പരിണതപ്രജ്ഞനായ ജ്ഞാനയോഗി
മഹാന്മാരുടെ മഹത്വവും വിലയും പൂര്‍ണ രൂപത്തില്‍ പ്രകടിതമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് പലപ്പോഴും അവരുടെ മരണശേഷമാണ്. ഡോ. അബ്ദുല്‍ഹഖ് അന്‍സാരിയെക്കുറിച്ച് പലരുമെഴുതിയ ചരമക്കുറിപ്പുകളും ലേഖനങ്ങളും വായിച്ചപ്പോഴാണ് ഈ സത്യം വീണ്ടും ഓര്‍മ വന്നത്. ആ നവോത്ഥാന നേതാക്കളില്‍ പലര്‍ക്കും - ഒരുപക്ഷേ ആര്‍ക്കും - ഇല്ലാത്ത ഒരു സവിശേഷതയും ഡോ. അന്‍സാരിയുടേതായി അവകാശപ്പെടാവുന്നതാണ്. വ്യത്യസ്ത മത സംസ്കാരങ്ങളുടെ താരതമ്യപഠനമാണത്. ഇമാം ഇബ്നു ഹസം (അല്‍ ഫസ്വ്ല്‍ ഫില്‍ മിലലി വന്നിഹല്‍), ഇമാം ഫഖ്റുദ്ദീന്‍ അല്‍-റാസി (ഇഅ്തിഖാദാതു ഫിറഖില്‍ മുസ്ലിമീന്‍ വല്‍ മുശ്രികീന്‍), ശഹ്രസ്താനി (അല്‍ മിലല്‍ വന്നിഹല്‍) തുടങ്ങിയ മതസംസ്കാരനാഗരിക താരതമ്യ പഠനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരഥന്മാരായ പൌരാണിക മുസ്ലിം പണ്ഡിതന്മാരുടെ മാതൃകയും പൈതൃകവും പുനരുജ്ജീവിപ്പിക്കുകയാണ് ഡോ. അന്‍സാരി ചെയ്തതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്നാശിക്കട്ടെ. ശൈഖ് യൂസുഫുല്‍ ഖറദാവി ഒരു സ്വീകരണയോഗത്തില്‍ അദ്ദേഹത്തെ പ്രശംസിക്കവെ അതു സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അറബ് ലോകത്ത് അറിയപ്പെടാത്ത കാലമുണ്ടായിരുന്നു. പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് അവിടങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഈ കുറവ് നികത്താന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ പരേതനായ മുഹമ്മദ് യൂസുഫ് സാഹിബ് ഒരു ശ്രമമാരംഭിച്ചു. അദ്ദേഹം എല്ലാ അറബ് നാടുകളും സന്ദര്‍ശിച്ചു - പലവട്ടം. നിരവധി സമ്മേളനങ്ങളില്‍ പങ്കെടുത്തു. മുസ്ലിം വേള്‍ഡ് ലീഗില്‍ അംഗവും ഉന്നതസ്ഥാനീയനുമായി. ആ യാത്രകളില്‍ ഒട്ടുമുക്കാലും അദ്ദേഹത്തെ അനുഗമിക്കാനും സേവിക്കാനും ഈയുള്ളവന് ഭാഗൃമുണ്ടായി. അറബ് പണ്ഡിതന്മാരെയും സംഘടനാ നേതാക്കളെയും ചിലപ്പോള്‍ രാഷ്ട്രത്തലവന്മാരെയും കണ്ട് പരിചയപ്പെടാനും പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തിയും ലോക സലഫീ നേതാവുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ഇബ്നുബാസ് പല തവണ അദ്ദേഹത്തിന്റെ വസതിയില്‍ ആതിഥ്യസല്‍ക്കാരങ്ങള്‍ നടത്തി. ഒരവസരത്തില്‍ ശൈഖ് ഇബ്നുബാസ് ഞങ്ങളെ ഫഹദ് രാജാവിന്റെ അടുത്ത് കൊണ്ടുപോവുകയുണ്ടായി.
