Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

സലഫികളും ഈജിപ്ഷ്യന്‍ രാഷ്ട്രീയവും

ഫഹ്മീ ഹുവൈദി

ഈജിപ്തിലും അറബ് മൊറോക്കന്‍ രാജ്യങ്ങളിലും സലഫികള്‍ രാഷ്ട്രീയ രംഗത്ത് സജീവമായതോടെ മീഡിയാ ശീര്‍ഷകങ്ങളിലെ സലഫീ സാന്നിധ്യം ഒരു സ്ഥിരം കാഴ്ചയാണ്. ഈജിപ്തിലെ സലഫി നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നതോടെ പത്രങ്ങള്‍ അതിന്റെ തുടര്‍വാര്‍ത്തകള്‍ക്കായി മത്സരിക്കുന്നതും കാണാം. രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കുന്ന ഭൂകമ്പമാണെന്ന് തോന്നിപ്പോകും. വിശദാംശങ്ങള്‍ തേടിപ്പിടിക്കുന്നതിലും കാരണങ്ങള്‍ നിരൂപണം ചെയ്യുന്നതിലും മാത്രമല്ല, വിവിധ മത-രാഷ്ട്രീയ വിഷയങ്ങളില്‍ സലഫി നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടിപ്പോകുന്നത് വരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ ദിവസം അല്‍ശുറൂഖ് പത്രം രണ്ട് റിപ്പോര്‍ട്ടുകളാണ് ഈ വിഷയകമായി നല്‍കിയത്. അതിലൊന്ന് പ്രമുഖ സലഫി നേതാവുമായി നടത്തിയ അഭിമുഖത്തിന്റെ മുഴുപേജ് റിപ്പോര്‍ട്ടാണ്. 'ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യ സംവിധാനങ്ങള്‍ സ്വീകരിച്ചത് പാപമാണ്. ജനാധിപത്യം ഇസ്‌ലാമിന് വിരുദ്ധമാണ്. ഈ സത്യം മറച്ചുവെച്ചവര്‍ പാപികളും' എന്നൊക്കെയാണ് അതിലെ പരാമര്‍ശങ്ങള്‍. അന്നുതന്നെ മറ്റൊരു ഈജിപ്ഷ്യന്‍ പത്രമായ മിസ്ര്‍ അല്‍യൗമിന്റെ ഒന്നാം പേജിലെ വാര്‍ത്തയില്‍ മറ്റൊരു സലഫി നേതാവിന്റേതായി വന്ന പ്രസ്താവന ഇങ്ങനെയാണ്: സെക്യുലരിസ്റ്റുകളും ലിബറലിസ്റ്റുകളും മതപരിത്യാഗികളാണ്, അവരുടെ മേല്‍ ശിക്ഷ നടപ്പാക്കണം!
മറുവശത്ത് തുനീഷ്യയില്‍ സുരക്ഷാസേനയുമായി സലഫികള്‍ ഏറ്റുമുട്ടിയതും സമാധാനത്തിന് സലഫി ഗ്രൂപ്പുകള്‍ വരുത്തുന്ന ഭീഷണിയെക്കുറിച്ച് അന്നഹ്ദ നേതാവ് ഗനൂശിയുടെ പ്രസ്താവനയും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദിനേന ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അറബ് സമൂഹം സലഫി ഭീഷണിക്ക് മുമ്പിലാണെന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. കാരണം, വന്‍ രാജ്യങ്ങളെക്കുറിച്ച് വരുന്ന അത്രയും വാര്‍ത്തകള്‍ സലഫികളുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. മീഡിയ പുറത്തുവിടുന്ന പല ഒറ്റപ്പെട്ട അഭിപ്രായങ്ങളും ഭാവിയെക്കുറിച്ച ആശങ്കകളും ഈ വിഷയത്തിലെ അസ്വസ്ഥതകള്‍ക്കുള്ള ന്യായമാവാം. സലഫികളുടെ വിചിത്രമായ അഭിപ്രായങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. അവരെക്കുറിച്ച അഭിപ്രായങ്ങളിലും അവരുടെ വലിപ്പത്തെക്കുറിച്ച അനുമാനങ്ങളിലും മീഡിയ വല്ലാതെ അതിരുകടക്കുന്നുണ്ട്. അവരുടെ ന്യൂനതകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് അവരിലെ ഒറ്റപ്പെട്ട അഭിപ്രായങ്ങളെ തേടിപ്പോവുകയാണ് മീഡിയ ചെയ്യുന്നത്.
സലഫികളെ പ്രതിനിധീകരിക്കാത്തവരും മതത്തിലോ രാഷ്ട്രീയത്തിലോ കൃത്യമായ കാഴ്ചപ്പാടില്ലാത്തവരുമായ ആളുകളെ ഉദ്ധരിച്ചായിരിക്കും പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച അഭിപ്രായങ്ങള്‍ അത്തരത്തിലുള്ളതാണ്. അതിനാല്‍, ചിത്രം വ്യക്തമാകാന്‍ ചില വിശദീകരണങ്ങള്‍ അനിവാര്യമാണ്. സലഫികള്‍ ഒരൊറ്റ വിഭാഗമല്ല എന്ന കാര്യം ഈ വിഷയം അടുത്തുനിന്ന് വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മൂന്ന് ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങള്‍ യഥാര്‍ഥത്തില്‍ സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. അതിലൊന്ന് സുഊദിയില്‍ ഉദയം ചെയ്ത വിഭാഗമാണ്. ഹമ്പലി മദ്ഹബിലെ ഇബ്‌നു തൈമിയ്യ അടക്കമുള്ള പണ്ഡിതന്മാരുടെ ഫത്‌വകളില്‍ നിന്ന് രൂപംകൊണ്ട മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ ചിന്തകളാണ് ഈ വിഭാഗത്തിന്റെ ആശയങ്ങള്‍. രാഷ്ട്രീയം ഇവരുടെ പ്രവര്‍ത്തന മണ്ഡലത്തിനു പുറത്താണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഇവര്‍ അനുകൂലിക്കുമെങ്കിലും നേരിട്ട് അതിലിടപെടുകയോ അതില്‍ ഭാഗവാക്കാവുകയോ ചെയ്യുന്നില്ല. ജിഹാദി സലഫികളാണ് രണ്ടാമതൊരു വിഭാഗം. സമൂഹത്തെ മുഴുവന്‍ കാഫിറാക്കുകയും സാമൂഹിക പരിവര്‍ത്തനത്തിന് ആയുധമേന്തുകയും ചെയ്യുന്ന കൂട്ടരാണിത്. മൊറോക്കന്‍ അറബ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇവര്‍ അല്‍ഖാഇദയുമായി ആശയപരമായെങ്കിലും ബന്ധം പുലര്‍ത്തുന്നവരാണ്. നിലവില്‍ ഈജിപ്തില്‍ ഇക്കൂട്ടര്‍ക്ക് സാന്നിധ്യമില്ല. സീനാ ഉപദ്വീപില്‍ അവരുടെ സാന്നിധ്യത്തിനുള്ള ചില തെളിവുകള്‍ ഉണ്ടെങ്കിലും. എണ്‍പതുകളില്‍ ഈജിപ്ത് കണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഈ വിഭാഗമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
രാഷ്ട്രീയ സലഫികള്‍ എന്ന് വിളിക്കാവുന്ന മൂന്നാമതൊരു വിഭാഗവുമുണ്ട്. അവരാണ് ഈജിപ്തില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഭാഗം. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ രംഗപ്രവേശവും അംഗീകരിക്കുന്ന വിഭാഗമാണിത്. ഇവര്‍ തന്നെ രണ്ട് വിഭാഗക്കാരാണ്. ഒന്ന്, കക്ഷിരാഷ്ട്രീയത്തെ അനുകൂലിക്കുന്ന അന്നൂര്‍, അല്‍-അസ്വാല എന്നീ പേരുകളിലറിയപ്പെടുന്ന പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നവര്‍. രണ്ടാമത്തെ വിഭാഗം, കക്ഷികള്‍ക്ക് പകരം വ്യക്തികളുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്ന കൂട്ടര്‍. പാര്‍ട്ടി രൂപീകരിക്കുന്നതിനു പകരം ചില വ്യക്തികളെ കേന്ദ്രീകരിച്ച് ചിന്താപരവും കര്‍മശാസ്ത്രപരമായ മേഖലകളില്‍ അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന വിഭാഗമാണിത്.
കുവൈത്തില്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പേ രാഷ്ട്രീയ സലഫികള്‍ ഉദയംകൊണ്ടിട്ടുണ്ടെങ്കിലും ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ പുതിയവരാണ്. കുവൈത്ത് പാര്‍ലമെന്റില്‍ അവര്‍ക്ക് സ്ഥിരസാന്നിധ്യമുണ്ട്. മുബാറകിന്റെ ഭരണകാലത്ത് ഇഖ്‌വാനെ തകര്‍ക്കാനും അവരുടെ ജനസമ്മതി ഇല്ലാതാക്കാനും സുരക്ഷാസേന ചില സലഫീ നേതാക്കളെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന കാര്യം രഹസ്യമല്ല. മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സലഫീ ഗ്രൂപ്പ് നേരത്തെ പറഞ്ഞ ഈയടുത്ത് രംഗത്ത് വന്ന അവരിലെ രാഷ്ട്രീയ വിഭാഗമാണ്. അതിനാല്‍ തന്നെ, രാഷ്ട്രീയത്തിലെ കളികളെ കുറിച്ച് വേണ്ടത്ര പരിചയമുള്ളവരല്ല അവര്‍. കഴിവുള്ള പരിചയസമ്പന്നരില്‍ നിന്ന് അത്തരം അനുഭവങ്ങളും പാഠങ്ങളും ആര്‍ജിക്കാനുള്ള ശ്രമത്തിലാണവര്‍. സംഘടനാ രീതിയെ ഉള്‍ക്കൊള്ളാനാവാത്ത അന്നൂര്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ഡോ. ഇമാദ് അബ്ദുല്‍ ഗഫൂറിന്റെ വ്യക്തികേന്ദ്രീകൃതമായ ശൈഖ് സങ്കല്‍പത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്ന ശൈലി പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്.
അന്നൂര്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം ആശയപരമല്ല, മറിച്ച് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭവിക്കാന്‍ സാധ്യതയുള്ള സംഘാടനത്തിലാണ് എന്നു കൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മുമ്പ് ഇഖ്‌വാനികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും വഫ്ദ് പാര്‍ട്ടിക്കും നാസ്വിരികള്‍ക്കും സംഭവിച്ചതുതന്നെയാണ് ഇന്ന് അന്നൂര്‍ പാര്‍ട്ടിയിലും നടക്കുന്നത്. സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ ഉള്ള ഇന്നത്തെ മീഡിയയുടെ ഒച്ചപ്പാടുകള്‍ അന്നൊന്നും ഉണ്ടായിരുന്നില്ല.
നമ്മുടെ സലഫി സഹോദരങ്ങള്‍ രാഷ്ട്രീയത്തില്‍ തുടക്കക്കാരാണ്. അവര്‍ക്ക് പഠിച്ചും മനസ്സിലാക്കിയും ചിന്തകള്‍ പാകപ്പെടാനും അനുഭവസമ്പത്ത് നേടിയെടുക്കാനും കുറച്ചുകൂടി സമയം വേണം. പക്ഷേ, മീഡിയയാണ് അതിന് സമ്മതിക്കാത്തത്.
വിവ: നാജി ദോഹ [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം