Prabodhanm Weekly

Pages

Search

2013 ജനുവരി 05

അറബ് വസന്തം പുസ്തകമേളയുടെ പൊലിമ കുറച്ചെന്ന്

അറബ് ലോകത്തും അന്താരാഷ്ട്രതലത്തില്‍ തന്നെയും പ്രസിദ്ധമായ ബൈറൂത്ത് അന്താരാഷ്ട്ര അറബ് പുസ്തകമേളയെ അറബ് വസന്തം പ്രതികൂലമായി ബാധിച്ചുവെന്ന് സംഘാടകര്‍. ലബനാനിലെ സുരക്ഷാ പ്രശ്നങ്ങളും 56-ാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ പൊലിമ കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലിബിയ, തുനീഷ്യ, യമന്‍, ഈജിപ്ത് പോലുള്ള അറബ് വസന്ത നാടുകളില്‍നിന്ന് തണുത്ത പ്രതികരണമാണുണ്ടായത്. സിറിയന്‍ പ്രതിസന്ധിയും മേളയെ പ്രതികൂലമായി ബാധിച്ചു. പുസ്തക മേളയിലെ പ്രധാന സ്റാളുകള്‍ ഒരുക്കാറുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാമമാത്ര പ്രാതിനിധ്യമാണുണ്ടായതെന്നും സംഘാടകര്‍ പറഞ്ഞു. 
അറബ് സാഹിത്യത്തിന് മുതല്‍ക്കൂട്ടാകാവുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മേളയോടനുബന്ധിച്ച് പുറത്തിറക്കി. പ്രസിദ്ധ അറബ് എഴുത്തുകാരായ ഹുദ ബറകാത്ത്, ഇല്‍യാസ് ഖൂരി, അഹ്ലാം മുസ്തഗാനമി, മഹ്മൂദ് ദര്‍വേശ്, നിസാര്‍ ഖബ്ബാനി, മാര്‍സല്‍ ഖലീഫ, ഖാസി അല്‍ഹറൈദി തുടങ്ങിയവരുടെ കഥാ സമാഹാരം, നോവല്‍, കവിത, ചരിത്രം, മ്യൂസിക് ആല്‍ബം തുടങ്ങിയ രചനകള്‍ മേളയില്‍ പുറത്തിറക്കി. ഗസ്സാന്‍ ഷര്‍ബല്‍ രചിച്ച 'ഗദ്ദാഫിയുടെ ടെന്റില്‍' എന്ന പുസ്തകം ചരിത്ര വിഭാഗത്തില്‍ ബെസ്റ് സെല്ലറായി.
അറബ് ലോകത്തെ തുറന്ന പുസ്തക മാര്‍ക്കറ്റാണ് ബൈറൂത്ത് മേള. വിവിധ ആശയങ്ങളുടെ പ്രകാശനവേദിയായാണ് ബൈറൂത്ത് പുസ്തക മേളയെ പ്രസാധകരും ഗ്രന്ഥകര്‍ത്താക്കളും കാണുന്നത്.

