Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

പോലീസ് ഭീകരതയുടെ ഇരകള്‍

ഴിഞ്ഞ മെയ് 17-ന് യു.പി പോലീസിന്റെ ജീപ്പില്‍വെച്ച് ഖാലിദ് മുജാഹിദ് എന്ന മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവം സങ്കീര്‍ണവും ഗുരുതരവുമായ സംശയങ്ങളും പ്രതിഷേധങ്ങളുമുയര്‍ത്തിയിരിക്കുകയാണ്. ഖാലിദിന്റെ മരണ കാരണം സൂര്യാഘാതമാണ്, ഹൃദയാഘാതമാണ് എന്നു തുടങ്ങിയ പോലീസ് ഭാഷ്യങ്ങള്‍ ആദ്യം ഏറ്റുപിടിച്ച യു.പി സര്‍ക്കാറിന് അതില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സംഭവം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്രത്തിനു കത്തെഴുതിയിരിക്കുകയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഖാലിദ് മുജാഹിദിന്റെ കുടുംബത്തിന് 6 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 16-02-2013 ല്‍ ജോണ്‍പൂരിലെ മദ്രിയാവ് ബസാറില്‍ വെച്ചാണ് ഖാലിദിനെ പോലീസ് പിടികൂടിയത്. രേഖയിലുള്ളത് 22-12-2007 ന് ബാരബങ്കി റെയില്‍വേ സ്റ്റേഷനില്‍വെച്ച് താരിഖ് ഖാസ്മി എന്ന മറ്റൊരു യുവാവിനോടൊപ്പം അറസ്റ്റു ചെയ്തുവെന്നാണ്. പതിവുപോലെ പോലീസ് ഇവരില്‍നിന്ന് ധാരാളം സ്‌ഫോടക വസ്തുക്കള്‍ 'പിടികൂടുക'യും ചെയ്തു. തുടര്‍ന്ന് 2007 നവംബര്‍ 23 ന് യു.പിയുടെ പലഭാഗങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരകളില്‍ അവര്‍ പ്രതികളായി. ലഖ്‌നൗ, ബനാറസ്, ഹൈദരാബാദ് കോടതികളില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഈ സ്‌ഫോടനങ്ങള്‍ ഭൂരിപക്ഷ വിഭാഗത്തില്‍ മുസ്‌ലിം വിരോധം വളര്‍ത്താന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളുടെ വകയാണെന്ന് സാഹചര്യങ്ങള്‍ വിളിച്ചോതിയിരുന്നെങ്കിലും പോലീസ് പിടികൂടിയത് മുസ്‌ലിംകളെ മാത്രമാണ്.
ഖാലിദ് മുജാഹിദ് നിരപരാധിയാണെന്നും പോലീസ് ചുമത്തിയ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തുടക്കത്തിലേ അദ്ദേഹത്തിന്റെ കുടുംബം വാദിച്ചിരുന്നു. അതു തെളിയിക്കാന്‍ ഖാലിദിന്റെ അമ്മാവനും അറിയപ്പെട്ട മതപണ്ഡിതനും സാത്വികനുമായ മൗലാനാ സഹീര്‍ ആലം ഫലാഹി നിയമയുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ പ്രദേശവാസികളെല്ലാം അദ്ദേഹത്തെ പിന്തുണച്ചു. അതോടെ ഖാലിദിനെതിരെയുള്ള പോലീസ് നടപടിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ആര്‍.ഡി നമേഷ് കമീഷന്‍ എന്ന പേരില്‍ ഒരു ഏജന്‍സിയെ നിയമിക്കാന്‍ അന്നത്തെ യു.പി ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. വളരെ വൈകി 2012 ആഗസ്റ്റ് 31-നാണ് മായാവതി ഗവണ്‍മെന്റിന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോലീസ് കെട്ടിച്ചമച്ചുണ്ടാക്കിയ എല്ലാ കേസുകളും പിന്‍വലിക്കുമെന്നും മുന്‍ ഗവണ്‍മെന്റ് സ്വീകരിച്ച, മുസ്‌ലിംകളെ പീഡിപ്പിക്കുകയെന്ന പരോക്ഷ നയം ഉപേക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് വേളയില്‍ മായാവതി വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ, നമേഷ് കമീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനോ അതിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാനോ അവര്‍ തയാറായില്ല. പോലീസിനെ കുറ്റപ്പെടുത്തുന്നതും ഖാലിദിനെ കുറ്റമുക്തനാക്കുന്നതുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നാണ് അഭിജ്ഞ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കുന്നതിനുപകരം മുജാഹിദിനും ത്വാരിഖിനും എതിരെയുള്ള പോലീസ്‌കേസ് പിന്‍വലിക്കുക എന്ന തന്ത്രമാണ് മായാവതി കൈക്കൊണ്ടത്. ഖാലിദിനെയും ഖാസിമിനെയും വിട്ടയക്കുകവഴി മുസ്‌ലിംകളെയും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുക വഴി സംഘികളെയും തൃപ്തിപ്പെടുത്തുകയായിരുന്നു മായാവതിയുടെ ഉന്നം. പക്ഷേ, ഖാലിദ് നിരപരാധിയാണെന്നും പോലീസ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും പരാതിപ്പെട്ടുകൊണ്ട് സഹീര്‍ ഫലാഹി ലഖ്‌നൗ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ അടുത്ത ദിവസം പോലീസിനെതിരെ സാക്ഷി പറയാനിരിക്കെയാണ് ഫൈസാബാദ് കോടതിയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയില്‍ ഖാലിദ് മുജാഹിദ് മരണപ്പെട്ടത്. മൃതദേഹത്തില്‍ കാണപ്പെട്ട ഗുരുതരമായ പരിക്കുകള്‍ സംഭവം കൊലപാതകമാണെന്ന് വിളിച്ചുപറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഖാലിദിന്റെ ജീവഹാനിക്കുത്തരവാദികളായ 42 പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കളും ചില മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതായും ബാരബങ്കി പോലീസ് ഈ 42 പേര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ഖാലിദ് മുജാഹിദ് ദുരന്തം ഒറ്റപ്പെട്ടതല്ല. ഗുജറാത്തില്‍ സഹറാബുദ്ദീന്‍ ശൈഖും ഭാര്യയും, ഇശ്‌റത്ത്ജഹാനും മറ്റു മൂന്നു പേരും, മഹാരാഷ്ട്രയില്‍ ഖതീല്‍ സിദ്ദീഖി, ദല്‍ഹി ബട്‌ലാ ഹൗസില്‍ രണ്ടുപേര്‍ ഇങ്ങനെ ഒട്ടേറെ മുസ്‌ലിം യുവാക്കള്‍ പോലീസ് കസ്റ്റഡിയിലും വ്യാജ ഏറ്റുമുട്ടലിലുമായി കൊല്ലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഇസ്രയേലുമായി ഇന്ത്യ ഉറ്റചങ്ങാത്തം സ്ഥാപിക്കുകയും അമേരിക്കയുടെ വാര്‍ ഓണ്‍ ടെററിസം പോളിസി സ്വായത്തമാക്കുകയും ചെയ്ത ശേഷം ഉളവായതാണീ സ്ഥിതി വിശേഷം. മുസ്‌ലിം ജനതയെ അടിച്ചൊതുക്കി നിര്‍വീര്യമാക്കുകയാണ് അതിന്റെ ലക്ഷ്യം. രാജ്യം ഇതൊരു പൊതുനയമായി സ്വീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നത് ശരിയാണ് പക്ഷേ ഭരണയന്ത്രത്തിന്റെ -പോലീസ് സേനയുടെ വിശേഷിച്ചും- പ്രവര്‍ത്തനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ എല്ലാ കുറ്റങ്ങളും പോലീസില്‍ ചുമത്തി കൈകഴുകും. അന്യായമായ മര്‍ദനവും കൊലപാതകവും നടത്തുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അതിനാവശ്യമായ നിയമം കൊണ്ടുവരുമെന്നും പ്രഖ്യാപിക്കും. പിന്നാമ്പുറത്ത് ഇത്തരം പോലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഖാലിദ് മുജാഹിദിന്റെ കേസിനോട് ബി.എസ്.പി, എസ്.പി സര്‍ക്കാറുകള്‍ സ്വീകരിച്ച സമീപനത്തില്‍ ഈ നിലപാട് തെളിഞ്ഞുകാണാം. അദ്ദേഹത്തിനെതിരായുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ജനങ്ങള്‍ തന്നെ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിരുന്നു. അതനുസരിച്ച് നടപടി സ്വീകരിക്കുന്നതിനുപകരം വിഷയം അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുകയായണവര്‍ ചെയ്തത്. ഗവണ്‍മെന്റിന്റെ കാലാവധി തീരുവോളം കമീഷനില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയില്ല. അടുത്ത ഗവണ്‍മെന്റ് റിപ്പോര്‍ട്ടു സ്വീകരിച്ചുവെങ്കിലും പരസ്യപ്പെടുത്തുകയോ ശിപാര്‍ശകള്‍ നടപ്പിലാക്കുകയോ ചെയ്തില്ല. ആ ഗവണ്‍മെന്റ് പോയി എസ്.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഖാലിദ് മുജാഹിദ് പോലീസ് കസ്റ്റഡിയില്‍ തന്നെ തുടര്‍ന്നു. ഒടുവില്‍ ആ യുവാവ് നീതി കിട്ടാതെ നിഷ്ഠൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. അപ്പോഴും സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത് അത് സ്വാഭാവിക മരണമാണെന്നവകാശപ്പെട്ട് പോലീസുകാരെ രക്ഷിക്കാനാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇത്തരം നികൃഷ്ട നിലപാടുകള്‍ തുടരുന്നേടത്തോളം കാലം പോലീസ് ഭീകരത വളര്‍ന്നുകൊണ്ടേയിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