Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

മൃഗബലിയിലെ 'ക്രൂരത'

പി.എം റീബ വളപട്ടണം

ദയാവധത്തെയും ബലിയെയും ഒരുപോലെ കാണാന്‍ പറ്റില്ല. കൊന്ന പാപം തിന്നു തീര്‍ക്കാമെന്ന വാദം അംഗീകരിക്കാമെങ്കിലും പുണ്യം കിട്ടാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച ലക്ഷക്കണക്കിന് മൃഗങ്ങളാണ് ഹജ്ജ് വേളയില്‍ വധിക്കപ്പെടുന്നത്. ഇങ്ങനെ നശിപ്പിച്ചതുകൊണ്ട് എന്ത് പുണ്യമാണ് മനുഷ്യന് ലഭിക്കുക? ബലിയില്‍ വിശ്വസിക്കാത്തവരൊന്നും കാലികളെ വളര്‍ത്തുകയില്ലെന്ന വാദം ബാലിശമാണ്. മുസ്ലിം ജനസംഖ്യയേക്കാള്‍ എത്രയോ ഇരട്ടിയാണ് ഗോമാംസം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെന്ന കാര്യം ഇവര്‍ കാണുന്നില്ല. വെള്ളം തൊട്ട് കൊടുത്ത് മൂര്‍ച്ചയുള്ള കത്തി കൊണ്ട് പെട്ടെന്ന് അറുത്ത് ബലിയര്‍പ്പിക്കുന്നതിന് അല്ലാഹു പെര്‍മിഷന്‍ നല്‍കിയത് കാരുണ്യം കൊണ്ടാണെന്നെങ്ങനെയാണ് അംഗീകരിക്കാന്‍ പറ്റുക. അറുക്കുന്നതിന് മുമ്പ് വെള്ളം തൊട്ടു കൊടുക്കുന്നതുകൊണ്ടെന്താണ് ഗുണം കിട്ടുക? പരമകാരുണികനായ അല്ലാഹുവിന്റെ പേരില്‍ അല്ലാഹുവില്‍ വിശ്വസിക്കാത്തവന്റെ കഴുത്ത് വെട്ടുന്നതും പുണ്യമായിട്ടാണ് അല്ലാഹു കാണുന്നത് (സെയ്ത് മുഹമ്മദ്, കേസരി വാര്‍ഷികപ്പതിപ്പ് 2012). പ്രതികരണം?
എത്രയോ തവണ മറുപടി നല്‍കിക്കഴിഞ്ഞ ആരോപണം ആവര്‍ത്തിക്കുകയാണ് ആര്‍.എസ്.എസ് വാരികയിലൂടെ യുക്തിവാദി ലേഖകന്‍. അനേകായിരം മൃഗങ്ങളെ കുരുതികൊടുത്ത് യാഗം നടത്തിയ സംഭവങ്ങളാല്‍ സമൃദ്ധമാണ് ഹൈന്ദവ പുരാണങ്ങളെങ്കിലും ശത്രുവിന്റെ ശത്രു മിത്രം എന്ന കാഴ്ചപ്പാടില്‍ നിരീശ്വരവാദികളെ പോലും ചുമലിലേറ്റി നടക്കുകയാണ് ഹിന്ദുത്വവാദികള്‍. ഹൈന്ദവ ധര്‍മത്തില്‍ ജന്തുബലി ഒരുകാലത്തും നിഷിദ്ധമല്ലെന്നതിരിക്കട്ടെ, അഹിംസ സിദ്ധാന്തം അവതരിപ്പിച്ച ബുദ്ധമതത്തെ നൂറു ശതമാനം ഭാരതീയമായിരുന്നിട്ട് കൂടി നാടുകടത്തിയവരാണ് സവര്‍ണ സംസ്കാരമേധാവികള്‍. ഇസ്ലാമിലെ മൃഗബലിയാകട്ടെ ഹൈന്ദവസങ്കല്‍പത്തിലെ കുരുതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് താനും. ദൈവപ്രീതിക്കായി വളര്‍ത്തു മൃഗങ്ങളെ ബലിയറുത്ത് പാവങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും നല്‍കുന്നതാണ് ഇസ്ലാമിലെ ബലി. മാംസം മനുഷ്യരുടെ എക്കാലത്തെയും വിശിഷ്ട ഭോജ്യമായിരുന്നു. ഇന്നും അതങ്ങനെത്തന്നെ. ആഹാരത്തിനായി ദിനംപ്രതി കോടിക്കണക്കില്‍ ആടുമാടുകള്‍ വധിക്കപ്പെടുന്ന ഈ ലോകത്ത് ആണ്ടിലൊരിക്കല്‍ അത് ദൈവത്തിന്റെ പേരില്‍ പാവങ്ങള്‍ക്കും മറ്റുമായി ചെയ്യണമെന്ന് പറഞ്ഞാല്‍ എന്ത് ക്രൂരതയാണ്? മത്സ്യത്തിനും പക്ഷികള്‍ക്കും ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമില്ലാത്ത എന്ത് മഹത്വമാണ് ഗോക്കള്‍ക്ക്? സവര്‍ണ ഹൈന്ദവ വിശ്വാസ പ്രകാരം ഗോവധം പാപമാണെന്ന് വന്നാല്‍തന്നെ അവരെ ആരും അതിന് നിര്‍ബന്ധിക്കുന്നില്ല. അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഗോവധം നടത്തണമെന്ന വാശിയും ആര്‍ക്കുമില്ല.
ഭൂമിയിലുള്ള സര്‍വ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നത് ഇസ്ലാമിന്റെ ശാസനയാണ്. അനാവശ്യമായി ഒരു ജീവിയെയും കൊല്ലരുത്. ആഹാരത്തിനായി അറുക്കുന്ന മൃഗങ്ങളോടു പോലും കരുണ ചെയ്യണമെന്ന നിര്‍ദേശത്തിന്റെ ഭാഗമാണ് അവര്‍ക്ക് വെള്ളം കൊടുക്കണമെന്നത്. മൃഗങ്ങളെ കൊല്ലുന്നത് ക്രൂരതയാണെങ്കില്‍ അവയെക്കൊണ്ട് ഭാരം വഹിപ്പിക്കുന്നതും വണ്ടി വലിപ്പിക്കുന്നതും സ്വന്തം മക്കള്‍ കുടിക്കേണ്ട പാല്‍ തട്ടിയെടുക്കുന്നതും ആഹാരം തേടി നടക്കാന്‍ അനുവദിക്കാതിരിക്കുന്നതും പ്രകൃതിപരമായി ഇണചേരാന്‍ പോലും അവസരം നിഷേധിക്കുന്നതുമൊക്കെ ഏത് പട്ടികയിലാണ് പെടുത്തുക? ഇതൊക്കെ മനുഷ്യരുടെ കാര്യത്തില്‍ പാടില്ലെന്നാണെങ്കില്‍ ജന്തുക്കള്‍ക്കും ആ അവകാശം അനുവദിക്കേണ്ടതല്ലേ? ഈവക കാര്യങ്ങളിലൊക്കെ മനുഷ്യരില്‍നിന്ന് ഭിന്നരാണ് ജന്തുക്കളെങ്കില്‍ കൊന്നു തിന്നുന്നതിലുമുണ്ട് ആ വ്യത്യാസം. നാസ്തികരും യുക്തിവാദികളും ഏത് സമുദായക്കാരായാലും മാംസഭുക്കുകളാണെന്ന സത്യവും ഇതിനിടയില്‍ മറക്കാന്‍ പാടില്ല.
ആര്യാടന്റെ അമൃതാരാധന
അമൃതാനന്ദമയിയുടെ ജന്മദിനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്യാടന്‍ മുഹമ്മദ്: "ഭൂലോകത്തുള്ള മുഴുവന്‍ പേരും ആരാധിക്കുന്ന ഏക വ്യക്തിത്വം അമൃതാനന്ദമയിയാണെന്നും അതുകൊണ്ട് അമ്മക്ക് മരണമില്ലെന്നും ആര്യാടന്‍ പറഞ്ഞു. ആരാധനക്ക് അര്‍ഹയായി ജീവിച്ചിരിക്കുന്നവരില്‍ അമ്മയല്ലാതെ മറ്റാരുമില്ലെന്നും ലോകത്ത് കരുണാനിധിയെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അമ്മ മാത്രമാണെന്നും അവര്‍ക്ക് ജാതിയും മതവും ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'' (മാധ്യമം 28-9-2012). കാന്തപുരത്തിന്റെ കേരള യാത്രാ സമാപന സമ്മേളനത്തില്‍ ഇതേ ആര്യാടന്‍ മുഹമ്മദ് കാന്തപുരം മുസ്ലിയാരാണ് ഏക ആത്മീയ നേതാവ് എന്നും അഭിപ്രായപ്പെട്ടിരുന്നു. മുജീബിന്റെ പ്രതികരണം?
ഭൂമിയില്‍ ഒരു മനുഷ്യനും സൃഷ്ടിയായിട്ടല്ലാതെ സ്രഷ്ടാവായിട്ടില്ല, അതിനാല്‍ ആരാധനക്കര്‍ഹനുമല്ല. ഹൈന്ദവര്‍ അവതാര പുരുഷന്മാരായി അവതരിപ്പിക്കുന്നവര്‍ പോലും പുണ്യാത്മക്കളായ പ്രവാചകര്‍ മാത്രമായിരുന്നു. അതിരു കവിഞ്ഞ വ്യക്തിപൂജയാണ് അവരില്‍ ദിവ്യത്വം ആരോപിക്കാന്‍ വഴിയൊരുക്കിയത്. വള്ളിക്കാവിലെ സുധാമണിയാവട്ടെ ഹിന്ദുക്കളുടെ കണ്ണില്‍ ദൈവാവതാരം പോലുമല്ല. മാതാ അമൃതാനന്ദമയി എന്ന പേര്‍ സ്വീകരിച്ച് അവര്‍ ജഗത്തിന്റെ മുഴുവന്‍ അമ്മയാണെന്നവകാശപ്പെടുന്നതല്ലാതെ ആദിയും അന്ത്യവുമുള്ള ദൈവസൃഷ്ടി മാത്രമാണവരും. നിരപരാധിയായ സത്നം സിംഗിന്റെ ക്രൂരമായ കൊലപാതകം സ്വന്തം ആശ്രമ പ്രതിരോധത്തിന്റെ പേരില്‍ അരങ്ങേറിയിട്ടും അത് തടയാന്‍ കഴിയാതിരുന്ന അമൃതാനന്ദമയിയാണ് ലോകത്തേറ്റവും കരുണാനിധി എന്ന് പറഞ്ഞാല്‍ അവര്‍ പോലും കുലുങ്ങിച്ചിരിക്കും. പക്ഷേ, പറഞ്ഞത് ആര്യാടന്‍ മുഹമ്മദാണ്. ഒന്നിലും വിശ്വാസമില്ലാത്ത ആര്യാടന് ആരെയും എങ്ങനെയും ദൈവമാക്കാം. കാന്തപുരത്തിന്റെ പരിപാടിയില്‍ അദ്ദേഹത്തെ ഏക ആത്മീയ നേതാവാക്കിയതും ഈ ഗണത്തില്‍ കണ്ടാല്‍ മതി. പാണക്കാട് തങ്ങളെ ഇകഴ്ത്തുക എന്നതും പരോക്ഷമായ ലക്ഷ്യമായിരുന്നിരിക്കണം.
വി.പി അബ്ദുര്‍റസ്സാഖ് മൂന്നിയൂര്‍
മുസ്ലിംവേട്ട എന്തുകൊണ്ട്? 
മുസ്ലിം സമൂഹത്തെയും ഇസ്ലാമിനെയും ലോക വ്യാപകമായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടയില്‍ ഇസ്ലാമിക ആദര്‍ശങ്ങളെയും പ്രവാചകനെയും കുറിച്ച് വളരെ മോശമായ തരത്തില്‍ സിനിമ ഇറക്കി നിന്ദിക്കുക, പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുക, ഖുര്‍ആന്‍ കത്തിക്കുക, ചരിത്രം വളച്ചൊടിക്കുക തുടങ്ങി പലതും നടക്കുന്നു. മുസ്ലിം സമൂഹത്തിലെ ചെറുപ്പക്കാരെ തീവ്രവാദികളും ഭീകരവാദികളുമായി ചാനലുകളും വാര്‍ത്താ മാധ്യമങ്ങളും ചിത്രീകരിക്കുന്നു. സവര്‍ണാധിപത്യത്തിന്റെ കുടക്കീഴില്‍ അന്തിയുറങ്ങുന്ന ഈ മാധ്യമങ്ങള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും ഇന്ത്യയിലെ ജനാധിപത്യവാദികളും നിഷ്പക്ഷതയുള്ള വാര്‍ത്താ മാധ്യമങ്ങളും പ്രതികരിക്കാത്തതെന്തുകൊണ്ട്?
ഭൂമുഖത്ത് ശാന്തിയും സമാധാനവും സ്നേഹവും കാരുണ്യവും നീതിയും മാത്രം സ്ഥാപിക്കാനായി ജഗന്നിയന്താവ് കനിഞ്ഞരുളിയ ആദര്‍ശത്തില്‍നിന്ന് സ്വാര്‍ഥതയും ആര്‍ത്തിയും പൈശാചിക പ്രേരണകളും മൂലം വ്യതിചലിക്കുകയും ഒരു നേതൃത്വമോ സാമൂഹിക ഘടനയോ ഇല്ലാതെ പലതായി പിളരുകയും ശത്രുക്കളുടെ ഉപജാപങ്ങള്‍ തിരിച്ചറിയാതെ തമ്മിലടിക്കുകയും ചെയ്തതാണ് നിലവിലെ മുസ്ലിം സമൂഹം. ആ സമൂഹം സ്വയം നന്നാവാനോ മാറാനോ തയാറില്ലെങ്കില്‍ ബലം പ്രയോഗിച്ച് അവരെ മാറ്റാമെന്ന് ദൈവം തമ്പുരാന്‍ ഏറ്റിട്ടില്ല. വേണമെന്നുണ്ടെങ്കില്‍, മൂലപ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും പഠിക്കാനും മാര്‍ഗദര്‍ശനം ചെയ്യാനും കെല്‍പുറ്റതായി ഇന്നും അവശേഷിക്കുന്നു. തദടിസ്ഥാനത്തില്‍ നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുന്ന പണ്ഡിതന്മാരും പ്രബോധകരും പ്രസ്ഥാനങ്ങളും ലോകത്താകമാനം പ്രവര്‍ത്തിക്കുന്നു. അതൊക്കെയും കണ്ടില്ലെന്ന് നടിച്ച് ചൂഷകരായ പുരോഹിതന്മാരുടെയും നേതാക്കളുടെയും പിറകെ പോവാമെന്ന് തീരുമാനിച്ചാല്‍ അനിവാര്യമാവുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഇതൊന്നും അല്ലാഹുവിനറിയാത്തതോ നബി(സ) പ്രവചിക്കാത്തതോ അല്ല. 