Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

മുസ്‌ലിം വ്യക്തിനിയമങ്ങളുടെ സംരക്ഷണം നമ്മുടെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്‌

അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി / സദ്‌റുദ്ദീന്‍ വാഴക്കാട്‌

താങ്കളുടെ ദീനീ വ്യക്തിത്വം രൂപപ്പെട്ടത് എങ്ങനെയാണ്, ആരൊക്കെയാണ് താങ്കളെ സ്വാധീനിച്ചത്?
ആലപ്പുഴയിലെ നല്ല ദീനീ പാരമ്പര്യമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇസ്‌ലാമിക വിഷയങ്ങളില്‍ കര്‍ക്കശ നിലപാടുള്ളയാളായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. പില്‍ക്കാലത്ത് ഞങ്ങളുടെ കുടുംബത്തിന്റെ ദീനീ മാറ്റത്തില്‍ പ്രധാന പങ്കുവഹിച്ച മാമ പി.എം. മുഹമ്മദ് ഹാജി കൊല്ലം (M A, L L B) ലഖ്‌നൗ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച് തിരിച്ചുവന്നപ്പോള്‍ ഫാഷന്‍ രീതിയില്‍ മുടിവളര്‍ത്തിയിരുന്നു. തത്സമയം മുടിവെട്ടിയ ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്ന് ഉപ്പുപ്പ പറയുകയുണ്ടായി. ഞാന്‍ എറണാകുളത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീടിനോടടുത്തു തന്നെ, സിനിമാ തിയേറ്റര്‍ സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലത്ത് മാമ നിര്‍മിച്ച മസ്ജിദുന്നൂറില്‍ തബ്‌ലീഗ് ജമാഅത്തിന്റെ ദഅ്‌വത്ത് സംഘങ്ങള്‍ വരുമായിരുന്നു. അവര്‍ എന്നെ ആകര്‍ഷിച്ചു. അവരില്‍ ധാരാളം ഹാഫിളുകള്‍ (ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയവര്‍) ഉണ്ടാകും. അവര്‍ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. എനിക്കും ഹാഫിള് ആകണം എന്ന മോഹമുദിച്ചു. അങ്ങനെയാണ്, 1981-ല്‍ ഞാന്‍ കായംകുളം ഹസനിയ്യയില്‍ പഠിക്കാനെത്തിയത്. തുടര്‍ന്ന് ഇവിടെത്തന്നെ 'ശരീഅ' കോഴ്‌സ് പൂര്‍ത്തീകരിച്ചു. ഉസ്താദ് മൗലാനാ മുഹമ്മദ് ഈസാ മംബഈ, മര്‍ഹൂം മൂസാ മൗലാനാ, വേലൂര്‍ ഇബ്‌റാഹീം മൗലാനാ, മര്‍ഹൂം ചന്തിരൂര്‍ ഇബ്‌റാഹീം മൗലവി, ഹാഫിസ് ഹാമിദ് ഹസ്രറത്ത് മുതലായവര്‍ പ്രധാന ഗുരുനാഥന്‍മാരാണ്. 1991-ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. അവിടെ നിന്ന് ദൗറത്തുല്‍ ഹദീസ് പൂര്‍ത്തിയാക്കി.
കായംകുളം ഹസനിയ്യയില്‍ പഠിക്കുമ്പോള്‍ തന്നെ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മന്‍സൂര്‍ നുഅ്മാനി എന്നിവരുമായി ഞാന്‍ ബന്ധം സ്ഥാപിച്ചിരുന്നു. അവധിക്കാലത്ത് ലഖ്‌നൗവില്‍ പോയി താമസിക്കും. എന്റെ ദീനീ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ പ്രധാനികള്‍ അവര്‍ രണ്ടു പേരുമാണ്. എന്റെ ഭാഷ, സാഹിത്യം, വായന, ദീനീചിന്തകള്‍ എന്നിവ രൂപപ്പെടുത്തിയതില്‍ പ്രബോധനം വാരികക്കും മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിക്കും മുഖ്യപങ്കുണ്ട്. കെ.സിയുടെ ലേഖനങ്ങളും ഗ്രന്ഥങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വവും എന്നെ ആകര്‍ഷിക്കുകയുണ്ടായി. ഒന്നോ രണ്ടോ തവണ മാത്രമേ കെ.സിയെ കണ്ടിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവം, വേഷം, സംസാരം തുടങ്ങിയവ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അപ്രകാരം മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടും മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയും അവരുടെ തഫ്‌സീറുകളും എന്റെ ദീനീ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ദയൂബന്ദ് ഉലമാക്കളുമായുള്ള ബന്ധമാണ് പ്രധാനാടിസ്ഥാനം.

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡുമായുള്ള ബന്ധം ആരംഭിക്കുന്നത് എങ്ങനെയാണ്. എപ്പോഴാണ് അതിന്റെ നേതൃത്വത്തിലേക്ക് എത്തിയത്?
1980-കളിലെ ശരീഅത്ത് സംവാദ കാലത്ത് അഖിലേന്ത്യാ യാത്രയുടെ ഭാഗമായി അബുല്‍ ഹസന്‍ അലിനദ്‌വി കേരളത്തില്‍ വന്നിരുന്നു. അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. ആ ബന്ധം പിന്നീട്, ലഖ്‌നൗ യാത്രകളിലൂടെ ശക്തിപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യം, ശരീഅത്ത് സംരക്ഷണം തുടങ്ങിയവ വിദ്യാര്‍ഥി ജീവിതകാലത്തു തന്നെ എന്റെ മനസില്‍ നിറഞ്ഞു നിന്നിരുന്നു. ഈ രംഗത്ത്, മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ബോര്‍ഡിന്റെ നേതാക്കളിലൊരാള്‍ കൂടിയായിരുന്ന അലീമിയാനുമായുള്ള ബന്ധവും കൂടിയായപ്പോള്‍ ഞാന്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ തുടങ്ങി. ഇബ്‌റാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവന്ന പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പരിപാടികളില്‍ ഞാന്‍ അനൗദ്യോഗികമായി പങ്കെടുക്കുമായിരുന്നു. 1991 നവംബറില്‍ ദല്‍ഹിയില്‍ കൂടിയ ബോര്‍ഡിന്റെ പത്താം പൊതുസമ്മേളനം മുതല്‍ ബോര്‍ഡിന്റെ പരിപാടികളില്‍ പങ്കെടുത്ത് തുടങ്ങി. അലീമിയാന്റെ വിയോഗത്തിന് ശേഷം മൗലാനാ റാബിഅ് നദ്‌വി ബോര്‍ഡിന്റെ അധ്യക്ഷനായി. അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, യാത്രയില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. ബോര്‍ഡുമായി കൂടുതല്‍ ബന്ധപ്പെടാന്‍ മൗലാനാ റാബിഅ് നദ്‌വി ആവശ്യപ്പെട്ടു. 2007 ജനുവരിയില്‍ ചെന്നൈയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ പത്തൊമ്പതാം പൊതുസമ്മേളനത്തില്‍ എന്നെ അംഗമായി തെരഞ്ഞെടുത്തു. ലഖ്‌നൗവില്‍ 2010-ല്‍ നടന്ന 21-ാം പൊതുസമ്മേളനത്തിലാണ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകരിക്കാനുണ്ടായ പശ്ചാത്തലം എന്തായിരുന്നു?
