Prabodhanm Weekly

Pages

Search

2013 ജനുവരി 05

പ്രവാസിയില്ലെങ്കില്‍ ഇന്നത്തെ കേരളമില്ല

ബാബു ഭരദ്വാജ്

ബാബു ഭരദ്വാജ്   /ത്വയ്യിബ എസ്.എല്‍.പി, മഹ്നാസ് യൂസുഫ്


കേരളീയരുടെ പ്രവാസത്തെ എങ്ങനെയാണ് 
താങ്കള്‍ വിലയിരുത്തുന്നത്?
കേരളത്തിന് തൊഴില്‍ നല്‍കിയത് പ്രവാസമാണ്. കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണ്. പക്ഷേ അത് തിരിച്ചറിയാന്‍ പ്രവാസികള്‍ വൈകിപ്പോയി. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സമൃദ്ധിക്കും കാരണം ഒരുവേള പ്രവാസിയുടെ വിയര്‍പ്പാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രവാസികള്‍ നല്‍കിയ സംഭാവന, പ്രത്യേകിച്ച് സ്ത്രീകളുടെ സംഭാവന എടുത്ത് പറയണം. കേരളത്തിലെ രാഷ്ട്രീയക്കാരും ബിസിനസ് സ്ഥാപനങ്ങളും പ്രവാസിയുടെ നാടിനോടുള്ള സ്നേഹത്തെയും, ത്യാഗമനോഭാവത്തെയും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി യഥേഷ്ടം ചൂഷണം ചെയ്യുകയാണ്. പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു. പ്രവാസി മലയാളി ഇല്ലായിരുന്നെങ്കില്‍ പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളം വീണ്ടും സമുദ്രത്തിലാണ്ട് പോയേനെ.

ടി.വി കൊച്ചുബാവ, ബെന്യാമിന്‍, താങ്കള്‍ അങ്ങനെ ചുരുക്കം പേര്‍ മാത്രമാണ് പ്രവാസത്തിന്റെ എഴുത്തുകാരായി അറിയപ്പെടുന്നത്. പ്രവാസ രചനകളുടെ ഈ ദൌര്‍ലഭ്യത്തിനു കാരണം?

പ്രവാസികളുടെ ജീവിതം ഒരു മിഥ്യയാണ്. കുടുംബം, സ്വദേശം തുടങ്ങി പലതിനെയും കുറിച്ചുള്ള നഷ്ടബോധം അവര്‍ക്ക് എഴുത്തിനുള്ള ഒരു മാനസികാവസ്ഥ നല്‍കുന്നില്ല. ഞാനാണെങ്കില്‍ സമ്പാദിക്കാനായിട്ടല്ല പ്രവാസം തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ എനിക്ക് എന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങള്‍ കഥയാക്കാന്‍ സാധിച്ചു. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നാണ് എന്റെ കഥകള്‍ രൂപപ്പെട്ടത്. നാട്ടിലുള്ളവരുടെ സങ്കല്‍പത്തില്‍ നിന്ന് തീര്‍ത്തും വിപരീതമാണ് പ്രവാസിയുടെ ജീവിതം. അത് പലപ്പോഴും വളരെ ദയനീയമാണ്. തന്റെ പ്രവാസ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രം പുറംലോകത്തോട് പറയാന്‍ അതുകൊണ്ട് തന്നെ അവര്‍ ഭയക്കുന്നു. എന്റെ പ്രവാസംകൊണ്ട് സമ്പാദിക്കലാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഞാന്‍ എഴുത്തുകാരനാകുമായിരുന്നില്ല. പ്രവാസത്തെക്കുറിച്ച്, അതിലെ തീക്ഷ്ണമായ ജീവിതാനുഭവത്തെക്കുറിച്ച് ഇനിയും രചനകള്‍ പുറത്തുവരണം.

പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നു പറയാറുണ്ട്. സത്യമാണോ?
ഓരോ പ്രവാസിയും തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്. വൈകാരികമായ അകല്‍ച്ച തോന്നും. സ്വന്തം ഭാര്യക്ക് പോലും പൊരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥ. നാടിനെയും വീടിനെയും കുടുംബത്തെയും നന്നാക്കിയെങ്കിലും പ്രവാസി തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാത്ത അപരിചിതനാണ്. പ്രവാസത്തിന്റെ ജീവിത യാഥാര്‍ഥ്യമാണത്. പ്രവാസിയുടെ കുറിപ്പുകളില്‍ 'പ്രണയലേഖനങ്ങള്‍' എന്ന എന്റെ കഥയില്‍ ഭാര്യ എനിക്കെഴുതുന്ന കത്ത് വിവരിക്കുന്നുണ്ട്. "രേശു കൈവിരല്‍ മൊത്തി ഉറങ്ങുന്നു. ഗീച്ചു ഉറക്കത്തില്‍ ചിരിക്കുന്നു. നമ്മുടെ മക്കളുടെ ഓരോ നിമിഷത്തെയും വളര്‍ച്ച കാണാന്‍ നിങ്ങള്‍ക്കാവുന്നില്ലല്ലോ? ഒന്നോര്‍ത്തു നോക്കൂ. എന്തൊരു നഷ്ടമാണത്. ഇതിനേക്കാള്‍ വലിയ ഒരു നഷ്ടം നിങ്ങള്‍ക്കിനി ജീവിതത്തില്‍ സംഭവിക്കാനില്ല. കുട്ടികളുടെ കളിയും ചിരിയും കരച്ചിലും അറിയാനും അനുഭവിക്കാനും കഴിയാതിരിക്കുക. അവരുടെ കിനാവുകളും ഉത്കണ്ഠകളും ആകാംക്ഷകളും പങ്കുവെക്കാന്‍ കഴിയാതിരിക്കുക. അവരൊത്ത് ഉറങ്ങാനും ഉണരാനും കഴിയാതിരിക്കുക.''
തുടക്കത്തില്‍ പ്രവാസിയെക്കുറിച്ച് നാട്ടിലുള്ളവര്‍ക്ക് നല്ല ധാരണയായിരുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനക്ക് കാരണക്കാരന്‍ പ്രവാസിയാണെന്നായിരുന്നു പൊതുവേ ധാരണ. വേര്‍പ്പാടിന്റെ വേദനകളില്‍ നിന്ന് മോചിതനായി നാട്ടിലെത്തുന്ന പ്രവാസി ഏതാനും ദിവസങ്ങള്‍ തന്റെ കുടുംബത്തോടൊപ്പം ആഡംബരത്തോടെ ആസ്വദിച്ചിരുന്നത് സമൂഹം അഹങ്കാരമായി കണ്ടു. യഥാര്‍ഥത്തില്‍ 23 മാസം കുടുംബത്തെ ജീവിപ്പിക്കുകയും ഒരുമാസം മാത്രം സ്വയം ജീവിക്കുകയും ചെയ്യുന്നവനാണ് പ്രവാസി. അവന്റെ നോവും നൊമ്പരവും ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടില്ല.
"എന്റെ മക്കളുടെ ശൈശവ സ്മൃതികളില്‍ അവരുടെ അച്ഛന്‍ വല്ലപ്പോഴും കനത്ത പെട്ടിയും തൂക്കി വരുന്ന ഒരു പരദേശിയായിരിക്കും. കുറെ നാള്‍ ആഘോഷത്തോടെ വീട്ടില്‍ വന്ന് തിരിച്ച് പോകുന്ന വിരുന്നുകാരന്‍. നിറയെ ഉടുപ്പുകളും മിഠായികളും കളിക്കോപ്പുകളും തരുന്ന ഒരാള്‍. കളിക്കോപ്പുകള്‍ പൊട്ടി തീരുന്നത്വരെ ഉടുപ്പുകള്‍ നിറം മങ്ങുന്നത് വരെ ഓര്‍ത്ത് വെക്കേണ്ട ഒരാള്‍'' (പ്രവാസിയുട കുറിപ്പുകള്‍).