'മറ്റുസമുദായങ്ങള്‍ തങ്ങളുടെ മേല്‍ ചെന്നായ്ക്കള്‍ ആട്ടിന്‍പറ്റങ്ങളുടെ മേലെന്ന പോലെ ചാടിവീഴുന്ന ഒരുകാലം നിങ്ങള്‍ക്ക് വരാനിരിക്കുന്നു' എന്ന് പ്രവാചകന്‍ (സ) ഒരിക്കല്‍ ശിഷ്യരോട് പറഞ്ഞപ്പോള്‍ 'അന്ന് ഞങ്ങളുടെ സംഖ്യ കുറഞ്ഞതുകൊണ്ടായിരിക്കുമോ അങ്ങനെ സംഭവിക്കുന്നത്' എന്നായിരുന്നു അവരുടെ സംശയം. 'അല്ല, കടലിലെ നുരയും പതയും പോലെ എത്രയോ വലുതായിരിക്കും നിങ്ങളുടെ എണ്ണം. പക്ഷേ, നിങ്ങളില്‍ ദൌര്‍ബല്യം പ്രകടമാവും. ഇഹലോകത്തോടുള്ള പ്രേമവും മരണഭീതിയുമായിരിക്കും നിങ്ങളുടെ ബലഹീനത' എന്നാണ് നബി(സ) പ്രതികരിച്ചത്. ആ മഹാത്മാവിന്റെ പ്രവചനം അക്ഷരം പ്രതി പുലരുകയല്ലേ? എന്തപമാനം സഹിച്ചും ജീവിച്ചേ തീരൂ എന്നും മൂല്യങ്ങള്‍ പൂര്‍ണമായും ബലികഴിച്ചും സുഖജീവിതം നയിക്കണമെന്നും തീരുമാനിച്ച സാധാരണക്കാരിരിക്കട്ടെ, പണ്ഡിതന്മാരും നേതാക്കളും വരെ രംഗം കൈയടക്കിയിരിക്കുകയല്ലേ. എന്നിട്ട് ശത്രുക്കള്‍ വേട്ടയാടുന്നു, മാധ്യമങ്ങള്‍ കൊത്തി വലിക്കുന്നു എന്നൊക്കെ മുറവിളി കൂട്ടിയിട്ടെന്ത് കാര്യം? അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. നമ്മളോ? കൈയിലുള്ള വിഭവശേഷി തമ്മില്‍ തല്ലാനും പരസ്പരം നശിപ്പിക്കാനും ദുര്‍വിനിയോഗം ചെയ്യുന്നു. അനിസ്ലാമിക ശക്തികളുടെ പിടിയിലാണ് മാധ്യമങ്ങളെങ്കില്‍ നമുക്കെന്ത് കൊണ്ട് ബദല്‍ മാധ്യമശക്തിയെക്കുറിച്ച് ചിന്തിച്ചുകൂടാ? പള്ളിയും പള്ളിക്കൂടവും അനാഥാലയങ്ങളും മത്സരബുദ്ധിയോടെ നിര്‍മിക്കുന്നത് മാത്രമാണ് പുണ്യകര്‍മമെന്ന് ധരിച്ച് ജീവല്‍ പ്രധാനമായ മാധ്യമ, പ്രചാരണ രംഗങ്ങളില്‍നിന്ന് മുസ്ലിംകള്‍ ഏറെക്കുറെ പൂര്‍ണമായി പിന്മാറിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത്.

അതോടൊപ്പം ജനാധിപത്യ ഇന്ത്യയില്‍ എല്ലാവരുമോ ഭൂരിപക്ഷമോ മുസ്ലിം ന്യൂനപക്ഷത്തിന്റെ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്ന വിലയിരുത്തല്‍ പരമാബദ്ധവും അപകടകരവുമാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. സത്യം തുറന്നു പറയുന്നവരും അനീതിക്കും മനുഷ്യാവകാശ നിഷേധത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നവരുമായ ഒരു ചെറിയ ജനവിഭാഗം രാജ്യത്തുണ്ട്. പരമോന്നത കോടതി തന്നെയും പലതവണ മുസ്ലിം വേട്ടക്കും പോലീസിന്റെ അതിക്രമങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ട്. മതനിരപേക്ഷ ശക്തികളോടും സ്ഥാപനങ്ങളോടുമൊപ്പം നിന്ന് അവര്‍ക്ക് കരുത്ത് പകരുകയും വര്‍ഗീയ ഫാഷിസ്റുകള്‍ക്കെതിരെ വിശാല ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയുമാണ് മുസ്ലിംകള്‍ വേണ്ടത്. ജനാധിപത്യത്തില്‍ വോട്ടിന്റെ വില തിരിച്ചറിഞ്ഞു മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ തന്ത്രപരമായി പണിയെടുക്കുകയും വേണം. സര്‍വോപരി ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകതകള്‍ ശരിയായി വിലയിരുത്തിക്കൊണ്ടുള്ള ഒരു കര്‍മപരിപാടി ആവിഷ്കരിച്ചു വേണം മുസ്ലിം സംഘടനകള്‍ മുന്നോട്ടു നീങ്ങാന്‍. ലോകമാകെ, കാളരാത്രി ഒരുനാള്‍ അവസാനിക്കുകയും പ്രഭാതം വിടരുകയും ചെയ്യും.
നേമം താജുദ്ദീന്‍ തിരുവനന്തപുരം 
സലഫി തീവ്രവാദം ഭീഷണി
ഒരു പ്രദേശത്ത് കെട്ടുറപ്പുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രം മുസ്ലിം സമൂഹം ശക്തിയാര്‍ജിച്ചാല്‍ അവര്‍ അതിനുവേണ്ടി വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്തുക തന്നെ വേണം. അതിന്റെ പേരില്‍ എതിര്‍പ്പുകളുണ്ടായാല്‍ ചെറുക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ത്യാഗസമരങ്ങളാണ് ഈ വിഷയത്തില്‍ വേണ്ടത്... ഇസ്ലാമിക വിപ്ളവത്തെ സംബന്ധിച്ച വികല വീക്ഷണങ്ങളാണ് ബിന്‍ലാദിന്മാര്‍ക്ക് പ്രചോദനമേകുന്നത്. അല്‍ഖാഇദ പോലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ് ഇസ്ലാം പൂര്‍ണത പ്രാപിക്കുന്നതെന്ന മൂഢധാരണ വളര്‍ന്നുവന്നത് ജമാഅത്തുകാരുടെയും ഇഖ്വാന്‍കാരുടെയും പ്രബോധന ശൈലികളിലൂടെയാണ് (ശബാബ് വാരിക, 2012 ജൂണ്‍ 15). പ്രതികരണം? 
 വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്താതെ ഒരിടത്തും മുസ്ലിം സമൂഹം ശക്തിയാര്‍ജിക്കില്ല. എന്നിട്ട് വേണമല്ലോ രാഷ്ട്രം സ്ഥാപിക്കാന്‍. ഇക്കാര്യമാണ് ജമാഅത്തെ ഇസ്ലാമിയും ഇഖ്വാനും ചൂണ്ടിക്കാണിച്ചതും ആ ദിശയിലാണ് പ്രവര്‍ത്തിച്ചതും. ഇന്ന് കാണുന്നതും അതിന്റെ സദ്ഫലങ്ങളാണ്. സ്വേഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടം വിജയം വരിച്ചു എന്ന് കണ്ടപ്പോള്‍ ഉടന്‍ ശരീഅത്ത് ഭരണവാദവുമായിചാടി വന്നവരാണ് സലഫികള്‍. ബിന്‍ലാദിനും സലഫിയായിരുന്നു. സലഫി തീവ്രവാദമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്ന്. 
ഹംസ ഏലൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം