Prabodhanm Weekly

Pages

Search

2013 ജനുവരി 05

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി മോഹം

എ.ആര്‍

ഹാട്രിക് വിജയം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയല്ല നരേന്ദ്രമോഡി. പശ്ചിമബംഗാളില്‍ ജ്യോതിബസുവും ഒഡീഷയില്‍ ബിജു പട്നായിക്കും ദല്‍ഹിയില്‍ ഷീലാ ദീക്ഷിതും തുടര്‍ച്ചയായി മൂന്നാം തവണയും തങ്ങളുടെ സംസ്ഥാനങ്ങളുടെ ഭരണസാരഥ്യം പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ, അവരാര്‍ക്കും അവകാശപ്പെടാനാവാത്ത വീരപരിവേഷം മോഡിയില്‍ ചാര്‍ത്തപ്പെടാനുള്ള സാഹചര്യം എന്താണ്? ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായതുകൊണ്ടല്ലെന്ന് തീര്‍ച്ച. യു.പിയും ബീഹാറും മധ്യപ്രദേശും ആന്ധ്രയും മഹാരാഷ്ട്രയും പശ്ചിമബംഗാളും കര്‍ണാടകയുമെല്ലാം കഴിഞ്ഞേ 182 നിയമസഭാ സാമാജികരുള്ള ഗുജറാത്ത് വരൂ. സാക്ഷരതയിലോ പ്രതിശീര്‍ഷ വരുമാനത്തിലോ ഒന്നും പ്രഥമ സ്ഥാനത്തല്ല ഗുജറാത്ത്. രാജ്യത്തെ ടെക്സ്റൈല്‍ വ്യവസായത്തിന്റെ കേന്ദ്രമായ ആ സംസ്ഥാനം നരേന്ദ്ര മോഡിയും ബി.ജെ.പിയും ഭരിക്കാനാരംഭിക്കുന്നതിനു മുമ്പേ അങ്ങനെത്തന്നെയായിരുന്നു. വ്യാപാര വാണിജ്യ രംഗങ്ങളിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ- ഒരു വേള ചരിത്രാതീത കാലം മുതലേ- പേരെടുത്ത നാടായിരുന്നു ഗുജറാത്ത്. പശ്ചിമേഷ്യന്‍ തുറമുഖങ്ങളിലേക്ക് മുഹമ്മദ് നബിക്ക് മുമ്പേ കുടിയേറി പാര്‍ത്ത ഗുജറാത്തികളെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിന്റെ ആഗമനത്തിനു ശേഷം ഗുജറാത്തിലെ മുസ്ലിം വ്യാപാരികള്‍ മലബാറുമായി വ്യാപാര ബന്ധം സ്ഥാപിച്ചതിനുമുണ്ട് വിശ്വാസ്യമായ രേഖകള്‍. നരേന്ദ്രമോഡി കഴിഞ്ഞ പതിറ്റാണ്ടില്‍ വ്യാവസായികമായോ സാമ്പത്തികമായോ വന്‍ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കിയതായി അനുഭവം സാക്ഷ്യപ്പെടുത്തുന്നില്ല.
