മുസ്‌ലിം സംഘടനകള്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം
'സ്‌നേഹത്തോടെ സംവദിച്ചുകൂടേ മത സംഘടനകള്‍ക്ക്' (ലക്കം 17) എന്ന തലക്കെട്ടില്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനം സാന്ദര്‍ഭികവും ചിന്താര്‍ഹവുമാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ വല്ലാത്ത നിലവാരത്തകര്‍ച്ചയിലെത്തിയ അവസരമാണിത്. ഇത് മനസ്സിലാക്കി ചിലരെങ്കിലും ഈ രംഗത്ത് നിന്ന് മാറിത്തുടങ്ങിയിട്ടുണ്ട്. തെല്ലെങ്കിലും പരിസരബോധമുള്ളവര്‍ ലജ്ജിച്ചു പിന്മാറാതിരിക്കില്ല. അത്രയും മോശമാണ് സംവാദരീതി. മറുപക്ഷത്തെ പരിഹസിച്ചും വായടപ്പിച്ചും മേല്‍ക്കോയ്മ നേടിയെന്നുവരുത്തി അനുകൂലികളെ ആവേശഭരിതരാക്കി കൈയടി വാങ്ങാനുള്ള അടവ് മാത്രമായി ഖണ്ഡനപ്രസംഗങ്ങള്‍ മാറിയിരിക്കുന്നു. എല്‍.സി.ഡി ക്ലിപ്പിങ്ങിലെ തിരിമറികളും പരിഹാസ ഗോഷ്ടികളുമെല്ലാം കൂടി ശ്രോതാക്കളെ ഹരം പിടിപ്പിക്കല്‍ തന്നെയാണ്. ഇതിന്റെ വിപത്ത് ചെറുതല്ല.
ഒരനുഭവം: അടുത്ത പ്രദേശത്ത് തെക്കന്‍ കേരളത്തിലെ സഹോദര സമുദായത്തില്‍ നിന്നുള്ള അധ്യാപകര്‍ താമസിക്കുന്ന ലോഡ്ജ് ഞങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെയും വ്യക്തിസംഭാഷണങ്ങളിലൂടെയും അവര്‍ക്ക് ഇസ്‌ലാമിനെപ്പറ്റി നല്ല മതിപ്പുളവാക്കി. പിന്നീടൊരിക്കല്‍ ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'നിങ്ങളുടെ പുസ്തകങ്ങളിലൂടെ മനസ്സിലാക്കിയ ഇസ്‌ലാം ഉത്തമവും സുന്ദരവുമാണ്. എന്നാല്‍, നിങ്ങളുടെ പണ്ഡിതന്മാര്‍ ഇവിടെ ഖണ്ഡനപ്രസംഗങ്ങളിലുപയോഗിച്ച ശൈലി വളരെ തരംതാണതാണ്. ഞങ്ങളുടെ കുട്ടികള്‍ അത്‌കേട്ട് പഠിക്കുമോ എന്ന് കരുതി ഭയപ്പെടുകയായിരുന്നു'. നാല്‍പതു ശതമാനം സഹോദര സമുദായക്കാരുള്ള എന്റെ പ്രദേശത്ത് നടന്നുവരുന്ന നിരന്തര ഖണ്ഡനപ്രസംഗങ്ങള്‍ സൃഷ്ടിച്ച പ്രയാസം വളരെ വലുതാണ്. എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരും ജോലിക്കാരും അങ്ങാടിയുടെ പരിസരങ്ങളിലെ ലോഡ്ജുകളിലാണ് താമസം. നിരന്തരം നടന്നുവരുന്ന സംവാദങ്ങള്‍ അവരിലുണ്ടാക്കിയ വെറുപ്പും അറപ്പും ഞങ്ങളുമായി അവര്‍ പങ്കുവെക്കാറുണ്ട്. 'ഇവിടെ തോല്‍ക്കുന്നത് ഇസ്‌ലാം' തന്നെ. ഇവിടെയൊന്നും ലേഖനത്തില്‍ വ്യക്തമാക്കിയ ഇസ്‌ലാമിക സംവാദന രീതി പരിഗണിക്കാറേയില്ല.
ഇതിനോടെല്ലാം വെറുപ്പുള്ള യുവതലമുറ മതരംഗത്ത്‌നിന്ന് തന്നെ മാറി അധര്‍മത്തിലേക്ക് നീങ്ങുകയാണ്. സന്ദര്‍ഭം മുതലെടുത്ത് യുവാക്കളെ വഴിതെറ്റിക്കുന്നവരും സജീവമാണ്. സംഘടനയേ വേണ്ട, കാടുകയറലാണ് ഉത്തമം എന്ന സിദ്ധാന്തക്കാരും ഈ നിരാശയില്‍ നിന്നാകും ഉടലെടുത്തത്.
ശത്രുവിനെ കണ്ടെത്തി എതിരിട്ട് വേണം നിലനില്‍പും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ എന്ന ചില ഗ്രൂപ്പുകാരുടെ ചിന്താഗതിയാണ് ഇന്ന് നിലവിലുള്ള മിക്ക വാദപ്രതിവാദങ്ങളുടെയും പ്രേരകം. തങ്ങളാണ് ശത്രുക്കളെ നേരിട്ട് ആദര്‍ശത്തെ സംരക്ഷിക്കുന്നതെന്ന് വരുത്തി ആദര്‍ശ സ്‌നേഹികളെ വശത്താക്കാനാകും എന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. ഇത് ചില താല്‍ക്കാലിക നേട്ടമുണ്ടാക്കിയേക്കാമെങ്കിലും അന്തിമ വിശകലനത്തില്‍ വിപരീത ഫലമാണുണ്ടാക്കുക എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
വി.എം ഷാനവാസ് പെരിങ്ങോട്ടകം
വായനയുടെ സുഗന്ധം പകരുന്ന കൊച്ചു കൊച്ചു എഴുത്തുകളാണ് പ്രബോധനം വാരികയെ ഏറെ വായനക്ഷമമാക്കുന്നത്. ഹദീസ് പംക്തിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയവും മാതൃകാപരവും. ലക്കം 23-ല്‍ ശമീം ചൂനൂര്‍ എഴുതിയ 'പ്രതീക്ഷകളുടെ വലിയ വാതിലുകള്‍' പുസ്തക പരിചയം ലളിതവും എന്നാല്‍ പുസ്തകം തേടിപ്പിടിച്ച് വായിക്കാന്‍ പ്രചോദനം നല്‍കുന്നതുമായിരുന്നു. ഇത്തരം ചെറിയ നല്ലെഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മഅ്ദനിയും ഒരു പൗരനല്ലേ?
'ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്' എന്നത് സ്വതന്ത്ര ഇന്ത്യയുടെ നീതിവാക്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശം വകവെച്ചു നല്‍കാന്‍ അനുശാസിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരേ കണ്ണുകൊണ്ട് കാണണമെന്നാണ് ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചത്. ഒരു പൗരന്റെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് സുപ്രീംകോടതി. എല്ലാവരും കോടതിയില്‍ നിന്ന് നീതിയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, മഅ്ദനിക്ക് ഈ നീതിവാക്യങ്ങളുടെയൊന്നും ആനുകൂല്യം ലഭ്യമല്ലെന്ന് വരുന്നത് ദുഃഖകരമാണ്. ജാതിയും മതവും നോക്കാതെ, കേവലം ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് മഅ്ദനിക്ക് ജാമ്യം നല്‍കണം. കേസില്‍ നീതിപൂര്‍വം വിചാരണ ചെയ്ത് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കുകയും ചെയ്യണം. ഇത് ചെയ്യാത്തേടത്തോളം ജുഡീഷ്യറിയുടെ ദൗത്യം പൂര്‍ണമാവില്ല.
ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ നിരപരാധിയെന്ന് കണ്ട് മഅ്ദനിയെ വിട്ടയച്ചു. വീണ്ടും അനുചിതവും അയുക്തികവുമായ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്തു. ഭൂരിപക്ഷം പേരും ഇന്നും മഅ്ദനി നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. നീതിവ്യവസ്ഥയുടെ ഇരയായി മഅ്ദനി മാറിയാല്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രതിഛായ അത് കളങ്കപ്പെടുത്തും.
എം. അശ്‌റഫ് ഫൈസി കാവനൂര്‍
മത സംഘടനകള്‍ അജണ്ടകള്‍ മാറ്റാന്‍ തയാറാവുമോ?
ഈയിടെ ഒരു സുഹൃത്ത് ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച പങ്കുവെക്കുകയുണ്ടായി. പ്രഭാത ഭക്ഷണത്തിനു ഒരു ഹോട്ടലില്‍ കയറാന്‍ നേരം, ഹോട്ടലിനു പുറത്ത് കുറെയാളുകള്‍ കൂനിക്കൂടിയിരിക്കുന്നു. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത് അവര്‍ ഭക്ഷണത്തിനു ഒരു വഴിയുമില്ലാത്ത പാവങ്ങളാണെന്ന്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന ആരെങ്കിലും ഒരു സംഖ്യ ഹോട്ടലുടമയെ ഏല്‍പിക്കും, ശേഷം ഹോട്ടലുടമ ഔദാര്യമെന്നോണം ഭക്ഷണം അവര്‍ക്ക് മുമ്പില്‍ ഇട്ടുകൊടുക്കും. അച്ചടക്കത്തോടെ തലയുയര്‍ത്താതെ മുമ്പില്‍ ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന പാവങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ മുസ്‌ലിംകളാണെന്നറിഞ്ഞു. 'മനസുവെച്ചാല്‍ നമുക്ക് വരും കാലങ്ങളെ വരയാനാകും' (ലക്കം 16) എന്ന സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ലേഖനം വായിച്ചപ്പോഴാണ് സംഭവം വീണ്ടുമോര്‍മയില്‍ വന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെ തന്നെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒരു അജണ്ട നിശ്ചയിച്ചു മുന്നോട്ട് പോവാന്‍ ആരാണ് തടസ്സം നില്‍ക്കുന്നത്?
1921-ലെ മലബാര്‍ കലാപമോര്‍ക്കുക. ഭീതിതമായ ആ കാലഘട്ടത്തില്‍ അനേകമാളുകള്‍ വധിക്കപ്പെട്ടു, ധാരാളം പേരെ അന്തമാനിലേക്ക് നാടുകടത്തി. ഇവരുടെ ഭാവിയെക്കുറിച്ചാശങ്കിച്ച് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് ഉത്തരേന്ത്യന്‍ പത്രങ്ങളില്‍ പരസ്യം ചെയ്തു. വാര്‍ത്ത വായിച്ചെത്തിയ പഞ്ചാബിലെ കച്ചവടക്കാരായിരുന്ന ഖസൂരി സഹോദരന്മാരാണ് ജെ.ഡി.ടി ഇസ്‌ലാം സ്ഥാപിച്ചത്.
ഇന്ന് ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും 1921-നേക്കാള്‍ കഷ്ടത്തിലാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നില്‍വെച്ചു കേരള മുസ്‌ലിംകള്‍ വിചാരിച്ചാല്‍ ഒരുപാടു സഹായം ചെയ്യാന്‍ കഴിയും. ഈയിടെയുണ്ടായ ആസാം കലാപത്തിനുശേഷമുണ്ടായ അഭയാര്‍ഥി ക്യാമ്പുകള്‍ കാണാന്‍ കേരളത്തിലെ ഏതാണ്ടെല്ലാ മുസ്‌ലിം വിഭാഗങ്ങളും ആസാം സന്ദര്‍ശിക്കുകയുണ്ടായി. കോടികളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു പത്രസമ്മേളനം നടത്തി പറഞ്ഞതുകൊണ്ടായില്ല; ഇനിയൊരു രണ്ട് വര്‍ഷം കഴിഞ്ഞ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇന്ന ഇന്ന ഗുണങ്ങളുണ്ടായി എന്ന് ആര്‍ക്കൊക്കെ പറയാന്‍ കഴിയും?
ഇന്ത്യന്‍ മുസ്‌ലിംകളെ ഒന്നായി കാണാനും അവരുടെ പ്രശ്‌നങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താനും ഇതുവരെയാരും സന്നദ്ധരായിട്ടില്ല. വര്‍ഷാവര്‍ഷം മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സമ്മേളനങ്ങള്‍ക്കും കാമ്പയിനുകള്‍ക്കും നിയന്ത്രണം പ്രഖ്യാപിച്ച് അജണ്ടകളെ പുനഃക്രമീകരിക്കേണ്ടതുണ്ട്. വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ സംഘടനകള്‍ തയാറാവണം. നിരവധി നൂറ്റാണ്ട് രാജ്യം ഭരിച്ച ഒരു സമൂഹമാണ് ഇങ്ങനെ അധഃപതിച്ചുപോയതെന്നത് നമ്മെ വല്ലാതെ ദുഃഖിപ്പിക്കേണ്ടതാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് ഒരു വട്ടമേശക്ക് ചുറ്റും ഇരിക്കുവാന്‍ സാധിക്കുമോ? ഒരു കാര്യം ഉറപ്പാണ്. നാളെ പടച്ചവന്റെ മുമ്പില്‍ ഇതിനുത്തരം നല്‍കാതെ ഒരടി മുന്നോട്ട്‌പോവാന്‍ നമുക്കാവില്ല. കേവലം പതിനായിരം രൂപയുണ്ടെങ്കില്‍ ഒരു വീടുണ്ടാക്കാനും ഇരുപത്തയ്യായിരം രൂപയുണ്ടെങ്കില്‍ ഒരു വിവാഹം നടത്താനും കഴിയുന്ന അവിടങ്ങളില്‍ ഒരു സമൂഹ വിവാഹം സംഘടിപ്പിക്കാന്‍ നമ്മുടെ സംഘടനകള്‍ക്കാകുമോ? വിഭജന കാലത്ത് മാത്രം പത്ത് ലക്ഷത്തോളമാളുകള്‍ മുര്‍ത്തദ്ദായി എന്നാണ് കണക്ക്. ഇന്ന് ദാരിദ്ര്യം കൊണ്ട് മുര്‍ത്തദ്ദായി പോകുന്ന ഒരു ജനതയെ നിര്‍വികാരതയോടെ നോക്കി നില്‍ക്കാന്‍ നമുക്കെങ്ങനെയാണ് കഴിയുന്നത്? പ്രാദേശികവും സങ്കുചിതവുമായ വികാരങ്ങളാണ് നമ്മുടെ നേതൃത്വങ്ങളെ നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ അജണ്ടകള്‍ മാറ്റാത്തിടത്തോളം ഇതിനൊരു മാറ്റം സാധ്യമല്ല.
അബൂറബീഹ് എടച്ചേരി
അത് സാദിഖലി തങ്ങളായിരുന്നു
പാളയം മസ്ജിദിന്റെ ചരിത്രവും ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയുമായുള്ള അഭിമുഖവും (ലക്കം 24) ശ്രദ്ധേയമായിരുന്നു. ലേഖനത്തിലെ വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാട്ടട്ടെ. കമലാ സുറയ്യയുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തത് മുനവ്വറലി ശിഹാബ് തങ്ങള്‍ അല്ല, സാദിഖലി ശിഹാബ് തങ്ങളായിരുന്നു. അടുത്തിടെ പ്രസിദ്ധീകരിക്കുന്ന സംഘടനാതീതമായ ലേഖനങ്ങളും പഠനങ്ങളും പ്രബോധനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
കെ. അബ്ദുര്‍റസ്സാഖ്
തല്‍മസാനിയല്ല, തിലിംസാനി
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സമുന്നത നേതാവ് ഉമര്‍ തിലിംസാനിയെപ്പറ്റി പ്രബോധനത്തില്‍ വന്ന ലേഖനം(ലക്കം 24) വായിച്ചു. ലേഖനത്തിന്റെ തലക്കെട്ടിലും അകത്തും ഉപയോഗിച്ചിരിക്കുന്ന 'തല്‍മസാനി' എന്ന പ്രയോഗം ശരിയല്ല. അള്‍ജീരിയയിലെ ഒരു പട്ടണമാണ് തിലിംസാന്‍. ഉമര്‍ തിലിംസാനിയുടെ പിതാവും പ്രപിതാക്കളും അവിടെയാണ് താമസിച്ചിരുന്നത്. 1835-ല്‍ അള്‍ജീരിയ ഫ്രഞ്ച് കോളനിയായ കാലത്ത് ഇവര്‍ കയ്‌റോയിലേക്ക് പലായനം ചെയ്തു. അതിനാല്‍ അള്‍ജീരിയയിലെ തിലിംസാന്‍ എന്ന പട്ടണത്തിലേക്ക് ചേര്‍ത്ത് ഉമര്‍ തിലിംസാനി എന്നതാണ് ശരിയായ പ്രയോഗം.
അബൂ അമാന്‍ കോഴിക്കോട്
Comments