Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

ഗഹനമായ സൂഫിസത്തെ സരളമായി വ്യാഖ്യാനിച്ച പണ്ഡിതന്‍

റഹ്മാന്‍ മുന്നൂര് കവര്‍‌സ്റ്റോറി

പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ഇസ്‌ലാംമത പണ്ഡിതനായിരുന്നു ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി. ജൂതായിസം, ക്രിസ്ത്യാനിസം തുടങ്ങിയ സെമിറ്റിക് മതങ്ങളിലും, ഹിന്ദൂയിസം, ബുദ്ധിസം തുടങ്ങിയ ഭാരതീയ ദര്‍ശനങ്ങളിലും അഗാധമായ അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്‌ലിം തത്ത്വചിന്തകന്മാരുടെ പരമാനന്ദ സങ്കല്‍പത്തെ ബുദ്ധമതത്തിലെ നിര്‍വാണ സങ്കല്‍പവുമായി താരതമ്യപഠനം നടത്തുന്നതാണ് അദ്ദേഹത്തിന്റെ ആദ്യകാല പഠനങ്ങളിലൊന്ന്. മറ്റൊരു പഠനത്തില്‍ സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ദൈവസങ്കല്‍പത്തെ വിശകലനം ചെയ്യുന്നു. ബൈബിളിലെയും ഖുര്‍ആനിലെയും സ്വര്‍ഗ-നരക സൃഷ്ടിപ്പിനെക്കുറിച്ചുള്ള വിവരണങ്ങളെയാണ് ഒരു പഠനത്തില്‍ താരതമ്യം ചെയ്യുന്നത്. മറ്റൊരു പഠനത്തില്‍ വെളിപാടിനെക്കുറിച്ചുള്ള ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും വീക്ഷണങ്ങളെ അപഗ്രഥിക്കുന്നു.
മതതാരതമ്യപഠനത്തിന് പുറമെ ദൈവശാസ്ത്രം, ധര്‍മശാസ്ത്രം, സൂഫിസം എന്നിവയായിരുന്നു ഡോ. അന്‍സാരിയുടെ സവിശേഷമായ താല്‍പര്യ മേഖലകള്‍. ഈ വിഷയങ്ങളിലൊക്കെ ഗവേഷണ പ്രധാനമായ നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധം ചെയ്തിട്ടുണ്ട്. പക്ഷേ, പുസ്തകരൂപം കൈക്കൊള്ളാന്‍ ഭാഗ്യം ലഭിക്കാതെ അവയത്രയും ഇന്ത്യയിലെയും വിദേശങ്ങളിലെയും അനേകം അക്കാദമിക ജേര്‍ണലുകളിലായി ചിതറിക്കിടക്കുകയാണ്. അവ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യുകയാണെങ്കില്‍ ഇസ്‌ലാമിന്റെ വൈജ്ഞാനിക മേഖലക്ക് വലിയ മുതല്‍ക്കൂട്ടായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.
ഡോ. അന്‍സാരിയുടെ പത്തോളം കൃതികളേ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുള്ളൂ. ക്ലാസിക്കല്‍ മുസ്‌ലിം തത്ത്വചിന്തകന്മാരായ അല്‍ ഫാറാബിയുടെയും മിസ്‌കവൈഹിയുടെയും ധര്‍മശാസ്ത്ര ചിന്തകളുടെ അപഗ്രഥനമാണ് അവയില്‍ രണ്ടെണ്ണം. മിസ്‌കവൈഹിയുടെ വിദ്യാഭ്യാസ ചിന്തകളെക്കുറിച്ചും ദൈവസങ്കല്‍പത്തെക്കുറിച്ചും പ്രത്യേക പഠനങ്ങള്‍ ഡോ. അന്‍സാരി നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദിയുടെ സൂഫിസ നവീകരണ സംരംഭങ്ങളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. സൂഫിസം ആന്റ് ശരീഅഃ എ സ്റ്റഡി ഓഫ് ശൈഖ് അഹ്മദ് സര്‍ഹിന്ദീസ് എഫേര്‍ട്ട് ടു റിഫോം സൂഫിസം എന്ന പേരില്‍ ഇംഗ്ലണ്ടിലെ ലെയ്‌സസ്റ്ററില്‍നിന്നാണീ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അനുഭവത്തെയും യാഥാര്‍ഥ്യത്തെയും കുറിച്ചുള്ള സൂഫീ കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുന്ന മറ്റൊരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡോ. അന്‍സാരി ഏറ്റവുമധികം പഠിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്ത വിഷയമാണ് സൂഫിസം. സൂഫിസത്തിലെ ആചാര്യ സ്ഥാനീയരായ മിക്ക ദാര്‍ശനികരെക്കുറിച്ചും അദ്ദേഹം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജൂനൈദ് അല്‍ ബഗ്ദാദി, അബൂയസീദ് ബിസ്താമി, മന്‍സൂര്‍ അല്‍ഹല്ലാജ്, ഇബ്‌നു അറബി, ഇമാം ഗസാലി, ശൈഖ് അഹ്മദ് സര്‍ഹിന്ദി, ഷാഹ് വലിയ്യുല്ലാഹ് ദഹ്‌ലവി, ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചെശ്കര്‍, ഖാസി നസ്‌റുല്‍ ഇസ്‌ലാം, ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവരുടെ ആധ്യാത്മിക ചിന്തകളെക്കുറിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ സൂഫിസ വിമര്‍ശനത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ സൂഫിസത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷ താല്‍പര്യത്തിന്റെ മാത്രമല്ല, അഗാധമായ അവഗാഹത്തിന്റെയും നിദര്‍ശനങ്ങളാണ്.
'സൂഫിസവും ശരീഅത്തും' എന്ന ഡോ. അന്‍സാരിയുടെ പ്രകൃഷ്ട കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1985-ലാണ്. 1991-ല്‍ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2005-ലാണ് അതിന്റെ ഉര്‍ദു വിവര്‍ത്തനം വന്നത്. മുഫ്തി മുഹമ്മദ് മുശ്താഖ് തിജാറവിയുടെ ഈ വിവര്‍ത്തനം ഡോ. അന്‍സാരി അക്ഷരംപ്രതി പരിശോധിച്ച ശേഷമാണ് പ്രസിദ്ധം ചെയ്തിട്ടുള്ളത്. മലയാള വിവര്‍ത്തനം തയാറാക്കുന്ന സമയത്ത് പ്രസ്തുത ഉര്‍ദു വിവര്‍ത്തനത്തെ ഇംഗ്ലീഷിലുള്ള മൂലകൃതിയുമായി ഒത്തുനോക്കാന്‍ ഈയുള്ളവന് അവസരം ലഭിക്കുകയുണ്ടായി. മൂലകൃതിയില്‍ അവതരിപ്പിച്ച വീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമൊന്നും ഉര്‍ദുവിവര്‍ത്തനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. 1991-നും 2005-നും ഇടയില്‍ സൂഫിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാടുകളില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഇക്കാര്യം ഇവിടെ എടുത്ത് പറയാന്‍ പ്രത്യേകം കാരണമുണ്ട്. സൂഫിസവും ശരീഅത്തും എന്ന പുസ്തകത്തിലെ 'എന്താണ് സൂഫിസം' എന്ന അധ്യായം പ്രബോധനത്തില്‍ അച്ചടിച്ചു വന്നപ്പോള്‍ അതിന് വ്യത്യസ്ത കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വരികയുണ്ടായി. 1985-ലാണ് ഡോക്ടര്‍ അന്‍സാരി സൂഫിസവും ശരീഅത്തും രചിച്ചതെന്നും അതിനുശേഷം സൂഫിസവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ പില്‍ക്കാലത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമൊക്കെയാണ് ഒരു മാന്യദേഹം എഴുതിയത്. മുഫ്തി മുഹമ്മദ് തിജാറവിയുടെ ഉര്‍ദു വിവര്‍ത്തനത്തെ ആശ്രയിച്ചാണ് പ്രസ്തുത അധ്യായത്തിന്റെ മലയാള വിവര്‍ത്തനം തയാറാക്കിയിരുന്നത്. മുഫ്തി മുഹമ്മദ് തിജാറവി അക്കാലത്ത്, ഡോ. അന്‍സാരിയുടെ ഇസ്‌ലാമിക് അക്കാദമിയിലെ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ വിവര്‍ത്തനം മൂലഗ്രന്ഥകാരന്റെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് പ്രസിദ്ധം ചെയ്തിരുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെയും അന്വേഷിക്കാതെയുമാണ് പ്രതികരണ കര്‍ത്താവ് വിമര്‍ശനം ഉന്നയിച്ചത്.
ഇംഗ്ലീഷിലുള്ള മൂലകൃതി ലഭിക്കുന്നതിനു മുമ്പാണ് ഉര്‍ദു വിവര്‍ത്തനത്തെ ആശ്രയിച്ച് 'എന്താണ് സൂഫിസം' എന്ന അധ്യായം പരിഭാഷപ്പെടുത്തിയിരുന്നത്. പിന്നീട് മൂലകൃതി ലഭിച്ചപ്പോള്‍ അതിനെ ആധാരമാക്കി അത് മാറ്റിയെഴുതുകയും ശേഷിച്ച ഭാഗങ്ങളുടെ വിവര്‍ത്തനം പൂര്‍ത്തീകരിക്കുകയുമായിരുന്നു. എന്താണ് സൂഫിസം എന്ന അധ്യായത്തിന്റെ ഉര്‍ദു വിവര്‍ത്തനത്തില്‍ മൂലകൃതിയിലില്ലാത്ത കൂട്ടിച്ചേര്‍ക്കലുകളുണ്ട്. അവ ഡോക്ടര്‍ അന്‍സാരി തന്നെ എഴുതിച്ചേര്‍ത്തവയാണ്. എന്നാല്‍, ഈ കൂട്ടിച്ചേര്‍ക്കലുകള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയോ നിലപാടുകളെയോ ബാധിക്കുന്നതല്ല. ഉര്‍ദു വിവര്‍ത്തനത്തിന് ഡോക്ടര്‍ അന്‍സാരി തന്നെ എഴുതിയ മുഖവുരയില്‍ നിന്ന് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാനാവും.
സൂഫിസത്തെക്കുറിച്ച് എഴുതുന്നവര്‍ പൊതുവെ രണ്ടു തരക്കാരാണ്. സൂഫിസത്തെ പാടേ എതിര്‍ക്കുന്നവരാണ് ഒരു കൂട്ടര്‍. അത് ഇസ്‌ലാം വിരുദ്ധമോ, ചുരുങ്ങിയത് അനിസ്‌ലാമികമോ ആണെന്നാണ് അവരുടെ പക്ഷം. രണ്ടാമത്തെ കൂട്ടര്‍ സൂഫിസത്തെ കണ്ണടച്ചംഗീകരിക്കുന്നവരാണ്. ഇസ്‌ലാമിന്റെ കേന്ദ്രബിന്ദുവായി അവരതിനെ കാണുന്നു. ഇസ്‌ലാമുമായി പൊരുത്തപ്പെടുന്ന സൂഫിസം ഏത്, പൊരുത്തപ്പെടാത്ത സൂഫിസം ഏത് എന്ന നോട്ടമൊന്നും അവര്‍ക്കില്ല. ഈ രണ്ടുതരം സമീപനങ്ങളും ആത്യന്തികതയില്‍ അധിഷ്ഠിതമാണ്. രണ്ടിനും മധ്യേയുള്ള ഒരു രാജപാതയിലൂടെയാണ് ഡോക്ടര്‍ അന്‍സാരിയുടെ സൂഫിസ പഠനം സഞ്ചരിക്കുന്നത്. തള്ളേണ്ടതും കൊള്ളേണ്ടതുമായ വശങ്ങള്‍ സൂഫിസത്തിലുണ്ടെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. ഇസ്‌ലാമിന്റെ കേന്ദ്രബിന്ദുവായി സൂഫിസത്തെ കാണുന്ന നിലപാടിനോട് വിയോജിക്കുമ്പോള്‍ തന്നെ ഇസ്‌ലാമില്‍ സൂഫിസത്തിനും ഒരു സ്ഥാനമുണ്ടെന്ന തന്റെ നിലപാട് നിസ്സംശയം അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്.
സൂഫിസത്തോടുള്ള ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ നിലപാട് വിശദീകരിച്ചുകൊണ്ടാണ് ഡോക്ടര്‍ അന്‍സാരി തന്റെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നത്. സൂഫിസത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകനായിട്ടാണ് ഇബ്‌നുതൈമിയ്യ അറിയപ്പെടുന്നത്. പരക്കെയുള്ള ധാരണക്ക് വിരുദ്ധമായി ഇബ്‌നുതൈമിയ്യ സൂഫിസത്തെ പാടേ നിരാകരിച്ചിരുന്നില്ല എന്ന് അദ്ദേഹത്തെ സുദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ട് ഡോക്ടര്‍ അന്‍സാരി സമര്‍ഥിക്കുന്നു. അദ്ദേഹം എഴുതുന്നു: ''ഇബ്‌നുതൈമിയ്യ അടിസ്ഥാനപരമായി സൂഫിസത്തിന് എതിരല്ല. അനുവദനീയമായ ചില കര്‍മങ്ങളില്‍ സൂഫികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും അദ്ദേഹം എതിരല്ല. പുതിയ രീതികള്‍ സ്വീകരിക്കുന്നതിനോടുപോലും, അവ നിഷിദ്ധമല്ലെങ്കില്‍, അദ്ദേഹത്തിന് എതിര്‍പ്പില്ല.... ഫനാഇനും ജംഇനും ഇബ്‌നുതൈമിയ്യ എതിരല്ല. തസ്വവ്വുഫിന്റെ ലക്ഷ്യം അവയാകരുത് എന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്. ഇതുപോലെ, ദിക്‌റിന്റെ അനുവദനീയമായ രീതികള്‍ അധികരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് വിയോജിപ്പില്ല. ആത്മസംസ്‌കരണത്തിന്റെ ചില രീതികളില്‍ ഊന്നുകയും ചില രീതികളെ അവഗണിക്കുകയും ചെയ്യുന്നതിലും എതിര്‍പ്പില്ല. ഇവയെല്ലാം ശരീഅത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കേണ്ടതുണ്ട് എന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്'' (സൂഫിസവും ശരീഅത്തും പേ: 198). സൂഫിസത്തെ സംബന്ധിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വീക്ഷണങ്ങളെക്കുറിച്ച് പ്രത്യേകമായ ഒരു പഠനം തന്നെ ഡോ. അന്‍സാരി നടത്തിയിട്ടുണ്ട്.
എന്നാല്‍, സൂഫിസത്തിന് ഇസ്‌ലാമിലുള്ള സ്ഥാനം പറഞ്ഞുറപ്പിക്കുകയല്ല സൂഫിസവും ശരീഅത്തും എന്ന കൃതിയുടെ ലക്ഷ്യം. സൂഫിസത്തില്‍ പില്‍ക്കാലത്ത് വന്നുചേര്‍ന്ന വ്യതിയാനങ്ങളെ തിരുത്താന്‍ ശൈഖ് അഹ്മദ് സര്‍ഹിന്ദി നടത്തിയ വൈജ്ഞാനിക പോരാട്ടങ്ങളെ അപഗ്രഥിക്കുവാനാണ് ഡോ. അന്‍സാരി തന്റെ കൃതിയിലൂടെ മുഖ്യമായും ശ്രമിക്കുന്നത്. പ്രസ്തുത വ്യതിയാനങ്ങളില്‍ ഏറ്റവും ഗുരുതരമായത് ശരീഅത്തിനോടുള്ള അവഗണനയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ശൈഖ് സര്‍ഹിന്ദിയുടെ കാലത്ത് ഈ പ്രവണത അപകടകരമാംവിധം രൂക്ഷത പ്രാപിച്ചിരുന്നു. ഇതിനെതിരെയുള്ള പോരാട്ടമാണ് സര്‍ഹിന്ദിയുടെ മഹത്തായ സേവനങ്ങളിലൊന്ന്. മറ്റൊന്ന് വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളാണ്. ഹൈന്ദവ ദര്‍ശനങ്ങളിലെ അദൈ്വതസിദ്ധാന്തവുമായി ഏറെ അടുപ്പമുള്ള വഹ്ദതുല്‍ വുജൂദിന്റെ ഉപജ്ഞാതാവ് 6-ാം നൂറ്റാണ്ടില്‍ ജീവിച്ച ശൈഖ് മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബിയാണ്. പില്‍ക്കാലത്ത് സൂഫിസത്തെ ഏറ്റവുമധികം സ്വാധീനിച്ച സിദ്ധാന്തമാണ് വഹ്ദതുല്‍ വുജൂദ്. ഇസ്‌ലാമിന്റെ ഏകദൈവത്വത്തിന് നിരക്കാത്തതും സര്‍വേശ്വരവാദത്തിലേക്ക് എളുപ്പം വഴുതിവീഴാന്‍ പാകത്തിലുള്ളതുമാണെന്നതാണ് വഹ്ദതുല്‍ വുജൂദിന്റെ കുഴപ്പം. ശൈഖ് സര്‍ഹിന്ദിയാണ് അടിയുറപ്പുള്ള ഒരു വിമര്‍ശനവുമായി വഹ്ദതുല്‍ വുജൂദിനെതിരെ ആദ്യമായി രംഗത്തുവരുന്നത്. 'വഹ്ദതുശ്ശുഹൂദ്' എന്ന പേരില്‍ ഏകദൈവത്വവുമായി പൊരുത്തപ്പെടുന്ന പുതിയൊരു സിദ്ധാന്തം അതിനെതിരില്‍ അദ്ദേഹം സമര്‍പ്പിക്കുകയുമുണ്ടായി.
സൂഫിസം ഒരു സിദ്ധാന്തം എന്നതിലുപരി ഒരനുഭവമാണെന്നും സൂഫികളുടെ അനുഭവം ഉണ്ടായിട്ടില്ലാത്തവര്‍ക്ക് സൂഫിസത്തെ മനസ്സിലാക്കാനാവുകയില്ലെന്നുമാണ് സൂഫിസത്തിന്റെ വക്താക്കള്‍ പറയാറുള്ളത്. ഇബ്‌നു തൈമിയ്യയെപ്പോലുള്ള മഹാപണ്ഡിതന്മാരുടെ സൂഫീ വിമര്‍ശനത്തിന്റെ പരിമിതി അവര്‍ സൂഫികളായിരുന്നില്ല എന്നതാണ്. എന്നാല്‍, ശൈഖ് സര്‍ഹിന്ദി ഒരു യഥാര്‍ഥ സൂഫിവര്യനായിരുന്നു. സൂഫീ സാധകര്‍ കടന്നുപോകേണ്ട എല്ലാ വഴികളിലൂടെയും കടന്നുപോവുകയും പ്രസ്തുത വഴികളിലെ എല്ലാ അനുഭവങ്ങളും നേരിട്ടറിയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൂഫിസവിമര്‍ശനങ്ങള്‍ക്ക് ദൈവശാസ്ത്ര പണ്ഡിതന്മാരുടെ സൂഫിസവിമര്‍ശനങ്ങള്‍ക്കില്ലാത്ത വിലയും മൂല്യവുമുണ്ട്. സൂഫിസത്തിനെതിരെ സൂഫിസത്തിന്റെ ഉള്ളില്‍നിന്നുള്ള ആദ്യത്തെ സമഗ്രവിമര്‍ശനമായിരുന്നു ശൈഖ് സര്‍ഹിന്ദിയുടേത്. സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനത്തിന് തന്നെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇതാണെന്ന് ഡോക്ടര്‍ അന്‍സാരി തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എന്താണ് സൂഫിസം? എന്ന അധ്യായം പ്രബോധനം വാരികയില്‍ അച്ചടിച്ചു വന്നപ്പോള്‍ പലഭാഗങ്ങളില്‍നിന്നും അതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇത്തരം അക്കാദമിക പഠനരീതിയെക്കുറിച്ച പരിചയമില്ലായ്മയാണ് പ്രസ്തുത എതിര്‍പ്പുകളില്‍ പ്രതിഫലിച്ചത്. എന്നാല്‍, ഇസ്‌ലാമിന്റെ മഹത്തായ വൈജ്ഞാനിക പാരമ്പര്യത്തിന് ഏറെ സുപരിചിതമായൊരു പഠനശൈലിയാണിത്. ഇമാം ഗസാലിയുടെ മഖാസിദുല്‍ ഫല്‍സഫ എന്ന വിഖ്യാത കൃതി ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഗ്രീക്ക് തത്ത്വചിന്തയെ യഥാതഥമായും സത്യസന്ധമായും പരിചയപ്പെടുത്തുകയാണ് അതില്‍ ഇമാം ഗസാലി ചെയ്യുന്നത്. തത്ത്വചിന്തയെക്കുറിച്ച ഒരു വിമര്‍ശനവും അതിലദ്ദേഹം നടത്തുന്നില്ല. പല പാശ്ചാത്യ പണ്ഡിതന്മാരും ഇമാം ഗസാലിയെ ഗ്രീക്ക് തത്ത്വചിന്തയുടെ വക്താവായി മനസ്സിലാക്കാന്‍ പ്രസ്തുത കൃതി കാരണമായിട്ടുണ്ട്. പിന്നീടെഴുതിയ തഹാഫുതുല്‍ ഫലാസിഫ എന്ന കൃതിയിലാണ് തത്ത്വചിന്തയെക്കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങള്‍ ഗസാലി കെട്ടഴിച്ചുവിടുന്നത്. നിശിതമായ ആ വിമര്‍ശനത്തില്‍ തത്ത്വചിന്ത നട്ടെല്ലുതകര്‍ന്നു നിലംപറ്റുന്ന വിസ്മയക്കാഴ്ചക്ക് ചരിത്രം സാക്ഷ്യം വഹിക്കുകയും ചെയ്തു. നൂറു വര്‍ഷത്തിന് ശേഷം ഇബ്‌നുറുശ്ദിന്റെ തഹാഫുതുത്താഹാഫുത് എഴുതപ്പെടുന്നത് വരെ ആ വീഴ്ചയില്‍നിന്നും എഴുന്നേല്‍ക്കാന്‍ തത്ത്വചിന്തക്ക് സാധിക്കുകയുണ്ടായില്ല. ഒരു ദര്‍ശനത്തെ/സിദ്ധാന്തത്തെ വിമര്‍ശിക്കുന്നതിനു മുമ്പ് അതിനെ സത്യസന്ധമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കുകയെന്ന പൂര്‍വസൂരികളുടെ ഈ രീതിയാണ് ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി തന്റെ കൃതിയില്‍ അവലംബിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം അക്കാദമിക ശൈലി ഇന്ന് വിസ്മൃതമായിരിക്കുന്നു.
ഏതൊരു സമുദായവും അധോഗതിയിലേക്കുള്ള പ്രയാണം ആരംഭിക്കുമ്പോഴാണ് അതിനകത്ത് മിസ്റ്റിസിസം പോലുള്ള ആത്മീയ അതിവാദങ്ങള്‍ തലപൊക്കുന്നതെന്ന് അല്ലാമാ ഇഖ്ബാല്‍ താരീഖെ തസവ്വുഫ് എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തി ശിഥിലമാവുകയും ധാര്‍മികച്യുതിയും ഭൗതികാസക്തിയും മുസ്‌ലിംകളുടെ ആത്മവീര്യത്തില്‍ അര്‍ബുദമായി പടരാന്‍ തുടങ്ങുകയും ചെയ്ത ചരിത്രസന്ദര്‍ഭത്തിലാണ് സൂഫിസം സമുദായത്തിന്റെ നാഡിഞെരമ്പുകളില്‍ ലഹരിയായി ആവേശിച്ചത്. ഇസ്‌ലാമിക നാഗരികതയെ സമ്പന്നവും സജീവവുമാക്കിയ ധൈഷണിക മുന്നേറ്റങ്ങള്‍ക്ക് അത് തടയിട്ടു. ഇസ്‌ലാമിക സമൂഹത്തില്‍ മാത്രമല്ല, പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ നാഗരികതകളിലും ഇതാണ് സംഭവിച്ചതെന്ന് ഇഖ്ബാല്‍ കുറിക്കുന്നുണ്ട്. ശൈഖ് അഹ്മദ് സര്‍ഹിന്ദി ജീവിച്ചിരുന്നതും അത്തരമൊരു സവിശേഷ ചരിത്രസന്ദര്‍ഭത്തിലായിരുന്നു. സൂഫീ ത്വരീഖത്തുകളുടെ അമിതവാഴ്ചയില്‍ ശക്തിക്ഷയം സംഭവിച്ച മുസ്‌ലിം സമുദായത്തിന്റെ ആത്മവീര്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് തന്റെ സൂഫിസ നവീകരണ സംരംഭത്തിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. സൂഫിസത്തിന്റെ ലക്ഷ്യം ആത്മസംസ്‌കരണം മാത്രമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ദൈവത്തില്‍ വിലയം (നിര്‍വാണം, ഫനാഅ്) പ്രാപിക്കലല്ല ആത്മീയ സാധനയുടെ പരമോന്നതാവസ്ഥ. മറിച്ച്, ദൈവത്തില്‍ വിലയം പ്രാപിച്ച സൂഫി അവിടെനിന്നും മനുഷ്യര്‍ക്കിടയിലേക്ക് തിരിച്ചുവന്ന് തന്റെ സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സാമൂഹികോന്മുഖതയുടെ വീണ്ടെടുപ്പാണ് സര്‍ഹിന്ദി ഇതിലൂടെ സാധിച്ചത്.
ഉത്തരാധുനികതയുടെ കാറ്റിനോടൊപ്പം പുതുതലമുറക്കകത്ത് മിസ്റ്റിക് പ്രവണതകള്‍ തലപൊക്കുവാന്‍ തുടങ്ങിയ സമയത്താണ് സൂഫിസവും ശരീഅത്തും എന്ന കൃതിയുടെ വിവര്‍ത്തനത്തിന് ഈയുള്ളവന്‍ ഒരുമ്പെട്ടത്. അരനൂറ്റാണ്ടിന്റെ കഠിന ത്യാഗത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനം ഊട്ടിയുറപ്പിച്ച ഇസ്‌ലാമിന്റെ സാമൂഹിക മുഖത്തെ മിസ്റ്റിക് സുനാമിയില്‍നിന്നും രക്ഷിക്കുകയെന്ന ഉദ്ദേശ്യമായിരുന്നു അതിനു പിന്നില്‍. ഡോക്ടര്‍ അബ്ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസവും ശരീഅത്തും എന്ന കൃതിയേക്കാള്‍ ഫലപ്രദമായ മറ്റൊരു കൃതി അതിനുണ്ടായിരുന്നില്ല.
സൂഫിസത്തില്‍ ഡോ. അന്‍സാരിക്കുണ്ടായിരുന്ന അഗാധമായ അവഗാഹത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് സൂഫിസവും ശരീഅത്തും എന്ന കൃതി. സൂഫികളുടെ ഭാഷ പലപ്പോഴും നിഗൂഢമാണ്. വിശേഷിച്ചും ഇബ്‌നു അറബിയെപ്പോലുള്ളവരുടെ കൃതികള്‍ വായിച്ച് അദ്ദേഹത്തിന്റെ യഥാര്‍ഥ ചിന്തയും കാഴ്ചപ്പാടും ഗ്രഹിച്ചെടുക്കുക വളരെ ദുഷ്‌കരമായ കാര്യമാണ്. ഇബ്‌നു അറബിക്കെതിരായ കടുത്ത വിമര്‍ശനങ്ങള്‍ക്കും വളരെയധികം തെറ്റിദ്ധാരണകള്‍ക്കും കാരണം ഭാഷയുടെ ഈ നിഗൂഢതയാണെന്ന് ഇബ്‌നുതൈമിയ്യയെപ്പോലുള്ളവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിഗൂഢ ഭാഷാപ്രയോഗത്തിന്റെ ഈ ദുര്‍ഗ്രഹത മാറ്റിനിര്‍ത്തിയാല്‍ തന്നെ വഹ്ദതുല്‍ വുജൂദ്, വഹ്ദതുശ്ശുഹൂദ് തുടങ്ങിയ ഗഹനമായ തത്ത്വചിന്തകള്‍ ക്ഷിപ്രഗ്രാഹ്യങ്ങളല്ല എന്ന വസ്തുത നിലനില്‍ക്കുന്നു. എന്നാല്‍ ഡോക്ടര്‍ അബ്ദുല്‍ ഹഖ് അന്‍സാരി യാതൊരു ദുര്‍ഗ്രഹതക്കും അവ്യക്തതക്കും അവസരം കൊടുക്കാതെ വളരെ ലളിതമായാണ് ഈ തത്ത്വചിന്തകളെ അവതരിപ്പിക്കുന്നത്. ഒരു നോവല്‍ വായിച്ചുപോകുന്ന അനായാസതയോടെ വഹ്ദതുശ്ശുഹൂദിനെയും വഹ്ദതുല്‍ വുജൂദിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങള്‍ വായിച്ചുപോകാനാവും. തത്ത്വചിന്തയില്‍ തികഞ്ഞ അവഗാഹമുള്ള ഒരാള്‍ക്ക് മാത്രമേ ഇത്രമേല്‍ അയത്‌നലളിതമായ ഭാഷയില്‍ ഇത്തരം ഗഹനമായ തത്ത്വചിന്തകളെ വിശദീകരിക്കാനാവൂ. അലീഗഢ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മതതത്ത്വചിന്തകളുടെ താരതമ്യപഠനത്തില്‍ മറ്റൊരു മാസ്റ്റര്‍ ബിരുദവും സമ്പാദിച്ച ഡോക്ടര്‍ അന്‍സാരിക്ക് ഇതെല്ലാം അനായാസം സാധിച്ചതില്‍ അത്ഭുതപ്പെടാനില്ല.
ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയിലെ പ്രഗത്ഭനായ വിവര്‍ത്തകനെക്കുറിച്ച് കൂടി ഇവിടെ പറയേണ്ടതുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ രണ്ടു കൃതികള്‍ ഇമാം സുഊദ് യൂനിവേഴ്‌സിറ്റിക്ക് വേണ്ടി അദ്ദേഹം ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. അപ്രകാരം, അഖീദതുതഹാവിയ്യ എന്ന പ്രശസ്ത കൃതിയുടെ ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റവും അദ്ദേഹം നടത്തിയിട്ടുണ്ട്. അറബിയില്‍ നിന്നുള്ള വിവര്‍ത്തനങ്ങളാണ് ഇവ രണ്ടും. സൂഫിസവും ശരീഅത്തും എന്ന കൃതിയുടെ രണ്ടാം ഭാഗം സര്‍ഹിന്ദിയുടെ 'മക്തൂബാത്' എന്ന വിഖ്യാത പേര്‍ഷ്യന്‍ കൃതിയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ വിവര്‍ത്തനമാണ്. പേര്‍ഷ്യന്‍ ഭാഷയില്‍നിന്നാണ് ഡോക്ടര്‍ അന്‍സാരി അവ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ദുര്‍ഗ്രഹമായ തത്ത്വചിന്തകളെ ലളിത ഭാഷയില്‍ മൊഴിമാറ്റം നടത്തി വായനക്കാര്‍ക്ക് സുഗ്രാഹ്യമാക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കരവിരുത് ഈ വിവര്‍ത്തനത്തില്‍ പ്രകടമാണ്. ഡോ. അന്‍സാരിയുടെ ഈ വിവര്‍ത്തനമികവു കൊണ്ട് മാത്രമാണ് ഇബ്‌നു അറബിയുടെയും സര്‍ഹിന്ദിയുടെയും ഗഹനമായ തത്ത്വചിന്തകളെ മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്താന്‍ ഈയുള്ളവന് സാധ്യമായത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം