മുഹമ്മദ് ഇഖ്ബാല്‍
ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ആവേശമുള്ള ആകര്‍ഷക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍(33). ലുക്കീമിയ രോഗം ബാധിച്ച അദ്ദേഹം പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും വിട്ട് അകാലത്തില്‍ നമ്മെ പിരിയുകയായിരുന്നു. ആരാധനകളിലെ നിഷ്ഠ, സൗഹൃദം, വിനയം, ലാളിത്യം, വായന, ദാനശീലം, സംഘാടനം, പ്രബോധനം എന്നിവയിലെല്ലാം ഏറെ മുന്നിലായിരുന്നു ഇഖ്ബാല്‍. ഈ രംഗങ്ങളിലെല്ലാം അദ്ദേഹത്തെ പകര്‍ത്താന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ധാരാളം.
ആരും ഇഷ്ടപ്പെടുന്ന നല്ല വ്യക്തിത്വം എന്നതായിരിക്കും ഇഖ്ബാലിന് നല്‍കാവുന്ന ഉചിതമായ വിശേഷണം. ആരുമായും സൗഹൃദം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും സുഹൃത്തുക്കളുടെ കുടുംബങ്ങളില്‍ ഒരു അംഗത്തെപ്പോലെ കലവറയില്ലാതെ ഇടപഴകാനും ഇഖ്ബാലിന് കഴിഞ്ഞിരുന്നു. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം ഒരു 'മകന്‍' തന്നെയായിരുന്നു. ഒരു നല്ല വായനക്കാരനായിരുന്നു ഇഖ്ബാല്‍. സ്വയം വായിക്കുക മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കാനും അദ്ദേഹം ശ്രദ്ധ വെച്ചു. ആരെയെങ്കിലും സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ഒരു പുസ്തകം സമ്മാനമായി നല്‍കാന്‍ ബാഗില്‍ കരുതിവെക്കും. വായനയിലൂടെ ആഴത്തില്‍ അറിവു നേടിയ ഇഖ്ബാലിന് പല വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുണ്ടായിരുന്നു. അതേസമയം, വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു നല്ല കേള്‍വിക്കാരനാകാനും ഇഖ്ബാലിന്റെ വലിയ മനസ്സിന് കഴിഞ്ഞു.
പരേതനായ അബ്ദുല്‍ ഖാദിര്‍ മാസ്റ്ററുടെയും ഹസനബീവിയുടെയും മകനായി 1979-ല്‍ ജനിച്ച ഇഖ്ബാല്‍ പഠനത്തില്‍ മുന്നിലായിരുന്നു. പെരുമ്പിലാവ് അന്‍സാറിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എഞ്ചിനീയറിംഗ് ഡിപ്ലോമയില്‍ 1997-ല്‍ സംസ്ഥാനത്ത് ഒന്നാം റാങ്കു നേടി. ശേഷം തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയില്‍ പരിശീലനം. അവിടെവെച്ച് എന്റെ മകന്‍ യൂസുഫ് ജമാലിന്റെ റൂംമേറ്റായിരുന്നു ഇഖ്ബാല്‍. ആയിടെയാണ് അദ്ദേഹത്തിന്റെ പിതാവ് ദുബൈയില്‍ മരണപ്പെടുന്നത്. അതുമുതല്‍ ആരംഭിച്ചതാണ് ഞങ്ങളുടെ ബന്ധം. പിതാവ് മരണപ്പെട്ടശേഷം ഉപ്പയുടെ സ്ഥാനമായിരുന്നു എനിക്ക്. എന്റെ മകള്‍ അമീനയെ ഇഖ്ബാല്‍ വിവാഹം കഴിച്ചതോടെ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടു.
പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇഖ്ബാല്‍. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ 'ടെക് ഫ്രന്റ്‌സ്,' എറണാകുളം ഇന്‍ഫോപാര്‍ക്കിലെ 'അമിറ്റി' എന്നീ വേദികള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിനു നേതൃപരമായ പങ്കുണ്ടായിരുന്നു. ഇഫ്ത്വാര്‍, ചാരിറ്റി, ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കും. മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഏറെ ഉത്സുകനായിരുന്നു. ജോലിയുടെ ഭാഗമായി കുറച്ചുകാലം ജപ്പാനില്‍ കഴിയേണ്ടി വന്നപ്പോള്‍ ഈ രംഗത്ത് നല്ല ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ജപ്പാനില്‍ ഒരു പള്ളി നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുക മാത്രമല്ല, തിരിച്ചുപോരും വരെ അവിടെ ഖുത്വ്ബയും നിര്‍വഹിച്ചിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യങ്ങളില്‍ കവിഞ്ഞ സൂക്ഷ്മത പുലര്‍ത്തി. വലിയൊരു തുക ശമ്പളം വാങ്ങിയിട്ടും ധൂര്‍ത്തടിക്കുന്ന ശീലം ഇല്ലായിരുന്നു. ലളിത ജീവിതമായിരുന്നു മുഖമുദ്ര. കര്‍മനിരതമായ ആ ജീവിതം പക്ഷേ 33-ാം വയസില്‍ ചെറുപ്രായത്തില്‍ തന്നെ അവസാനിപ്പിക്കുവാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. വിപ്രോയില്‍നിന്ന് മദീനയിലെത്തി ജോലി ചെയ്യവെയാണ് ലുക്കീമിയ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. നാട്ടില്‍ തിരിച്ചെത്തി ചികിത്സ തുടങ്ങി ഒരു മാസത്തിനകം ഇഖ്ബാല്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി. 'എനിക്കൊരു നല്ല അന്ത്യം തരണേ' എന്ന് പ്രാര്‍ഥിക്കുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അവസാന കാലത്തെ അദ്ദേഹത്തിന്റെ ബ്ലോഗ് എഴുത്തുകളില്‍ ആ മനസിലെ ഈമാന്‍ നമുക്ക് വായിക്കാം. അബ്ദുല്ല ഹനാന്‍(9) അഹ്മദ് രിദ്‌വാന്‍(5), അഹ്‌സന്‍ റയാന്‍(3) എന്നിവരാണ് മക്കള്‍. അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ.
Comments