Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

പ്രായോഗികമതിയായ ചിന്തകന്‍

ടി.കെ അബ്ദുല്ല

1960-കളില്‍ എനിക്ക് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിനിധികളുടെ ഒരു യോഗം ദല്‍ഹിയില്‍ നടന്നിരുന്നു. ചിത്തിലിഖബറിലെ പഴയ ഓഫീസില്‍ നടന്ന ആ യോഗത്തില്‍ പങ്കെടുത്ത 35 വയസ്സോ മറ്റോ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ ആ സദസ്സില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ചു. എന്നെ ആകര്‍ഷിച്ച വേറെ ഒന്നു രണ്ടു വ്യക്തികളും ആ സദസ്സില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ശ്രദ്ധിച്ചത് വിഷയാവതരണത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നു. മതബന്ധിതവും ഇസ്‌ലാമിക പ്രവര്‍ത്തകരുടേതുമായ അത്തരം വേദികളില്‍ സമയനിഷ്ഠയോടെ അക്കാദമികമായ സംസാരങ്ങള്‍ പതിവില്ലാത്തതായിരുന്നു. ആ അവതരണത്തെ അക്കാദമികമെന്നും ശാസ്ത്രീയമെന്നും വിശേഷിപ്പിക്കാവുന്നതാണ്. സാധാരണ അത്തരം സദസ്സുകളില്‍ ഒന്നുകില്‍ ഒരു പ്രഭാഷണമോ പ്രബന്ധമോ ആണ് അവതരിപ്പിക്കാറുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി അതിനുമുമ്പ് ഞാന്‍ കണ്ടിട്ടില്ലാത്ത, അതിനു ശേഷം ഞാന്‍ കാണാനാഗ്രഹിക്കുന്ന ഒരവതരണമായിരുന്നു അത്. അക്കാദമിക ശൈലിയില്‍, വിഷയത്തില്‍ നിന്നും പതറിപ്പോകാതെയുള്ള സമര്‍ഥനം. അദ്ദേഹം അവതരിപ്പിച്ച വിഷയത്തില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ പോലും അവതരണരീതിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. പരിപാടിക്കു ശേഷം ഞാന്‍ യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരിയാണ് എന്ന് മനസ്സിലാക്കാനായി. പശ്ചിമ ബംഗാളിലെ നളന്ദ യൂനിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയിരുന്നു അന്ന് അദ്ദേഹം. നളന്ദ യൂനിവേഴ്‌സിറ്റിയിലെ ഒരു ലക്ചറര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒരു അംഗമായി അക്കാദമിക ശൈലിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നു എന്നത് എനിക്ക് വലിയ അഭിമാനമായിരുന്നു. ശേഷം ദീര്‍ഘകാലം അദ്ദേഹം സുഡാനിലെയും സുഊദി അറേബ്യയിലെയും യൂനിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നീണ്ട ഇടവേളക്കു ശേഷമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം വിളക്കിച്ചേര്‍ക്കാന്‍ സാധിച്ചത്.
അബ്ദുല്‍ ഹഖ് അന്‍സാരി പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൗദൂദി സാഹിബിന്റെ തീ പറക്കുന്ന ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും വായിക്കാനിടയായി. ഒരിസ്‌ലാമിക മനസ്സിന്റെ അടിസ്ഥാനമുള്ള ചെറുപ്പക്കാരന് ആ പുസ്തകങ്ങളുടെ വശീകരണ വലയത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. സ്വാഭാവികമായും അബ്ദുല്‍ ഹഖ് അന്‍സാരിയും മൗദൂദിയിലും അദ്ദേഹം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിലും ആകൃഷ്ടനായി. ഉടന്‍തന്നെ അഅ്‌സംഗഢിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹ് എന്ന പ്രസിദ്ധമായ സ്ഥാപനത്തിലേക്കു പോയി. മൗലാന അബുല്ലൈസ് ഇസ്‌ലാഹി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി തുടങ്ങിയവര്‍ പഠിക്കുകയും അധ്യാപകരായി പ്രവര്‍ത്തിക്കുകയും ചെയ്ത വിദ്യാലയമാണത്.
അപ്പോള്‍ സ്ഥാപനത്തിന്റെ ഭരണാധികാരിയായിരുന്ന അബുല്ലൈസ് ഇസ്‌ലാഹി സാഹിബിനെ കണ്ട് തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് നന്നായി പാസ്സായി വരാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് ഉയര്‍ന്ന നിലയില്‍ വിജയിച്ച അദ്ദേഹം മദ്‌റസത്തുല്‍ ഇസ്‌ലാഹില്‍ പഠനമാരംഭിച്ചു. തുടര്‍ന്ന് ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ പഠിച്ചു. അതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമിക്കു കീഴില്‍ റാംപൂരില്‍ നടന്നുവന്നിരുന്ന സാനവി ദര്‍സ് ഗാഹില്‍ ചേര്‍ന്നു. ഇംഗ്ലീഷ് ഭൗതിക വിദ്യാഭ്യാസം നേടിയവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ സമശീര്‍ഷ്യരില്‍ രണ്ടുപേരെ കൂടി ഞാന്‍ ഓര്‍ക്കുന്നു. ഒന്ന് അടുത്ത കാലത്ത് മരണപ്പെട്ട എഫ്.ആര്‍ ഫരീദിയും മറ്റൊന്ന് ഡോ. നജാത്തുല്ല സിദ്ദീഖിയും. ആ ബാച്ചിലെ ഒരു ഡസനോളം വിദ്യാര്‍ഥികള്‍ പ്രസ്ഥാനത്തിന്റെ ഉന്നതങ്ങളില്‍ വലിയ വലിയ സംഭാവനകള്‍ അര്‍പ്പിച്ചു കഴിഞ്ഞുപോയവരും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈ ദീനി വിദ്യാഭ്യാസത്തിന്റെ അടിത്തറയില്‍ അദ്ദേഹം അലിഗഢില്‍ നിന്ന് അറബിയില്‍ ബിരുദവും ഫിലോസഫിയില്‍ അല്ലെങ്കില്‍ തിയോളജിയില്‍ എം.എയും കരസ്ഥമാക്കി. യു.ജി.സിയുടെ ഫെല്ലോഷിപ്പില്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്തു. അങ്ങനെ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയായി. ഇതിനു ശേഷം അമേരിക്കയില്‍ ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ തിയോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ആ സന്ദര്‍ഭത്തില്‍ പാശ്ചാത്യ നാഗരികതയും സംസ്‌കാരവുമായും വിദ്യാഭ്യാസ മേഖലകളുമായും ബന്ധപ്പെടുവാന്‍ അദ്ദേഹത്തിനു സാധിച്ചു. അമേരിക്കയിലെ പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുകയും പിന്നീട് സുഡാന്‍, സുഊദി അറേബ്യ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ പ്രഫസറായി ജോലി ചെയ്യുകയുമുണ്ടായി. പടിഞ്ഞാറിന്റെ മുഖം നേരില്‍ കണ്ട അദ്ദേഹത്തിന് ഇതിലൂടെ കിഴക്കിന്റെ യാഥാസ്ഥിതിക ഇസ്‌ലാമിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചു. എഫ്.ആര്‍ ഫരീദി, ഡോ. അന്‍സാരി, നജാത്തുല്ല സിദ്ദീഖി എന്നിവര്‍ രണ്ടു വിദ്യാഭ്യാസത്തിലും ഒരേസമയം മികച്ചു നില്‍ക്കുന്നു എന്നതാണ് പ്രസ്ഥാനത്തില്‍ ഇവരെ വ്യതിരിക്തരാക്കുന്നത്. രണ്ടു വിദ്യാഭ്യാസ മേഖലയിലും അവഗാഹമുള്ള നിരയുടെ വിടവ് പ്രസ്ഥാനത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മേല്‍പറഞ്ഞ മൂന്നു പേരും മൗദൂദിയോളമോ ഇസ്‌ലാഹിയോളമോ ദീനീ വിജ്ഞാനത്തില്‍ പ്രശസ്തരല്ലെങ്കിലും ദീനീ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരും ഭൗതിക വിജ്ഞാനത്തില്‍ പ്രതിഭാശാലികളുമായിരുന്നു.
സയ്യിദ് മൗദൂദി പടിഞ്ഞാറിന്റെ നാഗരികതക്ക് ബദലായിട്ടാണ് ഇസ്‌ലാമിനെ സമര്‍പ്പിച്ചത്. എന്നാല്‍, ഡോ. അന്‍സാരി ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കേണ്ട രീതിയെക്കുറിച്ചാണ് ചിന്തിച്ചതും പരിശ്രമിച്ചതും. ഡോ. അന്‍സാരിയെ വ്യതിരിക്തമാക്കുന്ന മറ്റൊരു സവിശേഷത, അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്ന സോഷ്യല്‍ സയന്‍സ് മാസിക പുറത്തിറക്കിയ വിശേഷാല്‍ പതിപ്പില്‍ ലോകത്തെ 200 സോഷ്യല്‍ സയന്‍സ് പ്രതിഭകളെ കണ്ടെത്തിയതില്‍ ഇടംപിടിച്ച ഏക മുസ്‌ലിം ഡോ. അന്‍സാരി സാഹിബായിരുന്നു എന്നതാണ്. പ്രസ്തുത മാസിക നിശ്ചയിച്ച അക്കാദമിക യോഗ്യത നേടിയ വ്യക്തി അന്‍സാരി സാഹിബായിരുന്നതു കൊണ്ടാണ് മൗദൂദിയെ തെരഞ്ഞെടുക്കാതെ അദ്ദേഹത്തെ പരിഗണിച്ചത്. അദ്ദേഹം ഓരോ സംസ്‌കാരവും നാഗരികതയും പഠിച്ചത് അതേ ഭാഷയില്‍ നിന്നുകൊണ്ടായിരുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ പേര്‍ഷ്യന്‍, സംസ്‌കൃതം, ജര്‍മന്‍, ഹീബ്രു, ഫ്രഞ്ച് തുടങ്ങി എട്ടോളം ഭാഷകള്‍ അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അധിക ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത് ഇംഗ്ലീഷ് ഭാഷയിലാണ്. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളുടെ പട്ടിക പൂര്‍ണമായി എവിടെയും വന്നിട്ടില്ല. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് തസ്വവ്വുഫും ശരീഅത്തും എന്ന ഗ്രന്ഥമാണ്. എന്നാല്‍, അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഇതിനേക്കാള്‍ വലുതാണ്. ഇബ്‌നു തൈമിയ്യയുടെ ഇസ്‌ലാമിക വൈജ്ഞാനിക ശാഖയിലെ ഈടുറ്റ ഗ്രന്ഥാവലിയായ ദീനീ വിഷയങ്ങളിലെ അന്വേഷണങ്ങള്‍ക്കുള്ള മറുപടികളുടെ സമാഹാരം, ഫതാവാ ഇബ്‌നു തൈമിയ്യ അദ്ദേഹം ക്രോഡീകരിച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി. അഖീദത്തുത്വഹാവിയ്യ എന്ന ഗ്രന്ഥവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. അറബിയിലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അറിവിനോടൊപ്പം പ്രായോഗിക പ്രവര്‍ത്തനക്ഷമത കൂടിയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. സുഊദി അറേബ്യയിലും മറ്റു ഗള്‍ഫ് നാടുകളിലും ജമാഅത്തെ ഇസ്‌ലാമിയെ ജമാഅത്ത് സ്വഭാവത്തില്‍ അദ്ദേഹം കെട്ടിപ്പടുത്തു. സുഊദിയില്‍നിന്ന് തിരിച്ചെത്തിയ ശേഷം അലിഗഢ് കേന്ദ്രീകരിച്ച് ഇസ്‌ലാമിനെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള ഒരു കേന്ദ്രം ഉണ്ടാക്കി. ഇസ്‌ലാമിക വിദ്യാഭ്യാസത്തെയും ഭൗതിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സ്ഥാപനം എന്ന അദ്ദേഹത്തിന്റെ ഉദ്ദേശ്യം വിജയിച്ചില്ല. ഈ സ്ഥാപനത്തിന്റെ പരാവര്‍ത്തം ഇസ്‌ലാമിക് അക്കാദമി എന്ന പേരില്‍ ദല്‍ഹിയില്‍ ആരംഭിച്ചു. ഈ സ്ഥാപനത്തിനു വേണ്ടി വൈവിധ്യമാര്‍ന്ന 6000 ഗ്രന്ഥങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഈ സ്ഥാപനവും ഇന്ന് അടഞ്ഞുകിടക്കുകയാണ്. പ്രസ്തുത സ്ഥാപനം തുറക്കാന്‍ കേരള ജമാഅത്ത് മുന്‍കൈ എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയെ കുറിച്ച് ഉദാരവും സൂക്ഷ്മവുമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ചിന്താധാര ഇമാം ഗസ്സാലി, ഇബ്‌നുതൈമിയ്യ, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, സയ്യിദ് മൗദൂദി എന്നീ നാലു ചിന്താ പ്രസ്ഥാനങ്ങളിലൂടെയാണ് വികസിച്ചുവന്നത്. പ്രത്യേക വിഷയങ്ങള്‍ ഗഹനമായി പഠിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
വൈജ്ഞാനികരംഗത്ത് ഒതുങ്ങുനിന്ന ഒരു അക്കാദമിക് പണ്ഡിതന്‍ മാത്രമായിരുന്നില്ല ഡോ. അന്‍സാരി. പ്രായോഗികമതിയായ പ്രസ്ഥാന നായകന്‍ കൂടിയായിരുന്നു അദ്ദേഹം. അറിവും കര്‍മവും (ഈമാനും അമലും) സമന്വയിപ്പിച്ച ജീവിതദര്‍ശനമായിരുന്നു അദ്ദേഹം മുറുകെപ്പിടിച്ചത്. അതിന്റെ ഉത്തമ നിദര്‍ശനമാണ് വിഷന്‍ 2016. ഉത്തരേന്ത്യന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ആ പദ്ധതി ചരിത്രം അടയാളപ്പെടുത്തുന്നതാണ്. ഒരു വലിയ വടവൃക്ഷം വീണാല്‍ മാത്രമേ അവിടെയുള്ള വിടവ് കാണുകയുള്ളൂ. കാലം ആ വിടവ് നികത്തിത്തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
(കോഴിക്കോട് വിദ്യാര്‍ഥിഭവനില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി: ജീവിതവും ദര്‍ശനവും- അനുസ്മരണ സായാഹ്നത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)
തയാറാക്കിയത്:
എ. അനസ് എറണാകുളം

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം