Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

ഫലസ്ത്വീന്‍ കുട്ടികള്‍ക്ക് വേണ്ടി വിസാം അല്‍ ജയൂസി യാത്ര തുടരുകയാണ്

ബഷീര്‍ മാറഞ്ചേരി

ഫലസ്ത്വീനിലെ കൊടും ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആധുനിക സംവിധാനങ്ങളുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാനായി ബൈക്കില്‍ ലോകം ചുറ്റുകയാണ് വിസാം അല്‍ ജയൂസി എന്ന ജോര്‍ദാനിയന്‍ യുവാവ്. 21 രാജ്യങ്ങളിലായി 50,000 കിലോ മീറ്റര്‍ താണ്ടി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ദുബൈയില്‍ എത്തിയത്. ഇതിനകം 700,000 ദിര്‍ഹം ശേഖരിക്കാനായിട്ടുണ്ട്. ലക്ഷ്യം പൂര്‍ത്തിയാക്കാനായി യാത്ര തുടരും. ദുബൈയില്‍ ഐ.ടി കമ്പനി നടത്തുകയാണ് വിസാം. ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഫലസ്ത്വീനികളാണ്. മെയ് 12-ന് യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ നിന്നാണ് യാത്രക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബോട്ട് മാര്‍ഗം ഇറാനിലെത്തി. തന്റെ ബി.എം.ഡബ്യു ആര്‍ 1200 ജിഎസ് ബൈക്കില്‍ ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബൂട്ടാന്‍, നേപ്പാള്‍, ചൈന, മംഗോളിയ, റഷ്യ, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലൂടെ ബൈക്കോടിച്ചാണ് കഴിഞ്ഞ ദിവസം ദുബൈയിലെത്തിയത്. യാത്രക്കിടയില്‍ ആറു തവണ വാഹനാപകടത്തില്‍ പെട്ടു. 50 തവണ ബൈക്കിന്റെ ഉപകരണങ്ങള്‍ ഓരോന്നായി മാറ്റി. രണ്ട് ദിവസം ജയിലില്‍ കിടന്നു. നാലു ദിവസം പട്ടിണിയും കിടക്കേണ്ടിവന്നു. പാകിസ്താനിലെ ബലൂജിസ്താനില്‍ വെച്ച് പോലീസ് പിടികൂടിയതിനെ തുടര്‍ന്നായിരുന്നു ഇത്. രേഖകള്‍ പൂര്‍ണമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യാത്ര മുടക്കുകയായിരുന്നു. പിന്നീട് പാക് മാധ്യമങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് യാത്ര പുനരാരംഭിക്കാനായത്.
ഇന്ത്യയിലും പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിരുന്നു. ന്യൂദല്‍ഹിയില്‍ വെച്ച് രാജ്യത്ത് നിരോധിച്ച സാറ്റ്‌ലെറ്റ് ഫോണ്‍ ഉപയോഗിച്ചെന്ന കാരണം പറഞ്ഞായിരുന്നു ഇത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹം താമസിക്കുന്ന മുറിയിലെത്തി ലാപ്‌ടോപും മറ്റും പരിശോധിച്ചു. പിന്നീട് ജോര്‍ദാന്‍ എംബസിയുടെ സഹായത്തോടെയാണ് യാത്ര തുടരാനായത്. 50 ഡിഗ്രി മുതല്‍ മൈനസ് 10 ഡിഗ്രി വരെയുള്ള കാലാവസ്ഥകളെയാണ് 145 ദിവസത്തെ യാത്രയില്‍ നേരിടേണ്ടി വന്നത്. തെക്ക്, കിഴക്കന്‍ എഷ്യന്‍ രാജ്യങ്ങളില്‍ മണ്‍സൂണ്‍ ശക്തിയാര്‍ജിച്ച സമയവുമായിരുന്നു ഇത്.
റോഡുകള്‍ പേരിനു മാത്രമുള്ള കംബോഡിയയിലൂടെ കടന്നുപോയത് വ്യത്യസ്തമായ അനുഭവമായിരുന്നു. ആളനക്കങ്ങളില്ലാത്ത, തീര്‍ത്തും വിജനമായ വഴികള്‍. എന്തെങ്കിലും സംഭവിച്ചാല്‍ മരണം തന്നെയാകും അവസാനം എന്ന് കരുതി. പക്ഷേ, മനസ്സില്‍ ദുരിതത്തില്‍ കഴിയുന്ന ഫലസ്ത്വീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ അലയടിച്ചപ്പോള്‍ ഇതൊന്നും ഒരു തടസ്സമായി തോന്നിയില്ല. ഇന്ത്യയിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടേറിയതായിരുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍, ചെമ്മരിയാടിന്‍ പറ്റങ്ങള്‍, കഴുതകള്‍, കുത്തനെയുള്ള കയറ്റങ്ങള്‍, വളഞ്ഞും പുളഞ്ഞും പോകുന്ന വഴികള്‍, ഏറെ ക്ലേശിച്ചാണ് യാത്ര തുടര്‍ന്നത്. ഓരോ യാത്രയും പുതിയ ചരിത്രങ്ങളുടെ പിറവിക്ക് വഴിവെക്കുമെന്ന് ഇതില്‍നിന്ന് ബോധ്യമായതായി വിസാം പറഞ്ഞു.
തന്റെ അടുത്ത യാത്ര ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മില്യന്‍ ദിര്‍ഹം എന്ന ലക്ഷ്യം കൈവരിക്കും വരെ യാത്ര തുടരും. യാത്രക്ക് വരുന്ന ചെലവ് സ്വയം വഹിക്കുകയാണ്. ഇതിനകം 50,000 ഡോളര്‍ യാത്രക്കായി ചെലവായി. രണ്ട് വര്‍ഷം മുമ്പ് ഇതേ ലക്ഷ്യം മുന്‍ നിര്‍ത്തി മധ്യേഷ്യയിലേയും യൂറോപ്പിലേയും 36 രാജ്യങ്ങളില്‍ 60 ദിവസം അദ്ദേഹം ബൈക്ക് യാത്ര നടത്തിയിരുന്നു. 2014-ല്‍ ദുബൈയില്‍ നിന്ന് അലാസ്‌കയിലേക്ക് യാത്ര തിരിക്കുമെന്ന് വിസാം പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം