Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

വഞ്ചകന്റെ കോട്ട

എം. അഷ്‌റഫ്‌

പൊരിവെയിലില്‍ അസ്ഥികൂടമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ആടിന്റെ ജഡം കൌതുകത്തോടെ നോക്കി നില്‍ക്കുകയാണ് യാത്രാ സംഘത്തിലെ കുട്ടികള്‍. അതിന്റെ തലയും ഉടലില്‍ കാണുന്ന അസ്ഥികളും അവര്‍ക്ക് ദുര്‍ഗന്ധം സമ്മാനിക്കുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്വന്തം കോട്ടയും കൊട്ടാരവും പണിത് ഇവിടെ താമസിച്ചിരുന്ന പ്രമാണി പൂശിയിരുന്ന സുഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടോ?
തകര്‍ന്നടിഞ്ഞ ഒരു കോട്ടയുടെയും കൊട്ടാരത്തിന്റെയും അവശിഷ്ടങ്ങള്‍ കാണാനെത്തിയതാണ് യാത്രാ സംഘം. കോട്ടക്കു പിന്നിലെ ചരിത്രവും അതിന്റെ പരിണതിയും മുതിര്‍ന്നവര്‍ വിസ്മയത്തോടെ കേള്‍ക്കുമ്പോള്‍ കുട്ടികളുടെ കൌതുകം ആടിന്റെ ജഡത്തിലേക്ക് തിരിഞ്ഞുവെന്ന് മാത്രം.
കോട്ട നിലനിന്നിരുന്ന സ്ഥലത്തുനിന്ന് പുറത്തേക്കുള്ള വഴിയിലാണ് ആടിന്റെ ജഡം. അകലെ ഈത്തപ്പന തോട്ടങ്ങള്‍. ഒരു വഞ്ചനയുടെ ചരിത്രമോതുകയാണ് നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ കോട്ടയുടെ ശേഷിപ്പുകള്‍.
അമേരിക്കയിലും യൂറോപ്പിലും ഇസ്ലാംഭീതി പടര്‍ത്തുന്നതിനായി ഇന്നു മത്സരിച്ചു മുന്നേറുന്നവരുടെ ഒരു മുന്‍ഗാമി ജീവിച്ചിരുന്നത് ഇവിടെയാണ്. ഇസ്ലാമിനോട് വിദ്വേഷം പുലര്‍ത്തിയിരുന്നവര്‍ക്കുപോലും സ്വന്തം മതവിശ്വാസവുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കുകയും കരാറിലേര്‍പ്പെടുകയും ചെയ്ത പ്രവാചകന്‍ മുഹമ്മദ് (സ) ജീവിച്ചിരുന്ന മദീനയില്‍.
മദീനയുടെ തെക്കുപടിഞ്ഞാറായാണ് തകര്‍ന്നടിഞ്ഞ ഈ കോട്ട സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
വഞ്ചകനെന്നും ഉപജാപകനെന്നും ചരിത്രംവിശേഷിപ്പിക്കുന്ന കഅ്ബുബിനു അശ്റഫ് എന്ന ധനികന്റെ കോട്ട. അംഗരക്ഷകരും പാറാവുകാരും നല്‍കിയ സുരക്ഷിത ബോധത്തില്‍ മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടത്തിയ കഅ്ബ് ഇന്നും ഇസ്ലാം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രചോദനമാണ്. ഇസ്്ലാമിനെതിരെ അയാള്‍ നടത്തിയ ഗൂഢാലോചനകള്‍ തമസ്കരിച്ചുകൊണ്ട് വെറുമൊരു കവിയായി അവര്‍ കഅ്ബിനെ അവതരിപ്പിക്കുന്നു.
അഭിപ്രായ സ്വാതന്ത്യ്രത്തെ ദുരുപയോഗപ്പെടുത്തി ഇപ്പോഴും പ്രവാചകന്‍ മുഹമ്മദിനെ (സ) അപഹസിക്കുന്നവര്‍ക്കും ഇസ്ലാമിനെ അധിക്ഷേപിക്കുന്നവര്‍ക്കും കഅ്ബിലെ കവിയെ കുറിച്ച് മാത്രമേ പറയാനുള്ളൂ. എന്നാല്‍, വിശ്വാസി സമൂഹത്തെ സംബന്ധിച്ചേടത്തോളം കാവ്യങ്ങളെ പോലും മദീനയിലെ ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാനുള്ള മാര്‍ഗമായി കണ്ട കൊടിയ ശത്രുവിനെയാണ് കാണാന്‍ കഴിയുക.
വേദവിജ്ഞാനം ലഭിച്ചിട്ടും അന്ധവിശ്വാസങ്ങളിലും ദൈവേതര ശക്തികളിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോവുകയും വിശ്വാസികളേക്കാള്‍ സത്യനിഷേധികളാണ് നേര്‍മാര്‍ഗത്തിലെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുറിച്ചുള്ള ഖുര്‍ആനിലെ സൂക്തത്തിന് ഈ കോട്ടയില്‍ വാണ കഅ്ബുബ്നു അശ്റഫുമായി ബന്ധമുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
പ്രവാചകന്റെ കാലത്ത് ജൂതന്മാരില്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ഏറ്റവും കൂടുതല്‍ വിദ്വേഷം വെച്ചു പുലര്‍ത്തിയ കഅ്ബ് പ്രവാചകനെ പോലും ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തി കുപ്രസിദ്ധനായി. ത്വായി ഗോത്രത്തിലാണ് പിതൃപരമ്പരയെങ്കിലും മാതാവ് ജൂതഗോത്രമായ ബനൂ നദീറിലാണ്.
ആകാരസൌഷ്ടവം കൊണ്ടും സമ്പത്തുകൊണ്ടും ആര്‍ഭാട ജീവിതം കൊണ്ടും പേരെടുത്ത ഇയാള്‍ ബനൂ നദീറുകാരുടെ പാര്‍പ്പിട കേന്ദ്രത്തിനു പിന്നിലായാണ് കൊട്ടാരം പണിതത്.
പരസ്പരം ആക്രമിക്കുകയില്ലെന്ന് ജൂതന്മാരുടെ ബനൂനദീര്‍ ഗോത്രവും മുസ്ലിംകളും തമ്മില്‍ കരാറുണ്ടായിരുന്നുവെങ്കിലും ഇസ്ലാമിനോട് തുറന്ന ശത്രുത വെച്ചു പുലര്‍ത്തിയ കഅ്ബ് മുസ്ലിംകള്‍ വിജയക്കൊടി പാറിച്ച ബദ്ര്‍ യുദ്ധത്തോടെ നിരാശനാവുകയും കൂടുതല്‍ കുതന്ത്രങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
മദീനയില്‍ ഉദിച്ചുയര്‍ന്ന മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്നത് പതിവാക്കിയതോടൊപ്പം മുസ്ലിംകള്‍ക്കെതിരെ അതിക്രമത്തിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. അക്കാലത്ത് പ്രചാരണത്തിനായി അറേബ്യയില്‍ പൊതുവെ ഉപയോഗിച്ചിരുന്ന കവിതയെയാണ് പ്രവാചകനെ അപഹസിക്കുന്നതിന് ഇയാള്‍ ആശ്രയിച്ചത്. പ്രവാചക അധ്യാപനങ്ങളുടെ പിന്‍ബലത്തില്‍ മുസ്ലിം സ്ത്രീകള്‍ നേടിയ ആദരവിനെ അവമതിക്കാനായിരുന്നു അവസാന ഘട്ടത്തിലെ അയാളുടെ ശ്രമം.
കേട്ട വര്‍ത്ത ശരിയാണെങ്കില്‍ തനിക്ക് മരണം മതിയെന്നാണ് ബദ്റില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്കേറ്റ തിരിച്ചടിയെ കുറിച്ചുള്ള വാര്‍ത്തയോട് കഅ്ബ് പ്രതികരിച്ചത്. നിരാശയുടെ പടുകുഴിയിലേക്കാണ് ഈ വര്‍ത്ത അയാളെ തള്ളിയത്.
വാര്‍ത്ത സ്ഥിരീകരിച്ചതോടെ പ്രവാചകനെ അവഹേളിച്ചും ഖുറൈശികളെ പ്രകീര്‍ത്തിച്ചും കഅ്ബ് കവിതകളെഴുതി. വീണ്ടും പ്രവാചകനെതിരെ തിരിയാന്‍ ഖുറൈശികളെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് മക്കയിലേക്ക് പോയ കഅ്ബ് മദീനയിലെ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം തിളപ്പക്കാന്‍ കഠിനയത്നം നടത്തി.
മക്കയിലെ വിദ്വേഷ പ്രചാരണ ദൌത്യം പൂര്‍ത്തിയാക്കി മദീനയിലേക്കു മടങ്ങിയ കഅ്ബ് പിന്നീട് എല്ലാ സീമകളും ലംഘിച്ചു. മുസ്ലിം വനിതകളെ അപഹസിക്കുകയെന്ന ലക്ഷ്യത്തോടെ അശ്ളീല ഗാനങ്ങളും പടപ്പാട്ടുകളും പാടിക്കൂട്ടി. പ്രവാചകനുമായി ജൂതന്മാര്‍ ഏര്‍പ്പെട്ട ഉടമ്പടി പാടേ ലംഘിച്ചു കൊണ്ടായിരുന്നു കഅ്ബിന്റെ ഓരോ നീക്കവും.
ജൂതന്മാരും മുസ്ലിംകളും ഒറ്റ രാഷ്ട്രമായിരിക്കും, ഇരുവിഭാഗവും പരസ്പരം സംരക്ഷിക്കും, പരസ്പര ബഹുമാനത്തോടെ വര്‍ത്തിക്കും, മുസ്ലിംകളെ ഏതെങ്കിലും ശത്രുവിഭാഗം ആക്രമിച്ചാല്‍ ജൂതന്മാര്‍ മുസ്ലിംകളോടൊപ്പം നില്‍ക്കും തുടങ്ങിയവ കരാറിലെ സുപ്രധാന വ്യവസ്ഥകളായിരുന്നു.
കരാര്‍ ലംഘിച്ചുവെന്നു മാത്രമല്ല, മുസ്ലിംകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ വന്ന ശത്രുവിനോടൊപ്പം ചേരുകയുമുണ്ടായി.
ഖുറൈശികള്‍ ചെയ്തതുപോലെ പ്രവാചകനോടും അനുചരന്മാരോടും നേരിട്ട് ഏറ്റുമുട്ടാനോ യുദ്ധം ചെയ്യാനോ ഒരിക്കലും കഅ്ബ് മുന്നോട്ടു വന്നിരുന്നില്ല. മറിച്ച് കോട്ടക്കകത്ത് സുരക്ഷിതനായി ഇരുന്നായിരുന്നു കുതന്ത്രങ്ങളുടെ ആവിഷ്കരണം. കോട്ടക്കകത്ത് സകല സൌകര്യങ്ങളോടെയും വാണ ഇയാള്‍ ഇസ്ലാമിനെതിരെ ശത്രുക്കളിലെ വിദ്വേഷം ജ്വലപ്പിച്ചുനിര്‍ത്തി.
ആവിഷ്കാര സ്വാതന്ത്യ്രം ഹനിച്ചുകളഞ്ഞുവെന്ന് വിലപിക്കുന്ന ഇസ്ലാംഭീതിയുടെ വക്താക്കള്‍ കഅ്ബ് മക്കയിലും മദീനയിലും നവ ഇസ്ലാമിക സമൂഹത്തിനുനേരെ നടത്തിയ അതിക്രമങ്ങളും കുതന്ത്രങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ നിര്‍ബന്ധിതരാണ്.
കഅ്ബ് വെറും ഒരു കവി മാത്രമായിരുന്നുവെന്നാണ് അവരുടെ പ്രചാരണം. വിശ്വാസികളെ പീഡിപ്പിക്കുന്നതിനും ഉപരോധം ഏര്‍പ്പെടുത്തി ഞെരുക്കിക്കൊല്ലുന്നതിനും മക്കയിലെ സത്യനിഷേധികളെ പ്രേരിപ്പിച്ച കഅ്ബ് തന്നെയാണ് ഉഹുദ് യുദ്ധത്തിലേക്കു നയിക്കുന്നതിന് അവര്‍ക്ക് പ്രചോദനമേകിയത്.
മക്കയിലെത്തിയ കഅ്ബും അബൂസുഫ്യാനും തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ പശ്ചാതലത്തിലുള്ളതാണ് വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായമായ അന്നിസാഇലെ 51-ാമെത്ത സൂക്തം.
"വേദജ്ഞാനത്തില്‍നിന്നു ഒരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലയോ? അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു. സത്യനിഷേധികളെക്കുറിച്ച്, ഇവരാണ് സത്യവിശ്വാസികളെക്കാള്‍ സന്മാര്‍ഗസ്ഥരെന്നു പറയുകയും ചെയ്യുന്നു.''
മന്ത്രവാദം, മാരണം, ശകുനം, ജ്യോതിഷം, മുഹൂര്‍ത്തം തുടങ്ങി അടിസ്ഥാനരഹിതവും അന്ധവിശ്വാസജന്യവുമായ എല്ലാ ഊഹാപോഹങ്ങള്‍ക്കുമുള്ള സമഗ്രപദമാണ് ഇവിടെ ജിബ്ത്.
ദൈവത്തെ ധിക്കരിച്ചുകൊണ്ട് ദൈവത്തിന്റെ ഭൂമിയിലും പ്രജകളിലും സ്വന്തം വിധികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ത്വാഗൂത്ത്.
മദീനയിലെ വിശ്വാസികളേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് മക്കയിലെ സത്യനിഷേധികളെയാണെന്ന് അബൂസുഫ്യാന്റെ ചോദ്യത്തിന് കഅ്ബ് മറുപടി നല്‍കുന്നുണ്ട്.
മദീനയിലെ നവ ഇസ്ലാമിക സമൂഹത്തിനെതിരായ കുതന്ത്രങ്ങള്‍ ഒടുവില്‍ കഅ്ബിന്റെ വധത്തിലാണ് കലാശിച്ചത്. ജൂത ഗോത്രമായ ബനൂ നദീറിനെ പ്രകോപിപ്പിക്കാതെ തന്നെ കാവല്‍ക്കാരുടെയും അംഗരക്ഷകരുടെയും സംരക്ഷണത്തിലായിരുന്ന കഅ്ബിനെ കോട്ടയില്‍നിന്ന് തന്ത്രപൂര്‍വം പുറത്തെത്തിച്ചാണ് പ്രവാചകന്റെ അനുയായികള്‍ അയാളെ വകവരുത്തിയത്. ദൈവിക മാര്‍ഗത്തിലേക്കുള്ള ക്ഷണവും ഉപദേശവും മാത്രമല്ല, വേണ്ടിവന്നാല്‍ മദീനയിലെ നവ ഇസ്ലാമിക രാഷ്ട്രത്തിനുനേരെ ഗൂഢാലോചന നടത്തുന്നവര്‍ക്കുനേരെ ബലം പ്രയോഗിക്കാനും മടിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം