Prabodhanm Weekly

Pages

Search

2013 ജനുവരി 05

കാഞ്ചി വലിക്കുന്നതാരാണ്?

യാസീന്‍ അശ്റഫ്

ആഡം ലാന്‍സ അമേരിക്കയിലെ ന്യൂടൌണില്‍ താന്‍ പഠിച്ച സ്കൂളിലേക്കുചെന്ന് 26 പേരെ വെടിവെച്ചങ്ങ് കൊന്നു-ഇരുപത് കുട്ടികളെയും സ്വന്തം അമ്മയടക്കം ആറ് മുതിര്‍ന്നവരെയും. എന്നിട്ട് അയാള്‍ സ്വയം വെടിവെച്ച് മരിച്ചു. അയാള്‍ക്ക് മാനസിക രോഗമുണ്ടായിരുന്നത്രെ.
അങ്ങനെ കൊല്ലാന്‍ ഒരാള്‍ക്ക് സാധിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ നടന്നിരിക്കണം. മാരകമായ തോക്ക് കൈയിലുണ്ടാകണം. അതിന്റെ കാഞ്ചി വലിക്കാന്‍ കഴിവുള്ള കൈ വേണം. കൈക്ക് കല്‍പന കൊടുക്കാന്‍ (അരുതെന്ന ചിന്തയെ അമര്‍ത്താന്‍) പാകത്തില്‍ ഒരു മനസു വേണം. ആയുധ ലഭ്യത, ആയുധം ഉപയോഗിക്കാനാവശ്യമായ അനുശീലനം, ഹിംസയോട് അറപ്പില്ലാത്ത മാനസികാവസ്ഥ.
സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടന്ന ചര്‍ച്ചകള്‍ ഇതില്‍ ആദ്യത്തെ ഘടകത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്-ആയുധ ലഭ്യതയുടെ പ്രശ്നം. ആയുധം കൈയിലില്ലെങ്കില്‍ ഒരു മനോരോഗിക്ക് ഇത്ര അക്രമം നടത്താനാവില്ലല്ലോ. ഈ ആയുധ ലഭ്യത അക്രമത്തിന് സൌകര്യമാകുന്നു.
ഈ വാദം ശരിയാണ്. ആഡം ലാന്‍സയുടെ മനോരോഗം ആപല്‍ക്കരമായത് അയാളുടെ കൈയില്‍ തോക്ക് വന്നപ്പോഴാണ്. പക്ഷേ, അതു മാത്രമാണ് കാരണം എന്നുപറഞ്ഞാല്‍ അത് തെറ്റാകും. കാഞ്ചി വലിച്ച കൈയും അതിന് അനുമതി കൊടുത്ത തലച്ചോറും കൂടി ഉണ്ടാകുമ്പോഴേ തോക്ക് മാരകമാകുന്നുള്ളൂ. ഇത് മൂന്നും അമേരിക്കയില്‍ വ്യാപകമാണ്. അതുകൊണ്ട്, മറ്റൊരിടത്തും ഉണ്ടാകാത്തത്ര വെടിവെപ്പു കൊലപാതകങ്ങള്‍ അവിടെ നടക്കുന്നു.
ഇക്കൊല്ലം പോലും ഈ കൊല (2012 ഡിസംബര്‍ 14) ആദ്യത്തേതല്ല. ജൂലൈ 20-ന് കോളറാഡോയിലെ ഒരു സിനിമാ തിയേറ്ററില്‍ ഒരാള്‍ 12 പേരെ വെടിവെച്ച് കൊന്നു. മെയ് 30 ന് സിയാറ്റിയിലെ ഒരു കഫേയില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ആഗസ്റ് 5 ന് വിസ്കോണ്‍സിനിലെ ഗുരുദ്വാരയില്‍ കൊലയാളിയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 21 ന് ബ്രൂക്ഫീല്‍ഡിലെ ഒരു സ്പായില്‍ തോക്കുകാരന്‍ തന്നെയടക്കം നാലുപേരെ കൊന്നു. ഏപ്രില്‍ 2 ന് ഓക്ലന്‍ഡിലെ യൂനിവേഴ്സിറ്റിയില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്; മാര്‍ച്ച് 23 ന് സാന്‍ഫ്രാന്‍സിസ്കോയിലെ ചര്‍ച്ചില്‍ അഞ്ചുപേരും. 1982 നു ശേഷം യു.എസില്‍ നാലോ അതില്‍ കൂടുതലോ പേര്‍ തോക്കുകൊണ്ട് കൂട്ടക്കൊല ചെയ്യപ്പെട്ട 62 സംഭവങ്ങളുണ്ടായിട്ടുണ്ട് (മദര്‍ജോണ്‍സ് മാഗസിന്‍ നടത്തിയ പഠനം).