പിന്നെ എന്താണ് മോഡി ഇഫ്കട്? ഇന്ത്യയുടെ ഉരുക്കു മനുഷ്യനായി ചരിത്രത്തില്‍ ഇടം നേടിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മനാടായ ഗുജറാത്തിനെ ഹിന്ദുത്വവാഴ്ചയുടെ പ്രഥമ പരീക്ഷണശാലയായി സംഘ്പരിവാര്‍ തെരഞ്ഞെടുത്തിട്ട് പതിറ്റാണ്ടുകളായി. ഹിന്ദുത്വവത്കരണ മാര്‍ഗത്തിലെ ഏറ്റവും വലിയ വിഘാതമായി സംഘ്പരിവാര്‍ കാണുന്ന മുസ്ലിം ന്യൂനപക്ഷത്തെ നിശേഷം ഉന്മൂലനം ചെയ്യാനാവില്ലെങ്കില്‍ പൂര്‍ണമായി നിര്‍വീര്യമാക്കാന്‍ നിശ്ചയമായും കഴിയുമെന്ന വിശ്വാസത്തില്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. 1969 ഒക്ടോബര്‍ ആദ്യവാരം അഹ്മദാബാദിലും ബറോഡയിലും അരങ്ങേറിയ അതിഭയാനകമായ വര്‍ഗീയ കലാപം അതിന്റെ ഫലമായിരുന്നു. ആയിരക്കണക്കില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും കോടികളുടെ വസ്തുവഹകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത പ്രസ്തുത കലാപം, ഇന്ത്യയുടെ അതിവിശിഷ്ട ബഹുമതിയായ ഭാരതരത്നം ഏറ്റുവാങ്ങാനെത്തിയ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ എന്ന ഗാന്ധിജിയുടെ ഉത്തമ സഹചാരിയെ ഉപവാസത്തിന് പ്രേരിപ്പിക്കാന്‍ മാത്രം ഭീകരമായിരുന്നു എന്ന കാര്യം പുതിയ തലമുറ ഒരുവേള ഓര്‍ത്തെന്നു വരില്ല. വ്യവസായ വാണിജ്യ രംഗങ്ങളില്‍ മെച്ചപ്പെട്ട സാമ്പത്തിക നില കൈവരിച്ചിരുന്ന മുസ്ലിംകളുടെ നട്ടെല്ലൊടിക്കുകയായിരുന്നു കലാപത്തിന്റെ ആത്യന്തിക ലക്ഷ്യം. അതോടൊപ്പം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചാല്‍ 90 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തെ വശത്താക്കി ഹിന്ദുത്വ വാഴ്ചക്ക് പാകപ്പെടുത്താമെന്നും അവര്‍ കണക്ക് കൂട്ടി. മറുവശത്ത്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകര വര്‍ഗീയ കലാപങ്ങളിലൊന്ന് ഗാന്ധിജയന്തി നാളില്‍ ഗാന്ധിയുടെ സ്വന്തം നാട്ടില്‍ അരങ്ങേറുമ്പോള്‍ നിഷ്ക്രിയമായും നിസ്സംഗമായും നോക്കിനില്‍ക്കാനേ അന്ന് കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. ഇത് മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള പരമ്പരാഗത വിശ്വാസം തകര്‍ക്കുമെന്ന പ്രതീക്ഷയും സംഘ്പരിവാറിനുണ്ടായിരുന്നു. അവരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല. ക്രമേണ ഗുജറാത്തിലെ കരുത്തുറ്റ പ്രതിപക്ഷ പാര്‍ട്ടിയായി വളരാനും ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ്സിന്റെ സംഘടന വിഭാഗത്തോടൊപ്പം നിന്ന് കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഭാരതീയ ജനസംഘത്തിന് കഴിഞ്ഞു. 1977-ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സംഘടന കോണ്‍ഗ്രസ്, ഭാരതീയ ജനസംഘം സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ലയിച്ചുണ്ടായ ജനതാ പാര്‍ട്ടി ഇന്ദിരാഗാന്ധിയെ തറപറ്റിച്ച് രാജ്യത്തിന്റെ അധികാരം പിടിച്ചത് മറക്കാന്‍ നേരമായിട്ടില്ലാത്ത സംഭവമാണല്ലോ. ഗുജറാത്തിനെ പൂര്‍ണമായി വലതുപക്ഷത്തെത്തിച്ച ഈ വഴിത്തിരിവ് പിന്നീട് ജനസംഘം ബി.ജെ.പിയായി പുനരവതരിച്ചപ്പോള്‍ അതിനു വളക്കൂറുള്ള മണ്ണാക്കിത്തീര്‍ത്തത് സ്വാഭാവികമായിരുന്നു. അങ്ങനെയാണ് 1995 മുതല്‍ ഹിന്ദുത്വ പാര്‍ട്ടി സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതും ഒരു തിരിച്ചുവരവ് സാധ്യമാവാതെ കോണ്‍ഗ്രസ് തളരുന്നതും.
2001-ല്‍ മുഖ്യമന്ത്രിയായി നരേന്ദ്രമോഡി അവരോധിതനായതില്‍ പിന്നെ ഇരട്ട ഭൂമികയില്‍ നിലയുറപ്പിച്ച് അദ്ദേഹം നടത്തിയ ഗൂഢതന്ത്രങ്ങളുടെ നൈരന്തര്യമാണ് ഏറ്റവും ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയത്തിന് വഴിയൊരുക്കിയത്. ഒരേയവസരത്തില്‍ ഹിന്ദുത്വവും ഗുജറാത്തി ഉപദേശീയതയുമാണ് മോഡിയുടെ ഭൂമിക. രണ്ടും തീവ്രതരമാക്കാന്‍ ആര്‍.എസ്.എസ്സിനെയും വിശ്വഹിന്ദുപരിഷത്തിനെയും ഉപയോഗിച്ചു അദ്ദേഹം നടത്തിയ ഓപ്പറേഷനായിരുന്നു 2002-ലെ അതിഭീകരമായ മുസ്ലിം ഉന്മൂലന പരിപാടി. ഇന്നും ദുരൂഹമായി അവശേഷിക്കുന്ന ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ മറവില്‍ ആയിരക്കണക്കില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടതും ചുട്ടുകരിക്കപ്പെട്ടതും. മുഖ്യമന്ത്രി നരേന്ദ്രമോഡി അറിഞ്ഞതും ആസൂത്രണം ചെയ്തതും തന്നെയാണ് അതെന്ന് തെളിവുകളുദ്ധരിച്ച് ടീസ്റ സെറ്റില്‍വാദിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ശ്രീകുമാര്‍ ഐ.പി.എസിനെ പോലുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുമ്പോള്‍, മോഡിയുടെ നേര്‍ക്കു നേരെയുള്ള പങ്കാളിത്തത്തിന് തെളിവില്ലെന്ന വാദമാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി നടപടികളെടുത്തില്ല, എന്തുകൊണ്ട് കുറ്റവാളികളെ പിടികൂടി കോടതികളിലെത്തിക്കാന്‍ ജാഗ്രത കാണിച്ചില്ല, എന്തുകൊണ്ട് കോടതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പല കേസുകളുടെയും വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീം കോടതിക്ക് ഉത്തരവിടേണ്ടിവന്നു, എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം പോലും ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞുവെച്ചു എന്ന് തുടങ്ങി ഒരു നൂറ് ചോദ്യങ്ങള്‍ മറുപടിയില്ലാതെ അവശേഷിക്കുന്നു.
എന്നിട്ടും കലാപത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് രണ്ടാമത്തേയും മൂന്നാമത്തേയും തെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോഡി തന്നെ വിജയം ആവര്‍ത്തിച്ചുവെങ്കില്‍ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷ മനസ്സുകളിലും കുത്തിവെക്കപ്പെട്ട കടുത്ത ഹിന്ദുത്വ വാദവും 'അസ്മിത'യും ഫലം കായ്ച്ചതായാണ് വിലയിരുത്തേണ്ടത്. മഹാരാഷ്ട്രയില്‍ ബാല്‍താക്കറെ വിജയകരമായി പയറ്റിയ മറാത്തി ദേശീയതയുടെ വകഭേദമായ 'അസ്മിത', പുറത്ത് നിന്ന് വന്ന ഗുജറാത്തി വംശജരല്ലാത്തവര്‍ ഗുജറാത്തികളുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന പ്രോപഗണ്ടയുടെ പുറത്ത് സൃഷ്ടിച്ചെടുത്ത ദേശീയതയാണ്. ആത്യന്തികമായി സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന വിശാല ഹിന്ദുത്വത്തിന് നിരക്കുന്നതല്ല ഇത്തരം ഉപദേശീയവാദങ്ങളെങ്കിലും താല്‍ക്കാലിക ലാഭത്തിന് അതൊക്കെ ആര്‍.എസ്.എസ് അവഗണിക്കുന്നു. ഇന്ത്യക്കാകെ മാതൃകയായ വികസനത്തിന്റെ പ്രതീകവും ആള്‍രൂപവുമായിട്ടാണ് വലതുപക്ഷ മീഡിയ നരേന്ദ്രമോഡിയെ അവതരിപ്പിക്കുന്നതെങ്കിലും, മുമ്പേ മെച്ചപ്പെട്ട നഗരങ്ങളെ കേന്ദ്രീകരിച്ച് ആഗോളീകരണവും ഉദാരീകരണവും നടപ്പാക്കുകയാണ് മോഡി ചെയ്തുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഗ്രാമങ്ങളുടെ വികസനം സോമാലിയയേക്കാള്‍ പിന്നിലാണെന്ന് തുറന്നടിച്ചത് പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റിസ് കട്ജുവാണ്. ആ നയം രാജ്യത്താകെ നടപ്പാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് അതിനാല്‍ തന്നെ മോഡിയെ സത്യസന്ധമായി എതിര്‍ക്കാനാവില്ല. ക്രമേണ മുസ്ലിം മനസ് തനിക്കനുകൂലമാക്കിയെടുക്കാന്‍ മോഡിക്ക് സാധിച്ചിട്ടുണ്ടെന്നാണ് മറ്റൊരവകാശവാദം. മതേതര പാര്‍ട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് തീര്‍ത്തും നിരാശരായ മുസ്ലിംകളില്‍ ഒരു വിഭാഗം നിസ്സഹായരായി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതാണ് ഈ പ്രചാരണത്തിനടിസ്ഥാനം. മുസ്ലിംകളെ കബളിപ്പിക്കാന്‍ 'സദ്ഭാവന' നാടകം അരങ്ങേറ്റിയ മോഡിയാകട്ടെ, തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ കുപ്രസിദ്ധനായ അമിത് ഷായെ ജയിപ്പിച്ച് തന്റെ തനിനിറം വെളിവാക്കുകയും ചെയ്തു. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ചാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹ്മദ് പട്ടേല്‍ ആയിരിക്കും മുഖ്യമന്ത്രി എന്ന വ്യാജ പ്രചാരണം നടത്തി വര്‍ഗീയ വികാരം ഒന്നുകൂടി ആളിക്കത്തിക്കാനും മോഡി സമയം കണ്ടു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷമാണ് മോഡി വര്‍ഗീയ കാര്‍ഡിറക്കി എന്നാരോപിക്കാന്‍ പോലും കോണ്‍ഗ്രസ് ധൈര്യപ്പെട്ടത് എന്നത് വേറെ കാര്യം! ഇങ്ങനെയെല്ലാമായിട്ടും 2007-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനം വോട്ടും രണ്ടു സീറ്റും ബി.ജെ.പിക്ക് കുറഞ്ഞത് കേശുഭായ് പട്ടേലിന്റെ വിഘടിത പാര്‍ട്ടി രംഗപ്രവേശം ചെയ്തതുകൊണ്ടാവണം.
ഇനി നരേന്ദ്രമോഡിയുടെ മോഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവാനാണ്. അതിന് പശ്ചാത്തലമൊരുക്കാനുള്ള മനശ്ശാസ്ത്ര യുദ്ധത്തിന് പാര്‍ട്ടിക്കകത്തും പുറത്തും അദ്ദേഹം ആരംഭം കുറിച്ചുകഴിഞ്ഞു. ഹാട്രിക് വിജയഭേരി മുഴക്കിക്കൊണ്ട് പ്രസംഗിക്കെ, തനിക്ക് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു എന്ന മോഡിയുടെ പ്രസ്താവനക്ക് വലിയ മാനങ്ങളാണ് കല്‍പിക്കപ്പെടുന്നത്. 2002-ലെ വംശീയാക്രമണമാണ് മോഡി ഉദ്ദേശിച്ചതെന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇതോടെ മുസ്ലിം ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് അവസാനിക്കുമെന്നും കവടി നിരത്തുന്നു. വാസ്തവത്തില്‍ ആത്മാര്‍ഥമായ പശ്ചാത്താപം മോഡിക്കുണ്ടെങ്കില്‍ അതദ്ദേഹം വ്യക്തമാക്കുമായിരുന്നു. കുറ്റവാളികളെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാനും അര്‍ഹമായ ശിക്ഷ വിധിക്കാനുമുള്ള പ്രക്രിയയോട് സഹകരിക്കുമായിരുന്നു. ഇരകളുടെ പുനരധിവാസത്തിന് പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല ഭാവിയില്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തുമെന്ന ഒരു സൂചനയും അദ്ദേഹം നല്‍കിയില്ല. പിന്നെയെന്തിനാണ് എങ്ങും തൊടാത്ത ഒരു ഖേദപ്രകടനം മോഡി നടത്തിയത്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ കക്ഷി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹമോ പാര്‍ട്ടിയോ പ്രതീക്ഷിക്കുന്നില്ല. എന്‍.ഡി.എയില്‍ നിലവിലുള്ള ഘടകകക്ഷികളെ കൊണ്ടും ആഗ്രഹം നിറവേറില്ല. ഇപ്പോള്‍ പുറത്ത് നില്‍ക്കുന്ന ചില കക്ഷികളെക്കൂടി കൂട്ടുപിടിച്ചേ ഒരു കൈ നോക്കാനാവൂ. അതിനെല്ലാം വേണ്ടത് തന്റെ ഭീകര വര്‍ഗീയ പ്രതിഛായ മാറ്റിയെടുക്കുകയാണ്. മറ്റൊരു വിധം പറഞ്ഞാല്‍ ജനതാ ദള്‍(യു) പോലുള്ള മതേതരഛായയുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ മോഡിയോട് പ്രകടിപ്പിക്കുന്ന അയിത്തം മാറ്റിയെടുക്കാന്‍ ഒരു ന്യായം എറിഞ്ഞുകൊടുക്കുകയാണ് മോഡി ചെയ്തിരിക്കുന്നത്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ നടത്താനിരിക്കുന്ന പ്രചണ്ഡമായ പ്രചാരണത്തോട് എന്‍.ഡി.എക്കകത്തും പുറത്തുമുള്ള കക്ഷികളെ പരുവപ്പെടുത്താന്‍ ഈ തന്ത്രം എത്രത്തോളം സഫലമാവുമെന്ന് കാണാനിരിക്കുന്നേയുള്ളൂ. അടല്‍ബിഹാരി വാജ്പേയി അമരത്തിരുന്ന കാലത്ത് മിതവാദിയും മതേതരഛായയുടെ ഉടമയുമാണെന്ന് വാഴ്ത്തപ്പെട്ട അദ്ദേഹം പ്രധാനമന്ത്രിയായാല്‍ മാത്രമേ തങ്ങള്‍ പിന്തുണക്കൂ എന്ന് എന്‍.ഡി.എയിലെ ചില ഘടക കക്ഷികള്‍ ശഠിച്ചിരുന്നു. അന്ന് എല്‍.കെ അദ്വാനി ആയിരുന്നു അനഭിമതന്‍. പിന്നെ അദ്വാനി അഭിമതനും മറ്റു ചിലര്‍ അനഭിമതരുമായി. അതിനാല്‍ കരണം മറിച്ചിലുകളുടെയും ചാഞ്ചല്യത്തിന്റെയും കളരിയായ രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡിയുടെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഖേദപ്രകടനം മതിയാവുകയില്ല അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദ മോഹത്തിന്റെ സാക്ഷാത്കാരത്തിന് എന്നൊന്നും തീര്‍ത്തു പറയാനാവില്ല.
ഇടതുപക്ഷം ദുര്‍ബലമാവുകയും സാമ്രാജ്യത്വ ദാസ്യവും സയണിസ്റ് സഖ്യവും ഹിന്ദുത്വ ഗൃഹാതുരത്വവും ദേശീയ രാഷ്ട്രീയത്തില്‍ അതിവേഗം പിടിമുറുക്കുകയും ചെയ്യുമ്പോള്‍ നരേന്ദ്രമോഡിയെ പോലുള്ള ഒരു ഹിന്ദുത്വ രണോത്സുകന്‍ പ്രധാനമന്ത്രി പദത്തില്‍ അവരോധിതനാവാനുള്ള സാധ്യത പാടേ നിരാകരിക്കാനാവില്ല. ദേശീയ മീഡിയയും കോര്‍പറേറ്റ് ഭീമന്മാരും അഴിമതിയില്‍ മുങ്ങിക്കുളിച്ച ബ്യൂറോക്രസിയും വര്‍ഗീയ വിഷം കുത്തിവെക്കപ്പെട്ട സുരക്ഷാ സേനയുമെല്ലാം ചേര്‍ന്ന് അതിനാവശ്യമായ കളമൊരുക്കുന്നു. ഭരണഘടനയുടെയും രാജ്യത്തിന്റെയും അടിത്തറ തകര്‍ക്കുന്ന അത്തരമൊരു വിപത്ത് എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്ന ശാഠ്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ക്കുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം വരുംനാളുകളിലെ ആസൂത്രിത നീക്കങ്ങളാണ് നല്‍കേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം