Prabodhanm Weekly

Pages

Search

2013 ജനുവരി 05

ഒട്ടും മോടിയില്ലാത്ത വിജയം

എ. റശീദുദ്ദീന്‍

നരേന്ദ്ര മോഡി വീണ്ടുമൊരിക്കല്‍ കൂടി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും കോണ്‍ഗ്രസ് മൂന്നാം തവണയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരിക്കുന്നു. അടുത്ത പ്രധാനമന്ത്രിയാവാന്‍ തറ്റുടുത്തു നില്‍ക്കുന്ന മോഡിയെ സംബന്ധിച്ചേടത്തോളം അദ്ദേഹം പ്രതീക്ഷിച്ച വിജയം ഇതിനേക്കാള്‍ മികച്ചതായിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം അവര്‍ ആശിച്ച പരാജയവും ഇങ്ങനെയായിരിക്കില്ല. പക്ഷേ, വിജയിക്കും പരാജിതനുമിടയിലെ ലാഭനഷ്ടക്കണക്കുകള്‍ വിലയിരുത്തുമ്പോള്‍ എവിടെയോ അണുമണിത്തൂക്കം കോണ്‍ഗ്രസിന് നേട്ടമുണ്ട്. മോഡിക്ക് ഒരല്‍പ്പം നഷ്ടവുമുണ്ട്. മോഡിയുടെ പറുദീസയിലേക്ക് കട്ടുറുമ്പുകളായെത്തിയ നിധീഷ് മുതല്‍ റാംവിലാസ് പാസ്വാന്‍ വരെയുള്ളവര്‍ക്കും കേശുഭായി പട്ടേല്‍ മുതല്‍ സഞ്ജയ് ജോഷി വരെയുള്ളവര്‍ക്കുമുണ്ട് അവരുടേതായ 'നുണുങ്ങു' നേട്ടങ്ങള്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തിക്കാട്ടാന്‍ രംഗത്തിറങ്ങിയ മോഡിക്ക് ഗുജറാത്ത് കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല എന്നു പറയുന്നതാണ് ശരി. രണ്ട് സീറ്റുകള്‍ കുറയുകയും ഒരു ശതമാനം വോട്ട് കോണ്‍ഗ്രസ് അധികം നേടുകയും ചെയ്ത സാഹചര്യത്തില്‍ മോഡിയുടെ ജനസമ്മിതി ഇടിഞ്ഞു എന്നാണ് സാങ്കേതികമായി പറയാനാവുക. മാത്രവുമല്ല പ്രധാനമന്ത്രി പദവിക്കു വേണ്ടി ഇതിനേക്കാളേറെ പരിശ്രമിച്ച തന്റെ മുന്‍ഗാമി ലാല്‍ കൃഷ്ണ അദ്വാനിയുടെ തലവര തിരുത്താന്‍ എന്‍.ഡി.എക്കകത്ത് മോഡി ഏറെ വിയര്‍ക്കേണ്ടിവരുമെന്നതിന്റെ സൂചനകളുമുണ്ട്. പക്ഷേ, ആ പദവിയിലേക്ക് മോഡിയെ രാഹുല്‍ ഗാന്ധിയുടെ മറുപക്ഷത്ത് നിലനിര്‍ത്താനായി എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മതേതര ഇന്ത്യക്ക് അനഭിമതനായ നരേന്ദ്ര ദാമോദര്‍ മോഡിയെ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുന്നതായിരുന്നു അന്തിമമായി ഈ ചര്‍ച്ച. ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സില്‍ ഇനിയും ഗുജറാത്തിനു പുറത്ത് ദഹിച്ചിട്ടില്ലാത്ത ഈ ആശയത്തിന് തീര്‍ച്ചയായും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന ചില രാഷ്ട്രീയ മാനങ്ങളുണ്ട്. 
കോണ്‍ഗ്രസിനും ബി.ജെ.പിക്കുമപ്പുറത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഗുജറാത്തില്‍ എന്തു ചെയ്തു എന്നതാണ് ഗുജറാത്തിനെ സംബന്ധിച്ചേടത്തോളം കൂടുതല്‍ പ്രധാനപ്പെട്ട ചോദ്യം. 2014-ലെ പൊതുതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ 'രാമനും' ബി.ജെ.പിയുടെ 'രാവണനും' തമ്മിലുള്ള ജീവന്‍മരണ പോരാട്ടമാക്കി മാറ്റി മതേതരത്വത്തിന്റെ ദേശീയ ചാമ്പ്യനാകാന്‍ കോണ്‍ഗ്രസ് തയാറെടുക്കുമ്പോള്‍ അത് അനുവദിച്ചു കൊടുക്കുന്നതിലൂടെ ഭാവിയിലുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതമാണ് പ്രാദേശിക പാര്‍ട്ടികളെ ജാഗരൂകരാക്കിയത്. 1997-ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ രജിസ്റര്‍ ചെയ്തതും അല്ലാത്തതുമായ ആറ് പ്രാദേശിക പാര്‍ട്ടികള്‍ മത്സരിച്ചുവെങ്കില്‍ 2007-ല്‍ തന്നെ അവയുടെ എണ്ണം 27 ആയി വര്‍ധിച്ചിരുന്നു. ഇത്തവണ അവ മൂന്ന് ഡസനോളമെത്തി. ഇക്കൂട്ടത്തില്‍ ഏവരെയും അമ്പരപ്പിച്ച നീക്കം മായാവതിയുടേതായിരുന്നു. സംസ്ഥാനത്തെ 182-ല്‍ 165 സീറ്റിലും ബി.എസ്.പി സ്ഥാനാര്‍ഥികളെ ഇറക്കി. 82 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടി മത്സരിക്കാനിറങ്ങിയപ്പോള്‍ ജനതാദള്‍ യുനൈറ്റഡ് 60 പേരെ രംഗത്തിറക്കി. രാംവിലാസ് പാസ്വാനും ലാലു പ്രസാദ് യാദവുമൊക്കെ ഗുജറാത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. ജനതാദള്‍ യുനൈറ്റഡും എന്‍.സി.പിയും ഓരോ സീറ്റില്‍ ജയിച്ചു കയറുകയും ചെയ്തു. ഇവര്‍ അടിച്ചുകൂട്ടിയ വോട്ട് കുറഞ്ഞതായിരുന്നാലും മിക്കയിടത്തും കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ സംബന്ധിച്ചേടത്തോളം നിര്‍ണായകമായിരുന്നു.
എന്തുകൊണ്ട് സമാജ്വാദി മുതല്‍ ലാലു പ്രസാദ് യാദവ് വരെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഗുജറാത്തിലെ മണ്ഡലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥാനാര്‍ഥി പട്ടാളത്തെ ഇറക്കി എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. മോഡിക്കെതിരെ വീഴുന്ന മതേതര വോട്ടുകള്‍ ശിഥിലമാക്കുക എന്നതു തന്നെയായിരുന്നു അവരുടെ യഥാര്‍ഥ അജണ്ട. മോഡി ഗുജറാത്തില്‍ കൂടുതല്‍ ദുര്‍ബലനാവുകയും പക്ഷേ, അദ്ദേഹം തന്നെ ജയിക്കുകയും ചെയ്യലായിരുന്നു യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ ആവശ്യം.മോഡിയെ ഗുജറാത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സമീപഭാവിയിലൊന്നും തന്നെ ഇല്ലെന്നു കരുതാനാണ് കൂടുതല്‍ ന്യായമുള്ളത്. കാരണം മറ്റൊന്നുമല്ല, മോഡിയെ മറിച്ചിട്ട് ഗുജറാത്തില്‍ പാര്‍ട്ടി ഭരണമേറ്റെടുത്താല്‍, സംസ്ഥാനത്തെ നീതിവാഴ്ചയെ ചൊല്ലി മതേതര ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ പരാതികളും പരിഹരിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയായി മാറും. അതുകൊണ്ട് മോഡിയെ തന്നെ ഗുജറാത്തില്‍ ജയിക്കാന്‍ വിടുക, പക്ഷേ അദ്ദേഹത്തിന് സീറ്റും വോട്ടും കുറയുക എന്നതാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പയറ്റിയ തന്ത്രം. ബി.ജെ.പിയെ ദേശീയതലത്തില്‍ ഏകോപിപ്പിക്കാനാവാത്ത ഒരു ഘടകമായി നിലനില്‍ക്കുന്നേടത്തോളം കാലം ഗുജറാത്തില്‍ നിന്നും കഷ്ടിച്ചു ജയിച്ചു കയറുന്ന ദുര്‍ബലനായ മോഡി കോണ്‍ഗ്രസിന്റെ ആലോചനാമൃതമാണ്. ഒരു കനത്ത പോരാട്ടത്തിന്റെ പ്രതീതിയുണ്ടാക്കിയതിനു ശേഷം പരാജയപ്പെട്ടാലും ദേശീയ തലത്തില്‍ ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മറുഭാഗത്ത് ഇങ്ങനെ മതേതരത്വത്തിന്റെയും പിന്നാക്ക ദലിത് രാഷ്ട്രീയത്തിന്റെയും ചാമ്പ്യനാവാന്‍ കോണ്‍ഗ്രസിനെ കയറൂരി വിട്ടാല്‍ തങ്ങളാക്കെ സംസ്ഥാനങ്ങളില്‍ തുറന്നുവെച്ച കച്ചവടം പൂട്ടേണ്ടി വരുമെന്ന് പ്രാദേശിക പാര്‍ട്ടികളും കണക്കു കൂട്ടുന്നു. മതേതരത്വവും മൃദുഹിന്ദുത്വവും തമ്മിലുള്ള ഈയൊരു കള്ളകളിയാണ് ഗുജറാത്തില്‍ നടന്നത്. മതേതര ഇന്ത്യ എന്നത് ഗുജറാത്തിന് പുറത്തുള്ള പ്രദേശങ്ങളാണെന്ന് ഏറ്റവും നന്നായി അറിയുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പി ജയിച്ചാലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തരുതെന്ന തീരുമാനമാണ് ഗുജറാത്തില്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഒരു അഡ്ജസ്റ്മെന്റായി ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റാതിരിക്കുക എന്ന പോയിന്റില്‍ ഇത് അംഗീകരിക്കാമെങ്കിലും മൊത്തത്തില്‍ ഹിന്ദുത്വത്തെ തിടംവെപ്പിക്കുകയാണ് ഇവര്‍ ചെയ്തതെന്നു മറക്കാനാവില്ല.

കേശുഭായി എന്ന മിഥ്യ
നേര്‍ക്കുനേരെ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ മോഡി തോറ്റമ്പുമെന്ന് ഉറപ്പു പറയാനാവുന്നത് അതുകൊണ്ടാണ്. മോഡിക്ക് ശത്രുക്കളെ ഉണ്ടാക്കി കൊടുക്കുന്ന പണിയായിരുന്നു മാധ്യമങ്ങളുടേത്. കേശുഭായി പട്ടേല്‍ എന്ന പൊള്ളയായ വിഗ്രഹത്തെ പൊലിപ്പിച്ചു നിര്‍ത്തുന്നത് ഉദാഹരണം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിയെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ അസംബന്ധ നാടകങ്ങളിലൊന്നാണിത്. കഴിഞ്ഞ തവണ പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കാതിരുന്ന ഈ പ്രതിഭാസം ഇത്തവണയും ചര്‍ച്ചക്കെത്തി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും കൂടിയായ കേശുഭായി പട്ടേലിന് സൌരാഷ്ട്രയിലും കച്ചിലും കൂടിയുള്ള 56 സീറ്റുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് പക്ഷേ ജയിക്കാനായത്. അതില്‍ ഒന്ന് കേശുഭായിയുടെ പഴയ തട്ടകമായ വിസാവധാര്‍ തന്നെയായിരുന്നു. ഉത്തര ഗുജറാത്തിലെ ലേവാ പട്ടേലുകള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കേശുവിന് കഴിഞ്ഞില്ല. മൊത്തം സംസ്ഥാനത്തെയും കണക്കെടുത്താല്‍ വെറും 17 ശതമാനം മാത്രം വോട്ടുള്ള, സൌരാഷ്ട്രയിലേത് മാത്രമായി എടുക്കുമ്പോള്‍ ഏറിയാല്‍ ആറോ ഏഴോ ശതമാനക്കണക്ക് അവകാശപ്പെടാനാവുന്ന കേശുഭായിയുടെ സമുദായത്തെ ഇത്ര കണ്ട് പൊലിപ്പിച്ചു നിര്‍ത്തുന്നത് യഥാര്‍ഥത്തില്‍ ഈ ശത്രു സങ്കല്‍പ്പത്തിന്റെ ഭാഗമായാണ്. കേശുഭായി പട്ടേല്‍ മോഡിയെ തോല്‍പ്പിച്ചു കളയുമെന്ന വേവലാതി വേവിച്ചെടുക്കുന്ന കൂട്ടത്തില്‍ പതിവ് ശത്രുക്കളായ മുസ്ലിംകളെയും ഇടിക്കൂട്ടില്‍ നിര്‍ത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നെഗറ്റീവ് സ്വഭാവത്തിലല്ലാതെ ഒരിക്കലും മുസ്ലിംകളെ ഗുജറാത്തിലെ മീഡിയ കാണിക്കാറില്ല. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ റാലിയില്‍ തൊപ്പിക്കാര്‍ സ്റേജിലുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും കാണിച്ചിരിക്കും. പോളിംഗ് ദിവസം ഈ 'പുലപ്പേടി' അതിന്റെ പാരമ്യത്തിലെത്തും. ഗുജറാത്തില്‍നിന്നും ഏറ്റവുമാദ്യം പുറത്തുവരുന്ന ഇമേജുകള്‍ വരിവരിയായി പോളിംഗ് ബൂത്തിലേക്കു പോകുന്ന പര്‍ദ്ദയിട്ട വനിതകളുടേതും തൊപ്പിയിട്ട 'മിയാന്‍'മാരുടേതുമായിരിക്കും. ഇതാ ഇക്കൂട്ടര്‍ മോഡിയെ തോല്‍പ്പിച്ചു കളയുമേ എന്ന മട്ടിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവരാറുള്ളത്. മുസ്ലിംകളോടു ഉച്ചക്കു ശേഷമല്ലാതെ വോട്ടു ചെയ്യാന്‍ പോകരുതെന്ന് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി പോലും ഇക്കുറി വാര്‍ത്തകള്‍ വന്നു.
ശൈലിയിലും സിദ്ധാന്തങ്ങളിലും മോഡിയുടെ തനിപ്പകര്‍പ്പായിരുന്നു പട്ടേല്‍. ഒറ്റ മുസ്ലിം സ്ഥാനാര്‍ഥിയെ പോലും ഇദ്ദേഹത്തിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി മത്സരിപ്പിച്ചിട്ടില്ല. കേശുവിനെ പേടിച്ച് മോഡിയും മോഡിയെ പേടിച്ച് കേശുവും മുസ്ലിംകളെ ഒറ്റപ്പെടുത്തുകയാണ് ഫലത്തില്‍ ചെയ്തത്. ഇരു നേതാക്കളും ഒത്തുകളിക്കുകയാണ് ചെയ്തതെന്നു പോലും സംശയിക്കാനാവുന്ന സ്ഥിതിവിശേഷമായിരുന്നു ഗുജറാത്തില്‍. മോഡിയെ 2007-ലും വിമര്‍ശിക്കാന്‍ തയാറാവാതിരുന്ന കേശുഭായിയുടെ കാപട്യം തന്നെയാണ് ഇത്തവണയും പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ മോഡിയുടെ ലഡുവാങ്ങിത്തിന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഫോട്ടോക്കു പോസു ചെയ്ത കേശുഭായി യഥാര്‍ഥത്തില്‍ സംഘ്പരിവാറിന്റെ അടിസ്ഥാനപരമായ ബന്ധം തനിക്ക് മോഡിയുമായി മുറിഞ്ഞു പോയിട്ടില്ലെന്നു തന്നെയാണ് അടിവരയിട്ടത്. ആരുടെ വോട്ടാണ് കേശുഭായി ചോര്‍ത്തിയത് എന്നാണ് അപ്പോള്‍ ഉയരുന്ന ചോദ്യം. കണക്കുകള്‍ പറയുന്നത്, വ്യക്തമായി നാലു സീറ്റിലും സാധ്യതയനുസരിച്ച് നാലു സീറ്റിലും മാത്രമാണ് ബി.ജെ.പിയുടെ പരാജയത്തില്‍ കേശുഭായി ഒരു നിര്‍ണായക ഘടകമായത് എന്നാണ്. ജാംനഗര്‍, ജസ്ദാന്‍, രാജ്കോട്ട് ഈസ്റ് മുതലായവ ഉദാഹരണം. പക്ഷേ ജാംനഗറില്‍ മോഡിക്ക് അനഭിമതനായ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ രഞ്ജോദാസ് ഫാല്‍ദുവിനെ മോഡി തന്നെയാണ് തോല്‍പ്പിച്ചതെന്നാണ് ഒടുവിലത്തെ സൂചന. കോദാല്‍ദാം ട്രസ്റ് എന്ന പേരില്‍ വി.എച്ച്.പി രൂപീകരിച്ച നിഴല്‍ സംഘടനയും തീവ്രവാദ ഹിന്ദുത്വ ശൈലിയിലാണ് മോഡിക്കെതിരെ പ്രചാരണം നടത്തിയത്. തീവ്രഹിന്ദുത്വ വോട്ടുകള്‍ മോഡിക്ക് ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് കിട്ടാതിരിക്കുക എന്നതു തന്നെയായിരുന്നു കേശുഭായിയുടെ സാന്നിധ്യം ഉറപ്പു വരുത്തിയത്.

മുസ്ലിം വോട്ട്
ഗുജറാത്തിലെ മുസ്ലിംകള്‍ ഇത്തവണ മോഡിയോടൊപ്പം നിന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ വസ്തുതകള്‍ മറിച്ചാണ്. ഗുജറാത്തില്‍ 35 മണ്ഡലങ്ങളിലാണ് മുസ്ലിംകള്‍ 15 ശതമാനം മുതല്‍ 65 ശതമാനം വരെ വോട്ടര്‍മാരുള്ളത്. അഹ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് സംസ്ഥാനത്ത് മുസ്ലിം വോട്ടര്‍മാരുടെ ആധിക്യമുള്ളത്. ബി.ജെ.പി ഇതില്‍ 21 സീറ്റിലും ജയിച്ചു. മുസ്ലിം ശതമാനം 20 ശതമാനത്തില്‍ മുകളിലുള്ള സീറ്റുകളുടെ മാത്രമായി ഈ കണക്ക് ചുരുക്കിയാല്‍ അപ്പോഴും 15-ല്‍ 9 ഇടത്ത് ബി.ജെ.പി ജയിച്ചു. 40 ശതമാനമോ അതിന് മുകളിലോ വോട്ടുള്ള നാല് മണ്ഡലങ്ങളില്‍ രണ്ട് സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെത്തി. പക്ഷേ ശതമാനക്കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇതിലെ പൊള്ളത്തരം വ്യക്തമാവുക. 15 മുതല്‍ 20 ശതമാനം വരെ വോട്ടുകളുള്ള മുസ്ലിം മണ്ഡലങ്ങളില്‍ ശേഷിച്ച മറ്റുള്ളവര്‍ ബി.ജെ.പിക്കു നല്‍കിയ വോട്ടുകളാണ് വിജയകാരണമായത്. ബി.ജെ.പി 62 ശതമാനം, കോണ്‍ഗ്രസ് 35 ശതമാനം, എന്‍.സി.പി 3 ശതമാനം എന്നിങ്ങനെയാണ് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട വോട്ടിംഗ് നില. അതേസമയം സംസ്ഥാന തലത്തില്‍ ബി.ജെ.പി ജയിച്ച സീറ്റുകളുടെ മൊത്തം കണക്കെടുത്താല്‍ അവയിലെല്ലായിടത്തെയും ശരാശരി കണക്കുകള്‍ അനുസരിച്ച് പാര്‍ട്ടി 63 ശതമാനം വോട്ടാണ് നേടിയത്. 61.4 ശതമാനം മുസ്ലിം വോട്ടുള്ളതായി കണക്കാക്കപ്പെടുന്ന ജമാല്‍പൂര്‍ ഖേഡിയയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചുവെന്നതാണ് സംസ്ഥാനത്തെ മുസ്ലിംകള്‍ മോഡിക്കൊപ്പമായിരുന്നു എന്നതിന്റെ പ്രധാന തെളിവായി ഉദ്ധരിക്കപ്പെടുന്നത്. ത്രികോണ മത്സരമായിരുന്നു ഇവിടെ നടന്നത്. രണ്ട് മുസ്ലിം സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന പേരില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിതമായി വിജയം കൈവരികയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അതേപേരില്‍ ഈ മണ്ഡലത്തില്‍ വ്യാജന്‍മാരെ പിന്നണിയില്‍ രംഗത്തിറക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നിര്‍ത്തിയ 7 സീറ്റുകളിലെയും മുസ്ലിം സ്ഥാനാര്‍ഥികളുടെ പ്രകടനത്തിന്റെ കണക്കെടുത്താല്‍ അവിടങ്ങളിലെ ജനസംഖ്യാ പ്രാതിനിധ്യത്തേക്കാള്‍ കൂടിയ അളവില്‍ ഇവര്‍ക്ക് വോട്ടു ലഭിച്ചതായി കാണാം. ബറൂച്ചില്‍ മാത്രമാണ് മറിച്ചുണ്ടായത്. ഇതെന്തുകൊണ്ട് സംഭവിച്ചു? മുസ്ലിംകള്‍ ബി.ജെ.പിക്കു വോട്ടു നല്‍കുകയും മറ്റുള്ളവര്‍ കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ ഗുജറാത്തില്‍ വലിയ ബുദ്ധിമുട്ടായിരിക്കും. മുസ്ലിംകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് നല്‍കുകയും ഒപ്പം മറ്റുള്ള ചില സമുദായങ്ങള്‍ കൂടി കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്തതാണ് സമാന്യബുദ്ധി കൊണ്ട് അംഗീകരിക്കാനാവുന്ന ഏറ്റവും വലിയ ശരി. വങ്കാനീറില്‍ നിന്നും വിജയിച്ച ജാവേദ് പീര്‍സാദ ഉദാഹരണം. മുസ്ലിംകള്‍ 23 ശതമാനം മാത്രമായ മണ്ഡലത്തില്‍ പീര്‍സാദക്ക് 40 ശതമാനം വോട്ടു കിട്ടി. ഭുജിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമീര്‍ അലി ലോധിയയുടെ കാര്യം മറ്റൊരു ഉദാഹരണം. ലോധിയ 8973 വോട്ടിന് തോറ്റെങ്കിലും 15 ശതമാനം മുസ്ലിംകള്‍ മാത്രമുള്ള മണ്ഡലത്തില്‍ ഇദ്ദേഹത്തിന് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു. മുസ്ലിംകള്‍ കോണ്‍ഗ്രസിനെയാണ് തുണച്ചത് എന്നും ഇത് കുതന്ത്രങ്ങളിലൂടെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചത് എന്നുമാണ് വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്.

2012-ല്‍ നിന്നും 14-ലേക്ക് എത്തുമ്പോള്‍
പ്രാദേശിക രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തെ വിഴുങ്ങാന്‍ തക്കവണ്ണം കരുത്തു നേടിയെന്നാണ് ഗുജറാത്തിന്റെ മാതൃക ഇന്ത്യയുടേതാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അടിവരയിടുന്നത്. ലഖ്നൌ വഴിയിലൂടെയാണ് ദല്‍ഹിയിലേക്കുള്ള യാത്രയെന്ന് നേരത്തെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞതു പോലെ അഹ്മദാബാദിന്റെ രാഷ്ട്രീയം ഇന്ത്യ ചര്‍ച്ച ചെയ്യുകയും ആശങ്കപ്പെടുകയും അതാണ് ദല്‍ഹിയുടെ മാതൃകയെന്ന് ചര്‍ച്ചക്കു വെക്കുകയും ചെയ്യുന്ന കാലമെത്തുകയാണ്. മോഡി എന്ന ഒരു സംസ്ഥാനത്തിന്റെ മാത്രം ചിന്താഗതിക്കും സങ്കുചിതത്വത്തിനും ഇണങ്ങുന്ന നേതാവ് ചില കോര്‍പറേറ്റുകളുടെ ഇഷ്ടക്കാരനായതിന്റെ പേരില്‍ മാത്രം ദല്‍ഹിയിലേക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ ബി.ജെ.പി ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടു കൂടായ്കയുമില്ല. എന്‍.ഡി.എയെ മാറ്റി നിര്‍ത്തി സ്വന്തം നിലക്ക് പാര്‍ട്ടി എത്ര കണ്ട് ശക്തമാവുമോ അത്ര കണ്ട് മോഡി ബി.ജെ.പിയുടെ മുഖമായി മാറും. ആ യാഥാര്‍ഥ്യമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷമുള്ള ഇന്ത്യന്‍ മീഡിയ അടിവരയിടുന്നത്. പക്ഷേ ഉള്‍ക്കൊള്ളാനാവുമോ ഇന്ത്യക്ക് മോഡിയെ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം