ഗര്‍ഭഛിദ്രവും മനുഷ്യത്വവും ഒരു മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
സവിതാ ഹാലപ്പനവര്‍ എന്ന ഇന്ത്യന്‍ ദന്ത ഡോക്ടര്‍ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചത് അന്താരാഷ്ട്ര തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണല്ലോ. സെക്യുലറിസത്തെക്കുറിച്ചുള്ള പാശ്ചാത്യ സമൂഹത്തിന്റെ വായാടിത്തത്തിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണിത്. പൌരസ്ത്യ സമൂഹം മൊത്തത്തിലും ഇസ്ലാമിക സമൂഹം വിശേഷിച്ചും മതാത്മക രാഷ്ട്രീയ സമീപനങ്ങളുടെ പേരില്‍ കുരിശിലേറ്റപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇത് സംഭവിച്ചത്. മതത്തെയും രാഷ്ട്രീയത്തെയും തങ്ങളെന്നോ വേര്‍പ്പെടുത്തിയെന്നും ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ മതത്തെ അനുവദിക്കാറില്ലെന്നും ഊറ്റം കൊണ്ടവര്‍ക്ക് വിലയേറിയ മനുഷ്യജീവന്‍ സംരക്ഷിക്കാനാവാതെ പൌരോഹിത്യത്തിനു മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു. സവിതയുടെ മരണശേഷവും ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് വിളിച്ചു കൂവുന്നവര്‍ മതത്തിന്റെ പേരില്‍ ഇരട്ടക്കൊലപാതകത്തിന് അനുമതി നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന കാര്യം ഓര്‍ക്കുന്നില്ല. ഗര്‍ഭഛിദ്രം നടത്തിയാല്‍ അമ്മയുടെ ജീവനെങ്കിലും രക്ഷിക്കാന്‍ സാധിക്കുന്ന സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്യാതിരിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനെടുക്കുന്നതില്‍ കലാശിച്ചേക്കാം.
മതവും രാഷ്ട്രീയവും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ വന്ന പാളിച്ച മാത്രമല്ല, മതത്തിന്റെ പേരില്‍ പൌരോഹിത്യം അടിച്ചേല്‍പിക്കുന്ന മനുഷ്യത്വവിരുദ്ധ നിയമങ്ങളെ ചെറുക്കുന്നതിനുള്ള കഴിവുകേടും ഈ സംഭവത്തില്‍ തെളിയുന്നുണ്ട്.
ഇസ്ലാമിന്റെ സമഗ്രത പലപ്പോഴും നിലകൊള്ളുന്നത് മതവും ഭൌതികതയും തമ്മിലുള്ള ഇടപെടലുകളില്‍ പാലിച്ച കൃത്യതയിലും ശാസ്ത്രീയതയിലുമാണ്. മതപരമായ കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളോടുള്ള ഇസ്ലാമിക പ്രമാണങ്ങളുടെ സമീപനം സഹിഷ്ണുതാപരമാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ സ്വഭാവം ഈ സഹിഷ്ണുതക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടാവാം. പ്രജകളുടെ മതവിശ്വാസത്തെ മാനിക്കാത്ത ഒരു രാഷ്ട്രീയ തത്ത്വശാസ്ത്രത്തിനും നിലനില്‍പില്ല. ഇസ്ലാമിക നിയമങ്ങളില്‍ രാഷ്ട്രീയ സ്വഭാവം പുലര്‍ത്തുന്നവയും മതസ്വഭാവം പുലര്‍ത്തുന്നവയുമുണ്ട്. അവയില്‍ മത നിയമങ്ങള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ അവ ബാധകമാവുന്നുള്ളൂ. ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പ്രജകള്‍ മതപരമായ കാര്യങ്ങളില്‍ ഇസ്ലാമികാചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ലെന്നു മാത്രമല്ല, സ്വന്തം മതത്തിന്റേതായ ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്താവുന്നതുമാണ്. ഇസ്ലാമിന്റെ മത-ഭൌതിക സമീപനങ്ങളിലെ കൃത്യതക്ക് കാരണം അതിന്റെ രാഷ്ട്രീയ സ്വഭാവമാണ്. എന്നാല്‍, അരാഷ്ട്രീയ മതനിയമങ്ങള്‍ രാഷ്ട്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് വരുമ്പോള്‍ മനുഷ്യത്വ വിരുദ്ധമാവുന്നതിന്റെ ഉദാഹരണമാണ് ഡോ. സവിതാ ഹാലപ്പനവര്‍ക്ക് ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ട സംഭവം.
ലിംഗവിവേചനത്തെയും സ്ത്രീപീഡനത്തെയും എതിര്‍ക്കാത്ത പലരും കുടുംബാസൂത്രണമാര്‍ഗങ്ങളെ എതിര്‍ക്കാറുണ്ട്. സന്താന നിയന്ത്രണം ഉന്നംവെക്കുന്നു എന്ന കാരണത്താലാണല്ലോ പെണ്‍ഭ്രൂണഹത്യ എതിര്‍ക്കപ്പെടുന്നത് എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. സന്താനനിയന്ത്രണത്തെക്കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് സമഗ്രവും ശാസ്ത്രീയവുമാണ്. കൃത്രിമ മാര്‍ഗങ്ങളിലൂടെ സന്താനോല്‍പത്തി നിയന്ത്രിക്കുന്നത് പ്രകൃതിവിരുദ്ധമാണെന്നു സമ്മതിക്കാവുന്നതാണ്. മാത്രമല്ല, ജനനിയന്ത്രണത്തിലൂടെ ദാരിദ്യ്രത്തെ മറികടക്കാമെന്നുള്ള പ്രചാരണം മുതലാളിത്ത അജണ്ടയുടെ ഭാഗമായിട്ടുള്ളതുമാണ്. ഇന്ന് ഭൂമുഖത്തുള്ള മാനവരാശിക്ക് സുഖമായി ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഇവിടെത്തന്നെയുണ്ട്. പക്ഷേ, ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ കൂടി ചെറിയൊരു ന്യൂനപക്ഷം കൈയടിക്കിവെച്ച് സമ്പന്നരായി സുഖിക്കുകയാണ്. ദാരിദ്യ്ര നിര്‍മാര്‍ജനത്തിലേക്കുള്ള യഥാര്‍ഥ വഴി വിഭവങ്ങളുടെ പുനഃക്രമീകരണമാണ്. അതിനുവേണ്ടി നടക്കുന്ന സമരങ്ങളെ നിര്‍വീര്യമാക്കാനാണ് ദരിദ്ര രാഷ്ട്രങ്ങളിലെ, അഥവാ ദരിദ്രജനവിഭാഗങ്ങളിലെ ജനപ്പെരുപ്പമാണ് ദാരിദ്യ്രത്തിന്റെ കാരണമെന്ന കാഴ്ചപ്പാട് മുതലാളിത്ത മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അവ ഉയര്‍ത്തിപ്പിടിക്കുന്ന മാല്‍ത്തൂസിന്റെ സിദ്ധാന്തം സാമൂഹിക യാഥാര്‍ഥ്യങ്ങളെ മുഴുവന്‍ കണക്കിലെടുക്കാതെയുള്ളതാണ്. ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം ആധുനിക കാലത്തെ കുടുംബാസൂത്രണ പരിപാടികള്‍ക്ക് എതിരായി നില്‍ക്കുന്നുവെങ്കിലും കാലദേശാതിര്‍വര്‍ത്തിയായ ഇസ്ലാം നിരുപാധികമായും അചഞ്ചലമായും സന്താനനിയന്ത്രണത്തെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിലകൊള്ളുന്നുവെന്ന് സ്ഥാപിക്കാന്‍ ഇവ പര്യാപ്തമല്ല. ആധുനിക കാലത്ത് മുതലാളിത്ത ലോകം കൊട്ടിഘോഷിക്കുന്ന ജനപ്പെരുപ്പ സിദ്ധാന്തം തെറ്റാണെന്നു വെച്ച് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ തരത്തിലുമുള്ള ജനനിയന്ത്രണം തെറ്റാണെന്ന് വിധിയെഴുതാന്‍ ദൈവദത്തമായ ഇസ്ലാമിനാവില്ല. കാരണം, കാലദേശങ്ങള്‍ക്കതീതമാണല്ലോ ദൈവത്തിന്റെ ജ്ഞാനം.
ജനനിയന്ത്രണത്തെക്കുറിച്ച് അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന തീവ്രവാദപരമായ വീക്ഷണങ്ങളെ നിരാകരിച്ചുകൊണ്ടായിരുന്നു ഇസ്ലാം അതിന്റെ മധ്യമ നിലപാട് പ്രഖ്യാപിച്ചത്. ഗര്‍ഭഛിദ്രത്തിനു മാത്രമല്ല, ആത്മഹത്യക്കു തന്നെ അനുമതി നല്‍കുന്നതായിരുന്നു ജാഹിലിയ്യാ അറേബ്യയിലെ മുശ്രിക്കുകളുടെ സാമൂഹികാചാരം. മറുഭാഗത്ത് ജൂത-ക്രൈസ്തവരാകട്ടെ ഗര്‍ഭഛിദ്രമല്ലാതെയുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പോലും തെറ്റാണെന്നു വിധിച്ചു. അവരുടെ കാഴ്ചപ്പാടിന്റെ ഉറവിടം ലൈംഗികത പാപമാണെന്ന പരമ്പരാഗത മതചിന്തയായിരുന്നു. കൊന്ന പാപം തിന്നാല്‍ തീരുമെന്ന ന്യായപ്രകാരം ലൈംഗികതയെന്ന പാപം സന്താനലബ്ധിയെന്ന ഭാരത്തിലൂടെ പരിഹരിക്കപ്പെടുമെന്ന വിശ്വാസമുണ്ടായി. മുഖ്യലക്ഷ്യം സന്താനപ്രാപ്തിയാവാതെയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പാപമായി ഗണിക്കപ്പെട്ടു. ഈ രണ്ടു തീവ്രവാദ സമീപനങ്ങള്‍ക്കുമിടയിലാണ് ഇസ്ലാം അതിന്റെ സന്തുലിത സമീപനത്തെ പ്രതിഷ്ഠിച്ചത്. ഗര്‍ഭനിരോധത്തെ എതിര്‍ക്കുന്ന തീവ്രവാദ ചിന്താസരണികള്‍ സന്യാസത്തെ എതിര്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രകൃതിവിരുദ്ധമെന്നതിനാലാണ് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നതെങ്കില്‍ ഒന്നാമതായി എതിര്‍ക്കപ്പെടേണ്ടത് സന്യാസമാണല്ലോ. സന്യാസത്തിന് പവിത്രത നല്‍കുകയാണ് ക്രിസ്തുമതം ചെയ്തത്. പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്നവര്‍ക്കും സന്താനേഛയോടു കൂടാതെയുള്ള ലൈംഗികബന്ധം പാപമാണെന്നു വിധിച്ചവര്‍ക്കും ഇടയില്‍ ഇസ്ലാം അവതരിപ്പിച്ചത് തികച്ചും പ്രായോഗികവും സന്തുലിതവുമായ കാഴ്ചപ്പാടായിരുന്നു. അതനുസരിച്ച് ലൈംഗികത സന്താനേഛയോടു കൂടിയതല്ലെങ്കിലും പാപമല്ലാതായി. ചില പ്രത്യേകസാഹചര്യങ്ങളില്‍ പ്രവാചകന്‍ അനുവദിച്ച ഇളവുകളെ ഈ നിലക്ക് കാണാം. പക്ഷേ, ദാരിദ്യ്രം ഭയന്നുകൊണ്ട് ലൈംഗികവിരക്തിയോ മറ്റ് കുടുംബാസൂത്രണ മാര്‍ഗങ്ങളോ സ്വീകരിക്കുന്നതിനെ അത് നിരുത്സാഹപ്പെടുത്തി. ഇവിടെ ലൈംഗിക വിരക്തിയും ഉള്‍പ്പെടുന്നുവെന്നത് ഇസ്ലാമിനെ മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. മാതാവിന്റെ രോഗം പോലുള്ള അവസ്ഥകളില്‍ സന്താനനിയന്ത്രണത്തിന് ഇസ്ലാം അനുമതി നല്‍കി. ഒരു നിശ്ചിത കാലയളവില്‍ മുലപ്പാല്‍ ലഭിക്കാനുള്ള ഓരോ കുഞ്ഞിന്റെയും അവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയ ഇസ്ലാം അതിനുവേണ്ടി സന്താനങ്ങള്‍ക്കിടയില്‍ ഒരു നിശ്ചിത കാലയളവ് അകലം പാലിക്കാന്‍ അനുമതി നല്‍കി. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനേക്കാള്‍ ഗുരുതരമായ തെറ്റായാണ് ഇസ്ലാം ഗര്‍ഭഛിദ്രത്തെ കണക്കാക്കിയത്. കാരണം, അതില്‍ ചെറിയ രീതിയിലുള്ള കൊലപാതകം അടങ്ങിയിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തെ നിരുത്സാഹപ്പെടുത്തുമ്പോഴും മാതാവിന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ അതു ചെയ്യാമെന്നല്ല, ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് സച്ചരിതരായ മുന്‍ഗാമികള്‍ വിധി പ്രഖ്യാപിച്ചത്. ജനിക്കാന്‍ പോകുന്ന ഭ്രൂണത്തിന്റെ ജീവനേക്കാള്‍ ജനിച്ചു കഴിഞ്ഞ മാതാവിന്റെ ജീവനാണ് വിലയെന്നാണ് ഇസ്ലാമിന്റെ നിലപാട്. ഈ വിഷയത്തില്‍ ജൂത, ക്രൈസ്തവ യാഥാസ്ഥിതിക കാഴ്ചപ്പാടാണ് അടുത്ത കാലം വരെയും പാശ്ചാത്യ ലോകം പുലര്‍ത്തിയിരുന്നത്. വൈദ്യ ലോകം ഇന്നുപയോഗിക്കുന്നു, ഹിപ്പോക്രാറ്റ്സിന്റെ പ്രതിജ്ഞയുടെ പുതുരൂപമായ ജനീവാ പ്രഖ്യാപനത്തില്‍ പോലും "മനുഷ്യജീവന് ഗര്‍ഭധാരണം മുതല്‍ പരമാവധി ബഹുമാനം ഞാന്‍ നല്‍കും'' എന്ന വരി ഉള്‍പ്പെട്ടത് ഗര്‍ഭഛിദ്രം സാര്‍വത്രികമായ കുറ്റമാണെന്ന ക്രൈസ്തവ യാഥാസ്ഥിതിക വീക്ഷണത്തിന്റെ സ്വാധീനഫലമായാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഭഛിദ്രത്തെക്കുറിച്ച് ആധുനികലോകം പുലര്‍ത്തുന്ന ഉദാര സമീപനത്തിന്റെ നാന്ദിയായി കരുതപ്പെടുന്ന 1970-ലെ ഓസ്ലോ പ്രഖ്യാപനം വരുന്നതുവരെ മനുഷ്യത്വ രഹിതമായാണ് ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കേസുകള്‍ ലോക രാഷ്ട്രങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. മാതാവിന്റെ ആരോഗ്യം പോലും പരിഗണിക്കാതെ ഗര്‍ഭഛിദ്രം കുറ്റകരമായി കണക്കാക്കപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡും ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് അവലംബിച്ചിരുന്നത്. ഓസ്ലോ പ്രഖ്യാപനത്തിന് മൂന്നു കൊല്ലം മുമ്പു മാത്രം (1968 ആഗസ്റ് മാസത്തില്‍ സിഡ്നിയില്‍ ചേര്‍ന്ന ലോക മെഡിക്കല്‍ അസംബ്ളിയില്‍ വെച്ച്) ഭേദഗതി ചെയ്യപ്പെട്ട ജനീവ പ്രഖ്യാപനത്തില്‍ പോലും യാഥാസ്ഥിതിക ചിന്തയുടെ സ്വാധീനം കടന്നു കൂടിയിട്ടുണ്ട്. 1971 ആഗസ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ എം.ടി.പി ആക്റ്റോടുകൂടിയാണ് ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പുലര്‍ത്തിയിരുന്ന കാര്‍ക്കശ്യത്തിന് അയവു വന്നത്. ഇതുപ്രകാരം എം.ടി.പി (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി) അനുവദനീയമാകുന്നതിന് നിശ്ചയിക്കപ്പെട്ട വൈദ്യശാസ്ത്രപരവും മാനവികവും സാമൂഹികവും പാരിസ്ഥിതികവുമായ തലങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്ലാമിന്റെ പ്രമാണിക ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ മുസ്ലിം പണ്ഡിത ലോകം ചര്‍ച്ച ചെയ്തതും പലപ്പോഴും പുരോഗമനാത്മകമായ നിഗമനത്തിലെത്തിച്ചേര്‍ന്നതുമാണ്. എന്നാല്‍ പാശ്ചാത്യ ലോകം ഇന്നും ഇരുട്ടില്‍ തന്നെ തപ്പുന്നുവെന്നതിന്റെ ഉദാഹരണമാണ് അത്യാവശ്യ ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡോ. സവിതാ ഹാലപ്പനവര്‍ മരിച്ച സംഭവം.
Comments