ഹറം ഇമാം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അസ്സുബൈല്‍
ഇരു ഹറം കാര്യാലയ മുന്‍ മേധാവിയും മസ്ജിദുല്‍ ഹറാം ഇമാമും പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അസ്സുബൈല്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജിദ്ദ സൈനിക ആശുപത്രിയില്‍ ഡിസംബര്‍ 17-നായിരുന്നു അന്ത്യം.
ഹി. 1345-ല്‍ അല്‍ ഖസീമില്‍ ജനിച്ച മുഹമ്മദ് ബിന്‍ അബ്ദുല്ല അസ്സുബൈല്‍ 14-ാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും തുടര്‍ന്ന് ഇസ്ലാമിക വിഷയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. സുഊദി അറേബ്യയുടെ മത സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അസ്സുബൈല്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതിലേറെ വിദേശ രാജ്യങ്ങളിലേക്ക് നൂറിലേറെ യാത്രകള്‍ നടത്തി. ഇസ്ലാമിക പ്രബോധന രംഗത്ത് റഫറന്‍സായി ഉപയോഗിക്കാവുന്ന വിലപ്പെട്ട ഏതാനും രചനകളും ശൈഖ് അസ്സുബൈല്‍ നിര്‍വഹിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറം ഇമാം പദവിക്കുപുറമേ ഉന്നത പണ്ഡിത സഭ അംഗം, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, ഇരു ഹറം കാര്യാലയ മേധാവി തുടങ്ങിയ വിവിധ തലങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു.
നാലര പതിറ്റാണ്ടോളം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇമാമും ഖത്വീബും പ്രബോധകനുമായി നിറഞ്ഞുനിന്നു. ഗാംഭീര്യവും ശബ്ദ സൌകുമാര്യവും ഒത്തിണങ്ങിയ അസ്സുബൈലിന്റെ ഖുര്‍ആന്‍ പാരായണം തീര്‍ഥാടക ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. തങ്ങള്‍ക്ക് ഒരുകാലത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന അതേ സ്ഥലത്ത് ഇമാമിന് അന്ത്യയാത്ര നല്‍കാന്‍ മസ്ജിദുല്‍ ഹറമില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.



പുറപ്പെട്ടത് വൃദ്ധസദനത്തിലേക്ക്,
എത്തിയത് ഇസ്ലാമില്‍
91 വയസുള്ള ഫ്രഞ്ചുകാരി ജിയോര്‍കട് ലോബെലയെ (ഏലീൃരമ ഘീയലഹശമ) മക്കള്‍ വൃദ്ധസദനത്തിലയക്കാന്‍ തീരുമാനിച്ചു. കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ കഴിഞ്ഞ 40 വര്‍ഷത്തോളമായി അയല്‍പക്കത്ത് താമസിക്കുന്ന മുഹമ്മദ് മദാഹിന്റെ കുടുംബം ജിയോര്‍കടിനെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകരുതെന്നും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും മക്കളെ അറിയിച്ചു. അങ്ങനെ ലോബെലയെ മുഹമ്മദിന്റെ കുടുംബം കൂടെ താമസിപ്പിച്ചു. മുഹമ്മദിന്റെ കുടുംബജീവിതവും മക്കളും മാതാപിതാക്കളും തമ്മില്‍ പുലര്‍ത്തുന്ന പരസ്പര ബഹുമാനവും ആദരവുമെല്ലാം ലോബെലയെ അത്ഭുതപ്പെടുത്തി. തന്റെ കുടുംബത്തില്‍ കാണാന്‍ കഴിയാത്ത ഉന്നത മാനുഷിക സംസ്കാരമാണ് ജിയോര്‍കടിനെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചതും തുടര്‍ന്ന് ഇസ്ലാം സ്വീകരിക്കാന്‍ നിമിത്തമായതും. ഇസ്ലാം ആശ്ളേഷിച്ചവരില്‍ ലോകത്തെ ഏറ്റവും പ്രായംകൂടിയ വനിതയാണ് ജിയോര്‍കട് ലോബെലയെന്ന് ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാം ആശ്ളേഷിച്ചശേഷം പ്രകാശം എന്നര്‍ഥമുള്ള 'നൂര്‍' എന്ന പേരാണ് സ്വീകരിച്ചത്. ഫ്രഞ്ച് പൌരത്വമുള്ള മുഹമ്മദ് മദാഹിന്റെ കുടുംബം മൊറോക്കൊയില്‍നിന്ന് കുടിയേറിയതാണ്.



ഇസ്ലാമിക വിഷയങ്ങളില്‍
പ്രഫഷണലുകളെ വേണം
അമേരിക്കന്‍-യൂറോപ്യന്‍ നാടുകളില്‍ ഇസ്ലാമിക വിഷയം പഠിപ്പിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് 'ഡിമാന്റ്' വര്‍ധിക്കുന്നതായി വാര്‍ത്ത. ജര്‍മനിയിലെ ഒലൈലി സ്റേറ്റ് വിദ്യാലയങ്ങളില്‍ 2013-2014 വര്‍ഷം ഇസ്ലാമിക വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായി ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരെ ക്ഷണിക്കുന്നതായി തുര്‍ക്കിഷ് വെബ്പോര്‍ട്ടല്‍ വമയലൃാീിശീൃ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയിലെ ഹെസെനില്‍ പ്രവര്‍ത്തിക്കുന്ന ഠൌൃസശവെ കഹെമാശര ഡിശീി മതകാര്യ വിഭാഗവുമായി ആലോചിച്ചാണ് ഇസ്ലാമിക പാഠ്യപദ്ധതി തയാറാക്കുന്നത്.
തുടക്കമെന്ന നിലയില്‍ 25 സ്കൂളുകളിലെ ലോവര്‍ പ്രൈമറി ക്ളാസുകളിലാണ് ഇസ്ലാമിക പാഠ്യപദ്ധതി നടപ്പാക്കുക. തുടര്‍ന്ന് മുകളിലുള്ള ക്ളാസ്സുകളിലും തുടരാനാണ് തീരുമാനം. പ്രഗത്ഭരായ മുസ്ലിം അധ്യാപകരെയാണ് കോഴ്സ് പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കുകയെന്നും മതകാര്യ വിഭാഗം അറിയിക്കുന്നു. യൂറോപ്യന്‍ നാടുകളില്‍ ഇസ്ലാമിക വിദ്യാഭ്യാസത്തിന് പ്രിയമേറുന്നത് ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തും ഉണര്‍വുണ്ടാക്കും. പക്ഷെ യൂറോപ്പിലേക്ക് ചേക്കേറണമെങ്കില്‍ അറബിക്കു പുറമെ ചുരുങ്ങിയത് ഇംഗ്ളീഷും നന്നായി അറിഞ്ഞിരിക്കണം. ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകള്‍ അറിഞ്ഞിരിക്കുന്നത് 'ഡിമാന്റ്' വര്‍ധിക്കാനിടയാക്കും.



തെരഞ്ഞെടുപ്പ് നാടകം
പരിഹാരമല്ലെന്ന് ജോര്‍ദാന്‍ ഇഖ്വാന്‍
ഏകാധിപത്യവാഴ്ച തുടര്‍ന്നുകൊണ്ടുള്ള തെരഞ്ഞെടുപ്പ് നാടകം കൊണ്ട് ജനാധിപത്യത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളെ തകര്‍ക്കാനാവില്ലെന്ന് ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. 'അറബ് വസന്തം' കടപുഴക്കിയെറിഞ്ഞ ഏകാധിപതികളെല്ലാം അവരുടെ നാടുകളില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, അത്തരം തെരഞ്ഞെടുപ്പുകള്‍ ഏകാധിപതികളെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചില്ലെന്ന് ജോര്‍ദാന്‍ ബ്രദര്‍ഹുഡ് നേതാവ് സകി ബനീ അര്‍ഷീദ് പറഞ്ഞു. ജോര്‍ദാനില്‍ ജനുവരി 23-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ചുകൊണ്ട് രാജ്യത്ത് 2010-ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഭരണകൂടം 'വന്‍ ജനപങ്കാളിത്തം' അവകാശപ്പെട്ടിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ജോര്‍ദാനിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നില്ലെന്നും അര്‍ഷീദ് ഓര്‍മപ്പെടുത്തി. നിലവിലെ ഏകാധിപത്യ വ്യവസ്ഥയുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന പാര്‍ലമെന്റ് പഴയതിന്റെ തനിപ്പകര്‍പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് മുസ്ലിം ബ്രദര്‍ഹുഡ് നയിക്കുന്ന ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനത്തിന് പിന്തുണ വര്‍ധിച്ചുവരുന്നതായി അവകാശപ്പെട്ട സകി ബനീ അര്‍ഷീദ് ജോര്‍ദ്ദാനില്‍ ഏകാധിപത്യം അവസാനിപ്പിക്കുന്നതുവരെ ജനകീയ പോരാട്ടത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം