ജനാധിപത്യത്തിന്റെ അധഃപതനം
ശിവസേനാ നേതാവ് ബാല്‍താക്കറെ അന്തരിച്ചപ്പോള്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും സത്യം പറയാന്‍ തയാറായില്ല. മരിച്ചവരെ ആദരിക്കണം എന്നു തന്നെയാണ് എല്ലാ തത്ത്വസംഹിതകളിലുമുള്ളത്. പക്ഷേ, മരിച്ചതിന്റെ പേരില്‍ മഹാന്മാര്‍ക്കു കിട്ടേണ്ടുന്ന ആദരം മരണം മറയാക്കി എല്ലാവര്‍ക്കും നല്‍കാനൊരുമ്പെടുന്നതില്‍ നീതികേടുമുണ്ട്. വര്‍ഗീയ കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും റിമോട്ട് കണ്‍ട്രോളുമായി ഒരു മഹാനഗരത്തെ എന്നും ഭീതിയില്‍ നിര്‍ത്തിയ, ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാഷാപരമായും മതപരമായും ഭരണഘടനാപരമായുമുള്ള വൈജാത്യങ്ങളെ പച്ചക്കു തള്ളിപ്പറഞ്ഞ, ജനാധിപത്യത്തെ പ്രവൃത്തിയിലൂടെ എതിര്‍ത്ത, രാഷ്ട്രഭാഷയെ പരസ്യമായി പുഛിച്ച, തനിക്കു തോന്നിയതെല്ലാം പത്രപ്രവര്‍ത്തനം എന്ന പേരില്‍ അന്യമതസമൂഹങ്ങളെ കുറിച്ച് എഴുതിക്കൂട്ടിയ, നൃശംസനീയമായ മതരാഷ്ട്രീയത്തിന്റെ പേരില്‍ ജനപ്രതിനിധിസഭകളിലേക്ക് വോട്ടു ചെയ്യുന്നതില്‍ നിന്ന് നിയമവാഴ്ച ദീര്‍ഘകാലം വിലക്കു കല്‍പ്പിച്ച താക്കറെയെ സ്തുതി വചനങ്ങള്‍ കൊണ്ടു മൂടി നമ്മുടെ മാധ്യമങ്ങള്‍. മഹാത്മാഗാന്ധിക്കും ജവഹര്‍ ലാല്‍ നെഹ്‌റുവിനും അംബേദ്ക്കര്‍ക്കുമൊപ്പം നില്‍ക്കാവുന്ന രീതിയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുഃഖാചരണം ഇതായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ബാലാസാഹിബ്, സേനാപതി, മറാത്താവ്യാഘ്രം... അവര്‍ക്കു താക്കറെയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.
രാഷ്ട്ര പതാക പിടിക്കുമ്പോള്‍ തലകീഴായ കുറ്റത്തിന് സാനിയാ മിര്‍സ മുതല്‍ സുഷമാ സ്വരാജ് വരെ പഴികേട്ട, ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ നടപടിക്രമത്തിന് വിരുദ്ധമായ രീതിയില്‍ നെഞ്ചത്ത് കൈവെച്ചതിന് ഒരു കേന്ദ്രമന്ത്രി വിചാരണ നേരിടുന്ന രാജ്യത്ത് താക്കറെയുടെ ശവസംസ്‌കാര ഘോഷയാത്രയില്‍ ത്രിവര്‍ണ പതാക ഉപയോഗിച്ചതിനെ കുറിച്ച് ഒരു പരാതി പോലുമുണ്ടായില്ല. വര്‍ഗീയ കലാപം സംഘടിപ്പിച്ചതിനും വിവിധ ജനവിഭാഗങ്ങളില്‍ വൈരം വളര്‍ത്തിയതിനും പോലീസ് നടപടിയെടുക്കേണ്ട എത്രയോ കേസുകള്‍ താക്കറെക്കെതിരെ ഉണ്ടായിട്ടും ഇക്കണ്ടýകാലമത്രയും അറസ്റ്റ് വാറണ്ടുമായി മാതോശ്രീയിലേക്കു പോകാന്‍ ധൈര്യമില്ലാതിരുന്നവര്‍ മരിച്ച താക്കറെക്കു വേണ്ടി ആകാശത്തേക്ക് നിറയൊഴിച്ച് സല്യൂട്ടടിച്ചു. ഭയമാണ് അല്ലാതെ സ്‌നേഹമല്ല താക്കറെക്കു വേണ്ടി നഗരം ദുഃഖം നടിക്കുന്നതിന്റെ പിന്നിലെന്ന് ഒരാളും എഴുതിയില്ല. രാജാവ് നഗ്നനാണെന്ന മട്ടില്‍ മുംബൈ ബന്ദിനെ എതിര്‍ത്തു കൊണ്ട് ഇതേ കാര്യം ഭംഗ്യന്തരേണ ഓര്‍മിപ്പിച്ച രണ്ടു പെണ്‍കിടാങ്ങളെ തൂക്കിയെടുത്ത് ജയിലിലിടുക കൂടി ചെയ്തതോടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആദരാജ്ഞലി അതിന്റെ പരകോടിയിലെത്തി. അതിലൊരു പെണ്‍കുട്ടി സത്യം എഴുതിയവളും മറ്റൊരാള്‍ അതിനെ അനുകൂലിച്ചവളുമായിരുന്നു. സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവം. അഭിപ്രായം ശരിവെച്ച കുറ്റത്തിന് 505(2) പോലുള്ള കടുത്ത നിയമങ്ങള്‍ പോലും എഫ്.ഐ.ആറില്‍ എഴുതിവെച്ച് മജിസ്‌ട്രേറ്റിനു മുമ്പാകെയെത്താന്‍ പോലീസ് തയാറായി. താക്കറെയുടെ കാര്യത്തില്‍ ആറു പതിറ്റാണ്ട് മഹാരാഷ്ട്രാ പോലീസിന് പ്രയോഗിക്കാന്‍ ധൈര്യമുണ്ടായിട്ടില്ലാത്ത ഒരു വകുപ്പാണ്, അതായത് മതവിദ്വേഷം ഇളക്കിവിടുന്ന രീതിയില്‍ പ്രചാരണം അഴിച്ചുവിട്ടു എന്നത്, ഒരു നിര്‍ദോഷമായ ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ പ്രയോഗിക്കാന്‍ സംസ്ഥാനത്തെ പോലീസ് അധികാരികള്‍ തയാറായത്. എന്നല്ല, അവര്‍ രായ്ക്കുരാമാനം ആ കേസ് കോടതിയിലെത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡി നേടിയെടുത്തു. ഒരു ജഡ്ജിയുടെ വിവേകം മാത്രമാണ് 505-ാം വകുപ്പിന്റെ പ്രയോഗം അവസാനഘട്ടത്തില്‍ ഒഴിവായതിന്റെ കാരണം.
അപ്പോള്‍ എങ്ങോട്ടാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്? 1920-ല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ധീരദേശാഭിമാനികളിലൊരാള്‍ മുംബൈയില്‍ അന്തരിച്ചപ്പോള്‍ -ആള്‍ മറ്റാരുമല്ല സര്‍വാദരണീയ ബാലഗംഗാധര തിലക്- പൊതു സ്ഥലത്ത് ശവസംസ്‌കാരം നടത്താന്‍ അനുമതി നല്‍കിയ മുംബൈ നഗരസഭ 100 വര്‍ഷത്തിനു ശേഷമാണ് വീണ്ടുമൊരാള്‍ക്ക് വേണ്ടി, അതും താക്കറെയെ പോലെ ഇന്ത്യയുടെ ബഹുസ്വരതയില്‍ വിശ്വസിക്കാന്‍ വിസമ്മതിച്ച ഒരാള്‍ക്ക്, നഗരമധ്യത്തില്‍ അന്ത്യകര്‍മ ചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കിയത്. കൈയൂക്കിലൂടെയല്ലാതെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ജനപിന്തുണ തെളിയിച്ചിട്ടില്ലാത്ത ബാല്‍താക്കറെക്കു വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് ഔദ്യോഗികമായി അനുശോചിക്കണമെന്ന് രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷി ആവശ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് അതിന് വഴങ്ങുവോളം ഇതെത്തി. സഭയില്‍ പ്രതിപക്ഷവുമായി സമാധാനമുണ്ടാക്കുക എന്നതായിരുന്നു ആ സഭ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനമൂല്യങ്ങളേക്കാള്‍ യു.പി.എക്ക് പ്രധാനമായി മാറിയത്. രാജ്യസഭ ഒരു ദിവസത്തേക്ക് അനുശോചിച്ചു പിരിയാന്‍ വഴിയൊരുങ്ങിയ നിര്യാണങ്ങളുടെ പട്ടികയില്‍ ഹാമിദ് അന്‍സാരി താക്കറെയുടെ പേരും എഴുതിച്ചേര്‍ത്തു. മതേതരത്വത്തിന്റെ തത്ത്വശാസ്ത്രത്തെയും ചിഹ്നങ്ങളെയും നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസ് തരിമ്പും മാനിക്കാതിരിക്കുകയും മറുഭാഗത്ത് വര്‍ഗീയ സംഘടനകളുടെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ വാരിക്കോരി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഒന്നാന്തരം നിദര്‍ശനമായിരുന്നു ഈ പ്രകടനം.
ശിവസേനയുടെ ഗുണ്ടകള്‍ വെറുമൊരു സാന്നിധ്യം കൊണ്ട് ഉറപ്പുവരുത്തിയ ഭീഷണിയായിരുന്നു സംസ്ഥാന ഭരണകൂടത്തെ വിറപ്പിച്ചത്. ഇതിന് അനുവാദം കൊടുത്തില്ലെങ്കില്‍ നഗരത്തില്‍ കുഴപ്പം ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെ സംസ്ഥാന ഭരണകൂടം ശരിവെച്ചു. ഒപ്പം സംസ്ഥാനത്തെ മുസ്‌ലിംകളും അന്യഭാഷക്കാരും കുറെക്കൂടി കോണ്‍ഗ്രസ് എന്ന 'തള്ളക്കോഴി'യുടെ ചിറകിനടിയിലേക്ക് ചുരുങ്ങിക്കൂടി. ഇനി കോണ്‍ഗ്രസല്ലാതെ ആരു രക്ഷിക്കാന്‍? ഒരുതരം നെറികെട്ട രാഷ്ട്രീയ കച്ചവടമായിരുന്നു ഇത്. മാര്‍ക്കണ്ടേയ കട്ജു എന്ന ന്യായാധിപന്‍ എഴുതിയ ലേഖനവും, കുറ്റം പറയരുതല്ലോ പ്രവീണ്‍ സ്വാമിയും, മാത്രമാണ് ദേശീയ മാധ്യമങ്ങളില്‍ അല്‍പ്പമെങ്കിലും താക്കറെ സ്തുതിയുടെ മറുപക്ഷത്തു നിന്നത്. കട്ജു നിലപാടുകളുടെ പേരിലാണ് അന്നും ഇന്നും ഉയര്‍ന്നു നില്‍ക്കുന്നതെങ്കില്‍ പുള്ളി മായിച്ചു കളയാനുള്ള പുലിയുടെ ശ്രമമായിരുന്നു പ്രവീണ്‍ സ്വാമിയുടേത്. പക്ഷേ, സ്വാമി പോലും തുറന്നെഴുതിയിട്ടും എഴുതേണ്ടത് എഴുതാന്‍ കഴിയാതെ പോയവര്‍ മതേതര കേരളത്തില്‍ പോലുമുണ്ടായിരുന്നു.
Comments