ഹജ്ജ് യാത്രകളുടെ മഹാ യാത്ര
വിശ്വാസിയെ ഏറ്റവും പ്രലോഭിപ്പിക്കുന്ന ഇബാദത്താണ് ഹജ്ജ്. നിയമപരമായി ഹജ്ജ് നിര്‍ബന്ധമല്ലാത്തവരെയും ഹജ്ജ് ഏറെ കൊതിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സംസ്‌കൃതിക്കകത്ത് ഒരുപാട് കലാസാഹിത്യ സൃഷ്ടികള്‍ക്ക് പശ്ചാത്തലമായി വര്‍ത്തിച്ച ആരാധനയാണ് ഹജ്ജ്. ഭാവതീവ്രമായ അനുഭവത്തിന്റെ നിരവധി തലങ്ങള്‍ ഹജ്ജിനുണ്ട്. ഒരേ അടിത്തറയില്‍നിന്ന് പല ആസ്വാദനങ്ങള്‍ ഹജ്ജ് സാധ്യമാക്കുന്നുണ്ട്. സൗന്ദര്യത്തിന്റെ മഹാ സ്രോതസ്സാണ് ഹജ്ജ്. അതുകൊണ്ടാണ് ഹജ്ജ് പിന്നെയും പിന്നെയും നിരവധി ആവിഷ്‌കാരങ്ങള്‍ക്ക് നിമിത്തമാവുന്നത്.
എന്താണ് ഹജ്ജ്? മറ്റാരാധനകളോട് ഇതേ ചോദ്യം ചോദിച്ചുകൊണ്ട് നമുക്ക് ഹജ്ജിനെക്കുറിച്ച ഉത്തരത്തിലേക്ക് വരാം. നമസ്‌കാരം സ്ഥലപരമായ ഒരൊറ്റ ഇടത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് മനസ്സും ശരീരവും ചേര്‍ന്നു നടത്തുന്ന പ്രാര്‍ഥനയാണ്. നോമ്പ്, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലൈംഗികതയുടെയും മാറ്റിവെപ്പാണ്. സകാത്ത്, സമ്പത്തിന്റെ ആരാധനയാണ്. അപ്പോള്‍ ഈ അര്‍ഥത്തില്‍ എന്താണ് ഹജ്ജ്? ജീവിതം പലതും നിറഞ്ഞതാണ്. ഹജ്ജ് ഉള്‍ക്കൊള്ളുന്ന ജീവിതത്തിന്റെ ഭാവമേതാണ്? ഹജ്ജ് അഭിസംബോധന ചെയ്യുന്ന ജീവിതത്തിന്റെ ഭാഗമെന്താണ്?
ഹജ്ജ് യാത്രയുടെ ഇബാദത്താണ്. ദീര്‍ഘമായ ചലനത്തിന്റെ ആരാധനാ രൂപം. ഒരു മതകര്‍മമെന്ന നിലക്ക് യാത്ര സാധ്യമാവുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. പണം ഹജ്ജിന്റെ ഉപാധി എന്നതിനേക്കാള്‍ യാത്രയുടെ ഉപാധിയാണ്. ഹറമിന്റെ പരിസരത്തുള്ളവര്‍ക്ക് പണം ഹജ്ജിന്റെ ഉപാധിയേ അല്ലാതാവുന്നത് അതുകൊണ്ടാണ്. താങ്കള്‍ ഹജ്ജിന് വിളംബരം ചെയ്താല്‍ ദിക്കുകളുടെ വിദൂരതയില്‍നിന്ന് ആളുകള്‍ യാത്രാ ക്ഷീണം ബാധിച്ച ഒട്ടകപ്പുറങ്ങളിലേറി ഹറമില്‍ വന്നെത്തുമെന്ന് പറഞ്ഞ് ഹജ്ജിന്റെ യാത്രാമുഖത്തെ സൂറ ഹജ്ജിലെ 27-ാം വാചകത്തില്‍ അല്ലാഹു എടുത്തോതുന്നുണ്ട്. വിദൂരദിക്കും മെലിഞ്ഞുണങ്ങിപ്പോയ ഒട്ടകവും യാത്രയുടെ സുന്ദരമായ പ്രതീകങ്ങളാണ്. പുണ്യപുരാതന മന്ദിരം തേടിയുള്ള- ബൈത്തുല്‍ അതീഖ്- ഒരുയാത്ര. പുണ്യ നിര്‍ഭരവും ചിരപുരാതനവുമായ ഒരു യാത്ര. ഇതിനേക്കാള്‍ പുരാതനമായ ഒരു യാത്രയും മനുഷ്യ സംസ്‌കൃതിയുടെ ഖജാനയില്‍ സൂക്ഷിപ്പുമുതലായി ഇല്ലെന്നു തന്നെയല്ലേ ഖുര്‍ആന്‍ പറയുന്നത്. ഒരു പുരാതന ഭവനത്തെ തേടിയുള്ള പുരാതനമായ യാത്ര. ഹജ്ജ് ഇബാദത്തിന്റെ യാത്രാ രൂപമാണ്.
ഹജ്ജിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, ഇഹ്‌റാം വരെയുള്ള ഹജ്ജിലേക്കുള്ള യാത്ര. മറ്റൊന്ന് ഹജ്ജിനകത്തെ നിര്‍ബന്ധ ഘടകങ്ങള്‍. ഹജ്ജിന്റെ അകം പോലെ തന്നെ പ്രധാനമാണ് ഹജ്ജിന്റെ പുറവും. ഓരോ ഹജ്ജാജിയും ഹജ്ജിലേക്ക് എത്തിച്ചേരുകയാണ്. അവന്‍/ അവള്‍ ഹജ്ജിലേക്ക് പുറപ്പെടുകയാണ്. ഹജ്ജിന്റെ പുറത്തെയാണ്, പുറപ്പാടിന്റെ തലത്തെയാണ് ഇവിടെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ആസ്വദിക്കാന്‍. അതിന്റെ അകവും യാത്ര തന്നെയാണ്.
ജീവിതത്തിന് ആറ്റിക്കുറുക്കിപ്പറയാവുന്ന ഒരു രൂപകം യാത്രയാണ്. ജീവിതം ഒരു യാത്രയാണ്. ജീവിതയാത്രക്കുള്ള വഴിയായാണ് നാം എന്നും സത്യത്തെ കണ്ടുപോന്നിട്ടുള്ളത്. ഇസ്‌ലാം സത്യത്തിന്റെ വഴിയാണ്. രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാര്‍ഥ യാത്ര സ്ഥലത്തെ ഭേദിച്ച് കടന്നുപോവുന്നതാണ്. സ്ഥലം ഒരു വിസ്തൃതിയാണ്. പരിമിതിയും. നിങ്ങള്‍ നിശ്ചലരായിരിക്കുമ്പോള്‍ അത് പരിമിതിയാണ്. യാത്ര ചെയ്യുമ്പോള്‍ അത് വിസ്തൃതിയാണ്. യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്.
ഹജ്ജ് ഇസ്‌ലാമിക സംസ്‌കൃതിക്കകത്തെ ഏക യാത്രയല്ല. യഥാര്‍ഥമായ യാത്രയുമല്ല. അത് പ്രതീകാത്മകമായ യാത്രയാണ്. ഒരു യാത്ര എന്ന നിലക്ക് അത് യഥാര്‍ഥമാണ്. ഒപ്പംതന്നെ പ്രതീകാത്മകവുമാണ്. ചരിത്രത്തിലെ നിരവധി യാത്രകളുടെ പുനരാവിഷ്‌കാരമാണ് നാം നടത്തുന്ന ഹജ്ജ്. ചരിത്രം പ്രയാണത്തിന്റെ കടലും തീരവുമാണ്. ചരിത്രത്തില്‍ നങ്കൂരമിട്ട എത്രയോ യാത്രകള്‍ ഇസ്‌ലാമിക സംസ്‌കൃതികളുടെ സ്മൃതിശേഖരത്തിലുണ്ട്.
പലായനങ്ങളും പുറപ്പാടുകളും നിറഞ്ഞതാണ് സത്യമതത്തിന്റെ സമര ചരിത്രം. അതിനും മുമ്പ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള പതനമെന്ന് പലരും തെറ്റിവിളിച്ച പരീക്ഷണ യാത്ര. മനുഷ്യന്റെ കര്‍മക്ഷേത്രത്തിലേക്കുള്ള കൂടുമാറ്റം. അന്നു തുടങ്ങിയ യാത്രകള്‍ ചെന്നവസാനിക്കേണ്ടത് അതേ സ്വര്‍ഗത്തില്‍ തന്നെയാണ്. സ്വര്‍ഗത്തിലേക്ക് നീളുന്ന യാത്രയില്‍ ജനസഞ്ചയത്തിലേക്ക് വന്ന പ്രഥമ പ്രവാചകനായ നൂഹ് നബിയുടെ സത്യത്തിന്റെ കപ്പലേറിയുള്ള വിശ്രുതമായ യാത്ര. അതൊരു കപ്പല്‍ മാത്രമായിരുന്നില്ല. അസത്യത്തിനു മുകളില്‍ ഉയര്‍ത്തപ്പെട്ട കൊടിയായിരുന്നു. ഒരു യാനപാത്രം കൊണ്ട് അല്ലാഹു സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചു. അസത്യത്തെ തോല്‍പിച്ച് കുളിപ്പിച്ച് കിടത്തി. യാത്രയിലൂടെ ആരംഭിച്ച സംസ്‌കൃതിയുടെ ചരിത്രം യാത്രകളിലൂടെ തന്നെയാണ് വികസിതമാവുന്നത്. മനുഷ്യകുലത്തെ ഖുര്‍ആന്‍ നൂഹിന്റെ ഒപ്പം കപ്പലില്‍ വഹിക്കപ്പെട്ടവരുടെ സന്തതിപരമ്പര എന്ന് പുനര്‍നിര്‍വചിക്കുന്നുണ്ട്. അവര്‍ ബനൂ ആദം- ആദമിന്റെ മക്കളാണ്. പിന്നെ ചരിത്രത്തിന്റെ അടുത്ത അടരില്‍ അവര്‍ നൂഹിനൊപ്പം കപ്പലില്‍ സഞ്ചരിച്ചവരുടെ സന്താനപരമ്പരയാണ്. ഒരു യാത്രകൊണ്ട് പുനര്‍നിര്‍വചിക്കപ്പെട്ടവരാണ് ഇന്നു കാണുന്ന മനുഷ്യരാശി.
ഇബ്‌റാഹീമിനു മുന്നിലും പിന്നിലുമായി എത്ര എത്ര യാത്രകള്‍. സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈ യാത്രകളെയെല്ലാം മൊത്തമായി പുനരാവിഷ്‌കരിക്കുകയാണ് ഹജ്ജ് ചെയ്യുന്നത്. ഹജ്ജ് ഒരു യാത്ര മാത്രമല്ല, നിരവധി യാത്രകളുടെ ഓര്‍മകളിലൂടെയുള്ള സഞ്ചാരമാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ യാത്രകളുടെ കുലപതിയും ഇബ്‌റാഹീം തന്നെയാണ്. വീട്ടില്‍നിന്ന് നാട്ടിലേക്ക്. ഇബ്‌റാഹീമിന് ആദ്യം നഷ്ടപ്പെടുന്നത് സ്വന്തം വീടുതന്നെയാണ്. വീട് വിട്ട് നാട്ടില്‍ പാര്‍ത്തവനാണ് ഇബ്‌റാഹീം. സത്യപ്രബോധനം ചെല്ലേണ്ടിടത്ത് ചെന്ന് തറച്ചപ്പോള്‍ നാടും ഉപേക്ഷിക്കേണ്ടിവന്നു. അബലയായ പത്‌നി ഹാജറയെയും വെറും മുലകുഞ്ഞായ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ച് മഹായാത്രയായി പരിണമിച്ച ആ ജീവിതം പിന്നെയും മുന്നോട്ടു പോവുകയായിരുന്നു. ഹാജറയും ഇസ്മാഈലും നിങ്ങളെപ്പോലെത്തന്നെ യാത്ര ചെയ്‌തെത്തിയതാണ് ഇവിടെ. യാത്രയെ ഓര്‍മപ്പെടുത്തുന്ന ഒരു പ്രവാചകനുണ്ടെങ്കില്‍ അത് ഇബ്‌റാഹീം തന്നെയാണ്.
നിങ്ങളുടെ ഭവനത്തില്‍ നിന്ന് ജനങ്ങളുടെ ഭവനത്തിലേക്കുള്ള സ്ഥലം മാറ്റമാണ് ഹജ്ജെന്ന് അലി ശരീഅത്തി പറയുന്നുണ്ട്. മറ്റൊരിടത്ത് ഇതേ കാര്യം ശരീഅത്തി പറയുന്നതിങ്ങനെയാണ്: ''മനുഷ്യന്‍ അല്ലാഹുവിലേക്ക് ചലിക്കുന്നതാണ് ഹജ്ജ്.'' ചലനമാണ് ഹജ്ജിന്റെ ശരീരം. നിന്നില്‍ നിന്ന് ദൈവത്തിലേക്കും അതുവഴി ജനങ്ങളിലേക്കുമുള്ള സ്ഥലം മാറ്റം. ഹജ്ജ് ഒരു ഭൗതിക യാത്രയല്ല, തീര്‍ഥയാത്രയാണ്. അതിന്റെ വഴി ആത്മീയമാണ്. ചരിത്രത്തിലെ കേവല ഭൗതികമല്ലാത്ത നിരവധി യാത്രകളുടെ പ്രതീകാത്മക ആവിഷ്‌കാരം കൂടിയാണ് ഹജ്ജ്. ഇബ്‌റാഹീമിന്റെ യാത്രകള്‍ മാത്രമല്ല. ഇബ്‌റാഹീമിന്റെ സന്തതി പരമ്പരകള്‍ നടന്നുതീര്‍ത്ത ദുര്‍ഘടപാതകളെയുമാണ് ഹജ്ജ് പുനഃസൃഷ്ടിക്കുന്നത്.
യൂസുഫിന്റെ യാത്ര ഈജിപ്തില്‍ എത്തിച്ചേരുകയാണെങ്കില്‍ മൂസ ഈജിപ്തില്‍ നിന്ന് പുറപ്പെടുകയായിരുന്നു. ജന്മനാടായ ഈജിപ്ത് മൂസയുടെ ചരിത്രത്തിലെ അത്യുജ്ജ്വലമായ ഇടത്താവളം മാത്രമാണ് . അതവസാനിക്കുന്നത് സീനാ മരുഭൂമിയിലാണ്. യഥാര്‍ഥത്തില്‍ അതവസാനിക്കേണ്ടിയിരുന്നത് ഫലസ്ത്വീനിലായിരുന്നു. ഫലസ്ത്വീന്‍ ഇസ്രയേല്‍ മക്കളുടെ ജന്മദേശമായിരുന്നു. ആ യാത്ര മൂസയില്‍ അവസാനിക്കാതെ ചരിത്രത്തില്‍ പിന്നെയും തുടരുകയാണ്. ഇതിനെയെല്ലാം ആഴത്തില്‍ ഓര്‍ത്തെടുക്കാതെ ഒരാളെങ്ങനെ 'അല്ലാഹു അനുഗ്രഹിച്ചവരുടെ വഴി'യെ അനുഭവിക്കും.
