വിദ്യാര്‍ഥികളെ ലഹരിയിലേക്കടുപ്പിക്കുമ്പോള്‍
എലിയെ പേടിച്ച് ഇല്ലം ചുടുക എന്നാണല്ലോ ചൊല്ല്. ഇതുപോലെ വ്യാപാരി വ്യവസായി ഏകോപന സമിതിയെ പേടിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരിയുടെ മായാലോകത്തേക്കും അധാര്‍മികതയിലേക്കും വഴിതുറന്ന് കൊടുക്കുന്ന നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റ് -പാന്‍മസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. കേന്ദ്ര നിയമത്തിന് എതിരാണെന്ന വ്യാപാരികളുടെ പരാതിയെത്തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ഇതോടെ 90 മീറ്റര്‍ ചുറ്റളവ് എന്ന കേന്ദ്രത്തിന്റെ ദൂരപരിധി കേരളത്തിനും ബാധകം.
വഴിതെറ്റാന്‍ ഏറെ സാധ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അതിനവസരമൊരുക്കുന്നതാണ് ലഹരിവസ്തുക്കളുടെ ഉപയോഗ സാധ്യതകള്‍. ഇതിന് സഹായിക്കുംവിധം ലഹരിയുടെ മായാവലയത്തിലേക്ക് വിദ്യാര്‍ഥികളെ നടത്തിക്കുന്ന നയം ക്രമപ്രശ്നത്തിന്റെ പേരില്‍ സ്വീകരിച്ച സര്‍ക്കാര്‍, ഭാവി തലമുറയെ നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന നിലപാട് എന്നാണ് അവസാനിപ്പിക്കുക?
വി.എന്‍ വിജയന്‍
പ്രബോധനം വാരിക ഞാന്‍ തുടര്‍ച്ചയായി വായിക്കാറുണ്ട്. സെപ്റ്റംബര്‍ എട്ടാം ലക്കത്തിലെ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധിയുടെ 'ആത്മീയ ബിസിനസ് എന്ന യൂറോപ്യന്‍ കച്ചവട പാഠങ്ങള്‍', റസാഖ് പാലേരിയുടെ 'ആര്‍ത്തി രാഷ്ട്രീയത്തില്‍നിന്ന് ഹരിത രാഷ്ട്രീയത്തിലേക്ക്' തുടങ്ങിയ ലേഖനങ്ങള്‍ വളരെ അര്‍ഥവത്തായി. മുഹമ്മദ് റോഷന്‍ പറവൂര്‍ എഴുതിയ 'തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്' എന്ന ലേഖനം വളരെ വിജ്ഞാനപ്രദമായിരുന്നു.
നേമം താജുദ്ദീന്‍ തിരുവനന്തപുരം
പൊതുമുതല്‍ നാടിന്റെയും സമൂഹത്തിന്റെയും സ്വത്താണ്. അത് ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടികളുടെയോ സ്വത്തല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിലും പ്രതിഷേധ പ്രകടനത്തിലും പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇത് പൊറുക്കപ്പെടാത്ത അന്യായമാണ്. ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് പൊതുജനമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത്, ഏതു പാര്‍ട്ടികളായാലും മതസംഘടനകളായാലും അവരില്‍നിന്നെല്ലാം ഇരട്ടിയിലധികം നഷ്ടം ഈടാക്കുകയും മാതൃകാപരമായ ശിക്ഷ നടപ്പാക്കുകയും വേണം.
സംവാദഭാഷയില്‍ വേണ്ടത് അലിവും ആദരവും
'സ്നേഹത്തോടെ സംവദിച്ചുകൂടേ മുസ്ലിം സംഘടനകള്‍ക്ക്' എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖന പരമ്പര വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അമുസ്ലിം സഹോദരന്‍ ഈ കുറിപ്പുകാരനോട്, ഒരു വാദപ്രതിവാദ സ്റേജില്‍ വെച്ച് രണ്ട് പണ്ഡിതന്മാര്‍ പരസ്പരം പറഞ്ഞ ഡയലോഗ് ഉദ്ധരിച്ചത് ഓര്‍ത്തുപോയി. പൊതുസദസ്സില്‍ ഉദ്ധരിക്കാന്‍ കൊള്ളില്ല ആ പ്രയോഗങ്ങള്‍.
ഇത്തരം 'കിടിലന്‍' പദപ്രയോഗങ്ങള്‍ കൊണ്ട് മറുഭാഗത്തുള്ളവരെ അഭിഷേകം ചെയ്യുന്ന 'മതപ്രബോധന ശൈലി' ചിലരെങ്കിലും ഇപ്പോഴും തുടര്‍ന്നുവരുന്നു. പരിഹസിച്ചും പ്രകോപിപ്പിച്ചും ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ തെറ്റായ വിശ്വാസാചാരങ്ങളെ മാറ്റിയെടുക്കാനാവില്ലെന്നതോ പോകട്ടെ, കൂടുതല്‍ വാശിയോടെ അത് ആവര്‍ത്തിക്കുമെന്നതാണ് മനഃശാസ്ത്രപരമായ സത്യം.
ഏതായാലും ഈ അനുഭവ യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും സലഫി സംഘടനകളിലൊരു വിഭാഗം അംഗീകരിക്കാന്‍ മുന്നോട്ടുവന്നുവെന്നതിന് ഉദാഹരണമാണ് ഈ വരികള്‍. "അന്ധവിശ്വാസത്തില്‍ ഉറച്ചു കഴിയുന്നവരെ പ്രകോപിപ്പിക്കുന്ന ശൈലിയാണ് നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍ കൂടുതല്‍ കടുത്ത അന്ധവിശ്വാസങ്ങളെ പുനഃസൃഷ്ടിക്കുന്നതിലാണ് അത് ചെന്നെത്തുക. സ്നേഹത്തിലും ഗുണപ്രതീക്ഷയിലും ചാലിച്ചെടുത്ത വാക്കും അലിവും ആദരവും നിറച്ചുവെച്ച ശൈലിയുമായിരിക്കണം ഈ സന്ദേശവാഹകരുടെ മൂലധനം. നല്ല വാക്കില്‍ സംസാരിക്കാനറിയാത്തവരും അന്യരെ ഉള്‍ക്കൊള്ളാനാവാത്തവരും പ്രബോധന രംഗത്ത് നിന്ന് മാറിനില്‍ക്കുന്നതാവും മതത്തോടുള്ള അവരുടെ അടുപ്പം സംരക്ഷിക്കാന്‍ നല്ലത്'' (ശൈലിയും പ്രധാനമാണ്, ശബാബ് വാരിക 2012 ജൂണ്‍ 22).
റഹ്മാന്‍ മധുരക്കുഴി
ഒമാന്‍ മുഫ്തിയുടെ മാതൃക
'സ്നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്' എന്ന ലേഖന പരമ്പര പഠനാര്‍ഹവും മദ്ഹബുകളെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്നതുമാണ്. മദ്ഹബിനെ ശരിയായവണ്ണം മനസ്സിലാക്കാതെ വാദപ്രതിവാദങ്ങള്‍ നടത്തുന്നവരും ശ്രദ്ധിച്ചു വായിക്കേണ്ടതാണത്. മദ്ഹബ് പണ്ഡിതന്മാരുടെ വിശാല വീക്ഷണവും വിട്ടുവീഴ്ചാ സമീപനവും അറിഞ്ഞാല്‍ ഇന്നത്തെ ബാലിശമായ വാദങ്ങള്‍ പലതും ഇല്ലാതാവും.
ഗള്‍ഫ് രാജ്യമായ ഒമാനില്‍ ഔദ്യോഗിക അംഗീകാരമുള്ളത് ഇബാദി മദ്ഹബിനാണ്. നാല് മദ്ഹബുകളില്‍നിന്നും വ്യത്യസ്തമായി ഇബാദി മദ്ഹബില്‍ നമസ്കാരത്തില്‍ കൈകെട്ടുന്ന രീതി ഇല്ല. പക്ഷേ, ഇതില്‍ വിശാല വീക്ഷണമാണ് ഒമാനിലെ ഗ്രാന്റ് മുഫ്തിയും പണ്ഡിതനുമായ ഖലീലി സ്വീകരിക്കുന്നത്. അതു സംബന്ധിച്ച ഒരനുഭവം ഒരു ഇബാദി പണ്ഡിതന്‍ പങ്കുവെക്കുകയുണ്ടായി. ഇസ്ലാം ആശ്ളേഷിച്ച ഒരു ഫിലിപ്പെയ്നിക്ക് നമസ്കാരത്തിന്റെ രൂപം പഠിപ്പിക്കുമ്പോള്‍ ഖലീലി കൈകെട്ടി കാണിച്ചു കൊടുത്തു. ഇത് കണ്ട ഇബാദി പണ്ഡിതന്‍ പിന്നീട് മുഫ്തിയോട് അതേക്കുറിച്ച് ചോദിച്ചു. 'നമ്മുടെ മദ്ഹബ് ലോകത്ത് വളരെ കുറച്ചു പേരേ പിന്തുടരുന്നുള്ളൂ. അതിനാല്‍ ഭൂരിപക്ഷം മുസ്ലിംകള്‍ സ്വീകരിക്കുന്ന രീതി പഠിപ്പിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ചും ഒമാനിന്ന് പുറത്തുള്ള രാജ്യക്കാര്‍ക്ക്. അല്ലാത്ത പക്ഷം ഇസ്ലാം പുതുതായി സ്വീകരിച്ച വ്യക്തിക്ക് മറ്റു രാജ്യങ്ങളില്‍ പോകുമ്പോള്‍ തെറ്റിദ്ധാരണകളും ആശയക്കുഴപ്പവും ഉണ്ടാകും.' ഇതായിരുന്നു മുഫ്തിയുടെ മറുപടി. ഈ മാതൃകയാണ് സംഘടനാ -മദ്ഹബ് പക്ഷപാതികള്‍ ഉള്‍ക്കൊള്ളേണ്ടത്.
അബൂബക്കര്‍ കൊട്ടാരത്തില്‍, മാഹി
അബ്ദുസ്സലാം ചാലക്കല്‍
ഇസ്‌ലാമിന്റെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹം തീരെ ബോധവാന്മാരല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്ത് എങ്ങനെ, എപ്പോള്‍ ഭാഗം ചെയ്യണമെന്ന് മഹല്ല് ഭാരവാഹികള്‍ അവകാശികള്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കാറില്ല. സമയത്തിന് ഭാഗം വെക്കാത്തതിന്റെ പേരില്‍ അര്‍ഹതപ്പെട്ട മുതലുകള്‍ പല അവകാശികള്‍ക്കും നഷ്ടമാകുന്നു. ഈ ദുരവസ്ഥ മാറണം. പെണ്‍കുട്ടികള്‍ മാത്രമുള്ള ബാപ്പമാര്‍, ഉള്ള സ്വത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി വസ്വിയ്യത്തായി എഴുതി വെക്കുന്നു. ജീവിച്ചിരിക്കുന്ന പ്രായമായ മാതാവിനെ അനന്തരാവകാശം നല്‍കാതെ അവഗണിക്കുന്നത് പലയിടത്തും പതിവാണ്. ഇതൊക്കെ അല്ലാഹുവിന്റെ കല്‍പനകളെ കാറ്റില്‍ പറത്തലാണ്. ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ സംഘടനകളും മുസ്‌ലിം പ്രസിദ്ധീകരണങ്ങളും ജാഗ്രത കാണിക്കണം.
സമയം കവരുന്നവരോട്
'ആരാണ് നമ്മുടെ സമയം കവരുന്നത്?' എന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം (ലക്കം 18) ഗൗരവ ചര്‍ച്ചയര്‍ഹിക്കുന്നതാണ്. ഒരാളുടെ അശ്രദ്ധ, അല്ലെങ്കില്‍ ഗൗരവക്കുറവ് എത്രയോ ആളുകളുടെ സമയത്തെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ സവിശേഷത, അവര്‍ കാര്യങ്ങളിലെന്ന പോലെ സമയങ്ങളിലും സൂക്ഷ്മത പുലര്‍ത്തുന്നു എന്നതാണ്. 1974 ജനുവരി 19,20 തീയതികളില്‍ തലശ്ശേരിയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മേഖലാ സമ്മേളനമാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സമ്മേളനം. സമ്മേളന അജണ്ടകളേക്കാളും സംവിധാനങ്ങളേക്കാളും അന്ന് ഏറെ ആകര്‍ഷിച്ചത് സമയനിഷ്ഠയായിരുന്നു. സ്റ്റേജും സദസ്സും പൂര്‍ണ നിശ്ശബ്ദതയോടെ പരിപാടിയുടെ സമയമാവാന്‍ കാത്തിരിക്കുന്നു. കൃത്യസമയത്ത് പരിപാടി ആരംഭിക്കുന്നു. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇന്ന് പരിപാടികളില്‍ വൈകി എത്തുന്നത് ഒരു ഫാഷനാണ്.
സി. മുഹമ്മദ് കോയ പാലാഴി
സുപ്രീംകോടതിയുടേത് ശ്രദ്ധ കൊടുക്കേണ്ട പരാമര്‍ശം
ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി നടത്തിയ അഭിപ്രായ പ്രകടനം മതേതരത്വത്തിലും രാജ്യത്തിന്റെ നന്മയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിന് ഏറെ ആശ്വാസകരമാണ്.
മതവിശ്വാസം നോക്കി മാത്രം ആളുകളെ തീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കരുത് എന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. ഷാറൂഖ് ഖാന്റെ 'മൈ നയിം ഈസ് ഖാന്‍' എന്ന ചിത്രത്തില്‍ പറയുന്നത് പോലെ 'എന്റെ പേര് ഖാന്‍ എന്നാണ്. പക്ഷേ, ഞാന്‍ ഒരു ഭീകരവാദിയല്ല' എന്ന് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പറയേണ്ടിവരുന്ന അവസ്ഥ നമ്മുടെ മതേതര പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും കോടതി സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യയിലെ ഭരണകൂടത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്നല്ല രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദത്തില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സുപ്രീംകോടതി പരാമര്‍ശങ്ങള്‍. കോടതിക്ക് ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിക്കാന്‍ മാത്രം രാജ്യത്ത് രൂപപ്പെട്ട മുസ്‌ലിംവിരുദ്ധ സാഹചര്യത്തെക്കുറിച്ചും സഗൗരവം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പി.പി ഇഖ്ബാല്‍ ദോഹ-ഖത്തര്‍
Comments