Prabodhanm Weekly

Pages

Search

2013 ജനുവരി 05

സ്ത്രീ പീഡകരെ സൃഷ്ടിക്കുന്നത് കുത്തഴിഞ്ഞ ജീവിതശൈലി

എ. റഹ്മത്തുന്നീസ

കഴിഞ്ഞ ഡിസംബര്‍ 16-ന് ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തോടെ വീണ്ടും സ്ത്രീ പീഡന ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഈ ചര്‍ച്ചകളും അതോടനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളും ഇന്ത്യാ രാജ്യത്തെ സ്ത്രീസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഹേളനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും അറുതിവരുത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് മിഥ്യാധാരണ മാത്രമാണ്. ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം ഉയര്‍ത്തിയ പ്രതിഷേധ ബഹങ്ങള്‍ക്കിടയിലാണ് അതേ നഗരത്തിലെ ഒരു പ്ളേ സ്കൂളില്‍ മൂന്ന് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. അധികാരികള്‍ വാഴുന്ന രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ സ്ഥിതി ഇതാണെങ്കില്‍, വിദ്യാഭ്യാസ സാംസ്കാരിക മേന്മയും സാക്ഷരതയില്‍ നൂറു മേനിയും അവകാശപ്പെടുന്ന നമ്മുടെ കേരളത്തില്‍ അതേ ആഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട പത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഏതോ ഒരു വൈറസിന്റെ ആക്രമണം മൂലം കോളറയോ ചികുന്‍ ഗുനിയയോ പോലെ പൊട്ടിപ്പുറപ്പെട്ട ഒരു രോഗമല്ല ഇത്. രാജ്യത്തെ സ്ത്രീജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന രണ്ടാംകിട പൌരത്വത്തിന്റെ അനന്തര ഫലങ്ങള്‍ മാത്രമാണ്.
1973-ല്‍ മുംബൈയില്‍ നഴ്സായിരിക്കെ ഒരു തൂപ്പുകാരന്റെ കാമവെറിയില്‍ ഞെരിഞ്ഞമര്‍ന്ന കര്‍ണാടകയിലെ അരണ ഷാന്‍ ബാഗ്, കീഴ്ജീവനക്കാരില്‍നിന്നു പോലും പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ്. വിദ്യാഭ്യസമോ വരുമാനമോ അവളുടെ മാനം കാക്കാന്‍ പര്യാപ്തമാവാത്തവിധം രൂഢമൂലമാണ് പുരുഷമേധാവിത്വ മനോഭാവമെന്നും ആ സംഭവം വരച്ചുകാട്ടി.
ഈയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. 2012-ലെ ആദ്യത്തെ 11 മാസങ്ങളില്‍ കേരളത്തില്‍ മാത്രം 1661 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. വിവിധതരം അക്രമങ്ങളില്‍ 371 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരം വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും മുമ്പും ഉണ്ടായിട്ടുണ്ട്. 2007-ല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച 'സ്റഡി ഓണ്‍ ചൈല്‍ഡ് അബ്യൂസ്: ഇന്ത്യ 2007' റിപ്പോര്‍ട്ടില്‍ പറയുന്നത് ഭാരതത്തില്‍ 53.22 ശതമാനം കുട്ടികള്‍ ലൈംഗിക പീഡനത്തിന് വിധേയരാവുന്നു എന്നാണ്. അതാകട്ടെ, 95 ശതമാനവും അവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ അടുത്ത കുടുംബാംഗങ്ങളില്‍നിന്നും. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ഈ വെളിപ്പെടുത്തലും തുടര്‍ന്നുള്ള നിയമനിര്‍മാണവും ഈ വിഷയത്തില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ പര്യാപ്തമായില്ല എന്നാണ് പിന്നീടുള്ള വര്‍ഷങ്ങളിലെ പഠനങ്ങളും കണക്കുകളും സൂചിപ്പിക്കുന്നത്. 2010-2011 വര്‍ഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട പീഡനക്കേസുകള്‍ 1,26,753 ആണെന്ന് നാഷ്നല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ സ്ഥിരീകരിക്കുമ്പോള്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകള്‍ ഇതിന്റെ എത്രയോ ഇരട്ടി ആണ് എന്ന് നാം കൂട്ടിവായിക്കുക.
സ്വന്തം പിതാവിന്റെയോ സഹോദരന്റെയോ മുന്നില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല. ജുവനൈല്‍ കേന്ദ്രങ്ങളില്‍ പോലും ലൈംഗിക പീഡനങ്ങള്‍ സാധാരണമാവുന്നു. കോട്ടയത്തെ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസികളുടെ പരാതി ഉദാഹരണം. പട്ടാപ്പകല്‍ പോലും ട്രെയിന്‍ യാത്രക്കും ബസ് യാത്രക്കുമിടയില്‍ വനിതകള്‍ കാമവെറിയന്മാരുടെ ക്രൂരതകള്‍ക്ക് വിധേയരാവുന്നു. ഇത് പുരുഷമാര്‍ക്കെതിരില്‍ മാത്രം വിരല്‍ ചൂണ്ടേണ്ടുന്ന പ്രശ്നമല്ല. ഇത്തരം കേസുകളില്‍ പലപ്പോഴും ഏജന്റുമാരായും കൂട്ടിക്കൊടുപ്പുകാരായും സ്ത്രീകള്‍ തന്നെയാണ് ഉണ്ടാവുക. കാര്യങ്ങള്‍ ഇത്രയേറെ വഷളാവാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മദ്യവും മയക്കുമരുന്നും
റവന്യൂ വരുമാനത്തിന്റെ പേരില്‍ മദ്യം സുലഭമാക്കുകയും മയക്കുമരുന്നുകളുടെ വ്യാപനത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്ന എല്ലാ സര്‍ക്കാറുകളുടെയും നയം ചില്ലറ നഷ്ടമല്ല നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വരുത്തിവെക്കുന്നത്. ലഹരിയിലമരുന്ന, ബോധം നശിച്ച, മാനവും സ്നേഹവും വഴിയിലുപേക്ഷിച്ച ഒരു വിഭാഗത്തിന് താല്‍ക്കാലിക സുഖത്തിന് സ്വന്തം ചോരയെ തന്നെ വേണോ എന്ന വെളിവ് എവിടെ നിന്നുണ്ടാവാനാണ്. മഹിളാ സമഖ്യ സൊസൈറ്റി, സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള ഏജന്‍സികളുടെ പഠനങ്ങളില്‍ പറയുന്നത് 95 ശതമാനം ലൈംഗിക പീഡനങ്ങളും രക്ഷിതാക്കള്‍, സഹോദരങ്ങള്‍, അമ്മാവന്മാരെ പോലുള്ള അടുത്ത ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നാണ് എന്നാണ്. അവയാകട്ടെ കൂടുതലായും സംഭവിക്കുന്നത് ലഹരിക്കടിമപ്പെട്ട അവസ്ഥയിലും. തിന്മകളുടെ മാതാവായ മദ്യത്തിന്റെ ഉപഭോഗത്തില്‍നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതൊന്നും ചെയ്യാതെ ഇത്തരം തിന്മകളുടെ അടിവേരറുക്കാന്‍ ഒരിക്കലും സാധ്യമല്ല.

നിയമപാലകരുടെ ഒത്താശ
യഥാ രാജ തഥാ പ്രജ എന്നത് ഇവിടെയും ബാധകമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും അവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും ഒറ്റിക്കൊടുക്കുന്നതും, കേസുകള്‍ തേച്ചുമായ്ച്ചു കളയാനും നീട്ടിക്കൊണ്ടുപോയി പ്രസക്തി നഷ്ടപ്പെടുത്താനും ഇരകളെ കേസന്വേഷണത്തിന്റെ പേരില്‍ വീണ്ടും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതും പോലീസും പട്ടാളവും വക്കീലന്മാരും ജഡ്ജിമാരും രാഷ്ട്രീയക്കാരുമടങ്ങുന്ന നിയമപാലകര്‍ തന്നെയാണ്. പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും ബലാത്സംഗം ഭരണകൂടത്തിന്റെ ആയുധം എന്ന നിലക്ക് സൈന്യവും പോലീസും പ്രയോഗിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്ന ഭരണകര്‍ത്താക്കളും നമുക്കുണ്ട്. 12 കൊല്ലത്തിന് ശേഷവും ഇറോം ശര്‍മിള നിരാഹാരസമരം നടത്തുന്നത് ഇതിനെതിരിലാണ്. 1991-ല്‍ ജമ്മു-കശ്മീരിലെ കുനാന്‍ പൊഷ്പോറ എന്ന ഗ്രാമത്തില്‍ സ്ത്രീകളൊന്നടങ്കം സൈനികരുടെ കാമവെറിക്കിരയായി. 2009-ല്‍ ഷോപിയാനില്‍ രണ്ട് സഹോദരിമാര്‍ സൈനികരുടെ പീഡനത്തിനിരയായി മരണപ്പെട്ടതും, 2004-ല്‍ അസം റൈഫിള്‍ സേനയുടെ കൂട്ടബലാത്സംഗത്തിനിരയായി മണിപ്പൂരിലെ മനോരമദേവി കൊല്ലപ്പെട്ടതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അധികാരത്തിന്റെയും ആയുധബലത്തിന്റെയും മുഷ്കില്‍ അത്തരം സംഭവങ്ങള്‍ അപൂര്‍വമായേ പുറത്തറിയാറുള്ളൂ എന്നു മാത്രം.

സ്ത്രീകളോടുള്ള സമീപനം
സ്ത്രീജന്മം പാഴ് ജന്മമാണെന്നും അവള്‍ ഭരിക്കപ്പെടേണ്ടവളാണെന്നും പെണ്‍കുഞ്ഞ് ബാധ്യതയാണെന്നുമുള്ള ചിന്താഗതിയില്‍ നിന്നുരുത്തിരിഞ്ഞ് വരുന്ന സമൂഹത്തിന്റെ സമീപനം പരിഷ്കൃതമെന്ന് അവകാശപ്പെടുന്ന നമ്മുടെ വന്‍നഗരങ്ങളില്‍ പോലും വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഭാഗത്ത് സ്ത്രീയെ ദേവിയായി ചിത്രീകരിക്കുന്നവര്‍ മറുഭാഗത്ത് അവളെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ താഴ്ത്തിക്കെട്ടുന്നു. സ്ത്രീധനം വാങ്ങാതെയുള്ള വിവാഹങ്ങള്‍ അപൂര്‍വമായി മാത്രം നടക്കുന്ന നാട്ടില്‍ അവളെ ഒരു ഭാരമായി കണ്ട് വല്ലവര്‍ക്കും കാഴ്ചവെച്ചാണെങ്കിലും നാല് കാശ് ഉണ്ടാക്കാന്‍ തുനിയുന്ന രക്ഷാകര്‍ത്താക്കളെ മാത്രം പഴി പറഞ്ഞതുകൊണ്ട് കാര്യമില്ല. സമൂഹത്തിന്റെ അര്‍ധാംശമായ പെണ്‍കുഞ്ഞിന്റെ ജനനത്തെ ആണ്‍കുട്ടിയുടേത് പോലെ സന്തോഷത്തോടെ വരവേല്‍ക്കുകയും അവള്‍ക്കും വേണ്ടത്ര വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കിവളര്‍ത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം വിപത്ഘട്ടങ്ങളില്‍ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ അവള്‍ക്ക് കഴിയുകയുള്ളൂ. താന്‍ അധമയാണെന്നും തനിക്ക് ചുറ്റുമുള്ള പുരുഷന്മാര്‍ എന്തു ചെയ്താലും അതെല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടതാണെന്നുമുള്ള ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ഒരു പെണ്‍കുട്ടിയെ എളുപ്പത്തില്‍ അധീനപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയാത്തത്. സ്ത്രീകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കാന്‍ വിശുദ്ധ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നത് ഇവിടെ ശ്രദ്ധേയമാണ്. "ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും.'' (അന്നിസാഅ് 1). പെണ്ണിന്റെ അസ്തിത്വത്തെ വകവെക്കാതിരുന്നാല്‍ ഇരുവരെയും ഒരുപോലെ സൃഷ്ടിച്ച ദൈവം തമ്പുരാന്റെ മുന്നില്‍ കണക്ക് പറയേണ്ടിവരുമെന്നുള്ള ഈ താക്കീത് സമൂഹ മനസ്സില്‍ രൂഢമൂലമാവേണ്ടതുണ്ട് .
ന്യൂക്ളിയര്‍ കുടുംബവ്യവസ്ഥിതിയും എന്തിനെയും ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ കാണുന്ന നിലവിലെ സംസ്കാരവും കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള വിള്ളലുകള്‍ ഇത്തരം കുത്തഴിഞ്ഞ അവസ്ഥകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. പഴയ കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന 'വണ്‍ ഫോര്‍ ഓള്‍, ഓള്‍ ഫോര്‍ വണ്‍' എന്ന അവസ്ഥ ഇല്ലാതായത് ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടാനും അടുത്ത രക്തബന്ധത്തെ തന്നെ ദുര്‍വികാരങ്ങളോടെ സമീപിക്കാനും പ്രേരകമായിട്ടുണ്ട്.

മീഡിയയുടെ ദുഃസ്വാധീനം
ഇത്തരം വിഷയങ്ങളില്‍ ഒരു കാവല്‍ഭടന്റെ റോളില്‍ രംഗത്ത് വരേണ്ട മീഡിയ പലപ്പോഴും എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. റേറ്റിംഗ് കൂട്ടാന്‍ തങ്ങള്‍ക്ക് കിട്ടിയ ആയുധം എന്ന നിലക്കാണ് ഇത്തരം സംഭവങ്ങളെ വാര്‍ത്താ ചാനലുകളും ഫേസ്ബുക്കുകള്‍ പോലുള്ള നെറ്റ് വര്‍ക്ക് സംവിധാനങ്ങളും സമീപിക്കുന്നത്. പരമാവധി സെന്‍സേഷണല്‍ ആക്കാന്‍, പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളില്‍ നടക്കുന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ഒരു സീരിയല്‍ കാണുന്ന ആവേശത്തോടെ കണ്ടിരിക്കുന്ന യുവാക്കളില്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ ഉണ്ടാവുന്നു എന്നതാണ് വസ്തുത. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുന്നു എന്നു മാത്രമല്ല, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും മീഡിയയിലൂടെ മാനസികമായി പിച്ചിച്ചീന്തപ്പെടുന്നു.
ലൈംഗികാഭാസങ്ങള്‍ കുത്തിനിറച്ച സിനിമകളും സീരിയലുകളും കൊണ്ട് മലിനമാക്കപ്പെട്ട മനസ്സുകളെ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ലൈവ് പരിപാടികള്‍ കൂടുതല്‍ പ്രലോഭിപ്പിക്കുകയാണ് ചെയ്യുക. സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ, അവിടെയും പെണ്ണിന്റെ മാന്യത പരമാവധി കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണെന്നും അതിന് ഏതറ്റം വരെയും പോകാമെന്നും യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മീഡിയയുടെ പങ്ക് ചെറുതല്ല. കുടുംബങ്ങള്‍ ഒരുമിച്ചിരുന്ന് കാണാന്‍ അറക്കുന്ന ആഭാസദൃശ്യങ്ങള്‍ ഒറ്റക്കിരുന്ന് കണ്ടാസ്വദിച്ച് ആസക്തികള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ പ്രതിക്കൂട്ടിലാവേണ്ടത് നമ്മുടെ യുവാക്കള്‍ മാത്രമാണോ?
പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ലൈംഗിക പീഡനങ്ങള്‍ നേരത്തെ രൂഢമൂലമായിട്ടുള്ള മറ്റു പല തിന്മകളുടെയും അനന്തരഫലമാണെന്ന് ചുരുക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇവിടെ പലതും ചെയ്യാന്‍ കഴിയും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, യഥാര്‍ഥ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ, കൌണ്‍സലിംഗ് ക്ളാസ്സുകളിലൂടെ കൌമാരക്കാരെയും യുവാക്കളെയും നേര്‍വഴിയില്‍ നടത്താനാവും. ഇവിടെ മറ്റാരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം മാതാക്കള്‍ക്കുണ്ട്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാവ് ഈയിടെ പറഞ്ഞത് ശ്രദ്ധേയമാണ്. 'ആറു മാസം പ്രായമാണെങ്കിലും പെണ്‍കുട്ടിയെ ആരെയും വിശ്വസിച്ച് തനിച്ചാക്കി ഒരു മാതാവും പോകരുത്' എന്ന്. കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കുടുംബങ്ങളില്‍ ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ മാതാക്കള്‍ക്ക് കഴിയണം. അനാവശ്യമായ നോട്ടവും സ്പര്‍ശനവും തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കണം.
ശക്തമായ ബോധവത്കരണത്തിന് മത സാംസ്കാരിക സംഘടനകള്‍ രംഗത്തിറങ്ങേണ്ടതുണ്ട്. മുസ്ലിം സമുദായത്തിന് ഇവിടെ പലതും ചെയ്യാന്‍ സാധിക്കും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന അറേബ്യന്‍ സമൂഹത്തില്‍ 23 വര്‍ഷം കൊണ്ട് അവള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി, സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ പുരുഷനെ പോലെ ഇടപെടാനും ഭരണകര്‍ത്താക്കളെ പോലും ചോദ്യം ചെയ്യാനുമുള്ള അവകാശം നേടിക്കൊടുത്ത വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ ഇന്നും പ്രസക്തമാണ്. ദല്‍ഹി സംഭവത്തെക്കുറിച്ച് ഹുംറ ഖുറൈശി എഴുതുന്നു: "സ്ത്രീയുടെ അവയവങ്ങള്‍ക്കെല്ലാം സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കേണ്ട ജീര്‍ണ യുഗമെന്ന് ഈ സൈബര്‍ യുഗത്തെ വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിതയാണ് ഞാന്‍.'' അതെങ്ങനെ സാധ്യമാകുമെന്ന് വ്യക്തമായ നിര്‍ദേശങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ അധ്യാപനങ്ങളിലും അതിന്റെ വിശദാംശങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഹിജാബ് പോലുള്ള വസ്ത്രധാരണ ചിട്ടകള്‍ അതിനു വേണ്ടിയുള്ളതാണ്. സ്വാതന്ത്യ്രത്തിന്റെ പേരില്‍ പെണ്ണിനെ ഉടുതുണിയുരിഞ്ഞ് തെരുവിലിറക്കി, മീഡിയയിലും മറ്റും അവളുടെ ശരീരം വില്‍പനച്ചരക്കാക്കി ലൈംഗിക പീഡനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന വികലമായ വിമോചന സങ്കല്‍പങ്ങള്‍ക്കെതിരില്‍ അവളുടെ വ്യക്തിത്വും അസ്തിത്വവും വകവെച്ചു നല്‍കുന്ന ഇസ്ലാമിക നിയമങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ പൊളിച്ചെഴുതാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ അന്വേഷിക്കുന്നത് പ്രശ്നം ഇനിയും രൂക്ഷമാക്കാനേ സഹായകമാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം