Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

ചോദ്യോത്തരം

മുജീബ്‌

അന്നഹ്ദയുടെയും  മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും പാത
 കഴിഞ്ഞ പത്തു വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം നടത്തുന്ന എ.കെ പാര്‍ട്ടിയും തുനീഷ്യയില്‍ അധികാരത്തില്‍ വന്ന അന്നഹ്ദയും സ്വീകരിക്കുന്ന നടപടികളും സമീപനങ്ങളും മതനിരാസത്തിനും മതതീവ്രതക്കുമിടയില്‍ സമചിത്തതയുടെ ഒരു മാര്‍ഗമുണ്ട് (അല്ലെങ്കില്‍ ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള അനുരഞ്ജനത്തിന്റെ പാതയുണ്ട്) എന്ന് തെളിയിക്കുന്നു. മാത്രമല്ല, മതരാഷ്ട്രവാദം മുഖമുദ്രയായി സ്വീകരിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഈജിപ്തില്‍ ഭരണത്തിലെത്തിയ ശേഷം ഈ മാര്‍ഗം സ്വീകരിക്കുന്നുവെന്നാണ് മുര്‍സിയുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക ഭരണ സംവിധാനങ്ങളുടെ മാതൃകാ രാജ്യമായി തുനീഷ്യ മാറുമെന്ന് ഗനൂശി പറയുകയുണ്ടായി. ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യം ലോകം മാതൃകയാക്കണമെന്ന് മുസ്‌ലിം ലീഗിനെപ്പോലെയുള്ള മതേതര ജനാധിപത്യ കക്ഷികളുടെ സാന്നിധ്യമാണ് ഇന്ത്യാ രാജ്യത്തിന്റെ വിജയ രഹസ്യമെന്ന് ഇ. അഹ്മദിനോട് തുനീഷ്യ സന്ദര്‍ശന വേളയില്‍ ഗനൂശി പറഞ്ഞു. ഗനൂശിയുടെ ഈ അഭിപ്രായം മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പക്വതക്കുള്ള അംഗീകാരമാണ് (ചന്ദ്രിക എഡിറ്റോറിയല്‍). എ.കെ പാര്‍ട്ടിയും അന്നഹ്ദയും ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും കേരളത്തിലെ മുസ്‌ലിം ലീഗും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണോ?
സി.വി അബൂബക്കര്‍ തിരുന്നാവായ
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാനോ വിമര്‍ശനാത്മകമായി വിലയിരുത്താനോ ശ്രമിക്കാതെ, ഇസ്‌ലാമിന്റെ സാമൂഹികാധ്യാപനങ്ങളെക്കുറിച്ച് തികച്ചും അജ്ഞരും വരണ്ടുണങ്ങിയ കര്‍മശാസ്ത്ര മസ്അലകളാണ് ഇസ്‌ലാമിന്റെ ആകത്തുകയെന്ന് ധരിച്ചുവശായവരുമായ മതപണ്ഡിതന്മാര്‍ പുറപ്പെടുവിച്ച അന്ധമായ ഫത്‌വകളില്‍ അഭിരമിച്ചതാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന് പൊതുവെ സംഭവിച്ച അബദ്ധം. ഇസ്‌ലാമിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തത്ത്വങ്ങളെക്കുറിച്ചോ തദടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക വ്യവസ്ഥിതിയെക്കുറിച്ചോ നമ്മുടെ സാമ്പ്രദായിക മതപണ്ഡിതന്മാര്‍ തെല്ലും ബോധവാന്മാരായിരുന്നില്ല. ഇസ്‌ലാം മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിംകളെ കൂടി അഭിസംബോധന ചെയ്യുന്ന മഹത്തായ മാനവിക ദര്‍ശനമാണെന്ന പ്രാഥമിക വിവരം പോലും അവര്‍ക്കില്ലായിരുന്നു. പള്ളികളില്‍നിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നതോടെ ദഅ്‌വത്ത് (പ്രബോധനം) പൂര്‍ത്തിയായതെന്ന് വിശ്വസിക്കാന്‍ മാത്രം ശുദ്ധഗതിക്കാരായിരുന്നു അവര്‍. ഇങ്ങനെയുള്ള പണ്ഡിതന്മാരും അവരുടെ സഭകളും അവതരിപ്പിച്ച വികലാംഗ ഇസ്‌ലാമിന്റെ ഭൂമികയില്‍ കേവല മതേതര സാമുദായിക രാഷ്ട്രീയം പയറ്റുകയാണ് മുസ്‌ലിം ലീഗ് ചെയ്തത്, ഇപ്പോഴും ചെയ്യുന്നത്.