ഖത്തര്‍, കുവൈത്ത് തുടങ്ങിയ മറ്റു ഗള്‍ഫ് നാടുകളിലും ഞങ്ങള്‍ പര്യടനം നടത്തി. സമ്മേളനങ്ങളില്‍ പങ്കെടുത്തു. ജമാഅത്തിനെ പരിചയപ്പെടുത്തി. ബന്ധം ശക്തിപ്പെടുത്തി. അങ്ങനെ ഒരളവോളം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അറബ് ലോകത്ത് അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ജമാഅത്തിനെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനുമുള്ള പ്രതിയോഗികളുടെ ശ്രമങ്ങള്‍ വല്ലാതെ ഫലിച്ചില്ല.
മുഹമ്മദ് യൂസുഫ് സാഹിബിന്റെ വിയോഗത്തോടെ അറബ് ബന്ധം പിന്നെയും തണുത്തു. ഡോ. അന്‍സാരി സാരഥ്യമേറ്റടുത്തപ്പോള്‍ വീണ്ടും അതു ശക്തവും സജീവവുമാക്കാനുള്ള ചിന്തയും ശ്രമവും ആരംഭിച്ചു. അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. അദ്ദേഹവും സിദ്ദീഖ് ഹസന്‍ സാഹിബും ഈയുള്ളവനുമുള്‍പ്പെടുന്ന മൂവര്‍ സംഘം നീണ്ട യാത്രക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. മുന്നൊരുക്കമെന്ന നിലയില്‍ ഞാനാദ്യം ചെയ്തത് അറബിയില്‍ ജമാഅത്തിനെ പരിചയപ്പെടുത്തുന്ന ഒരു ചെറുകൃതി തയാറാക്കുകയായിരുന്നു. അതേവരെ നിലവിലുണ്ടായിരുന്ന കൃതികള്‍ ജമാഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നയപരിപാടികളും വിശദീകരിക്കുന്നവയായിരുന്നു. വ്യത്യസ്ത രംഗങ്ങളില്‍ ഇതേവരെ ജമാഅത്ത് നേടിയ നേട്ടങ്ങളും രാജ്യത്തിനും സമുദായത്തിനും നല്‍കിയ സംഭാവനകളും സംഗ്രഹിക്കുന്ന ഒരു കൃതിയായിരുന്നു സന്ദര്‍ഭത്തിന്റെ തേട്ടം. അതാണ് ഞാന്‍ ലക്ഷ്യം വെച്ചതും. അങ്ങനെ 'ഇന്ത്യന്‍ ജമാഅത്തിന്റെ നേട്ടങ്ങളും സേവനങ്ങളും' (ഇന്‍ജാസാത്തുല്‍ ജമാഅഃ അല്‍-ഇസ്ലാമിയഃ അല്‍-ഹിന്ദിയഃ വ ഖിദ്മാത്തുഹാ) എന്ന ശീര്‍ഷകത്തില്‍ ഒരു ലഘുകൃതി രൂപംകൊണ്ടു. അതിനിടക്ക് സിദ്ദീഖ് ഹസന്‍ സാഹിബ് വിഷന്‍ 2016-ന്റെ പ്ളാനും പദ്ധതിയുമടങ്ങിയ വിശദമായ പ്രോജക്റ്റ് ബുക്കും തയാറാക്കി. ഞങ്ങള്‍ നാലഞ്ച് യാത്രകള്‍ നടത്തി. രണ്ടെണ്ണത്തില്‍ ഡോ. അന്‍സാരിയും വന്നു.
സൂഫിസമാണല്ലോ ഡോ. അന്‍സാരിയുടെ ചിന്ത വിഹരിച്ച സുപ്രധാന രംഗം. സൂഫീ ചൈതന്യം (തസവ്വുഫ്) ഉള്‍ചേര്‍ന്ന ശിക്ഷണം (തര്‍ബിയത്ത്) പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ അദ്ദേഹം ആഗ്രഹിച്ചു. പ്രബന്ധങ്ങളിലൂടെ അദ്ദേഹമത് സമര്‍ഥിച്ചു. അതിലദ്ദേഹം വിജയിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. സൂഫിസം എന്നു കേള്‍ക്കുമ്പോഴേക്ക് അലര്‍ജി ബാധിക്കുന്ന ധാരാളം സഹോദരങ്ങളുണ്ട്. അജ്ഞതയാണതിന് പ്രധാന കാരണം. 'സൂഫിസവും ശരീഅത്തും' എന്ന കൃതി അതിനൊരു പ്രതിവിധിയാണ്. അത് വായിക്കാനോ മനസ്സിലാക്കാനോ തയാറാവുന്നവര്‍ എത്ര പേരുണ്ട്?!
മതാചാരങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന നവീനാചാരങ്ങളെ (ബിദ്അത്തുകള്‍) കുറിച്ച സങ്കുചിതവും അക്ഷരബന്ധിതവുമായ സങ്കല്‍പ്പവും സലഫിസത്തിന്റെ സ്വാധീനവും കാരണമായി പ്രവാചകന്‍ നിഷ്കര്‍ഷിച്ച ആധികാരിക പ്രാര്‍ഥനകളും ദൈവസ്മരണ തുടിക്കുന്ന കീര്‍ത്തനങ്ങളും വരെ അവഗണിക്കുന്നവര്‍ പ്രസ്ഥാനപ്രവര്‍ത്തകരിലുണ്ട്. ഇതു മാറേണ്ടതുണ്ട്. മാറ്റാനായിരുന്നു ഡോ. അന്‍സാരിയുടെ ശ്രമം. അദ്ദേഹം അവതരിപ്പിക്കുന്ന സൂഫിസം ഇസ്ലാമിന്റെ സാമൂഹിക മുഖത്തെ തമസ്കരിക്കുകയോ, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്വരയെ തിരസ്കരിക്കുകയോ ചെയ്യുന്നില്ല. തനിഭൌതികതയിലേക്ക് വഴുതിപ്പോവുന്നതില്‍നിന്ന് അതിനെ രക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്, ആത്മീയതയുടെ പാശം മുറുകെ പിടിച്ചുകൊണ്ട്. 'രാത്രി പ്രാര്‍ഥനാ നിരതര്‍! പകല്‍ അശ്വരൂഢര്‍!' എന്ന് പ്രവാചകന്റെ അനുചരന്മാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നല്ലോ. അതേ സ്വഭാവ ഘടനയില്‍ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് അന്‍സാരി മുന്നോട്ടുവെച്ച ആശയത്തിന്റെ ഉള്‍സാരം.
സെപ്റ്റംബര്‍ മാസത്തില്‍ കോഴിക്കോട്ട് വെച്ച് എന്റെ ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് കനഡയിലേക്ക് മടങ്ങുംവഴി ദോഹയിലെത്തിയപ്പോഴാണ് ഡോ. അന്‍സാരിയുടെ മരണവാര്‍ത്ത അറിയുന്നത്. ഞാന്‍ നേരെ ശൈഖ് ഖറദാവിയുടെ സന്നിധിയിലേക്ക് തിരിച്ചു-ഹുസൈന്‍ കടന്നമണ്ണയും കൂടെ വന്നു.
ളുഹ്ര്‍ നമസ്കാരാനന്തരം ഡോ. അന്‍സാരിയുടെ ജനാസ നമസ്കാരം നടന്നു. ശൈഖ് ഖറദാവിയുടെ സാന്നിധ്യത്തിലത് നടന്നതില്‍ ഞാനതീവ കൃതാര്‍ഥനായി. ഡോ. അന്‍സാരിയുമൊത്തുള്ള സഹവാസത്തിനിടയില്‍ എന്നില്‍നിന്ന് വന്നുപോയിരിക്കാവുന്ന പല പോരായ്മകള്‍ക്കും അതൊരു പ്രായശ്ചിത്തമാവട്ടെ എന്ന് ഞാനാശിച്ചു. അല്ലാഹു പരേതാത്മാവിനെ പ്രവാചകന്മാരും സുകൃതരും രക്തസാക്ഷികളും സത്യസന്ധരും വസിക്കുന്ന സ്വര്‍ഗലോകങ്ങളിലേക്കുയര്‍ത്തി അനുഗ്രഹിക്കുമാറാവട്ടെ.
അന്‍സാരിയുടെ വിയോഗം ഓര്‍മപ്പെടുത്തുന്നത്
ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ
വിനയാന്വിതനായ, സ്വന്തത്തെ ഉയര്‍ത്തിക്കാട്ടാത്ത, ലാളിത്യം മുഖമുദ്രയാക്കിയ, ക്രാന്തദര്‍ശിയായ ചിന്തകനും പണ്ഡിതനും. തസ്വവ്വുഫിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തെയും സ്വഭാവശീലങ്ങളെയും ചിട്ടപ്പെടുത്തിയ ഗവേഷകന്‍. ഇതായിരുന്നു ഞാന്‍ അറിയുകയും ഇടപെടുകയും ചെയ്ത ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി. ഒരേ സമയം ഇസ്ലാമിക പൈതൃകത്തെയും, പാശ്ചാത്യവും പൌരസ്ത്യവുമായ മതങ്ങളെയും ദര്‍ശനങ്ങളെയും ആഴത്തില്‍ പഠിച്ച അപൂര്‍വ പണ്ഡിത പ്രതിഭകളില്‍ ഒരാള്‍. ഈയൊരു സവിശേഷത അദ്ദേഹത്തിന്റെ എഴുത്തുകളില്‍ തെളിഞ്ഞ് കാണാം. പൊതു പ്രഭാഷകന്‍ എന്നതിനേക്കാള്‍ അദ്ദേഹമൊരു അക്കാദമിക് ഗേവഷകനും എഴുത്തുകാരനുമായിരുന്നു. തന്റെ പഠനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള പണ്ഡിതനിര അദ്ദേഹത്തിന് ശേഷം ഇല്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
ശാന്തപുരത്തെ ഇസ്ലാമിക കലാലയത്തിന്റെ വൈസ് ചാന്‍സലറായിരുന്നു ഡോ. അന്‍സാരിയെങ്കിലും, അദ്ദേഹം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇനിയും സ്ഥാപനം ഉയര്‍ന്നിട്ട് വേണം. പാഠ്യപദ്ധതികളെയും പാഠ്യവിഷയങ്ങളെയും വിമര്‍ശനാത്മകമായി പുനരവലോകനം ചെയ്തുകൊണ്ട് മാത്രമേ ഇത് സാധ്യമാവൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്ലാമിക തത്ത്വചിന്തയും മതമീമാംസയും തസ്വവ്വുഫും മതതാരതമ്യ പഠനങ്ങളും സാമൂഹിക ശാസ്ത്രങ്ങളും നിലവിലുള്ള മതമീമാംസ-നിയമ പഠനങ്ങളുമെല്ലാം പാഠ്യപദ്ധതിയില്‍ ഇടം കണ്ടെത്തണം. എങ്കിലേ ഈ ശൂന്യത നികത്താനാവൂ. വിടപറഞ്ഞ വൈസ് ചാന്‍സലറുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുതകുംവിധം ഈ വിഷയം സ്ഥാപന മേധാവികള്‍ കാര്യഗൌരവത്തോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുസ്ലിം സമൂഹത്തിലെ എല്ലാവരെയും അതിന് പുറത്തുള്ള വ്യത്യസ്ത മതധാരകളെയുമെല്ലാം ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കതയും തുറസ്സുമാണ് ഡോ. അന്‍സാരി നമുക്ക് പകര്‍ന്നു നല്‍കുന്ന മറ്റൊരു പാഠം.
Comments