'ആയിഷയുടെ ഗര്‍ഭം' എന്ന താങ്കളുടെ കഥയിലെ വിരഹിണിയായ ആയിഷയെപ്പോലെ താങ്കളുടെ എഴുത്തുകളില്‍ സ്ത്രീ കഥാപാത്രങ്ങളെ നന്മയുടെ പ്രതീകമായി താങ്കള്‍ എഴുതിക്കണ്ടു?
എന്റെ എഴുത്തുകളില്‍ ഞാന്‍ സ്ത്രീകളെ എന്നും മഹനീയമായി ചിത്രീകരിച്ചിട്ടുണ്ട്. എന്റെ സ്ത്രീ കഥാപാത്രങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് എന്റെ അമ്മയാണ്. അമ്മ എന്ന് പറയുമ്പോള്‍ തന്നെ ത്യാഗസുരഭിലയായ അമ്മയാണ് എനിക്കെന്നും ഓര്‍മ വരുക. അമ്മ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്നു. അഛന്‍ നേരത്തെ മരണപ്പെട്ടതിനാല്‍ അമ്മ ഞങ്ങള്‍ ആറു മക്കളെ വളരെയധികം ത്യാഗം സഹിച്ചാണ് വളര്‍ത്തിയത്. വെറും എഴുപത്തിരണ്ടു രൂപ മാത്രം മാസവരുമാനമുള്ള അമ്മ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വളരെ വിദഗ്ദ്ധയായിരുന്നു. അമ്മ 'അന്ന് ധനകാര്യമന്ത്രി ആയിരുന്നെങ്കില്‍' എന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. ഭാവിയില്‍ ഞങ്ങള്‍ മക്കള്‍ സമ്പത്തിന്റെ പേരില്‍ വഴക്കിടരുതെന്ന് അമ്മ അമിതമായി ആഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ക്കിടയില്‍ നല്ല അടുപ്പവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പട്ടിണി കിടന്നാണ് അമ്മ ഞങ്ങളെ പോറ്റിയിരുന്നത്. അമ്മയുടെ മരണശേഷമാണ് ത്യാഗസുരഭിലമായ മാതൃത്വത്തിന്റെ മഹത്വം ഞാന്‍ തിരിച്ചറിഞ്ഞത്.
സ്ത്രീ മനസ്സിന്റെ വേദനകളെ ഞാന്‍ എന്നും തിരിച്ചറിയുന്നു. അവരിലെ നന്മകളെ മലയാളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു. സ്ത്രീകളുള്ളത് കൊണ്ടാണ് നാം പ്രവാസികളാവുന്നത്. സ്ത്രീകളുള്ളതുകൊണ്ടാണ് നാം തിരിച്ചുവരുന്നത്. അത് ഭാര്യയാവാം, അമ്മയാവാം, സഹോദരിമാരാവാം, പെണ്‍മക്കളാവാം. എന്നാല്‍, സ്നേഹിക്കാന്‍ ആരുമില്ലാത്ത ഹതഭാഗ്യരായ പ്രവാസികള്‍ ഒരിക്കലും തിരിച്ചുപോകില്ല.

ഇന്നത്തെ സ്ത്രീ സമൂഹത്തോട് താങ്കള്‍ക്ക് പറയാനുള്ളത്...?
അതിജീവനത്തിന്റെ അവസാന വാക്കാണ് സ്ത്രീ. നല്ലവരായ സ്ത്രീകള്‍ ഇനിയും ഒരുപാട് വളര്‍ന്ന് അധികാരം വരെ കയ്യിലെടുക്കേണ്ടതുണ്ട്. നിലവില്‍ സ്ത്രീക്ക് ടമേൌീൃ്യ അധികാരം കിട്ടിയെന്നല്ലാതെ അതിന്റെ പൂര്‍ണത നേടാന്‍ സാധിച്ചിട്ടില്ല. ഏറ്റവും നല്ല ഭരണാധികാരി സ്ത്രീയാണ്. സ്ത്രീകളില്‍ കരുണയുണ്ട്, അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ സാമാന്യ നീതി നല്‍കാന്‍ സ്ത്രീകള്‍ക്കാവും.
ഇപ്പോഴത്തെ കുടുംബ ബന്ധങ്ങള്‍ പഴയതുപോലെ ഭദ്രമല്ല. കാലത്തിന്റെ മാറ്റത്തോടൊപ്പം വൈകാരികതയും മാറി. സ്ത്രീകളെ വാശിയുടെയും ക്രൂരതയുടെയും പ്രതീകങ്ങളായി ടി.വി ചാനലുകള്‍ മത്സരിച്ച് ചിത്രീകരിക്കുന്നു. സിനിമയെക്കാള്‍ അപകടം ഇന്ന് ടി.വി സീരിയലുകളാണ്. അഹങ്കാരത്തിന്റെയും അസൂയയുടെയും ക്രൂരതയുടെയും കഥാപാത്രങ്ങളെ ആവാഹിച്ചു സ്വയം വഞ്ചിതരായിട്ടാണ് സ്ത്രീകളെ ടി.വി സീരിയലുകള്‍ ചിത്രീകരിക്കുന്നത്. ഒരിക്കലും ഒരു സ്ത്രീക്കും യഥാര്‍ഥത്തില്‍ ആവാന്‍ സാധിക്കാത്ത അത്രയും മോശമായ ഭാവങ്ങള്‍ ചിത്രീകരിക്കുന്നു. അത്തരം സീരിയലുകള്‍ നമ്മുടെ നിഷ്കളങ്കരായ സ്ത്രീകളെ രസിപ്പിക്കുകയും ഒപ്പം സ്വാധീനിക്കുകയും ചെയ്യുന്നു. ഇതിനെതിരെ തീര്‍ച്ചയായും നാം പ്രതികരിക്കേണ്ടതുണ്ട്.

"മനുഷ്യ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സംഘശക്തിയായി വളരുന്നത് മുസ്ലിം കഥാപാത്രങ്ങളാണ്. അതുകൊണ്ട് ചിലപ്പോള്‍ ഇതൊക്കെ എന്നെ ആഴത്തില്‍ സ്വാധീനിച്ച ഇസ്ലാമിക അനുഭവമായിരിക്കണം.'' (അനുഭവം ഓര്‍മ യാത്ര) എന്നെഴുതിയതിനെക്കുറിച്ച്?
എന്റെ അയല്‍ബന്ധങ്ങളിലധികവും മുസ്ലിംകളാണ്. അന്നത്തെക്കാലത്ത് അയല്‍ബന്ധം വളരെ സൌഹൃദപൂര്‍ണവും സുതാര്യവുമായിരുന്നു. ഇന്നത്തെപ്പോലെ വര്‍ഗീയ ചിന്തകള്‍ ഇല്ല. എന്റെ ഗ്രാമമായ പൂക്കാടിലെ ജീവിത സാഹചര്യമാണ് എന്റെ മുസ്ലിം കഥാപാത്രങ്ങളെ സ്വാധീനിച്ചത്. അമ്മയുടെയും അഛന്റെയും വഴക്ക് തീര്‍ക്കാന്‍ അയല്‍പക്കത്തുള്ള മമ്മദ്ക്കയാണ് ഇടപെട്ടിരുന്നത്. വിവിധ വര്‍ഗീയ സംഘടനകളുടെ വരവോട് കൂടിയാണ് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍ക്ക് കോട്ടം തട്ടിയത്.
"രാഷ്ട്രീയ ലേഖകന്‍ എഞ്ചിനീയര്‍, എഴുത്തുകാരന്‍, കച്ചവടക്കാരന്‍, കോണ്‍ട്രാക്ടര്‍, സിനിമ പ്രവര്‍ത്തകന്‍ അങ്ങനെ പലതായി ജീവിച്ചു. ഒരിടത്തും എനിക്ക് വേരില്ലാതായി. എല്ലായിടത്തും ഞാനിന്നു ഗര്‍ഷോം ആണ്'' ('ഗര്‍ഷോം'-പ്രവാസിയുടെ കുറിപ്പുകള്‍). ഏത് റോളിലാണ് താങ്കള്‍ ഏറ്റവും സംതൃപ്തി അനുഭവിക്കുന്നത്, ഏത് പേരിലാണ് താങ്കള്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.
തീര്‍ച്ചയായും എഴുത്തുകാരന്‍. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെയാണ് ഞാന്‍ ഏറെ സംതൃപ്തി നേടിയതും... എന്റെ സഞ്ചാരം തീര്‍ച്ചയായും എഴുത്തിനുള്ള ഒരുപാട് അനുഭവ സമ്പത്ത് എനിക്ക് നല്‍കി. കേരളത്തില്‍ അധിക ജില്ലകളിലും ഞാന്‍ താമസിച്ചിട്ടുണ്ട്. എന്റെ ചെറുപ്പകാലം തൊട്ട് തന്നെ ഒരിടത്തും എനിക്ക് വേരില്ലാതായി. പത്താം തരം വരെ പതിനഞ്ച് സ്കൂളുകളിലായാണ് ഞാന്‍ പഠിച്ചത്. ഒരു ഗര്‍ഷോമിന്റെ മാനസികമായ അരക്ഷിതാവസ്ഥ ഞാന്‍ എന്നും അനുഭവിച്ചുകൊണ്ടിരുന്നു.

"അഛന്‍ ഖുറാന്‍ ഓതുമായിരുന്നു. അഛന്‍ നേരത്തെ മരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു ഖുര്‍ആന്‍ പണ്ഡിതനാവുമായിരുന്നു.'' താങ്കള്‍ക്ക് ഖുര്‍ആനുമായുള്ള ബന്ധം...?
ഞാന്‍ ചെറുപ്പത്തില്‍ അഛന്‍ ഖുര്‍ആന്‍ ഓതുന്നത് കേട്ടിട്ടുണ്ട്. ഖുര്‍ആന്‍ ഓതി അര്‍ഥം വിശദീകരിച്ചിട്ടാണ് അഛന്‍ രാഷ്ട്രീയം പറഞ്ഞിരുന്നത്. ഖുര്‍ആന്‍ ഒരു ആധ്യാത്മിക ഗ്രന്ഥം മാത്രമായിട്ടല്ല, അതൊരു ജീവിതവ്യവസ്ഥ കൂടിയായിട്ടാണ് അഛന്‍ പ്രയോഗിച്ചത്. അഛന്റെ മരണശേഷം ഖുറാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല.

എഴുത്തിനും വായനക്കുമുള്ള പ്രോത്സാഹനം?
എന്റെ അഛന്‍. എന്റെ അഛന്‍ നന്നായി വായിക്കുമായിരുന്നു. പാര്‍ട്ടി നാടകങ്ങള്‍ക്കുവേണ്ടി അഛന്‍ ധാരാളം എഴുതിയിട്ടുണ്ട്. എല്ലാതരത്തിലുമുള്ള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ വീട്ടിലുണ്ടായിരുന്നു.

താങ്കളുടെ പുസ്തകം സിനിമയായി ചിത്രീകരിച്ച് കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?
ഇല്ല. പ്രശസ്ത ജാപ്പാനീസ് എഴുത്തുകാരന്‍ ഠലൌസീ ഗ്യൌൃീമിമഴശ ഒരിക്കല്‍ പറയുകയുണ്ടായി, തന്റെ കഥാപാത്രത്തിന്റെ മൌലികത അത് സിനിമയായി ചിത്രീകരിച്ചാല്‍ നഷ്ടപ്പെടുമെന്ന്. അതേ അഭിപ്രായമാണ് എനിക്കുമുള്ളത്. മുമ്പ് എന്റെ അനുവാദമില്ലാതെ ശവഘോഷയാത്ര എന്ന എന്റെ ഒരു കഥ സിനിമയാക്കി. കോടതിയില്‍ അന്ന് ഞാന്‍ അതിനെതിരെ കേസ് നല്‍കി. ഒരമ്മയുടെയും മകന്റെയും കഥയാണത്. അമ്മയുടെ മൃതദേഹവുമായി അമേരിക്കയില്‍ നിന്നും വരുന്ന മകന്റെ ആത്മസംഘര്‍ഷങ്ങളാണ് അതില്‍ പറയുന്നത്.