മുസ്‌ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്‌ലാമിയുമാകട്ടെ മനുഷ്യനിര്‍മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളെ നിരാകരിച്ചു ദൈവിക സന്മാര്‍ഗത്തിലധിഷ്ഠിതമായ സമ്പൂര്‍ണ ഇസ്‌ലാമിക ദര്‍ശനത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയും ഖുര്‍ആന്റെയും സുന്നത്തിന്റെയും ഖിലാഫത്ത് മാതൃകയുടെയും വെളിച്ചത്തില്‍ അതിന്റെ സാധ്യതയും പ്രസക്തിയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഈ ദൗത്യം നിറവേറ്റാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഹിംസയുടെയോ ബലപ്രയോഗത്തിന്റെയോ മിലിറ്റന്‍സിയുടെയോ മാര്‍ഗം സ്വീകരിക്കുകയുണ്ടായില്ല. പകരം ജനാധിപത്യപരമായ ആശയസമരത്തിന്റെയും ആദര്‍ശ പ്രബോധനത്തിന്റെയും മാര്‍ഗം മാത്രം അവലംബിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ഇഖ്‌വാന്‍ ദീര്‍ഘകാലം ഏകാധിപതികളുടെ അടിച്ചമര്‍ത്തല്‍ നടപടികളെ സഹന സമരത്തിലൂടെ നേരിട്ട ശേഷം ആ മാര്‍ഗത്തിലൂടെ തന്നെ അവര്‍ക്കെതിരായ ബഹുജന പ്രക്ഷോഭങ്ങളില്‍ മുഖ്യ പങ്കാളികളായി പൗരാവകാശ സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചെടുത്തതാണ് ഇപ്പോള്‍ അറബ് വസന്തത്തിലൂടെ നാം കാണുന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്ന നാടുകളില്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരമുറപ്പിച്ചതും ജനാധിപത്യ പുനഃസ്ഥാപന പ്രക്രിയ ആരംഭിച്ചതും എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഇത് സെക്യുലരിസത്തിന്റെ വിജയമല്ല, വിശാലവും മാനവികവുമായ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ തന്നെ വിജയമാണ്. ഇസ്‌ലാമിലോ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലോ വല്ല നന്മയും കണ്ടാല്‍ അതിന്റെയൊക്കെ പകര്‍പ്പാവകാശം മതേതരത്വത്തിനാണെന്ന സെക്യുലരിസ്റ്റുകളുടെ നിലപാട് പരിഹാസ്യമാണ്. നബിതിരുമേനി (സ) സ്ഥാപിച്ച പ്രഥമ ഇസ്‌ലാമിക സ്റ്റേറ്റില്‍ മനുഷ്യാവകാശങ്ങളും പരമത സഹിഷ്ണുതയും സാമൂഹിക നീതിയും പുലര്‍ന്നത് ഏത് സെക്യുലരിസത്തിന്റെ പേരിലായിരുന്നു? ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത് അമുസ്‌ലിം ഭൂരിപക്ഷ ജനാധിപത്യ മതനിരപേക്ഷ രാജ്യത്താണ്. അവിടെ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും ഏത് മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കണമെന്നും കൃത്യമായ ബോധ്യം സംഘടനക്കുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഗുണവശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടുതന്നെ ഇസ്‌ലാമിനെ സമ്പൂര്‍ണ രൂപത്തില്‍ സുതാര്യമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ജമാഅത്ത് ഇതിനകം തെളിയിച്ചിട്ടുണ്ട്. അതില്‍ മറ്റു ചില സംഘടനകളെയും പാര്‍ട്ടികളെയും പോലെ ഇസ്‌ലാമിനെ അംഗഭംഗം വരുത്തുകയോ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയോ തത്ത്വരഹിതമായി വിട്ടുവീഴ്ച ചെയ്യുകയോ മാപ്പ് സാക്ഷി ചമയുകയോ ഒന്നും ചെയ്യേണ്ടതില്ല. ഇപ്പറഞ്ഞ ഒന്നിനും മുസ്‌ലിം ബ്രദര്‍ഹുഡോ അന്നഹ്ദയോ മാതൃകയുമല്ല.
വികസനത്തിനു വിട്ടുവീഴ്ച
നവലോകം വികസനത്തിലൂടെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിലും ചില വികസനങ്ങള്‍ എമര്‍ജിംഗ് കേരള എന്നും മറ്റുമായി നടപ്പിലാക്കാന്‍ പോകുന്നു. നാട്ടില്‍ വികസനം വരണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹവും ആവശ്യവും. പക്ഷേ, ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗം സോളിഡാരിറ്റി ചില കടലാസ് സംഘടനകള്‍ക്കൊപ്പം നിന്ന് നാട്ടില്‍ വരുന്ന വികസനത്തിനെതിരെ ഒച്ചവെച്ചുകൊണ്ടിരിക്കുന്നു. എല്ലാവരെയും നന്നാക്കിയിതിനു ശേഷം വരാനുള്ളതല്ല വികസനം. വികസനം വരുമ്പോള്‍ പരിസ്ഥിതിക്കും പരിസര ജനങ്ങള്‍ക്കും ചില കോട്ടങ്ങള്‍ തട്ടിയെന്ന് വരും. പാല്‍പായസം കുടിച്ചിരുന്നാല്‍ വിപ്ലവം വരാത്തതുപോലെ അല്‍പം ത്യാഗം ഏതു വികസനത്തിലും വേണ്ടിവരും. സോളിഡാരിറ്റി ഇപ്പോള്‍ കൂടങ്കുളത്തേക്കും തിരിഞ്ഞിരിക്കുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാം വരെ പറഞ്ഞു; കൂടങ്കുളം അപകടകാരിയല്ല എന്ന്. കൂടങ്കുളം തുടക്കം മുതല്‍ക്കുതന്നെ എതിര്‍ക്കപ്പെടാതെ ഇപ്പോള്‍ മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണം? ഇസ്‌ലാം സമാധാനത്തിനും പുരോഗതിക്കും ക്ഷേമത്തിനും തന്നെയല്ലേ?
എന്‍.പി രിയാദ് 
രാജ്യങ്ങളും ലോകവും എന്നെന്നും വികസിച്ചുകൊണ്ടേ വന്നിട്ടുണ്ട്. വികസന പ്രക്രിയ അനുസ്യൂതം തുടരുകയും ചെയ്യും. എന്നാല്‍, എന്താണ് വികസനത്തെക്കുറിച്ച സമതുലിതവും ആരോഗ്യകരവുമായ സങ്കല്‍പം എന്നതാണ് ചോദ്യം. അത് മുഴുവന്‍ മനുഷ്യരെയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന, ശാശ്വതമായി നിലനില്‍ക്കുന്നതാവണോ അതല്ല ചിലര്‍ക്ക് മാത്രം ചില കാലത്തേക്കുള്ളതാവണമോ? ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും പാര്‍പ്പിടവും കൃഷിയിടവുമാവേണ്ട ഭൂമിയും പ്രകൃതി സാമഗ്രികളുമെടുത്ത് ഏതാനും പേര്‍ക്ക് രമ്യഹര്‍മ്യങ്ങള്‍ക്കും വിനോദത്തിനും ധൂര്‍ത്തിനും വഴിയൊരുക്കുന്നതും ബാക്കിയുള്ളവരെ വഴിയാധാരമാക്കുന്നതുമാണോ വികസനം?
കൃത്യമായും കണിശമായും അളന്നും തൂക്കിയുമല്ലാതെ ദൈവം ഈ പ്രപഞ്ചത്തിലോ ഭൂമിയിലോ ഒന്നും പടച്ചിട്ടില്ല എന്നാദ്യമേ മനസ്സിലാക്കണം. വെള്ളം, വായു, ഭക്ഷണം, പാര്‍പ്പിടം തുടങ്ങി എല്ലാറ്റിനും അത് ബാധകമാണ്. പ്രകൃതിവിഭവങ്ങള്‍ മിതമായും കൃത്യമായും എല്ലാവരുടെയും ക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും സുഖമായി ലോകാവസാനം വരെ കഴിയാം. ദുരയും ദുരാഗ്രഹവും മൂത്ത ചിലര്‍ക്ക് അതിനുള്ള ക്ഷമയില്ല. അവര്‍ കൃത്രിമ വിത്തുകളും വളങ്ങളും ഉപയോഗിച്ച് ഫലപുഷ്ടമായ മണ്ണിനെ കടുംകൃഷിക്കായി ചൂഷണം ചെയ്യുമ്പോള്‍ ഭാവി തലമുറകളുടെ ആഹാരത്തിനുള്ള വക നശിപ്പിക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തന്നെ നായ്ക്കും നരിക്കുമില്ലാതെ പാഴാക്കുകയാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്നാട്ടിലെ മുഴുവന്‍ പേര്‍ക്കും തിന്നാന്‍ മതിയാവുന്നതാണ് എന്ന് കണക്കുകള്‍ പറയുന്നു. ദൈവം ഭൂമിക്കടിയില്‍ സംഭരിച്ചുവെച്ച ഇന്ധനം ഒറ്റയടിക്ക് ഊറ്റിത്തീര്‍ത്ത് വരുംതലമുറകളുടെ ഗതാഗതവും വ്യവസായവുമെല്ലാം പെരുവഴിയിലാക്കുന്ന ധൂര്‍ത്തും ദുര്‍വ്യയവും പൈശാചിക താണ്ഡവമാടാത്ത ഒരു ജീവിതരംഗവും ബാക്കിനില്‍ക്കുന്നില്ല. ഇതിനാണോ വികസനമെന്ന് പറയേണ്ടതും പിന്തുണക്കേണ്ടതും? അനേകായിരങ്ങളെ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ കുടിയൊഴിപ്പിച്ചു അതിവേഗപാതകളും റെയില്‍പാളങ്ങളും വ്യവസായങ്ങളും പണിയുന്നതിനെയാണ് സോളിഡാരിറ്റിയും സമാന മനസ്‌കരും എതിര്‍ക്കുന്നത്. ജന്തുവര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്ത് കോണ്‍ക്രീറ്റ് കാടുകള്‍ പണിതാല്‍ ഭാവിതലമുറകള്‍ക്കവയെ, ദിനോസറുകളെപ്പോലെ ചിത്രങ്ങളില്‍ കണ്ട് തൃപ്തിയടയേണ്ടിവരും. കുന്നും മലയും ലക്കും ലഗാനുമില്ലാതെ ഇടിച്ചുനിരപ്പാക്കുന്ന പണി ഈ മട്ടില്‍ തുടര്‍ന്നാല്‍ ഭൂമിയുടെ ബാലന്‍സ് പോലും തകരും. മണലൂറ്റി മണലൂറ്റി മണ്ണുവരെ ഊറ്റി മണല്‍തിട്ടകള്‍ ഓര്‍മ മാത്രമായി, 44 പുഴകളും നദികളും ഒഴുകുന്ന കേരളത്തില്‍ പ്രകൃതിയോടും മനുഷ്യനോടും ജീവജാലങ്ങളോടും സ്‌നേഹമുണ്ടെങ്കില്‍ ഈ ഭ്രാന്തന്‍ വികസനത്തിന്റെ കെട്ടുകാഴ്ചയെ ചെറുത്തുതോല്‍പ്പിച്ചേ തീരൂ. മാരക പാര്‍ശ്വഫലങ്ങളുളവാക്കുമെന്ന് ശാസ്ത്രവും അനുഭവവും തെളിയിച്ച ആണവോര്‍ജം അമേരിക്കയും യൂറോപ്പും ജപ്പാനും കൈയൊഴിയാന്‍ ശ്രമിക്കുമ്പോള്‍, വാരിപ്പുണരാനുള്ള ഇന്ത്യയുടെ വ്യഗ്രത കേവലം ഇന്ധനദാരിദ്ര്യം തീര്‍ക്കാനാണെന്ന് വിശ്വസിക്കാനാവില്ല, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞാലും.
യഥാര്‍ഥ ആത്മീയത
''സുഖത്തിനുവേണ്ടിയുള്ള ഭൗതികമായ അന്വേഷണങ്ങള്‍ ദുഃഖത്തിലേക്കുള്ള അന്വേഷണം കൂടിയാണ്. അതുകൊണ്ടാണ് സുഖസൗകര്യങ്ങള്‍ കൂടുന്തോറും ആശുപത്രികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത്. സുഖം ആത്മനിഷ്ഠമാണെന്നുള്ളതാണ് ആധ്യാത്മികതയുടെ അടിസ്ഥാനതത്ത്വം. പ്രാചീനകാലത്ത് വനാന്തരങ്ങളില്‍ തപസ്സിരുന്ന ഋഷീശ്വരന്മാര്‍ പോലും നമ്മേക്കാള്‍ സുഖം (ആനന്ദം) അനുഭവിച്ചിരുന്നു എന്നുള്ളതാണ് സത്യം. അതിനനുസരിച്ച് അവര്‍ക്ക് ആയുരാരോഗ്യവും ഉണ്ടായിരുന്നു. മനുഷ്യന്‍ എന്നാല്‍ മറ്റു ജന്തുക്കളോടൊപ്പം കാട്ടില്‍ ജീവിക്കേണ്ട സാധാരണ ജീവി മാത്രമാണെന്ന സത്യത്തിലേക്ക് ഉണരുന്നതാണ് യഥാര്‍ഥ ആത്മീയത. ആധുനിക ജീവിതത്തിന്റെ നിരര്‍ഥകത അപ്പോള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ'' (വി. വിഷ്ണുനമ്പൂതിരി പയ്യന്നൂര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് ). മുജീബിന്റെ പ്രതികരണം?
സാലിം പൂച്ചമാന്തി 
സുഖം ആത്മനിഷ്ഠമാണെന്നത് വലിയ അളവില്‍ ശരിയാണ്. സമ്പത്തിന്റെ കൂമ്പാരമോ രമ്യഹര്‍മ്യമോ മേത്തരം വാഹനങ്ങളോ സുന്ദരികളായ ഇണകളോ അധികാരമോ ഒന്നും മനസ്സമാധാനവും സുഖവും നല്‍കിക്കൊള്ളണമെന്നില്ല. മറിച്ച് ദൈവസ്മരണയില്‍ അഭിരമിക്കുന്ന ശാന്തചിത്തരായ മനുഷ്യര്‍ക്ക് ഇപ്പറഞ്ഞതൊന്നും ഇല്ലെങ്കിലും സുഖം അനുഭവവേദ്യമാവും. അതിന് പക്ഷേ, വനാന്തരങ്ങളിലെ മൃഗങ്ങള്‍ക്ക് കൂട്ടാവുകയോ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയോ തപസ്സിരുന്നു ആയുഷ്‌കാലമൊടുക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. അത്തരമൊരവസ്ഥയോട് പൊരുത്തപ്പെടാന്‍ ലോകത്തിലെ മഹാഭൂരിപക്ഷം മനുഷ്യര്‍ക്ക് സാധിക്കുന്നതുമല്ല. ഭൂമുഖത്തെ ജീവിതവിഭവങ്ങളൊക്കെ മനുഷ്യര്‍ക്കായി ദൈവം പടച്ചതാണ്. അത് അധ്വാനത്തിലൂടെ കരസ്ഥമാക്കി മിതമായി ഉപയോഗിക്കുകയും സഹജീവികള്‍ക്ക് ഉപയോഗിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് യഥാര്‍ഥ സുഖം. നാഗരികതയുടെ വളര്‍ച്ച മനുഷ്യബുദ്ധിയുടെ തന്നെ വളര്‍ച്ചയാണ്. അതില്‍നിന്ന് വിമുഖരാവുകയല്ല, ലോകത്തിന്റെ ക്ഷേമത്തിനും സുസ്ഥിതിക്കും സമാധാനത്തിനുമായി അതിനെ പ്രയോജനപ്പെടുത്തുകയാണ് സുഖം നേടാനുള്ള വഴി. അമിതമായാല്‍ അമൃതവും വിഷമാവും. ആത്മീയതയുടെ കാടുകയറ്റവും ഭൗതികപ്രമത്തതയും ഒരുപോലെ ദുഃഖത്തിനേ കാരണമാവൂ. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വീക്ഷണം.
മുസ്‌ലിം കടലിലിറങ്ങിയിരുന്നില്ലെങ്കില്‍
മുസ്‌ലിമിനെ സമുദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സമുദ്രം ഹിന്ദു മത്സ്യത്തൊഴിലാളികളുടേതാണെന്നും വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഗോമാംസം ഭക്ഷിക്കുന്ന മുസ്‌ലിമിന് സമുദ്രത്തിലേക്ക് പ്രവേശമില്ല. ഗുജറാത്തിലെ കച്ചില്‍നിന്ന് കേരളം വഴി ബംഗാള്‍ വരെ സമുദ്രം ഹിന്ദുവിന്റേതാണ്. മുസ്‌ലിമിന്റെ കൈയില്‍നിന്ന് ഇത് യുദ്ധം ചെയ്തായാലും തിരിച്ചുപിടിക്കണം. ഇത് കേരളത്തിലും തുടങ്ങണം. നൂറ് കോടി ഹിന്ദുക്കളുടെ പിന്തുണ ഇതിനുണ്ടാകും. ഹിന്ദുവിന്റെ അധികാരം തിരിച്ചുപിടിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് നിയമംമൂലം നടപ്പാക്കണം. ഈ പാക്കേജ് നടപ്പാക്കിയാല്‍ എല്ലാ രംഗത്തും ഹിന്ദു മത്സ്യ തൊഴിലാളികള്‍ക്ക് ഉന്നതിയുണ്ടാവും. ഹിന്ദുവിന്റെ ഭരണം ദല്‍ഹിയിലും കേരളത്തിലും വന്നാല്‍ മാത്രമേ ഹിന്ദു മത്സ്യ തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കൂ. ഹിന്ദുക്കള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിക്കരുത്. നമ്പൂതിരിയുടെയും നായരുടെയും പട്ടിക ജാതിക്കാരന്റെയും ഈഴവന്റെയും പൂര്‍വികര്‍ ഒന്നാണ്. ഇത് ആധുനിക ശാസ്ത്രം തെളിയിച്ചതാണ്. തൃപ്രയാറില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് തൊഗാഡിയ പറഞ്ഞത് (മാധ്യമം ദിനപത്രം 28-10-2012). മുജീബിന്റെ പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി
വിഷം വമിച്ചതും തീതുപ്പിയതും വിശ്വഹിന്ദുപരിഷത്തിന്റെ വിശ്വനായകനായതുകൊണ്ട് ഐ.പി.സിയുടെ എല്ലാ വകുപ്പുകളും നിശ്ചലം, നിശ്ശബ്ദം. സെക്യുലര്‍ പോലീസിന്റെ സമ്പൂര്‍ണ സംരക്ഷണം. അതിന്റെ നൂറിലൊരംശം അബ്ദുന്നാസിര്‍ മഅ്ദനിയുടെ വാക്കുകളില്‍ കണ്ടെത്തിയാല്‍ ശാശ്വത ജയില്‍പീഡനം. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിലെ നടപ്പ് നീതി!
മാംസ മത്സ്യാദികള്‍ നിഷിദ്ധമെന്ന് വിശ്വസിക്കുന്ന ബ്രാഹ്മണരുടെ പ്രതിനിധിയായ പ്രവീണ്‍ തൊഗാഡിയ ഹിന്ദുക്കളുടെ മത്സ്യബന്ധന കുത്തകാധികാരത്തിനു വേണ്ടി നാക്കിട്ടടിച്ചത് പരിഹാസ്യമായ വൈരുധ്യമാണ്. ഗോമാംസം ഭുജിക്കുന്നത് മുസ്‌ലിം മാത്രമാണെന്ന കണ്ടുപിടുത്തമാണ് മറ്റൊരു തമാശ. ഹിന്ദുക്കളിലെ അധകൃതര്‍ മാത്രമല്ല സവര്‍ണരില്‍ നല്ലൊരു ഭാഗവും ഗോ മാംസാഹാരികളാണെന്നിരിക്കെ അവര്‍ക്കൊക്കെയും സമുദ്ര വിലക്ക് ഏര്‍പ്പെടുത്തണം. ഇല്ലെങ്കില്‍ ഗോ പ്രേമമല്ല, മുസ്‌ലിം വിരോധം തന്നെയാണ് തൊഗാഡിയക്കുള്ളതെന്ന് കരുതേണ്ടിവരും. കേരളത്തില്‍ വന്ന ഹിന്ദുക്കളുടെ സമുദ്രാവകാശ കുത്തകയെപ്പറ്റി വാചാലനായപ്പോള്‍ അദ്ദേഹം ഒരുവേള അറിയാത്തതും ഓര്‍ക്കാതെ പോയതുമായ മറ്റൊരു ചരിത്ര സത്യമുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോര്‍ച്ചുഗീസ് അധിനിവേശക്കാര്‍ വാസ്‌കോഡ ഗാമയുടെ നേതൃത്വത്തില്‍ കേരളതീരത്ത് വന്നപ്പോള്‍ അവരെ നേരിടാന്‍ ഹൈന്ദവ രാജാവായ സാമൂതിരി നിയോഗിച്ചത് കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നായകത്വത്തില്‍ മുസ്‌ലിം നാവികരെ ആയിരുന്നു. തൊഗാഡിയയുടെ വംശീയ വിദ്വേഷവികാരമാണ് സാമൂതിരിയെ നയിച്ചിരുന്നതെങ്കില്‍ കേരളം പോര്‍ച്ചുഗീസ് കോളനിയായി മാറിയേനെ. അപ്പോഴും ചന്ദ്രക്കലയേക്കാള്‍ ഭേദം കുരിശാണ് എന്നാവും തൊഗാഡിയമാരുടെ ചിന്ത. ഈ ശത്രുതക്ക് അറ്റമോ അതിരുകളോ ഇല്ല. അതിനാല്‍, കേരളം പൊതുവെ തൊഗാഡിയയെ കേട്ടില്ലെന്ന് വെച്ചത് തന്നെയാണ് ശരി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