Prabodhanm Weekly

Pages

Search

2013 ജനുവരി 05

അല്ലാഹുവിനോട് തര്‍ക്കിച്ച് വാങ്ങിയ വിധിതീര്‍പ്പ്

സഈദ് മുത്തനൂര്‍

"അമീറുല്‍ മുഅ്മിനീന്‍! താങ്കള്‍ ഈ സ്ത്രീയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയോ?!'' ഹസ്രത്ത് ഉമറുല്‍ ഫാറൂഖ് ഒരു ദിവസം കൂട്ടുകാരുമൊത്ത് നടന്നുപോകുമ്പോള്‍ ഒരു സ്ത്രീ തടഞ്ഞുനിര്‍ത്തി ചില കാര്യങ്ങള്‍ പറഞ്ഞു. അന്നേരമാണ് ഉമറിന്റെ കൂടെയുള്ളവര്‍ അസ്വസ്ഥരായി ഈ ചോദ്യം ഉന്നയിച്ചത്.
അവരോട് ഉമര്‍ പറഞ്ഞു: "നിങ്ങള്‍ക്കറിയാമോ ഈ സ്ത്രീ ആരാണെന്ന്? അവരുടെ ആവലാതി ഏഴ് ആകാശങ്ങളും കടന്ന് അല്ലാഹുവിന്റെ അര്‍ശില്‍ ചെന്ന് മുട്ടിയിരിക്കുന്നു. അല്ലാഹുവാണ, ഈ രാത്രി മുഴുവന്‍ ഇവിടെ നില്‍ക്കേണ്ടി വന്നാലും നമസ്കാരത്തിനൊഴിച്ച് മറ്റൊരു കാര്യത്തിനും പോകാതെ ഞാന്‍ അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കും. ദൈവം അവരുടെ വാക്കുകള്‍ കേട്ട് ഉത്തരമരുളിയിട്ടുണ്ട്. പിന്നെയാണോ ഈ ഉമര്‍!''
ഹസ്രത്ത് ഖൌല ബിന്‍തു സഅ്ലബയെ കുറിച്ചായിരുന്നു ഈ പരാമര്‍ശങ്ങള്‍. ഖസ്റജ് ഗോത്രക്കാരിയായ അവരെ ഔസ് ഗോത്രത്തിലെ ഉബാദത്ത്ബ്നു സാബിത്തിന്റെ സഹോദരന്‍ ഔസ് ബ്നു സാമിതാണ് വിവാഹം കഴിച്ചിരുന്നത്. പിതൃ സഹോദര പുത്രന്‍ കൂടിയാണ് ഔസ്. ഭര്‍ത്താവിനോടൊപ്പം ഇസ്ലാം സ്വീകരിച്ച് നബി തിരുമേനിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ഈ അന്‍സാരി ദമ്പതികള്‍.
ഒരു സാധാരണ കുടുംബിനിയായി കഴിയവെ ഉണ്ടായ ഒരു സംഭവമാണ് ഖൌലയെ പ്രശസ്തയാക്കിയത്.
സംഭവം ഇങ്ങനെ: ഖൌലയുടെ ഭര്‍ത്താവ് പ്രായം ചെന്ന ഒരാളായിരുന്നു. വാര്‍ദ്ധക്യത്തിന്റെ ആധിയും വ്യാധിയും ഉണ്ട്. കൂടാതെ മുന്‍ശുണ്ഠിയും. ചിലപ്പോള്‍ വാക്കുകള്‍ അതിര് കടന്നു പോകും. ഒരു ദിവസം ഭാര്യയുമായി വഴക്കായി. ഉടനെ അദ്ദേഹം ഭാര്യയെ നോക്കി അന്‍തി അലയ്യ ക ളഹ്രി ഉമ്മീ (നീയെനിക്കെന്റെ മാതാവിന്റെ മുതുക് പോലെയാണ്) എന്നങ്ങ് പറഞ്ഞുപോയി. നീയുമായി ദാമ്പത്യസംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നത് എന്റെ മാതാവുമായി ബന്ധപ്പെടുന്നത് പോലെയാണെന്നര്‍ഥം. 'ളിഹാര്‍' എന്നാണ് ഈ 'വിടുതല്‍ പ്രഖ്യാപന' ത്തിന് അറബിയില്‍ പറയുക. അന്ന് അറബികള്‍ ശകാര വാക്കായി അവരുടെ ഭാര്യമാരോട് അങ്ങനെ പറയാറുണ്ടായിരുന്നു. അതായത് ദാമ്പത്യ ബന്ധം പാടില്ലാത്തവരുടെ കൂട്ടത്തിലേക്ക് ഭാര്യയെയും ചേര്‍ത്ത് അരിശം തീര്‍ക്കുക.
ദേഷ്യം അടങ്ങിയപ്പോള്‍ ഖൌലയുടെ ഭര്‍ത്താവ് ആലോചനയിലാണ്ടു. ഞാനെന്താണ് ചെയ്തത്! ഇനി വീടെങ്ങനെ നടത്തികൊണ്ട് പോകും? കുട്ടികളുടെ കാര്യം എന്താകും? കുട്ടികളുടെ ഉമ്മ ഖൌലയും ദുഃഖാര്‍ത്തയായിരുന്നു. അവസാനം ഭര്‍ത്താവ് ഔസ് ഭാര്യയോട് മാപ്പ് പറഞ്ഞു. ഖൌല പറഞ്ഞു: "താങ്കള്‍ എന്നെ മൊഴി ചൊല്ലിയിട്ടില്ലെന്ന് എനിക്കറിയാം. എന്നാല്‍ മേല്‍ വാക്ക് ഉച്ചരിച്ച സ്ഥിതിക്ക് നമുക്ക് ദമ്പതികളായി ജീവിക്കാമോ എന്ന് നബി തിരുമേനിയുടെ അടുക്കല്‍ പോയി താങ്കള്‍ ചോദിക്കുക. എന്നിട്ട് തീരുമാനിക്കാം'' എന്നാല്‍ ഔസ് അതിന് മടിച്ചു. "എനിക്ക് ഇക്കാര്യം തിരുദൂതരോട് പറയാന്‍ ലജ്ജയാണ്. അല്ലാഹുവിനെ വിചാരിച്ച്, നീ തന്നെ പോവുക.'' ഖൌല ഉടനെ തിരു സന്നിധിയിലെത്തി. അദ്ദേഹം അന്നേരം ആഇശാ ബീവിയുടെ വീട്ടിലായിരുന്നു. ഖൌല ഉണ്ടായ സംഭവമെല്ലാം വിവരിച്ച് നബി തിരുമേനിയോട് ചോദിച്ചു: "തിരുദൂതരേ, എന്നെയും എന്റെ മക്കളെയും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?'' "നിങ്ങള്‍ ഇരുവര്‍ക്കും തമ്മില്‍ ഒരു ബന്ധവും പാടില്ലെന്നാണ് എന്റെ അഭിപ്രായം''- നബി പ്രസ്താവിച്ചു.
മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് തിരുമേനി പറഞ്ഞത് ഇപ്രകാരമാണ് " ഈ പ്രശ്നത്തില്‍ അല്ലാഹുവില്‍ നിന്ന് യാതൊരു വിധിയും ഇതേവരെ വന്നിട്ടില്ല.''
ഖൌല പിന്നെയും പിന്നെയും തിരുമേനിയോട് പരാതി പറഞ്ഞുകൊണ്ടിരുന്നു. "തിരുദൂതരേ, ഞങ്ങള്‍ തമ്മില്‍ കുടുംബക്കാരാണ്. എന്റെ കുട്ടികളുടെ കാര്യം പ്രശ്നമാണ്. അദ്ദേഹമാകട്ടെ വൃദ്ധനും. ഇതൊക്കെ താങ്കള്‍ക്കും അറിയുന്നതാണല്ലോ. ഞാനദ്ദേഹത്തോട് ശപഥം ചെയ്ത് പറഞ്ഞിട്ടുണ്ട്, നിങ്ങളെന്നെ വിവാഹമോചനം ചെയ്തിട്ടില്ലെന്ന്.''
നബി തിരുമേനിയാകട്ടെ തന്റെ അഭിപ്രായത്തില്‍ ഉറച്ച് നിന്നു. എന്നാല്‍ ഖൌല നിരാശപ്പെട്ട് മടങ്ങിയില്ല. അവര്‍ നബി (സ) യെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവസാനം അവരുടെ കൈകള്‍ ആകാശത്തേക്കുയര്‍ന്നു. " ഞങ്ങളുടെ നാഥാ! ഞാന്‍ നിന്റെ മുമ്പിലിതാ കേഴുന്നു! ഞാനൊരു വല്ലാത്ത അവസ്ഥയിലാണ്. കരുണാവാരിധിയായ അല്ലാഹുവേ, ഞങ്ങളോടുള്ള കാരുണ്യത്താല്‍ നിന്റെ അരുളപ്പാട് നിന്റെ പ്രവാചകനിലൂടെ അവതരിപ്പിച്ചാലും, നാഥാ!...''
"കരളലിയിപ്പിക്കുന്നതായിരുന്നു അവരുടെ പ്രാര്‍ഥന. വീട്ടിലുള്ളവരെല്ലാം സ്തംഭിച്ച് പോയി'' ആഇശാബീവി (റ) ആ സംഭവം അനുസ്മരിച്ചതങ്ങനെയാണ്. ഹസ്രത്ത് ഖൌല (റ) തന്റെ പരിഭവങ്ങള്‍ പടച്ചവന്റെ മുമ്പില്‍ കേണു പറഞ്ഞുകൊണ്ടേയിരുന്നു.
പെട്ടെന്ന് തിരുമേനിക്ക് വഹ്യ് ഇറങ്ങുന്നതായി അനുഭവപ്പെട്ടു. ഉടനെ ആഇശാ ബീവി(റ) പറഞ്ഞു: ഖൌലാ കുറച്ച് കാത്തിരിക്കുക, ഒരു പക്ഷേ അല്ലാഹു നിങ്ങളുടെ കാര്യത്തില്‍ ഇടപെട്ടു തീര്‍പ്പുണ്ടാക്കിയേക്കും''
ഖൌല മുള്‍മുനയില്‍ നില്‍ക്കുകയാണ്. ആകാശ ലോകത്ത് നിന്നുള്ള ഇടപെടല്‍ നിരാശപ്പെടുത്തുമോ? അതോ പ്രതീക്ഷാനിര്‍ഭരമായിരിക്കുമോ? വീണ്ടും അവര്‍ പ്രാര്‍ഥനകളില്‍ മുഴുകി.
ഒരു നിമിഷം! തിരു നബി ഇങ്ങനെ ഓതി. "ഖദ്സമിഅല്ലാഹു...'' സൂറഃ മുജാദില അധ്യായം ആദ്യം മുതല്‍ അന്ത്യം വരെ തിരുമേനി പാരായണം ചെയ്തു. അതിലെ ആദ്യ ആറ് സൂക്തങ്ങള്‍ ഖൌലയുടെ പരാതികള്‍ക്ക് ആകാശലോകത്ത് നിന്നുള്ള സമാശ്വാസ വചനങ്ങളായിരുന്നു. നബി തിരുമേനി ഖൌലയോട് പറഞ്ഞു: "നീ നിന്റെ ഭര്‍ത്താവിനോട് ളിഹാറിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കാന്‍ പറയുക.'' "പ്രവാചകരേ, എന്റെ ഭര്‍ത്താവിന്റെയടുക്കല്‍ ഒരടിമയോ അടിമപ്പെണ്ണോ ഇല്ല. പിന്നെന്ത് ചെയ്യും?'' ഖൌല സങ്കടപ്പെട്ടു. "എങ്കില്‍ തുടര്‍ച്ചയായി 60 ദിവസം നോമ്പെടുക്കണം.'' "ദൈവമാണ, എന്റെ പ്രിയതമന്‍ വളരെ ബലഹീനനാണ്. ദിവസത്തില്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചക്ക് മങ്ങലേല്‍ക്കും. അറുപത് ദിവസത്തെ നോമ്പ് അദ്ദേഹത്തെ തളര്‍ത്തും.'' ഖൌല തടസ്സവാദമുന്നയിച്ചു. "എങ്കില്‍ അദ്ദേഹത്തോട് 60 ദരിദ്രര്‍ക്ക് ആഹാരം കൊടുക്കാന്‍ പറയൂ'' "അതിനുള്ള സാമ്പത്തിക ശേഷിയും എന്റെ ആള്‍ക്കില്ല. താങ്കള്‍ സഹായിച്ചാലല്ലാതെ.'' ഖൌല വീണ്ടും തര്‍ക്കുത്തരം പറഞ്ഞു. അശരണരുടെ അത്താണിയായ പ്രവാചകന്‍ തിരുമേനി (സ) അറുപത് ദരിദ്രരെ രണ്ട് നേരം ഊട്ടാനുള്ള വക സ്വരൂപിച്ച് ഔസിനെ ഏല്‍പിക്കാന്‍ ഖൌലയുടെ വശം കൊടുത്തയച്ചു.
പടച്ചവന്റെ മുമ്പില്‍ പരാതി ബോധിപ്പിച്ച് പരിഹാരം കണ്ടെത്തി വിജയശ്രീലാളിതയായി തിരിച്ചെത്തിയ തന്റെ പ്രാണപ്രേയസിയെ കാത്ത് ഹസ്രത്ത് ഔസ് ഉമ്മറപ്പടിയില്‍ തന്നെയുണ്ടായിരുന്നു. ഭാര്യയെ കണ്ടപാടെ അദ്ദേഹം ചോദിച്ചു: "ഖൌലാ എന്താണ് തിരുമേനിയുടെ പ്രതികരണം, പ്രതിവിധി വല്ലതും...?'' നടന്നതത്രയും ഖൌലാ ഭര്‍ത്താവിനെ കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ വലിയ ഭാഗ്യവാന്‍. മുന്‍ദിര്‍ബ്നു ഖൈസില്‍ നിന്ന് ഒരു കൊട്ട കാരക്ക വാങ്ങി പാവങ്ങള്‍ക്ക് വിതരണം ചെയ്യുക. താങ്കളുടെ ശപഥത്തിനുള്ള പ്രായശ്ചിത്തമാണത്.'' ഔസ് അങ്ങനെ ചെയ്തു. ഭാവിയില്‍ തന്റെ വായില്‍ നിന്ന് ഇത്തരമൊരു വാക്ക് വരില്ലെന്ന് തീര്‍ത്തു പറഞ്ഞു.
"തന്റെ ഭര്‍ത്താവിനെ കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ സംസാരം അല്ലാഹു കേട്ടിരിക്കുന്നു...'' എന്ന് തുടങ്ങുന്ന സൂക്തങ്ങള്‍ വിശ്വാസികള്‍ ഇന്നും എന്നും പാരായണം ചെയ്യുമ്പോള്‍ അവരുടെ മുമ്പില്‍ ഖൌല ബിന്‍ത് സഅ്ലബ എന്ന സ്ത്രീ രത്നം ഒരു മാതൃകാ വനിതയായി പ്രത്യക്ഷപ്പെടുന്നു.

(മര്‍കസീ മക്തബ പ്രസിദ്ധീകരിച്ച തദ്കാരെ സ്വാഹാബിയ്യാത്ത് എന്ന കൃതിയില്‍നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം