Prabodhanm Weekly

Pages

Search

2013 ജനുവരി 05

ആരാണ് പ്രതി?

ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ ഇക്കഴിഞ്ഞ 16-ന് ഒരു കോളേജ് കുമാരിയെ നാല് കശ്മലന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് മരണവക്ത്രത്തിലെത്തിച്ച സംഭവം ഏതൊരുന്ത്യക്കാരനെയും ഞെട്ടിക്കുന്നത് മാത്രമല്ല, ലജ്ജിപ്പിക്കുന്നതുമാണ്. തുടര്‍ന്ന് ഭരണസിരാകേന്ദ്രത്തിന്റെ പരിസരങ്ങളില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന വന്‍ ബഹുജന പ്രക്ഷോഭമുണ്ടായി. പൊടുന്നനെ ജനം തടിച്ചുകൂടി സമരകാഹളം മുഴക്കിയത് കണ്ട് സര്‍ക്കാര്‍ അമ്പരന്നുപോയി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണാധികാരികള്‍ ജനവികാരം ഉള്‍ക്കൊണ്ട് സമരത്തെ ശരിവെച്ചു.സംഭവത്തില്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദുരന്തങ്ങളാവര്‍ത്തിക്കാതിരിക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും എല്ലാ വഴികളും തേടുമെന്ന് രാജ്യത്തോട് വാഗ്ദത്തം ചെയ്തു. ദല്‍ഹി സംഭവത്തെക്കുറിച്ചന്വേഷിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ഇതിനകം രണ്ടു കമീഷനുകളെ നിയമിച്ചു കഴിഞ്ഞു. സുപ്രീംകോടതി റിട്ട. ജസ്റിസ് ജെ.എസ് വര്‍മയാണ് ഒരു കമീഷനെ നയിക്കുന്നത്.ദല്‍ഹി ഹൈക്കോടതി റിട്ട.ജസ്റിസ് ഉഷാ മെഹ്റയെ ഏകാംഗ കമീഷനായി നിയമിച്ചതാണ് മറ്റേത്. ദല്‍ഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അതിനു മുമ്പും പിമ്പും ആസാം മുതല്‍ കേരളം വരെ, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നിരന്തരം നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ ഒന്നു മാത്രമാണത്. 
ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഒരു നിര്‍ദേശം ഉന്നയിക്കപ്പെട്ടിരിക്കുന്നു. അതിനെതിരെ, ആജീവാനാന്ത തടവു പോലുള്ള മറ്റെന്തെങ്കിലും ശിക്ഷ മതി എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരിക്കുന്നു. ഈ തര്‍ക്കത്തിലെ ശരിതെറ്റുകളിലേക്ക് ഞങ്ങള്‍ ഇപ്പോള്‍ കടക്കുന്നില്ല. സര്‍ക്കാര്‍ കുറേകാലമായി ലൈംഗികാതിക്രമങ്ങളുടെ ശിക്ഷ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്യ്ര-ക്ഷേമ പ്രസ്ഥാനങ്ങളും സ്ത്രീ പീഡനത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ലൈംഗികാതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ശിക്ഷാ നിയമങ്ങള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്നം എന്നാണത് വ്യക്തമാക്കുന്നത്. ജീവിതരീതിയില്‍ നിന്നും സാമൂഹിക ചുറ്റുപാടുകളില്‍നിന്നും വളര്‍ന്നുവരുന്ന തിന്മയാണ് ലൈംഗികാതിക്രമം. അവിഹിത ലൈംഗികത പല പടികള്‍ പിന്നിട്ടാണ് അതിക്രമത്തിന്റെ വിതാനത്തിലെത്തുന്നത്. അത്തരം തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടാന്‍ അതിനു വളം നല്‍കുന്ന ജീവിതക്രമത്തിലും സാമൂഹിക സാഹചര്യത്തിലും മാറ്റമുണ്ടാകേണ്ടതുണ്ട്.
ചുറ്റുപാടുമുള്ള പ്രതിഭാസങ്ങളെയും മനുഷ്യരെയും കണ്ണുതുറന്നു നോക്കി പ്രപഞ്ചത്തിന്റെ പൊരുളിനെക്കുറിച്ചാലോചിക്കാന്‍ തുടര്‍ച്ചയായി ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ 24:30,31-ല്‍ സത്യവിശ്വാസികളോടും വിശ്വാസിനികളോടും കണ്ണുകള്‍ താഴ്ത്താനും സഗൌരവം ഉപദേശിക്കുന്നു. ഹിതകരമായത് നോക്കാനെന്ന പോലെ അഹിതകരമായത് നോക്കാതിരിക്കാന്‍ കൂടി ഉള്ളതാണ് കണ്ണുകള്‍. ഉപരിസൂചിത സൂക്തത്തില്‍ നേത്ര നിയന്ത്രണം കൊണ്ടുദ്ദേശിക്കുന്നത് നയന ഭോഗത്തെയാണെന്ന് സൂചിപ്പിച്ചുകൊണ്ട്, തുടര്‍ന്ന് ശരീരത്തിലെ ലൈംഗിക ഭാഗങ്ങള്‍ സൂക്ഷിക്കണമെന്നു കൂടി ഉപദേശിച്ചിരിക്കുന്നു. സ്വാഭാവികമായി വെളിപ്പെടുന്നതല്ലാത്ത, മാന്യമായ വസ്ത്രധാരണത്തിലൂടെ മറക്കപ്പെടേണ്ട ശരീര ഭാഗങ്ങള്‍ സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുന്നതും കാണിക്കുന്നതും അസഭ്യമാകുന്നു. ന്യായമായ ആവശ്യത്തിനല്ലാതെ സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുകയും കാണിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഒരു താല്‍പര്യമുണ്ട്. അതാണ് കാമം. പ്രവാചകന്മാരുള്‍പ്പെടെയുള്ള ധര്‍മപുരുഷന്മാര്‍ അതിനെ കണ്ണിന്റെ വ്യഭിചാരം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യാദൃഛികമായ ഒരു നോട്ടം പോലും ചിലപ്പോള്‍ മനസ്സില്‍ ചലനമുണ്ടാക്കുന്നു. ധര്‍മബോധമുള്ളവര്‍ ഉടനെ ആ നോട്ടം പിന്‍വലിക്കും. അല്ലാത്തവര്‍ ആവര്‍ത്തിക്കും. അനുകൂല പ്രതികരണമുണ്ടായാല്‍ നോട്ടം കുശലങ്ങളിലേക്കും ശൃംഗാരത്തിലേക്കും വികസിക്കും. വഴിയില്‍ കാത്തുനിന്ന് സ്ത്രീകളെ കമന്റടിക്കുന്നത് യുവാക്കള്‍ക്കൊരു ഹരമാണ്. ചില സ്ത്രീകള്‍ക്കും അതൊരു സുഖമാണ്. ഇങ്ങനെ കാണാനും കാണിക്കാനും ചില സ്ത്രീകള്‍ ഉടുത്തും ഉടുക്കാതെയും ഒരുങ്ങിപ്പുറപ്പെടുന്നു. ഈ പുറപ്പാട് എവിടെയും എത്താം, എത്തുന്നുണ്ട്. കൈവിട്ടുപോകുമ്പോഴാണ് കുടുംബവും സമുദായവും സര്‍ക്കാറുമൊക്കെ കണ്ണു തുറക്കുന്നത്. കണ്ണുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടതിലൂടെ അനാശാസ്യത്തിലേക്കും അതിക്രമത്തിലേക്കുമുള്ള ആദ്യ ചുവട് തടയാനാണ് വിശുദ്ധ ഖുര്‍ആന്‍ ശ്രമിക്കുന്നത്.
ലൈംഗികമായ ആഭാസങ്ങളും അതിക്രമങ്ങളും പെട്ടന്നൊരു നാള്‍ ഉയര്‍ന്നുവന്നതല്ല; കാലങ്ങളായി സമൂഹം വളര്‍ത്തിക്കൊണ്ടുവന്നതാണ്. ആധുനിക സംസ്കാരം ശ്ളീലാശ്ളീലതകളുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞു. രസം നല്‍കുന്നതെല്ലാം കേള്‍ക്കാം, കാണാം, കാണിക്കാം. മകളും പേരക്കിടാങ്ങളുമടങ്ങുന്ന കുടുംബസദസ്സുകളില്‍ പോലും പച്ചയായ ലൈംഗിക കേളികള്‍ ദൃശ്യപ്പെടുന്നു. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്ക്രീനുകളില്‍ തെളിയുന്ന കാമകേളികളിലെ കഥാപാത്രങ്ങളില്‍ രാഷ്ട്രീ നേതാക്കളും ആത്മീയ ആചാര്യന്മാരുമുണ്ട്. സ്ക്രീനില്‍ കണ്ട കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തൊന്നു പരീക്ഷിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നതില്‍ എന്താണത്ഭുതം? അശ്ളീല ദൃശ്യങ്ങളുടെ വേലിയേറ്റം സമൂഹത്തില്‍ രണ്ടു കെടുതികളാണ് സൃഷ്ടിക്കുന്നത്. ഒന്ന്, പ്രായഭേദമെന്യെ എല്ലാവരെയും കാമാര്‍ത്തരാക്കുന്നു. ആറാം ക്ളാസുകാരനും അറുപത്താറുകാരനും ഒരുപോലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നു. ആഭാസ നടപടികളില്‍ നിന്ന് വിലക്കുന്ന ലജ്ജ എന്ന വികാരം മനസ്സില്‍ നിന്ന് തുടച്ചുകളയുന്നുവെന്നതാണ് രണ്ടാമത്തെ കെടുതി. സത്യ-ധര്‍മങ്ങളിലുള്ള വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് ലജ്ജ എന്ന് മുഹമ്മദ് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. ലജ്ജയില്ലാത്തവന് എന്തും ചെയ്യാം എന്നും പ്രവാചകന്‍ പറയുകയുണ്ടായി. ലജ്ജ ചോര്‍ന്നുപോകുമ്പോള്‍ ഒപ്പം മാന്യതയും സത്യസന്ധതയും ധര്‍മബോധവും കൂടി ചോര്‍ന്നുപോകും. അപ്പോള്‍ മനുഷ്യന്‍ വെറും ജന്തുവായി മാറുന്നു. ജന്തുക്കള്‍ക്ക് ഭാര്യയും മകളും മാതാവും സഹോദരിയുമെല്ലാം സ്ത്രീ മാത്രമാണ്. സ്ത്രീകളെല്ലാം ഭോഗവസ്തുക്കളും. ഈ കാഴ്ചപ്പാട് പ്രയോഗതലത്തിലേക്ക് പ്രവേശിച്ചതിന്റെ ഭീകരമായ ലക്ഷണങ്ങള്‍ സാക്ഷര കേരളത്തില്‍ അടിക്കടി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
യുവതി-യുവാക്കളുടെ കാഴ്ചയിലും സ്വതന്ത്രമായ കൂടിച്ചേരലുകളിലും മുസ്ലിം സമുദായം ഒരു സ്വയം നിയന്ത്രണം പാലിച്ചുവരുന്നുണ്ട്. മൂല്യമുക്തമായ ആധുനിക സംസ്കാരത്തിന്റെ ദുഃസ്വാധീനം മൂലം ആ നിയന്ത്രണം അയഞ്ഞുവരുന്നു എന്നത് വസ്തുതയാണ്. സമുദായത്തിന്റെ ധാര്‍മിക-സദാചാര പ്രതിബദ്ധത നേരിടുന്ന ഈ വെല്ലുവിളിയെ മത സംഘടനകളും ഇസ്ലാമിക പ്രവര്‍ത്തകരും ജാഗ്രതയോടെ കാണേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം