വിചാരവിപ്ലവത്തിന്റെ നന്മജീവിതം
ഒരു വ്യക്തിയുടെ മഹത്വം പൂര്‍ണമായി ദര്‍ശിക്കുന്നതിനും വിലയിരുത്തുന്നതിനും കുറഞ്ഞത് ആ വ്യക്തിക്കുള്ള അത്രതന്നെ മഹത്വവും ഔന്നത്യവും വേണമെന്ന് വിശ്വസിക്കുന്നതിനാല്‍, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയെ വിലയിരുത്താന്‍ തല്‍ക്കാലം ഈ കുറിപ്പില്‍ മുതിരുന്നില്ല. നവോത്ഥാന മൂല്യങ്ങളില്‍ സമ്പന്നമെന്ന് തെറ്റായി ധരിക്കപ്പെടുന്ന, അത്യന്തം ഫ്യൂഡലിസ്റ്റ് ആയ കേരളീയ സാമൂഹികസാംസ്‌കാരിക പരിസരത്തു ജനിച്ചു വളര്‍ന്ന ഒരു ശരാശരി മലബാര്‍ മുസ്‌ലിം, അതിലുമധികം ഫ്യൂഡലിസ്റ്റായ ഒരു സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്ന് സ്വപരിശ്രമം കൊണ്ടും ബുദ്ധിശക്തികൊണ്ടും ദൈവഭക്തികൊണ്ടും ആ സമൂഹത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നു വന്ന ഒരു കോസ്‌മോപോളിറ്റന്‍ ഖുര്‍ആനിക ധിഷണയെ അടുത്തുനിന്നു നോക്കിക്കണ്ടതിന്റെ അത്ഭുതവും ആഹ്ലാദവുമായിരിക്കും ഒരു പക്ഷേ ഈ കുറിപ്പില്‍ മുഴച്ചുനില്‍ക്കുന്ന ഭാവം.
ഡോ. അന്‍സാരി ഏറെക്കുറെ ഒറ്റക്ക് ആസൂത്രണം ചെയ്യുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്ത ദല്‍ഹി ഇസ്‌ലാമിക് അക്കാദമിയുടെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയാവാന്‍ അവസരം ലഭിച്ചു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഇതെഴുതുന്നയാള്‍ കരുതുന്നത്. വളര്‍ത്തുമകള്‍ നുസ്രത്തിന് അദ്ദേഹം എങ്ങനെയായിരുന്നുവോ അതുപോലെത്തന്നെ സ്‌നേഹനിധിയായ ഒരു പിതാവിനെപ്പോലെയായിരുന്നു അദ്ദേഹം ഞങ്ങള്‍ അക്കാദമി വിദ്യാര്‍ഥികള്‍ക്ക്. നുസ്രത്ത് 'അബ്ബൂ' എന്ന് അധികാരപൂര്‍വം വിളിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ മര്‍കസില്‍ മൊത്തം അംഗീകരിക്കപ്പെട്ട 'ഡോകടര്‍ സാബ്' കൊണ്ട് തൃപ്തിയടഞ്ഞുവെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ. പൊതുവെ ശാന്തഗംഭീരനും മൗനിയുമായി കാണപ്പെട്ടിരുന്ന ഡോ. അന്‍സാരി, ഞങ്ങളുടെ ഇടയിലായിരിക്കുമ്പോള്‍ ഞങ്ങളെപ്പോലെയായി മാറുന്നത് ഒട്ടത്ഭുതത്തോടും അതിലധികം സന്തോഷത്തോടും കൂടിയാണ് നോക്കിക്കണ്ടത്. തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചും പുറത്തടിച്ചും കുസൃതികള്‍ കാണിച്ചും, അന്ന് വയസ്സില്‍ എഴുപതുകളുടെ മധ്യം പിന്നിടുന്ന ആ വയോവൃദ്ധന്‍ ഞങ്ങളിലൊരുവനായി മാറി. പാണ്ഡിത്യത്തിന്റെയോ പദവിയുടെയോ ജാടകള്‍ അദ്ദേഹത്തിനന്യമായിരുന്നു; പൂര്‍ണമായും. മര്‍കസിലെ ജോലിക്കാരെയുള്‍പ്പെടെ 'ആപ്' (താങ്കള്‍) എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്തിരുന്ന ഡോ. അന്‍സാരി, അമേരിക്കയില്‍ നിന്ന് ഇടക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന മകന്‍ ഖാലിദിനെയും പിന്നെ ഞങ്ങള്‍ അക്കാദമി വിദ്യാര്‍ഥികളെയുമാണ് 'തും' അല്ലെങ്കില്‍ 'തും ലോഗ്' (നീ/നിങ്ങള്‍) എന്ന് വിളിച്ച് അഭിസംബോധന ചെയ്തിരുന്നതായി കേട്ടിരുന്നുള്ളൂ. ഞങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ അടുപ്പമാണിത് കാണിക്കുന്നത്. അബദ്ധങ്ങളും ശ്രദ്ധക്കുറവുകളും സംഭവിക്കുമ്പോള്‍ തോളില്‍ കൈയിട്ട് സ്‌നേഹപൂര്‍വം ശാസിച്ചും ലക്ഷണക്കേട് കാണിച്ചാല്‍, അപൂര്‍വമായിട്ടാണെങ്കിലും, ക്ഷോഭിച്ചും പിതൃനിര്‍വിശേഷമായ വാത്സല്യം പ്രകടിപ്പിച്ചും, ദൂരെയുള്ള കുടുംബാംഗങ്ങളെയും നാടിനെയും കുറിച്ചാലോചിച്ച് സങ്കടപ്പെടാനുള്ള അവസരം ഡോക്ടര്‍ സാബ് ഞങ്ങള്‍ക്ക് നിഷേധിച്ചു.
ദര്‍ശനങ്ങളുടെ മര്‍മമറിഞ്ഞ ചിന്തകനായിരുന്നിട്ടും ഇസ്‌ലാമിക സംസ്‌കാരവും അതിന്റെ അടയാളങ്ങളും അകത്തു മാത്രമല്ല പുറത്തും നിലനിര്‍ത്തുന്നതില്‍ അദ്ദേഹം സ്വയം അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെന്ന് മാത്രമല്ല, ഞങ്ങളിലും അവ പ്രകടമായി കാണണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. ജമാഅത്ത് നമസ്‌കാരങ്ങളിലെ നിഷ്ഠയില്ലായ്മയുടെ കാര്യത്തിലാണ് ഞങ്ങളില്‍ പലരെയും അദ്ദേഹം ശാസിച്ചിരുന്നത്.
സമയനിഷ്ഠയുടെ കാര്യത്തില്‍ ഒരു കര്‍ക്കശക്കാരന്‍ തന്നെയായിരുന്നു അദ്ദേഹം. സെക്കന്റുകളിലായിരുന്നു ഡോക്ടര്‍ സാബ് സമയത്തിന്റെ കണക്കു വെച്ചിരുന്നത്. ഒന്നാം വര്‍ഷത്തെ പരീക്ഷകള്‍ കഴിഞ്ഞതിനു ശേഷം ഒന്നിച്ചിരുന്ന വേളയില്‍ അദ്ദേഹം ഞങ്ങളോട് ചോദിച്ച ചോദ്യം ഈ നിമിഷത്തിലും മനസില്‍ മുഴങ്ങുന്നു: ക്യാ തും ലോഗോം കൊ ഇസ് ബാത് പര്‍ ഇത്മിനാന്‍ ഹെ കീ ഹം നെ ഏക് ഏക് ലംഹാ ഠീക് സെ ഇസ്തിമാല്‍ കിയാ? (കഴിഞ്ഞുപോയ സമയങ്ങളില്‍ ഓരോ സെക്കന്റും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് സംതൃപ്തിയോടെ പറയുവാന്‍ കഴിയുമോ നിങ്ങള്‍ക്ക്?)
അക്കാദമിയില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ഞങ്ങളുടെ അധ്യാപകന്‍ അദ്ദേഹത്തിന്റെ വായനാശീലവുമായി ബന്ധപ്പെട്ട് പറഞ്ഞ അനുഭവവും ഇവിടെ പങ്കുവെച്ചുകൊള്ളട്ടെ. ഒരു യാത്രയില്‍ എന്തോ കാരണത്താല്‍ ഭക്ഷണം സമയത്തിനു ലഭിക്കാതെ വിശന്നു വലഞ്ഞിരിക്കുന്ന സമയത്ത് മറ്റുള്ളവര്‍ ഭക്ഷണത്തെക്കുറിച്ച് മാത്രം ആലോചിച്ചും അന്വേഷിച്ചും ഇരിക്കുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ട കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഫിര്‍ തൊ ഏക് കിതാബ് ലാഇയേ (എന്നാപ്പിന്നെ ഒരു പുസ്തകം കൊണ്ടുവരൂ) എന്നാണദ്ദേഹം പറഞ്ഞത്. അക്കാദമിയുടെ ചെറുതെങ്കിലും സമ്പന്നമായ ലൈബ്രറിയില്‍ അദ്ദേഹം വായിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാത്ത പുസ്തകങ്ങള്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഞങ്ങള്‍ അനന്തരമെടുക്കാന്‍ ശ്രമിച്ച ഒരു കാര്യം, വിഷയങ്ങളുടെ പരിധികള്‍ ഭേദിച്ചുള്ള ഈ വായനാശീലം തന്നെയായിരുന്നു. ഞങ്ങളാവശ്യപ്പെട്ട ഏതു പുസ്തകവും എത്ര വില നല്‍കിയും എവിടെനിന്നും വരുത്തിക്കുന്നതില്‍ സവിശേഷ ജാഗ്രത തന്നെ അദ്ദേഹം പുലര്‍ത്തിയിരുന്നു.
ഞങ്ങളുടെ അലസ യൗവനത്തെ അത്ഭുതപ്പെടുത്തിയിരുന്ന മറ്റൊന്ന്, ജീവിതത്തിന്റെ സായംസന്ധ്യയിലും അദ്ദേഹത്തില്‍ കാണപ്പെട്ടിരുന്ന കര്‍മോത്സുകതയായിരുന്നു. 55 വയസ് 'വിശ്രമജീവിത'ത്തിനുള്ള ലൈസന്‍സ് ആയി ധരിച്ചിരിക്കുന്ന തലമുറക്ക് അദ്ദേഹം വലിയ ഒരു ദൃഷ്ടാന്തമായിരുന്നു. രാത്രി വളരെ വൈകി ഞങ്ങള്‍ ലൈബ്രറിയടച്ച് പോകുന്ന സമയത്തും ഫജ്‌റിനു മുമ്പും ടേബ്ള്‍ ലാമ്പിനു മുന്നില്‍ കുനിഞ്ഞിരുന്ന് വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ഡോക്ടര്‍ സാബിനെയാണ് പലപ്പോഴും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നത്. ആണും പെണ്ണുമടങ്ങുന്ന മക്കളെല്ലാം വിദേശത്തായിരുന്നതുകൊണ്ടുള്ള ഏകാന്തത അദ്ദേഹത്തെപ്പോലുള്ള ഒരു കര്‍മയോഗിക്ക് അനുഗ്രഹത്തില്‍ കുറഞ്ഞ മറ്റൊന്നുമായിരുന്നില്ല.
പ്രാസ്ഥാനികമായ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം സൂക്ഷ്മമായ ശ്രദ്ധവെച്ചിരുന്നു. ഭക്ഷണം, ഉറക്കം മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇടക്കിടെ അന്വേഷിക്കുകയും ലഭ്യമായ ഏറ്റവും നല്ല സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിത്തരികയും ചെയ്തിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ 'തെക്കന്‍'മാര്‍ക്കുണ്ടായിരുന്ന വിഷമങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞിരുന്നു. അതേസമയം, വിദ്യാര്‍ഥി ജീവിതത്തില്‍ അത്തരം കാര്യങ്ങളില്‍ പുലര്‍ത്തേണ്ട ത്യാഗബുദ്ധിയെക്കുറിച്ചും അദ്ദേഹം ഞങ്ങളെ ഉണര്‍ത്താന്‍ മറന്നിരുന്നില്ല. ലളിതവും വളരെ മെച്ചമായ രീതിയിലല്ലാതെ പാകം ചെയ്യപ്പെട്ടതുമായ ഭക്ഷണം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് വിശ്വസിച്ചിരുന്ന ഞങ്ങളില്‍ ചിലര്‍ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ഒരു ഘട്ടത്തില്‍ നിരന്തരമായി അദ്ദേഹത്തെ ശല്യപ്പെടുത്തിയപ്പോള്‍, അതുവരെ പറയാതിരുന്ന, റാംപൂരിലെയും അലീഗഢിലെയും ഹാര്‍വാഡിലെയും വിദ്യാര്‍ഥി ജീവിതകാലത്തെ ഭക്ഷണാനുഭവങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഞെട്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിനുശേഷം ഭക്ഷണപ്പരാതികള്‍ ഞങ്ങളധികം ഉന്നയിച്ചിട്ടില്ല!
ഡോ. അന്‍സാരിയുടെ പ്രാസ്ഥാനികമായ പ്രസക്തിയും മഹത്വവും ദര്‍ശിക്കാന്‍ അധികമൊന്നും ആഴത്തില്‍ ചികയേണ്ടതില്ല. 'വിഷന്‍ 2016' രൂപപ്പെട്ടത് ഈ സൂഫിയുടെ മസ്തിഷ്‌കത്തിലാണ് എന്നതും, അതിന്റെ ചുക്കാന്‍ പിടിക്കുന്നതിന്, കേരള ജമാഅത്തിന്റെ നിരന്തരമായ അഭ്യര്‍ഥനകളെ 'നിഷ്‌കരുണം' തള്ളി, സിദ്ദീഖ് ഹസന്‍ സാഹിബ് തന്നെ വേണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചതുമായ വസ്തുതകള്‍ മാത്രം മതി ഇന്ത്യയുടെ പൊതുവിലും മുസ്‌ലിം സമൂഹത്തിന്റെ വിശേഷിച്ചുമുള്ള ഭാവിയെക്കുറിച്ച അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ എത്രമാത്രം യാഥാര്‍ഥ്യബോധത്തോടെയായിരുന്നു എന്നു തിരിച്ചറിയാന്‍. അവകാശങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്നും ബാധ്യതകളുടെ രാഷ്ട്രീയത്തിലേക്കുള്ള ചരിത്രപരമായ ഈ പാരഡൈംഷിഫ്റ്റിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ യോഗിക്കവകാശപ്പെട്ടതാണ്.
ഡോ. അന്‍സാരിയുടെ ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത ചില സ്വപ്നങ്ങളെക്കുറിച്ചു കൂടി രണ്ടു വാക്ക്. ഭാരതീയ ചിന്തയിലും പാരമ്പര്യത്തിലും ഭാഷകളില്‍ അവഗാഹമുള്ള ഒരു തലമുറ വളര്‍ന്നു വരണമെന്നത് അദ്ദേഹത്തിന്റെ അദമ്യമായ ഒരഭിലാഷമായിരുന്നു. ഇന്ത്യയില്‍ ഇസ്‌ലാമിക പ്രബോധനം മുന്നോട്ടു നീങ്ങുന്നതിന് ഇനി ആ ഒരു വഴി മാത്രമേയുള്ളൂവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ആ ദൗത്യം ഏറ്റെടുക്കാന്‍ ആരു മുന്നോട്ടുവരും എന്നതാണ് ഡോ. അന്‍സാരിയുടെ വിയോഗം നമ്മുടെ മുന്നിലുയര്‍ത്തുന്ന ചോദ്യം.
Comments