സഫലമീ യാത്ര
റമദാനിലെ ഒരു പകലില്‍ വീട്ടില്‍ നിന്നിറങ്ങി 'സറായ് മീറി'ലേക്ക് പുറപ്പെട്ടതാണ് അബ്ദുല്‍ ഹഖ് എന്ന ചെറുപ്പക്കാരന്‍. അവിടെ മദ്‌റസത്തുല്‍ ഇസ്‌ലാഹില്‍ മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി സാഹിബുണ്ട്. അദ്ദേഹത്തെ കാണണം. ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കാനും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ സജീവമാകാനും തീരുമാനിച്ച ആ ചെറുപ്പക്കാരനെ, പക്ഷേ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി മടക്കി അയച്ചു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ട് ചെല്ലാന്‍ പറഞ്ഞു. നിരാശ തോന്നിയെങ്കിലും ആ ചെറുപ്പക്കാരന് സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയെ ധിക്കരിക്കാന്‍ തോന്നിയില്ല. തിരികെ പോയി പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ ചെന്നുകണ്ടു. പിന്നീട് റാംപൂരിലെ ദര്‍സ് ഗാഹിലും മദ്‌റസത്തുല്‍ ഇസ്‌ലാഹിലും ലഖ്‌നൗവില്‍ മൗലാനാ അബുല്‍ ഹസന്‍ നദ്‌വിയുടെ ശിഷ്യനായുമെല്ലാം ഇസ്‌ലാമിനെ ആഴത്തില്‍ പഠിച്ചു. അതിന് ശേഷം പാശ്ചാത്യ ചിന്തകളെയും ക്രിസ്തുമതം ഉള്‍പ്പെടെ മതദര്‍ശനങ്ങളെയും പഠിച്ചു. കനപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ രചിച്ചതിന് പുറമേ ഒരുപാട് വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുകയും ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് അദ്ദേഹത്തിന്റെ ശിഷ്യനാകാനും പിന്നീട് വളരെ അടുത്തിടപഴകാനും സാധിച്ചു. ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാനും വ്യത്യസ്ത മതങ്ങളെ ആധികാരികമായി അറിയാനുമാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം ആഗ്രഹിച്ച് ഞാന്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ചേരാന്‍ പോയത്.
ഇസ്‌ലാമിക് അക്കാദമിയിലെത്തിയ എനിക്ക് ആ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിച്ചുവെന്ന നിരാശാജനകമായ വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. വല്ലാത്ത സങ്കടത്തോടെ തിരിച്ചുപോകാന്‍ തുനിഞ്ഞ ഞാന്‍ അന്‍സാരി സാഹിബിനോട് നേരിട്ടൊന്ന് അപേക്ഷിച്ചു നോക്കാം എന്നു കരുതി അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ക്കല്‍ പോയി ബെല്ലടിച്ചു. മനസ്സില്‍ ലേശം പേടിയും അതിലുപരി അദ്ദേഹത്തോട് എന്തു പറഞ്ഞ് തുടങ്ങുമെന്ന അങ്കലാപ്പുമൊക്കെയുണ്ട്. അല്‍പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് അന്‍സാരി സാഹിബ് പുറത്തേക്ക് വന്നു. ഷര്‍വാനിയും തൊപ്പിയുമൊക്കെ ധരിച്ച് എങ്ങോട്ടോ പോകാനുള്ള തിടുക്കത്തിലാണ്. ഞാന്‍ നേരെ ചൊവ്വേ വന്നകാര്യം പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ അക്കാദമിയില്‍ ചേരാന്‍ വേണ്ടി വന്നതാണ്.'' ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി, ''ഈ വര്‍ഷത്തെ അഡ്മിഷന്‍ കഴിഞ്ഞു. ഇനി ആരെയും എടുക്കില്ല.'' പലതും പറഞ്ഞ് താഴ്മയോടെ അപേക്ഷിച്ച് നോക്കാന്‍ തോന്നിയെങ്കിലും ഒന്നുംപറയാതെ ഞാന്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ താമസിച്ചിരുന്ന മുറിയിലേക്ക് മടങ്ങി.
വല്ലാത്ത നിരാശയും സങ്കടവും തോന്നി. രാത്രി ഞാന്‍ അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ഥിച്ചു. പെട്ടെന്നൊരുള്‍വിളി ഉണ്ടായി. ''ഇന്ന് പോയത് പോലെ നാളെ വീണ്ടും പോകണം. ഒന്നുകൂടി അന്‍സാരി സാഹിബിനെ കണ്ട് സംസാരിച്ച് നോക്കണം.'' അങ്ങനെ പിറ്റേന്ന് വീണ്ടും അക്കാദമിയില്‍ ചെന്നു. പക്ഷേ, അന്നവിടെ അന്‍സാരി സാഹിബുണ്ടായിരുന്നില്ല. അദ്ദേഹം ശൂറയിലാണെന്നും കാണാന്‍ കഴിയില്ലെന്നും ലൈബ്രേറിയന്‍ പറഞ്ഞു. അദ്ദേഹത്തിനൊരു കുറിപ്പ് എഴുതി വെച്ചിട്ട് പോകാമെന്ന് കരുതി. എഴുതിത്തുടങ്ങിയപ്പോള്‍ ദീര്‍ഘമായ ഒരു കത്തായി മാറി. ഇസ്‌ലാമിനെക്കുറിച്ച എന്റെ കാഴ്ചപ്പാടും ഭാവിപരിപാടികളും ഞാന്‍ വായിച്ച ഗ്രന്ഥങ്ങളുമെല്ലാം കത്തില്‍ കടന്നുവന്നു. സൂറഃ അല്‍ കഹ്ഫിലെ, മൂസാ(അ)യുടെയും അദ്ദേഹം അനുഗമിക്കാന്‍ ആഗ്രഹിച്ച ദൈവദാസന്റെയും കഥ ഉദ്ധരിച്ചുകൊണ്ട്, ''ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ, താങ്കള്‍ പഠിപ്പിക്കപ്പെട്ട അറിവില്‍ നിന്ന് എനിക്കും പഠിക്കാന്‍?'' എന്ന് ചോദിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്. കത്ത് ഒരു കവറിലാക്കി ലൈബ്രേറിയനെ ഏല്‍പിച്ചു.
പിറ്റേന്ന് അതിരാവിലെ എനിക്കൊരു ഫോണ്‍ കോള്‍. അപ്പുറത്ത് നിന്ന് സംസാരിച്ചു തുടങ്ങി, ''ഞാന്‍ അബ്ദുല്‍ ഹഖ് അന്‍സാരിയാണ്. എനിക്ക് നിങ്ങളെയൊന്ന് കാണണം.'' ജീവിതത്തില്‍ അത്രയും സന്തോഷം തോന്നിയ വേറെ സന്ദര്‍ഭമുണ്ടായിട്ടില്ല.
പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ ഇസ്‌ലാമിക് അക്കാദമിയിലെത്തി. അദ്ദേഹം എന്നോട് ''ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍'' എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അത് പരിശോധിച്ചശേഷം നാലു മണിക്ക് വിളിക്കാമെന്നും പറഞ്ഞു. കൃത്യം നാലുമണിക്ക് അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. അര മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്തശേഷം പിറ്റേന്ന് തന്നെ ക്ലാസില്‍ ചേരാനും താമസം അക്കാദമിയിലേക്ക് മാറ്റാനും പറഞ്ഞു. അങ്ങനെ മൂന്ന് വര്‍ഷം വിദ്യാര്‍ഥിയായും ഒരു വര്‍ഷം ഇസ്‌ലാമിക് അക്കാദമിയുടെ ഭരണകാര്യങ്ങള്‍ നോക്കിയും അദ്ദേഹത്തെ അനുഗമിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.
ഗുരുനാഥന്‍ എന്നതിലും അക്കാദമിയുടെ ഡയറക്ടര്‍ എന്നതിലുമെല്ലാം ഉപരിയായി അദ്ദേഹം എനിക്ക് സ്വന്തം പിതാവിനെപ്പോലെയായിരുന്നു. വൈജ്ഞാനികമായ സംശയങ്ങള്‍ക്ക് മാത്രമല്ല, ജീവിതത്തില്‍ നേരിട്ട ഒരുപാട് പ്രതിസന്ധികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും പലവിധ സഹായങ്ങള്‍ ചെയ്തുതരികയും ചെയ്തു. നാട്ടിലായിരിക്കെ ഫോണ്‍ ചെയ്യാന്‍ വൈകുമ്പോഴൊക്കെ ഇടക്കിടെ വിളിച്ചുകൊണ്ടിരിക്കുമായിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചപ്പോള്‍ നേരില്‍ കണ്ട് എന്റെ നിക്കാഹിന് ക്ഷണിക്കാന്‍ ഈ മാസം തന്നെ അലിഗഡിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. തീയതി തീരുമാനിച്ചാല്‍ അറിയിക്കണമെന്ന് പറഞ്ഞ് അദ്ദേഹം എനിക്കും ഷാഹിദക്കും വേണ്ടി ഫോണിലൂടെ പ്രാര്‍ഥിച്ചത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിനെ വളരെ അകലെനിന്ന് നോക്കിക്കണ്ടവരും അല്‍പം അടുത്ത് വന്ന് കണ്ടവരും വളരെ അടുത്തുനിന്ന് ശ്രദ്ധിച്ച് വീക്ഷിച്ചവരുമെല്ലാം ഉണ്ട്. അകലെനിന്ന് കണ്ടവര്‍ക്ക് അദ്ദേഹം മഹാപണ്ഡിതനും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും ജമാഅത്തെ ഇസ്‌ലാമിയുടെ ഉയര്‍ന്ന നേതാവുമൊക്കെയാണ്. അദ്ദേഹത്തിന്റെ Ibn Taymiyyah Expounds on Islam എന്ന ഗ്രന്ഥം പരിശോധന നടത്തിയ സുഊദി പണ്ഡിതന്‍ അദ്ദേഹത്തിനയച്ച കത്തില്‍ ഇങ്ങനെ അത്ഭുതപ്പെടുന്നു: ''താങ്കളുടെ ഈ ഗ്രന്ഥം വായിച്ചുതീരാന്‍ തന്നെ ഒരുപാട് സമയമെടുത്തു. ഇബ്‌നു തൈമിയ്യയുടെ മുഴുവന്‍ ഫത്‌വകളും പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ അതിനെ തരംതിരിച്ച് തര്‍ജമ ചെയ്ത താങ്കള്‍ എന്തുമാത്രം സമയം ചെലവഴിച്ച് കാണും?'' ഇതുപോലെ അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചവര്‍ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞവര്‍ക്കും അദ്ദേഹം ഒരു മഹാപ്രതിഭാസമാണ്.
എന്നാല്‍, അദ്ദേഹത്തെ വളരെ അടുത്തുനിന്ന് സസൂക്ഷ്മം നിരീക്ഷിച്ചവര്‍ക്ക് മറ്റൊരു തരത്തില്‍ കൂടി അദ്ദേഹം ഒരത്ഭുതമാണ്. ഒരു റമദാനില്‍ പള്ളിയില്‍ വെച്ച് അദ്ദേഹത്തിന് ഇരുന്ന് നമസ്‌കരിക്കാന്‍ ഒരു കസേര കൊണ്ട് കൊടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. തറാവീഹ് നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ പ്രയാസം തോന്നിയത് കൊണ്ടായിരുന്നു കസേര ആവശ്യപ്പെട്ടത്. ഞാന്‍ അക്കാദമിയുടെ ഓഫീസിലുണ്ടായിരുന്ന ചെറിയൊരു കസേരയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. കസേര കണ്ട അദ്ദേഹം പറഞ്ഞു, ''ഇത് വേണ്ട, ഇത് അക്കാദമിയുടെ കസേരയാണ്, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി എനിക്ക് ഉപയോഗിക്കാനുള്ളതല്ല. വീട്ടില്‍നിന്ന് ഒരു കസേര എടുത്താല്‍ മതി.'' അത്രയധികം സൂക്ഷ്മത എല്ലാ കാര്യത്തിലും അദ്ദേഹം പുലര്‍ത്തിയിരുന്നു. വീട്ടില്‍നിന്ന് വടിയും കുത്തിപ്പിടിച്ച് സാവധാനം നടന്ന് പള്ളിയിലെത്താന്‍ ഒരുപാട് സമയം വേണം. എന്നാലും മുടങ്ങാതെ സ്വുബ്ഹിക്കും മഗ്‌രിബിനും ജമാഅത്തിന് വേണ്ടി പോകുമായിരുന്നു. 80-ാം വയസ്സില്‍ തീരെ നടക്കാന്‍ പറ്റാതായപ്പോള്‍ മാത്രമാണ് അത് നിര്‍ത്തിയത്.
അന്‍സാരി സാഹിബിനെ വളരെ അകലെ നിന്നല്ലെങ്കിലും അല്‍പം ദൂരത്തുനിന്ന് മാത്രം നോക്കിക്കണ്ടവരാണ് നിര്‍ഭാഗ്യവശാല്‍ മിക്ക ജമാഅത്ത് പ്രവര്‍ത്തകരും. അവര്‍ക്ക് അദ്ദേഹത്തെ ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. 'അന്‍സാരി' വിഭാഗത്തില്‍പെട്ട ആളായതുകൊണ്ട് അദ്ദേഹത്തിന് അപകര്‍ഷതാബോധമുണ്ടെന്നും അദ്ദേഹത്തെ ജമാഅത്ത് നേതൃത്വം കൂടുതല്‍ പരിഗണിച്ചിരുന്നില്ലെന്നും ധരിച്ചവരുണ്ട്. അബദ്ധമാണ് അവരുടെ ഈ ധാരണ. സ്വന്തം വീക്ഷണങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി എന്തുനിലപാട് സ്വീകരിക്കാനും ധൈര്യമുള്ള ആളായിരുന്നു അന്‍സാരി സാഹിബ്.
സംഘടനാ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളെയും പരിചയപ്പെടാനും അവരുമായി ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് പുറത്താക്കിയ ഒരു വ്യക്തി നടത്തിയിരുന്ന സ്ഥാപനത്തില്‍ അദ്ദേഹം പോയി ക്ലാസെടുക്കുന്നത് ജമാഅത്ത് അംഗങ്ങള്‍ ചോദ്യം ചെയ്തിട്ടും അതൊന്നും ഗൗനിക്കാതെ അദ്ദേഹം പിന്നീടും ആ വ്യക്തിയുമായി കൂടുതല്‍ അടുക്കുകയും ക്ലാസെടുക്കാന്‍ പോവുകയും ചെയ്തിരുന്നു.
മൗലാനാ മൗദൂദിയെ ഒരു വലിയ മുജദ്ദിദായി അംഗീകരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പല വീക്ഷണങ്ങളെയും നിരൂപണം നടത്തുകയും അതൊക്കെ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഉലൂഹിയ്യതിന്റെ മര്‍മം അല്ലാഹുവിന്റെ അധികാരമാണെന്നതും ഇബാദതുകള്‍ സ്വയം ഒരു ലക്ഷ്യമല്ല എന്ന കാഴ്ചപ്പാടും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇബാദത്തുകള്‍ 'ദരിയ' (മാര്‍ഗം) ആകുന്നതിലുപരി മത്വ്‌ലൂബ് (ലക്ഷ്യം) കൂടിയാണെന്നും അദ്ദേഹം സമര്‍ഥിച്ചു. ജനാധിപത്യവും മതേതരത്വവും മൗലാനാ മൗദൂദിയുടെ കാഴ്ചപ്പാടിലൂടെ മാത്രം അദ്ദേഹം നോക്കിക്കണ്ടില്ല. പാശ്ചാത്യ സങ്കല്‍പങ്ങളെ മാത്രം മുന്‍നിര്‍ത്തി ഇസ്‌ലാമികാശയങ്ങള്‍ വിശദീകരിക്കുന്നതിന്റെ പോരായ്മകള്‍ അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ സാഹചര്യത്തെയും ഇന്ത്യന്‍ മതങ്ങളെയും മുന്‍നിര്‍ത്തി ഇസ്‌ലാമിനെ പഠിക്കാനും ഗവേഷണം നടത്താനും അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. ഇസ്‌ലാമിക് അക്കാദമിയുടെ പ്രഥമ ലക്ഷ്യമായി അദ്ദേഹം കണ്ടതും ഇതുതന്നെയാണ്.
ദീനിന്റെ അടിസ്ഥാനങ്ങള്‍, ആധുനിക ഇസ്‌ലാമിക ചിന്ത, ക്രിസ്തുമതം, മത പ്രബോധനം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. എല്ലാ വിഷയങ്ങളും ഖുര്‍ആനില്‍ ഊന്നി മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. അറബി ഭാഷപോലും പഠിപ്പിച്ചത് അങ്ങനെയാണ്. ഓരോ വിഷയത്തിന്റെയും എല്ലാ വശങ്ങളും പഠിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയാറുണ്ട്. സൂഫിസം പഠിക്കുന്നതിലും സൂഫികളുടെ രചനകള്‍ മനസ്സിലാക്കുന്നതിലും ആളുകള്‍ക്ക് അബദ്ധം പറ്റുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം സാധാരണ പണ്ഡിതന്മാര്‍ വിമര്‍ശിച്ച പല തസ്വവ്വുഫിന്റെ വശങ്ങളെയും ന്യായീകരിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അദ്ദേഹം ഏതെങ്കിലുമൊരു സൂഫീ സരണി പിന്‍പറ്റിയില്ല.
സൂഫിസം കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഏറ്റവും താല്‍പര്യമുണ്ടായിരുന്ന വിഷയം എത്തിക്‌സ് ആണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തന്നെ മിശ്കവൈഹിയുടെ എത്തിക്കല്‍ ഫിലോസഫിയിലാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പത്തിലധികം വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തത്. അതുവരെ ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കാന്‍ ചെലവഴിച്ചു. ഡോക്ടറേറ്റ് എടുത്ത ഉടനെ ഫാറാബിയുടെ ധര്‍മതത്ത്വശാസ്ത്രത്തെ കുറിച്ച് അദ്ദേഹം ഒരു ഗ്രന്ഥവും രചിച്ചു. ഇസ്‌ലാമിക് എകണോമിക്‌സ് പോലെ ഇസ്‌ലാമിക് എത്തിക്‌സും ഒരു പഠന വിഷയമായി ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഗസാലിയെയും ഇബ്‌നു തൈമിയ്യയെയും ശാഹ് വലിയ്യുല്ലയെയും മൗലാനാ മൗദൂദിയെയും ഒരുപോലെ മുജദ്ദിദുകളായി അംഗീകരിച്ച അദ്ദേഹത്തില്‍ പലകാര്യങ്ങളിലും ഇവരിലൊരാളുടെ സ്വാധീനം പ്രകടമായിരുന്നു. പടിഞ്ഞാറ് ഇബ്‌നു തൈമിയ്യയെ പൂര്‍ണമായും തള്ളിയതുകൊണ്ട് കൂടിയാണ് അദ്ദേഹം ഇബ്‌നുതൈമിയ്യയുടെ ഫതാവ സംഗ്രഹിച്ച് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത്. ഇംഗ്ലീഷ് വായനക്കാര്‍ക്ക് ഇബ്‌നു തൈമിയ്യയുടെ വീക്ഷണങ്ങളറിയാന്‍ ഇതിനെക്കാള്‍ നല്ല മറ്റൊരു ഗ്രന്ഥവുമില്ല. ടാഗോറിന്റെ ശാന്തിനികേതനില്‍ പഠിപ്പിച്ചിരുന്ന കാലത്ത് അദ്ദേഹം രചിച്ച Learning the Language of Quran എന്ന ഗ്രന്ഥം ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് അറബി പഠിക്കാന്‍ വളരെ സഹായകരമായ ഗ്രന്ഥമാണ്. ''നഹ്‌വുല്‍ വാളിഹ് പഠിക്കുന്നതിന് തുല്യമാണ് തന്റെ പുസ്തകം പഠിക്കുന്നത്'' എന്നദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്. സേവനസന്നദ്ധരായ ഒരുപാട് വ്യക്തികളെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. കിഴക്കന്‍ യു.പിയിലെ 'ചാന്ദ് പട്ടി' എന്ന ഗ്രാമത്തില്‍ ശാന്തിസന്ദേശ് സെന്റര്‍ എന്ന പേരില്‍ ഒരു ദഅ്‌വാ കേന്ദ്രം നടത്തുന്ന ഹാഫിസ് ദാനിഷ് ഫലാഹിയെ പോലെ അനേകം നിഷ്‌കളങ്കരായ ദീനീസ്‌നേഹികളുണ്ട് അക്കൂട്ടത്തില്‍. ആ ചെറുപ്പക്കാരന്റെ ഖുര്‍ആന്‍ ക്ലാസുകള്‍ വഴി നിരവധിയാളുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഹാഫിസ് ദാനിഷിനെ അപ്രകാരം സജ്ജമാക്കിയത് അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബാണ്. വിദ്യാര്‍ഥികളെ സാവധാനം സുദീര്‍ഘമായ പരിശീലനത്തിലൂടെയാണ് അദ്ദേഹം വാര്‍ത്തെടുത്തത്. ദീനീ മദ്‌റസകളില്‍ പഠിച്ച വിദ്യാര്‍ഥികളെക്കാള്‍ അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നത് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലാണ്. അവരെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു ഇസ്‌ലാമിക് അക്കാദമിയുടെ ഒടുവിലത്തെ തീരുമാനവും.
അദ്ദേഹത്തിന്റെ വീട്ടിലെ അടുക്കള ജോലികള്‍ ചെയ്യുന്ന മീന, വീട്ടിലെ മറ്റു ജോലികള്‍ നോക്കുന്ന സഈദ് ഭായി തുടങ്ങിയവര്‍ക്കൊക്കെ ഡോക്ടര്‍ സാഹിബിനെപ്പോലെ സ്‌നേഹത്തോടെ പെരുമാറുന്ന ആരെയും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കലും ആരെയും വേദനിപ്പിക്കാത്ത ആ വലിയ മനുഷ്യന്‍, വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ എല്ലവരെയും ഒരുപോലെ പരിഗണിച്ചിരുന്നു. മിതമായി മാത്രം സംസാരിച്ചിരുന്ന അദ്ദേഹം പ്രഭാഷണം നടത്തുമ്പോള്‍ പോലും നമുക്ക് വാക്കുകള്‍ എണ്ണിയെടുക്കാന്‍ കഴിയും.
[email protected]
Comments