Prabodhanm Weekly

Pages

Search

2013 ജനുവരി 05

പ്രശ്നവും വീക്ഷണവും

എം.വി മുഹമ്മദ് സലീം

ഡ്യൂട്ടിക്ക് തടസ്സമാകുന്ന നമസ്കാരം?
ഞാന്‍ ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഡ്യൂട്ടി സമയങ്ങളില്‍ }ഞാന്‍ നമസ്കാരത്തിന് ഇറങ്ങിപ്പോകുന്നത് സഹജീവനക്കാര്‍ക്ക് പ്രയാസമുള്ളതായി അറിയാന്‍ കഴിഞ്ഞു. ഡ്യൂട്ടി സമയം കഴിഞ്ഞ് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയോ, അതോ നമസ്കാരത്തിന് തടസ്സമുള്ള ജോലി ഒഴിവാക്കേണ്ടിവരുമോ?

നമസ്കാരം അതിന്റേതായ സമയത്ത് നിര്‍വഹിക്കുന്നത് ഏറ്റവും പുണ്യമുള്ള കര്‍മമാണ്. നമസ്കാരത്തിന്റെ പൂര്‍ണത സംഘടിതമായി പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നതിലാണ്.
ഇസ്ലാമിക ജീവിതത്തിന്റെ ഒരു ഭാഗമാണ് ഏറ്റെടുത്ത ജോലി കൃത്യമായും ഭംഗിയായും നിര്‍വഹിക്കുകയെന്നത്. പുണ്യമുള്ള കര്‍മമാണത്. അത് നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വിശ്വസ്തതക്ക് ഭംഗം വരുന്ന കുറ്റമാണ്.
ജോലിയും നമസ്കാരവും ക്രമീകരിച്ച് ഓഫീസുകളില്‍ സംഘടിതമായി നമസ്കാരം നിര്‍വഹിക്കുവാനുള്ള സൌകര്യമൊരുക്കിയിരിക്കുകയാണ് പല മുസ്ലിം നാടുകളിലും. ജോലിക്കിടയില്‍ നമസ്കാരം നിര്‍വഹിക്കാനായി അധിക സമയം പാഴായി പോകാതിരിക്കാന്‍ ഈ രീതി സഹായകമാണ്.
വിശാലമായ സമയത്തിനുള്ളില്‍ നിര്‍വഹിക്കാവുന്ന ഒരു ഇബാദത്താണ് നമസ്കാരം. ഈ സമയ വിശാലത അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പ്രയാസമില്ലാതെ ആരാധനാ കര്‍മം നിര്‍വഹിക്കാന്‍ വേണ്ടിയാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. നബി(സ) ഓരോ നമസ്കാരത്തിന്റെയും സമയം ആരംഭിക്കുന്നതും അവസാനിക്കുന്നതും അനുചരന്മാര്‍ക്ക് കൃത്യമായി പഠിപ്പിച്ച് കൊടുക്കുകയുണ്ടായി. ഈ സമയ വിശാലത പരിഗണിച്ചുകൊണ്ടാണ് നമസ്കാരം സാധുവാകാനുള്ള നിബന്ധനകള്‍ നിര്‍ണയിച്ചിട്ടുള്ളത്.
നമസ്കരിക്കാന്‍ മാനസികമായി സന്നദ്ധത ഇല്ലാത്തവരും നമസ്കാരത്തെ കാത്തിരിക്കുന്നവരും തമ്മില്‍ വലിയ അന്തരമുണ്ട്. നമസ്കാരത്തിന്റെ സമയം ആരംഭിച്ചത് മുതല്‍ ആ നമസ്കാരം നിര്‍വഹിക്കാനുള്ള ആഗ്രഹം സത്യവിശ്വാസികളുടെ മനസ്സില്‍ ഉണ്ടായിരിക്കും.
പ്രധാന ഹദീസ് ഗ്രന്ഥങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഒരു തിരുവചനമിതാ: "നിങ്ങള്‍ നമസ്കാരം കാത്തിരിക്കുമ്പോഴെല്ലാം നമസ്കരിക്കുന്നത് പോലെയാണ്.'' ഈ കാത്തിരിപ്പിന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും എന്നര്‍ഥം. ഒരു രാത്രി ഇശാ നമസ്കാരം നിര്‍വഹിക്കാന്‍ അനുചരന്മാര്‍ പള്ളിയിലെത്തി. നബി(സ) തിരുമേനി പള്ളിയില്‍ വന്നു കാണാത്തതില്‍ അസ്വസ്ഥരായി അവര്‍ മണിക്കൂറുകള്‍ കാത്തിരുന്നു. അവരെ അനുമോദിച്ചുകൊണ്ടാണ് തിരുമേനി(സ) ഈ വചനം പറഞ്ഞത്. നമസ്കരിക്കാനുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതോടൊപ്പം ഇശാ നമസ്കാരം വൈകി നമസ്കരിക്കുന്നത് വളരെ പുണ്യമുള്ള ഒരു കാര്യമായാണ് ഈ തിരുവചനത്തില്‍ പഠിപ്പിക്കുന്നത്.
നാലു നേരത്തെ നമസ്കാരങ്ങള്‍ നിര്‍വഹിക്കാന്‍ യാത്രക്കാര്‍ക്ക് പ്രത്യേകം ആനുകൂല്യം നല്‍കിയിരിക്കുന്നു. റക്അത്തുകളുടെ എണ്ണത്തില്‍ ആനുകൂല്യമുണ്ട്. നാല് റക്അത്തുള്ള നമസ്കാരം രണ്ടായി ചുരുക്കി നമസ്കരിക്കാം. സമയത്തിന്റെ കാര്യത്തിലും ആനുകൂല്യമുണ്ട്. രണ്ട് നമസ്കാരങ്ങള്‍ അവയിലേതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വഹിച്ചാല്‍ മതി. വിശുദ്ധ ഖുര്‍ആനില്‍ നാലാമത്തെ അധ്യായത്തില്‍ 103-ാം വചനം "നമസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കിയിരിക്കുന്നു.'' പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാഹു ഇളവനുവദിച്ചുകൊണ്ട് വിശ്വാസികളെ അനുഗ്രഹിച്ചിരിക്കുകയാണ്. പ്രവാചകന്‍(സ) യാത്രയിലെ നമസ്കാരത്തെ വിശദീകരിച്ചത് ഇങ്ങനെയുള്ള ആനുകൂല്യമായാണ് മനസ്സിലാക്കേണ്ടത്.
എല്ലാ സൌകര്യങ്ങളോടും കൂടി സാധാരണ ജീവിതം നയിക്കുമ്പോള്‍ വളരെയേറെ നിഷ്ഠയില്‍ നിര്‍വഹിക്കേണ്ട കര്‍മമാണ് നമസ്കാരം. പ്രത്യേക സാഹചര്യങ്ങളില്‍ ഇസ്ലാമനുവദിച്ച ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി റക്അത്തുകളുടെ എണ്ണം ലഘൂകരിച്ചും നമസ്കാര സമയത്തില്‍ വിട്ടുവീഴ്ചയോടുകൂടിയും നിര്‍വഹിക്കാമെന്നാണ് ഉപര്യുക്ത വസ്തുതകളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ ഗ്രഹിച്ചെടുത്തത്. ഇസ്ലാമിക രാഷ്ട്രത്തില്‍ നമസ്കാരമുപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ ശിക്ഷ വിധിക്കുന്നതിന് മുമ്പ് അന്യോന്യം ചേര്‍ത്തു നമസ്കരിക്കാവുന്ന സമയം കഴിഞ്ഞിട്ടും നമസ്കാരം നിര്‍വഹിക്കാതിരിക്കണം. അപ്പോള്‍ മാത്രമേ ഒരാളെ നമസ്കാരം ഉപേക്ഷിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ പാടുള്ളൂ.
ചോദ്യകര്‍ത്താവ് തന്റെ ജോലിയുടെ സ്വഭാവവും സമയവും എഴുതിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പരിമിതിയുണ്ട്. ജോലി സ്ഥലത്ത് നിന്നുതന്നെ നമസ്കാരം നിര്‍വഹിക്കാന്‍ സൌകര്യമുണ്ടോയെന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ നമസ്കാരം നിര്‍വഹിക്കാന്‍ വളരെ കുറച്ച് മിനുട്ടുകളേ ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടതുള്ളൂ. അത് സഹപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാന്‍ ഇടയില്ല. ജോലിയില്‍ നിന്ന് മാറിനിന്ന് പള്ളിയില്‍ പോയി നമസ്കരിച്ച് തിരിച്ച് വരാന്‍ കുറച്ചധികം സമയം വേണ്ടി വരുന്നതിനാലാണ് അത് മറ്റുള്ളവരുടെ വിമര്‍ശനത്തിന് കാരണമാവുന്നത്.
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് നമ്മുടെ വിശ്വാസമാണല്ലോ. അതേ വിശ്വാസം അനാമത്തുകളും കരാറുകളും പരിഗണിക്കാനും പ്രചോദനമാവണം. വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തിമൂന്നാം അധ്യായം ആരംഭം മുതല്‍ 9-ാം വചനം വരെ വിജയികളായ വിശ്വസികളുടെ വിശേഷണങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. നമസ്കാരത്തിലെ മനസ്സാന്നിധ്യമാണ് ഏറ്റവും ആദ്യം എടുത്തുപറഞ്ഞത്. കരാറുകള്‍ ചിട്ടയോടെ നിര്‍വഹിക്കുന്നതും കൂട്ടത്തില്‍ പറഞ്ഞിരിക്കുന്നു. മത കര്‍മങ്ങളില്‍ ചിട്ടയുള്ള പലരും നിത്യജീവിതത്തിലെ ഇസ്ലാമിക ശിക്ഷണങ്ങളും ധാര്‍മിക നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പലപ്പോഴും പിറകിലാണ്. ഔദ്യോഗിക ജീവിതം മാതൃകാപരമാക്കുന്നത് നമസ്കാരത്തെ പോലെത്തന്നെ പുണ്യമുള്ള ഇബാദത്താണ്. മുസ്ലിം സമുദായം മാതൃകാ ജീവിതത്തിലൂടെ നന്മയുണ്ടാക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരാണ്. ഈ മാതൃകാ ജീവിതത്തിന്റെ അതിപ്രധാന മേഖലയാണ് നാമേറ്റെടുക്കുന്ന ജോലികള്‍.

 

കപ്പലിലെ ജോലിയും ജുമുഅ നമസ്കാരവും
എന്റെ മകന്‍ മറൈന്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോഴ്സ് പൂര്‍ത്തിയാവാന്‍ ഇനി രണ്ടു മാസം മാത്രമാണുള്ളത്. കുടുംബത്തിലെ ഏറ്റവും അടുത്ത വ്യക്തി കപ്പലില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലിമായ പുരുഷന് ജുമുഅ നമസ്കാരം നഷ്ടപ്പെട്ടാലുണ്ടാകുന്ന ദൈവശിക്ഷയെക്കുറിച്ച് മകന്‍ വല്ലാതെ ചിന്തിച്ചു പ്രയാസപ്പെടുന്നു. പഠിക്കാന്‍ തുടങ്ങിയ കാലത്ത് മകനോ രക്ഷിതാക്കളോ അതേ കുറിച്ചു ചിന്തിക്കുകയോ പിന്മാറുകയോ ചെയ്തില്ല. പഠനം തുടങ്ങി കുറെ കഴിഞ്ഞപ്പോഴാണ്, കപ്പലില്‍ ജോലി തുടങ്ങിയാല്‍ ജുമുഅ നമസ്കാരം നഷ്ടപ്പെടുമെന്ന് ചിന്തിച്ചത്. ഇനിയെന്ത് ചെയ്യും? കപ്പലില്‍ ജോലിയെടുക്കുന്നവര്‍ക്കുള്ള ജുമുഅ നമസ്കാരത്തിനുള്ള ഇസ്ലാമിക വിധി എന്ത്?


ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്ലിമിന് തനതായ വ്യക്തിത്വത്തോടെ പ്രവര്‍ത്തിക്കാനുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധാരണ ജീവിതത്തില്‍നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കഴിയേണ്ടിവരും. അപ്പോള്‍ ആരാധനാ കര്‍മങ്ങള്‍ സാധാരണ പോലെ കൃത്യമായി നിര്‍വഹിക്കുന്നതിന് പ്രതിബന്ധമുണ്ടാകാം.
ഇസ്ലാമിക ഖിലാഫത്തിന്റെ പതനത്തിന് മുമ്പുള്ള സുവര്‍ണ കാലത്ത് ലോകത്തേറ്റവും വലിയ നാവിക സേന ഉസ്മാനിയാ ഭരണകൂടത്തിന്റേതായിരുന്നു. ആയിരക്കണക്കിന് മുസ്ലിം പട്ടാളക്കാര്‍ കപ്പലില്‍ ജോലി ചെയ്തുകൊണ്ടിരുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് കപ്പലുകളുണ്ട്. അവയില്‍ ജോലി ചെയ്യുന്നവരില്‍ നല്ല ശതമാനം മുസ്ലിംകളാണ്. അതിനാല്‍ ഇക്കാലത്ത് മുസ്ലിംകള്‍ മറൈന്‍ എഞ്ചിനീയറിംഗ് പഠിക്കുന്നത് ആരാധനാ കര്‍മങ്ങള്‍ സാധാരണ പോലെ നിര്‍വഹിക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ തടയപ്പെടേണ്ടതല്ല. അടുത്തകാലം വരെ ദീര്‍ഘയാത്രക്ക് കപ്പലുകളായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്. യാത്ര ചെയ്യുമ്പോള്‍ ജുമുഅ നമസ്കാരം നിര്‍ബന്ധമില്ല. എന്നാല്‍ നിര്‍വഹിക്കുന്നത് നല്ലതാണ്. മതനിഷ്ഠയുള്ള മുസ്ലിംകള്‍ കപ്പലില്‍ വെച്ച് ജുമുഅ നമസ്കരിക്കാറുണ്ട്.
കപ്പല്‍ ജോലിക്കാര്‍ക്ക് യാത്രക്കാരുടെ ആനുകൂല്യമുണ്ട്. നമസ്കാരം, നോമ്പ് എന്നീ ആരാധനാകര്‍മങ്ങളില്‍ യാത്രക്കാര്‍ക്കനുവദിച്ച ഇളവുകള്‍ അവര്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ ദീര്‍ഘകാലം അവര്‍ യാത്രയിലായിരിക്കുന്നതിനാല്‍ ഇളവുകള്‍ സ്വീകരിക്കുന്നതിന്ന് പകരം ആരാധനാ കര്‍മങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നതാണ് അഭികാമ്യം. കപ്പല്‍ തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ ജോലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. പള്ളികളുള്ള തുറമുഖങ്ങളില്‍ അവ ഉപയോഗപ്പെടുത്താനും വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കരിക്കാനും നിഷ്കര്‍ഷ വെച്ചാല്‍ സാധ്യമാകും.
കപ്പലിലെ ജോലി കഠിനാദ്ധ്വാനം ആവശ്യമുള്ളതാണ്. അതിനാല്‍ ഓരോ യാത്രയും അവസാനിച്ചാല്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ ഒഴിവു ദിവസങ്ങള്‍ ലഭിക്കുന്നു. ഈ ദിവസങ്ങളില്‍ ജുമുഅയും ജമാഅത്തും മുടങ്ങാതെ നിര്‍വഹിക്കാം.
കപ്പലിലെ തൊഴിലാളികളില്‍ ഒന്നിലധികം മുസ്ലിംകളുണ്ടാവുമ്പോള്‍ അവര്‍ക്ക് കപ്പലില്‍ വെച്ച് സംഘടിതമായി നമസ്കരിക്കാം. മൂന്ന് പേരില്‍ അധികമുണ്ടെങ്കില്‍ ജുമുഅ നടത്താമെന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇമാം അബൂഹനീഫ സ്വീകരിച്ച അഭിപ്രായം ഇതാണ്. ശാഫി മദ്ഹബിലെ പ്രഗത്ഭരായ മുസ്നി, സുയൂത്തി എന്നീ പണ്ഡിതന്മാരും ഈ അഭിപ്രായം അംഗീകരിക്കുന്നു. പൊതുവെ നാല്‍പതാള്‍ വേണം എന്നതാണ് ശാഫി മദ്ഹബിലെ അഭിപ്രായമെങ്കിലും.
ജുമുഅ സാധുവാകാന്‍ ചുരുങ്ങിയത് പന്ത്രണ്ട് പേര്‍ വേണം എന്നതാണ് മറ്റൊരഭിപ്രായം. നബി(സ) തിരുമേനി ജുമുഅ ഖുത്വ്ബ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു കച്ചവട സംഘം മാര്‍ക്കറ്റിലെത്തി. ഖുത്വ്ബ ശ്രവിച്ചുകൊണ്ടിരുന്ന ഒരു നല്ല വിഭാഗം മാര്‍ക്കറ്റിലേക്കോടി. അപ്പോള്‍ പള്ളിയില്‍ അവശേഷിച്ചിരുന്നത് പന്ത്രണ്ടു പേര്‍ മാത്രമായിരുന്നു. അവരോടൊത്ത് തിരുമേനി ജുമുഅ നമസ്കാരം നിര്‍വഹിച്ചു. അതിനാല്‍ ചുരുങ്ങിയത് പന്ത്രണ്ടുപേരെങ്കിലും ഉണ്ടായിരിക്കണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ആളുകള്‍ ഇതില്‍ കുറവായിരുന്നുവെങ്കില്‍ നബി(സ) തിരുമേനി നമസ്കരിക്കുമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ തെളിവില്ലാത്തതിനാല്‍ ഈ എണ്ണം അനിവാര്യമല്ല എന്നാണ് ഇമാം അബൂഹനീഫയെപ്പോലെ നാലാളുണ്ടെങ്കില്‍ ജുമുഅ നടത്താമെന്ന അഭിപ്രായം അംഗീകരിച്ചവര്‍ ഉന്നയിക്കുന്ന ന്യായം. ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ കുറഞ്ഞ എണ്ണമാണെങ്കിലും കപ്പലില്‍ വെച്ച് ജുമുഅ നടത്തുകയാണെങ്കില്‍ കപ്പലിലെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും ജുമുഅ നഷ്ടപ്പെടാതെ കഴിക്കാം.

 

വാടകക്കാരന്റെ അവകാശങ്ങളെത്രത്തോളമാണ്?
എന്റെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള ഒരു കട 23 വര്‍ഷം മുമ്പ് ഒരാള്‍ വാടകക്കെടുത്ത് ബിസിനസ്സ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വാടകക്ക് കൊടുത്തപ്പോള്‍ ഒരു വര്‍ഷത്തിനായിരുന്നു എഗ്രിമെന്റ് എഴുതിയിരുന്നത്. പിന്നീട് ഇത് പുതുക്കുകയോ പുതിയ കരാര്‍ എഴുതുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ തന്റെ കച്ചവടം നിറുത്തി 'പകിടി' വാങ്ങി വേറൊരു പാര്‍ട്ടിക്ക് കട കൈമാറാനുള്ള ശ്രമത്തിലാണദ്ദേഹം. ജ്യേഷ്ഠന്‍ മരണപ്പെട്ടതിനെതുടര്‍ന്ന് വേറെ വരുമാനം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ വിധവക്ക് പര്‍ദ ബിസിനസ്സ് നടത്താന്‍ കട വിട്ടുതരണമെന്നാവശ്യപ്പെട്ടപ്പോള്‍, 7 ലക്ഷം 'നഷ്ടപരിഹാരം' കിട്ടണമെന്ന് വാടക്കാരന്‍ ശഠിക്കുന്നു. ഇങ്ങനെ ഒരു 'നഷ്ടപരിഹാര'ത്തിന് ഇസ്ലാമികമായോ ധാര്‍മികമായോ ന്യായീകരണമുണ്ടോ?

സ്വകാര്യ ഉടമാവകാശത്തിന് അര്‍ഹമായ സംരക്ഷണം നല്‍കുന്ന നിയമസംഹിതയാണ് ഇസ്ലാം. ഒരാള്‍ തന്റെ സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്യുന്നത് രക്തസാക്ഷിത്വമാണെന്ന് നബി(സ) തിരുമേനി പഠിപ്പിച്ചിരിക്കുന്നു. സ്വകാര്യ ഉടമാവകാശത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം സമൂഹത്തിന്റെ അവകാശത്തിന് മുന്‍ഗണന നല്‍കുന്നു എന്നത് ഇസ്ലാമിക സാമ്പത്തിക നിയമത്തിന്റെ മേന്മയായി എടുത്തു പറയപ്പെടുന്നു. ഒരാളുടെ ഉടമയിലുള്ള കെട്ടിടം നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ അയാളുമായി കരാറിലേര്‍പ്പെടുന്ന വ്യക്തിയാണ് വാടകക്കാരന്‍. ഈ കരാറില്‍ എന്തെല്ലാം കാര്യങ്ങളില്‍ ഉള്‍പ്പെടുത്താമെന്നതിന് ഓരോ കാലത്തും പുതിയ പുതിയ നിയമങ്ങള്‍ ഉണ്ടാവുന്നുണ്ട്. കരാറിന്റെ ഉള്ളടക്കത്തില്‍ ഇങ്ങനെ പുതിയ പല വശങ്ങളും ഉള്‍ക്കൊള്ളിക്കുന്നതുകൊണ്ട്, പൂര്‍വകാല പണ്ഡിതന്മാരുടെ രചനകളില്‍ ആധുനിക വാടക വ്യവസ്ഥയുടെ ചില വശങ്ങള്‍ പരാമര്‍ശിച്ചു കാണുന്നില്ല.
ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ആനുകാലിക പ്രശ്നങ്ങള്‍ ഗവേഷണം ചെയ്ത് വിധി നിര്‍ണയിക്കാന്‍ ഭരമേല്‍പിക്കപ്പെട്ട പണ്ഡിതസമിതിയാണ് മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്ലാമി. പ്രസ്തുത സമിതി വാടകക്കരാറിനെക്കുറിച്ച് പഠനം നടത്തി രണ്ടായിരത്തി എട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പ്രമേയത്തിന്റെ സംഗ്രഹം ചുവടെ കൊടുക്കാം:
ഒരു കെട്ടിടം വാടകക്കെടുത്ത വ്യക്തി ഉടമക്ക് വാടകക്ക് പുറമെ 'പകിടി' നല്‍കുന്നത് അനുവദനീയമാണ്. ഉടമയുടെ അനുവാദമില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കാന്‍ പാടില്ല. കരാറില്‍ അനുവാദമുണ്ടെങ്കിലേ കെട്ടിടം മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കാന്‍ പാടുള്ളൂ. ഉടമയുടെ അനുവാദത്തോടെ അവധി തീരുന്നതിന് മുമ്പ് വാടക്കാരന്‍ കെട്ടിടം മറ്റൊരാള്‍ക്ക് കൈമാറുകയാണെങ്കില്‍ അയാളില്‍ നിന്ന് പകിടി സ്വീകരിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ വാടക്കരാറില്‍ നിശ്ചയിച്ച അവധി കഴിഞ്ഞ ശേഷം കരാര്‍ പുതുക്കാതെ വാടക്കാരന്‍ കെട്ടിടം കൈകാര്യം ചെയ്യാന്‍ പാടില്ല. കെട്ടിടത്തിന്റെ ഉടമാവകാശം ഫലത്തില്‍ നിഷേധിക്കുന്ന ഒരു പ്രവൃത്തിയും വാടകക്കാരന്‍ ചെയ്യാന്‍ പാടില്ല.
ഇതില്‍ നിന്ന് നമ്മുടെ നാട്ടില്‍ നടപ്പുള്ള ചില നിയമങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാണ്. ഒരു കെട്ടിടം തുഛമായ വാടകക്ക് കൈവശപ്പെടുത്തി വര്‍ഷങ്ങളോളം അതുപയോഗപ്പെടുത്തി, ശേഷം ഉടമക്ക് ഒഴിഞ്ഞു കൊടുക്കാതിരിക്കുന്ന രീതി ഇസ്ലാമികമല്ല. കെട്ടിടം വാടകക്കാരന്റെ കൈയില്‍ ഉടമ ഏല്‍പിച്ച ഒരു അമാനത്താണ്. അത് തിരിച്ചേല്‍പിക്കാന്‍ വാടകക്കാരന് ബാധ്യതയുണ്ട്. അത് സ്വന്തം സ്വത്തുപോലെ ഉപയോഗിക്കുന്ന നമ്മുടെ നാട്ടിലെ പതിവ് ഇസ്ലാം അനുവദിക്കുന്നില്ല.
വാടകക്കാരനെ ഒഴിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള തരത്തിലായിരുന്നു മുമ്പ് നമ്മുടെ നാട്ടിലുണ്ടായിരുന്ന നിയമങ്ങള്‍. പുതുതായി വാടക വര്‍ധിപ്പിക്കാനും ഉടമക്ക് അത്യാവശ്യമുണ്ടാകുമ്പോള്‍ ഒഴിപ്പിക്കാനും അനുവദിക്കുന്ന നിയമങ്ങളുണ്ടായിട്ടുണ്ട്. ഈ നിയമമനുസരിച്ചും ഇസ്ലാമിക നിയമമനുസരിച്ചും ഉടമക്ക് കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ട വാടകക്കാരന്‍ വലിയ പ്രതിഫലം ആവശ്യപ്പെടുന്നതാണല്ലോ ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്നം. ഇങ്ങനെ ഒഴിഞ്ഞു കൊടുക്കുന്നതിന് പ്രതിഫലം ആവശ്യപ്പെടാന്‍ വാടകക്കാരന് ഇസ്ലാമിക ദൃഷ്ട്യാ അവകാശമില്ല. ഉടമയുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് കൈമാറാനും വാടകക്കാരന് പാടുള്ളതല്ല. കരാറിന്റെ കാലാവധി കഴിഞ്ഞാല്‍ വാടക കെട്ടിടം ഉടമയെ തിരിച്ചേല്‍പിക്കുകയാണ് വാടകക്കാരന്‍ ചെയ്യേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം