Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

കൗമാരം വഴിതെറ്റാതിരിക്കാന്‍

നസിറുദ്ദീന്‍ ആലുങ്ങല്‍

ഉന്നത പഠനത്തിന് വീടുവിട്ടു വിദൂരങ്ങളില്‍ പോകുന്നവര്‍ ഇന്ന് വളരെയേറെയാണ്. ഗ്രാമങ്ങളില്‍ നിന്നു വരെ ദൂരദിക്കുകളിലുള്ള സര്‍വകലാശാലകളിലും കോളേജുകളിലും പോയി വിദ്യയഭ്യസിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഒരുപോലെ വര്‍ധിക്കുകയാണ്; ഒപ്പം അവരുടെ മാനസിക, കുടുംബ സാമൂഹിക പ്രശ്‌നങ്ങളും. അപക്വമായ പ്രേമബന്ധങ്ങളും അവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇവയില്‍ പ്രധാനം.
ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ക്ക് വ്യക്തി വിധേയമാകുന്ന ഘട്ടമാണ് കൗമാരം. ശാരീരികവും ശരീരധര്‍മ്മശാസ്ത്രപരവും വൈകാരികവും ബുദ്ധിപരവുമായ നിരവധി മാറ്റങ്ങള്‍ക്കൊപ്പം ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ സ്വതന്ത്ര വ്യക്തികളായി മാറുകയായി. പ്രജനന പ്രക്രിയയില്‍ പങ്കുകൊള്ളുന്ന അവയവങ്ങള്‍ ധര്‍മ്മമാരംഭിക്കുകയും വ്യക്തി ലൈംഗിക പക്വതയിലേക്ക് പ്രയാണം തുടങ്ങുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ലൈംഗിക പക്വതയിലേക്ക് പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ, പക്വതയാര്‍ജ്ജിച്ചിട്ടില്ല എന്ന വസ്തുതയാണ്. മുതിര്‍ന്നവരുടേതു പോലുള്ള ആഗ്രഹങ്ങളും താല്‍പര്യങ്ങളും ഉള്ളവരായിരിക്കും കൗമാരക്കാരെങ്കിലും, ബുദ്ധിപരമായ വളര്‍ച്ചയും പക്വതയും പാതിവഴിയില്‍ മാത്രമായിരിക്കും. വൈകാരികമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും അവരില്‍ കൂടുതല്‍ സ്വാധീനം.
രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രരായി സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമം കൗമാരക്കാരില്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തത് രക്ഷിതാക്കളും മുതിര്‍ന്നവരുമാണെന്നും, തങ്ങളാണ് കാലാനുസൃതമായി ചിന്തിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും അവര്‍ കരുതുകയും വാദിക്കുകയും ചെയ്യും. അതേസമയം, പ്രായത്തിനും വളര്‍ച്ചക്കുമനുസരിച്ച് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ രക്ഷിതാക്കള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഈ പ്രവണത പരസ്പരമുള്ള ആശയ-പെരുമാറ്റ സംഘട്ടനങ്ങള്‍ക്ക് കാരണമാകും. മാതാപിതാക്കളുടെ ആശയത്തോടും പ്രവര്‍ത്തന മേഖലകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൗമാരക്കാര്‍ സ്വന്തമായ ആദര്‍ശ, പ്രവര്‍ത്തന, മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതോടെ മക്കളും രക്ഷിതാക്കളും തമ്മിലുള്ള പോര് ശക്തമാകും.
സംസ്‌കരണ ക്ലാസുകളിലും വിജ്ഞാന സദസ്സുകളിലും വാരാന്ത യോഗങ്ങളിലും തങ്ങളുടെ കൗമാരക്കാരായ മക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കും. എന്നാല്‍ ഉപ്പക്ക് എന്നും യോഗത്തെക്കുറിച്ച് മാത്രമേ പറയാനുള്ളൂ, വേറെ പണിയൊന്നുമില്ല എന്ന നിലപാടിലായിരിക്കും കൗമാരക്കാര്‍. മനുഷ്യര്‍ സാധാരണയായി അവരവരുടെ പ്രായത്തിനനുസരിച്ചും സാഹചര്യത്തിനനുസരിച്ചുമാണ് ചിന്തിക്കുകയെന്നത് മനസിലാക്കാത്തതാണ് ഇത്തരം ഭിന്നതകള്‍ക്ക് കാരണം. പരസ്പരം മനസിലാക്കാനുള്ള ശ്രമം മാതാപിതാക്കളുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടാവണം.
തങ്ങളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരായിരിക്കും കൗമാരക്കാര്‍. പൗഡറിട്ടും കണ്ണെഴുതിയും കണ്ണാടിക്കു മുന്‍പില്‍ സമയം ചെലവഴിക്കുക, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് അനിയന്ത്രിതമായി പണംചെലവഴിക്കുക, വസ്ത്രധാരണത്തിലെ അമിത ശ്രദ്ധ തുടങ്ങിയവ കൗമാരക്കാരില്‍ കണ്ടെന്നുവരാം. കൗമാരക്കാരായ ആണ്‍കുട്ടികള്‍വരെ പുരികം കറുപ്പിക്കുകയും ചീകുകയും ചെയ്‌തെന്നുവരാം. രക്ഷിതാക്കള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തവരായിരിക്കും. മക്കള്‍ വഴിതെറ്റുകയാണെന്ന് അവര്‍ സംശയിക്കും, പരാതിപ്പെടും. മക്കളുമായുള്ള ഭിന്നതയായി ഇത് രൂപപ്പെടുന്നു. ഭയപ്പെടേണ്ട കാര്യങ്ങളല്ല ഇവയൊന്നും; അല്‍പായുസ്സ് മാത്രമുള്ള കാര്യങ്ങളാണ്. പക്വത പ്രാപിക്കുന്നതിനനുസരിച്ച് ഇത്തരം സ്വഭാവങ്ങളില്‍ മാറ്റംവരും. ആവശ്യമെങ്കില്‍ കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വം ഉപദേശിക്കാവുന്നതാണ്. ഉപദേശം കൗമാരക്കാര്‍ക്ക് ശല്യമായി അനുഭവപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധകൊടുക്കുകയും വേണം. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വേഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷവും സ്ഥിരമായി സ്വീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നുവെങ്കില്‍ സ്‌നേഹപൂര്‍വമുള്ള ഉപദേശത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടതും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടേണ്ടതുമാണ്.
ലൈംഗിക പക്വതയിലേക്ക് മുന്നേറുന്ന കൗമാരഘട്ടത്തില്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശക്തമായിരിക്കും. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും തിരിച്ചും ശക്തമായ ആകര്‍ഷണം രൂപപ്പെടുക ഈ ഘട്ടത്തിലാണ്. ഈ ആകര്‍ഷണം അപക്വമായ പ്രേമബന്ധങ്ങളിലേക്ക് നീങ്ങുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലാണ് ഇത്തരം ബന്ധങ്ങള്‍ രൂപപ്പെടുന്നതെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ജാതിമതഭേദമന്യെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും അത്തരം ബന്ധങ്ങള്‍ അനുവദിക്കുകയില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരംതേടി കൗണ്‍സലിംഗ് സെന്ററുകളിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.
ഇത്തരം അനിഷ്ടകാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കളും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്നും കുതറിമാറി സഞ്ചരിക്കാനുള്ള കൗമാര പ്രവണതയെ രക്ഷിതാക്കള്‍ ശരിയാംവിധം മനസിലാക്കണം. അവര്‍ താന്തോന്നികളാകുന്നതോ ധിക്കാരികളാകുന്നതോ അല്ല, മറിച്ച് കൗമാര ഘട്ടത്തിന്റെ ചില വികൃതികള്‍ മാത്രമാണ് അത്. അതുകൊണ്ട്, അവരുമായി കൊമ്പുകോര്‍ക്കാതെയും എന്നാല്‍, അവഗണിച്ച് തള്ളാതെയും അവരോട് ചേര്‍ന്നുനില്‍ക്കണം. അവരെ പരിഗണിക്കണം. സ്‌നേഹിക്കണം. രക്ഷിതാക്കള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാനും അനുഭവിക്കാനും അവസരമുണ്ടാകണം. മറ്റെങ്ങുനിന്നും കിട്ടാത്ത സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും കുടുംബത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കണം. കുടുംബത്തില്‍നിന്ന് അകന്നുനിന്ന് പഠിക്കുമ്പോഴും കുടുംബത്തിനകത്തേക്ക് പടര്‍ന്നുകിടക്കുന്ന ശക്തമായൊരു വേര് മക്കള്‍ക്കുണ്ടാകുന്നതിന് ഇത് ഇടവരുത്തും.
എന്നാല്‍, വിദേശത്ത് ജോലിചെയ്യുന്ന രക്ഷിതാക്കള്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും മക്കളോടൊപ്പമിരിക്കാനോ അവരോടൊപ്പം ഉള്ളുതുറന്നൊന്നു സംസാരിക്കാനോ അവസരം കണ്ടെത്താന്‍ സാധിക്കുന്നില്ല. മാതാവും പിതാവും ജോലിക്ക് പോകുന്നവരാണെങ്കില്‍ അവരും ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ഇത്തരം അവസരങ്ങളിലാണ് മൊബൈല്‍ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമൊക്കെ വില്ലന്‍വേഷം കെട്ടി കടന്നുവരുന്നത്. ഒരിക്കല്‍പോലും കിട്ടാത്ത, കുടുംബ ചുറ്റുപാടുകളെക്കുറിച്ചൊന്നും ഒരറിവുമില്ലാത്ത ഒരാളെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ പരിചയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതിനും പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നുവെങ്കില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എത്രമാത്രം ദുര്‍ബലമായിരിക്കും എന്ന് തിരിച്ചറിയുക. അവിവാഹിതരായി നില്‍ക്കെത്തന്നെ ഒരു പരിചയവുമില്ലാത്ത ആളുകളോടൊപ്പം ഒളിച്ചോടി, ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെട്ട് തീരാദു:ഖം ഏറ്റുവാങ്ങുന്നവരും കൗമരക്കാര്‍ക്കിടയിലുണ്ട്. അത്തരം കൗമാരക്കാര്‍ അറിയുക: നേടുകയല്ല, ജീവിതം നഷ്ടപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
(ഡയറക്ടര്‍, ആശ്വാസ് കൗണ്‍സലിംഗ് സെന്റര്‍, മലപ്പുറം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