പൗരോഹിത്യം കൊടികുത്തി വാഴുംകാലത്തെ ഐക്യം
പ്രബോധനം ലക്കം 16-ല്‍ പ്രാഫ. കെ.എ സിദ്ദീഖ് ഹസന്‍ ഹൃദയരക്തം ചാലിച്ചെഴുതിയ 'മനസ്സുവെച്ചാല്‍ നമുക്ക് വരുംകാലങ്ങളെ വരയാനാകും' എന്ന ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. തീര്‍ത്തും സമകാലിക പ്രസക്തമായ അതിലെ വിചാര വീചികളെ പിന്‍പറ്റി സി.കെ. താനൂര്‍ എഴുതിയ 'പണ്ഡിതന്മാര്‍ നശിച്ചാല്‍ ഈ സമുദായം ദുഷിക്കു'മെന്ന ലേഖനം കൂടി (ലക്കം 22) വായിച്ചപ്പോള്‍ സമുദായ ഐക്യവുമായി ബന്ധപ്പെട്ട് ചിലതുകൂടി പറയണമെന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.
ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ മതാടിസ്ഥാനത്തില്‍, വെള്ളം കടക്കാത്ത അറകളാക്കി വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളും വിശകലനങ്ങളുമാണ് സാധാരണ നടക്കാറുള്ളത്. ഹിന്ദുമതം, ഇസ്‌ലാം മതം, ക്രിസ്തുമതം എന്നിങ്ങനെയുള്ള മതവാദ കാഴ്ചപ്പാടിലൂടെയും ജനകോടികളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നു. മതേതര ജനാധിപത്യത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാരും, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒളിഞ്ഞും തെളിഞ്ഞും തരംപോലെ മതപ്രീണനംതന്നെ നടത്തുന്നു.
മതവാദ കാഴ്ചപ്പാടിലൂന്നിക്കൊണ്ടുള്ള ഈ വര്‍ഗീകരണത്തില്‍ ഇസ്‌ലാമിനെയും ഉള്‍പ്പെടുത്തുന്നതാണ് നടപ്പുരീതി. ഹിന്ദുക്കള്‍ക്ക് ഹിന്ദുമതവും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതവും പോലെ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാംമതവും എന്ന് സാമാന്യവല്‍ക്കരണം. ഹിന്ദുമതം പോലെയോ, ക്രിസ്തുമതം പോലെയോ സവിശേഷമായ ചില പ്രാര്‍ഥനാ രൂപങ്ങളിലും പൂജാദി കര്‍മങ്ങളിലും ആത്മീയാനുഷ്ഠാനങ്ങളിലും ജയന്തി-ദിനാചരണങ്ങളിലും ഒതുങ്ങുന്നതാണ് ഇസ്‌ലാമുമെന്ന തെറ്റിദ്ധാരണകൊണ്ടാവാം ഇസ്‌ലാമിനെയും ഈ സാമ്പ്രദായിക 'മത' പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍, മനുഷ്യന്റെ ആത്മീയ ചോദനകളെയെന്നപോലെ രാഷ്ട്രീയമടക്കമുള്ള ഭൗതിക വ്യവഹാരങ്ങളെയും സഫലമായി പരിചരിക്കുന്ന ജീവിതരീതിയുടെ പേരാണല്ലോ ഇസ്‌ലാം. സമ്പൂര്‍ണമായ ഇസ്‌ലാമിന്റെ ഈ തനത് രൂപത്തെ പരിചയപ്പെടുത്തുന്നവരെ 'മതത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നേ' എന്നൊച്ചവെച്ച് മുമ്പൊക്കെ പരിഹസിച്ചിരുന്നവര്‍ ഇപ്പോള്‍ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ എന്നൊക്കെ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരംതന്നെ! ഒളിയാക്രമണത്തിനു വേണ്ടിയാണെങ്കില്‍ പോലും സത്യാന്വേഷണത്തിന്റെ വഴിയിലൂടെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കു പിറകെ അവരുടെ പദാവലികളും തലക്കെട്ടുകളും അനുകരിച്ചുകൊണ്ടുള്ള ഈ പതുങ്ങിവരവ് തുടരുന്ന പക്ഷം ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ, ഇസ്‌ലാമിക മാനവികത എന്നൊക്കെയുള്ള സമ്പൂര്‍ണ യാഥാര്‍ഥ്യത്തിലേക്കും ഇക്കൂട്ടര്‍ ക്രമേണ പ്രവേശിക്കുമായിരിക്കും.
നടപ്പുരീതിയനുസരിച്ചുള്ള മതമെന്ന സാമാന്യവല്‍ക്കരണത്തിലൊതുങ്ങാത്ത സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെ മാത്രം വിജയത്തിനു വേണ്ടിയുള്ളതല്ല എന്ന സത്യം പതുക്കെയെങ്കിലും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
മുസ്‌ലിംകളേ, എന്നല്ല, യാ അയ്യുഹന്നാസ്, ഹേ, മനുഷ്യരേ എന്നാണതിന്റെ സംബോധനാരീതി. അതുകൊണ്ടുതന്നെ മനുഷ്യകുലത്തിന്റെ മൊത്തം വിജയത്തിനുവേണ്ടി നീറി പ്രവാചകന്‍ മുഹമ്മദ് മുസ്തഫയുടെ കനിവാര്‍ന്ന ഹൃദയം. അറേബ്യയിലെ ഭരണ-പൗരോഹിത്യ കൂട്ടുകെട്ടില്‍പെട്ട സ്വാര്‍ഥ താല്‍പര്യക്കാരില്‍ പലരും നബിയെ ശത്രുവായിക്കണ്ട് നേരിട്ടുവെങ്കിലും മനുഷ്യനായി പിറന്ന ഒരാളെയും തിരുനബി ശത്രുവായി കണ്ടില്ല. എന്നല്ല, നിര്‍ബന്ധിത സാഹചര്യത്തില്‍, നിലനില്‍പിനുവേണ്ടി ചെയ്യേണ്ടിവന്ന യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരെപോലും നിരുപാധികം മാപ്പുനല്‍കി വിട്ടയച്ച് മാതൃക കാണിച്ചു കാരുണ്യവാനായ പ്രവാചക പ്രഭു.
അങ്ങനെ സര്‍വരാജ്യ ജനകോടികള്‍ക്കുമുള്ള ജഗന്നിയന്താവിന്റെ അനുഗ്രഹവും ഇഹ-പര രക്ഷാ മാര്‍ഗവുമായ ഇസ്‌ലാമിനെ, ചരിത്രഗതിയിലെ തമോരാശിയിലെങ്ങോവെച്ച് മര്‍ക്കടമുഷ്ടിയായ യാഥാസ്ഥിതിക പൗരോഹിത്യം പിടികൂടി. വളര്‍ച്ചയുടെ വഴികള്‍ മുച്ചൂടുമടച്ച് കൈയടക്കിവെച്ച് അവരതിനെ തന്നിഷ്ടപ്രകാരം ഒടിച്ചുമടക്കി ചുരുട്ടിക്കൂട്ടി ആസനത്തിനടിയിലാക്കി, അതിനു മുകളില്‍ സിംഹാസനം പണിത് വര്‍ധിതാഹങ്കാരത്തോടെ അരിയിട്ടുവാഴ്ചയും തുടങ്ങി. 'ഖിലാഫത്തു റാശിദക്കുശേഷം അമവികള്‍ ഇസ്‌ലാമിനെ കൊട്ടാരത്തിലേക്ക് ഭീകരമായി കുടിയിരുത്തിയപ്പോള്‍ ഭയപ്പെട്ടുപോയവര്‍ ഇസ്‌ലാമിനെ അനുഷ്ഠാന തീവ്രതയിലേക്ക് ചുരുട്ടിക്കെട്ടിയതോടെ' എന്ന് മതവും രാഷ്ട്രവും വേര്‍പെട്ടുപോയ ആ ഇരുണ്ട ചരിത്ര സന്ദര്‍ഭത്തെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ (പ്രബോധനം ലക്കം 22).
