Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

ചൈനയില്‍ അധികാരമാറ്റം

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരാഴ്ച നീണ്ട 18-ാം കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നവംബര്‍ 14-ന് പര്യവസാനിച്ചത് പുതിയ പാര്‍ട്ടി സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായി സി ജിന്‍പിങിനെയും പ്രധാനമന്ത്രിയായി ലീ ഖെക്യാങിനെയും തെരഞ്ഞെടുത്തുകൊണ്ടാണ്. അടുത്ത മാര്‍ച്ചിലായിരിക്കും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും സ്ഥാനാരോഹണം. 134 കോടി ജനങ്ങളും 23 ലക്ഷം സൈനികരുമുള്ള, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ ഭരണമാറ്റം വാസ്തവത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കവിഞ്ഞ ലോക ശ്രദ്ധയാകര്‍ഷിക്കേണ്ടതാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയനാഭിരാമമായ ആര്‍ഭാടക്കാഴ്ചകള്‍ ഒരാഴ്ചക്കാലം ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും പ്രേക്ഷകരില്‍ അത് കാര്യമായ ആകാംക്ഷയോ ജിജ്ഞാസയോ ഉളവാക്കിയില്ല. ചൈനയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായില്ല എന്നതാണ് കാരണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 8.5 കോടിയോളം അംഗങ്ങളാണുള്ളത്. ഈ അംഗങ്ങള്‍ 2307 പേരടങ്ങിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നു. കേന്ദ്രകമ്മിറ്റി 25 അംഗ പോളിറ്റ് ബ്യൂറോയെയും അവര്‍ 7 അംഗ സ്റ്റാന്റിംഗ് കമ്മിറ്റിയെയും സ്റ്റാന്റിംഗ് കമ്മിറ്റി പാര്‍ട്ടി സെക്രട്ടറിയെയും. സെക്രട്ടറി രാഷ്ട്രത്തിന്റെ പ്രസിഡന്റാകുന്നു. ഈ പ്രക്രിയയില്‍ രാജ്യത്തെ 95 ശതമാനം ജനത്തിനും ഒരു പങ്കുമില്ല. പുതുതായി നിലവില്‍ വരുന്ന അധികാര കേന്ദ്രം എപ്പോഴും പഴയതിന്റെ തുടര്‍ച്ച തന്നെയായിരിക്കും. പുതിയ പ്രസിഡന്റ് പഴയ വൈസ് പ്രസിഡന്റ്. പുതിയ പ്രധാനമന്ത്രി പഴയ ഉപപ്രധാനമന്ത്രി. പി.ബിയിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലുമുള്ളവരേറെയും നേരത്തെ ആ സഭകളിലുണ്ടായിരുന്നവരാണ്. ഏഴംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അഞ്ചു പേരും പഴയ നേതാക്കളുടെ മക്കളുമാണ്.ചൈനയില്‍ നടക്കുന്നത് ഭരണമാറ്റമല്ല, അധികാരക്കൈമാറ്റമാണ്. വൈസ് പ്രസിഡന്റിനും ഉപപ്രധാനമന്ത്രിക്കും പ്രസിഡന്റ് പദവിയിലേക്കും പ്രധാനമന്ത്രി പദവിയിലേക്കും പ്രമോഷന്‍ നല്‍കല്‍ എന്നും പറയാം.
ഇത്തരമൊരു അധികാര കൈമാറ്റത്തിലൂടെ ഭരണകൂടത്തിന്റെ സിദ്ധാന്തങ്ങളിലോ ആഭ്യന്തര-വൈദേശിക നയപരിപാടികളിലോ ഗൗരവതരമായ മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുതന്നെയാണ് ഈ ഭരണമാറ്റത്തിന്റെ അപ്രസക്തിയും. തുടര്‍ന്ന് വരുന്ന പ്രവര്‍ത്തന പരിപാടികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോവുക എന്ന തീരുമാനവും ആഹ്വാനവും സ്വാഭാവികമായിരുന്നു. പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യക്രമം ചൈനക്ക് സ്വീകാര്യമല്ല എന്നും കോണ്‍ഗ്രസ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജനാധിപത്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനങ്ങളുടെ അഭിവാഞ്ഛയെ മാനിക്കാന്‍ നേതൃത്വം ഒട്ടും തയാറല്ല എന്നാണതിനര്‍ഥം. വല്ലവരും അതും പറഞ്ഞു പരസ്യമായി രംഗത്തുവന്നാല്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചെയ്തതുപോലെ ചതച്ചരക്കുകതന്നെ ചെയ്യും. മുതലാളിത്ത ഉല്‍പാദന രീതിയും കമ്പോള വ്യവസ്ഥയും സ്വീകരിച്ച് ചൈനയിലെ സമൃദ്ധമായ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക വിഹായസ്സില്‍ കുതിച്ചുയരുക എന്നതാണ് കഴിഞ്ഞ മുപ്പതു വര്‍ഷമായി ചൈനയുടെ നയം. കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ പാറക്കെട്ടുകള്‍ ചൈനയുടെ വികസനത്തിനു വഴിമുടക്കിയപ്പോള്‍ ഡന്‍ സിയാവോ പിങാണ് ഈ നയത്തിനു തുടക്കം കുറിച്ചത്. ക്രമേണ സ്വകാര്യ ഉടമസ്ഥതയും സ്വകാര്യ കുത്തക മൂലധന നിക്ഷേപവും ആഭ്യന്തരവും വൈദേശികവുമായ സ്വതന്ത്ര വ്യാപാരവുമൊക്കെ ചൈനയില്‍ അനുവദനീയമായി. ഇതാണോ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രീതി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു: 'പൂച്ചയുടെ നിറമല്ല കാര്യം, അതിന് എലിയെ പിടിക്കാന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്.' 'എല്ലാവരും ഒരുമിച്ച് സമ്പന്നരാകാന്‍ കാത്തുനില്‍ക്കാതെ ചിലര്‍ മാത്രം ആദ്യം സമ്പന്നരാകുന്നതില്‍ തെറ്റൊന്നുമില്ല' എന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഈ സിദ്ധാന്തം പിന്തുടര്‍ന്നുവന്ന ചൈന ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി. അമേരിക്കയെ ആശങ്കപ്പെടുത്തിക്കൊണ്ട് ഒന്നാം സ്ഥാനത്തിന് അവസരം പാര്‍ത്തിരിക്കുന്നു.
ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച രാജ്യത്ത് അഴിമതിയും വളര്‍ത്തി. ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളുമായി 6.68 ലക്ഷം പേരാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനകം അഴിമതിക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടത്. ഏതു രാജ്യത്തും മൊത്തം അഴിമതിയുടെ ഒന്നോ രണ്ടോ ശതമാനമാണ് പിടികൂടപ്പെടുന്നത്. പി.ബി അംഗമായ ബൂസിലായി അഴിമതിയാരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടത് അടുത്ത കാലത്താണ്. അദ്ദേഹത്തിന്റെ ഭാര്യ ശൂകൈലായി കൊലക്കേസില്‍ പെട്ട് ജയിലിലാണ്. 18-ാം കോണ്‍ഗ്രസ് അഴിമതിക്കെതിരെ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഗണ്യമായി വര്‍ധിച്ചുവെന്നതാണ് സാമ്പത്തിക വികാസം സൃഷ്ടിച്ച മറ്റൊരു പ്രശ്‌നം. ഇത് പാര്‍ട്ടി അംഗങ്ങളെ സാധാരണ ജനങ്ങളില്‍ നിന്ന് അകറ്റുന്നുമുണ്ട്. സാധാരണ ജനങ്ങളിലേക്കിറങ്ങി ചെല്ലാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നു. തിബത്തുകാരുടെയും ഐഗൂര്‍ മുസ്‌ലിംകളുടെയും സ്വയംഭരണാവകാശവാദം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതായി കണ്ടില്ല. ജനാധിപത്യ ബോധത്തിന്റെ അസ്‌കിതയുള്ളവര്‍ക്കല്ലേ അതൊക്കെ പ്രശ്‌നമാകേണ്ടതുള്ളൂ.
ലോക ഗതിയെ നിയന്ത്രിക്കുന്ന മുഖ്യ ശക്തിയായിത്തീരുക ചൈനയുടെ ലക്ഷ്യമാണെങ്കിലും അതിനു വേണ്ടി അമേരിക്കയെപ്പോലെ, ഭൂഖണ്ഡങ്ങള്‍ താണ്ടിച്ചെന്ന് അന്യനാടുകളില്‍ സൈനികാധിനിവേശം നടത്തി ജനലക്ഷങ്ങളെ ചുട്ടുകൊന്ന് അധികാരമുറപ്പിക്കുന്ന രാക്ഷസീയ സമീപനം ചൈന സ്വീകരിച്ചിട്ടില്ല. ചില അയല്‍ക്കാരുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും നേപ്പാള്‍, മ്യാന്മാര്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളുമായൊക്കെ നല്ല സുഹൃദ്ബന്ധമാണ് ചൈനക്കുള്ളത്. അകലങ്ങളില്‍ ചെന്ന് സൈനികാധിനിവേശം നടത്താനും അവര്‍ മുതിരാറില്ല. സാമ്രാജ്യത്വവിരുദ്ധ മനസ്സുകളില്‍ മതിപ്പുളവാക്കുന്നതാണീ നിലപാട്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ അവര്‍ ഉറ്റു നോക്കുന്നത് ചൈനയെയാണ്. റഷ്യയെ പോലെ ചൈനയും ശിഥിലമായാല്‍ അമേരിക്കന്‍ സാമ്രാജ്യത്വം കൂടുതല്‍ ഉദ്ധതവും അക്രമാസക്തവുമാകുമെന്നതില്‍ സംശയമില്ല. ആഗോള ക്രമത്തില്‍ തങ്ങള്‍ക്കുള്ള ദൗത്യം ചൈന തിരിച്ചറിയുന്നുണ്ട്. എന്നാല്‍, ഈ ദൗത്യം നിര്‍വഹിക്കാന്‍ പാകത്തില്‍ ചൈനയെ രൂപപ്പെടുത്തുന്നതില്‍ വിജയിക്കുന്നുണ്ടോ എന്ന് ചൈനീസ് നേതൃത്വം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ജനതക്കുള്ളിലെ ചൂടും വേവും തക്ക സമയത്ത് കാണാനായില്ലെങ്കില്‍ അപരിഹാര്യമായ പൊട്ടിത്തെറിയാണ് പിന്നീടവരുടെ കണ്ണു തുറപ്പിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