ഞാനെന്തുകൊണ്ട് താക്കറെക്ക് അനുശോചനം അര്‍പ്പിക്കുന്നില്ല
''ഭാരത മാതാവിന് 30 കോടിമുഖങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ഒറ്റ ശരീരം മാത്രം. അവര്‍ 18 ഭാഷകളില്‍ സംസാരിക്കും, എങ്കിലും അവര്‍ക്ക് ഒറ്റ ചിന്ത മാത്രം'' തമിഴ് കവി സുബ്രമണ്യ ഭാരതി.
രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, ക്രിക്കറ്റു താരങ്ങള്‍ തുടങ്ങി എല്ലാവരും പരേതനായ ബാല്‍ താക്കറേക്ക് അനുശോചനം അര്‍പ്പിക്കാന്‍ തള്ളിത്തിരക്കി കൊണ്ടിരിക്കുന്നു. ഉന്നതരും കരുത്തരുമായവരില്‍ നിന്ന് അനുസ്യൂതം ഒഴുകികൊണ്ടിരിക്കുന്ന ഈ ബഹുമതി സമര്‍പ്പണങ്ങള്‍ക്കിടയില്‍ഞാന്‍ എന്റെ എളിയ വിരുദ്ധാഭിപ്രായം രേഖപ്പെടുത്തട്ടെ. മരിച്ചവരെ പറ്റി നല്ലതു മാത്രം പറയുക എന്ന പൊതു തത്ത്വം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എന്റെ രാജ്യത്തിന്റെ താല്‍പര്യം ഈ പൊതുമര്യാദയേക്കാള്‍ വലുതായിക്കാണുന്നതു കൊണ്ട് എനിക്കതിനു സാധിക്കുന്നില്ല.
എന്താണ് ബാല്‍ താക്കറേയുടെ പൈതൃകം..?
ദേശ വിരുദ്ധമായ 'മണ്ണിന്റെ മക്കള്‍' വാദം മാത്രം. ഇന്ത്യന്‍ ഭരണഘടന അനുഛേദം ഐ (1) പറയുന്നു. ''ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങള്‍ ചേര്‍ന്ന യൂനിയന്‍ ആയിരിക്കും.'' അതായത് വേറിട്ട് നില കൊള്ളുന്ന സംസ്ഥാനങ്ങളുടെ ആകെ തുകയല്ല, ഒന്നായിച്ചേര്‍ന്ന ഏകകമാണ് ഇന്ത്യ.
അനുഛേദം 19 (1)ല്‍ പറയുന്നു:ì ''എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയിലെ ഏതു പ്രദേശത്തും താമസിക്കുന്നതിനും സ്ഥിരവാസമുറപ്പിക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ്.''
മഹാരാഷ്ട്രക്കാരന് ഇന്ത്യയിലെവിടെയും സ്ഥിരവാസമുറപ്പിക്കാന്‍ അധികാരമുള്ളതുപോലെ, ഗുജറാത്തിക്കും ദക്ഷിണേന്ത്യക്കാരനും യുപിക്കാരനും മറ്റെല്ലാവര്‍ക്കും മഹാരാഷ്ട്രയില്‍ കുടിയേറാനും സ്ഥിരവാസമുറപ്പിക്കാനുമധികാരമുണ്ട് (ചരിത്രപരമായ കാരണങ്ങളാല്‍ ജമ്മു കശ്മീരിലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന് ചില പരിമിതികള്‍ ഉണ്ടെങ്കിലും).
'മണ്ണിന്റെ മക്കള്‍' വാദം പറയുന്നത് മഹാരാഷ്ട്ര മറാത്തികളുടേത് മാത്രമാണെന്നാണ്. ഗുജറാത്തികളും ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും പുറം നാട്ടുകാരാണെന്നും. ഇന്ത്യന്‍ ഭരണഘടന ഐ (1), 19(1) ഇ എന്നീ വകുപ്പുകളെ വെല്ലുവിളിക്കുന്നതാണിത്.ഇന്ത്യ എന്നത് ഒരൊറ്റ രാഷ്ട്രമാണ്. മഹാരാഷ്ട്രയിലെ മറാത്തികളെയല്ലാത്തവരെയെല്ലാം അന്യരായി കാണാന്‍ കഴിയില്ല.
