വിലയേറിയ ബലിപെരുന്നാള്‍
എല്ലാ സഹോദരങ്ങള്‍ക്കും പ്രബോധനം സന്തുഷ്ടമായ ബലിപെരുന്നാള്‍ ആശംസിക്കുന്നു. ഈദുല്‍ അദ്ഹാ ആ പേരു സൂചിപ്പിക്കുന്നതുപോലെ ബലിയുടെയും ത്യാഗത്തിന്റെയും ഉത്സവമാണ്. ആറ്റുനോറ്റുണ്ടായ ഏക പുത്രനെ അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നിസ്സങ്കോചം ബലികൊടുക്കാന്‍ സന്നദ്ധനായി ഈ ലോകത്ത് തനിക്ക് ഏറ്റം പ്രിയപ്പെട്ടതും വിലപ്പെട്ടതും അല്ലാഹുവിന്റെ പ്രീതിയാണെന്ന് കര്‍മണാ തെളിയിക്കുന്നതില്‍ പ്രവാചകവര്യന്‍ ഇബ്‌റാഹീം(അ) വരിച്ച വിജയത്തിന്റെ ആഘോഷമാണത്. അല്ലാഹുവിനോടുള്ള ഈ സ്‌നേഹവും വിധേയത്വവുമാണ് ഇബ്‌റാഹീം നബിയില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയ മാതൃക. വ്യക്തിയുടെയും സമൂഹത്തിന്റെയും വിജയസൗഭാഗ്യങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തെയും അവന്റെ പ്രീതിക്കു വേണ്ടിയുള്ള ത്യാഗത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് 'സ്വയം വിഡ്ഢിയാക്കിയവനല്ലാതാരാണ് ഇബ്‌റാഹീമീ ധര്‍മം നിരസിക്കുക?' എന്ന് വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത്.
ബലിപെരുന്നാളിന്റെ മുഖ്യഭാവം ഭക്തിയുടേതും ത്യാഗത്തിന്റേതുമാണെങ്കിലും ഒരു മഹാമനുഷ്യന്‍-ഇബ്‌റാഹീം(അ)- അതില്‍ നേടിയ വിശുദ്ധ വിജയത്തിന്റെ ആഘോഷവുമാണത്. അതാഘോഷിക്കാന്‍ അല്ലാഹുവും റസൂലും നിര്‍ദേശിച്ചിട്ടുമുണ്ട്. നല്ല ഭക്ഷണം, വസ്ത്രം, സമാധാനവും സൗഹാര്‍ദവും തുളുമ്പുന്ന അന്തരീക്ഷം, കലാ-കായിക വിനോദങ്ങള്‍ ഇതെല്ലാം ആസ്വദിക്കുകയാണ് ആഘോഷം. നിര്‍ഭാഗ്യവശാല്‍ സാധാരണക്കാര്‍ക്ക് ഇതൊന്നും ആസ്വദിക്കുക അത്ര എളുപ്പമല്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിന്റെ വലിയ പെരുന്നാളാഘോഷിക്കുന്നതും ഈ നാളുകളിലാണല്ലോ. അത്യാവശ്യ നിത്യോപയോഗ വസ്തുക്കള്‍ മുതല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ വരെ സകലതിന്റെയും വില വാണം പോലെ കുതിച്ചുയര്‍ന്നിരിക്കുന്നു. ഒരുവശത്ത് കച്ചവടക്കാരും മറുവശത്ത് സര്‍ക്കാറും മത്സരിച്ച് വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാചകവാതകം, പെട്രോള്‍, ഡീസല്‍, തപാല്‍, വൈദ്യുതി, റെയില്‍വെ, റോഡ് എല്ലാറ്റിനും ചാര്‍ജ് വര്‍ധിച്ചിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായിരിക്കുന്നു.
സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് മുമ്പെന്ന പോലെ ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വാതോരാതെ പ്രസംഗിക്കുന്നുണ്ട്. പക്ഷേ, പ്രായോഗിക നടപടികളോരോന്നും അവരെ ദുരിതത്തില്‍നിന്ന് കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളുന്നതാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്ന 1990കള്‍ മുതല്‍ കേന്ദ്ര ഗവണ്‍മെന്റിനെ ഗ്രസിച്ച ആഗോളവത്കരണ-ഉദാരവത്കരണ ഭ്രമമാണ് ഇന്നത്തെ അവസ്ഥക്ക് മുഖ്യകാരണം. കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും, ദരിദ്ര ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുമുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുക, രാജ്യത്തിന് ആവശ്യമുള്ളതാണോ അധികമുള്ളതാണോ എന്നു നോക്കാതെ ഇറക്കുമതിയും കയറ്റുമതിയും സ്വതന്ത്രമാക്കുക, വിദേശ മൂലധനം ക്ഷണിച്ചുവരുത്തുക, കുത്തക വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ കവാടം മലര്‍ക്കെ തുറന്നുകൊടുക്കുക, പൊതുവിതരണ സമ്പ്രദായം അവസാനിപ്പിക്കുക, ഉല്‍പന്നങ്ങള്‍ക്ക്- അത് നിത്യോപയോഗ വസ്തുക്കളായാലും അല്ലെങ്കിലും - വില നിശ്ചയിക്കാനുള്ള അവകാശം ഉല്‍പാദകര്‍ക്ക് വിട്ടുകൊടുക്കുക ഇതൊക്കെയാണ് ആഗോളവത്കരണത്തിന്റെ ഉപാധികള്‍.
ഇത്തരം നടപടികള്‍ രാജ്യത്ത് കൃഷിയും ചെറുകിട വ്യവസായങ്ങളും തകര്‍ക്കുമെന്നും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും സാധാരണക്കാരുടെ ജീവിത ദുരിതം വര്‍ധിപ്പിക്കുമെന്നും അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭയന്ന് ആദ്യകാലത്ത് ഉദാരീകരണം അത്ര ത്വരിതഗതിയിലായിരുന്നില്ല. സാധാരണക്കാരുടെ പ്രയാസം അവഗണിക്കുകയില്ലെന്നും മനുഷ്യത്വപരമായ സാമ്പത്തിക പരിഷ്‌കരണമാണ് നടപ്പിലാക്കുകയെന്നും പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. യു.പി.എയുടെ രണ്ടാമൂഴത്തിന് ഇടതുപക്ഷത്തിന്റെ പിന്തുണ എന്ന മുള്ള് ഇല്ലാതായത് ഏതു കടുത്ത നടപടിയെടുക്കാനും പ്രധാനമന്ത്രിക്ക് അവസരം നല്‍കി. എങ്കിലും സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നത്ര വേഗത്തില്‍ മുന്നേറാന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോകുമ്പോള്‍ മന്‍മോഹന്‍ സിംഗിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു: ''തിരിച്ചുചെല്ലുന്ന എന്നോട് ഇന്ത്യയില്‍നിന്ന് ഞങ്ങള്‍ക്ക് എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കുമ്പോള്‍ അമേരിക്കക്കാര്‍ക്ക് ഇന്ത്യയില്‍ അമ്പതിനായിരം തൊഴില്‍ കൊണ്ടുവന്നിരിക്കുന്നു എന്ന് ഞാന്‍ പറയും.'' രാഷ്ട്രീയ പാര്‍ട്ടികളോ പത്രങ്ങളോ ഈ പ്രസ്താവനക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കല്‍പിക്കുകയുണ്ടായില്ല. മുതലാളിത്ത ശക്തികള്‍ ഇന്ത്യയില്‍ ഉദാരവത്കരണം നടപ്പിലാക്കാന്‍ വെമ്പുന്നതിന്റെ യഥാര്‍ഥ താല്‍പര്യം വെളിപ്പെടുത്തുന്നതായിരുന്നു ഒബാമയുടെ പ്രസ്താവന. അതിനു ശേഷവും മന്‍മോഹന്‍ സിംഗ് അമേരിക്ക ആഗ്രഹിച്ചത്ര വിധേയനാകുന്നില്ലെന്ന് കണ്ടപ്പോള്‍ അമേരിക്കന്‍ പത്രങ്ങള്‍ അദ്ദേഹത്തെ നിര്‍ഗുണനും കഴിവുകെട്ടവനുമായി ആക്ഷേപിച്ചു. തുടര്‍ന്ന് താന്‍ ശക്തനും വീരനുമാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിലായി പ്രധാനമന്ത്രി. എഫ്.ഡി.ഐക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ചു. അത് കാരണം മറ്റു വസ്തുക്കളുടെ വിലക്കയറ്റം മൂര്‍ഛിച്ചിരിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ സാമ്പത്തികനയത്തില്‍ കാതലായ മാറ്റം വരുത്താതെ ഈ ദുരിതത്തില്‍നിന്ന് ജനങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. അപ്രതിരോധ്യമായ ബഹുജന സമരം ഉയര്‍ന്നുവന്നാലേ സര്‍ക്കാര്‍ അതിനു തയാറാകൂ.
ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ അവശ്യ സാധനങ്ങളുടെ വിപുലമായ പൊതുവിതരണശൃംഖല ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാര്‍ക്കാശ്വാസം നല്‍കുന്ന സമ്പ്രദായമുണ്ട്. പെരുന്നാള്‍ തനിച്ചുവരുമ്പോള്‍ അത്തരം നീക്കങ്ങള്‍ അപൂര്‍വമാണ്. മുസ്‌ലിം ലീഗിന് മികച്ച പ്രാതിനിധ്യമുള്ള സര്‍ക്കാറാണിപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നിട്ടും ഇക്കുറി 'ബക്രീദ് ചന്ത'കളൊന്നും ഇതുവരെ ഏര്‍പ്പെടുത്തി കാണുന്നില്ല. അതും വര്‍ഗീയമായി വിലയിരുത്തപ്പെടുമെന്ന് പേടിക്കുകയാണോ?!
Comments