Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

തഹ്‌രീര്‍ സ്‌ക്വയര്‍ ചരിത്ര നിമിഷങ്ങള്‍

ടി.കെ.എം ഇഖ്ബാല്‍

കയ്‌റോയിലെത്തി മൂന്ന് ദിവസമായിട്ടും വിപ്ലവത്തിന്റെ സിരാ കേന്ദ്രം സന്ദര്‍ശിക്കാനായിട്ടില്ല. ഔദ്യോഗിക പരിപാടിയുടെ തിരക്കില്‍നിന്ന് ഒരു സായാഹ്നം മോഷ്ടിച്ചെടുത്ത് ഞങ്ങള്‍ മൂന്ന് പേര്‍ തഹ്‌രീര്‍ സ്‌ക്വയറിലേക്ക് ടാക്‌സി കയറി. കയ്‌റോയില്‍ ടാക്‌സി താരതമ്യേന ചെലവു കുറഞ്ഞതാണ്. സ്വകാര്യ കമ്പനികളുടെ വക പലതരം ടാക്‌സികളുണ്ട്. വണ്ടി നല്ല കണ്ടീഷനിലാണോ, ഡ്രൈവര്‍ മീറ്ററിടുന്നുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ വലഞ്ഞുപോകും.
കുവൈത്തില്‍നിന്നും മൊറോക്കോയില്‍നിന്നുമുള്ള രണ്ട് അറബ് പത്രപ്രവര്‍ത്തകരാണ് എന്റെ കൂടെ. 'മിദാന്‍ തഹ്‌രീര്‍' എന്ന് ഈജിപ്തുകാര്‍ അഭിമാനത്തോടെ വിളിക്കുന്ന തഹ്‌രീര്‍ സ്‌ക്വയറിലേക്ക് ഞങ്ങളുടെ ഹോട്ടലില്‍നിന്ന് അധികം ദൂരമില്ല. ഫറോവമാരുടെ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രശസ്തമായ ഈജിപ്ഷ്യന്‍ മ്യൂസിയത്തിന് അഭിമുഖമായി നില്‍ക്കുന്ന ഈ ചത്വരത്തിലൂടെ, കഴിഞ്ഞ തവണ കയ്‌റോയില്‍ വന്നപ്പോള്‍ പലതവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. കയ്‌റോയിലെ തിരക്കേറിയ മറ്റു പല നാല്‍ക്കവലകളില്‍ ഒന്ന്. അതിലപ്പുറം ഈ ചത്വരത്തിന് കാഴ്ചയില്‍ പ്രത്യേകതകളൊന്നുമില്ല. ഇസ്തംബൂളിലെ മനോഹരമായ ചത്വരങ്ങള്‍ ഓര്‍ത്തുപോയി. ദീര്‍ഘകാലം ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായിരുന്ന ഈജിപ്തിന്റെ ചരിത്രം തുര്‍ക്കിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണല്ലോ. നഗരങ്ങളെന്ന നിലക്ക് കയ്‌റോയും ഇസ്തംബൂളും തമ്മില്‍ സമാനതകളധികമില്ല. ആധുനിക ഈജിപ്തിന്റെ ശില്‍പിയെന്നറിയപ്പെടുന്ന മുഹമ്മദലി പാഷയുടെ പൗത്രന്‍ ഇസ്മാഈല്‍ പാഷക്ക്, യൂറോപ്യന്‍ നഗരങ്ങളുടെ മാതൃകയില്‍ കയ്‌റോയില്‍ വിശാലമായ സ്‌ക്വയറുകളും മൈതാനങ്ങളും പണിയാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും സാമ്പത്തിക ഞെരുക്കം കാരണം അത് നടക്കാതെ പോയി എന്നും എവിടെയോ വായിച്ചതോര്‍ക്കുന്നു.
തഹ്‌രീര്‍ സ്‌ക്വയറില്‍ ടാക്‌സിയിറങ്ങുമ്പോള്‍ അവിടെ സലഫികളുടെ ഒരു പൊതുയോഗം നടക്കുകയണ്. തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ സലഫികളുടെ അന്നൂര്‍ പാര്‍ട്ടി സംഘടിപ്പിച്ച യോഗമാണ്. ഈജിപ്തില്‍ ഇസ്‌ലാമിക ഭരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ്, ഒരു നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു. ചത്വരത്തിന്റെ നടുവില്‍ വിശാലമായ ഒരു ഫ്‌ളാറ്റ്‌ഫോം. അവിടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാമാന്യം വലിയ ആള്‍ക്കൂട്ടം കൊടികളും ബാനറുകളുമേന്തി പ്രതിഷേധിക്കുന്നു. പ്രതിഷേധ പരിപാടിയില്‍ പങ്കുചേരാതെ, അതിലേറെയാളുകള്‍ കവലയുടെ പല ഭാഗങ്ങളിലായി ചിതറി നില്‍പുണ്ട്. തഹ്‌രീര്‍ സ്‌ക്വയര്‍ കാണാനും അവിടെ വെറുതെ സമയം ചെലവഴിക്കാനും എത്തിയവരാണ് അതിലധികവും എന്ന് വ്യക്തം. ചത്വരത്തിന്റെ മറ്റൊരു ഭാഗത്ത് കുറെ ടെന്റുകളും അതില്‍ ആളുകളെയും കാണാം. അതിനിടെ ചായ, പലഹാരക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഈജിപ്തുകാര്‍ അല്ലാതിരുന്നിട്ടും ഞങ്ങളെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല. ചോദ്യങ്ങള്‍ക്കൊക്കെ ആളുകള്‍ താല്‍പര്യത്തോടെ മറുപടി നല്‍കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കൊടികളും ബാനറുകളും കവലയെ അലങ്കരിക്കുന്നു. സൈനികനേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന ധാരാളം ബാനറുകള്‍ കണ്ടു. കഴുത്തില്‍ കയറിട്ട് കെട്ടിത്തൂക്കിയ ഹുസ്‌നി മുബാറക്കിന്റെ വികൃതമായൊരു കോലം ചത്വരത്തിന്റെ നടുവില്‍ അനാഥമായി കിടന്നാടുന്നു. തഹ്‌രീര്‍ സ്‌ക്വയറിന് ഉറക്കമില്ല. ജനുവരി 25 വിപ്ലവത്തിന്റെ ഓര്‍മകളില്‍നിന്ന് ആവേശവും പ്രചോദനവും ആവാഹിക്കാന്‍ ആളുകള്‍ ദിനേന ഇവിടേക്ക് പ്രവഹിക്കുന്നു. ചത്വരത്തിന്റെ മൂന്ന് വശവും വലുതും പഴക്കവുമുള്ള കെട്ടിടങ്ങളാണ്. അവക്കിടയിലൂടെ പല കൈവഴികളിലായി പിരിയുന്ന തെരുവ്. വിപ്ലവത്തിന്റെ മൂര്‍ധന്യത്തില്‍ ജനലക്ഷങ്ങളെക്കൊണ്ട് ചത്വരം വീര്‍പ്പുമുട്ടിയ നാളുകളില്‍ ഈ കൈവഴികളിലൂടെ ആള്‍ക്കൂട്ടം പരന്നൊഴുകുന്നത് ഇവിടെ നിന്നുകൊണ്ട് എനിക്ക് സങ്കല്‍പിക്കാനാവും. ഇത്രയധികം മനുഷ്യരെ ഈ കവല എങ്ങനെ ഉള്‍ക്കൊണ്ടു എന്ന ചോദ്യത്തിന്, ചരിത്രപ്പിറവിയുടെ അപൂര്‍വ മുഹൂര്‍ത്തങ്ങളില്‍ സ്ഥലവും കാലവും അപ്രത്യക്ഷമാവുന്നു എന്ന് മാത്രമാണ് മറുപടി. ചത്വരത്തിന്റെ തൊട്ടടുത്തായി വിശാലമായ പള്ളിയുണ്ട്. ഞങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറിനോട് വിടപറയുമ്പോള്‍ സന്ധ്യമയങ്ങാറായിരുന്നു.
അല്‍ അസ്ഹര്‍ സ്ഥിതിചെയ്യുന്ന 'ഇസ്‌ലാമിക് സിറ്റി'യിലേക്കാണ് ഞങ്ങള്‍ പോയത്. യൂനിവേഴ്‌സിറ്റിയും അല്‍ അസ്ഹര്‍ പള്ളിയും അതിന് എതിര്‍വശത്തായി ഇമാം ഹുസൈന്‍ മസ്ജിദും ഖാന്‍ ഖലീലി മാര്‍ക്കറ്റും ഉള്‍പ്പെടുന്ന ഈ ചത്വരം, കയ്‌റോയുടെ ഏറ്റവും ജീവല്‍തുടിപ്പുള്ള ഭാഗങ്ങളിലാണ്. വൈകുന്നേരമായതിനാല്‍ അസ്ഹറിന്റെ കവാടം അടഞ്ഞുകിടക്കുന്നു. അതിന്റെ ചരിത്രം ഗവേഷകര്‍ക്ക് വിട്ടുകൊടുക്കുന്നു. ഇമാം ഹുസൈന്റെ മഖ്ബറ അടങ്ങിയ ഹുസൈന്‍ മസ്ജിദിനോട് ചേര്‍ന്നാണ് ഖാന്‍ ഖലീലി എന്ന പരമ്പരാഗത മാര്‍ക്കറ്റ്. പള്ളിയും മാര്‍ക്കറ്റും ഒരുപോലെ ജനനിബിഡം. തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി മാര്‍ക്കറ്റില്‍ കിട്ടാത്തതായി ഒന്നുമില്ല. നന്നായി വിലപേശാനറിയുമെങ്കില്‍ പലതും ആദായത്തില്‍ വാങ്ങാന്‍ കഴിയും. പരമ്പരാഗത ഭക്ഷണശാലകളാണ് ഈ മാര്‍ക്കറ്റിന്റെ മറ്റൊരു സവിശേഷത. ഞങ്ങള്‍ സ്‌ക്വയറിലെത്തുമ്പോള്‍ മഗ്‌രിബ് നമസ്‌കാരത്തിന്റെ ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു. പള്ളിയില്‍ കയറി നമസ്‌കരിച്ചു. മഖ്ബറയുടെ ചുറ്റും ജനം കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്നുണ്ട്. അധികവും സ്ത്രീകള്‍. പള്ളിയുടെ പരിസരത്ത് സൂഫികളുടെ ഒരു ആത്മീയ സംഗമം നടക്കുന്നുണ്ടെന്ന് കേട്ടിരുന്നു. കാണാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സമയം ഒത്തുവന്നില്ല. പാതിരവരെ ഈ ചത്വരം ഉണര്‍ന്നിരിക്കും. ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍, സ്ത്രീകളും പുരുഷന്മാരും കുട്ടികളും കുടുംബങ്ങളും ഇവിടെ സംഗമിക്കുന്നു. പാതിരാക്കും റോഡിലിറങ്ങി നടക്കാന്‍ ആളുകള്‍ക്ക് ഭയമില്ല. തെരുവില്‍ പോലീസുകാരുടെ എണ്ണം, വിപ്ലവത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നു. പോലീസിന്റെ പെരുമാറ്റവും പൊതുവെ സൗഹൃദപൂര്‍ണമാണ്. ആളുകള്‍ അവരുടെ സാന്നിധ്യത്തെ ഗൗനിക്കുന്നതായോ ഭയപ്പെടുന്നതായോ തോന്നിയില്ല.
തെരുവ് അതിന്റെ എല്ലാ വര്‍ണപ്പകിട്ടോടും കൂടി ആര്‍ത്തിരമ്പുകയാണ്. അറേബ്യന്‍ സംഗീതത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തെ മുഖരിതമാക്കുന്നു. നിത്യ ദുരിതങ്ങള്‍ക്കിടയിലും ജീവിതം ആഘോഷമാക്കി മാറ്റുന്നവരാണ് ഈജിപ്തുകാര്‍. വിപ്ലവവീര്യത്തോടൊപ്പം പാട്ടും നൃത്തവും സംഗീതവും അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ കയ്പും മധുരവും അതിലൂടെ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു.

ഫറോവമാര്‍ നാടുനീങ്ങുമ്പോള്‍
കയ്‌റോയുടെ ചരിത്ര സ്മൃതികളിലേക്ക് നടന്നിറങ്ങാന്‍ ഈ യാത്രയില്‍ ഒട്ടും സമയമുണ്ടായിരുന്നില്ല. പിരമിഡുകള്‍ പോലും കാണാതെ തിരിച്ചുപോകുന്നതെങ്ങനെ എന്ന സങ്കടമായിരുന്നു മനസ്സില്‍. വൈകുന്നേരമായപ്പോഴേക്കും സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം കഴിഞ്ഞിരിക്കും. ഒരു പരീക്ഷണം നടത്താമെന്ന് കരുതി ശില്‍പശാലയില്‍ വെച്ച് കണ്ടുമുട്ടിയ ഏതാനും പത്രപ്രവര്‍ത്തകരോടൊപ്പം പിരമിഡുകള്‍ സ്ഥിതിചെയ്യുന്ന നഗരപ്രാന്തത്തിലേക്ക് തിരിച്ചു. മരുഭൂമിയുടെ മധ്യത്തില്‍ ഒരു ഉയര്‍ന്ന പ്രദേശത്ത് പണിതുയര്‍ത്തിയ പിരമിഡുകള്‍ ദൂരെനിന്ന് തന്നെ കാണാം. ഞങ്ങള്‍ ഭയപ്പെട്ടത് പോലെ, അവിടെ എത്തുമ്പോഴേക്കും സന്ദര്‍ശന സമയം കഴിഞ്ഞിരുന്നു. പ്രധാന കവാടം അടഞ്ഞുകിടക്കുന്നു. ഇനി ഒരു മാര്‍ഗമേയുള്ളൂ. പിരമിഡുകളെ വലം വെച്ചുകൊണ്ട് മണല്‍ക്കുന്നുകളിലേക്ക് കയറിപ്പോവുന്ന നീണ്ട ഇടവഴിയുണ്ട്. വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. അരമണിക്കൂര്‍ കുതിരപ്പുറത്ത് നടപ്പാതയിലൂടെ യാത്ര ചെയ്താല്‍ മണല്‍ക്കൂനകളില്‍നിന്നുകൊണ്ട് പിരമിഡുകളുടെ വിദൂര ദൃശ്യവും മരുഭൂമിയിലെ സൂര്യാസ്തമയവും ആസ്വദിക്കാം. വളരെ നേരത്തെ വിലപേശലിനു ശേഷം ഒരാള്‍ക്ക് ഇരുപത് ഡോളര്‍ എന്ന കണക്കിന് ടൂര്‍ ഏജന്റുമായി യാത്ര ഉറപ്പിച്ചു. ജീവിതത്തില്‍ ആദ്യത്തെ കുതിര സവാരി. നൂറ്റാണ്ടുകള്‍ പിറകിലേക്ക് താണ്ടി ഫറോവമാരുടെ ചരിത്രത്തിലേക്ക്. ഞങ്ങള്‍ നാലു പേരുണ്ടായിരുന്നു. ഓജസുള്ള നാലു കുതിരകളും. അഹ്മദ് എന്ന സാമാന്യം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന യൂനിവേഴ്‌സിറ്റി ബിരുദധാരിയായ ഗൈഡ് മറ്റൊരു കുതിരപ്പുറത്താണ്. കുതിരയുടെ കടിഞ്ഞാണ്‍ പിടിക്കാന്‍ പന്ത്രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത രണ്ട് ബാലന്മാര്‍. വറുതിയും നിഷ്‌കളങ്കതയും സ്ഫുരിക്കുന്ന ദൈന്യ ബാല്യം. ചാഞ്ഞും ചെരിഞ്ഞും ഞങ്ങള്‍ മരുഭൂമിയിലേക്ക്. അഹ്മദ് സംസാരിച്ചുകൊണ്ടേയിരുന്നു; ഫറോവമാരെക്കുറിച്ച്, പിരമിഡുകളുടെ നിര്‍മാണ ചരിത്രത്തെക്കുറിച്ച്. വഴിയില്‍ കുതിരപ്പുറത്ത് വേറെയും കുറച്ച് ടൂറിസ്റ്റുകളെ കണ്ടു. മരുഭൂമിയില്‍ കുതിരയോട്ടത്തിനെത്തിയ ധാരാളം ഈജിപ്ഷ്യന്‍ ചെറുപ്പക്കാരുമുണ്ട്. ഞങ്ങളുടെ മുന്നില്‍ പൊടിപറത്തിക്കൊണ്ട് കുതിരകള്‍ പാഞ്ഞുപോയി. വഴിയിലുടനീളം കുതിരകളെ പോറ്റുന്ന കൊച്ചു കുടിലുകളും കുടുംബങ്ങളുമുണ്ട്. കുരിതകളെ വാടകക്ക് കൊടുക്കുകയാണ് അവരുടെ ഉപജീവന മാര്‍ഗം. ഗൈഡിന്റെ പണിയില്‍നിന്ന് കിട്ടുന്ന തുഛവരുമാനം കൊണ്ടാണ് അഹ്മദിന്റെ ജീവിതം. പഠനം തുടരണമെന്നും ഒരു നല്ല ജോലി സമ്പാദിക്കണമെന്നുമൊക്കെ അയാള്‍ക്ക് സ്വപ്നങ്ങളുണ്ട്. പ്രാന്തവത്കരിക്കപ്പെട്ട ഈജിപ്ഷ്യന്‍ യുവതയുടെ പ്രതീകമാണ് അഹ്മദ്. മുബാറക് പടിയിറങ്ങിയതില്‍ സന്തുഷ്ടനാണെങ്കിലും വിപ്ലവം അതിന്റെ പരിസമാപ്തിയിലെത്താത്തതില്‍ ഖിന്നനാണ് അയാള്‍. തന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് ഒരു നല്ല ജീവിതം എന്നുണ്ടാവുമെന്ന് പരിതപിക്കുമ്പോള്‍ വെയിലുകൊണ്ട് കരുവാളിച്ച അയാളുടെ മുഖം വാടിയിരുന്നു.
ഞങ്ങള്‍ ഇപ്പോള്‍ മണല്‍ക്കൂനകള്‍ക്ക് മുകളിലാണ്. അകലെ, ഈജിപ്തിനെ അടക്കിവാണ സ്വേഛാധിപത്യത്തിന്റെ പ്രതീകമായി ആകാശത്തേക്ക് മുന കൂര്‍പ്പിച്ചുനില്‍ക്കുന്ന ചെറുതും വലുതുമായ പിരമിഡുകള്‍. ചരിത്രത്തിലേക്ക് അനന്തമായി പരന്നുപോകുന്ന മരുഭൂമി. ഭാരമേറിയ കല്ലുകള്‍ ചുമന്ന് കൊണ്ടുവന്ന് രാജാക്കന്മാര്‍ക്ക് സ്മാരകം പണിത അടിയാളന്മാര്‍. ഇപ്പോള്‍ മറ്റൊരു ഫറോവയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുന്നു. ചരിത്രത്തിന്റെ കാവ്യനീതി! പിരമിഡുകള്‍ക്കപ്പുറത്ത്, മണല്‍തിട്ടകളില്‍ സൂര്യന്‍ തലചായ്ച്ചപ്പോള്‍ അഹ്മദ് കുതിരകളെ പിറകോട്ട് തെളിച്ചു.
മിസ്‌റില്‍ ഫറോവമാരുടെ യുഗത്തിന് തിരശ്ശീല വീഴുമ്പോള്‍, യൂസുഫിന്റെ അനുയായികള്‍ ചരിത്രത്തിന്റെ കര്‍ത്താക്കളായി പുനരവതരിക്കുന്നു. വരള്‍ച്ചയില്‍നിന്നും പട്ടിണിയില്‍നിന്നും മിസ്‌റിനെ രക്ഷിക്കാന്‍ വേണ്ടിയാണ് യൂസുഫ് നബിക്ക് അല്ലാഹു ഭരണാധികാരം നല്‍കിയത്. ചരിത്രത്തിന്റെ ഇങ്ങേപ്പുറത്ത് യൂസുഫിനെ പോലെ, തടവറയില്‍നിന്ന് അധികാരത്തിലേക്ക് നടന്നെത്തിയ മുഹമ്മദ് മുര്‍സിക്ക് സമാനമായ ഒരു ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്. ഏകാധിപത്യത്തിന്റെയും ദുര്‍ഭരണത്തിന്റെയും ചാട്ടവാറടിയേറ്റ് തളര്‍ന്നുപോയ ഈജിപ്ഷ്യന്‍ ജനതക്ക് അന്തസ്സാര്‍ന്ന ഒരു ജീവിതം നല്‍കുക. ഈജിപ്തിന്റെ കഥ അറബ് ലോകത്തിന്റെ മുഴുവന്‍ കഥയാണ്. വിപ്ലവാനന്തര അറബ് രാജ്യങ്ങളില്‍ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമോ? വിപ്ലവത്തെ അട്ടിമറിക്കാന്‍ ഉന്നം പാര്‍ത്തിരിക്കുന്ന ശക്തികള്‍ അവരെ അതിന് അനുവദിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