ മുതിര്‍ന്നവര്‍ തീരുമാനിച്ചുറച്ചുവെച്ച ധാരണകളെല്ലാം മാറ്റിയെഴുതണമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കാമ്പയിന്‍ റിസല്‍റ്റുകള്‍. കേരളത്തിലുടനീളം കൈയില്‍ ഒരു കലക്ഷന്‍ കാര്‍ഡുമായി കുട്ടികള്‍ ഒറ്റക്കും കൂട്ടായും വീടുകള്‍ കയറിയിറങ്ങി. മത-ജാതി സംഘടനാ മുന്‍വിധികളില്ലാത്തതിനാല്‍ ഒരു വീടുമവര്‍ ഒഴിവാക്കിയില്ല. ഞങ്ങളുടെ ചങ്ങാതിക്കൊരു വീട് പണിയാന്‍ നിങ്ങള്‍ സഹായിക്കണമെന്നവര്‍ ഓരോ വീട്ടുകാരോടും ഉള്ളുതുറന്ന് അഭ്യര്‍ഥിച്ചു. ചിലരെല്ലാം ആദ്യമത് തമാശയായെടുത്തു. അപ്പോഴവര്‍ കൈയിലുള്ള കാര്‍ഡ് കാണിച്ചുകൊടുത്തു. അത് വായിച്ചവര്‍-കുട്ടികളും മുതിര്‍ന്നവരും-പ്രതീക്ഷിക്കാത്ത വലിയ സംഖ്യകള്‍ അവരുടെ കുഞ്ഞുകൈകളില്‍ ഏല്‍പിച്ചു. കുട്ടികളുടെ കൈയില്‍ കാശേല്‍പ്പിക്കാത്ത ചിലര്‍ കാര്യമന്വേഷിച്ചശേഷം രക്ഷിതാക്കളുടെവശം പണമേല്‍പ്പിച്ചു. അങ്ങനെ കേരളത്തിലുടനീളം മലര്‍വാടി കുരുന്നുകള്‍ ശേഖരിച്ച ആ സംഖ്യകള്‍ ചേര്‍ത്തുവെച്ചപ്പോള്‍ അത് 24 ലക്ഷം രൂപയായി. ഒരു വീട് ലക്ഷ്യമിട്ട സംഘാടകരങ്ങനെ അഞ്ച് ചങ്ങാതിമാര്‍ക്ക് വീട് പണിയാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ആ വീടുകളുടെ തറക്കല്ലിടല്‍ പൂര്‍ത്തിയായി കഴിഞ്ഞു. തങ്ങളുടെ വിയര്‍പ്പും അധ്വാനവും ചാലിച്ച് പിരിച്ചെടുത്ത കൊച്ചു സംഖ്യകള്‍ മഹത്തായൊരു പദ്ധതിക്ക് കാരണമായതിന്റെ നിറവിലാണ് പത്താം വാര്‍ഷികം ആഘോഷിക്കുന്ന മലര്‍വാടി കൂട്ടുകാര്‍...
കൊച്ചി: മലര്‍വാടി ബാലസംഘം 'ചങ്ങാതിക്കൊരു വീട ് ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയ വീട് നിര്‍മാണങ്ങള്‍ ആരംഭിച്ചു. സ്വാര്‍ഥതയുടെ വിത്ത് പാകുന്ന മത്സരത്തിന്റെയും ഭൗതിക താല്‍പര്യങ്ങളുടെയും ലോകത്ത് കുട്ടികള്‍, സ്വന്തമായി വീടില്ലാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കുകയെന്നത് ഏറെ അഭിനന്ദനാര്‍ഹവും മാതൃകായോഗ്യവുമാണെന്ന് കൊച്ചി മേയര്‍ ടോണി ചമ്മിണി അഭിപ്രായപ്പെട്ടു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ മലര്‍വാടി ബാലസംഘാംഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രഥമവീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ണാഭമായ ചടങ്ങില്‍ റോഡരികില്‍ വെച്ചിരുന്ന ഇഷ്ടിക കുട്ടികള്‍ നിരനിരയായി നിന്ന് കൈമാറി, റോഡില്‍നിന്നും അല്‍പം ഉള്ളിലായുള്ള നിര്‍മാണ സ്ഥലത്ത് എത്തിച്ച് ഉദ്ഘാടകന് കൈമാറുകയാണ് ഉണ്ടായത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മലര്‍വാടി ബാലസംഘം കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ടി.കെ ഹുസൈന്‍ പദ്ധതി പ്രഖ്യാപനം നടത്തി. കെ.കെ. ജലീല്‍, മുംതാസ് ടീച്ചര്‍ (കൗണ്‍സിലര്‍) ബാലസംഘം സംസ്ഥാന സെക്രട്ടറി മുസ്ത്വഫ മങ്കട, അന്‍സാര്‍ നെടുമ്പാശ്ശേരി സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് നസീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എസ് മുഹമ്മദ് സ്വാഗതവും സംസ്ഥാന പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പെരുങ്ങോമില്‍ നടന്ന മലര്‍വാടി വീടിന്റെ നിര്‍മാണോദ്ഘാടനം സംസ്ഥാന സ്‌കൂള്‍തല ചിത്രരചനാ മത്സരത്തിലെ ജേതാവ് കുമാരി ആതിര നിര്‍വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മലര്‍വാടി ജില്ലാ രക്ഷാധികാരി ടി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍, തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കാട് ജില്ലയിലെ എടത്തറയില്‍ നടന്ന ചടങ്ങില്‍ പറളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജനകീയ വികസന മുന്നണി ജില്ലാ പ്രസിഡന്റ് യഹ്‌യ, പി.എം ബഷീര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
Comments