Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

ഹമാസ് തീയില്‍ കുരുത്ത ചെറുപ്പം

റഹ്മതുല്ല പി സിദ്ദീഖ്‌

1948-ല്‍ ആണ് അറബികളുടെ എതിര്‍പ്പിനെ വിലവെക്കാതെ ഇസ്രയേല്‍ എന്ന രാഷ്ട്രമുണ്ടാക്കുന്നത്. നാസീ പീഡനത്തിന്റെയും ഹോളോകോസ്റ്റിന്റെയും വീര്‍പ്പിച്ച വിവരണങ്ങള്‍ ഇസ്രയേല്‍ എന്ന രാജ്യത്തെ രൂപപ്പെടുത്താന്‍ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യം ഇല്ലാതാക്കി അധിനിവേശിച്ച ഇസ്രയേലിനെതിരെ പൊരുതി സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ അന്ന് തന്നെ ഫലസ്ത്വീന്‍ മക്കള്‍ മുന്നോട്ടു വന്നു. പ്രത്യേകിച്ചും മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യഭൂമിയായ ബൈത്തുല്‍ മഖ്ദിസ് സ്ഥിതി ചെയ്യുന്ന ഖുദ്‌സിന്റെ നിയന്ത്രണം ഇസ്രയേലിന്റെ കൈയിലായതിനാല്‍. അന്ന് മുതല്‍ രാജ്യമില്ലാത്ത ജനങ്ങളാണ് ഫലസ്ത്വീനികള്‍. ഒരുപാട് പോരാട്ടപ്രസ്ഥാനങ്ങള്‍ പല മുഖത്ത് നിന്നും ഫലസ്ത്വീന് വേണ്ടി അണിനിരന്നു. ഇസ്‌ലാമിക ആശയങ്ങളില്‍ ഊന്നിവന്നവരും കമ്യൂണിസ്റ്റ് ആശയക്കാരും സ്വതന്ത്രമായ പത്തോളം സംഘടനകള്‍. ഇവയെല്ലാം ഫലസ്ത്വീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന കൊടിക്കീഴില്‍ ഒരുമിച്ചു. കൂട്ടത്തില്‍ ഏറ്റവും വലിയ സംഘടനയായ ഫത്ഹിന്റെ നേതാവ് യാസിര്‍ അറഫാത്ത് അതിന്റെ നേതാവുമായി. ഇസ്രയേലിനു അനുകൂലമായി അമേരിക്ക കൊണ്ടുവന്ന കരാറുകളെ അംഗീകരിക്കുകയും വെസ്റ്റ്ബാങ്കിലെ ഒരു ചെറിയ ഭരണം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്ന ഒരു പി.എല്‍.ഒ നേതൃത്വത്തെയാണ് പിന്നീട് എണ്‍പതുകളില്‍ കാണുന്നത്.

സംഘടനകളുടെയും നേതാക്കളുടെയും ലക്ഷ്യത്തില്‍ നിന്നുള്ള ഈ വ്യതിയാനവും കടമ മറക്കലും ആണ് 1987-ല്‍ ഹമാസ് എന്ന സംഘടനക്ക് രൂപം നല്‍കാന്‍ ഗസ്സയിലെ ചെറുപ്പക്കാര്‍ക്ക് പ്രേരണയായത്. ഈജിപ്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അവരെ സ്വാഭാവികമായും മുസ്‌ലിം ബ്രദര്‍ഹുഡും സ്വാധീനിച്ചിരിക്കാം. അഭ്യസ്തവിദ്യരുടെയും പണ്ഡിതന്മാരുടെയും ഒരു കൂട്ടമായിരുന്നു ഹമാസിന്റെ പിന്നില്‍. അധ്യാപകനും ഇസ്‌ലാമിക പണ്ഡിതനുമായ ശൈഖ് അഹ്മദ് യാസീന്‍, പീഡിയാട്രിക് സര്‍ജനായ അഹ്മദ് റന്‍തീസി, ജനറല്‍ സര്‍ജനായ മഹ്മൂദ് സഹാര്‍, എഞ്ചിനീയര്‍മാരായ ഇസ്മാഈല്‍ അബൂശനബ്, സാലഹ് ശഹാദ തുടങ്ങിയവരായിരുന്നു സ്ഥാപക നേതാക്കള്‍. ഒരു പക്ഷേ, തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖല തന്നെയായിരുന്നു ഈ നേതൃനിര അവരുടെ തൊഴിലായി തെരഞ്ഞെടുത്തതും. പോരാടുന്ന ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം ഡോക്ടര്‍മാരെയും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്ന എഞ്ചിനീയര്‍മാരെയും തന്നെയാണ്.

സോഷ്യല്‍ മീഡിയയില്‍
കണ്ട പോരാട്ടം
സോഷ്യല്‍ മീഡിയയുടെ അപാരസാധ്യതകള്‍ വെളിപ്പെട്ടു എന്നത് കൂടിയായിരുന്നു ഇത്തവണത്തെ ഇസ്രയേലിന്റെ ഫലസ്ത്വീന്‍ ആക്രമണത്തില്‍ സംഭവിച്ചത്. ടെലിവിഷനെക്കാളും പത്രങ്ങളെക്കാളും മറ്റെന്തിനെക്കാളും ഈ ആക്രമണത്തിന് ജനശ്രദ്ധ നേടിക്കൊടുത്തത് സോഷ്യല്‍ മീഡിയയാണ്. ഫലസ്ത്വീനില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ ഫേസ് ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലുമെല്ലാം നിറഞ്ഞു. എല്ലാവരുടെയും ഹോം പേജുകള്‍ രക്തംപുരണ്ട ചിത്രങ്ങളാല്‍ വീര്‍പ്പുമുട്ടി. ലൈക് ചെയ്തും, പ്ലസ് ഇട്ടും, ടാഗ് ചെയ്തും കോപ്പി ചെയ്തുമെല്ലാം തങ്ങളുടെ വികാരം അവര്‍ ലോകത്തെ അറിയിച്ചു. ഇസ്രയേലിനെതിരെ പോസ്റ്റ് ഇടുമ്പോള്‍ അത് മായ്ക്കാന്‍ ഫേസ് ബുക്ക് തന്നെ മുന്നോട്ടു വരും. പക്ഷേ അതിനു മുമ്പ് ഒരു പാട് പേര്‍ അത് പകര്‍ത്തുന്നതിനാല്‍ ഫേസ് ബുക്ക് പോലും ഞെട്ടിപ്പോയി. ഇനിയും കാണാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചവര്‍ക്ക്‌പോലും പിടികൊടുക്കാതെ ചിത്രങ്ങള്‍ അനുസ്യൂതം പ്രവഹിച്ചു. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു, മനസ്സാക്ഷിയില്ലാത്ത ക്രൂരന്മാരോടുള്ള പ്രതികരണമായി.
കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത് ഒരു ബാലന്റെ ചിത്രമായിരുന്നു. രക്തത്തില്‍ കുളിച്ച് ആശുപത്രിയില്‍ കിടക്കുന്ന ഒരു ബാലന്‍. തല പൊട്ടിയിട്ടുണ്ട്. ഒരു കണ്ണ് അടഞ്ഞിട്ടാണ്. മറ്റേ കണ്ണ് അല്‍പം തുറന്നിട്ടുണ്ട്. ആ കണ്ണിലൂടെ ലോകത്തെ നോക്കി വിജയ ചിഹ്നം ഉയര്‍ത്തി കാണിക്കുന്നു അവന്‍. കൊല്ലപ്പെട്ടാലും ഞങ്ങള്‍ വിജയിച്ചു എന്നര്‍ഥം . എത്രമാത്രം ആ മക്കളില്‍ സ്വാതന്ത്ര്യാഭിലാഷം ഉള്‍ച്ചേര്‍ന്നിരിക്കുന്നു!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