സ്വത്വരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍
പുതിയ ആശയങ്ങളെയും ദര്‍ശനങ്ങളെയും ചിന്തകളെയും സാഹചര്യങ്ങളെയും വിശകലനത്തിനും നിരൂപണത്തിനു വിധേയമാക്കുക എന്നതും, ഇസ്ലാമിനെ സമകാലികവല്‍ക്കരിക്കുകയെന്നതും ഒരിസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ ചുമതലയാണ്. ഇസ്ലാമിന്റെ ആദര്‍ശത്തിനകത്തും മൂലപ്രമാണങ്ങളുടെ പിന്‍ബലത്തിലുമാണ് ഈ നവീകരണം നടക്കേണ്ടത്. പുതിയ ആശയാവലികളെയും പ്രയോഗ സാധ്യതകളെയും അനിസ്ലാമികമായ (ജാഹിലിയ്യ) സ്വാധീനങ്ങളില്‍ നിന്നും മുക്തമാക്കുകയെന്നതും ഇതിന്റെ ഭാഗമാണ്. ദീനില്‍ ഉണ്ടായിട്ടുള്ള എല്ലാ നവോത്ഥാന ശ്രമങ്ങളും ഈ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. ഇത് ഒരു പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തിന്റെ ആരംഭഘട്ടത്തിലും തുടര്‍ച്ചയിലും ഒരു പോലെ പ്രസക്തമാണ്
ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനവും ഇതേ ദൌത്യമാണ് നിര്‍വഹിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ചതും പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചതുമായ ആധുനിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, മതേതരത്വം, ദേശീയത, ജനാധിപത്യം, സ്വതന്ത്ര വ്യക്തി സങ്കല്‍പം തുടങ്ങിയവയെ ഖുര്‍ആനിന്റെയും അതിന്റെ വ്യാഖ്യാന - പ്രായോഗിക മാതൃകയായ സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിരൂപണം ചെയ്ത് അവയുടെ ധനാത്മക വശങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും വിരുദ്ധമായ ഭാഗത്തോട് നിശിതമായി കലഹിക്കുകയും ചെയ്യുന്ന സമീപനമാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെത്. വിമര്‍ശന രഹിതമായി വാരിപ്പുണരുന്നതില്‍ നിന്നും അന്ധമായ നിരാകരണത്തില്‍ നിന്നും ഭിന്നമായി സംവാദാത്മകമാണ് ഈ നിലപാട്. മേല്‍പറഞ്ഞ ആധുനികത, ഉല്‍പന്നങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുമ്പോഴും അതിന്റെ ശാസ്ത്രം, സാങ്കേതിക വിദ്യ, മാനേജ്മെന്റ് രീതികള്‍ എന്നിവയെ പാശ്ചാത്യ അടിത്തറകളില്‍ നിന്ന് വിമോചിപ്പിച്ച് സ്വീകരിക്കാം എന്ന സമീപനമാണത് ഉയര്‍ത്തിപ്പിടിച്ചത്.
ആധുനികാനന്തരം രൂപംകൊണ്ട ജ്ഞാന സംജ്ഞകളോടും ആശയാവലികളോടും ഈ ഒരു സമീപനം തന്നെയാണ് സ്വാഭാവികമായും സ്വീകരിച്ചതും സ്വീകരിക്കേണ്ടതും. ഉത്തരാധുനികതയുടെ ജ്ഞാന വ്യവഹാരങ്ങളെ പരിശോധിച്ചു നോക്കുക. ആധുനികതയുടെ യുക്തികളെയും ചിന്താ പദ്ധതികളെയും ചോദ്യം ചെയ്തും അവയോട് കലഹിച്ചുമാണ് ഇവ രംഗത്തെത്തുന്നത്. ആധുനികതയുടെ കലയും സാഹിത്യവും പുരുഷാധിപത്യപരമാണെന്നാണ് സ്ത്രീ വാദത്തിന്റെ കാതല്‍. മനുഷ്യ കേന്ദ്രീകൃതമായ ആധുനികതയുടെ യുക്തിയെയാണ് പരിസ്ഥിതിവാദം ചോദ്യം ചെയ്യുന്നത്. കീഴാളവാദമാവട്ടെ, ആധുനികതയുടെ സവര്‍ണബോധത്തോടാണേറ്റുമുട്ടുന്നത്. യൂറോ കേന്ദ്രീകൃത ആധുനികതക്കെതിരിലാണ് കോളനിയാനന്തര വാദം. തീര്‍ച്ചയായും ഇവക്കെല്ലാം തീവ്രമായ/അതിവാദപരമായ സമീപനങ്ങളുണ്ട് എന്നതു ശരിയാണ്. അതോടൊപ്പം തന്നെ, പുരുഷാധിപത്യപരമായ, പരിസ്ഥിതിയെ തകര്‍ക്കുന്ന, വംശമഹിമയെ പ്രോത്സാഹിപ്പിക്കുന്ന ആധുനികതയുടെ ശീലങ്ങളെ വിചാരണ ചെയ്യുന്നുവെന്ന ഒരു വശത്തെ അംഗീകരിക്കാതെ വയ്യ. മാനവികവും ജനാധിപത്യപരവുമായ ഇത്തരം മൂല്യങ്ങളെ, ഇസ്ലാമിന് ഒരു വിമോചക, രാഷ്ട്രീയ ഉള്ളടക്കം നല്‍കുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന് അഭിവാദ്യം ചെയ്യാതിരിക്കാനാവില്ല.
ഇന്ന് കേരളത്തിലും ദേശീയ തലത്തിലും ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിം സ്വത്വ രാഷ്ട്രീയത്തെയും ഈ അര്‍ഥത്തിലാണ് സമീപിക്കേണ്ടത്. സവര്‍ണ/ബ്രാഹ്മണ ഇന്ത്യന്‍ ദേശീയത, മുസ്ലിംകളെ അതിനകത്തു നിന്ന് അകറ്റി നിര്‍ത്തി. മുസ്ലിംകളുടെ ദേശ സ്നേഹത്തെ നിരന്തരം ചോദ്യം ചെയ്തു. അവരുടെ ദേശ സ്നേഹം നിരന്തരം ബോധ്യപ്പെടുത്തേണ്ടതായി വന്നു. ദേശീയ മുസ്ലിം എന്ന പ്രയോഗം സ്വാഭാവികവും ദേശീയ ഹിന്ദു എന്നു പ്രയോഗം അസ്വാഭാവികവുമായി. ഇന്ന് കാണുന്ന മുസ്ലിം സ്വത്വവാദം രൂപപ്പെടാനുള്ള ചരിത്രപരമായ കാരണങ്ങള്‍ ഇവയാണ്. ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും അതിന് ആക്കം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഭരണകൂടവും അതിന്റെ വിവിധ ഉപകരണങ്ങളും ചേര്‍ന്ന് ഭീകരാക്രമണത്തിന്റെയും ഭീകരാക്രമണ ഗൂഢാലോചനയുടെയും വ്യാജ ഏറ്റു മുട്ടലുകളുടെയും പേരില്‍ മുസ്ലിം യുവാക്കളെ ടാര്‍ഗറ്റ് ചെയ്യുന്നു. എന്തിന്റെ പേരിലാണോ ഒരു വിഭാഗം അരിക്കാക്കപ്പെടുകയും നിന്ദിക്കപ്പെടുകയും രണ്ടാം തരക്കാരായി മുദ്ര ചാര്‍ത്തപ്പെടുകയും ചെയ്യുന്നത് അതിന്റെ പേരില്‍ തന്നെ അംഗീകാരത്തിനായി വാദിക്കുന്നതാണല്ലോ സ്വത്വ രാഷ്ട്രീയം. മേല്‍ സൂചിപ്പിച്ച ചരിത്രവും വര്‍ത്തമാനവും, ലോകതലത്തിലും ദേശീയ തലത്തിലും നടക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണവും വിവേചന ഭീകരതയുമെല്ലാം ചേര്‍ന്ന് മുസ്ലിം സ്വത്വ രാഷ്ട്രീയത്തെ കൂടുതല്‍ തീവ്രമായ തലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഈ തീവ്രത പല രീതിയിലാണ് പ്രകടമായി കൊണ്ടിരിക്കുന്നത്.
സ്വത്വ രാഷ്ട്രീയത്തിന് മേല്‍ സൂചിപ്പിച്ച മാനവികവും ജനാധിപത്യപരവുമായ ഉള്ളടക്കമുണ്ടെന്നതോടൊപ്പം തന്നെ, ചില പ്രതിലോമപരതയും അതിനകത്തു തന്നെയുണ്ട്. .സ്വത്വ രാഷ്ട്രീയത്തിന്റെ മേല്‍ വിലാസത്തില്‍ സാമുദായികവും വര്‍ഗീയവുമായ നിലപാടുകള്‍ പുനരവതരിപ്പിക്കപ്പെടുന്നുവെന്നതാണ് ഇതിലെ ഏറ്റവും പുതിയ പ്രവണത. ധാര്‍മികതയും ദൈവഭയവും ജീവിത വിശുദ്ധിയുമാണ് സമൂഹങ്ങളുടെ ജയപരാജയങ്ങളുടെയും ഔന്നത്യ അധമത്തങ്ങളുടെയും മാനദണ്ഡമെന്നത് ഇസ്ലാമിന്റെ സവിശേഷ കാഴ്ചപ്പാടാണ്. മനുഷ്യ സമൂഹത്തെ മുഴുവന്‍ ഒന്നായി കാണുന്ന കാഴ്ചപ്പാട് അതിന്റെ ആദര്‍ശത്തിന്റെ ഭാഗവുമാണ്. മനുഷ്യ സമൂഹത്തിന്റെ പല രീതിയിലുള്ള അനന്യതകളെ അംഗീകരിക്കുമ്പോള്‍ തന്നെ മനുഷ്യ സമൂഹത്തെ ഒന്നിച്ചാണത് അഭിസംബോധന ചെയ്യുന്നത്. അത്കൊണ്ടുതന്നെ സാമുദായികമോ വര്‍ഗീയമോ ആയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമില്‍ സ്ഥാനവുമില്ല.
ഇന്ത്യയില്‍ രൂപപ്പെട്ട ദേശീയത സവര്‍ണ കേന്ദ്രീകൃതവും ബ്രാഹ്മണിക്കല്‍ സങ്കല്‍പങ്ങളോട് അടുത്തു നില്‍ക്കുന്നതുമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം സമുദായം ഒരു സമുദായമെന്ന നിലക്ക് അന്യതാബോധം പേറുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും രൂപംകൊള്ളുന്നത്. കോണ്‍ഗ്രസിന്റെ ഹൈന്ദവ ആഭിമുഖ്യമുള്ള നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുഹമ്മദലി ജിന്ന കോണ്‍ഗ്രസ് വിടുന്നതും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലേക്ക് വളരുന്നതും പിന്നീട് പാകിസ്താന്‍ വാദം ഉയര്‍ത്തുന്നതും. അബുല്‍ അഅ്ലാ മൌദൂദിയാവട്ടെ, മുസ്ലിം എന്നത് പാരമ്പര്യമായി ലഭിക്കുന്നതോ ജാതിയുടെ പേരോ അല്ലെന്നും യാതൊരാള്‍ക്കും ജന്മം കൊണ്ട് മാത്രം മുസ്ലിമാവുക സാധ്യമല്ലെന്നും ശക്തമായി വാദിക്കുകയാണ് ചെയ്തത്. അതിനാലാണ്, മുസ്ലിം ലീഗിനോടും അതുയര്‍ത്തിയ പാകിസ്താന്‍ വാദത്തോടും വിയോജിക്കേണ്ടി വന്നത.് ഒരു സമുദായം എന്ന നിലയ്ക്ക് മുസ്ലിം സമുദായത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുസ്ലിം ലീഗുമായി കലഹിക്കാനുള്ള കാരണമിതാണ്.
ഇസ്ലാമിക പ്രസ്ഥാനം നിരാകരിച്ച സാമുദായികതക്കു പകരം സ്വത്വ രാഷ്ട്രീയം സജീവമായ സാഹചര്യമാണ് ഇന്നുളളത്. രണ്ടും മുസ്ലിം സ്വത്വ പ്രതിസന്ധിക്കുള്ള മതേതര പരിഹാരങ്ങളാണ്. എല്ലാ വിഷയങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കണ്ട് അതിലൂടെ തന്നെ അവ പരിഹരിച്ചു കളയാമെന്ന് വിചാരിക്കുന്നവരുണ്ട്. നിര്‍ഭാഗ്യവശാല്‍, അഭ്യസ്ത വിദ്യരായ, ഉത്തരാധുനിക ആശയലോകത്തെയും യുക്തിയെയും പരിചയപ്പെട്ട കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ ചിന്താഗതിക്കടിപ്പെട്ടവരാണ്. ദലിത് സ്വത്വവാദത്തെ മുഴത്തിനു മുഴമായി അനുകരിച്ച് മുസ്ലിം സ്വത്വവാദത്തെ സ്ഥാപിച്ചെടുക്കുകയാണവര്‍. മുസ്ലിം ആനുകാലികങ്ങളില്‍ ഇത്തരം ആശയങ്ങള്‍ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയില്ലെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയില്‍ വളരെ സജീവമാണ്. ഇസ്ലാമിക ഭൂമികയില്‍ നിന്നുള്ള വിലയിരുത്തലുകളും നിരൂപണങ്ങളും അസാധ്യമാക്കുന്നു ഇത്. ഉദാഹരണത്തിന്, ദലിത് മുസ്ലിം എന്ന പ്രയോഗം ശ്രദ്ധിക്കുക. വടക്കേ ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ താഴ്ന്ന വിഭാഗങ്ങളെ സൂചിപ്പിക്കാന്‍ ദലിത് മുസ്ലിം എന്ന് പ്രയോഗിക്കുന്നത് ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാല്‍ സമാനമായ പ്രയോഗം ഇന്ന് കേരളത്തിലും കണ്ടുവരുന്നു. ഞാനൊരു ദലിത് മുസ്ലിമാണ് എന്നഭിമാനക്കുന്ന ഫേസ് ബുക്ക് കമന്റുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ കേരളത്തില്‍ മുസ്ലിം സമുദായത്തിനകത്ത് ജാതീയമായ വേര്‍തിരിവുകള്‍ തീരെ കുറവാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും അതിനു മുമ്പും ഹിന്ദു മതത്തിലെ കീഴാള വിഭാഗം വന്‍തോതില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവരുടെ പിന്‍മുറക്കാരായ ഇന്നുളളവര്‍ അത്തരമൊരു വിവേചനം അനുഭവിക്കുന്നവരോ അത്തരം ബോധം മനസ്സില്‍ കൊണ്ടു നടക്കുന്നവരോ അല്ല. അഥവാ, ഇന്ന് വ്യവഹരിക്കപ്പെടുന്ന രീതിയിലുള്ള സ്വത്വ സങ്കല്‍പങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നല്ല കേരളത്തിലെ മുസ്ലിംകളും അതിനകത്തെ ഉള്‍പിരിവുകളും. കാര്യം ഇതായിരിക്കെ, ദലിത് മുസ്ലിം എന്ന പ്രയോഗത്തിലൂടെ കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത് വംശീയതയുടെയും ജാതീയതയുടെയും വേരിറക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റൊന്നാണ് സ്ത്രീ-പുരുഷ സംവാദങ്ങളില്‍ കണ്ടു വരുന്നത്. സ്ത്രീയുടെ പ്രതികരണങ്ങളെ സ്ത്രീ പക്ഷ വായന മാത്രമായും പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വിമര്‍ശങ്ങളെ പുരുഷാധികാര വായനയായും ചുരുക്കി കെട്ടി ആരോഗ്യകരമായ സംവാദത്തെ അപ്രസക്തമാക്കുന്ന നിലപാടാണിത്. ഇത്തരം ചര്‍ച്ചകളില്‍ കെട്ടുപിണഞ്ഞ് കിടക്കുകയും ഇസ്ലാം മുന്നോട്ട് വെക്കുന്ന, സ്ത്രീയെയും പുരുഷനെയും സവര്‍ണനെയും അവര്‍ണനെയും മേലാളനെയും കീഴാളനെയും മനുഷ്യനാക്കുന്ന, എല്ലാവിധ കോയ്മകളെയും വിധേയത്വത്തെയും നിരാകരിക്കുന്ന ആദര്‍ശപ്രചോദിതമായ വ്യക്തികളുടെയും സമൂഹത്തിന്റെയും പുനഃസൃഷ്ടിയെന്ന ദൌത്യം വിസ്മരിച്ചു പോവുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തില്‍ നിലവിലുണ്ട്.
Comments