ബാല്‍ താക്കറേ രൂപം കൊടുത്ത ശിവസേന, 60-കളിലും 70 - കളിലുംദക്ഷിണേന്ത്യക്കാരെ ആക്രമിക്കുകയും അവരുടെ ഹോട്ടലുകളും വീടുകളും നശിപ്പിക്കുകയും ചെയ്തു. 2008-ല്‍ മഹാരാഷ്ട്രയിലെ ബീഹാറികളും യുപിക്കാരും (പാലും പത്രവും വിറ്റ് ജീവിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരുമായ ഭയ്യമാര്‍) നുഴഞ്ഞു കയറ്റക്കാരാണെന്നു പറഞ്ഞ് ആക്രമിക്കപ്പെട്ടു. അവരുടെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പലരും മര്‍ദനത്തിനിരയായി.
പരസ്പര വിദ്വേഷത്തില്‍ അധിഷ്ഠിതമായ ഒരു വോട്ട് ബാങ്ക് ഇതു വഴി താക്കറെ നേടിയെടുത്തു (താക്കറെ പുകഴ്ത്തിയ ഹിറ്റ്‌ലറും ഇങ്ങനെയാണ് വോട്ട് ബാങ്ക് ഉണ്ടാക്കിയത്).
'മണ്ണിന്റെ മക്കള്‍' വാദം ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നതിനുപുറമേ അതിനേക്കാള്‍ അടിസ്ഥാന തലത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്; അത് താക്കറെയുടെ ആളുകളെത്തന്നെ തിരിഞ്ഞു കുത്തുന്നതുമാണ്.
ഇന്ത്യ എന്നത് 92-93 ശതമാനത്തോളം കുടിയേറ്റക്കാരുടെ രാജ്യമാണ് (വടക്കേ അമേരിക്കയെപ്പോലെ). ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് ജീവിതവിഭവങ്ങള്‍ തേടി കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറയാണ്; അവര്‍ ഇവിടത്തെ ആദിമ ജനതയില്‍പ്പെട്ടവരല്ല. ഇന്ത്യയിലെ ആദിമ ജനത ഇവിടത്തെ ആദിവാസി ഗോത്രക്കാരാണ് (ഭീല്‍, സന്താല്‍, ഗോണ്ട്‌സ്, തോട എന്നിങ്ങനെ). ഇവര്‍ ആകെ 7-8 ശതമാനം മാത്രമാണ്. അതു കൊണ്ട് മണ്ണിന്റെ മക്കള്‍ വാദം ഗൗരവത്തിലെടുത്താല്‍മഹാരാഷ്ട്രയിലെ 92-93 ശതമാനം പേരും (താക്കറെ കുടുംബമടക്കം) പുറത്തു പോകേണ്ടതായിവരും.
ഇന്ത്യയില്‍ ഇതു പോലുള്ള അനേകം വിഘടന ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസ്‌നേഹികളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടണം.
എന്തുകൊണ്ട് നാം ഒന്നിക്കണം? രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും വന്‍കിട വ്യവസായങ്ങള്‍ ആവശ്യമാണ്. . കൃഷി കൊണ്ട് മാത്രം അതു സാധ്യമല്ല. വിപുലമായ വിപണി വ്യവസായ വളര്‍ച്ചക്ക് അനിവാര്യമാണ്. ഇന്ത്യ ഒന്നിച്ചു നിന്നാല്‍ മാത്രമേ അത്തരം വിപണി സാധ്യമാവുകയുള്ളൂ.ദാരിദ്ര്യം, തൊഴിലില്ലായ്മ, മറ്റു സാമൂഹിക തിന്മകള്‍ എല്ലം പരിഹരിക്കാനും, ആധുനിക വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി ഇന്ത്യയെ മുന്‍നിര രാഷ്ട്രമാക്കാന്‍ വേണ്ടതെന്തും കൈവരിക്കാനും ഇന്ത്യ ഒന്നായി നില നിന്നേ പറ്റൂ.
അതുകൊണ്ട് ഖേദപൂര്‍വം പറയട്ടെ,താക്കറേക്ക് അനുശോചനം അര്‍പ്പിക്കാന്‍ എനിക്ക് സാധ്യമല്ല.
(ദ ഹിന്ദു 2012 നവംബര്‍ 20)
വിവ: കെ.കെ അലി
Comments