കളിക്കളത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി ഇസ്രയേല്‍ തിരിച്ചറിഞ്ഞിരിക്കുന്നു
ഗസ്സക്ക് നേരെ ആക്രമണം തുടങ്ങിവെച്ച ഇസ്രയേല്‍തന്നെ ഏറെക്കഴിയും മുമ്പ് ചില സുഹൃത്തുക്കളെയും മധ്യസ്ഥരെയും കൂട്ടുപിടിച്ച് വെടിനിര്‍ത്തലിന് ശ്രമിച്ചത് എന്തുകൊണ്ട്? അവഗണിക്കാനാവാത്ത ചില സുപ്രധാന സംഭവവികാസങ്ങളാണ് അതിനു കാരണം. വ്യോമാക്രമണത്തിലൂടെ ഗസ്സക്ക് മേല്‍ ബോംബിംഗ് പേമാരി തീര്‍ത്ത ഇസ്രയേല്‍, പിറ്റേ ദിവസം ഫ്രഞ്ച് -ഈജിപ്ഷ്യന്‍ ഭരണകൂടങ്ങളെ ഇടപെടുവിച്ച് വെടിനിര്‍ത്തലിന് ശ്രമിക്കുന്നതാണ് കണ്ടത്. ഒരു മൂന്നാം കക്ഷിയെ പറഞ്ഞുവിട്ട് തുര്‍ക്കിയെ ഇസ്രയേല്‍ തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വരെ ഇസ്രയേല്‍ കളത്തിലിറക്കി. വെടിനിര്‍ത്തലിന് ഹമാസുമായി സംസാരിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് സാക്ഷാല്‍ ഒബാമ തന്നെയായിരുന്നു. ഇങ്ങനെയൊരു തകിടം മറിച്ചില്‍ ഒരാളും പ്രതീക്ഷിച്ചിരുന്നില്ല.
ഹമാസ് നേതൃത്വവും ഇത് പ്രതീക്ഷിച്ചതായിരുന്നില്ല. 2008-ലെ അനുഭവം അവര്‍ക്ക് നല്ല ഓര്‍മയുണ്ട്. ഒരാഴ്ച ഇടതടവില്ലാതെയാണ് അന്ന് ഇസ്രയേല്‍ ഗസ്സയുടെ ആകാശത്ത് താണ്ഡവമാടിയത്. ഈജിപ്ത് ഉള്‍പ്പെടെ ഒരു രാഷ്ട്രവും തിരിഞ്ഞുനോക്കിയില്ല. ഗസ്സയിലെ ചെറുത്തുനില്‍പ് സംഘങ്ങള്‍ തകര്‍ക്കപ്പെടുന്നത് അവര്‍ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത് പോലെയാണ് തോന്നിയത്. തോല്‍പിക്കപ്പെട്ട കഴിഞ്ഞാല്‍ ചെറുത്തുനില്‍ക്കുന്നവര്‍ വിധേയപ്പെട്ട് സംസാരിക്കാന്‍ വരുമെന്നും അവര്‍ പ്രതീക്ഷിച്ചു. പക്ഷേ അത് സംഭവിച്ചില്ലെന്ന് മാത്രം. ആ സമയത്ത് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന ഉമര്‍ സുലൈമാന് തന്നെയായിരുന്നു ഫലസ്ത്വീന്‍ ഫയലിന്റെ ചുമതലയും. ഉമര്‍ സുലൈമാന്‍ ഹമാസ് നേതൃത്വവുമായി ഫോണില്‍ ബന്ധപ്പെട്ട്, വെടിനിര്‍ത്തലിന് ഫലസ്ത്വീനികള്‍ക്ക് അപമാനകരമായ കുറെ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. ചെറുത്തുനില്‍പിന്റെ നട്ടെല്ലൊടിഞ്ഞിരിക്കുന്നു എന്നാണ് അയാള്‍ കരുതിയത്. ഒരു മുതിര്‍ന്ന ഹമാസ് നേതാവ് എന്നോട് പറഞ്ഞത്, ഇസ്രയേല്‍ കടന്നുകയറിയ ഗസ്സയുടെ പ്രദേശങ്ങളില്‍ നിന്ന് അവരുടെ സൈന്യം പിന്മാറില്ല എന്ന വ്യവസ്ഥ പോലും അതില്‍ ഉണ്ടായിരുന്നു എന്നാണ്. വ്യവസ്ഥകള്‍ ഹമാസ് നിരസിച്ചതിനാല്‍ പോരാട്ടം തുടര്‍ന്നു. ഇസ്രയേലിന് ഒരു കാര്യം മനസ്സിലായി: ഗസ്സയെ തവിടു പൊടിയാക്കാം; പക്ഷേ, ചെറുത്തുനില്‍പ് സംഘങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ല.
പിന്നെ എന്തുകൊണ്ടാണ് ഇത്തവണ ഇസ്രയേല്‍ വെടിനിര്‍ത്തിക്കിട്ടുന്നതിന് വേണ്ടി പരക്കം പാഞ്ഞത്? എന്റെ ഉത്തരം ഇതാണ്: കളിക്കളത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി ഇസ്രയേല്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ചില രാഷ്ട്രീയ നിലപാടുകള്‍ ഇസ്രയേലിന് ഇരുട്ടടിയുടെ ആഘാതമാണ് ഉണ്ടാക്കിയത്. കയ്‌റോ എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ഗസ്സയെ കൈവിടില്ലെന്ന് പ്രഖ്യാപിച്ച മുഹമ്മദ് മുര്‍സി, ഗസ്സ ആക്രമിക്കപ്പെട്ടതിന്റെ രണ്ടാം ദിവസം തന്നെ തന്റെ പ്രധാനമന്ത്രിയെ അങ്ങോട്ടയച്ചു. ഈ നീക്കം ഇസ്രയേല്‍ പ്രതീക്ഷിച്ചതായിരുന്നില്ല. പിന്നെ കയ്‌റോ ചര്‍ച്ചയില്‍ തുര്‍ക്കി പ്രധാനമന്ത്രി ഭാഗഭാക്കായി. ഖത്തര്‍ അമീര്‍ തന്റെ പിന്തുണയും സഹായവും അറിയിച്ചു. സുഊദി ഭരണാധികാരി പ്രസിഡന്റ് മുര്‍സിയുമായി ഫോണില്‍ സംഭാഷണം നടത്തി. ഇസ്രയേലുമായി ഉണ്ടാക്കാന്‍ ധാരണയായിരുന്ന സമാധാന പാക്കേജിനെക്കുറിച്ച് പുനരാലോചന വേണമെന്ന് അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ വിദേശകാര്യമന്ത്രിമാരില്‍ ചിലര്‍ ഗസ്സ സന്ദര്‍ശിക്കുകയും ചെയ്തു. ഈജിപ്ത് മാറിയിരിക്കുന്നുവെന്നും അറബ് വസന്തം ആ രാഷ്ട്രത്തിന്റെ നിലപാടുകളെ മൗലികമായി മാറ്റിത്തിരുത്തിയിട്ടുണ്ടെന്നും അപ്പോഴാണ് ഇസ്രയേല്‍ മനസ്സിലാക്കുന്നത്.
തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവും തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം തലവനും നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ആ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഗസ്സയില്‍ ആക്രമണം നടക്കുമ്പോള്‍ ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മേധാവി അങ്കാറ സന്ദര്‍ശനത്തിലായിരുന്നു.
ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനം പൈലറ്റില്ലാ ചാര വിമാനവും എഫ്-16 വിമാനവും വീഴ്ത്തിയത് ഇസ്രയേലിനെ ഞെട്ടിച്ചിരുന്നു. ഇതാദ്യമായി തെല്‍അവീവിലും ഖുദ്‌സിലും ചെന്നെത്തുന്ന റോക്കറ്റുകളാണ് അവര്‍ തൊടുത്തുവിട്ടുകൊണ്ടിരുന്നത്. ഇവ പതിച്ച് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായില്ലെങ്കിലും ഇസ്രയേലി പൗരന്മാരെ ചകിതരാക്കാന്‍ അത് മതിയായിരുന്നു. യുദ്ധത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് പുനരാലോചന നടത്താന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ റോക്കറ്റുകളത്രയും ഗസ്സയില്‍ തന്നെ നിര്‍മിച്ചതായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇസ്രയേലിന്റെ ഹൃദയഭാഗത്ത് വരെ ഭീതിവിതക്കാന്‍ ഈ പ്രാദേശിക നിര്‍മിത ആയുധങ്ങള്‍ക്ക് കഴിയുന്നുവെന്നത് ചെറുത്തുനില്‍പ് സംഘങ്ങള്‍ ഉയര്‍ന്ന സായുധശേഷി നേടിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.
തങ്ങള്‍ സ്ഥാപിച്ച റോക്കറ്റ് പ്രതിരോധ സംവിധാനം (Iron Dome system) സംരക്ഷണ കവചം തീര്‍ക്കാന്‍ മതിയായതല്ല എന്നും ഇസ്രയേല്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായിരിക്കെ തന്നെയാണല്ലോ റോക്കറ്റുകള്‍ ഇസ്രയേലിന്റെ ഹൃദയഭാഗങ്ങളില്‍ വീണുകൊണ്ടിരുന്നത്. ഗസ്സയില്‍ നിന്ന് തൊടുത്തുവിട്ട 50 ശതമാനം റോക്കറ്റുകളെ മാത്രമേ ഈ പ്രതിരോധ സംവിധാനത്തിന് നിര്‍വീര്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. നാലു ദിവസങ്ങളിലായി ഏകദേശം 1080 റോക്കറ്റുകള്‍ ഗസ്സയില്‍നിന്ന് തൊടുത്തുവിട്ടിട്ടുണ്ട്. ഇത് ഇസ്രയേലിന് ഇരട്ട അപമാനമാണ് സമ്മാനിച്ചത്. ഗസ്സയില്‍നിന്നുള്ള എല്ലാ റോക്കറ്റുകളെയും തടുക്കാനായില്ല എന്നത് ഒന്ന്. ബദ്ധവൈരിയായ ഇറാന് സമാശ്വാസത്തിന്റെ സന്ദേശം നല്‍കി എന്നതാണ് രണ്ടാമത്തേത്. അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തിന്റെ പരിമിതിയാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത്. ഇറാനുമായി യുദ്ധമുണ്ടാകുന്ന പക്ഷം ഇറാനിയന്‍ മിസൈലുകളെ പ്രതിരോധിക്കാനാണ് ഈ സംവിധാനം യഥാര്‍ഥത്തില്‍ ഉണ്ടാക്കിവെച്ചത് തന്നെ.
എങ്ങനെയൊക്കെ ആക്രമിച്ച് തകര്‍ത്തിട്ടും പ്രതിരോധ സംഘങ്ങളുടെ റോക്കറ്റ് തൊടുത്തുവിടാനുള്ള ശേഷി പൂര്‍വോപരി ശക്തിയോടെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നും ഇസ്രയേലിന് മനസ്സിലാക്കാനായി. പോരാളികളെ ഉന്നമിട്ട് വധിക്കാനും ഇസ്രയേലിന് കഴിഞ്ഞില്ല. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമായിരുന്നല്ലോ ബഹുഭൂരിഭാഗവും.
എന്താണ് മാറിയത് എന്നാണ് നാം വിശകലനം ചെയ്തത്. ഇതുകൊണ്ട് മതിയാക്കാതെ ഈ മാറ്റങ്ങള്‍ ഇസ്രയേലിനകത്തുണ്ടാക്കുന്ന പ്രതികരണങ്ങള്‍ക്കായി നമുക്ക് കാത് കൂര്‍പ്പിക്കാം. അറബ് വസന്തത്തിന് നന്ദി....
Comments