മഹത്തായ ഒരു സന്ദേശത്തിന്റെ വാഹകരായാണ് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വന്നത്. തദ്ദേശീയരായ ജനങ്ങളെ ഇസ്‌ലാം ഏറെ ആകര്‍ഷിക്കുകയും അവര്‍ ദീനിന്റെ വഴി സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക സന്ദേശത്തിന്റെ പ്രധാന ഭാഗമാണ് അതിന്റെ നിയമസംഹിത; ശരീഅത്ത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളെ കുറിച്ചും വിധിവിലക്കുകള്‍ ശരീഅത്ത് നല്‍കുന്നുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമത്രെ, കുടുംബ ജീവിതത്തിലെ വ്യത്യസ്ത വ്യക്തികളും ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍. ഇതിന് വ്യക്തിനിയമം (പേഴ്‌സണല്‍ ലോ) എന്നാണ് പറയുക. ഈ നിയമങ്ങള്‍ മനുഷ്യ നിര്‍മിതമല്ലെന്നും പടച്ചവനാല്‍ അവതരിപ്പിക്കപ്പെട്ടതാണെന്നും മനുഷ്യര്‍ക്ക് ഇതില്‍ യാതൊരു വിധ ഭേദഗതിക്കും അവകാശമില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇത് എല്ലാ കാലത്തും സ്ഥലത്തും മുസ്‌ലിംകള്‍ മുറുകെപ്പിടിച്ചു പോന്ന തത്ത്വമാണ്. ബ്രിട്ടീഷുകാര്‍ക്കു മുമ്പ് മുസ്‌ലിംകളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അവര്‍ക്ക് പല വീഴ്ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും ശരീഅത്തിന്റെ ഈ നിയമങ്ങളില്‍ കൈകടത്തുകയുണ്ടായില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നു. അവര്‍ ശത്രുതയുടെ പേരില്‍, 1866 മുതല്‍ ശരീഅത്തില്‍ കൈവെക്കാന്‍ തുടങ്ങി. ശരീഅത്തിന് വിരുദ്ധമായ ചില നിയമങ്ങള്‍ പാസാക്കപ്പെട്ടു. അന്നത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാര്‍ അതിനെതിരെ രംഗത്തുവന്നു. അബുല്‍ മഹാസിന്‍ സജ്ജാദ്, മൗലാനാ അഷ്‌റഫ് അലി ഥാനവി, മുഫ്തി കിഫായത്തുല്ല എന്നിവരാണ് അതിന് നേതൃത്വം കൊടുത്തത്. ബ്രിട്ടീഷുകാരോടുളള മുസ്‌ലിം എതിര്‍പ്പിന്റെ അടിസ്ഥാന കാരണം, ശരീഅത്തിലുളള കൈകടത്തലാണെന്ന് മനസ്സിലാക്കിയ ബ്രീട്ടീഷ് ഗവണ്‍മെന്റ് അവസാനം ഈ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി. 1937-ല്‍ 'ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട്' എന്ന നിയമം പാസാക്കപ്പെട്ടു. ഈ നിയമത്തിനു കീഴില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തു വീതിക്കല്‍, ദാനം, വഖ്ഫ് മുതലായ വ്യക്തിനിയമങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്തനുസരിച്ച് ജീവിക്കാവുന്നതാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതാണ് ശരീഅത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കം. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായി. സ്വാതന്ത്ര്യസമരത്തിന്റ മുന്‍പന്തിയില്‍ നിന്നത് ഇന്ത്യന്‍ മുസ്‌ലിംകളാണ്. അവര്‍ ജീവനേക്കാളും വിലമതിക്കുന്ന മത തത്ത്വസംഹിതകളെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുളള ഒരു സുന്ദര ഇന്ത്യയായിരുന്നു അവരുടെ സ്വപ്നം. ഇക്കാര്യം ഓരോ ഘട്ടങ്ങളിലും മുസ്‌ലിം നേതാക്കള്‍ ഉണര്‍ത്തിയിരുന്നു. വിശിഷ്യാ നാഷണല്‍ കോണ്‍ഗ്രസിനോട് തോളുരുമി നിന്ന് പോരാടിയ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സര്‍വ ഘട്ടങ്ങളിലും ഇതുണര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യാനന്തരം തയാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയില്‍ 'വിശ്വാസ-മതസ്വാതന്ത്ര്യം' അടിസ്ഥാന തത്ത്വമായി അംഗീകരിക്കപ്പെട്ടു. ഇത് മുസ്‌ലിം വ്യക്തി നിയമം സുരക്ഷിതമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ഭരണഘടനയിലല്ല, ഭരണഘടന നടപ്പില്‍ വരുത്താനുളള മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ പെട്ട 44-ാം വകുപ്പ് ഇന്ത്യയില്‍ ഏക സിവില്‍കോഡിന് പരിശ്രമിക്കണം എന്ന് ഭരണകൂടത്തിന് ഉപദേശം നല്‍കി. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ 'മതസ്വാതന്ത്ര്യ'ത്തിന് വിരുദ്ധമാണെന്ന് അന്നു തന്നെ മുസ്‌ലിം സാമാജികര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഇതിന്റെ ഉദ്ദേശ്യം മുസ്‌ലിംകളല്ല, വ്യക്തി നിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളാണ് എന്നാണ് ഭരണഘടനാ ശില്‍പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. എന്നാല്‍, 44-ാം വകുപ്പിനേക്കാള്‍ പ്രധാനപ്പെട്ടതും സുവ്യക്തവുമായ മദ്യനിരോധനം പോലുളള പല വകുപ്പുകളെയും വിസ്മരിച്ച ഗവണ്‍മെന്റിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില സെക്യുലര്‍ ബുദ്ധിജീവികളുടെയും മറ്റും ഭാഗത്തുനിന്ന് പല ഘട്ടങ്ങളിലായി ഇസ്‌ലാമിക ശരീഅത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. 1964-ല്‍ മഹാരാഷ്ട്രാ അസംബ്ലിയില്‍ ബഹുഭാര്യാത്വം നിരോധിക്കാനുളള രണ്ടു ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടു.
1972-ല്‍ പാര്‍ലമെന്റില്‍ അഡോപ്ഷന്‍ ബില്ല് അവതരിപ്പിക്കപ്പെട്ടു. കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കുന്നതും ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്ക് മകന്റെ/മകളുടെ സ്ഥാനവും പൂര്‍ണമായ അവകാശങ്ങളും നല്‍കുന്നതായിരുന്നു പ്രസ്തുത നിയമം. ഇസ്‌ലാമിക ശരീഅത്തുമായി ഏറ്റുമുട്ടുന്ന വകുപ്പുകള്‍ ആ നിയമത്തിലുണ്ടായിരുന്നു. ഇസ്‌ലാമിനാകട്ടെ, അനാഥരെ സംരക്ഷിക്കുന്നതില്‍ വളരെ മനോഹരവും സമൂഹത്തിന് ഗുണകരവുമായ നിയമനിര്‍ദേശങ്ങള്‍ ഉണ്ട്.

അനാഥ സംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന മാര്‍ഗനിര്‍ദേശം ഏതു സ്വഭാവത്തിലുള്ളതാണ്?
അനാഥരെ ആദരിച്ചുകൊണ്ട് സംരക്ഷിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'അവര്‍ അനാഥരെ ആദരിക്കുന്നില്ല, അഗതിക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കുന്നില്ല' എന്ന് ധിക്കാരികളുടെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ജാഹിലിയ്യ സമ്പ്രദായമായിരുന്ന ദത്തിനെക്കാള്‍ ഉയര്‍ന്നതാണ് അനാഥ സംരക്ഷണത്തില്‍ ഇസ്‌ലാമിന്റെ നിലപാട്. പണ്ഡിതന്മാര്‍ക്കും മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കേണ്ട ആദരവിന്റെ സ്ഥാനത്താണ് ഇസ്‌ലാമിക ശരീഅത്ത് അനാഥരെയും കാണുന്നത്. പല വീഴ്ചകളുമുണ്ടെങ്കിലും അനാഥ സംരക്ഷണത്തില്‍ മുസ്‌ലിം സമൂഹം കാണിക്കുന്ന ആവേശവും യതീംഖാനകളും ഇതിന്റെ തെളിവാണ്. ഈ ആവേശം പരിധി വിടുകയും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ടെന്ന വസ്തുത കാണാതിരിക്കാനാവില്ല. അത് തിരുത്തേണ്ടതാണ്. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഏറെ പ്രോത്സാഹിപ്പിച്ച അനാഥ സംരക്ഷണ സംവിധാനം ഉള്ളതുകൊണ്ട് മുസ്‌ലിംകള്‍ക്ക് ദത്ത് സമ്പ്രദായം ആവശ്യമില്ല. മുസ്‌ലിംകളിലെ അനാഥരെ മാത്രമല്ല, അമുസ്‌ലിംകളിലെ അനാഥകുട്ടികളെയും സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ സന്നദ്ധരാണ്. അത് മുസ്‌ലിംകളുടെ സാമൂഹിക ബാധ്യതയുമാണ്. അമുസ്‌ലിംകളായതുകൊണ്ട് അനാഥരെ നാം സംരക്ഷിക്കേണ്ടതില്ല എന്ന് ദീന്‍ പഠിപ്പിക്കുന്നില്ല. അമുസ്‌ലിം അനാഥരെയും നാം സംരക്ഷിക്കണം എന്നുതന്നെയാണ് ഇസ്‌ലാമിന്റെ അധ്യാപനം.
ഇവിടെ ഞങ്ങളുടെ മദ്‌റസയുടെ അടുത്ത് രണ്ട് ഹൈന്ദവസഹോദരങ്ങള്‍, ഒരു വിധവയും സഹോദരനും അടുത്തടുത്ത മാസങ്ങളിലായി മരണപ്പെടുകയുണ്ടായി. അതോടെ അനാഥരായിത്തീര്‍ന്ന അവരുടെ രണ്ടു കുട്ടികളെ ഞങ്ങളുടെ മദ്‌റസയില്‍ സംരക്ഷിക്കാമെന്ന് ഞാന്‍ അവരോട് പരസ്യമായിത്തന്നെ പറയുകയുണ്ടായി. ഞങ്ങളുടെ യോഗത്തിലും ഞാനാ നിര്‍ദേശം മുന്നോട്ടുവെച്ചു. 'മതം മാറ്റാനോ മറ്റോ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചേക്കാം, അല്ലാഹുവാണ് സത്യം, അത്തരമൊരു ഉദ്ദേശ്യവുമില്ല. അനാഥരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിച്ചതിനാല്‍, ഞങ്ങളുടെ ബാധ്യതയായി കണ്ടുകൊണ്ടാണിത് ചെയ്യുന്നതെന്ന്' ഞാന്‍ വിശദീകരിച്ചു. 'നിങ്ങള്‍ക്ക് ഇവിടെ വരാം, ഭക്ഷണം കഴിക്കാം, താമസിക്കാം അതിന് പരിപൂര്‍ണ അവകാശമുണ്ട്. നിങ്ങള്‍ക്ക് അതിന് പ്രയാസമാണെങ്കില്‍ ഞങ്ങള്‍ ഭക്ഷണം വീട്ടില്‍ എത്തിച്ചു തരാം' എന്നും ഞാന്‍ അവരോട് പറയുകയുണ്ടായി. ഇതാണ് ശരീഅത്തിന്റെ കാഴ്ചപ്പാട്.

പേഴ്‌സണല്‍ ലോബോര്‍ഡ് രൂപീകരിക്കപ്പെടുന്നത്?
വിവാദ ദത്ത് നിയമവും അനന്തര സംഭവങ്ങളും മുസ്‌ലിം പണ്ഡിതന്മാരെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ശരീഅത്ത് വിമര്‍ശകരും കപട രാഷ്ട്രീയക്കാരും മുസ്‌ലിം സമൂഹത്തില്‍ നിന്നു തന്നെ രംഗത്തുവന്ന ശരീഅത്ത് വിരുദ്ധരുമൊക്കെ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വ്യവസ്ഥാപിത മാര്‍ഗം ഉണ്ടാകണമെന്ന ബോധം പണ്ഡിതന്മാരുടെ മനസ്സിലുയര്‍ന്നു. ഹമീദ് ദല്‍വായിയെപ്പോലുള്ളവര്‍ ശരീഅത്ത് വിരുദ്ധതയുമായി രംഗത്തുവന്നു. മുസ്‌ലിം പൊതുധാരക്ക് പുറത്ത്, ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളുയര്‍ത്തിയവര്‍ക്ക് മീഡിയ വലിയ പിന്തുണയും പ്രചാരണവും നല്‍കി. ഗുരുതരമായിക്കൊണ്ടിരുന്ന ഈ അവസ്ഥാ വിശേഷത്തെക്കുറിച്ച് ഏറ്റവും കൂടുതലായി ഉണരുകയും ഉണര്‍ത്തുകയും ചെയ്ത വ്യക്തി ഇന്ത്യയിലെ സമുന്നത ദീനീ വ്യക്തിത്വമായ മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനിയായിരുന്നു. അദ്ദേഹം പട്‌നയില്‍ വിളിച്ചു കൂട്ടിയ ആലോചനാ യോഗം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉപഭൂഖണ്ഡത്തിലെ പ്രസിദ്ധ ദീനീ പ്രസ്ഥാനമായ ദേവ്ബന്ദ് ദാറുല്‍ ഉലൂമിന്റെ അമരക്കാരന്‍ മൗലാനാ ഖാരി ത്വയ്യിബ് സാഹിബ് 1972 മാര്‍ച്ചില്‍ വിവിധ സംഘടനാ നേതാക്കളെ ദാറുല്‍ ഉലൂമില്‍ ഒരുമിച്ചു കൂട്ടി ആലോചനാ യോഗം നടത്തി. തുടര്‍ന്ന് അതേ വര്‍ഷം ഡിസംബര്‍ 27-28 തീയതികളില്‍ മുബൈയില്‍ ഒരു മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. അതില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിലവില്‍ വന്നു. ഈ സമ്മേളനം പ്രധാനപ്പെട്ട മൂന്ന് പ്രമേയങ്ങള്‍ പാസാക്കി.
1. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ പടച്ചവന്റെ വഹ്‌യുമായി ബന്ധപ്പെട്ടതാണ്. അതില്‍ കൂട്ടിച്ചേര്‍ക്കലുകളൊ കുറവുകളൊ വരുത്തുവാന്‍ സാധ്യമല്ല. മുസ്‌ലിം വ്യക്തി നിയമം മുസ്‌ലിംകളുടെ മതത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റിനോ നിയമസഭക്കോ അതില്‍ ഭേദഗതി വരുത്താന്‍ അവകാശമില്ല.
2. 1972ലെ ദത്ത് ബില്‍ നിലവിലുളള രൂപത്തില്‍ ശരീഅത്തിലുളള കൈകടത്തലാണ്. പ്രസ്തുത നിയമത്തില്‍ നിന്നും മുസ്‌ലിംകളെ ഒഴിവാക്കുക.
3. എല്ലാ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട പണ്ഡിതരും നിയമജ്ഞരും പ്രധാനികളുമടങ്ങിയ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ രൂപീകരണം പ്രഖ്യാപിക്കുന്നു. പ്രസ്തുത ബോര്‍ഡിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ രണ്ടാണ്.
എ). പാര്‍ലമെന്റ്, നിയമസഭ, നീതിപീഠം എന്നിവിടങ്ങളില്‍നിന്ന് വരുന്ന നിയമങ്ങള്‍ ശ്രദ്ധിക്കുകയും അതില്‍ മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുളള നീക്കത്തെ കണ്ടെത്തി എല്ലാവരുമായി കൂടിയാലോചിച്ച് പരിഹരിക്കുകയും ചെയ്യുക.
ബി). വ്യക്തിനിയമങ്ങളില്‍ ശരീഅത്ത് നിയമ മര്യാദകള്‍ പാലിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുക.
ശേഷം 1973 ഏപ്രില്‍ 17-18ന് ഹൈദരാബാദില്‍ കൂടിയ യോഗത്തില്‍ ബോര്‍ഡിന്റെ ഭരണഘടനയും കര്‍മരീതികളും തയാറാക്കി.
സമ്പൂര്‍ണ ഇസ്‌ലാമിന്റെ സംരക്ഷണവും പ്രചാരണവും തന്നെയാണ് നമ്മുടെ ലക്ഷ്യമെങ്കിലും ഇന്ത്യയില്‍ ശരീഅത്ത് ആക്ട് അനുവദിച്ചിട്ടുള്ള വ്യക്തി നിയമങ്ങളുടെ സംരക്ഷണത്തിനാണ് ബോര്‍ഡ് പ്രഥമ പരിഗണന നല്‍കിയത്. ഇന്ത്യാ ഗവണ്‍മെന്റും ഇവിടുത്തെ കോടതികളും ഭരണഘടനയും മറ്റും ഔദ്യോഗികമായിതന്നെ നമുക്ക് അനുവദിച്ചുതന്നിട്ടുള്ളതാണ് വ്യക്തി നിയമങ്ങള്‍. ഇസ്‌ലാമിക ശരീഅത്ത് ഇവിടെ മുഴുവനായും നടപ്പിലാക്കാന്‍ അനുവാദമില്ല. അതുകൊണ്ട് അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ബോര്‍ഡ് പോരാടുന്നത്. വ്യക്തിനിയമങ്ങള്‍ കൂടി ഇല്ലാതാകുന്നതോടെ നമ്മുടെ ഇസ്‌ലാമിക ജീവിതത്തിന്റെ അടിത്തറ തന്നെ ഇളകി പോകും. മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ ഇന്നു കാണുന്ന ഇസ്‌ലാമിക അടയാളങ്ങള്‍ പോലും ഇല്ലാതാകും. ഇതില്‍ നിന്ന് സമുദായത്തെ രക്ഷിക്കാനാണ് പേഴ്‌സണല്‍ ലോ ബോര്‍ഡ് ശ്രമിക്കുന്നത്.
ദാറുല്‍ ഉലൂം ദയൂബന്ദിലെ വൈസ് ചാന്‍സലര്‍ മൗലാന മുഹമ്മദ് ഖാരി ത്വയ്യിബ് സാഹിബായിരുന്നു ബോര്‍ഡിന്റെ പ്രസിഡന്റ്. മൗലാനാ മിന്നത്തുല്ലാ റഹ്മാനിയായിരുന്നു സെക്രട്ടറി. പിന്നീട് അബുല്‍ ഹസന്‍ അലി നദ്‌വി പ്രസിഡന്റായി. മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് കൊണ്ടുപോകാന്‍ എന്നും ശ്രമിച്ചിട്ടുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് ബോര്‍ഡിന്റെ രൂപീകരണത്തിലും നീക്കത്തിലും നിര്‍ണായക പങ്കുണ്ട്. അലീമിയാനെ ബോര്‍ഡിലേക്ക് കൊണ്ടുവന്നതും ജമാഅത്താണ്. രൂപീകരണ യോഗം നടക്കുമ്പോള്‍ റാബിത്വയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മക്കയിലേക്ക് പോയതായിരുന്നു അലീമിയാന്‍. അവിടെനിന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ച് ക്ഷണിച്ചുവരുത്തിയത് ജമാഅത്തിന്റെ അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബാണ്. അലീമിയാന്‍ തന്റെ ആത്മകഥയായ കാര്‍വാനെ സിന്ദഗിയില്‍ ഇപ്രകാരം അനുസ്മരിക്കുന്നു: ''ബോംബെ സമ്മേളനത്തിന്റെ സന്ദര്‍ഭത്തില്‍ ഞാനും മൗലാനാ നുഅ്മാനിയും റാബിത്വയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മക്കയിലെത്തിയിരുന്നു. രണ്ടാഴ്ച മാത്രമുളള ഹജ്ജില്‍ പങ്കെടുത്ത ശേഷം മടങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. പക്ഷെ, ബോംബെ സമ്മേളനത്തില്‍ ഞങ്ങള്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണെന്ന് വിവിധ സഹോദരങ്ങള്‍ വിളിച്ചു പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയായ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബായിരുന്നു ഇതില്‍ ഏറ്റവും മുന്നില്‍. ഹജ്ജ് ചെയ്യാന്‍ ഇതിനു മുമ്പും ഭാഗ്യമുണ്ടായിട്ടുണ്ട്, ശരീഅത്തിന്റെ പ്രശ്‌നം മുസ്‌ലിംകളുടെ ജീവന്‍ മരണ പ്രശ്‌നമാണ് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ബൈറൂത്ത് വഴി ധൃതിയില്‍ ബോംബെയില്‍ എത്തിച്ചേര്‍ന്നു'' (ഭാഗം 2).

ഏതു രീതിയിലാണ് പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്?
മുസ്‌ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ടാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുണ്ട്. ദയൂബന്ദി-ബറേലവി പണ്ഡിതന്മാരും ജമാഅത്തെ ഇസ്‌ലാമിയും സലഫി വിഭാഗങ്ങളും മാത്രമല്ല, ഇവരോടൊപ്പം ശിയാക്കളും പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ അംഗങ്ങളാണ്.
രണ്ട് വിഷയങ്ങളിലാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഊന്നുന്നത്. ഒന്ന്, ശരീഅത്തിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കുക. രണ്ട്, മുസ്‌ലിം സമുദായത്തില്‍ ശരീഅത്ത് സംബന്ധിച്ച് ശരിയായ അവബോധം സൃഷ്ടിക്കുകയും അവരെ ഇസ്‌ലാമിക നിയമങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുക. ഇതിനു വേണ്ടി പ്രത്യേകം വകുപ്പുകള്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും ശരീഅത്തുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ബോര്‍ഡ് ശ്രദ്ധാപൂര്‍വം ഇടപെടാറുണ്ട്. ബോര്‍ഡ് വിഷയങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മന്ത്രിമാര്‍പോലും ചില കാര്യങ്ങള്‍ ഗൗരവത്തോടെ മനസിലാക്കാറുള്ളത്. ഉദാഹരണമായി വഖ്ഫ് നിയമം. ഒരു വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് പുതിയ വഖ്ഫ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട ബില്ലുകളൊന്നും വെള്ളിയാഴ്ചകളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാറില്ല. ജുമുഅ നമസ്‌കാരം ഉള്ളതുകൊണ്ടാണ് ഈ കീഴ്‌വഴക്കം. എന്നാല്‍, ഇത് ലംഘിച്ചുകൊണ്ട് അവതരിപ്പിച്ച ബില്ലിലാകട്ടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടുതാനും. പേഴ്‌സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഭേദഗതികള്‍ വരുത്താനായി ബില്ല് ഇപ്പോള്‍ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
എല്ലാ പൗരന്‍മാര്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള Right To Education നിയമമാണ് മറ്റൊന്ന്. വളരെ മനോഹരമായ നിയമമാണിത്. ഇന്ത്യന്‍ സമൂഹത്തിന് ഏറെ ഗുണകരമാകും ഈ നിയമം. പക്ഷേ, ചില വിഷയങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ശരീഅത്ത് വിരുദ്ധമായ വശങ്ങള്‍ അതിനകത്തുണ്ട്. ബോര്‍ഡ് ഈ വിഷയത്തിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. നിയമത്തിലെ ചില വശങ്ങള്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല എന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെടുകയുണ്ടായി. മതധര്‍മ സ്ഥാപനങ്ങള്‍ക്കും ടാക്‌സ് നിര്‍ബന്ധമാക്കിക്കൊണ്ടുളള ടാക്‌സസ് കോഡ് കൊണ്ടുവരാനുളള നീക്കമാണ് മറ്റൊന്ന്. 'നിയമത്തിന്റെ അടി പാവം മുസ്‌ലിംകള്‍ക്കു മാത്രം' എന്നതാണല്ലോ ഇന്ത്യയിലെ നിലവിലുളള രീതി. അതുകൊണ്ടു തന്നെ ഇതിനെതിരിലും ബോര്‍ഡ് പ്രതികരിച്ചു. കൂടാതെ ശരീഅത്തിന് വിരുദ്ധമായ കോടതിയിലൂടെയുളള നീക്കങ്ങളെയും ബോര്‍ഡ് നേരിട്ടുകൊണ്ടിരിക്കുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