Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

ഇസ്രയേല്‍ ചോരകൊണ്ട്ഭൂപടം വരക്കുന്നു

പി.കെ നിയാസ്

ഫലസ്ത്വീനിലെ ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളായ ഗസ്സയും ഹമാസും നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ഭീകരമായ മറ്റൊരു പോരാട്ടത്തിനു നടുവിലാണ്. ഇസ്രയേലിന്റെ നിഷ്ഠുരമായ ബോംബാക്രമണങ്ങളില്‍ 27 കുട്ടികള്‍ ഉള്‍പ്പെടെ 110-ലേറെ ഫലസ്ത്വീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പകുതിയിലേറെയും സിവിലിയന്മാരാണ്. ഗസ്സയിലെ ആയിരത്തിലേറെ ലക്ഷ്യസ്ഥാനങ്ങളില്‍ ബോംബു വര്‍ഷിച്ചതായി ഇസ്രയേല്‍ സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 2008-'09-ലേതു പോലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ഇത്തവണയും ആക്രമണങ്ങള്‍ തുടങ്ങിയത്. ഇസ്രയേലി ആക്രമണങ്ങളെ വെള്ളപൂശിയും ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ പതിവുപോലെ രംഗത്തെത്തി.
മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രസരിപ്പിക്കുന്നത് മുഴുവന്‍ ഇസ്രയേലിന്റെ നുണപ്രചാരണങ്ങളാണ്. ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്നതാണ് അക്കൂട്ടത്തിലേറ്റവും വലിയ നുണ. ഗസ്സയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ സൈനിക നടപടിയല്ലാതെ ഇസ്രയേലിനു മുന്നില്‍ മാര്‍ഗങ്ങളില്ലെന്നാണ് നെതന്യാഹു മുതല്‍ ഒബാമയും ഡേവിഡ് കാമറൂണും വരെയുള്ളവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് കണ്ടെത്താന്‍ പടിഞ്ഞാറന്‍ വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ മതി. ഗസ്സ അതിര്‍ത്തിയില്‍ കണ്ട മാനസിക വിഭ്രാന്തിയുള്ള നിരായുധനായ ഒരു ഫലസ്ത്വീനിയെ നവംബര്‍ നാലിന് ഇസ്രയേലി സൈനികര്‍ വെടിവെച്ചുകൊന്നതു മുതലാണ് സംഭവ പരമ്പര തുടങ്ങുന്നത്. നാലു ദിവസത്തിനുശേഷം മറ്റൊരു നിഷ്ഠുര കൊലപാതകമുണ്ടായി. ഖാന്‍ യൂനിസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്ന പന്ത്രണ്ടു വയസ്സുകാരന്റെ നെഞ്ചിലേക്ക് ഇസ്രയേലി സൈനികര്‍ നിറയൊഴിച്ചു. ഇഷ്ട ടീമായ റയല്‍ മാഡ്രിഡിന്റെ വെള്ളക്കുപ്പായവും ധരിച്ച് കളത്തിലിറങ്ങിയ ഹാമിദ് യൂനിസ് അബൂ ദഖ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടവര്‍ക്ക് സഹിക്കാനായില്ല. പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റിയുടെ പോരാളികള്‍ ഇസ്രയേല്‍ സൈനികരെ ആക്രമിച്ചത് വലിയ പാതകമായി രേഖപ്പെടുത്തപ്പെട്ടു. നവംബര്‍ 10-ന് ഇതാദ്യമായി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് ഇസ്രയേലി ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ നാല് ഫലസ്ത്വീനികള്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഇസ്രയേലിന്റെ നിഷ്ഠുരമായ ആക്രമണങ്ങള്‍ അരങ്ങേറുകയായിരുന്നു.