കുവൈത്തിലേക്കുള്ള താങ്കളുടെ സന്ദര്‍ശനത്തെക്കുറിച്ച്...?
ഈ യാത്ര തികച്ചും അവിസ്മരണീയമാണ്. എന്റെ നാട്ടിലെ ചെറുപ്പം മുതലേയുള്ള സുഹൃത്തും സഹായിയുമായ അബൂബക്കറിനെ കാണണമെന്നാണ് കുവൈത്തിലേക്ക് വരുമ്പോഴുള്ള എന്റെ ആദ്യത്തെ ആഗ്രഹം. അദ്ദേഹത്തെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പറയാതെ വയ്യ.
പ്രവാസിയായി ജീവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ്...'പ്രവാസിയുടെ കുറിപ്പുകള്‍' എന്ന പുസ്തകത്തിന് കുവൈത്തിലെ മലയാളികള്‍ തന്നെ 'പ്രവാസി സാഹിത്യ പുരസ്കാരം' നന്ദിപൂര്‍വം ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍പോലും ഇത്രയധികം സന്തോഷം തോന്നിയിട്ടില്ല. പ്രവാസത്തെക്കുറിച്ച് എഴുതിയതിന്റെ പേരില്‍ എനിക്ക് കിട്ടുന്ന സ്നേഹവും പരിഗണനയും സന്തോഷം നല്‍കുന്നതാണ്.

പ്രവാസി സാഹിത്യ പുരസ്കാരം ലഭിച്ച 'പ്രവാസിയുടെ കുറിപ്പുകളെ'ക്കുറിച്ച്...?
ജര്‍മനിയില്‍ ഒരു പരിപാടിയില്‍ എം.ടി, സക്കറിയ, സച്ചിദാനന്ദന്‍ എന്നിവരോടൊപ്പം ഞാന്‍ പങ്കെടുത്തപ്പോള്‍ എം.ടി തന്റെ പ്രസംഗത്തില്‍ 'പ്രവാസിയുടെ കുറിപ്പുകളെ'ക്കുറിച്ച് ധാരാളം സംസാരിച്ചു. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ എം.ടിയോട് ചോദിച്ചു. "താങ്കള്‍ കേരളത്തില്‍വെച്ച് ഇതിനെക്കുറിച്ച് ഇത്രയധികം സംസാരിച്ചിട്ടില്ലല്ലോ'' എന്ന്.
മലയാളത്തിന്റെ മഹാനായ കഥാകാരന്‍ ഒ.വി വിജയനാണ് തനിക്ക് പ്രവാസിയുടെ കുറിപ്പുകള്‍ എഴുതാന്‍ പ്രചോദനം നല്‍കിയത്. നിരവധി പ്രവാസികളുടെ പച്ചയായ ജീവിതാനുഭവത്തില്‍ നിന്ന് പിറവിയെടുത്തതാണ് 'പ്രവാസിയുടെ കുറിപ്പുകള്‍. ഈ അനുഭവ കുറിപ്പുകള്‍ വഴി എനിക്ക് ഒരുപാട് സ്നേഹം കിട്ടി. അതില്‍ ഞാന്‍ കുറിച്ചത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. "ഒരു കാര്യം സത്യം, അയല്‍ക്കാരന്റെ തീന്‍മേശയിലെ അപ്പം കണ്ടുകൊണ്ട് നമ്മുടെ കിണ്ണങ്ങള്‍ നിരത്താനാവില്ല. നമ്മുടെ അപ്പം തന്നെ നാം ചുട്ടെടുക്കേണ്ടിയിരിക്കുന്നു.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം