മുസ്‌ലിം ഇന്ത്യയെ മാറ്റിപ്പണിയാനാഗ്രഹിച്ച ചിന്തകന്‍
രിയാദില്‍ വെച്ചാണ് ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുമായി ആദ്യമായി പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം രിയാദ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഇസ്‌ലാമിക് സര്‍ക്കിളിന്റെ ആള്‍ സുഊദി നേതൃത്വവും ഡോ. അന്‍സാരിക്കായിരുന്നു. മലയാളികളായ കെ.ഐ.ജി പ്രവര്‍ത്തകരെ കാണാനും ചില തര്‍ബിയത്ത് പരിപാടികളില്‍ പങ്കെടുക്കാനും രിയാദിലെത്തിയ എന്നോട് ഒരു പ്രവര്‍ത്തകന്‍ മുഖേന കാണണമെന്നാവശ്യപ്പെട്ടപ്പോള്‍, ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന സ്വപ്നം പൂവണിയാന്‍ അവസരം കൈവന്നതില്‍ മനസ് സന്തോഷിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡോ. അന്‍സാരി സാഹിബിന്റെ സഹപ്രവര്‍ത്തകരായ ഏതാനും പേരും അവിടെയുണ്ടായിരുന്നു. സുഊദിയിലെ ഇന്ത്യന്‍ സര്‍ക്കിളിന്റെ കൂടിയാലോചനാ സമിതി മെമ്പര്‍മാരായിരുന്നു അവര്‍. അന്‍സാരി സാഹിബിനെ കണ്ടുമുട്ടിയപ്പോള്‍ ഏറെ സന്തോഷവും നിര്‍വൃതിയും അനുഭവപ്പെട്ടു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് മുമ്പിലിരിക്കുന്നത്. വിശ്വ വിഖ്യാതനായ പണ്ഡിതനും ചിന്തകനും ഗവേഷകനും. അദ്ദേഹത്തിന്റെ അതിഥിയായി കഴിയാനും ആ ബഹുമുഖ പ്രതിഭയെ നേരില്‍ കാണാനും കഴിഞ്ഞതില്‍ അഭിമാനം തോന്നി. കണ്ടമാത്രയില്‍ തന്നെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തില്‍ അതിയായ മതിപ്പുണ്ടായി. എന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന വലിയ ആകാരവും ഗാംഭീര്യവുമുള്ള നേതാവിനു പകരം, കുറിയ, മിതഭാഷിയും ഏറെ വിനയാന്വിതനുമായ ഒരാളെയാണ് കണ്ടുമുട്ടാനായത്. ആദ്യ ആശ്ലേഷത്തില്‍തന്നെ പകര്‍ന്നുകിട്ടിയ സ്‌നേഹവായ്പും തുടര്‍ന്നുള്ള പരിചരണവും എന്നെ അത്ഭുതപ്പെടുത്തി. ഡോ. സാഹിബ് തന്നെ ചായയും പലഹാരങ്ങളും എടുത്ത് എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു. മറ്റാരെയും അതിനനുവദിച്ചില്ല. താന്‍ സംസാരിക്കുന്നതിനു പകരം മറ്റുള്ളവര്‍ക്ക് അവസരം കൊടുത്തു. തനിക്ക് പറയാനുള്ളത് കുറഞ്ഞ വാക്കുകളില്‍ പതിഞ്ഞ സ്വരത്തില്‍ പ്രത്യേക ഹാവഭാവങ്ങളില്ലാതെ അളന്നു തൂക്കി മുമ്പില്‍ വെച്ചു. ആകെ കൂടി കണ്ടപ്പോള്‍ മനസ്സ് പറഞ്ഞു: സൂഫിസത്തെക്കുറിച്ചു പഠിക്കുകയും എഴുതുകയും മാത്രമല്ല സൂഫിയായി ജീവിക്കുകയുമാണ് അന്‍സാരി സാഹിബ്. പില്‍ക്കാലത്തുണ്ടായ അനുഭവങ്ങളത്രയും അതിനെ ബലപ്പെടുത്തുന്നതായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകരും നേതാക്കളും വിദേശത്തുപോയി ഉന്നത ഉദ്യോഗങ്ങളിലേര്‍പ്പെടുന്നത് അതൃപ്തിയോടെ കാണുന്ന ചിലര്‍ പ്രസ്ഥാനത്തിനകത്തുതന്നെയുണ്ട്. പ്രസ്ഥാന സ്‌നേഹത്തിന്റെ കുറവും ഭൗതികാസക്തിയുമാണ് അതിനു പിന്നില്‍ എന്ന മനസ്സാണ് ഈ നിലപാടിനു കാരണം. എന്നാല്‍, ഡോ. അന്‍സാരിയുടെ കാര്യത്തില്‍ അതൊട്ടും ശരിയായിരുന്നില്ല. കടന്നുചെന്ന എല്ലായിടത്തും പ്രസ്ഥാനത്തിനു വേണ്ടി പണിയെടുക്കാനും സംഘടിപ്പിക്കാനും പ്രസ്ഥാനത്തിന്റെ ഭാവി മുന്നില്‍ കണ്ട് പഠനഗവേഷണങ്ങളില്‍ മുഴുകാനുമാണ് അദ്ദേഹം ശ്രമിച്ചത്. തന്റേതായ എല്ലാം പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിക്കാനും അദ്ദേഹം മടിച്ചില്ല.
സല്‍ക്കാര ഉപചാരങ്ങള്‍ക്ക് ശേഷം അന്‍സാരി സാഹിബ് പറഞ്ഞു: ''മലയാളികള്‍ ഇവിടെ സംഘടിതരും കര്‍മനിരതരുമാണ്. ഞങ്ങള്‍ ഈയിടെ മാത്രമാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചത്. കേരളത്തിലെയും ഇവിടത്തെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അറിയാന്‍ ആഗ്രഹമുണ്ട്.'' ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എല്ലാ വിഭാഗത്തിലും പെട്ട ധാരാളം പേര്‍ ആദ്യകാലം മുതല്‍ക്കേ തൊഴിലെടുത്തുകൊണ്ടിരുന്നു. ആദ്യകാലത്ത് ആരും സംഘടിതരായിരുന്നില്ല. ഇന്നിപ്പോള്‍ എല്ലാവര്‍ക്കും സംഘടനകളുണ്ട്. കേരളത്തിലെ ഓരോ ഗ്രാമത്തിനും മഹല്ലിനും വരെ സംഘടനകളുണ്ട്. എന്നാല്‍, ഗള്‍ഫ് മേഖലയില്‍ ആദ്യമായി സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത് മലയാളികളായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. അതില്‍ പ്രവര്‍ത്തകരുടെ ഔത്സുക്യത്തോടൊപ്പം മര്‍ഹൂം കെ.സിയെയും ടി.കെയെയും പോലുള്ളവരുടെ ദീര്‍ഘവീക്ഷണത്തിനും പങ്കുണ്ട്. അന്‍സാരി സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും ആഗ്രഹമനുസരിച്ച് കേരളത്തിലെയും ഗള്‍ഫിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഹൃസ്വമായി വിശദീകരിച്ചു. അതു കേട്ടപ്പോഴാണ് അന്‍സാരി ചിന്തകനും എഴുത്തുകാരനുമെന്നതുപോലെ മികവുറ്റ സംഘാടകന്‍ കൂടിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. അന്‍സാരി സാഹിബ് സുഊദിയിലെത്തുന്നതുവരെ, മലയാളികളൊഴികെയുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ ഒരു പ്രവര്‍ത്തനവുമുണ്ടായിരുന്നില്ല. അതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മലയാളികളല്ലാത്ത, ഗള്‍ഫിലെത്തിയ പ്രവര്‍ത്തകരിലധികപേരും ആന്ധ്ര-മഹാരാഷ്ട്ര-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. അവര്‍ മിക്കവരും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഗവണ്‍മെന്റിന്റെ അനുമതി കൂടാതെ ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം പാടില്ലായിരുന്നു. ഗവണ്‍മെന്റ് നിരീക്ഷണങ്ങളും ശക്തമായിരുന്നു. അതുകൊണ്ട് അവരാരും ഒരു സാഹസത്തിനു മുതിര്‍ന്നില്ല.
രണ്ടാമത്തെ കാരണം, അവരുടെ കൂട്ടത്തില്‍ മലയാളികളിലുള്ളതുപോലെ പഠനക്ലാസുകള്‍ എടുക്കാന്‍ കഴിവുള്ള പണ്ഡിതന്മാര്‍ ഉണ്ടായിരുന്നില്ല. ഡോ. അന്‍സാരി സുഊദിയിലെ നേതൃത്വം ഏറ്റെടുത്ത ശേഷം ആദ്യമായി ചെയ്തത് രിയാദിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത നാല്‍പതുപേരെ വിളിച്ചുകൂട്ടി അവര്‍ക്ക് ഒരു ഖുര്‍ആന്‍ ക്ലാസ് നടത്തുകയായിരുന്നു. ഖുര്‍ആന്‍ പഠനക്ലാസ്സില്‍ പങ്കാളികളായ എല്ലാവര്‍ക്കും അതിന്റെ തുടര്‍നടപടിയെന്ന നിലക്ക് തങ്ങളുടെ പ്രദേശത്ത് ഇതേ ക്ലാസും ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തണമെന്ന നിര്‍ദേശവും നല്‍കി. അന്‍സാരിയുടെ ക്ലാസ്സുകള്‍ ആഴ്ചതോറും നടന്നുകൊണ്ടിരുന്നു. അതേ ക്ലാസ്സുകള്‍ നാല്‍പതു പ്രദേശങ്ങളില്‍ ആഴ്ചതോറും ആവര്‍ത്തിക്കപ്പെട്ടു. പഠിതാക്കളെ പടിപടിയായി പണ്ഡിതന്മാരും പ്രഭാഷകരുമായി വളര്‍ത്തുകയെന്നതും അന്‍സാരി സാഹിബിന്റെ ലക്ഷ്യമായിരുന്നു. ഈ അനുഭവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാകണം, ഖുര്‍ആന്‍ പഠനത്തിലൂടെ അറബിഭാഷാ പഠനത്തിനായി ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചു. തുടര്‍ന്ന് ഈ പരീക്ഷണം സുഊദിയുടെ മറ്റു മേഖലകളിലും ആവര്‍ത്തിച്ചു. ഫലം അത്ഭുതകരമായിരുന്നു. കേരളത്തിനു പുറത്തുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരു ചരടില്‍ കോര്‍ത്തിണക്കി വിശാലമായ ഒരു സംഘടനാ നെറ്റ് വര്‍ക്ക് രൂപം കൊണ്ടു.
സംഘാടകനെന്നതിലുപരി എല്ലാ അര്‍ഥത്തിലും ഒരു 'മിഷനറി'യായിരുന്നു അന്‍സാരി സാഹിബ്. ഉത്തരേന്ത്യയിലെ ഒരു പിന്നാക്ക പ്രദേശത്ത് നിന്ന് ആരംഭിച്ച് ലഖ്‌നൗവിലെ നദ്‌വയിലും റാംപൂരിലെ ഥാനവി ദര്‍സ്ഗാഹിലും അലീഗഢ് യൂനിവേഴ്‌സിറ്റിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേതനിലും ഒടുവില്‍ ഹാര്‍വാര്‍ഡിലും ഉണ്ടായ അനുഭവങ്ങള്‍, പാണ്ഡിത്യത്തിന്റെയും ഗവേഷണത്തിന്റെയും തലങ്ങളിലെന്നപോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തിനു നേടിക്കൊടുത്തു.
ഇസ്‌ലാമിക പ്രസ്ഥാനം വളര്‍ത്തിയെടുത്ത അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു ഡോ. അന്‍സാരി. അക്കാദമിക തലത്തില്‍ തനിക്കിഷ്ടപ്പെട്ട ഒരുവിഷയം തെരഞ്ഞെടുത്ത് ഗവേഷണം നടത്തുകയായിരുന്നില്ല അദ്ദേഹം. ഇന്ന് പലപ്പോഴും സംഭവിക്കുന്നതുപോലെ തന്റെ ഗൈഡ് നിര്‍ദേശിക്കുന്ന ഒരു വിഷയം പഠന ഗവേഷണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നില്ല. താന്‍ നെഞ്ചേറ്റിയ ഇസ്‌ലാമിക പ്രസ്ഥാനത്തെ ആഴത്തില്‍ പഠിച്ച ശേഷം അതിന്റെ പൂരകവും തുടര്‍ച്ചയുമെന്ന നിലക്ക്, ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം രൂപപ്പെട്ട കാലത്തേതില്‍നിന്നും ഭിന്നമായി വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ അവശ്യം ആവശ്യമായ വിഷയങ്ങളെക്കുറിച്ച് ഇസ്‌ലാമിനെ മുമ്പില്‍ വെച്ച് വായിക്കാനും പഠിക്കാനും ശ്രമിക്കുകയായിരുന്നു ഡോ. അന്‍സാരി.
അദ്ദേഹത്തിന്റെ രചനകളോരോന്നും അതിന് തെളിവാണ്. നവോത്ഥാന നായകരായ ഇമാം ഇബ്‌നു തൈമിയ്യയുടെയും സര്‍ഹിന്ദിയുടെയും മൗദൂദിയുടെയും ചിന്തകളെ പുതിയ കാലഘട്ടത്തോടും പുതിയ സാഹചര്യങ്ങളോടും വിളക്കിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് അവയോരോന്നും. ഇസ്‌ലാമികപ്രസ്ഥാനത്തിന് ആത്മീയ മേഖലയില്‍ ഊന്ന് പോരെന്ന പരിദേവനങ്ങള്‍ക്ക് നടുവിലാണ് സൂഫിസത്തിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിനുള്ള ശ്രമം അദ്ദേഹം നടത്തിയത്. സൂഫിസത്തിന്റെ എല്ലാ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിയ ശേഷം, ഇസ്‌ലാം അംഗീകരിക്കുന്ന, ഇസ്‌ലാമിന്റെ ഭാഗമായ തസ്വവ്വുഫിന്റെ നന്മകളിലേക്ക് വെളിച്ചം വീശാനാണ് തന്റെ പഠനത്തില്‍ അന്‍സാരി ശ്രമിച്ചത്. മത താരതമ്യപഠനത്തിന്റെ കാര്യത്തിലും ഇത് പ്രകടമാണ്. അന്‍സാരി പലപ്പോഴും ആവര്‍ത്തിക്കാറുള്ള ഒരു കാര്യമുണ്ട്. ആഗോളതലത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ഇമാം ഗസാലി, ഇമാം ഇബ്‌നു തൈമിയ്യ തുടങ്ങിയ മഹത്തുക്കളോട് കിടപിടിക്കാന്‍ പോന്ന മഹാനായ നവോത്ഥാന നായകനായിരുന്നു ഇമാം മൗദൂദി. ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിക സമൂഹം വിസ്മരിച്ച, ഇസ്‌ലാമിന്റെ മൗലികാടിത്തറയുടെ പുനഃസ്ഥാപന ദൗത്യമാണ് മൗദൂദി നിര്‍വഹിച്ചത്. അല്ലാഹുവിന്റെ ഹാകിമിയ്യത്തും ശരീഅത്തിന്റെ സമഗ്രതയും സമകാലിക പ്രസക്തിയും ഉയര്‍ത്തിക്കാണിക്കുക വഴി ആ ദൗത്യമാണദ്ദേഹം പൂര്‍ത്തിയാക്കിയത്. ചില കാര്യങ്ങളില്‍ അദ്ദേഹം ഇമാം ഗസാലിയുടെയും ഇമാം ഇബ്‌നു തൈമിയ്യയുടെയും മുന്നിലാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പഠന നിരൂപണങ്ങളധികവും പാശ്ചാത്യ സംസ്‌കാരത്തെയും പാശ്ചാത്യ സെക്യുലരിസത്തെയും മുന്‍നിര്‍ത്തിയാണ്. ഇന്ത്യന്‍ മതങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തെയും കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായിട്ടില്ല. കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മക്കെതിരിലുള്ള പോരാട്ടമെന്ന നിലക്ക് പാശ്ചാത്യ സെക്യുലരിസത്തിനെതിരിലുള്ള പഠനം ന്യായവും പ്രസക്തവും തന്നെ. എന്നിരുന്നാലും വിഭക്ത ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് മാറിയ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ മത താരതമ്യ പഠനം അനിവാര്യമാണെന്ന് ഡോ. അന്‍സാരി മനസ്സിലാക്കി. അങ്ങനെയാണ് മത താരതമ്യപഠനത്തിന് മുന്നിട്ടിറങ്ങുന്നത്. ജൂതായിസത്തെക്കുറിച്ചും ക്രിസ്തുമതം, ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയെക്കുറിച്ചും വളരെ സൂക്ഷ്മവും കൃത്യവുമായ അറിവാണ് അന്‍സാരിക്കുണ്ടായിരുന്നത്. അവയോരോന്നിന്റെയും ശക്തിയും ദൗര്‍ബല്യവും അദ്ദേഹം പഠനവിധേയമാക്കി. ഇതര മതങ്ങളുടെ ദൗര്‍ബല്യങ്ങള്‍ നിരൂപണം ചെയ്ത് ഇസ്‌ലാമിനെ സമര്‍പ്പിക്കാനുള്ള തികഞ്ഞ ശേഷിയും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗ്രന്ഥങ്ങള്‍ രചിച്ച അക്കാദമീഷ്യന്‍ എന്നതിനപ്പുറം, സംവാദത്തിലും സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്ത് വിഷയമവതരിപ്പിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കിയില്ല.
കേരളത്തിലെത്തിയപ്പോള്‍ ഒരിക്കല്‍ ഫാദര്‍ ജിയോ പയ്യപ്പള്ളിയെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ചെന്ന് കണ്ടു സംഭാഷണം നടത്തി. ക്രിസ്തുമതത്തെ സംബന്ധിച്ച അന്‍സാരിയുടെ അവഗാഹമായ അറിവ് ഫാദര്‍ ജിയോ പയ്യപ്പള്ളിയെ അത്ഭുതപ്പെടുത്തി. ഏറെ മതിപ്പോടും ആദരവോടും കൂടിയാണ് അവിടെ നിന്ന് അദ്ദേഹത്തെ യാത്രയാക്കിയത്. പിന്നീട് അന്‍സാരി ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.
ഇന്ത്യന്‍ മതങ്ങളെക്കുറിച്ചുള്ള പഠനം ഡോ. അന്‍സാരിയുടെ സുചിന്തിതമായ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം അതിനു മുന്‍ഗണന കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന ദൗത്യം യഥാവിധം നിര്‍വഹിക്കാന്‍ ഇന്ത്യന്‍ മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച പണ്ഡിതന്മാരുടെയും ഗവേഷകരുടെയും പ്രബോധകരുടെയും വലിയ ഒരു ശൃംഖലയെ തന്നെ ഒരുക്കണമെന്നായിരുന്നു ഡോ. അന്‍സാരി സാഹിബിന്റെ അഭിപ്രായം. അതിന്റെ പൂര്‍ത്തീകരണമെന്ന നിലക്കാണ് വിദേശത്തുനിന്ന് തിരിച്ചുവന്ന ഉടനെ അതിനായി ഒരു സ്ഥാപനം തുടങ്ങണമെന്ന നിര്‍ദേശം ജമാഅത്ത് ശൂറയുടെ മുമ്പില്‍ വെച്ചത്. നിര്‍ദേശം വെക്കുക മാത്രമല്ല, ജമാഅത്ത് അനുവദിക്കുമെങ്കില്‍ അതിനു നേതൃത്വം വഹിക്കാനും താന്‍ തയാറാണ്. അങ്ങനെയാണ് ജമാഅത്ത് ശൂറയുടെ തീരുമാനമനുസരിച്ച് സി.ആര്‍.എസ്.ജി എന്ന പേരില്‍ അതിനായി അലീഗഢ് ആസ്ഥാനമായി ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സ്ഥാപനം തുടങ്ങാന്‍ കാലവിളമ്പം വരരുതെന്ന വിചാരത്തോടെ സ്വന്തം വീടുതന്നെ അതിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. അതേ സ്ഥാപനമാണ് പില്‍ക്കാലത്ത് ഇസ്‌ലാമിക് അക്കാദമി എന്ന പേരില്‍ ദല്‍ഹിയില്‍ പുനരാരംഭിച്ചതും പിന്നീട് വീണ്ടും അലീഗഢിലേക്ക് പറിച്ചുനട്ടതും. അക്കാദമിയെ ഉന്നത തലത്തിലുള്ള ഒരു ഗവേഷണ പഠന കേന്ദ്രമെന്ന നിലക്ക് വളര്‍ത്തിയെടുക്കണമെന്നത് ഡോ. അന്‍സാരിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി തന്റെ എല്ലാ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് അധ്യാപകനായും സംഘാടകനായും പണപ്പിരിവുകാരനായും എല്ലായിടത്തും ഓടിനടക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വിശാലമായ ഒരു കാമ്പസില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ ഒരു ഉന്നത വൈജ്ഞാനിക കേന്ദ്രമായിരുന്നു ലക്ഷ്യം. അതിനായി അലീഗഢ് യൂനിവേഴ്‌സിറ്റി പരിസരത്ത് ഏതാനും ഏക്കര്‍ ഭൂമി വാങ്ങി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ഡോ. അന്‍സാരി അഖിലേന്ത്യാ അമീറായി ചുമതലയേറ്റ ശേഷം ഇടക്കാലത്ത് എന്നെ കേരളത്തിലെ ചുമതലയില്‍നിന്ന് ഒഴിവാക്കി ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. അങ്ങനെയാണ് 2005 ഏപ്രിലില്‍ ജമാഅത്തിന്റെ ജനസേവന വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഞാന്‍ ചുമതലയേറ്റത്. അസി. സെക്രട്ടറിയായി ചേര്‍ന്ന തൊട്ടടുത്തദിവസം ഡോ. അന്‍സാരി എന്നെ വിളിച്ചുപറഞ്ഞു: ''ജനസേവനരംഗത്ത് കേരളത്തില്‍ നിങ്ങള്‍ നടപ്പില്‍ വരുത്തിയ പരിപാടികള്‍ മുമ്പില്‍ വെച്ച് അഖിലേന്ത്യാ തലത്തില്‍ ഒരു പദ്ധതി തയാറാക്കണം. വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളില്‍ കേരള മുസ്‌ലിംകള്‍ നേടിയെടുത്ത വളര്‍ച്ചയും പുരോഗതിയും ഒരു നിശ്ചിത കാലയളവിനകത്ത് അഖിലേന്ത്യാ തലത്തിലും നേടിയെടുക്കാന്‍ കഴിയുന്ന ഒരു സമഗ്ര പദ്ധതിയാവണം അത്. കരട് തയാറാക്കി കഴിഞ്ഞാല്‍ എന്നെ കാണിക്കണം.'' അങ്ങനെയാണ് വിഷന്‍ 2016 രൂപം കൊള്ളുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായവും നിര്‍ദേശവും മുന്നില്‍ വെച്ച് പലകുറി മാറ്റിത്തിരുത്തിയ ഒന്നാണ് ഇന്ന് വിഷന്‍ 2016 എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി. പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ ഓരോ ഘട്ടത്തിലും കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവുമാണ് അന്‍സാരി സാഹിബില്‍നിന്നും ലഭിച്ചത്. അന്‍സാരിയുടെ ചിന്തയിലുദിച്ച ആശയമാണ് വിഷന്‍ 2016 എന്നു ചുരുക്കം.
ഇന്ത്യക്കകത്തും മലയാളികളുടെയും മറ്റുള്ളവരുടെയും കൂട്ടായ്മകള്‍ അറിവും അനുഭവങ്ങളും പങ്കുവെച്ച് പ്രവര്‍ത്തിക്കണമെന്നും മലയാളികളുടെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പെടുന്ന ആ പ്രഫഷണലിസവും ആസൂത്രണവും അഖിലേന്ത്യാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നും ഡോ. അന്‍സാരി പറയാറുണ്ടായിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം ശക്തിയായി ഉണര്‍ത്തിക്കൊണ്ടിരുന്നു. ഗള്‍ഫ് മേഖലയിലെ ഉര്‍ദു-മലയാളി കൂട്ടായ്മക്ക് ഒരു സംവിധാനവും അന്‍സാരി സാഹിബ് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ പല ചുവടുവെപ്പുകള്‍ക്കും തുടക്കം കുറിച്ച ഒരു കാലഘട്ടമായിരുന്നു അന്‍സാരി നേതൃത്വമേറ്റെടുത്ത കാലയളവ്. മൗലാനാ മൗദൂദിയുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനം അടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസൃതമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം മുന്നോട്ടുവെച്ച ഓരോ നീക്കത്തിലും ഇത് തെളിഞ്ഞുകാണാം. ഏറ്റവും നല്ല ഉദാഹരണം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് മഹാ വിഡ്ഢിത്തമാണെന്നും നീതിയും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്ത് പുതുതായി രൂപംകൊള്ളേണ്ടതുണ്ടെന്നും അന്‍സാരി മനസ്സിലാക്കി. പ്രശ്‌നം ജമാഅത്ത് ശൂറയുടെ മുമ്പില്‍ സമര്‍പ്പിച്ചു. ഡോ. അന്‍സാരിയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം അതു സംബന്ധമായി കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ദീനീ പണ്ഡിതന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കത്തെഴുതി അഭിപ്രായങ്ങളാരാഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന പണ്ഡിതന്മാരുടെയും ഇന്ത്യയിലെ പണ്ഡിതന്മാരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നായി നൂറോളം പണ്ഡിതന്മാരെ വിളിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ശൂറ വീണ്ടും യോഗം ചേര്‍ന്നാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയത്തിന് പച്ചക്കൊടി കാട്ടുന്നത്. ജമാഅത്ത് കൂടി താല്‍പര്യമെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി പിറവി കൊള്ളുന്നത് പിന്നീടാണെങ്കിലും അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലും ആദ്യ ചുവടുവെപ്പുകളിലും ഡോ. സാഹിബിന്റെ ചിന്തക്കും പരിശ്രമങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു.
പ്രസ്ഥാനത്തെ പുതിയ കാലവുമായും രാജ്യത്തിന്റെ സാഹചര്യവുമായും വിളക്കിച്ചേര്‍ക്കാന്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം നടത്തിയ കാല്‍വെപ്പുകള്‍ പലതുണ്ട്. മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വിശേഷിച്ചും. മുസ്‌ലിം വോട്ടു ശിഥിലമാകുന്ന സാഹചര്യം ഒഴിവാക്കി ഒരു വോട്ടു ബാങ്കായി നിലകൊള്ളേണ്ടത് കാലത്തിന്റെ തേട്ടമാണെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ 60 കൊല്ലമായി മുസ്‌ലിം സമുദായത്തെ വോട്ടു ബാങ്കായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടുകള്‍ പിന്നിടുമ്പോഴും മുസ്‌ലിംകളും ദലിതുകളും ആദിവാസികളും ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ പിന്നാക്കമായി മാറിയിരിക്കുന്നുവെന്നുമുള്ള വസ്തുത തിരിച്ചറിഞ്ഞ് സ്വന്തം അസ്തിത്വവും വ്യക്തിത്വവും സംരക്ഷിക്കാന്‍ സ്വയം മുന്നോട്ടുവരേണ്ടതുണ്ടെന്ന് മുസ്‌ലിം സമുദായ നേതാക്കളെ വിളിച്ചു ചേര്‍ത്ത് അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്‌ലാമികപ്രബോധനം എന്ന ദൗത്യം ഫലപ്രദമായി നിര്‍വഹിക്കാനും മത സൗഹാര്‍ദവും നീതിയും നിലനിര്‍ത്താനും എല്ലാ മതവിഭാഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും തുറന്ന ചര്‍ച്ചകളും സംവാദങ്ങളും നടക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. താന്‍ സ്വയം മുന്‍കൈയെടുത്തും അല്ലാതെയും ഒട്ടേറെ നീക്കങ്ങള്‍ ആ ദിശയില്‍ നടക്കുകയുണ്ടായി. ഡോ. അന്‍സാരി സാഹിബ് ചുമതലയേറ്റ ഉടനെ, അലീഗഢിലായിരുന്ന ഇപ്പോഴത്തെ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയെ ജമാഅത്ത് കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. രാജ്യത്ത് അറിയപ്പെടുന്ന പ്രഗത്ഭനായ പണ്ഡിതന്റെ സാന്നിധ്യവും നേതൃത്വവും കേന്ദ്രത്തിലുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടായിരുന്നു ആ നടപടി. തുടര്‍ന്ന് അക്കാദമിയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റി. സ്വയം അതിന്റെ നേതൃത്വമേറ്റെടുത്തു. ജമാഅത്തിന് അതിന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായ സൗകര്യപ്രദമായ ഒരു ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു. ത്വരിതഗതിയില്‍ അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. മുസ്‌ലിം ഐക്യം ലക്ഷ്യമാക്കി, മുസ്‌ലിം നേതാക്കളുമായും ദീനീ സ്ഥാപനങ്ങളുമായും ഉറ്റ ബന്ധം സ്ഥാപിച്ചു. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കി. അതിന്റെ നേതൃത്വം തമിഴ്‌നാട് മുന്‍ അമീര്‍ അബ്ദുറഖീബ് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെ ഏല്‍പിച്ചു. ഡോ. ഖറദാവിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി, റാബിത്വ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചകളിലും പരിപാടികളിലും സജീവമായി പങ്കുകൊണ്ടു. ഇന്ത്യക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും വേണ്ടി വീറോടെ വാദിച്ചു.
വ്യക്തിപരമായി എന്നെ സംബന്ധിച്ചേടത്തോളം ഡോ. അന്‍സാരി സാഹിബിന്റെ വേര്‍പാട് താങ്ങാനാവാത്തതാണ്. സ്‌നേഹനിധിയായ പിതാവും ഗുരുവും വഴികാട്ടിയുമാണ്എനിക്ക് നഷ്ടപ്പെട്ടത്. ഇസ്‌ലാമിക സമൂഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു വഴിവിളക്കായി ഡോ. അന്‍സാരിയുടെ ചിന്തകളും കാല്‍വെപ്പുകളും എന്നും നിലനില്‍ക്കുകതന്നെചെയ്യും. കാരുണ്യവാനായ പടച്ചതമ്പുരാന്‍ അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
Comments