കവിത
ഭക്ഷണം
നിലം ഉഴുതു മറിച്ചു
ഹൃദയ വേരുകള്‍ പറിച്ചെടുത്തു
വിത്തുവിതറി
കൈകാലുകള്‍ കൊയ്‌തെടുത്തു!
വിളക്ക്
ഒരിക്കലും കത്തുകയില്ലെന്ന് കരുതി
പിന്നെ അണയാതായി
അന്ത്യം ചോര ചീറ്റുന്ന
കരിന്തിരിയായ്!
അബ്ദുല്‍ മലിക്, മുടിക്കല്‍
അരി
ഓരോ വിയര്‍പ്പുതുള്ളികളാണ്
ഓരോ മണി അരികള്‍
അരിക്ക് വിലകൂടും തോറും
വിയര്‍പ്പുതുള്ളികള്‍ക്ക്
വില കുറയുന്നു.
സബീഷ് തൊട്ടില്‍പ്പാലം
മുനമ്പ്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
പഞ്ചാര മിഠായി തിന്നേണ്ട കാലത്ത്
തലയില്‍ അഗ്‌നിച്ചീളുകള്‍
ഏറ്റു വാങ്ങിയവരാണു
നിങ്ങള്‍ക്ക് ദേശമെന്നോ
രാജ്യമെന്നോ വിളിക്കാന്‍ കഴിയാത്ത
മുനമ്പിലാണു ഞങ്ങള്‍
പോരാട്ടമെന്നോ ജീവിതമെന്നോ
എളുപ്പത്തില്‍ പറയാന്‍ കഴിയാത്ത
അതിജീവനം അഭ്യസിച്ചവര്‍
ഒരു രാജ്യം വളരുന്നുണ്ട്
നിങ്ങളുടെ നിസ്സംഗതയിലേക്കു
ചില്ലകള്‍ നിവര്‍ത്തി....
വന്‍മരങ്ങള്‍ കടപുഴകുന്ന
പേമാരിയും കൊടുങ്കാറ്റും
അതിന്റെ ഇലകളില്‍
ആലേഖനം ചെയ്തിട്ടുണ്ട്
ഇനി വരും കാലങ്ങള്‍
അപ്പാച്ചേ വിമാനങ്ങള്‍
നുള്ളിയെടുത്ത
ജീവനുകള്‍
കത്തുന്ന കരിങ്കല്‍ച്ചീളുകളായി
പെയ്തിറങ്ങും
ഭൂപടങ്ങള്‍ മാറ്റി വരക്കാന്‍
എളുപ്പമാണു
സമയത്തിന്റെ പ്രശ്‌നമേയുള്ളൂ.
ഹാരിസ് എടവന
Comments