ശഅ്ബാന്‍
നബി(സ)യും അനുചരന്മാരും പ്രത്യേകം പ്രാധാന്യം കല്‍പ്പിച്ചിരുന്ന മാസമാണ് ശഅ്ബാന്‍. ഈ മാസത്തില്‍ നബി(സ) ധാരാളം നോമ്പനുഷ്ഠിച്ചതായി നബി പത്‌നി ആഇശ(റ) റിപ്പോര്‍ട്ടു ചെയ്യുന്നു. നബിയുടെ ഭാര്യമാരും ശഅ്ബാനില്‍ ധാരാളമായി നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്റെ തൊട്ടുമുമ്പുള്ള മാസമായതിനാല്‍ ശഅ്ബാനിന് പ്രത്യേകം പരിഗണന ലഭിക്കുന്നുണ്ട് മുസ്‌ലിം സമൂഹത്തില്‍.
മുസ്‌ലിംകള്‍ അഞ്ചുനേരം നമസ്‌കരിക്കുമ്പോള്‍ തിരിഞ്ഞ് നില്‍ക്കുന്ന ഖിബ്‌ല കഅ്ബയായി നിശ്ചയിക്കപ്പെട്ടത് ശഅ്ബാനിലാണ്. ഇത് ശഅ്ബാനില്‍ നടന്ന വലിയൊരു ചരിത്ര സംഭവമാണ്. ഇബ്‌നു സഅദ് റിപ്പോര്‍ട്ടു ചെയ്യുന്നു: 'ഹിജ്‌റ രണ്ടാം വര്‍ഷം റജബിലോ ശഅ്ബാനിലോ നബി(സ) ബിശ്‌റുബ്‌നു ബറാഉബ്‌നു മഅ്മൂറിന്റെ വീട്ടില്‍ ഒരു സല്‍ക്കാരത്തിന് പോയപ്പോള്‍ അവിടെവെച്ച് ളുഹ്‌റ് നമസ്‌കാരത്തിനു സമയമായി. തിരുമേനി ജനങ്ങള്‍ക്കു ഇമാമായി നമസ്‌കരിക്കാന്‍ നിന്നു. രണ്ടു റക്അത്തു കഴിഞ്ഞ് മൂന്നാം റക്അത്തില്‍ നിന്നപ്പോള്‍ പെട്ടെന്ന് വഹ്‌യ് മുഖേന 'നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേരെ തിരിക്കുക, നിങ്ങള്‍ എവിടെയാണെങ്കിലും (നമസ്‌കാരത്തില്‍) അതിന്റെ നേരെ മുഖം തിരിക്കുക' എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചു. അപ്പോള്‍ തന്നെ തിരുമേനിയും പിന്നില്‍ നമസ്‌കരിക്കുന്നവരുമെല്ലാം ഒന്നായി ബൈത്തുല്‍ മുഖദ്ദിസിന്റെ ഭാഗത്തുനിന്ന് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു. പിന്നീട് മദീനയിലും പരിസര പ്രദേശങ്ങളിലും അത് വിളംബരം ചെയ്യപ്പെട്ടു. ബനൂ സലമ ഗോത്രത്തില്‍ പ്രസ്തുത വാര്‍ത്ത രണ്ടാം ദിവസം സ്വുബ്ഹ് നമസ്‌കാരവേളയിലാണ് ലഭിച്ചത്. ജനങ്ങള്‍ ഒരു റക്അത്ത് നമസ്‌കരിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ ജമാഅത്തൊന്നായി കഅ്ബയുടെ ഭാഗത്തേക്കു തിരിഞ്ഞു. ബറാഉബ്‌നു ആസിബില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ഹിജ്‌റക്കുശേഷം നബി(സ) പതിനാറോ പതിനേഴോ മാസക്കാലം മസ്ജിദുല്‍ അഖ്‌സയിലേക്കാണു തിരിഞ്ഞു നമസ്‌കരിച്ചത്. റജബിലോ ശഅ്ബാനിലോ ഒരു ളുഹ്‌റിലോ അസ്വ്‌റിലോ ആണ് ഖിബ്‌ല മാറ്റത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഖിബ്‌ല മാറ്റം സംഭവിച്ചത് ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ പതിനഞ്ചിനാണെന്നാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. നൂറ്റാണ്ടുകളോളം പ്രവാചകന്മാരുടെ അനുയായികളും ലോകനേതാക്കളുമായിരുന്ന ഇസ്രാഈല്യര്‍ തങ്ങളുടെ ചുമതല വിസ്മരിക്കുകയും സന്മാര്‍ഗദര്‍ശികള്‍ എന്ന തങ്ങളുടെ സ്ഥാനത്തിന് അനര്‍ഹരാവുകയും ചെയ്തപ്പോള്‍ ലോകനേതൃത്വം അല്ലാഹു അവരില്‍ നിന്ന് എടുത്ത് മാറ്റിയതിന്റെ പ്രതീകാത്മക പ്രവൃത്തിയാണ് ഖിബ്‌ല മാറ്റം എന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇസ്രാഈല്യരുടെ തന്നെ സഹോദരനായ ഇസ്മാഈല്‍ നബിയുടെ വംശത്തിലൂടെ തുടക്കം കുറിക്കുന്ന മുസ്‌ലിം സമൂഹത്തിലേക്ക് നേതൃപദവി അല്ലാഹു നീക്കുന്നു എന്നു കുറിക്കുന്നുണ്ട് ബൈത്തുല്‍ മുഖദ്ദിസിലേക്ക് തിരിഞ്ഞവര്‍ കഅ്ബയിലേക്ക് തിരിഞ്ഞതിലൂടെ. എന്നാല്‍ ആ ദിവസം നോമ്പനുഷ്ഠിക്കാനോ പ്രത്യേകം കര്‍മങ്ങള്‍ ചെയ്യാനോ ഒന്നും നബി(സ) കല്‍പ്പിച്ചിട്ടില്ല.
ഇങ്ങനെയൊരു നബിവചനം ഉദ്ധരിക്കപ്പെടുന്നുണ്ട്: ''ഒരുവന്‍ ശഅ്ബാന്‍ 15-ന് ചെയ്യുന്ന പ്രത്യേക ആരാധനകള്‍ നിമിത്തം കല്‍ബ് ഗോത്രത്തിലെ ഒരാടിന്റെ രോമങ്ങളോളം പാപങ്ങള്‍ അയാള്‍ ചെയ്താലും അതെല്ലാം പൊറുക്കപ്പെടുന്നതാണ്.'' ഈ ഹദീസ് ദുര്‍ബലമാണെന്ന് അത് ഉദ്ധരിച്ച തിര്‍മിദി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസ് വ്യാജനിര്‍മിതവും അടിസ്ഥാന രഹിതവുമാണെന്ന് ശൗക്കാനിയും രേഖപ്പെടുത്തുന്നു (അല്‍ഫവാഇദുല്‍ മജ്മൂഅ്:51, അല്‍ഇഅ്തിസാം: 1:20, 21). ശഅ്ബാന്‍ പതിനഞ്ചിനുള്ള പ്രത്യേക നോമ്പിനും നമസ്‌കാരത്തിനും യാതൊരടിസ്ഥാനവുമില്ല. അത് അനഭിലഷണീയമായ അനാചാരമാണ് (അല്‍ ഇഅ്തിസാം: 1:20, 21). വിശുദ്ധ ഖുര്‍ആന്‍ ഇറക്കിയത് വിധിനിര്‍ണയ രാത്രി (ലൈലത്തുല്‍ ഖദ്ര്‍)യിലാണെന്നും അത് റമദാനിലാണെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കെ ശഅ്ബാന്‍ പതിനഞ്ചിനെ ലൈലത്തുല്‍ ഖദ്‌റിന് തുല്യമാക്കുന്നതിന് യാതൊരടിസ്ഥാനവുമില്ലെന്ന് ഇബ്‌നു കസീര്‍ പറയുന്നു. കൂടുതല്‍ വിശദീകരണത്തിന് ജമല്‍ 4:97, 98, അസ്സാവി 4/51, ഇബ്‌നുകസീര്‍ - തഫ്‌സീറുദുഖാന്‍ നോക്കുക.
Comments