ഒരേ പൌരന്മാര്‍, രണ്ടു നിയമങ്ങള്‍
ഇറ്റാലിയന്‍ കപ്പലിലെ നാവികരായ കൊലക്കേസ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയുണ്ടായല്ലോ. തികച്ചും അന്യായമായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നിട്ട് വളരെ നിഷ്പ്രയാസം നാട്ടിലേക്ക് പോകാന്‍ കോടതി ജാമ്യം നല്‍കിയിരിക്കുന്നു. അവര്‍ക്ക് ജാമ്യം നല്‍കുന്നതിനോ സ്വന്തം നാട്ടിലേക്ക് പോകുന്നതിനോ ഇവിടെയാരും എതിരല്ല. പക്ഷേ, അവര്‍ക്കിത്ര ലാഘവത്തോടെ നിയമത്തെ മറികടക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണ്?
കോടതിയുടെ പരിഗണന ഇറ്റലിക്കാര്‍ക്കെന്ന പോലെ സ്വന്തം രാജ്യത്തെ ഏതൊരു പൌരനും കിട്ടേണ്ടതല്ലേ? അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യം തന്നെയെടുക്കാം. മഅ്ദനിക്കെതിരെ ഫാഷിസ്റുകളുടെയും മാധ്യമങ്ങളുടെയും വ്യാജാരോപണമല്ലാതെ മറ്റെന്ത് തെളിവുണ്ട്. ഇന്നദ്ദേഹം മാരകരോഗം ബാധിച്ച് മരണത്തെ മുന്നില്‍ കണ്ട് ജയിലില്‍ കഴിയുന്നു. നമ്മുടെ ന്യായാസനങ്ങള്‍ അദ്ദേഹത്തിന്റെ ചികിത്സക്ക് പോലും ജാമ്യം നല്‍കാന്‍ മടിക്കുന്നു. ചോദ്യം ഇതാണ്: നീതിന്യായ വ്യവസ്ഥ ഒരു വിഭാഗത്തിന് മാത്രമുള്ളതോ?
കെ.സി ജലീല്‍ പുളിക്കല്‍
ഇസ്ലാമിക വിദ്യാഭ്യാസം
പുതിയ വഴി കണ്ടെത്തണം
ഇസ്ലാമിയാ കോളേജുകളും അറബിക്കോളേജുകളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ബഷീര്‍ തൃപ്പനച്ചി (ലക്കം 22) വിവരിച്ചതിലും ആഴത്തിലാണ്, മലബാറിലെങ്കിലും (ദക്ഷിണ കേരളത്തില്‍ വ്യത്യസ്തമാണ്). മലബാറിലെ മിക്ക സ്ഥാപനങ്ങളും തുടങ്ങിക്കുടുങ്ങിയ അവസ്ഥയിലാണ്. എല്ലാ സംഘടനകളുടെയും കോളേജുകളുടെ അവസ്ഥ ഏറെക്കുറെ ഇതുതന്നെയാണ്. ഏതാനും 'മഫ്ത'കളുടെ സാന്നിധ്യമാണ് സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നത്. എവിടെയെങ്കിലും വല്ല 'ആണ്‍തരി'യുമുണ്ടെങ്കില്‍ തന്നെ വംശനാശ ഭീഷണിയിലുമാണ്.
കേവലം സിലബസിന്റെ പ്രശ്നം മാത്രമാണോ ഈ ദുരവസ്ഥക്ക് കാരണം? ആണെങ്കില്‍ സിലബസ് മാറ്റത്തിലൂടെ പരിഹാരം കാണാമായിരുന്നു. എന്നാലിത് മലബാറിലെ മതവിദ്യാഭ്യാസത്തെ ആമൂലാഗ്രം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ ഭാഗം കൂടിയാണെന്ന് മതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പഠിച്ചാല്‍ ബോധ്യപ്പെടും. മതവിദ്യാഭ്യാസത്തോട് മലബാറിലെ മുസ്ലിം സമൂഹത്തിലുണ്ടായ മനോഭാവ മാറ്റത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ഇതിന്റെ വേരന്വേഷിച്ചാല്‍ സമുദായത്തിന്റെ സാമ്പത്തിക പുരോഗതിയിലേക്കും ഭൌതിക വിദ്യാഭ്യാസ മുന്നേറ്റത്തിലേക്കുമെല്ലാം എത്തിപ്പെടും:
ഗള്‍ഫ് പണം വന്നുതുടങ്ങിയതോടെ മക്കളെ പ്രൊഫഷനല്‍-ടെക്നിക്കല്‍ കോഴ്സുകളില്‍ ചേര്‍ക്കാനായി മത്സരം. എത്ര പണം ചെലവഴിച്ചും മക്കളെ പരീക്ഷകള്‍ പാസാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ തയാര്‍. ഇതാണ് മലബാറിലെ 'അസൂയാര്‍ഹമായ' വിദ്യാഭ്യാസ പുരോഗതിയുടെ മറുവശം. ഈ മുന്നേറ്റം സമുദായത്തിന് ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ചില പാര്‍ശ്വഫലങ്ങള്‍ ഈ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് മതവിദ്യാഭ്യാസ രംഗത്തുണ്ടായ പിന്നാക്കാവസ്ഥ. മുമ്പ് ഭൌതിക വിദ്യാഭ്യാസരംഗം നേരിട്ടിരുന്ന അവഗണന ഇന്ന് മതവിദ്യാഭ്യാസം നേരിടുകയാണ്. ഭൌതിക വിദ്യാഭ്യാസരംഗത്ത് ഇനിയും ഒരുപാട് മുന്നേറ്റം വ്യവസ്ഥാപിതമായി ഉണ്ടാകുന്നതോടൊപ്പം മതവിദ്യാഭ്യാസരംഗം വീണ്ടെടുത്ത് എങ്ങനെ മുന്നോട്ട് നീങ്ങാം? ഇതെല്ലാം മുസ്ലിം സംഘടനകള്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
ശാഫി മൊയ്തു
പഴയകാലങ്ങള്‍ പറഞ്ഞ് ഇനിയും പിറകെ കൂടാതിരിക്കൂ
കേരള മുസ്ലിം നവോത്ഥാനത്തെക്കുറിച്ച് വിവിധ വീക്ഷണക്കാരെ അണിനിരത്തിയ ചര്‍ച്ച (ലക്കം 27) ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു. സുന്നി വിഭാഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാതിനിധ്യമില്ലാതെ പോയത് പോരായ്മതന്നെ. അന്ധവിശ്വാസ ജടിലമായ ആചാരങ്ങളെ ശക്തമായി ന്യായീകരിക്കുമെങ്കിലും, ശക്തമായ പ്രതിരോധത്തിന് സമസ്ത വിഭാഗങ്ങള്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് സൂക്ഷ്മമായ വിലയിരുത്തല്‍. കാരണം, പ്രത്യക്ഷത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തെയും ഭൌതിക ജ്ഞാനത്തെയും മറ്റും എതിര്‍ത്തുവെങ്കിലും പ്രായോഗികമായി മുജാഹിദുകള്‍ക്കും ജമാഅത്തിനും ഒപ്പമോ ഒരല്‍പം മുമ്പിലോ അവര്‍ സഞ്ചരിച്ചിരുന്നുവെന്നതല്ലേ ശരി. ആ ഒരു ശരിയില്‍ നിന്നാണ് മുസ്ളിംകളുടെ കേരളീയ വികാസത്തിന് ഇന്നത്തെ പൊലിമയുണ്ടായത്. അതിനാല്‍ നവോത്ഥാനം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്.
മറിച്ച് ഉല്‍പതിഷ്ണുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചില മുജാഹിദ് ഗ്രൂപ്പുകള്‍ വാക്കുകളില്‍ യാഥാസ്ഥിതിക നിലപാടുകളെ എതിര്‍ക്കുന്നുണ്ടെങ്കിലും, പ്രവൃത്തിയില്‍ സംഗീതത്തെയും കലയെയും അനുവദിക്കുന്നില്ല. മറ്റുള്ളവരെ കേള്‍ക്കുന്നതിലും വായിക്കുന്നതിലും ആരാധനകളില്‍ പിന്തുടരുന്നതിലും വരെ വിമുഖത കാണിക്കുന്നു. ഇതര മതക്കാരുടെ ആഘോഷങ്ങളില്‍ സൌഹൃദം പങ്കുവെക്കലിനെപോലും അസഹിഷ്ണുതയോടെ കാണുന്നു. ഇന്ന് നാം യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നവര്‍ നാളത്തെ നവോത്ഥാന വിശകലനങ്ങളില്‍ മുന്‍നിരയില്‍ വന്നുകൂടായ്കയില്ല. സി. ദാവൂദ് ചൂണ്ടിക്കാണിച്ചതുപോലെ, സ്പാനിഷ് ഭാഷ പഠിക്കാന്‍ ഇറങ്ങിയവരെ ഇംഗ്ളീഷ് ഹറാമാക്കിയ രേഖ എഴുന്നള്ളിച്ച് തെരുവില്‍ നേരിടാതിരിക്കാനുള്ള വിവേകമെങ്കിലും നാം കാണിക്കുക.
ടി.വി മുഹമ്മദ് കുനിങ്ങാട്
പി. ഗോവിന്ദപിള്ള മനസ്സിലാക്കിയ ഇസ്ലാം
ഐക്യപ്പെടലിന്റെ പുതിയ വാതായനങ്ങള്‍ തേടിയ പി. ഗോവിന്ദപിള്ളയെ അനുസ്മരിച്ച് യു. ഷൈജു എഴുതിയ അനുഭവം (ലക്കം 26) ശ്രദ്ധേയമായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ. സുധീര്‍ നടത്തിയ അഭിമുഖത്തില്‍, ഈശ്വരനില്‍ വിശ്വാസമില്ലെന്നും ഒരു മതത്തിന്റെയും ആവശ്യം ജീവിതത്തില്‍ വന്നിട്ടില്ലെന്നും പറയുന്ന പി.ജി, 'ഏറ്റവും നല്ല മതം ഇസ്ലാം മതമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യ ഗ്രന്ഥങ്ങളില്‍ ഏറ്റവും നല്ലത് ഖുര്‍ആനാണെന്നാണ് എന്റെ അഭിപ്രായം' എന്ന് തുറന്നെഴുതിയിരിക്കുന്നു .
മുഹമ്മദ് പാറക്കടവ്
മഹല്ല് സംസ്കരണം ഇങ്ങനെയും ആകാം
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ നവംബര്‍ അവസാനവാരം മുതല്‍ ഡിസംബര്‍ ആദ്യം വരെ നടന്ന ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാനത്തോടനുബന്ധിച്ച ഉച്ചകോടിയില്‍ വഖ്ഫ് മന്ത്രാലയം ഒരു സര്‍ക്കുലര്‍ ഇറക്കി. നൂറ്റി അന്‍പത് പള്ളികളില്‍ ജുമുഅ ഖുത്വ്ബയിലൂടെ പരിസ്ഥിതിബോധവത്കരണം നടത്താനായിരുന്നു നിര്‍ദേശം. കാലാവസ്ഥാ വ്യതിയാനമടക്കം ഭൂമി നേരിടുന്ന പ്രശ്നങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ള പങ്ക് ഇവയെല്ലാം വിശദീകരിക്കാന്‍ ഖത്വീബുമാരോട് ആവശ്യപ്പെട്ടിരുന്നു. മരങ്ങള്‍ മുറിക്കുന്നതിനും ജലം പാഴാക്കുന്നതിനുമെതിരെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഉദ്ധരിച്ച് സംസാരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട 1500ലേറെ വാക്യങ്ങള്‍ ഖുര്‍ആനിലുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
കേരള ജനസംഖ്യയുടെ ഇരുപത്തി ഏഴ് ശതമാനത്തോളം വരുന്ന ഇസ്ലാം മതവിശ്വാസികള്‍ കൊച്ചു രാഷ്ട്രമായ ഖത്തറിന്റെ ഈ തീരുമാനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. വയലും കായലും കുന്നിന്‍ പുറവും തണ്ണീര്‍ തടങ്ങളും വ്യാപകമായി കൈയേറുകവഴി ആവാസ വ്യവസ്ഥ തന്നെ തകരാറിലാവുന്ന സംസ്ഥാനമാണ് നമ്മുടേത്. തദ്വിഷയകമായി സ്വന്തം അനുയായികളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കേണ്ട ബാധ്യത ആരെക്കാളും മുസ്ലിംകള്‍ക്കാണുള്ളത്. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചവര്‍ക്ക് കായ്കനികള്‍ പക്ഷികള്‍ കൊത്തികൊണ്ട് പോയാലും, തണലില്‍ വഴിയാത്രക്കാര്‍ വിശ്രമിച്ചാലും മരണാനന്തരം പ്രതിഫലം ലഭിക്കുമെന്നും അന്ത്യനാളിന്റെ കാഹളം വിളികേട്ടാലും കൈയിലുള്ള ചെടി നടണമെന്നും പഠിപ്പിച്ചത് നിരന്തരം സമൂഹത്തെ ഓര്‍മപ്പെടുത്തണം. ആകാശത്ത് നിന്ന് അല്ലാഹു ഇറക്കുന്ന മഹാ അനുഗ്രഹമായ മഴ വെള്ളം പാഴാക്കാതിരിക്കാന്‍ മഹല്ലുകളില്‍ തീരുമാനം ഉണ്ടാകണം. ഈ പരിസ്ഥിതി സൌഹൃദ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മതപണ്ഡിതന്മാരും സംഘടനാ നേതാക്കളും മനസ്സ് വെച്ചാല്‍ നാടിനും നാട്ടാര്‍ക്കും ഒരുപാട് പ്രയോജനം ലഭിക്കും.
Comments