പ്രവാചകന്‍ മുഹമ്മദിന്റെ ചരിത്രവും യാത്രയുടെ മൂലകങ്ങള്‍ കൊണ്ടുതന്നെയാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പലായനമാണ് മുഹമ്മദ് നബിയുടെ ചരിത്രത്തെ രണ്ടായി പകുക്കുന്നത്. ഭൗതികമായി വേദന നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. പ്രിയപ്പെട്ട മണ്ണില്‍നിന്നും സ്വയം പിഴുതെടുക്കുന്നതിന്റെ എല്ലാ വേദനയും ആ യാത്രക്കുണ്ടായിരുന്നു. പ്രിയപ്പെട്ട മക്കേ... നിന്നെ ഒരിക്കലും ഞാന്‍ വിട്ടുപിരിയുമായിരുന്നില്ല. ദൈവത്തിന്റെ കല്‍പനയില്ലായിരുന്നെങ്കില്‍. ആ വേദന ഇത്തിരിയെങ്കിലും നിങ്ങള്‍ അനുഭവിക്കേണ്ടതല്ലേ? തിരിച്ചുവരുമെങ്കിലും ഒരിക്കലെങ്കിലും നിങ്ങള്‍ പുറപ്പെടേണ്ടതല്ലേ! ആ പുറപ്പാടാണ് ഹജ്ജ്. ആ പ്രതീകാത്മകമായ നാടുപേക്ഷിക്കലാണ് ഹജ്ജ്.
നേടലിലാണ് ഭൗതികതയെങ്കില്‍ ഉപേക്ഷിക്കലിലാണ് ആത്മീയത. സകാത്തില്‍ അത് സമ്പത്താണ്. നോമ്പില്‍ അത് ഭക്ഷണമാണ്. ഹജ്ജില്‍ അത് നാടുതന്നെയാണ്. കുറച്ചുകാലത്തേക്കാണെങ്കിലും. സകാത്തിലും നോമ്പിലും ഉപേക്ഷിക്കുന്നതും കുറച്ചുതന്നെയാണല്ലോ?
ഹജ്ജില്‍ നിങ്ങള്‍ ഇബ്‌റാഹീം മാത്രമല്ല ആവുന്നത്. നാടു വിടേണ്ടിവന്ന യൂസുഫാകുകയാണ്. ഈജിപ്ത് വിട്ട മൂസയാവുകയാണ്. മക്ക വിട്ട മുഹമ്മദാവുകയാണ്. കപ്പലേറിയ നോഹയാവുകയാണ്. സദൂം ഉപേക്ഷിച്ച ലൂത്വാവുകയാണ്. അബ്‌സീനിയയിലേക്ക് പോയ ആദ്യകാല മുഹാജിറുകളിലൊരാളാവുകയാണ്. മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായകരുടെ യാത്രാ സംഘത്തിലെ ഒരു കണ്ണിയാവുകയാണ്. ഈ യാത്രകളൊന്നും കേവല ഭൗതിക യാത്രകളല്ല. ഭൗതികം തന്നെയായ നടപ്പാതകളെ ഉന്നതമായ ഉദ്ദേശ്യങ്ങള്‍ കൊണ്ട് ആത്മീയമാക്കി മാറ്റിയ യാത്രകളാണവ.
എത്രയെത്ര ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ സഞ്ചരിക്കുന്നു. ഒരിക്കലെങ്കിലും തീര്‍ത്തും ആത്മീയമായ ഒരു സഞ്ചാരത്തിന് സന്നദ്ധരാവൂ. യാത്രകൊണ്ട് ദൈവത്തെ ആരാധിക്കൂ. യാത്രകൊണ്ടുള്ള ആരാധനയാണ് ഹജ്ജ്. നമസ്‌കാരവും സഞ്ചാരമാണ്. അതിന്റെ സഞ്ചാരം മാനസികം മാത്രമാണ്. ചലനം ശാരീരികം മാത്രമാണ്. സ്ഥലത്തെ ഭേദിക്കാത്ത ചലനക്രമമാണത്. ഹജ്ജ് നമസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമാവുന്നത് അത് സ്ഥലത്തെ മറികടക്കുന്ന ഉപാസനയാണെന്നതാണ്. സ്ഥലം വിശ്വാസിക്ക് സാധ്യത മാത്രമാണ്. ഒരിക്കലും പരിമിതിയല്ല. അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നതാണ് അവന്റെ നിലപാട്. സ്ഥലം പരിമിതിയല്ല എന്ന പ്രഖ്യാപനമാണ് എല്ലാ പലായനങ്ങള്‍ക്കുമൊപ്പം ഹജ്ജിലും പ്രഖ്യാപിക്കുന്നത്. ഭൂമിയുടെ വിശാലതയുടെ ഉള്ളടക്കമായ വൈവിധ്യത്തെ നിങ്ങള്‍ക്കനുഭവിക്കണമെങ്കില്‍ ഹറമിലേക്ക് പുറപ്പെടുക. അല്ലാഹുവിനെ ചൊല്ലി നാടുപേക്ഷിക്കുന്നതിന്റെ വേദന നിറഞ്ഞ മധുരമറിയണമെങ്കില്‍ ഹജ്ജിനായി പുറപ്പെടുക.
ഹജ്ജിന്റെ പുറത്ത് മാത്രമല്ല അകത്തും യാത്രകളുണ്ട്. മീഖാത്തില്‍ നിന്ന് മീആദിലേക്കുള്ള മരുഭൂമി താണ്ടണം. അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് പോകണം. മുസ്ദലിഫയിലും മിനായിലും രാപ്പാര്‍ക്കണം.
ഒരിടത്ത് മാത്രം നിന്ന് നിങ്ങള്‍ക്ക് ഹജ്ജ് പൂര്‍ത്തീകരിക്കാനാവില്ല. ഹജ്ജ് കര്‍മങ്ങള്‍ പല ഇടങ്ങളിലാണ്. അതുകൊണ്ടാണ് ഹജ്ജ് യാത്രയായിത്തീരുന്നത്. മക്കക്ക് പുറത്തുള്ളവര്‍ക്ക് മാത്രമല്ല. ഹജ്ജ് ചെയ്യുന്ന എല്ലാവര്‍ക്കുമാണ്. കെട്ടിനില്‍ക്കാനല്ല ഒഴുകാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ഒഴുക്ക് കൊണ്ടും അല്ലാഹുവിനെ ആരാധിക്കാനും. യാത്ര ഹജ്ജിന്റെ ശരീരം മാത്രമല്ല, ആത്മാവിന്റെ ഒരംശം കൂടിയാണ്.
ജീവിതയാത്രയുടെ പരിസമാപ്തിയാണല്ലോ മരണം. ഹജ്ജോളം മരണത്തെ ഇത്രമേല്‍ ഓര്‍മപ്പെടുത്തുന്ന, ആവിഷ്‌കരിക്കുന്ന മറ്റേത് സന്ദര്‍ഭമാണ് നമുക്കുള്ളത്. ഹജ്ജിനൊരുങ്ങുന്നവര്‍ ഹജ്ജിനു മാത്രമല്ല ഒരുങ്ങുന്നത്. മരണത്തിനു കൂടിയാണ്. സ്വന്തം കഫന്‍ വസ്ത്രത്തെ മനസ്സിലും ശരീരത്തിലും ധരിച്ചല്ലാതെ നിങ്ങള്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. ഒരുപാട് മരണങ്ങളെ ചേര്‍ത്ത് ചേര്‍ത്ത് മരണത്തിന്റെ സവിശേഷ അന്തരീക്ഷത്തെ ഹജ്ജ് നിര്‍മിക്കുന്നുണ്ട്.
Comments