മാനവരാശിയുടെ മൊത്തം പൈതൃക സ്വത്തും ജീവിത വിജയത്തിന്റെ വഴിവെളിച്ചവുമെന്ന ഇസ്‌ലാമിന്റെ തനിമ അതോടെ പൂര്‍ണമായും മറയ്ക്കപ്പെട്ടു. ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമുള്ള വെറുമൊരു മതമായി ഇസ്‌ലാം കൊണ്ടാടപ്പെടാനും തുടങ്ങി.
ജാതി മത ദേശ ഭാഷാ ഭേദമില്ലാതെ ലോകത്തിലെ ജനപദങ്ങളിലേക്ക് ഇസ്‌ലാമിന്റെ വെളിച്ചം എങ്ങനെയൊക്കെ എത്തിക്കാമെന്നതിലല്ല, (അതാണല്ലോ തിരുദൂതര്‍ വിടവാങ്ങല്‍ വേളയില്‍ ഉമ്മത്തിനെ ഏല്‍പിച്ച ഉത്തരവാദിത്തം) ആരെയൊക്കെ, എങ്ങനെയൊക്കെ ദീനില്‍നിന്ന് പുറത്താക്കാമെന്നതിലാണ് പൗരോഹിത്യത്തിന്റെ ഗവേഷണം ഇന്ന് പുരോഗമിക്കുന്നത്.
തിരുനബിയുടെ ഏറ്റവും വലിയ സ്വഭാവ സവിശേഷതകളായ വിനയം, വിട്ടുവീഴ്ച, വിമര്‍ശനത്തിലെ പ്രതിപക്ഷ ബഹുമാനം തുടങ്ങിയ സദ്ഗുണങ്ങളുടെ തരിമ്പെങ്കിലും ഇവരില്‍ ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍പോലും കാണാനാവില്ല. എന്നു മാത്രമല്ല, വേഷഭൂഷകളിലും നടപ്പിലും ഇരിപ്പിലും വായാടിത്തത്തിലുമെല്ലാം വര്‍ധിച്ച ഗര്‍വും താന്‍പോരിമയും പ്രകടമാണുതാനും.
ഇത്തരം പണ്ഡിത ശിരോമണികളുടെ മേല്‍നോട്ടത്തില്‍ മലയാളത്തില്‍ ഇന്നിറങ്ങുന്ന ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലൂടെയും വമിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കൊടിയ വിഷം മാത്രമാണ്. അകക്കണ്ണില്‍ അന്ധമായ പ്രതിപക്ഷ വിരോധത്തിന്റെ തിമിരം മൂടിയവരും വര്‍ധിച്ച പരപുച്ഛ പീഡയാല്‍ അങ്കക്കലി ബാധിച്ചവരുമായ പണ്ഡിത വേഷധാരികളുടെ പോര്‍വിളികള്‍കൊണ്ട് മലീമസമാണ് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പേജുകളെല്ലാമെന്ന് ദുഃഖത്തോടെയെങ്കിലും പറയേണ്ടിയിരിക്കുന്നു. അറിവിന്റെ തീരരേഖകള്‍ മറികടന്ന് വികസിക്കുന്ന പുതിയ വെളിച്ചത്തിലേക്കോ നവീനമായ ആത്മീയാവബോധത്തിലേക്കോ അനുവാചകരെ ഉന്നമിപ്പിക്കുന്നതിനു പകരം, വെറുപ്പ്, വിദ്വേഷം, അഹന്ത, അസഹിഷ്ണുത തുടങ്ങിയ തമോ വികാരങ്ങളുടെ കെടുനീരൊഴുക്കില്‍ വായനക്കാരുടെ മനസ്സിനെ മുക്കിക്കൊല്ലുകയെന്നതാണ് ഈ പ്രസിദ്ധീകരണങ്ങള്‍ നിര്‍വഹിക്കുന്ന ദീനീപരമായ 'മഹാ' ദൗത്യം.
താനല്ലാത്ത, അല്ലെങ്കില്‍ തന്റെ ഗ്രൂപ്പല്ലാത്ത, അതുമല്ലെങ്കില്‍ തന്റെ സംഘടനയിലല്ലാത്ത എല്ലാവരും വഴിപിഴച്ചവരും വിവരം കെട്ടവരുമെന്നു സ്ഥാപിച്ചെടുക്കുകയെന്നതാണ് ഇക്കൂട്ടര്‍ നിര്‍വഹിച്ചുപോരുന്ന ആജന്മ ദൗത്യം. അതിനുവേണ്ടി മറവിയില്‍ മാഞ്ഞുപോയ എത്രയെത്ര മസ്അലകളും പുരാരേഖകളുമാണ് തോണ്ടിയെടുത്ത് വികലമാക്കി വീഡിയോ ക്ലിപിംഗ് പ്രഹസനങ്ങളാക്കിയും മറ്റും ദിനേന അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്!
അനുദിനം പിരിമുറുകുന്ന ഉല്‍പതിഷ്ണു(!) ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാഗമായി ഇത്തരമൊരു മത (മദ?) പ്രസംഗ വേദി കുറച്ചുമുമ്പ് ഞങ്ങളുടെ തൊട്ടടുത്ത പ്രദേശത്തും അരങ്ങേറി. കേള്‍വിക്കാരില്‍ മടുപ്പും വെറുപ്പും വിദ്വേഷവും മാത്രമുണ്ടാക്കുന്ന പ്രസംഗ പരിപാടി ഒരു വിഭാഗത്തിന്റേത് തീരുമ്പോഴേക്കും അതാ വരുന്നു, മഹാമാരി പോലെ എതിര്‍ വിഭാഗത്തിന്റേത്. പുട്ടിനു തേങ്ങയെന്നവണ്ണം മുട്ടിനു മുട്ടിന് വീഡിയോ ക്ലിപിംഗ് അകമ്പടിയോടെ തകര്‍ത്താടുകയാണ് രാത്രി തോറും തട്ടുതകര്‍പ്പന്‍ പ്രസംഗപ്പേമാരി. ഒടുങ്ങാത്ത പകയും വാശിയും കത്തിയാളുന്ന വായാടിത്തപ്പേക്കൂത്തുകള്‍ക്ക് ശമനമില്ലെന്നു വന്നപ്പോള്‍, സഹികെട്ട പ്രദേശവാസികളായ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ശബ്ദശല്യത്തിനെതിരെ ഒറ്റക്കെട്ടായി പോലീസില്‍ പരാതി കൊടുത്തു.
പിളര്‍ക്കലും ഭിന്നിപ്പിക്കലും പുറത്താക്കല്‍ നാടകങ്ങളും ഐക്യമെന്ന് മിണ്ടുന്നവര്‍ക്കുപോലും ഷോകോസ് എന്ന പേരിലുള്ള 'മരണവാറണ്ട്' പുറപ്പെടുവിക്കലും അങ്ങനെ നിര്‍ബാധം തുടരുകതന്നെയാണ്.
മുന്‍വിധികളില്‍ മൂടുറച്ചുപോയ ഇത്തരക്കാരുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് യഥാര്‍ഥ ഇസ്‌ലാമിനെ അഴിച്ചെടുത്ത് ജനസമക്ഷം സമര്‍പ്പിക്കാതെ ഏതെങ്കിലും ഐക്യശ്രമങ്ങള്‍ വിജയിപ്പിക്കാനാവുമോ?
Comments