Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

കെജ്‌രിവാളിന്റെ തട്ടിപ്പ്‌

ഇഹ്‌സാന്‍

അരവിന്ദ് കെജ്‌രിവാളിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യമൊട്ടുക്കും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എന്തോ എവിടെയോ ഒരു പന്തികേട് അനുഭവപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ. അദ്ദേഹം അഴിമതിക്കെതിരെയാണോ അതോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയാണോ സമരം ചെയ്യുന്നതെന്ന സംശയം ഇപ്പോഴും ബാക്കിയാവുന്നുണ്ട്. കെജ്‌രിവാളും കൂട്ടരും ബി.ജെ.പിയുടെ ബി.ടീം ആണെന്ന് കോണ്‍ഗ്രസും മറിച്ച് അങ്ങനെയല്ല കോണ്‍ഗ്രസ്സിന്റെ ഏജന്റാണെന്ന് ബി.ജെ.പിയും ആരോപണം ഉന്നയിച്ചിട്ടുമുണ്ട്. യഥാര്‍ഥത്തില്‍ ആര്‍ക്കെതിരെ, എന്തിനെതിരെ ആരുടെ ഒപ്പമാണ് ഇദ്ദേഹം? ഇദ്ദേഹത്തിന്റെ സമരം 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സ്വന്തം പ്രസ്ഥാനത്തെയാണോ അതോ മറ്റേതെങ്കിലും പാര്‍ട്ടിയെ ആണോ സഹായിക്കുക എന്നത് കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ത്തുപറയാനാവില്ല. എന്തായാലും കെജ്‌രിവാള്‍ സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് വിശ്വസിക്കാന്‍ ഇതുവരെ ന്യായങ്ങളില്ല. അദ്ദേഹമല്ലാതെ ആ പാര്‍ട്ടിയില്‍ പൊതുജനം അറിയുന്ന മറ്റൊരു നേതാവും ഇപ്പോഴുമില്ല. മറ്റുള്ളവരെ ചെളിവാരിയെറിയുക എന്നല്ലാതെ മറുപക്ഷത്ത് സ്വയം അവരോധിക്കാനും ഉയര്‍ന്നുനില്‍ക്കാനും പ്രായോഗികതലത്തിലുള്ള ഒരു ശ്രമവും കെജ്‌രിവാള്‍ ആരംഭിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടിയുടെ കമ്മിറ്റികള്‍ പോലും രൂപീകരിക്കാന്‍ തുടങ്ങിയിട്ടില്ല.
ബി.ജെ.പി ഈ ആരോപണങ്ങളില്‍നിന്നും നേട്ടം കൊയ്യുന്നുണ്ടെന്ന് വ്യക്തം. റോബര്‍ട്ട് വദ്രക്കെതിരെ ഒരു മുന്നറിയിപ്പുമില്ലാതെ, ഊഹിക്കാനുള്ള ഇടംപോലും നല്‍കാതെയാണ് കെജ്‌രിവാള്‍ ബോംബുപൊട്ടിച്ചത്. ആ സമരം പക്ഷേ സോണിയാ ഗാന്ധിയുടെ വീട്ടുപടിക്കലാണ് ഒടുവില്‍ എത്തിപ്പെട്ടത്. സല്‍മാന്‍ ഖുര്‍ശിദിനെതിരെയുള്ള ആരോപണവും ഈ മട്ടിലായിരുന്നു. അതും പത്താം നമ്പര്‍ ജന്‍പഥിനു നേര്‍ക്കു തന്നെയാണ് നീങ്ങിയതും. കോണ്‍ഗ്രസ്സിനെ താറടിക്കാനുള്ള സമരമായി മൊത്തത്തില്‍ അഴിമതിവിരുദ്ധ സമരം മാറുന്നുവെന്ന പ്രതീതി ഉണ്ടാക്കിയപ്പോഴാണ്, അല്ല ബി.ജെ.പിക്കെതിരെയും ബോംബ് കൈയിലുണ്ടെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കുന്നത്. പക്ഷേ ആ ബോംബ് പൊട്ടിക്കാനുള്ള തീയതി ഇടക്കിടെ പ്രഖ്യാപിച്ചും മാറ്റിപ്പറഞ്ഞും അദ്ദേഹം സൃഷ്ടിച്ച ഉദ്വേഗം പക്ഷേ പൊട്ടിച്ച ബോംബില്‍ ഉണ്ടായിരുന്നില്ല. കെജ്‌രിവാള്‍ ഉന്നയിച്ചതിനേക്കാള്‍ കൂടുതല്‍ തെളിവ് തന്റെ കൈയിലുണ്ടെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയില്‍ എല്ലാമുണ്ട്. എന്നല്ല നിധിന്‍ ഖഡ്കരിക്കെതിരെയാണ് ആരോപണം ഉയരാന്‍ പോകുന്നതെന്നും മഹാരാഷ്ട്രയിലെ ജലസേചന അഴിമതികളും അദ്ദേഹത്തിന്റെ എന്‍.സി.പി ബന്ധങ്ങളുമാണ് വെളിപ്പെടാന്‍ പോകുന്നതെന്നും വളരെ മുന്‍കൂട്ടി പുറത്തുവരുന്നുണ്ടായിരുന്നു. പ്രതിരോധം തീര്‍ക്കാനും മാധ്യമങ്ങളെ മാനേജ് ചെയ്യാനും ബി.ജെ.പിക്ക് ആവശ്യത്തിലധികം സമയം ലഭിക്കുകയും ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ചീറ്റിപ്പോയ ബോംബായിരുന്നു ഇത്.
താന്‍ ബി.ജെ.പിക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു കെജ്‌രിവാള്‍ ചെയ്തത്. ബി.ജെ.പി അധ്യക്ഷനെതിരെ കഴമ്പുള്ള ആരോപണം കൊണ്ടുവരികയായിരുന്നില്ല. ബി.ജെ.പി അധ്യക്ഷന്റെ ഉറ്റ സുഹൃത്തായ അജയ് സന്‍ചേതിയുടെ പേര് കല്‍ക്കരി പാടം അഴിമതിയിലും മഹാരാഷ്ട്രയിലെ ജലസേചന പദ്ധതി അഴിമതിയിലും പൊന്തിയിട്ടും കെജ്‌രിവാള്‍ 'ഞെട്ടിക്കുന്ന' പുറത്തുവിടലില്‍ അത്തരം ഒരു കേസും ഏറ്റുപിടിച്ചില്ല എന്നതും ശ്രദ്ധിക്കുക. നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടും ശക്തമായ തെളിവുകളുള്ള മറ്റൊരു അഴിമതി കെജ്‌രിവാള്‍ മറച്ചുപിടിച്ചുവെന്ന് മുംബൈയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനും നിലവില്‍ ആര്‍.ടി.ഐ ആക്ടിവിസ്റ്റുമായ വൈ.പി സിംഗ് മാധ്യമങ്ങളോടു പറഞ്ഞത് ഇക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കുക. ഈ ആരോപണത്തിലെ നായകന്‍ ശരദ് പവാര്‍ ആണെങ്കിലും സിംഗ് ഈ ആരോപണത്തിന്റെ വിശദാംശങ്ങള്‍ ഇതെഴുതുമ്പോള്‍ പുറത്തുവിട്ടിട്ടില്ല. പൂനെക്കു സമീപം ലവാസയിലെ ഈ അഴിമതിക്കഥ താനും കെജ്‌രിവാളും ചേര്‍ന്നാണ് കണ്ടെത്തിയതെന്നും പക്ഷേ ഖഡ്കരിക്കെതിരെ വളരെ തറനിലവാരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ എന്‍.സി.പി നേതൃത്വത്തിലെ യഥാര്‍ഥ അഴിമതി മൂടിവെക്കുകയാണ് കെജ്‌രിവാള്‍ ചെയ്തതെന്നും വൈ.പി സിംഗ് പറഞ്ഞു. ശരദ് പവാറിനെതിരെയുള്ള ആരോപണം പുറത്തുവരുന്നത് ബി.ജെ.പി നേതാവും എന്‍.സി.പിയും തമ്മിലുള്ള കൂടുതല്‍ അവിശുദ്ധ ഇടപാടുകള്‍ പുറത്തുകൊണ്ടുവരുമെന്ന സൂചനയും സിംഗ് നല്‍കുന്നുണ്ട്.
അപ്പോള്‍ കെജ്‌രിവാളും അണ്ണയും കിരണ്‍ ബേദിയും തമ്മില്‍ ബി.ജെ.പിയെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നും അവര്‍ തെറ്റിപ്പിരിഞ്ഞു എന്നും മറ്റുമുള്ള പ്രചാരണം വിശ്വാസ്യയോഗ്യമല്ലാതായി മാറുകയാണ്. മാത്രമല്ല ഈ സംഘം യഥാര്‍ഥത്തില്‍ അഴമതിക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന വാദവും കാപട്യമായാണ് മാറുന്നത്. കോണ്‍ഗ്രസ്സിനെതിരെയുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ ശക്തമാക്കണമെങ്കില്‍ മുന്നില്‍ നിന്നു നയിക്കാന്‍ പൊതുസമൂഹത്തിന് കുറെക്കൂടി സ്വീകാര്യമായ മുഖങ്ങളെ അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലാണ് അണ്ണാ ഹസാരെ എന്ന അവതാരം പ്രത്യക്ഷപ്പെടുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നല്ലോ. സംഘ്പരിവാര്‍ നേതാക്കളുടെ ഒരു ചിന്തന്‍ ബൈഠകിന്റെ ഭാഗമായാണ് അണ്ണയെ അവര്‍ കണ്ടെത്തി ഏറ്റുപിടിച്ചതെന്ന ആരോപണവും ഏറെക്കാലമായി ഉയരുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസ്സിലും ഇന്ദിരാ കുടുംബത്തിലും എന്തു സംഭവിച്ചാലും അതു മുഴുവന്‍ വന്‍ വിവാദമാക്കി, മറ്റുള്ളവരുടെ കാര്യത്തില്‍ ഒരുതരം 'ഞഞ്ഞാപിഞ്ഞ' നിലപാട് സ്വീകരിക്കുന്ന സുബ്രഹ്മണ്യം സ്വാമി മാതൃകയിലാണ് അണ്ണാ ഹസാരെയും സംഘവും ഇതുവരെ പ്രവര്‍ത്തിച്ചുവന്നത്.
കോണ്‍ഗ്രസ്സിന്റെ അഴിമതി ആര്‍ക്കും ന്യായീകരിക്കാനാവില്ല എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അനാവശ്യമായ വിവാദങ്ങള്‍ അവര്‍ക്ക് ഒഴിവാക്കാമായിരുന്നു. റോബര്‍ട്ട് വദ്രയുടെ കാര്യത്തില്‍ സോണിയ സ്വീകരിച്ച നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് മുമ്പെപ്പോഴെങ്കിലും തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ നാണക്കേട് പേറേണ്ടിവരുമായിരുന്നില്ല. പ്രിയങ്കയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ചക്കു വന്ന കാലത്ത് സോണിയ അത് വേണ്ടെന്ന് വെച്ചത് ഈ വദ്രയെ പേടിച്ചായിരുന്നു. വദ്ര മറ്റൊരു ആസിഫ് സര്‍ദാരിയാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സോണിയക്കു കഴിഞ്ഞതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ അയാളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരംഭിച്ചത്. അന്നേ ഈ യാഥാര്‍ഥ്യം മാധ്യമങ്ങള്‍ക്കു ചോര്‍ത്തികൊടുത്തിരുന്നുവെങ്കില്‍ ടെന്‍ ജന്‍പഥിന് ഇന്ന് ഈ നാണക്കേട് പേറേണ്ടി വരുമായിരുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം