മുസ്‌ലിം ഇന്ത്യയുടെ വരുംകാലങ്ങളെ ആഴത്തിലോര്‍ത്ത സാത്വികന്‍
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യാ അധ്യക്ഷനായ ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി (1931-2012) ഇഹലോകത്തിലെ തന്റെ നിയോഗം പൂര്‍ത്തിയാക്കി അല്ലാഹുവിലേക്ക് യാത്രയായി. പ്രഗത്ഭനായ പണ്ഡിതനെയും അവഗാഹമുള്ള ഗവേഷകനെയും ബുദ്ധി കൂര്‍മതയുള്ള ധിഷണാശാലിയെയുമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം ജമാഅത്തെ ഇസ്‌ലാമിക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ലോക പണ്ഡിതസമൂഹത്തിനും നഷ്ടമായത്. മൗലാനാ ശഫീഅ് മൂനിസ്, ഡോ. എഫ്.ആര്‍ ഫരീദി എന്നിവരുടെ വേര്‍പാടിന് തൊട്ടുടനെ ഡോ. അന്‍സാരിയുടെ വിയോഗം നമ്മെ ഏറെ വേദനിപ്പിക്കുന്നു.
വിശാലമായ ഇന്ത്യാ രാജ്യത്തിന്റെ തൊട്ടുപടിഞ്ഞാറെ അറ്റത്ത്, സഹ്യപര്‍വത നിരകള്‍ക്കിപ്പുറം അധിവസിക്കുന്ന നാം കേരളീയര്‍ ഭാരതീയ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് വളരെ അകലെയാണ് കഴിഞ്ഞുകൂടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക ഭാഷയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മാധ്യമവുമായ ഉര്‍ദു വശമില്ലാത്തത് കാരണം പ്രസ്ഥാനത്തിന്റെ തന്നെ അഖിലേന്ത്യാ നേതാക്കളെ വേണ്ടവിധം മനസ്സിലാക്കാനോ അവരുടെ ധൈഷണിക സംഭാവനകളെ വിലയിരുത്താനോ നമുക്ക് കഴിയാറില്ല. അവര്‍ കേരളത്തില്‍ വന്ന് നമ്മെ അഭിമുഖീകരിക്കുമ്പോള്‍ നടത്തുന്ന പ്രസംഗങ്ങളുടെ സംക്ഷിപ്ത പരിഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്തുവരുന്ന പുസ്തകങ്ങളില്‍ നിന്നും ചെറുകുറിപ്പുകളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതിന് വലിയ പരിമിതികളുണ്ട്. ദഅ്‌വത്ത്, സിന്ദഗീനൗ, റഫീഖെ മന്‍സില്‍ തുടങ്ങിയ പ്രസ്ഥാന ജിഹ്വകള്‍ക്ക് കേരളത്തില്‍ പ്രചാരമില്ലാത്തതും ഈ അകല്‍ച്ച വര്‍ധിപ്പിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആവിര്‍ഭാവകാലത്ത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവര്‍ ഉര്‍ദു ഭാഷ പഠിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. അങ്ങനെയൊരു താല്‍പര്യം ഇന്ന് കാണാനില്ല.
മലയാളികളായ നമുക്ക് വേണ്ടവിധം അറിയാന്‍ കഴിയാതെ പോയ മഹാപ്രതിഭയായിരുന്നു ഡോ. അബ്ദുല്‍ഹഖ് അന്‍സാരി. പ്രൗഢമായ ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. സൂഫിസത്തെയും ഇസ്‌ലാമിക ഫിലോസഫിയെയും കുറിച്ചുളള അദ്ദേഹത്തിന്റെ വായനയും അറിവും ലോകത്ത് ജീവിച്ചിരിപ്പുള്ള മറ്റേതെങ്കിലും പണ്ഡിതനുണ്ട് എന്ന് തോന്നുന്നില്ല. മത താരതമ്യ പഠനവും അദ്ദേഹത്തിന് കൗതുകവും ആവേശവും നല്‍കുന്ന മേഖലയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ചെയ്ത ഓരോ പ്രസംഗവും, അവതരിപ്പിച്ച ഓരോ പ്രബന്ധവും ആ പ്രതിഭയുടെ അറിവിന്റെ ആഴവും പരപ്പും പ്രകടമാക്കുന്നതായിരുന്നു. റാംപൂരിലെ ദര്‍സ് ഗാഹിന്റെ ആദ്യകാല സന്തതികളില്‍ ഒരാളായ ഡോ. അന്‍സാരി കേവലമൊരു ഗ്രന്ഥാലയ ബുദ്ധിജീവിയായിരുന്നില്ല; പ്രായോഗിക ബുദ്ധിയുള്ള നേതാവായിരുന്നു. 2003 മുതല്‍ 2007 വരെയുള്ള ഒരു ചതുര്‍വര്‍ഷ കാലയളവിലാണ് അഖിലേന്ത്യാ അമീറായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ജമാഅത്ത് നയനിലപാടുകളും പ്രവര്‍ത്തനപദ്ധതികളും രൂപപ്പെടുത്തുന്ന ഓരോ തലങ്ങളിലും അദ്ദേഹം മൗലികമായ കാഴ്ചപ്പാടുകള്‍ വികസിപ്പിച്ചെടുക്കുകയും അവ പ്രയോഗവത്കരിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനം എന്നും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള പ്രവര്‍ത്തനമേഖലയാണ് പ്രസ്ഥാനത്തില്‍ അണി ചേര്‍ന്നവരുടെ തര്‍ബിയത്ത്. ജമാഅത്തെ ഇസ്‌ലാമി അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ തര്‍ബിയത്ത് രംഗത്ത് സംഭവിക്കുന്ന പോരായ്മകളെ കുറിച്ച് അദ്ദേഹം ഗാഢമായി ആലോചന നടത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആരാധനകളുടെ ലക്ഷ്യത്തെക്കുറിച്ച് ഇസ്‌ലാമിക പ്രവര്‍ത്തകരെ പുനര്‍വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കരുതി. മഖ്‌സദ് സിന്ദഗി കാ ഇസ്‌ലാമി തസവ്വുര്‍ എന്ന പ്രൗഢ ഗ്രന്ഥം അദ്ദേഹത്തിന്റെ ഈ ആലോചനയുടെ പ്രകാശനമാണ്. ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനവും സ്വയം തന്നെ ലക്ഷ്യമാണെന്നും അല്ലാഹുവിന്റെ പ്രീതിക്കും സ്വര്‍ഗത്തിനും അത് നേരിട്ടുള്ള വഴിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 2010-ല്‍ ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്ത് അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ അദ്ദേഹം എഴുതി അവതരിപ്പിച്ച പ്രസംഗം ഇതേ ആശയം ഉള്‍ക്കൊള്ളുന്നതായിരുന്നു. പ്രസ്ഥാന നായകനായ സയ്യിദ് മൗദൂദി ഇസ്‌ലാമിന്റെ സാമൂഹികപ്രസക്തി ഊന്നിപ്പറയുന്നതിനായി ആരാധനകളെയും അനുഷ്ഠാനങ്ങളെയും വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ സ്വീകരിച്ച രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഡോ. അന്‍സാരിയുടെ ചിന്തകള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കര്‍മാനുഷ്ഠാനങ്ങളിലും ജീവിത വീക്ഷണത്തിലും സംഭവിക്കുന്ന ആത്മീയഭാവത്തിന്റെ ചോര്‍ച്ചയുടെ മൗലിക കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഡോ. അന്‍സാരിയെ ഇത്തരം രചനകള്‍ക്കും പ്രസംഗങ്ങള്‍ക്കും പ്രേരിപ്പിച്ചത്.
പ്രസ്ഥാനം അതിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ പ്രധാന ശ്രദ്ധ പതിപ്പിച്ച പ്രവര്‍ത്തനമേഖലയാണല്ലോ പൊതുസമൂഹത്തിലെ ഇസ്‌ലാമിക പ്രബോധനം. പാശ്ചാത്യ ചിന്തയുടെ ഉല്‍പന്നങ്ങളായ കമ്യൂണിസം, സോഷ്യലിസം, കാപിറ്റലിസം, ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ പ്രത്യയശാസ്ത്രങ്ങളെയും പ്രതിഭാസങ്ങളെയും അഭിമുഖീകരിക്കുന്നതായിരുന്നു സയ്യിദ് മൗദൂദിയടക്കമുള്ള ചിന്തകരുടെ ആദ്യകാല രചനകള്‍. കോളനിവാഴ്ച അവസാനിപ്പിച്ച് തിരിച്ചുപോകുമ്പോള്‍ പാശ്ചാത്യര്‍ മുസ്‌ലിം ലോകത്ത് വിട്ടേച്ചുപോകുന്ന ചിന്താഗതികളെയും പ്രവണതകളെയും പ്രസ്ഥാനങ്ങളെയും നിശിതമായി പഠനവിധേയമാക്കി അവയ്ക്കഭിമുഖമായി നില്‍ക്കുന്ന ഇസ്‌ലാമിക ആശയങ്ങളെ വികസിപ്പിച്ചെടുത്ത് അവതരിപ്പിക്കുന്നതില്‍ അവര്‍ അസാധാരണമാംവിധം വിജയിച്ചു. ഇസ്‌ലാമികാദര്‍ശത്തില്‍ യുവാക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇസ്‌ലാമിക നവജാഗരണം ശക്തിപ്പെട്ടതും ചിന്താപരമായ ഈ പ്രതിരോധപ്രവര്‍ത്തനം മൂലമാണെന്ന് ആരും സമ്മതിക്കും. എന്നാല്‍ ഭാരതീയ സമൂഹത്തില്‍ ഇസ്‌ലാമിക പ്രബോധനം ഇതുകൊണ്ടുമാത്രം സാധ്യമാവില്ല എന്ന് ഡോ. അന്‍സാരി തിരിച്ചറിഞ്ഞു.
ഹൈന്ദവ-ക്രൈസ്തവ മതങ്ങളെയും അവയുട പാരമ്പര്യങ്ങളെയും ആഴത്തില്‍ പഠിച്ച് അവയെ ഫലപ്രദമായി അഭിമുഖീകരിച്ചുകൊണ്ടു മാത്രമേ ഇന്ത്യയില്‍ ഇസ്‌ലാമിക പ്രബോധനം സാധ്യമാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മതതാരതമ്യപഠനം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി മാറുന്നത് അങ്ങനെയാണ്. ഡല്‍ഹിയിലും പിന്നീട് അലീഗഢിലും ഇസ്‌ലാമിക് അക്കാദമി സ്ഥാപിച്ചപ്പോള്‍ മത താരതമ്യപഠനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തില്‍ നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തില്‍ പോലും ക്രൈസ്തവപുരോഹിതരുമായി സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെ ഹൈന്ദവ സമൂഹവും ഇസ്‌ലാമിക സമൂഹവും തമ്മില്‍ ചരിത്രപരമായ കാരണങ്ങളാല്‍ വന്നുചേര്‍ന്ന വിടവ് നികത്താനുള്ള പരിശ്രമം ഗൗരവമുള്ള ഒരു ദീനീപ്രവര്‍ത്തനമായാണ് ഡോ. അന്‍സാരി ഉള്‍ക്കൊണ്ടത്. മതസൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായും സംഘങ്ങളുമായും ചേര്‍ന്നുകൊണ്ട് അദ്ദേഹം വിവിധ മതകേന്ദ്രങ്ങളില്‍ കയറിയിറങ്ങി.
മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും പദവിയെക്കുറിച്ചും വളരെ പുരോഗമനപരമായ കാഴ്ചപ്പാട് അദ്ദേഹം വെച്ചുപുലര്‍ത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രപ്രതിനിധി സഭയില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ ഈ നിലപാട് പ്രേരണയായിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും വനിതാ അംഗങ്ങളുടെ അനുപാതമനുസരിച്ച് ഇപ്പോള്‍ പ്രതിനിധി സഭയില്‍ വനിതകളുണ്ട്.
പുതുതലമുറയില്‍ നിന്ന് നേതാക്കളെ കണ്ടെത്തി വളര്‍ത്താന്‍ ഡോ. അന്‍സാരി പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. കേരളത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തെരഞ്ഞെടുത്ത പ്രവര്‍ത്തനമേഖലകളെയും ആവിഷ്‌കരിച്ച പ്രവര്‍ത്തനശൈലിയെയും വളരെ വലിയ താല്‍പര്യത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം വീക്ഷിച്ചത്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ച് ഡോ. അന്‍സാരിയെപ്പോലെ ആഴത്തില്‍ ചിന്തിച്ച വളരെ കുറച്ച് മുസ്‌ലിം നേതാക്കളെ ഇന്ത്യയിലുള്ളൂ. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്കുവേണ്ടി കര്‍മരംഗത്തിറങ്ങുക മാത്രമേ നിര്‍വാഹമുള്ളൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അമീറായിരിക്കെയാണ് ബഹുമാന്യനായ പ്രഫ. കെ. എ സിദ്ദീഖ് ഹസന്‍ സാഹിബിനെ ജനസേവനവിഭാഗത്തിന്റെ ചുമതല വഹിക്കാനായി കേന്ദ്രത്തിലേക്ക് വിളിക്കുന്നത്. 2003 - 2007 പ്രവര്‍ത്തനകാലയളവിന്റെ പകുതിയില്‍ സ്വീകരിച്ച ഈ നടപടിയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കേരള ശൂറ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചുതന്നെയായിരുന്നു. ചന്ദ്രിക ദിനപത്രത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും കേരള അമീറിനെക്കുറിച്ചും അപവാദ പരമ്പരകള്‍ വന്നുകഴിഞ്ഞ സമയമായിരുന്നു അത്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ മുആവിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഈയുള്ളവന്‍ ഹല്‍ഖാ അമീറായി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടതിനാല്‍ ഞാന്‍ തന്നെ ഡല്‍ഹിയില്‍ ചെന്ന് അമീറെ ജമാഅത്തിനെക്കണ്ട് സംസാരിച്ചു. ഇപ്പോള്‍ സിദ്ദീഖ് ഹസന്‍ സാഹിബിനെ കേന്ദ്രത്തിലേക്ക് വിളിപ്പിച്ചാല്‍ പല ദുഷ്പ്രചാരണങ്ങള്‍ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ 2007ല്‍ പ്രവര്‍ത്തനകാലയളവ് കഴിയുന്നതുവരെയെങ്കിലും തീരുമാനം നീട്ടിവെക്കണമെന്നും ബോധിപ്പിച്ചു.
എന്റെ വാദഗതികള്‍ ശ്രദ്ധാപൂര്‍വം കേട്ട അദ്ദേഹം ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ വിശദീകരിച്ചുതന്ന് എന്നെ തിരിച്ചയക്കുകയായിരുന്നു. പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2016 ന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോഴാണ് ഡോ. അന്‍സാരിയുടെ ദീര്‍ഘവീക്ഷണം ശരിക്കും ബോധ്യപ്പെടുന്നത്.
അല്ലാഹു ഡോ. അന്‍സാരിയെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
Comments