നവംബര്‍ 14-ന് ഹമാസ് കമാന്റര്‍ അഹ്മദ് ജഅ്ബരിയെ കൊലപ്പെടുത്തിയതോടെയാണ് ഗസ്സയില്‍നിന്ന് റോക്കറ്റാക്രമണങ്ങളുടെ പരമ്പര ഉണ്ടാകുന്നത്. നാലു വര്‍ഷത്തോളം ഗസ്സയില്‍ ബന്ദിയാക്കപ്പെട്ട ഗിലാത് ശാലിത് എന്ന ഇസ്രയേലി ഭടന്റെ മോചനം യാഥാര്‍ഥ്യമാക്കാന്‍ ഈജിപ്തിനും ഇസ്രയേലിനുമിടയില്‍ മാധ്യസ്ഥം വഹിക്കുകയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തയാളായിരുന്നു ജഅ്ബരി. ഇപ്പോഴത്തെ ആക്രമണ പരമ്പരകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിര്‍ത്തലിനു ശ്രമിക്കുമ്പോഴാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ജഅ്ബരി വധത്തിലൂടെ, മധ്യസ്ഥരെ പോലും കൊല്ലുന്ന വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് തങ്ങളെന്ന് സയണിസ്റ്റുകള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ശാലിത് സംഭവം അവരുടെ കണ്ണുതുറപ്പിച്ചിട്ടില്ല എന്നുവേണം കരുതാന്‍. ഇസ്രയേലി ഭടന്മാരെ തട്ടിക്കൊണ്ടുപോകല്‍ പോരാളികളെ സംബന്ധിച്ചേടത്തോളം അത്ര ദുഷ്‌കരമല്ലല്ലോ. കാടത്തത്തിന്റെ ഭാഷ മാത്രമേ അറിയൂവെന്ന് പലവുരു തെളിയിച്ച രാജ്യമാണ് ഇസ്രയേല്‍. ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റായിരിക്കെ യാസര്‍ അറഫാത്തിനെ മാസങ്ങളോളം റാമല്ലയിലെ ആസ്ഥാനത്ത് ബന്ദിയാക്കുകയുണ്ടായി അവര്‍. വിഷബാധയേറ്റ് ഫ്രാന്‍സില്‍ ചികിത്സക്ക് പോകുമ്പോള്‍ മാത്രമാണ് അറഫാത്ത് പുറംലോകം കാണുന്നത്. അത് അവസാന യാത്രയുമായിരുന്നു.
2006-ലെ ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് 132 സീറ്റുകളില്‍ 74-ലും (57.6 ശതമാനം) വിജയം കൊയ്ത ഹമാസിന്റെ ഉജ്വല മുന്നേറ്റം സാമ്രാജ്യത്വ, അധിനിവേശ ശക്തികളെ ഞെട്ടിച്ചത് സ്വാഭാവികം. അവരാഗ്രഹിച്ചത് തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് എന്നും വഴങ്ങാറുള്ള ഫത്ഹ് പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു. വന്‍ ഭൂരിപക്ഷം നേടിയ ഹമാസ് ഗവണ്‍മെന്റിനെ തകര്‍ക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. ഫലസ്ത്വീന് നല്‍കി വരുന്ന ഫണ്ടുകള്‍ മരവിപ്പിച്ച് ഹമാസിനെ ഞെരുക്കുകയും അങ്ങനെ ജനരോഷം ഇളക്കിവിട്ട് നാടിനെ കുട്ടിച്ചോറാക്കുകയും ചെയ്യുകയായിരുന്നു ഗൂഢതന്ത്രം. '93-ലെ ഓസ്‌ലോ കരാര്‍ പ്രകാരം ഫലസ്ത്വീന്‍ അതോറിറ്റിക്ക് ചുങ്കം പിരിവ് ഇനത്തില്‍ നല്‍കേണ്ട പണം കൊടുക്കില്ലെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചപ്പോള്‍ ബുഷ് ഭരണകൂടം അതിനെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കി. തങ്ങളും ഇസ്രയേലും മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളും യു.എന്നും അറബ്, മുസ്‌ലിം രാജ്യങ്ങളുമെല്ലാം ചേര്‍ന്ന് ഹമാസിനെ തകര്‍ക്കണമെന്ന് ബുഷ് ഭരണകൂടം പരസ്യമായി ആഹ്വാനം ചെയ്തു. ബറാക് ഒബാമ അധികാരത്തിലേറിയപ്പോഴും നിലപാടുകളില്‍ മാറ്റമുണ്ടായില്ല.
2008 അവസാനം തുടങ്ങിയ ഗസ്സ യുദ്ധവും ആസൂത്രിതമായിരുന്നു. ഈജിപ്തിന്റെ കാര്‍മികത്വത്തില്‍ 2008 ജൂണ്‍ 19-ന് നിലവില്‍വന്ന 26 ആഴ്ച നീണ്ട വെടിനിര്‍ത്തല്‍ ഡിസംബര്‍ 19-ന് അവസാനിച്ച് എട്ടാം നാള്‍ (2008 ഡിസംബര്‍ 27-ന്) ഗസ്സക്കുനേരെ ഭീകരാക്രമണം അഴിച്ചുവിട്ടു. ആദ്യ ദിവസത്തെ വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാസേനയിലെ 140 അംഗങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ കൊല്ലപ്പെടുകയും 700-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 ഡിസംബര്‍ 27 മുതല്‍ 2009 ജനുവരി 18 വരെയുള്ള 21 ദിവസം 'ഓപറേഷന്‍ കാസ്റ്റ്‌ലീഡ്' എന്ന പേരിട്ട് നടത്തിയ നിഷ്ഠുര താണ്ഡവത്തില്‍ 1417 ഫലസ്ത്വീനികളുടെ ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും കുഞ്ഞുങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുമായിരുന്നു. നാലു ലക്ഷത്തോളം ഗസ്സക്കാര്‍ വെള്ളമില്ലാതെ വലഞ്ഞു. പതിനായിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. നാലായിരത്തോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഫലസ്ത്വീന്‍ പോരാളികളുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലികള്‍ 13.
ഇസ്രയേലും ഫലസ്ത്വീനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആര്‍ക്കാണ് മേല്‍ക്കൈ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. പാശ്ചാത്യ രാജ്യങ്ങളുടെ, വിശിഷ്യാ അമേരിക്കയുടെയും ബ്രിട്ടന്റെയും പരിപൂര്‍ണ സഹായത്താല്‍ അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരത്തിനുമേലാണ് ഇസ്രയേല്‍ നിലകൊളളുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും മറുപടിയായി ഗസ്സയില്‍നിന്ന് പോരാളി സംഘടനകള്‍ 'നാടന്‍ റോക്കറ്റുകള്‍' തൊടുത്തുവിടാറുണ്ട്. 2006-ല്‍ ഹമാസ് ഭരണമേറ്റശേഷം സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ഇത്തരം ഓപറേഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേലിന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധ വിമാനങ്ങള്‍ക്ക് ഫലസ്ത്വീനികളുടെ ദുര്‍ബലമായ മറുപടിയായിരുന്നു ഖസ്സാം റോക്കറ്റ് എന്നു പേരിട്ട ഉരുക്കു പൈപ്പുകള്‍ കൊണ്ടുള്ള ഉപകരണം. ഇവ പലപ്പോഴും ലക്ഷ്യം കാണാറില്ല. ഈ റോക്കറ്റുകള്‍ പതിച്ചിട്ട് വിരലിലെണ്ണാവുന്ന ഇസ്രയേലികള്‍ക്കേ ജീവാപായം ഉണ്ടായിട്ടുള്ളൂ. എന്നാല്‍, അഷ്‌കലോണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇസ്രയേലിലെ രണ്ടരലക്ഷത്തോളം ജനങ്ങളില്‍ ഭീതി ജനിപ്പിക്കാന്‍ ഖസ്സാമിന് കഴിഞ്ഞിരുന്നു. ഖസ്സാം റോക്കറ്റുകളുടെ സ്ഥാനത്ത് അല്‍പം കൂടി ആധുനികമായ ഫജ്ര്‍ 5 റോക്കറ്റുകള്‍ പോരാളികള്‍ തൊടുത്തുവിടാന്‍ തുടങ്ങിയത് ഇസ്രയേലിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇറാന്‍ വികസിപ്പിച്ചെടുത്ത് ലബനാനിലെ ഹിസ്ബുല്ലക്ക് കൈമാറിയ പ്രസ്തുത റോക്കറ്റുകളുടെ ദൂരപരിധി 75 കി.മീറ്ററാണ്. ഇസ്രയേല്‍ തലസ്ഥാനമായ തെല്‍അവീവും അധിനിവേശ നഗരമായ ജറൂസലവും വരെ ചെന്നെത്താന്‍ കഴിയുന്നതാണ് ഈ റോക്കറ്റുകളെന്നത് കേവലം അവകാശവാദമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യപ്പെട്ടു. 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിന്റെ സ്‌കഡ് മിസൈലുകള്‍ പതിച്ചശേഷം ഇതാദ്യമായാണ് തെല്‍ അവീവ് നഗരത്തിനുമേല്‍ ആക്രമണമുണ്ടാകുന്നത്. അപായ സൈറണുകള്‍ മുഴങ്ങിയതും രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം. ജറൂസലം കൂടി റോക്കറ്റാക്രമണങ്ങളുടെ പരിധിയില്‍ വരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അമേരിക്ക നല്‍കിയ മിസൈല്‍വേധ ഷീല്‍ഡുകള്‍ ഇസ്രയേലിനെ സംരക്ഷിക്കുമ്പോള്‍ ലോകത്തിലെ ഏക തുറന്ന ജയിലെന്നറിയപ്പെടുന്ന ഗസ്സയിലെ ജനങ്ങളെ ബോംബിംഗില്‍നിന്ന് രക്ഷിക്കാന്‍ ഒരു ഷീല്‍ഡുമില്ലെന്നത് വലിയ ദുരന്തമായി അവശേഷിക്കുന്നു.
ഭീകര അജണ്ടയുടെ കാര്യത്തില്‍ ഇസ്രയേലിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വ്യത്യാസമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂട്ടുകക്ഷി സര്‍ക്കാറാണ് അവിടെ ഭരണം നടത്താറുള്ളത്. അതിനാല്‍ 2008ലെ ഗസ്സ അധിനിവേശം കഴിഞ്ഞ് 2012ലെത്തുമ്പോള്‍ കാര്യമായ മാറ്റമൊന്നും കാണാനില്ല. പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ടിനു പകരം നെതന്യാഹു, ഗസ്സക്കാരെ ഉന്മൂലനം ചെയ്യാന്‍ മുബാറക്കുമായി ഗൂഢാലോചന നടത്തിയ വിദേശകാര്യ മന്ത്രി സിപ്പി ലിവ്‌നിയുടെ സ്ഥാനത്ത് ഫലസ്ത്വീനികളെ അണുബോംബ് വര്‍ഷിച്ച് വകവരുത്തണമെന്ന് പരസ്യമായി പറയുന്ന ഫാഷിസ്റ്റ് മന്ത്രി അവിഗ്ദര്‍ ലെയ്ബര്‍മാന്‍. പ്രതിരോധ മന്ത്രി അന്നും ഇന്നും യഹൂദ് ബറാക്. അതേസമയം, 2009ലെ ഗസ്സയല്ല ഇപ്പോഴത്തേത്. ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്രയേല്‍ ഗൂഢലക്ഷ്യങ്ങള്‍ക്ക് ഒത്താശ ചെയ്ത ഹുസ്‌നി മുബാറക്കിന്റെ ഈജിപ്തല്ല ഗസ്സയുടെ പുതിയ അയല്‍വാസികള്‍. മുബാറക് മാത്രമല്ല, ഈജിപ്തിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയായ ഫലസ്ത്വീനിലെ കുട്ടികളുടെ കാലുകള്‍ മുറിച്ചുകളയണമെന്ന് പറഞ്ഞ അയാളുടെ വിദേശകാര്യ മന്ത്രി അഹ്മദ് അബൂ അല്‍ ഗെയ്തും ഇപ്പോള്‍ പടിക്കു പുറത്താണ്. ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ പിറവിക്ക് ചുക്കാന്‍ പിടിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ കയ്‌റോവില്‍ ഭരണം കൈയാളുമ്പോള്‍ സമവാക്യങ്ങള്‍ മാറുന്നു. ഇസ്രയേലില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിക്കാനും പ്രധാനമന്ത്രിയെ ഗസ്സയിലേക്ക് അയക്കാനും ഫലസ്ത്വീനികളോടുള്ള പ്രതിബദ്ധത ഒബാമയെ അറിയിക്കാനും ഗസ്സയുമായുള്ള റഫ അതിര്‍ത്തി തുറന്നിടാനും ഈജിപ്ത് തയാറായത്് വലിയ മാറ്റമാണ്. ഫലസ്ത്വീനികള്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്ന് പ്രസിഡന്റ് മുര്‍സിയുടെ പ്രഖ്യാപനം വിപ്ലവാനന്തര അറബ് ലോകത്തിന്റെ മുന്നറിയിപ്പു കൂടിയാണ്. ഇസ്രയേലി ഭീകരതക്ക് ചുട്ട മറുപടി നല്‍കാന്‍ ഈജിപ്തിലെ ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തിനു മുന്നില്‍ മറ്റൊരു ആയുധം കൂടിയുണ്ട്. 1978ല്‍ മുബാറകിന്റെ മുന്‍ഗാമി അന്‍വര്‍ സാദാത്ത് അമേരിക്കന്‍ കാര്‍മികത്വത്തില്‍ ഇസ്രയേലുമായി ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് സമാധാന കരാര്‍ റദ്ദാക്കുക. ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങള്‍ ഇനിയും കൊല്ലപ്പെടാതിരിക്കാന്‍ ഇതു മാത്രമാണ് പരിഹാരം. ഗസ്സ ഈജിപ്തിന്റെ ഭാഗമായിരുന്നല്ലോ.
മുഹമ്മദ് മുര്‍സിക്ക് ഇക്കാര്യത്തില്‍ ധീരമായ കാല്‍വെപ്പ് നടത്തുവാന്‍ തുര്‍ക്കിയും തുനീഷ്യയും ഖത്തറുമൊക്കെ കൂട്ടിനുണ്ടാവും. ഇസ്രയേലിനെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ച് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തുവന്നത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഗസ്സയിലേക്ക് പോയ തുര്‍ക്കിയില്‍നിന്നുള്ള സമാധാനക്കപ്പലിനെ ആക്രമിച്ച് ഒമ്പതുപേരെ വധിച്ചിട്ട് മാപ്പു പറയാന്‍ തയാറാവാത്ത ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിഛേദിക്കാന്‍ ചങ്കൂറ്റം കാട്ടിയ നേതാവാണ് ഉര്‍ദുഗാന്‍. ഇസ്‌ലാമിനെ ഭീകരതയുമായി കൂട്ടിക്കെട്ടാന്‍ മത്സരിക്കുന്നവര്‍ക്ക് ഗസ്സയില്‍ കുഞ്ഞുങ്ങളെ നിഷ്ഠുരം കൂട്ടക്കൊല ചെയ്യുമ്പോള്‍ മിണ്ടാട്ടമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
നാല് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2008-ല്‍ ഗസ്സക്കെതിരെ സയണിസ്റ്റ് രാഷ്ട്രം ആക്രമണം നടത്തിയത്. ഹമാസിനെ ഇല്ലായ്മ ചെയ്യുകയായിരുന്നു അതില്‍ മുഖ്യം. കുറെ പോരാളികളെയും നേതാക്കളെയും നഷ്ടപ്പെട്ടെങ്കിലും ഫലസ്ത്വീന്‍ സമൂഹത്തിന്റെ അടിത്തട്ടുകളില്‍ വരെ വേരുകളുള്ള ഹമാസിന് ഒരു പോറലുമേല്‍പിക്കാന്‍ പ്രസ്തുത ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ല. രണ്ടാമത്തേത്, മുഖ്യ എതിരാളിയായ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാജയപ്പെടുത്താന്‍ യുദ്ധം സഹായകരമാകുമെന്ന് ഭരണത്തിലുള്ള കാദിമ പാര്‍ട്ടി-ലേബര്‍ പാര്‍ട്ടി സഖ്യം കണക്കു കൂട്ടി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിച്ചു ഭൂരിപക്ഷം കിട്ടിയില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി പദം കാത്തിരുന്ന കാദിമ നേതാവ് സിപ്പി ലിവ്‌നിയെ ഇളിഭ്യയാക്കി നെതന്യാഹു അധികാരത്തിലെത്തിയതോടെ ഈ നീക്കവും പാളി. 2006-ല്‍ ലബനാനുമായി നടത്തിയ യുദ്ധത്തില്‍ ഹിസ്ബുല്ലയില്‍നിന്ന് നേരിട്ട അതിശക്തമായ തിരിച്ചടിക്കുശേഷം സൈനികരുടെ മനോവീര്യം വീണ്ടെടുക്കലായിരുന്നു മൂന്നാമത്തെ ഉദ്ദേശ്യം. 2007ല്‍ സിറിയക്കുനേരെ നടത്തിയ ചില സൈനിക നടപടികള്‍ ഇതിന്റെ ഭാഗമായിരുന്നെങ്കിലും മികച്ച പരീക്ഷണശാലയായി കണ്ടത് ഗസ്സയെയായിരുന്നു. മൂന്നു മിനിറ്റും 40 സെക്കന്റും കൊണ്ട് ഗസ്സയിലെ അമ്പതു കേന്ദ്രങ്ങളില്‍ ബോംബുവര്‍ഷിച്ച് സൈനിക മികവ് അവര്‍ പ്രകടിപ്പിച്ചെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നു. ഗസ്സയില്‍ ഹമാസിന്റെ സ്വാധീനം അവസാനിപ്പിക്കുന്നതോടെ 2009 ജനുവരി 9ന് സ്ഥാനമൊഴിയേണ്ട തങ്ങളുടെ സുഹൃത്തായ മഹ്മൂദ് അബ്ബാസിനെ അധികാരത്തില്‍ നിലനിര്‍ത്താമെന്നതായിരുന്നു ഇസ്രയേലിന്റെ നാലാമത്തെ ലക്ഷ്യം. മഹ്മൂദ് അബ്ബാസ് തുടര്‍ന്നെങ്കിലും ഗസ്സയില്‍ ഹമാസിന്റെ സ്വാധീനം മുമ്പത്തേക്കാള്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഗസ്സയെ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുമെന്നുമാണ് ഇത്തവണ ഇസ്രയേല്‍ ഭീഷണിപ്പെടുത്തിയത്. 2008-ല്‍ തനിച്ച് പൊരുതാന്‍ ഹമാസിന് ശേഷിയുണ്ടായിരുന്നെങ്കില്‍ ഇത്തവണ കുറച്ച് സുഹൃത്തുക്കളുടെ കൂടി പിന്‍ബലമുണ്ട്.
എങ്കിലും ഗസ്സയില്‍ ഇസ്രയേലിന്റെ ചാരന്മാരായി പ്രവര്‍ത്തിക്കുന്ന ഫലസ്ത്വീനികള്‍ ഹമാസിന് തലവേദനയാണ്. കഴിഞ്ഞ ദിവസം ഒരു ഒറ്റുകാരനെ അവര്‍ പിടികൂടി വധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2008-'09-ലെ യുദ്ധവേളയില്‍ ഹമാസിന്റെ സൈനിക വിഭാഗം കമാന്ററാണ് ഏറ്റവും വലിയ ഒറ്റുകാരനായി മാറിയത്. ഗസ്സയിലെ താല്‍ അല്‍ ഹാവ പ്രദേശത്ത് ഇസ്രയേലി ആക്രമണങ്ങളെ ചെറുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് നേതൃത്വം നല്‍കിയ സമി അനാന്‍ ചാരനായി മാറിയത് യുദ്ധത്തിന്റെ ഗതി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഹമാസുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അറബി ഭാഷയിലുള്ള ലഘുലേഖകള്‍ യുദ്ധവിമാനങ്ങളില്‍നിന്ന് വിതറിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും ഇസ്രയേല്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ട്. ഫലസ്ത്വീന്‍ കമാന്ററെ വധിച്ച വിവരം ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഹമാസ് ആരംഭിച്ച അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ പേരിലുള്ള അക്കൗണ്ടിനെ പിന്തുടരുന്നത് 15000 പേര്‍ മാത്രമാണ്.
ബോസ്‌നിയ, കൊസോവോ, കോംഗോ തുടങ്ങിയ നിരവധി സംഘര്‍ഷ ഭൂമികളില്‍ ഉന്മൂലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്‌തെങ്കില്‍ അതൊന്നും ബാധകമാകാത്ത ഒരേയൊരു വിഭാഗമാണ് ഇസ്രയേല്‍ കമാന്റര്‍മാര്‍. ഫലസ്ത്വീന്‍ ജനതയെ കൊന്നൊടുക്കിയതിന്റെ പേരില്‍ ഇന്നോളം ഒരു ഇസ്രയേലി കമാന്ററും ശിക്ഷിക്കപ്പെട്ടിട്ടില്ല. സബ്ര, ശത്തീല, ജെനിന്‍ മുതല്‍ ഗസ്സയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പോയ സമാധാനക്കപ്പല്‍ വരെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ ഒരു നടപടിയും നേരിടാതെ വാണരുളുന്നു. ഒട്ടേറെ നിഷ്ഠുര കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് ഇസ്രയേലിന്റെ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന ഷിമോണ്‍ പെരസ്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കി പെരസിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു രാഷ്ട്രമെന്ന നിലയില്‍ യു.എന്നില്‍ അംഗത്വം നേടാനുള്ള ഫലസ്ത്വീന്റെ ശ്രമം രക്ഷാസമിതിയില്‍ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെടുകയുണ്ടായി. നിരീക്ഷക പദവിയെങ്കിലും നേടിയെടുക്കാന്‍ നവംബര്‍ 29ന് യു.എന്‍ പൊതുസഭയില്‍ മഹ്മൂദ് അബ്ബാസ് അപേക്ഷ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ അനുകൂലമായി വോട്ടുചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേലും അമേരിക്കയും യൂറോപ്പിലെ തങ്ങളുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫലസ്ത്വീന് ലഭിക്കുന്ന അന്താരാഷ്ട്ര സഹായത്തിന്റെ അമ്പതു ശതമാനവും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളാണ് നല്‍കിവരുന്നത്. ചില അറബ് രാജ്യങ്ങള്‍ ഫലസ്ത്വീനികളെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ടെങ്കിലും യൂറോപ്യന്‍ യൂനിയനുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം ലോകത്തിന്റെ ഇടപെടല്‍ എത്ര ചെറുതാണെന്ന് വ്യക്തമാകും. 2006ലെ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തിയ ഗൂഢാലോചനകളില്‍ പങ്കാളികളായവര്‍ വരെ കൂട്ടത്തിലുണ്ട്.
അറുപതു വര്‍ഷത്തിലേറെ നീണ്ട അധിനിവേശത്തിന്റെ ഇരകളാണ് ഫലസ്ത്വീനികള്‍. നിലവിലുള്ള തുണ്ടു ഭൂമിയില്‍നിന്നു കൂടി അവരെ തുരത്താനുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ക്കൊപ്പമാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍. ഇസ്രയേലിന് ഏതുസമയവും ഫലസ്ത്വീന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി സിവിലിയന്മാരെ കൊല്ലാം, എന്നാല്‍ ഫലസ്ത്വീനികള്‍ക്ക് പ്രതിരോധിക്കാന്‍ അവകാശമില്ല! അറബികളുടെയും മുസ്‌ലിംകളുടെയും ജീവന് വില കല്‍പിക്കുന്നില്ലെന്നാണ് അമേരിക്കയും ബ്രിട്ടനുമൊക്കെ പ്രസ്താവനകളിലൂടെ മുസ്‌ലിം ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍, അറബ് ഭരണകൂടങ്ങള്‍ കടുത്ത ചില നിലപാടുകള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭിന്നതകള്‍ മാറ്റിവെച്ച്, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഗസ്സയില്‍ ജീവിക്കുന്നവരും ഇസ്രയേലികളെപ്പോലെ മനുഷ്യരാണെന്ന് ഒബാമയുടെയും കൂട്ടരുടെയും മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കട്ടെ. (20.11.2012)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