നേരത്തെ പറഞ്ഞ മൂന്ന് ഘടകങ്ങളില്‍ ആദ്യത്തേത് എടുക്കുക. തോക്കു ലഭ്യത അമേരിക്കയോളം വരുന്ന വേറെ രാജ്യങ്ങളുണ്ടാവില്ല. തോക്ക് നിരോധമുള്ള രാജ്യങ്ങളിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് അമേരിക്കയില്‍നിന്ന് ധാരാളമായി അത് കള്ളക്കടത്തായി എത്തുന്നുണ്ട്. മെക്സിക്കോയില്‍ 2005-ന് ശേഷം മാഫിയാ സംഘങ്ങള്‍ 30,000 പേരെ കൊന്നു-അവിടെ ലഭ്യമായ അനധികൃത തോക്കുകളുടെ പത്തില്‍ ഒമ്പതും അമേരിക്കയില്‍നിന്ന് കടത്തിയതാണ്. അമേരിക്കക്കുള്ളില്‍ ആര്‍ക്കും വളരെ എളുപ്പം തോക്ക് സ്വന്തമാക്കാം; അതിന്റെ കച്ചവടം അത്ര ഉദാരമാണ്. അവിടെ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച തോക്കുകളില്‍ മുക്കാലും നിയമവിധേയമായിത്തന്നെ വാങ്ങിയതാണ്. ഇന്ത്യയില്‍ പോലീസുകാര്‍ക്കു മാത്രം കൈവശം വെക്കാവുന്ന 9 എംഎം കൈത്തോക്ക് യു.എസില്‍ ആര്‍ക്കും യഥേഷ്ടം കൊണ്ടുനടക്കാം. ഉരുക്കു പരിച തുളക്കാന്‍ കരുത്തുള്ള 50 കാലിബര്‍ റൈഫിളും ആര്‍ക്കും വാങ്ങിവെക്കാം.
അമേരിക്കയെ തോക്കു വാങ്ങിയും ഉപയോഗിച്ചും ശീലിപ്പിച്ചതാരാണ്? അതിന്റെ തന്നെ കോര്‍പറേറ്റ് ആര്‍ത്തി എന്നാണ് ഉത്തരം. അവിടെ മിക്ക സംസ്ഥാനങ്ങളിലും തോക്കു നിര്‍മാതാക്കളാണ് തോക്കു നിയമങ്ങള്‍ തീരുമാനിക്കുന്നതെന്നു പറയാം. തോക്കു കച്ചവടം മെച്ചപ്പെടുത്താനുതകുന്ന 99 നിയമങ്ങളാണ് നാഷ്നല്‍ റൈഫിള്‍ അസോസിയേഷന്‍ സമ്മര്‍ദം ചെലുത്തി ഉണ്ടാക്കിവെച്ചത്. എട്ടു സംസ്ഥാനങ്ങളില്‍, മദ്യശാലകളില്‍ വരെ തോക്കുമായി ചെല്ലാം. തോക്കുകള്‍ ജനങ്ങള്‍ക്ക് ഒരു ഹരമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍മാതാക്കള്‍ വിജയിച്ചിട്ടുണ്ട്. തോക്കുണ്ടായിരിക്കുന്നത് യുവാക്കളില്‍ ഒരു ഫാഷനാക്കി മാറ്റി. ആയുധവുമായുള്ള ഈ പരിചയത്തോടൊപ്പം ശിക്ഷണം കിട്ടിയ-എന്നാല്‍ മാനസികാരോഗ്യം വേണ്ടത്ര ഇല്ലാത്ത-ഉപയോക്താക്കളുടെ സാന്നിധ്യവും ഉണ്ട്. മൂന്നിലൊന്ന് വീടുകളിലായി 30 കോടി തോക്കുകളാണ് അമേരിക്കക്കാര്‍ കൈവശം വെച്ചിരിക്കുന്നത്. അതേസമയം, ഇറാഖിലും അഫ്ഗാനിലും കടുത്ത അതിക്രമങ്ങള്‍ നടത്തി ശീലിച്ചു തിരിച്ചെത്തിയ, മാനസികപിരിമുറുക്കമുള്ള പട്ടാളക്കാരും ധാരാളം (2012 ല്‍ ഇറാഖില്‍ കൊല്ലപ്പട്ടതിനെക്കാള്‍ കൂടുതല്‍ യു.എസ് പട്ടാളക്കാര്‍ ആത്മഹത്യ ചെയ്തു: കൊല്ലപ്പെട്ടത് 212, ആത്മഹത്യ 303). പോലീസ് വകുപ്പുകള്‍ ആധുനിക നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും കൊണ്ട് സൈനികവല്‍ക്കരിച്ചിരിക്കുന്നു. ജയിലുകള്‍ പലപ്പോഴും അക്രമങ്ങള്‍ പരിശീലിക്കുന്ന കളരികളാണ്; അവ തോക്കുനിര്‍മാതാക്കളുടെ സ്വകാര്യ കമ്പോളങ്ങളാണ്. ലോകത്തിലേറ്റവും കൂടുതല്‍ പണം ആയുധങ്ങള്‍ക്കായി ചെലവിടുന്ന രാജ്യമാണ് യു.എസ്. ഒപ്പം, അവിടത്തെ ഏറ്റവും ലാഭകരമായ വ്യാപാരങ്ങളിലൊന്നും ആയുധനിര്‍മാണം തന്നെ.
ആയുധ ലഭ്യതയും ആയുധത്തോടുള്ള കമ്പവും മാത്രമല്ല, അക്രമവാസനയും അമേരിക്കന്‍ രക്തത്തില്‍ അലിഞ്ഞു ചേരുന്നുണ്ട്. അക്രമികള്‍ക്കാവശ്യമായ തോക്കും പരിശീലനവും പോലെ അതിനുവേണ്ട മനസും യു.എസ് നിര്‍മിതമാണ്. ആഡം ലാന്‍സ് കൂട്ടക്കൊലക്ക് ഉപയോഗിച്ച 223 കാലിബര്‍ ബുഷ്മാസ്റര്‍ റൈഫിള്‍ അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് സൈന്യത്തിന്റെ പ്രിയ ആയുധമാണെന്നതില്‍ ദാരുണമായ ഒരു കാവ്യനീതിയുണ്ട്. ആയുധം പോലെ, ഹിംസാത്മകമായ ആ തലച്ചോറും വ്യത്യസ്തമല്ല. അതാകട്ടെ, ആയുധം പോലെത്തന്നെ, "മെയ്ഡ് ഇന്‍ യു.എസ്.എ'' ആണ്.
അമേരിക്കയില്‍ നടക്കുന്ന അക്രമങ്ങളില്‍ മനോരോഗികളുടെ വകയായുള്ളത് 4 ശതമാനം മാത്രമാണ് (ന്യൂയോര്‍ക്ക് ടൈംസില്‍ ഡോ. റിച്ചാഡ് ഫ്രീഡ്മാന്‍ എഴുതിയത്). എന്നാല്‍ ചെറുപ്പം മുതലേ മാധ്യമങ്ങളിലൂടെയും വംശീയ പ്രചാരണങ്ങളിലൂടെയും ഹിംസയുടെ വിഷം അമേരിക്കന്‍ മനസ്സുകളില്‍ കുത്തിവെക്കപ്പെടുന്നു. അക്രമം പഠിപ്പിക്കുന്ന 'കൊലയാളി' കളിപ്പാട്ടങ്ങള്‍, ചോര ചിന്താന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ഗെയിമുകള്‍, സാധ്യമായ എല്ലാതരം അക്രമങ്ങളും നിരന്തരം കാണിക്കുന്ന ടി.വി ഷോകളും ഫിലിമുകളും, ക്രൂരതയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രീകരണങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവക്കുള്ള പങ്ക് ചെറുതല്ല. 1998 ലെ ഒരു പഠനമനുസരിച്ച് ടി.വി പരിപാടികളുടെ മൂന്നില്‍ രണ്ടും അക്രമം ഉള്‍ക്കൊള്ളുന്നു. മാത്രമോ, ഇതില്‍ ഭൂരിഭാഗം (69%) കാണിക്കുന്നത് കുട്ടികള്‍ക്കായുള്ള പരിപാടികളിലാണ്. അമേരിക്കയില്‍ ഒരു കുട്ടി 18 വയസ്സെത്തുമ്പോഴേക്കും ടെലിവിഷനില്‍ മാത്രം 16,000 കൊലപാതകങ്ങളും രണ്ടു ലക്ഷം അക്രമങ്ങളും കണ്ടിരിക്കുമത്രെ. കാഞ്ചി വലിക്കാന്‍ മടിയില്ലാത്ത മനസ്സ് ഉണ്ടായിവരുന്നത് ഇത്തരം 'ഫാക്ടറി'കളില്‍ നിന്നു തന്നെയല്ലേ? അക്രമം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുമാത്രം കഴിഞ്ഞ നാലുപതിറ്റാണ്ടില്‍ ആയിരത്തിലേറെ പഠനങ്ങള്‍ നടന്നു. അക്രമവ്യാപനവും മാധ്യമങ്ങളും തമ്മില്‍ കാര്യകാരണ ബന്ധം തെളിയിക്കപ്പെട്ടതായി അമേരിക്കന്‍ പീഡിയാട്രിക്സ് അക്കാദമി പറയുന്നു. മതാധ്യാപനങ്ങള്‍ നിഷ്ഫലമായിപ്പോകുന്നു. മതപാഠങ്ങള്‍ക്കൊപ്പം ഹിംസ കൂടി അനുശീലിക്കുന്നുണ്ട് കുട്ടികള്‍.
ന്യൂ ടൌണ്‍ കൂട്ടക്കൊലയെച്ചൊല്ലി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ കണ്ണീരോടെ പോരായ്മകള്‍ ഏറ്റുപറഞ്ഞു. എന്നാല്‍, അദ്ദേഹം പറയാന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്: മറ്റു രാജ്യങ്ങളില്‍ വെറുതെ കൊല്ലപ്പെട്ട അനേകായിരം കുട്ടികളുടെയും യുവാക്കളുടെയും കാര്യം. അവരെ കൊന്നത് മനോരോഗികളല്ല; അമേരിക്കന്‍ പ്രസിഡന്റിന് നേരിട്ട് ഉത്തരവാദിത്തമുള്ള സൈന്യങ്ങളാണ്. ന്യൂ ടൌണ്‍ സംഭവത്തിന്റെ ഏതാനും ദിവസം മുമ്പ് അഫ്ഗാനിസ്താനില്‍ സൈനികാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 16-ന് അഫ്ഗാനിസ്താനില്‍ തന്നെ കുഴിബോംബ് പൊട്ടി പത്ത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ഒബാമ അധികാരമേറ്റ ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ പാകിസ്താനിലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ 570 ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു; അതില്‍ 64 പേരെങ്കിലും കുഞ്ഞുങ്ങളായിരുന്നു- ഒരു പക്ഷേ അതില്‍ കൂടുതലും (സ്റാന്‍ഫഡ്, ന്യൂയോര്‍ക് യൂനിവേഴിസിറ്റികളുടെ നിയമവിഭാഗങ്ങള്‍ നടത്തിയ പഠനം). അഫ്ഗാനിലേതു കൂടി ഉള്‍പ്പെടുത്തിയാല്‍ 'ഡ്രോണ്‍' മരണം: 881 സിവിലിയന്മാര്‍; അതില്‍ 176 കുട്ടികള്‍. ഒബാമ ഇതിനെപ്പറ്റിയൊന്നും ഒന്നും പറഞ്ഞിട്ടില്ല. മനുഷ്യജീവനിലുള്ള ഈ വിവേചനത്തെ മറികടക്കാന്‍ കറുത്ത വര്‍ഗക്കാരനുപോലും കഴിയുന്നില്ലെന്നല്ലേ ഇതിനര്‍ഥം?
അമേരിക്കന്‍ ധാര്‍മികതയുടെ വേരുകള്‍ ദുര്‍ബലമാണ്. മനുഷ്യ സ്നേഹമോ അഹിംസയോ അതിന് വളമാകുന്നില്ല; മറിച്ച് അധികാരത്തോടും പണത്തോടുമുളള ആര്‍ത്തിയും അക്രമാസക്തിയുമാണ് ധാര്‍മികതയുടെ അടിവേര്. 'ഭീകരതക്കെതിരായ യുദ്ധം' (വാര്‍ ഓണ്‍ ടെറര്‍) എന്നുപേരിട്ട നായാട്ടിന്റെ പേരില്‍ അമേരിക്കയിലെ പത്ത് വന്‍കിട ആയുധനിര്‍മാതാക്കള്‍ ഉണ്ടാക്കിയത് 2.8 ലക്ഷം കോടി ഡോളറിന്റെ ലാഭമാണ്. അതേസമയം ഒമ്പത് കോടി അമേരിക്കക്കാര്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിക്കുന്നവരാണ്; നാലു കോടി പേര്‍ നിയമവിരുദ്ധ മയക്കുമരുന്നുകള്‍ കഴിക്കുന്നു. മുതലാളിത്തത്തിനുവേണ്ടി മയക്കിക്കിടത്തപ്പെട്ട ഒരു മഹാ സംസ്കാരമാണ് യു.എസിലേത്.
മനുഷ്യത്വമോ മാനസികാരോഗ്യമോ ഇല്ലാത്ത സംസ്കാരത്തിന് ആയുധവും അധികാരവും കിട്ടിയാല്‍ കൂടുതല്‍ കാര്യശേഷിയോടെ ഹിംസ നടക്കും. 1991-ല്‍ ഇറാഖിനെതിരെ യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം 1995 വരെ മാത്രം 5,76,000 ഇറാഖി കുഞ്ഞുങ്ങള്‍ മരണപ്പെട്ടു എന്ന് ബ്രിട്ടീഷ് വൈദ്യശാസ്ത്ര മാഗസിനായ ലാന്‍സറ്റ്. 2003-ല്‍ യു.എസ് വീണ്ടും ഇറാഖില്‍ ആക്രമണം നടത്തി. 4400 യു.എസ് ഭടന്മാര്‍ മരിച്ചു; 6,55,000 ഇറാഖികളും. ഇരകളിലേറെയും 15-44 വയസ്സുകാരായിരുന്നു. ഇറാഖിലും മറ്റും രാസായുധങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുണ്ട്. തൊലിയും മാംസവും ഉരുക്കി അസ്ഥി വരെ തുറന്നു കാട്ടുന്ന വൈറ്റ് ഫോസ്ഫറസ് ഫല്ലൂജയില്‍ പ്രയോഗിച്ചതായി ഫീല്‍ഡ് ആര്‍ട്ടിലറി മാഗസിന്‍ (2005) റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ആണവ വികിരണം സൃഷ്ടിക്കുന്ന ശുഷ്ക യുറേനിയം (ഡി.യു) ആണ് ഇറാഖിലും അഫ്ഗാനിസ്താനിലും മറ്റും ഉപയോഗിച്ച മറ്റൊരായുധം; ഫല്ലൂജയില്‍ സാധാരണത്തേതിന്റെ 11 ഇരട്ടി ജന്മവൈകല്യങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നു. ക്രിസ്തുമസിന്റെ തൊട്ടുമുമ്പ് 20 കുട്ടികള്‍ കൊല്ലപ്പെട്ടതിനെപ്പറ്റി വിലപിക്കാം; എന്നാല്‍ ബാല്യം തന്നെ നഷ്ടപ്പെട്ട, പ്രായം തികയും മുമ്പേ കൊല്ലപ്പെടുകയോ അംഗഭംഗം വരുത്തപ്പെടുകയോ ചെയ്ത ഇറാഖ്-അഫ്ഗാന്‍-പാക്-സിറിയന്‍ കുട്ടികളുടെ കാര്യമോ?
ഹിംസയുടെ ആഗോള സ്രോതസ്സായിരിക്കുന്നു യു.എസ്-ഇസ്രയേല്‍ കൂട്ടുകെട്ട്. 2008-09 ലും 2012 ലും ഇസ്രയേല്‍ ഫലസ്ത്വീന്‍കാരെ ആക്രമിച്ചപ്പോള്‍ കുട്ടികളെപ്പോലും യഥേഷ്ടം കൊന്നു. മറ്റു ചില കണക്കുകള്‍: വടക്കന്‍ വിയറ്റ്നാമില്‍ അമേരിക്കയുടെ ആക്രമണത്തില്‍ അവിടത്തെ കുട്ടികളുടെ പത്തിലൊന്നും കൊല്ലപ്പെട്ടു. 'ഏജന്റ് ഓറഞ്ച്' എന്ന രാസായുധത്തിന്റെ മാരക ഫലങ്ങള്‍ തുടരുന്നു. തെക്കന്‍ വിയറ്റ്നാമിലെ രണ്ടരലക്ഷം കുട്ടികള്‍ കൊല്ലപ്പെട്ടു. മനുഷ്യത്വഹീനമായ പീഡനങ്ങള്‍ക്ക് പേരെടുത്തവയാണ് യു.എസ് തടങ്കല്‍ പാളയങ്ങള്‍. ഇത്രവലിയ ഹിംസാ പ്രപഞ്ചം വികസിപ്പിച്ചെടുത്ത, ആത്മാവില്‍ ദരിദ്രമായ, ഒരു നാഗരികതക്ക് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് കൂടിയാണ് ന്യൂ ടൌണ്‍.
നമുക്കും ഇതില്‍ പാഠമുണ്ടോ? മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ആയുധക്കമ്പം, ആര്‍ത്തി, മാധ്യമ സംസ്കാരം എന്നിവ ഇവിടെയും പടരുന്നുണ്ട്. ബ്രാന്റന്‍ സെന്റര്‍ വാള്‍, ടി.വിയുടെ ദുഃസ്വാധീനത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെ: "ഏതു സമൂഹത്തിലും ടി.വി വന്ന് പത്തുപതിനഞ്ചു വര്‍ഷം കൊണ്ട് കുറ്റകൃത്യ നിരക്ക് ഇരട്ടിക്കുന്നതായി കണ്ടിട്ടുണ്ട്.''
ന്യൂടൌണില്‍ കൊല്ലപ്പെട്ട 27 മനുഷ്യര്‍ മഞ്ഞുമലയുടെ മുകളറ്റമാണ്. ആഴത്തില്‍ പടര്‍ന്ന രോഗത്തിന്റെ ബാഹ്യലക്ഷണവും. കൈയിലെ തോക്കുകള്‍ പിടിച്ചുവാങ്ങിയതുകൊണ്ടുമാത്രം അത് ഇല്ലാതാകില്ല. കാഞ്ചിവലിക്കുന്ന രോഗാതുരമായ മനസ്സ് മാറണം. അതിന് ആധുനിക സംസ്കാരത്തിന്റെ പൊതുസമീപനം തന്നെ മാറണ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം