Prabodhanm Weekly

Pages

Search

2013 ജനുവരി 05

വെടിയൊച്ച നിലക്കാത്ത ആസാമില്‍നിന്ന് മൂന്ന് പത്രപ്രവര്‍ത്തകര്‍

ബഷീര്‍ മാടാല

ആസാം വീണ്ടും അശാന്തമാവുകയാണ്. ചെറിയ ഇടവേളക്കു ശേഷം കലാപകാരികള്‍ ഒരിക്കല്‍കൂടി ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ തങ്ങളുടെ സര്‍വാധിപത്യം അടിച്ചേല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പുണ്ടായ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ കിടക്കുമ്പോഴാണ് വീണ്ടും വെടിയൊച്ചയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഈയിടെ സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ് ടോക്കില്‍ വെച്ച് ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ ജേര്‍ണലിസ്റ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു ദിവസത്തെ സെമിനാര്‍ നടന്നത്. ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഈ സെമിനാറില്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഏഴു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി സെമിനാറില്‍ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ടേയ കട്ജുവുമായി അനുഭവങ്ങള്‍ പങ്കുവെക്കാനും തങ്ങള്‍ നേരിടുന്ന യഥാര്‍ഥ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കാനും ഇവിടെ നിന്നെത്തിയ പ്രതിനിധികള്‍ക്ക് കഴിഞ്ഞു. ഇതില്‍ ഏറ്റവും വികാരനിര്‍ഭരമായ കാഴ്ചകള്‍ക്ക് വേദിയൊരുക്കിയത് ആസാമില്‍നിന്നും എത്തിയ പത്രപ്രവര്‍ത്തകരായിരുന്നു. ഇന്നും കലാപം തുടരുന്ന ആസാമിലെ കൊക്രാജറില്‍നിന്ന് എത്തിയ മൂന്ന് മുസ്ലിം പത്രപ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവിടെ.
ആസാമീയ പ്രതിതിന്‍ പത്രത്തിന്റെ ലേഖകനായ മുഹമ്മദ് സഹീദുല്‍ ഇസ്ലാം, ദൈനിക് ആസാം ദിനപത്രത്തിന്റെ ലേഖകനായ അബ്ദുര്‍റഹ്മാന്‍, ചാനല്‍ റിപ്പോര്‍ട്ടറായ അബ്ദുല്‍ ഹയ്യ് എന്നിവര്‍ കലാപ പ്രദേശത്ത് യഥാര്‍ഥത്തില്‍ എന്തു നടക്കുന്നു എന്നു പറയുന്നു. തങ്ങള്‍ വര്‍ഷങ്ങളായി പത്രപ്രവര്‍ത്തന രംഗത്തുണ്ട്. കലാപത്തിന് മുമ്പും ഈ രംഗത്ത് സജീവമാണ്. തങ്ങളുടെ പത്രസ്ഥാപനങ്ങളിലേക്ക് അവര്‍ നിരന്തരം വാര്‍ത്തകള്‍ എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, കലാപം അവരുടെ വാര്‍ത്താ സ്വപ്നങ്ങളെ ഇല്ലാതാക്കി. യഥാര്‍ഥ വാര്‍ത്തകള്‍ പുറത്ത് എത്തിക്കാന്‍ വഴിയില്ലാതായ മാധ്യമ പ്രവര്‍ത്തകരുടെ നിസ്സഹായാവസ്ഥ അവര്‍ വിവരിച്ചു.
ബോഡോലാന്റുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ പത്രപ്രവര്‍ത്തകര്‍ക്ക് യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തെത്തിക്കാന്‍ കഴിയുന്നില്ല. തങ്ങള്‍ ജോലി ചെയ്യുന്ന പത്രത്തിനും യഥാര്‍ഥ വാര്‍ത്തകള്‍ ആവശ്യമില്ലെന്ന് വന്നാലോ? കൊക്രാജര്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തനം ജീവന്‍ പണയം വെച്ചുള്ള അഭ്യാസമാണ്. മുസ്ലിംകളെ മൃഗീയമായി കൊലപ്പെടുത്തുന്നത് കണ്ടാല്‍ പോലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥ. അഥവാ, ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ ആ റിപ്പോര്‍ട്ടര്‍ ഏത് നിമിഷവും വധിക്കപ്പെടാം എന്ന തിരിച്ചറിവ്. "കലാപനാളുകളില്‍ നിരവധി പേരെയാണ് ബോഡോ തീവ്രവാദികള്‍ തങ്ങളുടെ മുന്നിലിട്ട് അടിച്ചും വെടിവെച്ചും കൊന്നത്. എന്നാല്‍, ഇതൊന്നും വാര്‍ത്തയാക്കാനോ അച്ചടിച്ചുവരുന്നത് കാണാനോ കഴിയാത്തവരാണ് ഞങ്ങള്‍. ബോഡോ തീവ്രവാദികളുടെ മുമ്പില്‍ ഞങ്ങളെല്ലാം മുസ്ലിം തീവ്രവാദികളോ നുഴഞ്ഞുകയറ്റക്കാരോ ആണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഓരോ നീക്കവും ബോഡോകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നു. ഞങ്ങളാരും തന്നെ ബംഗ്ളാദേശികളല്ല. അനേകം തലമുറകളായി ഇന്ത്യയില്‍ കഴിയുന്നവരാണ്.'' പത്രപ്രവര്‍ത്തകര്‍ പറയുന്നു. ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ബോഡോകള്‍ തയാറല്ല. മീഡിയക്കും ഭരണകൂടത്തിനും രാഷ്ട്രീയക്കാര്‍ക്കും ബോഡോകളെ ഭയമാണ്. തീവ്രവാദികള്‍ ഏത് സമയത്താണ് അക്രമം അഴിച്ചുവിടുക എന്ന് പറയാനാവില്ല. അത്രയും സുസജ്ജരാണ് ബോഡോകള്‍. ഭരണകൂടവും മാഫിയകളും അവരുടെ സഹായത്തിനുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങള്‍, കൊലകള്‍, വെടിവെപ്പ്, തീയിട്ട് നശിപ്പിക്കല്‍ ഒന്നും പുറത്തറിയാറില്ല. ഏറ്റവും ഒടുവില്‍ നടന്ന കലാപങ്ങള്‍ പോലും പുറത്തറിയുന്നത് ഒട്ടേറെ വൈകിയാണ്.
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന, ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍ ബംഗ്ളാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന് പറഞ്ഞാണ് ഇവരെ കൊള്ളയടിക്കുന്നതും ആക്രമിക്കുന്നതും. ബംഗ്ളാദേശി കുടിയേറ്റം എന്ന മറയെ തദ്ദേശീയരായ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആയുധമാക്കി ഉപയോഗിക്കുകയാണ് ബോഡോ തീവ്രവാദികള്‍ . "പതിറ്റാണ്ടുകളായി ഞങ്ങളെല്ലാം താമസിക്കുന്നത് ഇവിടെ, ഇന്ത്യന്‍ മണ്ണില്‍ തന്നെയാണ്. ഭാഷ സംസാരിക്കുന്നതിന്റെ പേരില്‍ മാത്രം ഒരു ജനസമൂഹത്തെ കൊന്നൊടുക്കുന്നതിന്റെ പൊരുള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.''
ഒരു തുണ്ട് ഭൂമിയില്ലാത്ത, വെറും കാര്‍ഷികവൃത്തി മാത്രം ജീവിതോപാധിയായ ദരിദ്ര ജനങ്ങളാണ് വടക്കു കിഴക്കന്‍ അതിര്‍ത്തി ജില്ലകളില്‍ കഴിയുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍. അപൂര്‍വം ചിലര്‍ക്ക് മാത്രമേ സ്വന്തമായി കൃഷി സ്ഥലങ്ങള്‍ ഉള്ളൂ. ബാക്കിയുള്ളവരാവട്ടെ ഒരു നേരത്തെ അന്നത്തിനു വേണ്ടി ജന്മിമാരുടെ കൃഷിഭൂമികളില്‍ ഉഴവുകാളകളെപ്പോലെ പണിയെടുക്കുന്നവരാണ്. പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തുടര്‍ന്നു വരുന്ന അവഗണനയുടെ ഇരകളാണിവിടത്തെ മുസ്ലിം ജനസമൂഹം. ജനിച്ച നാട്ടില്‍നിന്ന് ആനുകൂല്യങ്ങള്‍ പോയിട്ട് ജീവനും സ്വത്തിനും സംരക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ഈ പത്രപ്രവര്‍ത്തകര്‍ പറയുന്നു.
കലാപത്തിനു ശേഷം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍നിന്ന് സഹായങ്ങള്‍ ലഭിക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകള്‍ വളരെ ഗുണകരമായിരുന്നു. എങ്കിലും ഒരു ആനുകൂല്യവും ലഭിക്കാത്ത, ഒരു ആശ്വാസവാക്കു പോലും കേള്‍ക്കാത്ത ധാരാളമാളുകള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്നു. ഇപ്പോഴാവട്ടെ തണുപ്പ് തുടങ്ങി കഴിഞ്ഞു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളില്ലാതെ ആയിരക്കണക്കിനാളുകള്‍ ആസാമിലെ കലാപ ബാധിത പ്രദേശങ്ങളില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ഔദാര്യമായി നല്‍കിയ ടാര്‍പോളിന്‍ ഷീറ്റുകളും കുറച്ച് രൂപയും അല്‍പം ഭക്ഷണവും കൊണ്ട് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. ഒരു കലാപത്തിന് വീണ്ടും കോപ്പ് കൂട്ടുകയാണ് ഭരണകൂടമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
ആസാം ജനസംഖ്യയുടെ 29 ശതമാനം മാത്രം വരുന്ന ബോഡോ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് അതിര്‍ത്തി ജില്ലകളുടെ പൂര്‍ണ നിയന്ത്രണം. അതിനാല്‍ അവര്‍ നടത്തുന്ന ഏത് അക്രമവും ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയാണിന്നും നിലനില്‍ക്കുന്നത്. 2003-ല്‍ കേന്ദ്ര സര്‍ക്കാറുമായി ബോഡോലാന്റ് ടെറിറ്റോറിയല്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.ടി.എല്‍.എ) ഒപ്പുവെച്ച സമാധാന കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇവര്‍ക്ക് അതിര്‍ത്തി ജില്ലകളില്‍ സായുധ ഭരണത്തിന് കളമൊരുങ്ങിയത്. അങ്ങനെ ഈ പ്രദേശങ്ങളുടെ ഭരണം ബോഡോലാന്റ് ടെറിറ്റോറിയല്‍ കൌണ്‍സില്‍ പിടിച്ചെടുക്കുകയാണുണ്ടായത്. 70 ശതമാനം വരുന്ന മറ്റിതര ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമോ അവരുടെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ക്ക് സംരക്ഷണമോ ലഭിക്കാത്ത ഭരണസംവിധാനമാണ് ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. സമാധാന കരാര്‍ പ്രകാരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും അതിന്റെ പരിശീലനത്തിനുമൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, വ്യവസ്ഥയും കരാറുകളും ലംഘിച്ചുകൊണ്ട് തീവ്രവാദത്തിലേക്ക് തിരിയുകയാണ് ബോഡോകള്‍ ചെയ്തത്. 2003-ല്‍ ഒപ്പുവെച്ച കരാറിന് ഒരു പതിറ്റാണ്ട് തികഞ്ഞിട്ടും ബോഡോകളുടെ ആക്രമണങ്ങളെ തടയാനോ അവരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറല്ല. അതുകൊണ്ടുതന്നെയാണ് ഇത് സമാധാന കരാര്‍ അല്ലെന്ന് പറയുന്നത്. ആസാമിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം ബോഡോ ടെറിറ്റോറിയല്‍ കൌണ്‍സില്‍ പിരിച്ചുവിടുകയാണ്. ബോഡോകളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത് ജനാധിപത്യത്തിന് വഴിയൊരുക്കിയാല്‍ മാത്രമേ ആസാമില്‍ സമാധാനം പുലരുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം