Prabodhanm Weekly

Pages

Search

2013 ജനുവരി 05

ഇസ്ലാമിക് ഫിനാന്‍സ് അറബ് വസന്താനന്തര രാഷ്ട്രങ്ങളില്‍

ഒ.കെ ഫാരിസ്

ഇസ്ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട് വരുന്ന പുതിയ പഠനങ്ങളിലെ ഒരു പ്രധാന പദാവലിയാണ് Arab Spring. അറബ് വസന്തം ഇസ്ലാമിക് ഫിനാന്‍സിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുമെന്നതില്‍ സംശയമില്ല. ഇസ്ലാമിക് ഫിനാന്‍സ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം നല്ല വളക്കൂറുള്ള മണ്ണാണ് ഉത്തരാഫ്രിക്ക. എന്നാല്‍ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മുസ്ലിംകളായിരുന്നിട്ടും പെട്രോളിയത്തിന്റെ സമ്പത്തുണ്ടായിട്ടും അവിടങ്ങളില്‍ ഇസ്ലാമിക് ഫിനാന്‍സിന് സ്വാധീനം ലഭിച്ചിരുന്നില്ല. ഇസ്ലാം വിരുദ്ധരായിരുന്ന അവിടത്തെ ഭരണാധികാരികള്‍ അതിനെ തടയിട്ടു നിര്‍ത്തുകയായിരുന്നു. ങരഗശില്യെ & ഇീാുമ്യി യുടെ കണക്കുകള്‍ പ്രകാരം ആഗോള ഇസ്ലാമിക് ബാങ്കിംഗ് ആസ്തിയുടെ 1 ശതമാനം മാത്രമാണ് നിലവില്‍ ഉത്തരാഫ്രിക്കയുടെ പങ്ക്.
പുതിയ സാഹചര്യത്തില്‍ ഉത്തരാഫ്രിക്ക ഇസ്ലാമിക് ഫിനാന്‍സിന്റെ വന്‍ കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് ഫിനാന്‍സ് ഇന്‍ഡസ്ട്രിയില്‍ ആഗോള തലത്തില്‍ തന്നെ വലിയ സാധ്യതകളാണ് ഇത് തുറന്നുവെക്കുന്നത്. നിയമ നിര്‍മാണ രംഗത്തും മറ്റും അറബ് വസന്താനന്തര രാഷ്ട്രങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കും. എന്നാല്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത കൂടെ കണക്കിലെടുത്തുവേണം സാമ്പത്തിക രംഗത്തെ മാറ്റിപ്പണിയാന്‍. ഒറ്റയടിക്ക് സാമ്പത്തിക രംഗം ഉടച്ചുവാര്‍ക്കലല്ല ബുദ്ധി എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതൊക്കെ കണക്കിലെടുത്ത് വളരെ ആസൂത്രിതമായ നീക്കങ്ങളാണ് അറബ് വസന്താനന്തരം നടന്നുകൊണ്ടിരിക്കുന്നത്.

ഈജിപ്ത്
ആധുനിക ഇസ്ലാമിക് ബാങ്കിങ്ങിന്റെ ജന്മനാടാണ് ഈജിപ്ത്. 1960-ല്‍ ആരംഭിച്ച മിത് ഗമര്‍ സേവിംഗ്സ് ബാങ്കാണ് ഒന്നാമത്തെ ഇസ്ലാമിക് ബാങ്ക്. എ.ഡി.ബി കണക്കു പ്രകാരം 3,80,000 ല്‍ അധികം അക്കൌണ്ടുകള്‍ ഉള്ള വലിയ ബാങ്കായി അത് വികസിച്ചു. പിന്നീട് മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം കാരണം ഗവണ്‍മെന്റ് ഇടപെട്ട് അടച്ചു പൂട്ടി. ഇന്ന് 30 ബാങ്കുകളില്‍ 3 എണ്ണം മാത്രമാണ് പൂര്‍ണാര്‍ഥത്തില്‍ ശരീഅത്ത് അനുസരിച്ച് മുന്നോട്ടു പോകുന്നവ. മിഡിലീസ്റിലെ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കാര്യമായ മുന്നേറ്റം ഈജിപ്തില്‍ ഉണ്ടായില്ല. ഇസ്ലാമിക് ബാങ്കിംഗ് രംഗത്ത് ബ്രദര്‍ഹുഡിന്റെ സ്വാധീനത്തെ ഏറെ ഉത്കണ്ഠയോടെയാണ് ഹുസ്നി മുബാറക്ക് ഗവണ്‍മെന്റ് കണ്ടിരുന്നത്.
ഇസ്ലാമിക് ഫിനാന്‍സ് രംഗത്ത് ഈജിപ്തിന്റെ തിരിച്ചുവരവിന് വരും കാലങ്ങളില്‍ നാം സാക്ഷികളാകും. നിലവില്‍ ഈജിപ്തിന്റെ മൊത്തം ബാങ്കിംഗ് ആസ്തിയുടെ 5 ശതമാനം മാത്രമാണ് ഇസ്ലാമിക ശരീഅത്ത് കൃത്യമായി പാലിക്കുന്ന ബാങ്കുകളുടെ ആസ്തി. എന്നാല്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലിം ബ്രദര്‍ഹുഡിന്റെ പുതിയ ഗവണ്‍മെന്റ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അത് 35 ശതമാനമാക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ്. ഇത് അല്‍പം ശ്രമകരമാണെങ്കിലും ലക്ഷ്യം കാണുമെന്ന പ്രത്യാശ ബ്രദര്‍ഹുഡിനുണ്ട്. ജനസംഖ്യയുടെ വെറും 10 ശതമാനത്തിന് മാത്രമാണ് ഇപ്പോള്‍ ബാങ്ക് അക്കൌണ്ട് ഉള്ളത്. പലിശയോടുള്ള സമീപനം തന്നെയാണ് പലരെയും ബാങ്കുകളില്‍ നിന്ന് അകറ്റിയത്. അതുകൊണ്ട് പുതിയ ഇസ്ലാമിക് ബാങ്കുകള്‍ അനുവദിക്കുകയും അക്കൌണ്ട് ഇല്ലാത്ത 90 ശതമാനത്തെ കേന്ദ്രീകരിച്ച് വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്താല്‍ പുതുതായി അക്കൌണ്ട് ആരംഭിക്കുന്നവരെ ഇസ്ലാമിക് ബാങ്കിന് എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും. ഈജിപ്തിലെ പുതിയ ഗവണ്‍മെന്റ് സമ്പദ്ഘടനയെ പുനഃക്രമീകരിക്കുന്നതിന് മുമ്പ് സ്ഥിരത കൈവരിക്കുന്നതിന് പ്രാധാന്യം നല്‍കും.
അറബ് ലോകത്തിന്റെ നിക്ഷേപം പ്രതീക്ഷിച്ച് 2012 മെയ് മാസം തന്നെ പുതിയ ഗവണ്‍മെന്റ് ഇസ്ലാമിക് ബോണ്ടുകള്‍ ഇറക്കിക്കഴിഞ്ഞു. കാപ്പിറ്റല്‍ മാര്‍ക്കറ്റ് നിയമം ഇസ്ലാമിക് ഫിനാന്‍സിന് അനുസൃതമായി ഭേദഗതി വരുത്തിയ ശേഷമാണ് ഈജിപ്ഷ്യന്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍ വൈസറി അതോറിറ്റി ഉത്തരവിറക്കിയത്. മാര്‍ക്കറ്റ് സ്ഥിരത കൈവരിക്കുന്നതോടെ ഇസ്ലാമിക് ബോണ്ടുകള്‍ വിപണിയിലിറക്കുമെന്ന് അല്‍ ബറക്ക ഗ്രൂപ്പിന്റെ സി.ഇ.ഒ അദ്നാന്‍ അഹ്മദ് യൂസഫ് അറിയിച്ചു. നിയമാനുമതി ലഭിച്ചാല്‍ ഉടന്‍ ഇസ്ലാമിക് ബോണ്ടുകള്‍ ഇറക്കുമെന്ന് ഫൈസല്‍ ഇസ്ലാമിക് ബാങ്ക് ഓഫ് ഈജിപ്ത് പ്രസ്താവനയിറക്കി. ഇസ്ലാമിക് ഇന്‍ഷുറന്‍സിന് ഏറെ സാധ്യതകളുണ്ടെന്ന് ശരീഅ ഉപദേശക സംരംഭമായ ബി.എം.ബി ഇസ്ലാമികിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലിബിയ
നമ്മള്‍ അവയെ ഇസ്ലാമിക് ബാങ്കുകളെന്ന് വിളിച്ചാല്‍, നമ്മുടെ ബാങ്കുകളെന്താ അവിശ്വാസി ബാങ്കുകളാണോ എന്ന് കളിയാക്കി ചോദിച്ച മുഅമ്മര്‍ ഖദ്ദാഫിയുടെ നാടാണ് ലിബിയ. അദ്ദേഹത്തിന്റെ ഭരണകാലത്ത് പരമ്പരാഗത ബാങ്കിംഗ് സിസ്റം പോലും വളരെ പരിമിതമായ അര്‍ഥത്തിലേ ഉണ്ടായിരുന്നുള്ളൂ. 17 ബാങ്കുകളാണ് ഉണ്ടായിരുന്നത്, അവയുടെ നിയന്ത്രണം മൊത്തം നാല് ബാങ്കുകള്‍ക്കായിരുന്നു. ആ നാല് ബാങ്കുകളും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളവയോ ലിബിയന്‍ സെന്‍ട്രല്‍ ബാങ്കിന് ഭൂരിഭാഗം ഓഹരിയുള്ളവയോ ആയിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ ഇടപാടുകള്‍ നിക്ഷേപിക്കലും പിന്‍വലിക്കലും മാത്രമായി അത് പരിമിതപ്പെട്ടു. സാമ്പത്തിക രംഗം തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ഇതുവഴി ഖദ്ദാഫിക്ക് സാധിച്ചു.
അദ്ദേഹത്തിന്റെ കാലത്ത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ലിബിയയുടെ ഗവര്‍ണറായിരുന്ന ഫര്‍ഹത്ത് ഉമര്‍ ബെങ്ദാറ പോലും ഇപ്പോള്‍ പറയുന്നത് ഇസ്ലാമിക് ബാങ്കിംഗിന്റെ സാധ്യതകളെക്കുറിച്ചാണ്. ലിബിയക്കാര്‍ അധികപേരും പലിശാധിഷ്ഠിത ഇടപാടുകള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് പരിപൂര്‍ണമായ ഇസ്ലാമിക് ബാങ്കുകള്‍ അവര്‍ക്ക് ഏറെ ആകര്‍ഷണീയമായിത്തീരും - അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാഷ്ട്രമാണ് ലിബിയ. അതുകൊണ്ട് തന്നെ അറബ് ഇസ്ലാമിക് ബാങ്കുകള്‍ നോട്ടമിട്ടിരിക്കുന്നത് പ്രധാനമായും ലിബിയയെ തന്നെയാണ്. സുഊദി അറേബ്യ, ബഹ്റൈന്‍, ബംഗ്ളാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ധാരാളം അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്ക് ഇസ്ലാമിക് ബാങ്കുകള്‍ നേതൃത്വം നല്‍കുന്നുണ്ട്. കെട്ടിക്കിടക്കുന്ന എണ്ണപ്പണം അവിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അറബ് ബാങ്കുകള്‍. ആഭ്യന്തര യുദ്ധത്തിന് മുമ്പ് തന്നെ ഇസ്ലാമിക് ബാങ്കുകള്‍ ലിബിയയില്‍ തല്‍പരരായിരുന്നു എന്ന് ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്കിന്റെ കണ്‍സള്‍ട്ടന്റും യു.കെയിലെ ദര്‍ഹാം യൂനിവേഴ്സിറ്റി ഇസ്ലാമിക് ഫിനാന്‍സ് ലക്ചറര്‍ കൂടിയായ റോഡ്നി വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങാന്‍ അപേക്ഷ നല്‍കിയത് ഖദ്ദാഫി ഗവണ്‍മെന്റ് തള്ളിയിരുന്നു.
ഈ വര്‍ഷാവസാനത്തോടെ പുതിയ ഇസ്ലാമിക് ബാങ്കിംഗ് നിയമം നിലവില്‍ വരുമെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. "ഇസ്ലാമിക് ഫിനാന്‍സിന് ഒരു ഹയര്‍ കമ്മിറ്റി ഞങ്ങള്‍ രൂപീകരിച്ചു. ഇപ്പോള്‍ ലിബിയയില്‍ ഇസ്ലാമിക് ഫിനാന്‍സിന് ഒരു രൂപരേഖ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.'' ഇപ്പോഴത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സാദിഖ് ഉമര്‍ അല്‍കബീര്‍ പറഞ്ഞു. "ഞങ്ങളുടെ മുന്നില്‍ ധാരാളം ഓപ്ഷനുകളുണ്ട്. ഒന്ന്, പരമ്പരാഗത ബാങ്കുകള്‍ക്ക് ഇസ്ലാമിക് ബാങ്കുകളുടെ ബ്രാഞ്ച് തുടങ്ങാനോ വിന്‍ഡോ തുടങ്ങാനോ അവസരം നല്‍കുക. മറ്റൊന്ന്, പരമ്പരാഗത ബാങ്കുകള്‍ക്ക് ഇസ്ലാമിക് ബാങ്കുകളായി മാറാന്‍ അനുമതി നല്‍കുക.... അതോടൊപ്പം ഇസ്ലാമിക് ബാങ്കുകള്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യുക.''

തുനീഷ്യ
തുനീഷ്യന്‍ എക്കണോമിയെ നിയന്ത്രിക്കാനുതകുന്ന രീതിയിലുള്ള ഒരു നിയമ ചട്ടക്കൂട് രൂപപ്പെടുത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ഹമാദി ജബാലി പ്രഖ്യാപിച്ചു. ജനസംഖ്യയുടെ വെറും 33 ശതമാനത്തിന് മാത്രമാണ് ഇപ്പോള്‍ ബാങ്ക് അക്കൌണ്ട് ഉള്ളത്. അക്കൌണ്ട് തുടങ്ങാന്‍ അവസരങ്ങള്‍ നിഷേധിച്ചത് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് 'ആഹൌല ജൃശി ളീൃ കഹെമാശര എശിമിരല ളീഹഹീംശിഴ വേല അൃമയ ടുൃശിഴ'” എന്ന പഠനത്തില്‍ താരീഖ് ഹമീദ് വ്യക്തമാക്കുന്നു. തുനീഷ്യന്‍ ജനസംഖ്യയുടെ 98% വും മുസ്ലിംകളാണ്. നിലവില്‍ മൊത്തം ബാങ്കിംഗ് ആസ്തിയുടെ 2 ശതമാനം മാത്രമാണ് ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി. തുനീഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇസ്ലാമിക് ബാങ്കിംഗ് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
തുനീഷ്യയെ ആഫ്രിക്കയിലെ ഇസ്ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി ഹമാദി ജബാലി പ്രഖ്യാപിച്ചിരുന്നു. "ആഫ്രിക്കയിലെ ഇസ്ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമാകാന്‍ തുനീഷ്യക്ക് കഴിയും, ആ ദിശയിലേക്കാണ് രാജ്യത്തിന്റെ നീക്കം'' അല്‍ ബറക്ക ഗ്രൂപ്പിന്റെ സി.ഇ.ഒ അദ്നാന്‍ അഹ്മദ് യൂസഫ് അഭിപ്രായപ്പെടുന്നു. എന്നാല്‍ തുനീഷ്യക്ക് അതിനുള്ള ശേഷിയില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പക്ഷേ പ്രഖ്യാപനത്തില്‍ അടിയുറച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഗവണ്‍മെന്റ് തീരുമാനം. 2013 വര്‍ഷാരംഭത്തില്‍ 634 മില്യന്‍ ഡോളറിന്റെ ഇസ്ലാമിക് ബോണ്ട് പുറത്തിറക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
മുസ്ലിം ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് ങഋചഅ(ങശററഹല ഋമ മിറ ചീൃവേ അളൃശരമ) രാജ്യങ്ങളിലുള്ളത്. എന്നാല്‍ ഇസ്ലാമിക് ഫിനാന്‍സ് ആസ്തിയുടെ 80 ശതമാനം ഈ രാജ്യങ്ങളിലാണ്. ഇതിന്റെ 40 ശതമാനം ഇറാനില്‍ മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഗവണ്‍മെന്റിന്റെ താല്‍പര്യവും എണ്ണപ്പണവും മുസ്ലിം ജനസംഖ്യയുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഏതാണ്ട് സമാനമായ അന്തരീക്ഷമാണ് അറബ് വസന്താനന്തര രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്നത്.
സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തില്‍ മാത്രമല്ല സാമ്പത്തിക മേഖലയിലും വിപ്ളവത്തിന് ചുക്കാന്‍ പിടിക്കാന്‍ അറബ് വസന്തത്തിന് കഴിയുമെന്ന സൂചനകളാണ് ഉത്തരാഫ്രിക്കയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചക്ക് എന്തുകൊണ്ടും ഇസ്ലാമിസ്റ് ഗവണ്‍മെന്റുകള്‍ നിര്‍ണായകമാണ്. പലിശയുടെ എല്ലാ പഴുതുകളും അടച്ചുകൊണ്ട് ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമനിര്‍മാണം നടത്താനും അറബ് വസന്താനന്തര രാഷ്ട്രങ്ങള്‍ക്ക് സാധിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം